Read Time:8 Minute

സ്റ്റാൻഫോർഡ് സർവ്വകലാശാലയുടെ പ്രസിഡന്റ് മാർക് ടെസ്സിയേ ലവീൻ (Marc Tessier-Lavigne) ഈയടുത്ത് രാജി പ്രഖ്യാപിച്ചിരുന്നു. അദ്ദേഹം കൂടി ലേഖകനായി പ്രസിദ്ധീകരിച്ച ജേണൽ ലേഖനങ്ങളിലെ ചിത്രങ്ങളിൽ കള്ളത്തരങ്ങൾ കണ്ടെത്തിയത് വിവാദമായതിനു പിന്നാലെയാണ് പ്രശസ്ത ന്യൂറോ സയൻസ് ഗവേഷകൻ കൂടിയായ ലവീനെ പുറത്താക്കുന്നതിനു പകരം രാജിവെക്കാൻ സർവ്വകലാശാല അവസരം കൊടുത്തത്. സർവ്വകലാശാലയിലെ വിദ്യാർത്ഥിയായ തിയോ ബേക്കർ (Theo Baker) ആണ് വിദ്യാർത്ഥികളുടെ പ്രസിദ്ധീകരണമായ സ്റ്റാൻഫോർഡ് ഡെയ്‌ലി വഴി ഈ വിഷയം ആദ്യം ചർച്ചയാക്കിയത്. ഈ തിരിമറികൾ കണ്ടെത്താനും സ്ഥിരീകരിക്കാനും തിയോ ബേക്കറിനെ സഹായിച്ചത് പ്രശസ്ത ശാസ്ത്ര വിശ്വാസ്യതാ കൺസൾട്ടന്റായ ഡച്ച് മൈക്രോബയോളജിസ്റ്റ് എലിസബത്ത് ബിക് (Elisabeth Margaretha Harbers-Bik) ആണ്.

എലിസബത്ത് ബിക് (Elisabeth Margaretha Harbers-Bik) കടപ്പാട് : phys.org

വർഷങ്ങളായി ശാസ്ത്ര ഗവേഷണ, പ്രസിദ്ധീകരണ രംഗത്തെ, പ്രത്യേകിച്ച് ജീവശാസ്ത്ര മേഖലയിലെ മോശം പ്രവണതകൾ കണ്ടെത്താനും പൊതു ശ്രദ്ധയിൽ കൊണ്ടുവരാനും ജാഗരൂകയായി പ്രവർത്തിക്കുന്ന ആളാണ് ബിക്. ഗവേഷണ പ്രസിദ്ധീകരണങ്ങളിലെ ചിത്രങ്ങളിൽ നടത്തുന്ന തിരിമറികൾ കണ്ടെത്തുന്നതിൽ വിദഗ്ദ്ധയാണ് ബിക്. നാലായിരത്തിലധികം പ്രശ്നങ്ങൾ ബിക് ഇങ്ങനെ കണ്ടെത്തിയിട്ടുണ്ട്. ഈ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമായി 2021 -ൽ അവർക്ക് നേച്ചർ മാസികയും  Sense about Science എന്ന സംഘടനയും ചേർന്ന് കൊടുക്കുന്ന ജോൺ മാഡൊക്സ് പുരസ്കാരം ലഭിച്ചിരുന്നു.

അവരുടെ പ്രവർത്തന ഫലമായി 951 ലേഖനങ്ങൾ പിൻവലിക്കപ്പെടുകയും (retract) 956 എണ്ണത്തിന് തിരുത്തലുകൾ (corrections) പ്രസിദ്ധീകരിക്കുകയും 122 എണ്ണത്തിൽ പ്രസാധകർ തന്നെ ആശങ്കാ പ്രകാശനം (expression of concern) ചേർക്കുകയും ചെയ്തിട്ടുണ്ട്. ഇപ്പോൾ കൂടുതൽ ജേണലുകൾ തങ്ങൾക്ക് സമർപ്പിക്കപ്പെടുന്ന ലേഖനങ്ങളിലെ ചിത്രങ്ങൾ പ്രത്യേകം പരിശോധിക്കാനും തുടങ്ങിയിട്ടുണ്ട്. ശാസ്ത്രത്തിന് നൽകിയ വിലപിടിച്ച സംഭാവനകൾക്ക് പ്രശംസ മാത്രമല്ല ബികിന് കിട്ടിയിട്ടുള്ളത്. സോഷ്യൽ മീഡിയ അക്രമവും നിയമ നടപടികളെക്കുറിച്ചുള്ള ഭീഷണിയും ഒക്കെ അവർ നേരിട്ടിട്ടുണ്ട്.

2013-ൽ തന്റെ എഴുത്ത് കോപ്പിയടിച്ച് പ്രസിദ്ധീകരിച്ച ഒരു ലേഖനം ആകസ്മികമായി കണ്ടതാണ് കോപ്പിയടി (plagiarism), ചിത്രങ്ങളിലെ തിരിമറി (image manipulation) തുടങ്ങിയ വിഷയങ്ങളിലേക്ക് ബികിന്റെ ശ്രദ്ധ എത്തിച്ചത്. 2019 മുതൽ തന്റെ ജോലി ഉപേക്ഷിച്ച് മുഴുവൻ സമയം ഇത്തരം പ്രവർത്തനങ്ങൾക്കായി മാറ്റിവെച്ചിരിക്കുകയാണ് ബിക്. പ്രസിദ്ധീകരണങ്ങളിൽ വരുന്ന ചിത്രങ്ങളിലെ തിരിമറികൾ കണ്ടെത്തുന്നതിൽ പ്രത്യേക കഴിവാണ് ബികിന് ഉള്ളത്. Science Integrity Digest എന്ന ഒരു ബ്ലോഗ് അവർ നടത്തുന്നുണ്ട്. Retraction Watch, Pubpeer തുടങ്ങിയ ശാസ്ത്ര വിശ്വാസ്യതാ സംരംഭങ്ങളുമായി ചേർന്നും അവർ പ്രവർത്തിക്കുന്നു.

ജെഫ്രി ബീൽ (Jeffrey Beall)

ഇരപിടിയൻ ജേണലുകളെയും (predatory journals) പ്രസാധകരെയും കണ്ടെത്തി പട്ടികയുണ്ടാക്കാൻ ജെഫ്രി ബീൽ (Jeffrey Beall) നടത്തിയ ശ്രമങ്ങൾ പോലെ ഒരു ഒറ്റയാൾ പോരാട്ടമാണ് എലിസബത്ത് ബിക് നടത്തുന്നത്. ജേണലുകൾക്കും പ്രസാധകർക്കുമുള്ള നൈതികതാ മാനദണ്ഡങ്ങൾ നിർദ്ദേശിക്കുന്ന അന്താരാഷ്ട്ര സംഘടനയായ Committee on Publication Ethics (COPE) ഒരു സന്നദ്ധ സംഘടനയാണ്. പിൻവലിക്കപ്പെടുന്ന ലേഖനങ്ങളെ സംബന്ധിച്ച വിവരങ്ങളും മറ്റും ചർച്ച ചെയ്യുന്ന Retraction Watch മറ്റൊരു സന്നദ്ധ സംരംഭമാണ്.

ശാസ്ത്രത്തിന്റെ വിശ്വാസ്യത ഉറപ്പാക്കുന്ന ഇത്തരം പ്രവർത്തനങ്ങൾ മിക്കതും ഔദ്യോഗിക സംവിധാനങ്ങൾക്കു പുറത്ത് ഒറ്റയൊറ്റ വ്യക്തികളും സംഘങ്ങളും നടത്തുന്ന പരിശ്രമങ്ങളാണ് എന്നത് ശ്രദ്ധിക്കേണ്ട വസ്തുതയാണ്. അക്കാദമിക് രംഗത്തെ ചില അടിസ്ഥാന പ്രശ്നങ്ങളെ ഇത് തുറന്നു കാണിക്കുന്നുണ്ട്.

ഗവേഷണ ലേഖനങ്ങളുടെ പ്രസിദ്ധീകരണം ലോകത്തിലെ ഏറ്റവും ലാഭമുള്ള ബിസിനസ്സായിട്ടും ഗവേഷണത്തിന്റെയും പ്രസിദ്ധീകരണത്തിന്റെയും ഗുണനിലവാരം ഉറപ്പാക്കാൻ പ്രസിദ്ധീകരണ വ്യവസായത്തിനോ ഗവേഷണ സ്ഥാപനങ്ങൾക്കോ ഔദ്യോഗിക സംവിധാനങ്ങൾക്കോ ഒന്നും കഴിയുന്നില്ല എന്നതാണ് അവസ്ഥ. വ്യാപകമായി ചർച്ച ചെയ്യപ്പെടേണ്ട വിഷയമാണിത്. ശാസ്ത്രത്തിന്റെ മേൽ ജനങ്ങൾക്കുള്ള വിശ്വാസം നഷ്ടപ്പെടാതെ നോക്കേണ്ടത് മനുഷ്യരാശിയുടെ പുരോഗതിക്ക് തന്നെ പ്രധാനമാണ് എന്ന് നാം തിരിച്ചറിയണം. എലിസബത്ത് ബിക് നടത്തുന്നതു പോലെയുള്ള പ്രവർത്തനങ്ങൾക്ക് കൂടുതൽ അംഗീകാരവും അവ കൂടുതൽ സുസംഘടിതവും സുസ്ഥിരവും ആക്കാനുള്ള ശ്രമങ്ങളും അത്യാവശ്യമാണ്.


മറ്റു ലേഖനങ്ങൾ


Happy
Happy
67 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
33 %

Leave a Reply

Previous post ചന്ദ്രനിൽ ഇടിച്ചിറങ്ങി ലൂണ 25 
Next post ചന്ദ്രയാൻ 3 – ഇനി മണിക്കൂറുകൾ മാത്രം 
Close