Read Time:6 Minute

‘ മുതലക്കണ്ണീർ’ പൊഴിക്കുന്ന ചിലരുടെ ചിത്രങ്ങളും വാർത്തകളും നിറയുകയാണല്ലോ. മുതല ഇരയെ തിന്നുമ്പോൾ കണ്ണീരൊഴുക്കി കരയും എന്ന ധാരണപ്പുറത്ത് വന്ന ശൈലി ആണല്ലോ അത്. ശരിക്കും ഈ മുതലയുടെ കണ്ണീരിന്റെ പ്രശ്നം എന്താണ് ?

വിശപ്പ് മൂലം ഒരു ഇരയെപ്പിടിച്ച് വിഴുങ്ങേണ്ടി വരുമ്പോഴും, ചെയ്യുന്ന ദയാരഹിത കർമം ഓർത്ത് അത് ഉള്ളിൽ സങ്കടമുണ്ടെന്ന് നടിക്കുന്നതിനായാണ് കണ്ണീർ ഒഴുക്കുന്നത് എന്നാണ് പ്രയോഗത്തിലെ ഉദ്ദേശം. ഇത്തരത്തിൽ ഉള്ളിൽ ചിരിച്ച് കൊണ്ട് പുറമെയുള്ളവരെ ബോദ്ധ്യപ്പെടുത്താൻ വ്യാജമായി സങ്കടപ്രകടനം നടത്തുന്നവരെ സൂചിപ്പിക്കാനാണ് ഇത് ഉപയോഗിക്കുന്നത്.

മുതലകൾ കൂടുതൽ സമയം കരയിലായിരുന്നാൽ അവയുടെ കണ്ണ് വരണ്ട് പോകുന്നത് തടയാനാണ് കൂടിയ അളവിൽ കണ്ണീർ ഉത്പാദിപ്പിക്കപ്പെടുന്നത്. അത് നിറഞ്ഞ് ഒഴുകുന്നത് കണ്ട് നാം അവ കരയുകയാണെന്ന് കരുതുന്നതാണ്. ചതുപ്പ് മുതലകളും, ഉപ്പുജല മുതലകളും അവയുടെ കണ്ണിലെ അഴുക്കുകൾ കഴുകിക്കളയാനും, ഭക്ഷണത്തിലൂടെ അകത്തായ കൂടിയ അളവിലുള്ള ലവണാംശം പുറത്ത് കളയാനുമാണ് കണ്ണീർ ഗ്രന്ഥികളെ ഉദ്ദീപിപ്പിച്ച് ഇത്തരത്തിൽ കണ്ണീർ ഒഴുക്കിപ്പിക്കുന്നത് എന്നും കരുതപ്പെടുന്നു.

മനുഷ്യരല്ലാതെ സങ്കടം കൊണ്ട് കണ്ണീർ ഒഴിപ്പിക്കുന്ന മറ്റ് മൃഗങ്ങൾ ഒന്നും ഉള്ളതായി അറിവില്ല. ആനയും, നായയും, പശുവും കുരങ്ങും ഒക്കെ ഇത്തരത്തിൽ വിരഹവും ദു:ഖവും ഒക്കെകൊണ്ട് കണ്ണീർ വാർക്കാറുണ്ടെന്ന് ചിലർ വിശ്വസിക്കുന്നുണ്ടെങ്കിലും അതൊന്നും ശാസ്ത്രീയമായി തെളിഞ്ഞിട്ടില്ല. സത്യത്തിൽ ഭക്ഷണം കഴിക്കുമ്പോൾ ചില അവസരങ്ങളിൽ ക്രൊക്കൊഡൈൽ, അലിഗേറ്റർ, കൈമൻ തുടങ്ങിയ മുതലവർഗ്ഗക്കാരുടെ കണ്ണിൽ നിന്നും കണ്ണീർ ഒഴുകാറുണ്ടെന്ന് ചില പഠനങ്ങളിൽ നിന്നും മനസിലാക്കാനായിട്ടുണ്ട്. 2006 ൽ ഫ്ലോറിഡ സർവകലാശാലയിലെ ന്യൂറോളജിസ്റ്റായ മാൽക്കം ഷാനറും സംഘവും കൂടി സെന്റ് അഗസ്റ്റിൻ അലിഗേറ്റർ ഫാം & സുവോളജിക്കൽ പാർക്കിൽ നടത്തിയ പരീക്ഷണങ്ങളിൽ കരയിലെ വരണ്ട പ്രദേശങ്ങളിൽ വെച്ച് തീറ്റ കൊടുത്ത് പരീക്ഷിച്ചപ്പോൾ തീറ്റ കഴിക്കുമ്പോൾ കൂടുതലായി കണ്ണീരൊഴുകുന്നത് നിരീക്ഷിക്കപ്പെട്ടു. തീറ്റക്കിടയിൽ ചൂടുവായു മൂക്കിലൂടെ ചീറ്റുമ്പോൾ, അത് സൈനസുകളിൽ ഉണ്ടാക്കുന്ന മർദ്ദം കണ്ണീർ ഗ്രന്ഥികൾ ഉദ്ദീപിപ്പിക്കുകയും കൂടിയ അളവിൽ കണ്ണീർ കണ്ണിൽ നിറയ്ക്കുകയും ചെയ്യുന്നതിനാലാണ് ആ കണ്ണീരൊഴുക്കിക്കരയൽ എന്നാണ് കരുതപ്പെടുന്നത്.

ബെൽസ് പാൾസി പോലുള്ള പരാലിസുകൾ വന്നവർക്ക് രോഗം മാറിയാലും, മുഖത്തെ നെർവുകളിലുണ്ടാവുന്ന തെറ്റായ റി-ജനറേഷൻ മൂലം അപൂർവമായുണ്ടാകുന്ന രോഗമാണ് Bogorad’s syndrome. ഭക്ഷണം കഴിക്കുന്ന സമയം കണ്ണീർ ഒഴുകലാണ് ഒരു ലക്ഷണം. ഉമിനീർ ഗ്രന്ഥികളുടെ ഉത്തേജനം കണ്ണീർ ഗ്രന്ഥികളെയും തെറ്റായി ഉത്തേജിപ്പിക്കുന്നതാണ് കാരണമെന്ന് കരുതുന്നു. ഈ രോഗത്തിന് അതിനാൽ Crocodile tears syndrome എന്നും പറയാറുണ്ട്.


അനുബന്ധ ലേഖനം

ലേഖനം വായിക്കാം

Happy
Happy
41 %
Sad
Sad
0 %
Excited
Excited
28 %
Sleepy
Sleepy
3 %
Angry
Angry
0 %
Surprise
Surprise
28 %

Leave a Reply

Previous post ചന്ദ്രന്റെ മണം
Next post ആനി ജംപ് കാനൺ : പെണ്ണായതുകൊണ്ട് മാത്രം
Close