Read Time:14 Minute


ഡോ.പ്രസാദ് അലക്‌സ്

കേൾക്കാം


എഴുതിയത് : ഡോ.പ്രസാദ് അലക്സ് അവതരണം : അഞ്ജലി ജെ.ആർ.

ജീവപരിണാമം മുൻകൂട്ടി നിശ്ചയിക്കപ്പെട്ട പാതയിൽ  നടക്കുന്ന പ്രക്രിയ അല്ല. പൊതുവേ മാധ്യമങ്ങളും പ്രസിദ്ധീകരണങ്ങളും ചിത്രീകരികരിക്കാറുള്ളത് അങ്ങനെയാണെങ്കിലും. അവികസിതവും പ്രാകൃതവുമായതിൽ  നിന്ന് സങ്കീർണവും വികസിതവുമായതിലേക്ക് നേർരേഖയിലുള്ള പുരോഗമപരമായി പരിണാമം പ്രതിപാദിക്കപ്പെടാറുമുണ്ട്. മ്യൂസിയങ്ങളിലെ പ്രദർശനബോർഡുകളും ആനുകാലികങ്ങളിലെ കാർട്ടൂണുകളും ഇത്തരത്തിലുള്ള ചിത്രങ്ങളാണ് നൽകുന്നത്. ചിമ്പാൻസി മെല്ലെ മെല്ലെ നിവർന്ന് വിവിധ ഹോമിനിഡ് ഘട്ടങ്ങളിലൂടെ മനുഷ്യനായി മാറുന്ന ചിത്രം സുപരിചിതമാണ്. സംഗതി കൗതുകകരവും ആശയപ്രകാശനത്തിന് ഉതകുന്നതുമാണ്. പക്ഷേ ജൈവ പരിണാമത്തിന്റെ തെറ്റായ പ്രതിനിധാനമാണത്. പൊതുവെയുള്ള മിഥ്യാധാരണകളെ അത്തരം ചിത്രങ്ങൾ ശരിവെയ്ക്കുകയും ബലപ്പെടുത്തുകയും ചെയ്യുന്നു.

പൂർണതയിലേക്കുള്ള പടികൾ?

1859-ലാണ് പ്രകൃതിനിർദ്ധാരണത്തിലൂടെയുള്ള ജൈവപരിണാമം എന്ന ശാസ്ത്രീയ സിദ്ധാന്തം ചാൾഡ് ഡാർവിൻ ആവിഷ്കരിച്ചത്. അതിന് മുൻപ് നിലനിന്നിരുന്ന ചില അബദ്ധധാരണകളാണ്  മുൻപറഞ്ഞ ചിത്രങ്ങൾ യഥാർത്ഥത്തിൽ പിൻപറ്റുന്നത്. പൂർണ്ണതയിലേക്കുള്ള പടിപടിയായ പുരോഗതിയെന്നാണ് തത്വം. പുരാതനമായൊരു പ്രപഞ്ചവീക്ഷണമാണിത്.  ഈ സങ്കല്പമാണ് പ്രകൃതിദത്തമായ ശ്രേണിക്രമം എന്ന പ്രയോഗം കൊണ്ട് ഉദ്ദേശിക്കുന്നത്. ഈ ധാരണയനുസരിച്ച് ലോകത്തെ എല്ലാ വസ്തുക്കളും (ജീവനുള്ളവയും അല്ലാത്തവയും) ഒരു ശ്രേണീക്രമത്തിൽ  വരുന്നവയാണ്. ജൈവലോകത്ത് ഏറ്റവും താഴെയുള്ളത് കൂണുകളും പൂപ്പലുമൊക്കെയാണ്. പ്രാണികളിലൂടെയും മൃഗങ്ങളിലൂടെയും തുടർന്ന് ഏറ്റവും ഉയരത്തിൽ  മനുഷ്യനിൽ  എത്തിനിൽക്കുന്നു. ഇത്തരമൊരു സ്ഥാനശ്രേണിയെക്കുറിച്ചുള്ള സങ്കൽപ്പം ആരംഭിക്കുന്നത് ഗ്രീക്ക് ചിന്തകരായ പ്ലാറ്റോ, അരിസ്റ്റോട്ടിൽ  എന്നിവരിലൂടെയാണ്.

പക്ഷേ മൂന്ന് കാര്യങ്ങളിൽ  ഈ സങ്കൽപം യാഥാർത്ഥ്യത്തോട്  പൊരുത്തപ്പെടുന്നില്ല. ഒന്നാമതായി ശ്രേണീബദ്ധമായ ക്രമീകരണം പ്രകൃതിയിൽ  സഹജമായി നിലനില്ക്കുന്നുവെന്ന സങ്കല്പം. സ്ഥാനശ്രേണിയില്ലത്ത വസ്തുക്കളുടെ ഗണത്തിന് ഈ പ്രപഞ്ചവീക്ഷണത്തിൽ  ഇടമില്ല. അടുത്തതായി ഈ ആശയത്തിന്റെ സ്വഭാവികപൂർത്തീകരണമെന്ന നിലയിൽ  പറയുന്ന കാര്യമാണ്. പരിമിതവും അവികസവുമായ അവസ്ഥയിൽ  നിന്ന് കാര്യങ്ങൾ പൂർണ്ണതയിലേക്കും നൂതനമായ അവസ്ഥയിലേക്കും പുരോഗമിക്കുന്നു എന്നതാണിത്. മൂന്നാമത്തെ സങ്കൽപം ഇത്തരമൊരു ശ്രേണിയിലെ വിവിധ തലങ്ങൾക്കിടയിൽ പരിണാമഘട്ടങ്ങൾ ഇല്ലെന്ന് കരുതുന്നു. ഓരോ തലവും പരസ്പരം ബന്ധമില്ലാത്ത അതാതിന്റേതായ സവിശേഷതകളും സങ്കീർണ്ണതകളും ഉള്ളവയാണ്. അടുത്തടുത്ത രണ്ട് പടികൾക്കിടയിലൊരു സ്ഥാനം ഇല്ലെന്നർത്ഥം. പാതികുരങ്ങനും പാതിമനുഷ്യനുമായ ഒരു ജീവിയെ നമ്മൾ കാണാത്തതുപോലെ.

ഈ ചിന്താഗതിയുടെ പുതിയൊരു വകഭേദം 1960-കളിൽ പ്രചാരത്തിൽ വന്നു. ജസ്യൂട്ട് സഭയിൽപ്പെട്ട തത്വചിന്തകനായ പിയറി ദ്ക്കാർഡിൻ ആണ് ഇതിന്റെ ഉപജ്ഞാതാവ്. അദ്ദേഹത്തിന്റെ ആശയമനുസരിച്ച് ഭൂമിയിലെ ജീവികളെ ശാഖോപശാഖകളുള്ള ഒരു വൃക്ഷം പോലെ ക്രമീകരിക്കാം പക്ഷേ പരിണാമത്തിന് കൃത്യമായ ഒരു ദിശയും ഉദ്ദേശവും ഉണ്ട്. ബോധനിലവാരത്തിലുള്ള സങ്കീർണ്ണതയിലേക്കും പൂർണ്ണതയിലേക്കുമുള്ള പുരോഗതിയാണത്. ദിവ്യമായതിലേക്കുള്ള പ്രയാണവും ദൈവവുമായുള്ള സാത്മീകരണവുമാണ് അതിന്റെ പരിണതിയും ഫലപ്രാപ്തിയും. യഥാർത്ഥത്തിൽ പരിണാമം എന്ന ശാസ്ത്രസിദ്ധാന്തത്തെ താത്വിക-ആത്മീയ ചിന്തയുമായി സംയോജിപ്പിക്കാനുള്ള ശ്രമമാണ് അദ്ദേഹം നടത്തിയത്.

വിവിധ ദിശകളിലേക്കുള്ള കാലാനുസൃതമായ മാറ്റങ്ങള്‍

ഡാർവിനു ശേഷം പ്രപഞ്ചത്തെ കുറിച്ചുള്ള ശാസ്ത്രവീക്ഷണം അടിമുടി മാറി. കാലാനുസൃതമായ മാറ്റങ്ങളിലൂടെയാണ് ലോകം നിലനിൽക്കുന്നത്. ജീവനില്ലാത്ത തന്മാത്രകളിൽ നിന്ന് ജീവനുള്ളവയിലേക്കും പൗരാണികമായ ജൈവലോകത്ത്‌ നിന്ന് വൈവിധ്യമാർന്ന സസ്യജന്തുലോകങ്ങളിലേക്കും പരിണാമം നടക്കുന്നു. ഇന്ന് ഭൂമിയിൽ കാണുന്ന എല്ലാ ജീവരൂപങ്ങളും ബൃഹത്തായ പരിണാമപ്രക്രിയയുടെ ഉൽപ്പന്നങ്ങളാണ്. ഇന്നു കാണുന്ന എല്ലാ ജീവിവർഗ്ഗങ്ങളും അങ്ങനെയാണ് ഉണ്ടായത്. മൺമറഞ്ഞുപോയ അനേകം കണ്ണികളുടെ തുടർച്ചയാണ് ഇവയെല്ലാം.

1859 ൽ പ്രസിദ്ധീകരിച്ച ഡാർവിന്റെ On the Origin of Species പുസ്തകത്തിലെ ഏക ചിത്രീകരണം

ബൃഹത്തായ പരിണാമവലയിലെ രണ്ട് മാറ്റങ്ങള്‍ വളരെ ശ്രദ്ധയാകർഷിക്കുന്നവയാണ്. ജീവൻ ഇല്ലാത്തവയിൽ  നിന്ന് ജീവന്റെ ഉത്ഭവവും കുരങ്ങുപോലുള്ള പൂർവ്വികനിൽ  നിന്ന് ഹോമോസാപ്പിയൻസ് എന്ന മനുഷ്യവർഗ്ഗം ഉടലെടുത്തതുമാണ് അവ. പരിണാമത്തിന്റെ അല്ലെങ്കിൽ സൃഷ്ടിയുടെ നേർരേഖയിലുളള പുരോഗതിയിലൂടെയാണ് മനുഷ്യരാശി ഉത്ഭവിച്ചത് എന്നാണ് പൊതുവെയുള്ള ധാരണയും ചിത്രീകരണങ്ങളും. ചിത്രങ്ങളിലും കാർട്ടൂണുകളിലും പ്രചരണങ്ങളിലും ഈ ആശയം പ്രതിഫലിക്കുന്നു. പക്ഷേ ഡാർവിന്റെ സിദ്ധാന്തത്തെ ഇതൊന്നും ശരിയായി പ്രതിഫലിപ്പിക്കുന്നില്ല. ‘ജീവിവർഗങ്ങളുടെ ഉൽപ്പത്തി’ എന്ന പുസ്തകത്തിൽ ഡാർവിൻ ചേർത്തിരിക്കുന്ന ചിത്രം ശാഖോപശാഖകളായി പിരിയുന്ന ഒരു വൃക്ഷത്തിന്റേതാണ്.

ജീവിവർഗ്ഗങ്ങൾ പരസ്പരം വേർപിരിഞ്ഞ് പുതിയ വർഗ്ഗങ്ങൾ ഉടലെടുക്കുന്നതിന്റെ സൂചകമായാണ് ഈ ചിത്രം ഉപയോഗിച്ചിരിക്കുന്നത്. കൃത്യമായ സമയപട്ടിക ചിത്രത്തിൽ  ഉണ്ടായിരുന്നില്ല.  ക്രമാനുഗതമായ മാറ്റത്തിന് വേണ്ട കാലയളവ്, വ്യത്യസ്ത വർഗ്ഗങ്ങളിൽ  ആയുർദൈർഘ്യമനുസരിച്ചും പുതുതലമുറ ഉണ്ടാവുന്ന അതായത് പ്രജനനത്തിന് വേണ്ട സമയദൈർഘ്യമനുസരിച്ചും വ്യത്യാസപ്പെടുന്നു. അതുകൊണ്ടാണ് കൃത്യമായ സമയക്രമം ഡാർവിൻ ചിത്രത്തിൽ ഉൾപ്പെടുത്താതിരുന്നത്. പക്ഷേ മനുഷ്യൻ തലപ്പത്ത് വരുന്ന ശ്രേണീക്രമം എന്ന സങ്കൽപ്പത്തിന് അവിടെയൊരു സ്ഥാനവും ഇല്ല. ഇന്ന് ജീവിച്ചിരിപ്പുള്ള ഓരോ ജീവിയും പരിണാമത്തിന്റെ ഏറ്റവും സമകാലികമായ രൂപമാണ്. ഡാർവിന്റെ സിദ്ധാന്തം അനുസരിച്ച് എല്ലാ ജീവികളും തുല്യമായി പരിണമിച്ചവയാണ്. ഇപ്പോഴും പ്രകൃതിനിർദ്ധാരണത്തിന് വിധേയമായിക്കൊണ്ടിരിക്കുന്നവയുമാണ്. മനുഷ്യനും ചെമ്മീനും കുതിരയുമെല്ലാം അതാതിന്റെ പരിണാമത്തിന്റെ മുന്നണിയിൽ വരുന്നവയാണ്. 580 ദശലക്ഷം വർഷങ്ങൾക്ക് മുമ്പ് ഉണ്ടായിരുന്ന പൊതുപൂർവ്വികനിൽ  നിന്നാണ് ഇന്ന് കാണുന്ന എല്ലാ ജീവജാലങ്ങളും ഉടലെടുത്തിട്ടുള്ളത്. പരിണാമത്തിന് മുൻകൂട്ടി നിശ്ചയിക്കപ്പെട്ട ഒരു സവിശേഷ ദിശയുയുണ്ടെന്ന് പരിണാമ സിദ്ധാന്തം കരുതുന്നതേയില്ല. കാലാനുസൃതമാറ്റങ്ങളും തൽഫലമായ വൈവിധ്യവൽക്കരണവുമാണ് പരിണാമ സിദ്ധാന്തത്തിന്റെ പ്രധാനതത്വങ്ങൾ. ഇപ്പോഴും തുടർന്നുകൊണ്ടിരിക്കുന്ന പ്രക്രിയയുമാണത്. ജീവപരിണാമം പതുക്കെ മാത്രം നടക്കുന്ന ഒരു പ്രതിഭാസം അല്ല. (എല്ലാ തലമുറയിലും ജീവപരിണാമം നടക്കുന്നുണ്ട്. അതിന്റെ impactയിൽ മാത്രേ വ്യത്യാസം വരുക ഉള്ളൂ. അതും സമയവുമായിട ഒരു നേർരേഖാപാറ്റേൺ പിന്തുടരുന്നില്ല. ലക്ഷക്കണക്കിന് വർഷങ്ങളായി ഒറ്റ സ്പെഷ്യസിൽ ഉള്ള ജീവി ചിലപ്പോൾ polyploidy / interspecific hybridization കാരണം രണ്ടു തലമുറയിൽ പുതിയ സ്പെഷ്യസിന് കാരണം ആകാം. ഉദാഹരണത്തിന് ഡാർവിൻ ഫിഞ്ചുകൾ).

 

മനുഷ്യപരിണാമ ചരിത്രത്തെക്കുറിച്ചുള്ള ഇന്നേവരെയുള്ള പഠനങ്ങൾ സൂചിപ്പിക്കുന്നത് മനുഷ്യനുൾപ്പെടുന്ന ശാഖയും ചിമ്പാൻസിയുടെ ശാഖയും തമ്മിൽ പൊതുപൂർവികനിൽ നിന്ന് പിരിയാൻ തുടങ്ങുന്നത് എട്ട് ദശലക്ഷത്തോളം വർഷങ്ങൾക്ക് മുൻപാണെന്നാണ്. നമ്മുടെ ശാഖ ചില ഉപശാഖകളായി പിരിയുകയും പലപ്പോഴും കൂട്ടിമുട്ടുകയും ഇട കലരുകയും ഇണ ചേരുകയും ചെയ്തിരുന്നു. ഇത്തരത്തിലുള്ള സങ്കീർണപ്രക്രീയകളുടെ തുടർച്ചയാണ് മനുഷ്യരും മറ്റെല്ലാ ജീവികളും. എന്നാൽ പരിണാമഫലമായി സങ്കീർണ ഘടനയുള്ള ജീവികൾ എപ്പോഴും ഉരുത്തിരിയണമെന്ന നിബന്ധനയൊന്നുമില്ല. രണ്ടായിരം വർഷത്തോളം പഴക്കമുള്ള ആശയമാണ് പ്രകൃതിയിലെ ചരാചരങ്ങളുടെ ശ്രേണീക്രമമമെന്നത്. പരിണാമ സിദ്ധാന്തത്തിന്റെ ആവിഷ്‌കാരത്തോടെ ഈ ആശയം ഇല്ലാതെയായിട്ടില്ല, മറീച്ച് പല രീതികളിൽ  തുടരുകയാണ്. മതവിശ്വാസങ്ങളുടെ ചട്ടക്കൂടിൽ  ഇത്തരം ആശയങ്ങൾ വലിയ സ്വീകാര്യതയും നേടി. കുരങ്ങിൽ നിന്ന് മനുഷ്യനിലേക്ക് എന്ന മട്ടിലാണ് പരിണാമം, ശ്രേണീക്രമതത്വത്തിന്റെ അടിസ്ഥാനത്തിൽ ചിത്രീകരിക്കപ്പെടാറുള്ളത്. പലപ്പോഴും തമാശരൂപത്തിലും പരിണാമസിദ്ധാന്തത്തെ തന്നെ അപഹസിച്ചുമാണെന്ന് മാത്രം.

ഇത്തരം ചിത്രീകരണങ്ങൾ പരിണാമത്തെക്കുറിച്ചുള്ള തെറ്റിദ്ധാരണകളെ ഉറപ്പിക്കുകയാണ് ചെയ്യുന്നത്. പരിണാമപ്രക്രിയയിൽ ബോധപൂർവ്വമായി ആസൂത്രണം ചെയ്ത പദ്ധതി കണ്ടെത്തുന്നത് ഇത്തരമൊരു ആശയമാണ്. ബുദ്ധിമാനായ ഒരു സൃഷ്ടാവാണ് ജീവന്റെ ആവിർഭാവത്തിന് കാരണമെന്ന ആശയത്തിന്റെ വകഭേദം തന്നെയാണിത്. പരിണാമം യഥാർത്ഥത്തിൽ ഒരു തുടർപ്രക്രിയയാണ്. ചെറിയ മാറ്റങ്ങള്‍ വലിയ വ്യത്യാസങ്ങളിലേക്കും വൈവിധ്യങ്ങളിലേക്കും വേർപിരിയലുകളിലേക്കും നയിക്കുന്നു.

പ്രകൃതിനിർധാരണവും അതിജീവനവുമാണ് ഈ പ്രക്രിയയെ നിർണയിക്കുന്നത്. മുൻപറഞ്ഞ കാർട്ടൂണുകളും ചിത്രങ്ങളും പരിണാമസിദ്ധാന്തം തെറ്റായി മനസ്സിലാക്കാൻ എങ്ങനെയെല്ലാം ഇടയാക്കി എന്നത് ചരിത്രപരമായി അന്വേഷിക്കേണ്ട വിഷയമാണ്; അത് കൗതുകകരവുമാണ്. ശാസ്ത്രജ്ഞരുടെയും ശാസ്ത്രപ്രചാരകരുടെയും വെല്ലുവിളി മറ്റൊരു രീതിയിലാണ്. കാലക്രമത്തില്‍ ഒരു പൊതുപൂർവ്വികനിൽ നിന്ന് ജീവികൾ വേർപിരിഞ്ഞ് വലിയ വൈവിധ്യത്തിലേക്ക് എത്തിയതിന്റെ വിശദാംശങ്ങള്‍ ഗ്രഹിക്കുകയും ലളിതമായി ആശയവിനിമയം നടത്തുകയും ചെയ്യുക എന്നതാണത്.


അധികവായനയ്ക്ക്

  1. Michael Le Page,  Evolution: 24 myths and misconceptions, 16 April 2008, Life, New Scientist.
  2. Darren Curnoe, When humans split from the apes, February 2016, The Conversation.
  3. Helmi et al, Misconception Types Analysis on Mechanism of Evolution,  2019 J. Phys.: Conf. Ser. 1175 012169
  4. Ross H. Nehm & Leah Reilly, Biology Majors’ Knowledge and Misconceptions of Natural Selection, 264-271, BioScience • March 2007 / Vol. 57 No. 3
  5. Colin Foster, Creationism as a Misconception: Socio-cognitive conflict in the teaching of evolution International Journal of Science Education pp. 2171–2180, Vol. 34, No. 14, September 2012
  6. Leah M. Abebe et al.,Answers to common misconceptions about biological evolution, DigitalCommons@University of Nebraska – Lincoln. Papers in Evolution, https://digitalcommons.unl.edu/cgi/viewcontent.cgi?referer=https://www.google.com/&httpsredir=1&article=1004&context=bioscievolution
  7. The Human Phenomenon (1999), Brighton: Sussex Academic, 2003: ISBN 1-902210-30-1.(reprint of -Le Phénomène Humain (1955), written 1938–40, scientific exposition of Teilhard’s theory of evolution.

പരിണാമസിദ്ധാന്തമോ, ഈ ചിത്രം തെറ്റാണ്!

Happy
Happy
43 %
Sad
Sad
0 %
Excited
Excited
21 %
Sleepy
Sleepy
14 %
Angry
Angry
7 %
Surprise
Surprise
14 %

2 thoughts on “പരിണാമം: ചില മിഥ്യാധാരണകൾ

  1. പരിണാമ വാദം തികച്ചു തെറ്റാണ്. അതു ദൈവത്തിന്റെ അസ്തിത്വത്തെ നിരാകരിക്കുന്നു. യേ വിന്റെ ജനന

    വും മരണവും ച രിത്ര സത്യങ്ങൾ ആണ്. അതു പഴയ നിയമങ്ങളുടെ നിറവേറൽ ആണ്.

Leave a Reply

Previous post വിജ്ഞാനോത്സവത്തിന് തുടക്കമായി..എല്ലാ കുട്ടികളും പങ്കെടുക്കട്ടെ…
Next post വാക്സിനും സൈബർ ആക്രമണവും അതീവ ജാഗ്രത ആവശ്യം.
Close