Read Time:9 Minute


അരുണിമ എം

 

എഡിറ്ററുടെ കുറിപ്പ് – ശരിയെന്ന തോന്നലും യഥാർത്ഥ ശരിയും ഒന്നാവണമെന്നില്ല. പരീക്ഷണനിരീക്ഷണങ്ങളിലൂടെ വേണം അതുറപ്പിക്കാൻ. കുറേപ്പേർ ശരിയെന്നു കരുതുന്ന കാര്യത്തെ തന്റെ ഗവേഷണത്തിലൂടെ ചോദ്യം ചെയ്യുകയാണ് അരുണിമ എന്ന ഈ കൊച്ചുമിടുക്കി . ഒരു പ്ലസ് ടു വിദ്യാർത്ഥിയുടെ അന്വേഷണം എന്ന നിലയിൽ പ്രശംസനീയമായ പരിശ്രമമാണ് അമച്വർ ഗവേഷകയായ അരുണിമയുടേത്. ശാസ്ത്രീയമായി ഇക്കാര്യം തെളിയിച്ചു എന്ന് പറയാൻ കൂടുതൽ  പരീക്ഷണത്തിന്റെയും രീതിശാസ്ത്രത്തിന്റെയും പിൻബലം ഉണ്ടാവണം.

“ഈ വർഷം ശാസ്ത്രമേളയിൽ നമ്മുടെ സ്കൂളിനു വേണ്ടി പങ്കെടുക്കുന്നത് അരുണിമയാണ്.” സീമ ടീച്ചറുടെ വാക്കുകൾ ഒരു ഏഴാം ക്ലാസുകാരിയിലുണ്ടാക്കിയ ആത്മ വിശ്വാസം എത്രയോ വലുതാണ്. ആ വാക്കുകൾ ഇന്നുമെന്നെ വിടാതെ പിന്തുടർന്നു കൊണ്ടേയിരിക്കുന്നു. 

പുതിയ കാര്യങ്ങളെക്കുറിച്ച് അറിയാനും, അതിനെക്കുറിച്ച് ആഴത്തിൽ പഠനം നടത്താനും എനിക്ക് ഇഷ്ടമാണ്. ഗവേഷണം എന്നത് ജീവിതത്തിന്റെ ഭാഗമായി തന്നെയാണ് ഞാൻ കരുതുന്നത്. 7-ാം ക്ലാസിൽ പഠിക്കുമ്പോൾ എന്റെ സയൻസ് അധ്യാപികയായ സീമ ടീച്ചറാണ് ആദ്യമായി എന്നോട് ഒരു ഗവേഷണപഠനം തയ്യാറാക്കാൻ ആവശ്യപ്പെട്ടത്. പിന്നീട് ഹൈസ്കൂളിൽ പഠിക്കുമ്പോൾ ജാക്വിലിൻ മിസ്സിന്റെ പിന്തുണയുണ്ടായിരുന്നു. ഹയർസെക്കന്ററിയിലെത്തിയപ്പൊ എല്ലാ അധ്യാപകരും കൂടെയുണ്ട്. കൂടാതെ ശാസ്ത്രകേരളം പതിവായി വായിക്കുമായിരുന്നു. ആ സമയത്ത് ശാസ്ത്രമേഖലയിൽ നമ്മുടേതായ രീതിയിൽ എന്തെങ്കിലും സംഭാവന നൽകണം, അത് സമൂഹത്തിനു പ്രയോജനപ്പെടുന്നതാകണം എന്നൊക്കെയുള്ള ചിന്തകളുണ്ടായി. എന്റെ അധ്യാപകരും രക്ഷിതാക്കളും വളരെ നല്ല പിന്തുണയാണ് നല്കാറുള്ളത്. അതുകൊണ്ടായിരിക്കാം തുടർച്ചയായി 4 വർഷം സംസ്ഥാന ശാസ്ത്രമേളയിൽ ഗവേഷണ പഠനത്തിന് പങ്കെടുക്കാൻ എനിക്ക് അവസരം ലഭിച്ചത്. കോവിഡ് മഹാമാരി രൂക്ഷമായിരുന്ന സമയത്താണ് ശാസ്ത്രപഥം’ എന്ന പരിപാടിയുടെ ഭാഗമായി ഗവേഷണപഠനം നടത്താൻ ഞാൻ കഴിഞ്ഞ വർഷം തീരുമാനിച്ചത്. 

കടപ്പാട് Asianet news

ഏതൊരു ഗവേഷണവും ഒരു ചോദ്യത്തിനുത്തരം തേടലാണല്ലോ? കൂട്ടുകാരുടേതു പോലെ എന്റെ നാട്ടിലും നിറയെ കൃഷിയും പശുവളർത്തലുമൊക്കെയുണ്ട്. നാടൻ പശുക്കളും സങ്കരയിനം പശുക്കളുമെല്ലാമുണ്ട്. നാടൻ പശുവിന്റെ ചാണകത്തിനു നല്ല വിലയുണ്ട്. സങ്കരയിനത്തിന്റെ ചാണകത്തിനു വില കുറവാണ്. ചെടികളുടെ വളർച്ചക്ക് നാടൻ പശുവിന്റെ ചാണകമാണ് നല്ലതെന്നാണ് പറയപ്പെടുന്നത്. ചാണകത്തിനു പശു കഴിക്കുന്ന ഭക്ഷണവുമായല്ലേ ബന്ധമുണ്ടാവുക? ഇതൊന്നു പരീക്ഷിച്ചു നോക്കിയാലോ? 

കടപ്പാട് Asianet news

അടുത്തതായി ഗവേഷണത്തിന് പഴുതടഞ്ഞ ഒരു രീതിശാസ്ത്രം വേണം. കാസർഗോഡ് പെരിയയിലെ കേന്ദ്രസർവകലാശാലാ പ്ലാന്റ് സയൻസ് വിഭാഗം മേധാവി ഡോ. ജാസ്മിൻ മാഡത്തിന്റെ സഹായം അതിനു കിട്ടി. എട്ട് തദ്ദേശീയ ഇന്ത്യൻ പശുക്കളുടെയും 2 വിദേശയിനം പശുക്കളുടെയും ചാണകമാണ് ശേഖരിച്ചത്. കോവിഡ് വ്യാപനമായിരുന്നതിനാൽ ലാബ് സൗകര്യം പ്രയോജനപ്പെടുത്തുവാൻ സാധിക്കുമായിരുന്നില്ല. വിവിധയിനം പച്ചക്കറി വിളകൾ ഒരേ സാഹചര്യത്തിൽ വളർത്തി. വിത്തുകൾ മുളക്കുന്നതിനെടുക്കുന്ന സമയവും അതിന്റെ വളർച്ചയും നിരീക്ഷിച്ചു, രേഖപ്പെടുത്തി. ഓരോ പശുവിന്റെയും ചാണകം ഒരേ അളവിലാണ് ഉപയോഗിച്ചത്. ലഭിച്ച വിവരങ്ങളെ സ്ഥിതിവിവരക്കണക്കുകളുടെ അടിസ്ഥാനത്തിൽ അപഗ്രഥിക്കുകയും ചെയ്തു. ഗവേഷണഫലം എന്നെ അദ്ഭുതപ്പെടുത്തുന്നതായിരുന്നു. വിദേശയിനം പശുക്കളുടെ ചാണകമാണ് തദ്ദേശീയ ഇന്ത്യൻ പശുക്കളുടെ ചാണകത്തേക്കാളും വിളയുടെ വളർച്ചയ്ക്ക് കൂടുതൽ അനുകൂലമെന്നായിരുന്നു ഫലം. 

പക്ഷെ ഇതിന്റെ കാരണമെന്താവാം? അതായി അടുത്ത പ്രശ്നം. (കിട്ടുന്ന ഉത്തരത്തിൽ തൃപ്തയാവാതിരിക്കലും പുതിയ ചോദ്യങ്ങൾ ചോദിക്കലും ഒരു ശാസ്ത്രവിദ്യാർഥിക്ക് പ്രധാനമാണല്ലോ?) ഏകദേശം ഊഹിക്കാവുന്ന കാരണം ഇതാണ് – തിരഞ്ഞെടുത്ത നാടൻ പശുക്കളെല്ലാം ഒരു – ഫാമിൽ വളർത്തിയിരുന്നതും സങ്കരയിനം പശു ഒരു കർഷകൻ വീട്ടിൽ വളർത്തിയതുമായിരുന്നു. അതായത് സങ്കരയിനം പശുവിന്റെ ഭക്ഷണം നാടനെ അപേക്ഷിച്ച് വൈവിധ്യം നിറഞ്ഞതായിരുന്നു. സ്വാഭാവികമായും ആ വ്യത്യാസം ചാണകത്തിലുണ്ടാവുമല്ലോ? ഇതങ്ങനെ പറഞ്ഞാൽ മതിയോ? തെളിയിക്കണ്ടേ? തീർച്ചയായും വേണം. അതിനായി അടുത്ത പരീക്ഷണം എങ്ങനെ ചെയ്യണമെന്ന ആലോചനയിലായി ഞാൻ. 

രണ്ടുതരം പശുക്കളെയും ഒന്നിച്ചു വളർത്തുന്ന, ഒരേ ഭക്ഷണം കൊടുക്കുന്ന ഒരു ഗോശാലയിൽ നിന്ന് ചാണകം ശേഖരിച്ച് പരീക്ഷണം ആവർത്തിച്ചു. റിസൾട്ട് ആദ്യത്തേത് തന്നെ! ചോദ്യങ്ങളിനിയും ബാക്കിയാണ്. ചെടിയുടെ വളർച്ചയെ സ്വാധീനിക്കുന്ന എന്ത് ഘടകങ്ങളാവും സങ്കരയിനത്തിന്റെ ചാണകത്തിൽ കൂടുതലുണ്ടാവുക? അതിന് ചാണകത്തിലടങ്ങിയ ഘടകങ്ങൾ മനസിലാക്കാനുള്ള ഉപകരണങ്ങളുള്ള ഒരു ഗവേഷണസ്ഥാപനം കണ്ടുപിടിക്കണം. അതിനുളള ശ്രമത്തിലാണ് ഞാൻ. 

എനിക്ക് കൂടുതൽ വിവരങ്ങൾ തരാൻ പറ്റുന്ന കൂട്ടുകാർ എന്നെ വിളിക്കണേ. എനിയ്ക്ക് നിങ്ങളെ സഹായിക്കാനാവുമെങ്കിൽ അതിലും സന്തോഷമേയുള്ളൂ. 

ഈ പഠനത്തെക്കുറിച്ചറിഞ്ഞ് സമൂഹത്തിന്റെ വിവിധഭാഗങ്ങളിൽ നിന്ന് ഒരുപാടുപേർ സമൂഹ മാധ്യമങ്ങളിലൂടെയും അല്ലാതെയും കൂടുതൽ മനസ്സിലാക്കാൻ ശ്രമിക്കുകയും ചെയ്തു. ഇന്ത്യൻ എക്സ്പ്രസ്സ് പത്രത്തിൽ വാർത്ത വന്നപ്പോ നല്ല സന്തോഷമായി. എന്റെ ചെറിയ കണ്ടെത്തൽ കൊണ്ട് ജനങ്ങൾക്ക് എന്തെങ്കിലും പ്രയോജനം ഉണ്ടാകണം എന്നു മാത്രമേ എനിക്ക് ആഗ്രഹമുള്ളൂ. വലിയ വിലകൊടുത്ത് നാടൻ പശുവിന്റെ ചാണകം വാങ്ങിയിരുന്ന കർഷകർക്ക് ഈ അറിവ് ഗുണം ചെയ്യുമല്ലോ?

ചെറിയ കളിയല്ല..  കേരളത്തിന്റെ വടക്കേ അറ്റത്തുള്ള അരുണിമക്കുട്ടിയുടെ ഗവേഷണം കൂട്ടുകാർക്കിഷ്ടപ്പെട്ടോ? ശാസ്ത്രപഥത്തിന്റെ ജില്ലാതല മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ ഗവേഷണമായിരുന്നു അരുണിമയുടേത്. ഏഴാം ക്ലാസ്സു മുതൽ തുടച്ചയായി നാല് തവണ ജില്ലാ ശാസ്ത്രമേളയിൽ ഒന്നാമതെത്തിയ മിടുക്കിയാണ്. സംസ്ഥാന ശാസ്ത്രമേളയിൽ എ ഗ്രേഡോടെ മൂന്നാം സ്ഥാനത്തെത്തിയിട്ടുമുണ്ട്. ഗവേഷണം മാത്രമല്ല അരുണിമയുടെ ഇഷ്ടമേഖല. സംസ്ഥാന തല യോഗ ഒളിമ്പ്യാഡിൽ രണ്ടു വർഷമായി പങ്കെടുക്കുന്നു. NSS നടത്തിയ യാത്രാവിവരണ മത്സരത്തിൽ കഴിഞ്ഞ വർഷം സംസ്ഥാനതലത്തിൽ ഒന്നാം സ്ഥാനം… ചെറിയ കളിയല്ല അല്ലെ.

കാസർഗോഡ് ജില്ലയിലെ ബല്ല ഈസ്റ്റ് ഗവ. ഹയർ സെക്കണ്ടറി സ്കൂളിൽ 12ാം ക്ലാസ് വിദ്യാർത്ഥിനിയാണ് അരുണിമ. 2021 നവംബർ ലക്കം ശാസ്ത്രകേരളത്തിൽ വന്ന ലേഖനം.



Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

2 thoughts on “ഏതുപശുവിന്റെ ചാണകത്തിനാണ് ഗുണമേന്മ ? നാടനോ മറുനാടനോ – എന്റെ കൊച്ചു പരീക്ഷണത്തെപ്പറ്റി…

  1. അഭിനന്ദനങ്ങൾ അരുണിമ… കൂടുതൽ പഠനങ്ങൾ ആവശ്യപ്പെടുന്ന പരിശ്രമം….നാടൻ പശുവിന്റെ പാലിന് ഇതുപോലെ പ്രത്യേകഗുണം വല്ലതുമുണ്ടോ..എന്നതും അന്വേഷിക്കേണ്ടതാണ്… അങ്ങനെ ഒരു തെറ്റിദ്ധാരണ നാട്ടിലുണ്ട്.

Leave a Reply

Previous post പുതിയ കോവിഡ് വകഭേദം (XE) – ആശങ്കപ്പെടേണ്ടതുണ്ടോ ?
Next post വരുന്നു, നിഴലില്ലാ ദിനങ്ങൾ – കാണാം, മത്സരത്തിൽ പങ്കെടുക്കാം
Close