Read Time:39 Minute

പ്രവചനങ്ങള്‍ക്കു വഴങ്ങാത്ത പ്രകൃതിശക്തികളോടും വന്യജീവികളോടും നിരന്തരം പോരാടേണ്ടി വന്ന പ്രാചീന മനുഷ്യന് സാന്ത്വനമായത് ആകാശമായിരുന്നു. അവിടെ എന്തൊരു ചിട്ടയാണ് എല്ലാ കാര്യങ്ങള്‍ക്കും! പ്രഭാതത്തില്‍ സൂര്യനുദിക്കുന്നു, സന്ധ്യയ്ക്ക് അസ്തമിക്കുന്നു; അപ്പോള്‍ നക്ഷത്രങ്ങളുടെ ലോകം തെളിയുന്നു. നക്ഷത്രമണ്ഡലത്തിനുണ്ടാകുന്ന മാറ്റങ്ങളും ചന്ദ്രനുണ്ടാകുന്ന വൃദ്ധിക്ഷയങ്ങളും എല്ലാം കൃത്യമായി പ്രവചിക്കാന്‍ കഴിയും. മാറ്റങ്ങളില്ലാത്ത ആ ‘ദൈവങ്ങളുടെ ലോക’വുമായി താരതമ്യപ്പെടുത്തുമ്പോള്‍ എത്രമാത്രം അസ്ഥിരമാണ് ‘മനുഷ്യരുടെ ലോകം’.

ദേവലോകത്തെ സുസ്ഥിരതയെ ചോദ്യം ചെയ്യുന്ന രണ്ടു പ്രതിഭാസങ്ങളെ പക്ഷേ അവഗണിക്കാന്‍  പ്രാചീന മനുഷ്യനായില്ല. അതിലൊന്നാണ് ഗ്രഹണം; മറ്റേത് ധൂമകേതുക്കളും. ജ്വലിച്ചു നില്‍ക്കുന്ന സൂര്യനെ ചിലപ്പോള്‍ ആരോ കറുത്ത മൂടുപടം കൊണ്ടു മൂടുന്നു. അതോ വിഴുങ്ങുന്നോ? മറ്റു ചിലപ്പോള്‍ പൂര്‍ണചന്ദ്രനെയാകും ഈ വിധം ആരോ ശോഭകെടുത്തിക്കളയുക.

ഇതൊന്നും എപ്പോള്‍ സംഭവിക്കുമെന്ന് പറയാന്‍ ഒരു മാര്‍ഗവുമില്ല. കാരണവുമറിയില്ല. വേദകാലത്തെ ഇന്ത്യന്‍ ജ്യോതിശ്ശാസ്ത്രജ്ഞര്‍ (ജ്യോതിഷികള്‍ എന്നാണവര്‍ അറിയപ്പെട്ടത്; മനുഷ്യരുടെ ഭാവിപ്രവചനമൊന്നും അവര്‍ നടത്തിയിരുന്നില്ല) സൂര്യഗ്രഹണത്തെ വിശദീകരിച്ചത് ഇങ്ങനെയാണ്: സ്വര്‍ഭാനു എന്ന അസുരന്‍ തന്റെ മാസ്മര ശക്തിയാല്‍ സൂര്യന്റെ തേജസ് കെടുത്തിക്കളയുന്നു.അതിന് പ്രതിവിധി അത്രി മഹര്‍ഷിയുടെ മന്ത്രങ്ങളാണ്. (അത്രികുലത്തില്‍ പിറക്കുന്നവരാണ് അത്രിമഹര്‍ഷിമാര്‍). ഗ്രഹണം തുടങ്ങിയെന്നറിഞ്ഞാല്‍ അത്രി മന്ത്രം ഉരുവിട്ടുതുടങ്ങും. ക്രമേണ സ്വര്‍ഭാനുവിന്റെ ശക്തി ക്ഷയിക്കും. സൂര്യന്‍ മോചിതനാകും. (മന്ത്രം ജപിക്കാഞ്ഞാല്‍ എന്തു സംഭവിക്കുമെന്നറിയാന്‍ ഒരു മാര്‍ഗവുമില്ല; അത്രി മന്ത്രം ചൊല്ലാതിരുന്നിട്ടുവേണ്ടേ!)
ഇന്ത്യയില്‍ സ്വര്‍ഭാനുവായിരുന്നു കുഴപ്പക്കാരനെങ്കില്‍ പേര്‍ഷ്യയില്‍ ദുഷ്ടനായ ‘അപെപി’ ആയിരുന്നു; ചൈനയില്‍ വ്യാളിയും. എന്നാല്‍ ഇന്ത്യയില്‍ ക്രമേണ ഗ്രഹണഹേതു മാറി. സ്വര്‍ഭാനു പോയി രാഹു വന്നു. പരാശരമുനിയുടെ കാലത്തെ വിശ്വാസമനുസരിച്ച് രാഹു തമോഗ്രഹമാണ്. അതു സൂര്യനെ മറയ്ക്കുന്നു. അതു പ്രവചിക്കാനും കഴിയുമെന്ന് പരാശരമുനി അവകാശപ്പെടുന്നു. ഗ്രഹണത്തിനു തൊട്ടുമുമ്പുള്ള ദിവസങ്ങളിലെ സൂര്യചന്ദ്രന്മാരുടെ ഭാവപ്പകര്‍ച്ചകള്‍ നോക്കിയാല്‍ മതി, ഒരു വിദഗ്ധനു സൂചന കിട്ടും. എന്നിട്ടും സംശയം ബാക്കിയായാല്‍, ഒരു പാത്രത്തിലെ വെള്ളത്തിലേക്ക് ഒരു തുള്ളി എണ്ണ ഉറ്റിക്കുക. അതു പരക്കുന്ന രീതി, വര്‍ണവ്യതിയാനങ്ങള്‍ ഇവ നിരീക്ഷിച്ച് പ്രവചിക്കാന്‍ കഴിയും. (ഇതു മഹാ മണ്ടത്തരമാണെന്ന് പില്‍ക്കാലത്തെ മഹാജ്യോതിഷിയായ വരാഹമിഹിരന്‍ പറയുന്നുണ്ട്. അക്കാലമായപ്പോഴേയ്ക്കും ശരിയായ ഗ്രഹണകാരണം മനസ്സിലായിക്കഴിഞ്ഞിരുന്നു. ആര്യഭടനാണ് അതിന്റെ സിദ്ധാന്തം ആവിഷ്‌ക്കരിച്ചത്)
പരാശരന്റെ കാലത്ത് വാല്‍നക്ഷത്രത്തിന്റെ പേരായിരുന്നു കേതു. അതിനൊക്കെ ശേഷമാണ്, ഗ്രഹണസമയത്ത് സൂര്യചന്ദ്രന്മാരെ വിഴുങ്ങുന്ന സര്‍പഖണ്ഡങ്ങളായി രാഹുകേതുക്കള്‍ അവതരിപ്പിക്കപ്പെടുന്നത്. ഗ്രഹണകഥയും സങ്കല്‍പ്പങ്ങളും ഒക്കെ മാറിമാറി വന്നെങ്കിലും ഗ്രഹണദോഷം പരിഹരിക്കാനും സൂര്യചന്ദ്രന്മാരെ മുക്തമാക്കാനും മന്ത്രവും ഹോമവുമൊക്കെ കൂടിയേ കഴിയൂ എന്ന വിശ്വാസത്തിന് മാറ്റമൊന്നും ഉണ്ടായില്ല. ഗ്രഹണവും കേതുവും (വാല്‍നക്ഷത്രം) രാജാക്കന്മാരെയും പ്രഭുക്കളെയും ദോഷകരമായി ബാധിക്കും എന്ന ധാരണയും വ്യാപകമായിരുന്നതുകൊണ്ട് അതിന് പരിഹാരകര്‍മങ്ങള്‍ ചെയ്യുന്ന പുരോഹിതര്‍ക്ക് അവര്‍ കയ്യയച്ച് ദാനങ്ങള്‍ നല്‍കാന്‍ മടിച്ചില്ല. ഗ്രഹണം കാണുന്നതും ഗ്രഹണസമയത്ത് ഭക്ഷണം കഴിക്കുന്നതും പുറത്തിറങ്ങുന്നതും എല്ലാം ഏവര്‍ക്കും നിഷിദ്ധമായിരുന്നു.

ധൂമകേതു ഭാരതീയ ദൃഷ്ടിയില്‍

ഗ്രഹണം പോലെ തന്നെ അസാധാരണവും ചിട്ടയില്ലാത്തതുമാണല്ലോ വാല്‍നക്ഷത്രങ്ങളും (അഥവാ കേതുക്കളും). ധൂമകേതുഭയവും പ്രാചീന ലോകത്ത് എല്ലായിടത്തും കാണാം. ആദ്യം നമുക്ക് ഭാരതീയരുടെ കേതുഭീതിയുടെ കഥ ഒന്നു പരിശോധിക്കാം.
ഇന്ത്യന്‍ ജ്യോതിശ്ശാസ്ത്രത്തെ സംബന്ധിച്ച ഏറ്റവും പ്രാചീന സൂചനകളുള്ളത് ഋഗ്വേദത്തിലാണ്. 27 ജന്മനക്ഷത്രങ്ങളെയും സൂര്യചന്ദ്രന്മാരുടെ ആകാശപഥങ്ങളെയും എല്ലാം സംബന്ധിച്ച കാര്യങ്ങള്‍ അതില്‍ കാണാമെങ്കിലും വാല്‍നക്ഷത്രങ്ങളെ സംബന്ധിച്ച് എവിടെയും പറയുന്നില്ല. എന്നാല്‍, ഒടുവിലത്തെ വേദമായ അഥര്‍വവേദത്തില്‍ കേതുക്കളില്‍ നിന്നും കൊള്ളിമീനുകളില്‍ (ഉല്‍ക്കകള്‍) നിന്നും  തങ്ങളെ സംരക്ഷിക്കണേ എന്ന പ്രാര്‍ഥനാമന്ത്രം കാണാം. പ്രാചീന ഭാരതീയ ജ്യോതിശ്ശാസ്ത്ര (ജ്യോതിഷ) ഗ്രന്ഥങ്ങളില്‍ ഏറ്റവും പഴയത് (ക്രി.മു.10-12 നൂറ്റാണ്ട്) എന്നു കരുതപ്പെടുന്ന ലഗധമുനിയുടെ ‘വേദാംഗ ജ്യോതിഷ’ത്തില്‍ കേതുപരാമര്‍ശമില്ല.
കേതുക്കളെ വിശദമായ നിരീക്ഷണങ്ങള്‍ക്ക് വിധേയമാക്കിയതും സിദ്ധാന്തങ്ങള്‍ രൂപീകരിച്ചതും പരാശരനും വൃദ്ധഗര്‍ഗനും ആണെന്നു കരുതപ്പെടുന്നു. അവരുടെ കാലം കൃത്യമായറിയില്ലെങ്കിലും ക്രി.മു. നാലു നൂറ്റാണ്ടുകള്‍ക്കപ്പുറമാണെന്നതില്‍ സംശയമില്ല. (യഥാര്‍ഥത്തില്‍ അത്രിയും വസിഷ്ഠനും പോലെ പരാശരനും ഗര്‍ഗനും കുലനാമങ്ങളാണ്. വൃദ്ധഗര്‍ഗന്‍ ഗര്‍ഗ കുലത്തിലെ ആദ്യ ഗുരുവായിരിക്കാം. ഗര്‍ഗപുത്രനും ഗര്‍ഗന്‍ തന്നെ). രണ്ടുപേരുടെയും കൃതികള്‍ – ഗര്‍ഗസംഹിതയും പരാശരസംഹിതയും – കണ്ടുകിട്ടിയിട്ടില്ല. എന്നാല്‍ പലരുടെയും ഉദ്ധരണികളില്‍ നിന്നും വരാഹമിഹിരന്റെ വിമര്‍ശനങ്ങളില്‍ നിന്നും അവരുടെ സംഭാവനകള്‍ കുറേയൊക്കെ മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടുണ്ട്. അന്നത്തെ മറ്റു ചിന്തകരില്‍ നിന്നു വ്യത്യസ്തമായി പരാശരമുനി അദ്ദേഹത്തിന്റെ നിഗമനങ്ങളെല്ലാം രചിച്ചിരിക്കുന്നത് ഗദ്യത്തിലാണ്.

ധൂമകേതു – ഇസ്താംബൂളില്‍ നിന്നുള്ള ചിത്രീകരണം (1556)

ക്രി.പി.11-12 നൂറ്റാണ്ടുകളില്‍ എപ്പോഴോ മിഥില ഭരിച്ചിരുന്ന ബെല്ലാലസേനന്‍ എന്ന രാജാവ്  (അദ്ദേഹം ഒരു മികച്ച ജ്യോതിശ്ശാസ്ത്രജ്ഞന്‍ കൂടിയായിരുന്നു) രചിച്ച ‘അത്ഭുതസാഗരം’ എന്ന കൃതിയില്‍ പരാശരസംഹിതയില്‍ നിന്നുള്ള ദീര്‍ഘമായ ഉദ്ധരണികള്‍ കാണാം. ആ ഗ്രന്ഥത്തിലെ എട്ടാം അധ്യായമായ ‘കേതുഅത്ഭുത’ത്തിലാണ് വാല്‍നക്ഷത്രങ്ങളെ സംബന്ധിച്ച ഉദ്ധരണികള്‍ ഉള്ളത്. അതില്‍ പറയുന്നത് ഇപ്രകാരമാണ്:

ആകെ 11 വിഭാഗങ്ങളിലായി 101 കേതുക്കളാണുള്ളത്. 16 എണ്ണം പിറന്നത് മൃത്യുവില്‍ (യമന്‍)നിന്നാണ്. 12 എണ്ണം ആദിത്യനില്‍ (സൂര്യനില്‍) നിന്ന്; 11 എണ്ണം രുദ്രന്റെ (ശിവന്‍) കോപത്തില്‍ നിന്ന്; 6 എണ്ണം പിതാമഹനില്‍ (ബ്രഹ്മാവ്) നിന്ന്. കോപിഷ്ഠനായ ഉദ്ദാലകനില്‍ നിന്ന് 15, പ്രജാപതിയുടെ ചിരിയില്‍ നിന്ന് 5, മരീചിയുടെയും കശ്യപന്റെയും നെറ്റിത്തടത്തില്‍ നിന്ന് 17, വിഭാവസുവില്‍ നിന്ന് 3, പാലാഴിമഥനത്തില്‍ ഉടലെടുത്തത് 14, ധൂമത്തില്‍ ജനിച്ചത് 1, ബ്രഹ്മകോപത്തില്‍ ജനിച്ചത് 1 എന്നിങ്ങനെ ബാക്കിയുള്ളവ.
ആദ്യം മൃത്യുവില്‍ നിന്ന്, ഒന്നിനു പിറകെ ഒന്നായി വശാകേതു, അസ്തികേതു, ശാസ്ത്രകേതു എന്നിവ പ്രത്യക്ഷപ്പെടുകയും 130 വര്‍ഷത്തേയ്ക്ക് ദുരന്തങ്ങള്‍ വിതയ്ക്കുകയും ചെയ്യും. ഭീകരവെള്ളപ്പൊക്കവുമായാണ് വശാകേതു എത്തുക. വടക്കോട്ടു തലയുമായി പടിഞ്ഞാറാണ് ഉദയം. പിന്നെ അസ്തികേതു കിഴക്കുദിക്കും. നാടാകെ പഞ്ഞമാകും ഫലം. ശാസ്ത്രകേതുവിന്റെയും ഉദയം കിഴക്കു തന്നെ. രാജാക്കന്മാര്‍ക്കും ആയുധം ഉപയോഗിക്കുന്ന മറ്റുള്ളവര്‍ക്കുമാണത് ആപത്തുണ്ടാക്കുക.

തുടര്‍ന്ന്, പടിഞ്ഞാറ് കുമുദകേതു ഉദിക്കും. തൂകിയ പാല്‍ പോലുള്ള ശരീരവുമായി ഒരു രാത്രി മുഴുവന്‍ തല കിഴക്കോട്ടായി അത് ഉദിച്ചുനില്‍ക്കും. 10 കൊല്ലത്തേയ്ക്ക് സല്‍ഫലങ്ങള്‍ നല്‍കാന്‍ അതിനു കഴിയും. എന്നാല്‍ പശ്ചിമദേശത്ത് പകര്‍ച്ചവ്യാധികള്‍ പടരാന്‍ അത് ഇടയാക്കും.
125 കൊല്ലവും ഒന്നര മാസവും പിന്നിടുമ്പോള്‍ ആദിത്യ സൃഷ്ടിയായ കപാലകേതു കിഴക്കുദിക്കും. ജ്വലിക്കുന്ന മുഖവുമായി അത് ആകാശമധ്യത്തിലേക്ക് നീങ്ങുന്നതോടെ കടുത്ത വരള്‍ച്ചയും പഞ്ഞവുമാകും ഫലം. വിളകളില്‍ പാതി നശിക്കും; പാതി മനുഷ്യരും.

തുടര്‍ന്നു വരുന്ന മണികേതു ഉപകാരിയാണ്. രണ്ടരമാസക്കാലം മനുഷ്യന് ആരോഗ്യവും സുഭിക്ഷതയും പ്രദാനം ചെയ്യും. ഒരു ദിവസമേ മാനത്തുണ്ടാകാന്‍ പാടുള്ളൂ എന്നു മാത്രം; ഏറിയാല്‍ ഭൂമിയില്‍ കീടങ്ങള്‍ പെരുകും.
മുന്നൂറാം വര്‍ഷം രുദ്രകോപത്തില്‍ പിറന്ന കലികേതു കിഴക്കുദിക്കും. ശൂലരൂപത്തില്‍ ചെമ്പു നിറത്തിലുള്ള മൂന്നു തലയുമായി ക്രാന്തിപഥത്തിലൂടെ അതു പടിഞ്ഞാറോട്ടു നീങ്ങും. എത്രമാസക്കാലം ആ ഭീകരന്‍ മാനത്തുണ്ടാകുമോ അത്രയും വര്‍ഷക്കാലംകൊണ്ട് അതു മൂന്നില്‍ രണ്ടുഭാഗം മനുഷ്യരെയും തുടച്ചുനീക്കും. 115 വര്‍ഷംകഴിയുമ്പോള്‍ മറ്റൊരു ശൂലത്തലയന്‍ വരും. പിതാമഹസൃഷ്ടിയായ ചലകേതു. വടക്കോട്ട് ആദ്യം അഭിജിത് നക്ഷത്രത്തിലേക്ക്, അവിടുന്ന് സപ്തര്‍ഷി മണ്ഡലത്തിലേക്ക്, പിന്നെ ധ്രുവനിലേക്ക് – പത്തു മാസം അതു ലോകത്തെ വിറപ്പിക്കും. മധ്യദേശത്തെ മനുഷ്യരെയാകെ ഉന്മൂലനം ചെയ്യും. യുദ്ധവും പഞ്ഞവും രോഗങ്ങളും രാജ്യം മുഴുവന്‍ പരക്കും.

പിന്നെ, ആശ്വാസവുമായി ജലകേതു എത്തും. 9 മാസം അത് സുഭിക്ഷതയും ആരോഗ്യവും പ്രദാനം ചെയ്യും. തുടര്‍ന്ന് 13, 14, 18 വര്‍ഷം ഇടവേളയോടെ 8 കേതുക്കള്‍ – ഊര്‍മി മുതല്‍ സീത വരെ- പ്രത്യക്ഷപ്പെടും. അവ കാഴ്ചയ്ക്ക് വ്യക്തവും നിശിതവുമാണെങ്കില്‍ ഗുണവും മങ്ങിയതും അവ്യക്തവുമാണെങ്കില്‍ ദോഷവും ചെയ്യും. ഇവയ്ക്കു പിന്നാലെ ഭാവകേതു കിഴക്കുദിക്കും. ഒരു ദിവസമേ കാണൂ. എത്ര മുഹൂര്‍ത്തം ആണോ കാണപ്പെടുക അത്രയും മാസം ലോകത്ത് സമൃദ്ധിയുണ്ടാകും; പക്ഷേ, കാഴ്ചയില്‍ തീക്ഷ്ണമാണെങ്കില്‍ മാരകരോഗങ്ങള്‍ പടര്‍ത്തിയേക്കാം.

ഭാവകേതുവിനു ശേഷം 110 വര്‍ഷം കഴിഞ്ഞ് ഉദ്ദാലകസൃഷ്ടിയായ ശ്വേതകേതു തെക്കോട്ടു തലയുമായി പാതിരയ്ക്ക് കിഴക്കുദിക്കും. ഒപ്പം പ്രജാപതി സൃഷ്ടിയായ ‘കാ’ ഉം നുകം പോലെ നീണ്ട അതിന്റെ ശരീരവുമായി മാനത്തെത്തും. രണ്ടും കൂടി 9 രാത്രി മാനത്തു നിന്നാല്‍ 10 വര്‍ഷത്തേയ്ക്ക് നാശം വിതയ്ക്കും. 14 രാത്രി നിന്നാല്‍ ആയുധങ്ങള്‍ കൊണ്ടുള്ള നാശം വന്‍തോതിലുണ്ടാകും. എന്നാല്‍, രണ്ടിനും എണ്ണനിറമാണുള്ളതെങ്കില്‍ ആരോഗ്യവും സമൃദ്ധിയുമാകും ഫലം.

തുടര്‍ന്ന്, പദ്മകേതു, അപര്‍ണകേതു, രശ്മികേതു, സംവര്‍ത്തക കേതു, ധൂമകേതു എന്നിവ ഓരോന്നായി പ്രത്യക്ഷപ്പെടും. സംവര്‍ത്തക കേതുവിന്റെ വാലിന് ആകാശത്തിന്റെ മൂന്നിലൊന്ന് നീളമുണ്ടാകും. ധൂമകേതു പുകയില്‍ പിറന്നവനാണ്. അതിന്റെ ശൂലത്തലയ്ക്ക് ചെമ്പുനിറമാണ്. അതു പ്രത്യക്ഷപ്പെടും മുമ്പേ ആപത്തുകള്‍ തുടങ്ങും. ഭൂകമ്പം, തീയ്ക്ക് വേണ്ടത്ര ചൂടില്ലായ്മ, പൊടിമൂടിയ അന്തരീക്ഷം, ഭീകരമായ കാറ്റ് ഇവയൊക്കെയാണ് ലക്ഷണം. അത് എവിടെയും പ്രത്യക്ഷപ്പെടാം. നഗരത്തിന്റെയോ ഗ്രാമത്തിന്റെയോ മരത്തിന്റെ മുകളിലോ പര്‍വതശിഖരത്തിലോ ഒക്കെ ആകാം.

വൃദ്ധഗര്‍ഗന്‍ അഗ്നികേതു, ഗഡകേതു തുടങ്ങിയ വേറെയും ചില കേതുക്കളെ വര്‍ണിക്കുന്നുണ്ട്. അദ്ദേഹത്തിന്റെ മുഖ്യ സംഭാവന ‘കേതുചക്രം’ എന്ന ആശയമാണ്. വശാകേതുവില്‍ തുടങ്ങി ധൂമകേതുവില്‍ അവസാനിക്കുന്ന, ആയിരം വര്‍ഷം കൂടുമ്പോള്‍ ആവര്‍ത്തിക്കുന്ന ഒരു ചക്രമാണിത്. ഇതില്‍ ഒടുവിലത്തെ അംഗത്തിന്റെ – കൊടും ഭീകരനായ ധൂമകേതുവിന്റെ – പേരാണ് പില്‍ക്കാലത്ത് വാല്‍നക്ഷത്രങ്ങളുടെ പൊതു നാമമായി ഉപയോഗിക്കപ്പെട്ടത്.

ഇത്രയും അബദ്ധങ്ങള്‍ നിറഞ്ഞ ഈ കേതുവര്‍ണനയ്ക്ക് എന്തിന് ഇത്രയും പാഴാക്കി എന്നാവും വായനക്കാരുടെ ചിന്ത. ഭാരതീയ ശാസ്ത്രപാരമ്പര്യത്തിന്റെ ഒരു സവിശേഷത ഇതിലൂടെവെളിവാകുന്നു എന്നതാണിതിന്റെ പ്രാധാന്യം. ശ്രദ്ധയോടെ നടത്തുന്ന നിരീക്ഷണങ്ങളോട് അപാരമായ ഭാവന കൂട്ടിച്ചേര്‍ക്കുക എന്നതായിരുന്നു ആ സവിശേഷത. ഗ്രഹണസിദ്ധാന്തങ്ങളിലും ജന്മനക്ഷത്രം പോലെ ഏറെ പ്രയോജനകരമായ ആശയങ്ങളിലും (ദക്ഷന്റെ 27 പുത്രിമാരെയും വിവാഹം കഴിച്ച ചന്ദ്രന്‍, ഓരോ ദിവസവും ഓരോ ഭാര്യയുമൊത്ത് വസിക്കുന്നു എന്നാണ് കഥ) ഇതു കാണാം. പരാശരനും ഗര്‍ഗനുമെല്ലാം ധൂമകേതുക്കളെ കൃത്യതയോടെ നിരീക്ഷിക്കുകയും അക്കാലത്ത് നിലനിന്നിരുന്ന അറിവുകള്‍ സമാഹരിക്കുകയും ചെയ്തിരുന്നു എന്ന് അവരുടെ വര്‍ണനകളില്‍ നിന്ന് വ്യക്തമാണ്. എന്നാല്‍ ധൂമകേതുക്കളുടെ ഉല്‍ഭവം, അവ വരുത്തുന്ന ആപത്തുകള്‍, 101 ധൂമകേതുക്കള്‍ 1000 വര്‍ഷം കൊണ്ട് ഒരു ചക്രം പൂര്‍ത്തിയാക്കുന്നു എന്ന ആശയം, ഇവയെല്ലാം ശുദ്ധമായ ഭാവനയാണെന്നു വ്യക്തം. ഒരു സഹസ്രാബ്ദത്തിനു ശേഷമാണെങ്കിലും പ്രമുഖ ജ്യോതിഷിയും ജ്യോതിശ്ശാസ്ത്രജ്ഞനുമായിരുന്ന വരാഹമിഹിരന്‍ (ക്രി.പി.6-ാം നൂറ്റാണ്ട്) 1000 വര്‍ഷചക്രം എന്ന ആശയത്തെ പരിഹസിക്കുന്നുണ്ട്. പക്ഷേ, ആകെ 1000 ധൂമകേതുക്കളാണ് ഉള്ളതെന്ന അബദ്ധസിദ്ധാന്തം അദ്ദേഹം അവതരിപ്പിക്കുന്നതു കാണാം. ധൂമകേതുഭയവും വരാഹമിഹിരന് ഒട്ടും കുറവായിരുന്നില്ല എന്നും കാണാം. പ്രാചീന ജ്യോതിഷികള്‍ (വസിഷ്ഠനും ഭൃഗുവും കാശ്യപനും പരാശരനും ഗര്‍ഗനും പോലുള്ള മഹര്‍ഷിമാര്‍) ദിവ്യദൃഷ്ടി ഉള്ളവര്‍ ആയിരുന്നുവെന്നും അവര്‍ പറഞ്ഞതൊക്കെ പരമസത്യങ്ങള്‍ ആയിരുന്നുവെന്നും ഇന്നുള്ള പല ജ്യോതിഷികളും പ്രചരിപ്പിക്കുവാന്‍ ശ്രമിക്കുന്നുണ്ട്. ഈ വിശ്വാസം എത്രമാത്രം അന്ധമാണ് എന്ന് മുന്‍പ് പറഞ്ഞ കേതുകഥകള്‍ വ്യക്തമാക്കുന്നുണ്ട്.

1577 ലെവുഡ്കട്ട് ചിത്രീകരണം – ധൂമകേതു കടപ്പാട് വിക്കിപീഡിയ

ധൂമകേതുഭയം ഇതരനാടുകളില്‍

ജ്യോതിശ്ശാസ്ത്രസംബന്ധമായ ഏറ്റവും പഴയ രേഖകളുള്ള രാജ്യങ്ങളിലൊന്ന് ചൈനയാണ്. ചൈനീസ് ചക്രവര്‍ത്തിമാര്‍ക്ക് ഏറ്റവും പേടി ഗ്രഹണത്തെയും ധൂമകേതുക്കളെയുമായിരുന്നു. രാജ്യം ഭരിക്കുന്നവരോട് ദൈവങ്ങള്‍ക്കുള്ള അപ്രീതിയുടെ സൂചനയായാണ് അവര്‍ അതിനെ കണ്ടത്. അതു മറ്റാരും കാണും മുമ്പെ അറിഞ്ഞ് പരിഹാരകര്‍മങ്ങള്‍ ചെയ്തില്ലെങ്കില്‍ അപകടമാണ്; ഭരണം തന്നെ പോയെന്നിരിക്കും. അതുകൊണ്ട് ചൈനയുടെ അന്നത്തെ തലസ്ഥാനമായ നാങ്കിങ്ങിനടുത്ത് ‘ചുവന്ന കുന്നില്‍’ (Purple mountain) അവര്‍ സകല സൗകര്യങ്ങളോടും കൂടിയ ഒരു വാനനിരീക്ഷണകേന്ദ്രം തുടങ്ങുകയും പകലും രാത്രിയും നിരീക്ഷണത്തിനായി അനേകം വിദഗ്ധരെ നിയോഗിക്കുകയും ചെയ്തു. രാജകീയ സൗകര്യങ്ങളോടെയായിരുന്നു അവര്‍ ജീവിച്ചതെങ്കിലും ഒരു കാര്യത്തില്‍ കടുത്ത നിയന്ത്രണമുണ്ടായിരുന്നു. അവര്‍ക്ക് രാജാവിന്റെ മറ്റ് ഉദ്യോഗസ്ഥ വൃന്ദവുമായോ നാട്ടുകാരുമായോ ഒരു ബന്ധവും പാടില്ല. കാരണം, ദൈവകോപം രാജാവറിയും മുമ്പ് മറ്റാരെങ്കിലും അറിഞ്ഞ് അട്ടിമറി നടത്തിയാലോ? ഒരിക്കല്‍ ഹീ എന്നും ഹോ എന്നും പേരുള്ള രണ്ടു നിരീക്ഷകര്‍ മദ്യപിച്ച് ലക്കുകെട്ടിരിക്കുമ്പോള്‍ ഗ്രഹണം സംഭവിക്കുകയും അത് കാണാതെ പോയ അവരുടെ തലവെട്ടുകയും ചെയ്തതായി ചൈനീസ് രേഖകളില്‍ കാണാം.

The Book of Miracles (Augsburg, 16th century).കടപ്പാട് വിക്കിപീഡിയ

മാനത്ത് വെറും കണ്ണുകൊണ്ട് കാണാവുന്ന എല്ലാ നക്ഷത്രങ്ങളുടെയും നെബുലകളുടെയും സ്ഥാനങ്ങള്‍ ചൈനീസ് ജ്യോതിശ്ശാസ്ത്രജ്ഞര്‍ക്ക് മന:പാഠമായിരുന്നു. അതുകൊണ്ട് പുതുതായി എന്തു വസ്തു മാനത്ത് പ്രത്യക്ഷപ്പെട്ടാലും അവര്‍ തിരിച്ചറിയുമായിരുന്നു. അങ്ങനെയാണ് ക്രി.പി.1054ല്‍ ഒരു നവതാരത്തെ അവര്‍ കണ്ടെത്തിയത്. ഏതാനും ആഴ്ചമാത്രം മാനത്ത് അതിശോഭയോടെ ജ്വലിച്ചു നിന്നശേഷം പൊലിഞ്ഞുപോയ ആ നക്ഷത്രത്തിന്റെ സ്ഥാനം അവര്‍ കൃത്യമായി രേഖപ്പെടുത്തിവച്ചു. ഒരു നക്ഷത്രസ്‌ഫോടനം (ടൗുലൃിീ്മ) ആയിരുന്നു അവര്‍ കണ്ടത്. കര്‍ക്കിടകം രാശിയില്‍ ആ സ്ഥാനത്ത് ഇപ്പോള്‍ കാണുന്ന അതിന്റെ അവശിഷ്ടങ്ങള്‍ ക്രാബ് നെബുല (Crab nebula) എന്ന പേരിലാണറിയപ്പെടുന്നത്. 1408 ഒക്‌ടോബറില്‍ അവര്‍ ദര്‍ശിച്ച മറ്റൊരു നക്ഷത്രസ്‌ഫോടനത്തിന്റെ സ്ഥാനത്താണ് നമ്മളിപ്പോള്‍ സിഗ്നസ് എക്‌സ് -1 (Cygnus X-1) എന്ന തമോഗര്‍ത്തത്തെ കാണുന്നത്. ചുരുക്കത്തില്‍, അന്ധവിശ്വാസവും ഭയവും കൊണ്ടാണ് ചൈനക്കാര്‍ പണ്ട് വാനനിരീക്ഷണത്തിന് പ്രാധാന്യം നല്‍കിയിരുന്നതെങ്കിലും, അവര്‍ സൂക്ഷിച്ച രേഖകള്‍ ആധുനിക ജ്യോതിശ്ശാസ്ത്രജ്ഞര്‍ക്ക് വളരെ പ്രയോജനപ്പെട്ടു.

ധൂമകേതുക്കള്‍ പഴയ ചൈനീസ് രേഖകളില്‍ (300 B.C) കടപ്പാട് deepimpact.umd.edu

ധൂമകേതുക്കളുടെ കാര്യത്തിലും ചീനര്‍ ശ്രദ്ധയോടെ നിരീക്ഷണം നടത്തുകയും കണ്ടതെല്ലാം രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ക്രി.മു. പതിനൊന്നാം നൂറ്റാണ്ടിലെ ഒരു രേഖയില്‍ ഇങ്ങനെ കാണാം: വൂ രാജാവ് ഷൗ കീഴടക്കുകയും കിഴക്കുദിച്ചു വന്ന വ്യാഴത്തെ നമസ്‌കരിച്ച ശേഷം ഗോംഗ്തൗ അധീനപ്പെടുത്തുകയും ചെയ്തു. അവിടെവച്ച് അദ്ദേഹം ഒരു ധൂമകേതുവിനെ ദര്‍ശിച്ചു. ക്രി.മു.1057ല്‍ പ്രത്യക്ഷപ്പെട്ട ഹാലിധൂമകേതുവാണ് ഇവിടെ പരാമര്‍ശിക്കപ്പെടുന്നത് എന്നാണ് വൈ.സി.ചാംഗ് എന്ന ജ്യോതിശ്ശാസ്ത്രജ്ഞന്റെ അഭിപ്രായം. ക്രി.മു.613ലും 446ലും ഹാലിയുടെ വരവ് ചൈനയില്‍ അടയാളപ്പെടുത്തപ്പെട്ടതായും അദ്ദേഹം പറയുന്നു. എന്നാല്‍ ഇതൊന്നും തീര്‍ത്തുപറയുക എളുപ്പമല്ല, കാരണം ഹാലിധൂമകേതുവിന്റെ പരിക്രമണകാലം എന്നും 75 വര്‍ഷമായിരുന്നു എന്ന് ഉറപ്പിച്ചു പറയാനാവില്ല. അത് വ്യാഴം, ശനി തുടങ്ങിയ ഭീമന്‍ ഗ്രഹങ്ങളുടെ സമീപത്തുകൂടി കടന്നുപോകാനിടയായിട്ടുണ്ടെങ്കില്‍ പരിക്രമണ കാലം മാറിയിട്ടുണ്ടാകും. ക്രി.മു.240ലും 87ലും ചീനര്‍ കണ്ട ധൂമകേതു ഹാലി തന്നെയാണെന്ന് പൊതുവേ അംഗീകരിക്കപ്പെടുന്നുണ്ട്. ക്രി.മു.300 നടുത്ത് രചിക്കപ്പെട്ട മവെംഗ് ദുയി സില്‍ക് രേഖകളില്‍ (Mawendui silktext) ധൂമകേതുക്കളെക്കുറിച്ചുള്ള വര്‍ണന കാണാം.

ഹാലിയുടെ ധൂമകേതുവിനെ ദുശ്ശകുനമായി ചിത്രീകരിക്കുന്ന യൂറോപ്യന്‍ പരവതാനി

ചൈനക്കാരെപ്പോലെത്തന്നെ രേഖകള്‍ സൂക്ഷിക്കുന്നതില്‍ ശ്രദ്ധകാണിച്ച കൂട്ടരാണ് പ്രാചീന ഗ്രീക്കുകാര്‍. അവര്‍ ധൂമകേതുക്കളെ കാണുകയും അടയാളപ്പെടുത്തി വയ്ക്കുകയും ചെയ്യുന്നതിലേറെ, അവ എന്താണ്, എങ്ങനെ ഉണ്ടാകുന്നു എന്നൊക്കെ ചര്‍ച്ച ചെയ്യുന്നതിലാണ് കൂടുതല്‍ ശ്രദ്ധിച്ചത്. ക്രി.മു.550ല്‍ പൈതഗോറസ് എന്ന ഗ്രീക്ക് ഗണിതശാസ്ത്രജ്ഞന്‍ അഭിപ്രായപ്പെട്ടത് ധൂമകേതുക്കള്‍ ചക്രവാളത്തില്‍ പ്രത്യക്ഷപ്പെടുന്ന ഒരുതരം ഗ്രഹങ്ങളാണെന്നാണ്. എന്നാല്‍, രണ്ടു നൂറ്റാണ്ടിനു ശേഷം വന്ന അരിസ്റ്റോട്ടില്‍ ഉറപ്പിച്ചു പറഞ്ഞു, അതങ്ങനെയാവില്ല എന്ന്. കാരണം, ചന്ദ്രനപ്പുറമുള്ള ഗ്രഹങ്ങളുടെയും നക്ഷത്രങ്ങളുടെയും ലോകം ദൈവങ്ങളുടെ കൂടി ലോകമാണ്. അവിടെ ചിട്ടയില്ലാത്ത ഒന്നും സംഭവിക്കാന്‍ പറ്റില്ല. ധൂമകേതുക്കളുടെ വരവിനാകട്ടെ ഒരു ചിട്ടയുമില്ലതാനും. അതുകൊണ്ട് അതു ഭൂമിയുടെ ഉപരി അന്തരീക്ഷത്തില്‍ നടക്കുന്ന ചില ആളലുകള്‍ മാത്രമാണ്.

ശാസ്ത്രത്തിലെ എല്ലാ പ്രാഥമിക നിഗമനങ്ങളെയും പോലെ ഇതും ചോദ്യം ചെയ്യപ്പെടുകയും, കൂടുതല്‍ ശ്രദ്ധയോടെയുള്ള നിരീക്ഷണങ്ങളിലൂടെ പിന്നീട് തള്ളപ്പെടുകയും ചെയ്യേണ്ടതായിരുന്നു. എന്നാല്‍ അതിനിടെ ഒരു വലിയ അത്യാഹിതം സംഭവിച്ചു. ക്രിസ്തീയമത മേധാവികള്‍ അരിസ്റ്റോട്ടിലിന്റെ പ്രപഞ്ചവീക്ഷണത്തെ പരമസത്യമായി സ്വീകരിക്കുകയും അതിനെ ചോദ്യം ചെയ്യുന്നത് സഭാവിരുദ്ധ നടപടിയായി പ്രഖ്യാപിക്കുകയും ചെയ്തു. ക്രമേണ ധൂമകേതുവുമായി ബന്ധപ്പെട്ട അന്ധവിശ്വാസങ്ങള്‍ വ്യാപകമാവുകയും അത് ഒത്തിരി ആളുകളുടെ ജീവന്‍ അപഹരിക്കുകയും ചെയ്തു. ക്രി.പി.60ല്‍ തിളക്കമാര്‍ന്ന ഒരു ധൂമകേതു വന്നപ്പോള്‍ റോമിലെ ചക്രവര്‍ത്തി ക്രൂരനായ നീറോ ആയിരുന്നു. സ്വന്തം അമ്മയെയും സഹോദരങ്ങളെയും വധിച്ച് ഭരണത്തിലേറുകയും രണ്ടു ഭാര്യമാരെയും കാലപുരിക്കയയ്ക്കുകയും റോമാ നഗരത്തിന് തീയിട്ട് അതു കണ്ട് ആസ്വദിക്കുകയും ചെയ്ത നീറോ ചക്രവര്‍ത്തി ധൂമകേതുവിനെ കണ്ട് വല്ലാതെ പേടിച്ചു. പക്ഷേ, കൊട്ടാര ജ്യോതിഷി ബാല്‍ബിലസ് പറഞ്ഞു: ധൂമകേതു ദൈവകോപത്തിന്റെ അടയാളം തന്നെ, സംശയമില്ല. എന്നാല്‍ ദൈവകോപത്തെ വഴിതിരിച്ച് വിടാന്‍ പറ്റും. അതിന്റെ ഫലം ആരെങ്കിലും അനുഭവിച്ചാല്‍ മതി. അതു കേള്‍ക്കേണ്ട താമസം, നീറോ അതിനുള്ള ഏര്‍പ്പാടു ചെയ്തു. രാജാവിനെതിരെ കലാപമുണ്ടാക്കാന്‍ ശേഷിയുണ്ടെന്ന് അയാള്‍ കരുതിയ മുഴുവന്‍ സെനറ്റര്‍മാരെയും മറ്റു പ്രമുഖരെയും വധിക്കുകയും അവരുടെ ആണ്‍മക്കളെയെല്ലാം നാടുകടത്തുകയും, എന്നിട്ടും സംശയം തീരാഞ്ഞ് അവരെ വിഷം കൊടുത്ത് കൊല്ലുകയും ചെയ്തു. ആറു വര്‍ഷത്തിനുശേഷം പ്രത്യക്ഷപ്പെട്ട ഹാലിധൂമകേതുവിനും നീറോയെ ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല. ഒടുവില്‍ 32-ാമത്തെ വയസ്സില്‍ നീറോ ആത്മഹത്യചെയ്യുകയായിരുന്നു. ഗ്രഹങ്ങളും നക്ഷത്രങ്ങളും ധൂമകേതുക്കളുമൊന്നും മനുഷ്യരെ ഉപദ്രവിക്കില്ല, പക്ഷേ, അന്ധവിശ്വാസങ്ങള്‍ അതു ചെയ്യും എന്നതിന്റെ എക്കാലത്തെയും വലിയ തെളിവായി ഈ സംഭവം അവശേഷിക്കുന്നു.ം

1066ല്‍ ശോഭയേറിയ ഒരു ധൂമകേതു മാനത്തുവന്നു. കണക്കുകള്‍ കാണിക്കുന്നത് അത് ഹാലിധൂമകേതു ആണെന്നാണ്. ആ വര്‍ഷം തന്നെയാണ് ഇംഗ്ലണ്ടിലേക്ക് നോര്‍മന്‍ പട ഇരച്ചുകയറിയത്. ഹാരോള്‍ഡ് രാജാവ് ഹേസ്റ്റിംഗ്‌സില്‍ വച്ചു നടന്ന യുദ്ധത്തില്‍ വധിക്കപ്പെട്ടു. ധൂമകേതുഭയം യൂറോപ്പില്‍ ഉറയ്ക്കാന്‍ ഈ സംഭവം ഇടയാക്കി. അതിനു മുമ്പും രാജാക്കന്മാര്‍ യുദ്ധത്തില്‍ തോറ്റിട്ടുണ്ട്, വധിക്കപ്പെട്ടിട്ടുമുണ്ട്. അന്നൊക്കെ ധൂമകേതു വന്നിരുന്നോ എന്നൊന്നും ആരും അന്വേഷിച്ചില്ല. ഒരു രാജാവിനുണ്ടാകുന്ന ദൗര്‍ഭാഗ്യം മറ്റൊരു രാജാവിന്റെ സൗഭാഗ്യമാവില്ലെ എന്ന ചോദ്യവും അവര്‍ ചോദിച്ചില്ല. എന്തായാലും അത്തവണത്തെ ഹാലിധൂമകേതുവിന്റെ സന്ദര്‍ശനത്തിന്റെ ബാക്കിപത്രമായി നമുക്കു ലഭിച്ചത് 70 മീറ്റര്‍ വലുപ്പത്തില്‍ ലിനനില്‍ തുന്നിച്ചേര്‍ത്ത ഒരു ചിത്രയവനികയാണ്. ബായോടേപിസ്റ്റ്രി (Bayeux tapestry) എന്നാണതറിയപ്പെടുന്നത്. തുറിച്ച കണ്ണുകളുമായി ധൂമകേതുവിനെ നോക്കിനില്‍ക്കുന്ന കാണികള്‍, തളര്‍ന്ന് അവശനായി സിംഹാസനത്തിലിരിക്കുന്ന ഹാരോള്‍ഡ് രാജാവ്, വിശാലമായ വാലുമായി മാനത്ത് ഹാലി -ഇതെല്ലാം അതില്‍ ദൃശ്യമാണ്.

1532 ഒക്ടോബറിലെ C/1532 R1 ധൂമകേതു. പീറ്റര്‍ എപിയാന്റെ പുസ്തകത്തില്‍ നിന്നും

ശാസ്ത്രത്തിന്റെ രീതിക്ക് അംഗീകാരം

വിസ്മയത്തോടെയെങ്കിലും ഭീതി കൂടാതെ ധൂമകേതുക്കളെ നിരീക്ഷിക്കാന്‍ ആരംഭിച്ചതും ശാസ്ത്രത്തിന്റെ രീതി പ്രയോഗിച്ചു തുടങ്ങിയതും 15-ാം നൂറ്റാണ്ടോടെ ആണെന്നു പറയാം. ഇറ്റലിക്കാരനായ പവോലോ ടോസ്‌കാനെല്ലി (Paolo Tascanalli) ആണ് 1449 – 50 കാലത്ത് ഒരു ധൂമകേതുവിന്റെ പഥം നിരന്തരം നിരീക്ഷിച്ച് അടയാളപ്പെടുത്താന്‍ ശ്രമിച്ച ആദ്യ നിരീക്ഷകന്‍.

പവോലോ ടോസ്‌കാനെല്ലി (Paolo Tascanalli)

 

ധൂമകേതുവിന്റെ വാല്‍ എപ്പോഴും സൂര്യനെതിരെ പിടിച്ച രീതിയില്‍ ആയിരിക്കുമെന്ന്1530ല്‍ ജര്‍മന്‍ നിരീക്ഷകനായ പീറ്റര്‍ എപിയാന്‍ (Peter Apian) സ്ഥാപിച്ചു. എന്നാല്‍, യഥാര്‍ഥ വിപ്ലവം സൃഷ്ടിച്ചത് ടൈക്കോ ബ്രാഹെയാണ്. 1577ല്‍ പ്രത്യക്ഷപ്പെട്ട മഹാധൂമകേതുവിന്റെ സ്ഥാനം ചന്ദ്രനേക്കാള്‍ ചുരുങ്ങിയത് നാല് ഇരട്ടിയെങ്കിലും അകലെയായിരിക്കണം എന്ന് അദ്ദേഹം അളന്നു തിട്ടപ്പെടുത്തി. ദൂരദര്‍ശിനിക്കു മുമ്പുള്ള കാലഘട്ടമായതുകൊണ്ട് അതിലേറെ കൃത്യത സാധ്യമായിരുന്നില്ല. വളരെ അകലങ്ങളിലുള്ള രണ്ടു സ്ഥാനങ്ങളില്‍ നിന്ന് ഒരേ സമയം, ധൂമകേതുവിനെ നിരീക്ഷിച്ച്, കോണളവിലെ വ്യത്യാസം അളന്നാണ് അദ്ദേഹം ഈ കണ്ടെത്തല്‍ നടത്തിയത്. അരിസ്റ്റോട്ടിലിന്റെയും ക്രിസ്തീയ സഭയുടെയും പ്രപഞ്ചസിദ്ധാന്തത്തിന് ഏറ്റ ആദ്യപ്രഹരമായിരുന്നു അത്.

പീറ്റര്‍ എപിയാന്‍ (Peter Apian)

1604ല്‍ ജൊഹാന്‍ കെപ്ലര്‍ ‘അസ്‌ട്രോണോമിയ പാര്‍സ് ഓപ്റ്റിക്കാ’ എന്ന കൃതിയിലൂടെ ധൂമകേതുക്കളെ സംബന്ധിച്ച പുതിയ സിദ്ധാന്തം അവതരിപ്പിച്ചു. ധൂമകേതുക്കളുടെ തല സുതാര്യമായ നെബുല ആണ്; സൂര്യപ്രകാശം അതിനെ പിന്നിലേക്കു തള്ളുമ്പോഴാണ് വാലുണ്ടാകുന്നത്; സൂര്യപ്രകാശം പ്രതിഫലിപ്പിച്ചാണ് അത് ശോഭിക്കുന്നത്. ഇതായിരുന്നു കെപ്ലറുടെ അഭിപ്രായം. ഭാഗികമായി ശരിയായ ഈ നിഗമനത്തിനുശേഷം ഗലീലിയോ, അബദ്ധം നിറഞ്ഞ നിഗമനത്തിലേക്കു തിരികെപ്പോയി (1623). ധൂമകേതു ഒരു വെറും പ്രകാശിക പ്രതിഭാസം മാത്രമാണെന്നായിരുന്നു ഗലീലിയോയുടെ അഭിപ്രായം.

1680, 1682 (ഹാലി), 1683 വര്‍ഷങ്ങളിലെ ധൂമകേതുക്കളെ ചിത്രീകരിച്ചിരിക്കുന്ന ജര്‍മന്‍ രേഖ കടപ്പാട്  Adler Planetarium, Chicago

ഫ്രഞ്ചുതത്ത്വചിന്തകനായ ദെകാര്‍ത്തെ (Rane Descartes) പറഞ്ഞു, ധൂമകേതുക്കള്‍ പ്രപഞ്ചസൃഷ്ടിയിലെ അവസാനത്തെ സൃഷ്ടികളാണ്. പ്രപഞ്ചത്തില്‍ ഏറ്റവും കാഠിന്യമുള്ള വസ്തുക്കളും അവയാണ്. ജോര്‍ഗ് ഡോര്‍ഫെല്‍ (Georg Dorffel) എന്ന ശാസ്ത്രജ്ഞന്‍ 1680 ഒടുവിലും 81 ആദ്യവും പ്രത്യക്ഷപ്പെട്ട ധൂമകേതുക്കളെ ശ്രദ്ധയോടെ നിരീക്ഷിച്ച ശേഷം പ്രഖ്യാപിച്ചു: അവ രണ്ടും ഒന്നുതന്നെയാണ്. ഒന്ന് സൂര്യനെ സമീപിക്കുമ്പോഴും മറ്റേത് സൂര്യനെ ചുറ്റി വന്ന ശേഷവും. ഇന്ന് ഏതൊരു സ്‌കൂള്‍ വിദ്യാര്‍ഥിക്കും അറിയാവുന്ന സത്യം – ധൂമകേതുക്കള്‍ സൂര്യനെ ചുറ്റുന്ന വസ്തുക്കളാണ് എന്ന വസ്തുത – ആദ്യമായി കണ്ടെത്തിയത് ഡോര്‍ഫല്‍ ആണെന്നു വേണം കരുതാന്‍.

ധൂമകേതുക്കള്‍ സൗരയൂഥത്തിലെ അംഗങ്ങളാണെന്നു ന്യൂട്ടന്‍ തിരിച്ചറിയുകയും അവയുടെ പഥം ദീര്‍ഘവൃത്തമാണെന്ന് കണക്കാക്കുകയും ചെയ്തു. 1687ല്‍ തന്റെ പ്രശസ്തമായ ‘പ്രിന്‍സിപ്പിയ’യിലൂടെ ആയിരുന്നു അത്. തുടര്‍ന്ന് എഡ്മണ്ട് ഹാലി എന്ന ശാസ്ത്രജ്ഞന്‍ ന്യൂട്ടന്റെ രീതി ഉപയോഗിച്ച് ഇരുപതിലധികം ധൂമകേതുക്കളുടെ പഥം കണക്കാക്കുന്നതില്‍ വിജയിച്ചു. അതിനിടയില്‍ അദ്ദേഹം അത്ഭുകരമായ ഒരു കണ്ടെത്തല്‍ നടത്തി. – 1533, 1607, 1682 വര്‍ഷങ്ങളില്‍ പ്രത്യക്ഷപ്പെട്ട ധൂമകേതുക്കള്‍ക്കെല്ലാം ഒരേതരം പഥം. അതെല്ലാം ഒരേ ധൂമകേതു തന്നെയാണെന്നും 75-76 വര്‍ഷം കൊണ്ട് അതു സൂര്യനെ ദീര്‍ഘവൃത്തത്തില്‍ ചുറ്റുകയാണെന്നും പ്രഖ്യാപിക്കാന്‍ അദ്ദേഹം ധൈര്യം കാണിച്ചു. എന്നു മാത്രമല്ല 1758ല്‍ അതു വീണ്ടും വരുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. അതു കാണാന്‍ ഹാലിക്കു ഭാഗ്യമുണ്ടായില്ല (1742ല്‍ ഹാലി മരിച്ചു) ധൂമകേതു തിരിച്ചുവരിക തന്നെ ചെയ്തു. അതോടെ അതിന്റെ പേര് ‘ഹാലി ധൂമകേതു’ (Halley’s comet) എന്ന് അംഗീകരിക്കപ്പെട്ടു.

എഡ്മണ്ട് ഹാലി  കടപ്പാട് വിക്കിപീഡിയ Richard Phillips,1721

ഇതുപോലെ 1805ലും 1818ലും പ്രത്യക്ഷപ്പെട്ട ധൂമകേതുക്കളും ഒന്നുതന്നെയാണ് എന്ന് ജൊഹാന്‍ എന്‍ഖെ (Johahn Encke) എന്ന ശാസ്ത്രജ്ഞനും കണ്ടെത്തി. 1822ല്‍ അതു വീണ്ടും വരുമെന്നും പ്രഖ്യാപിച്ചു. നാലു വര്‍ഷത്തിനടുത്ത് പരിക്രമണകാലമുള്ള എന്‍ഖെ ധൂമകേതുവിന്റെ തിരിച്ചുവരവ് കണ്ടത് ആസ്‌ട്രേലിയയില്‍ വച്ച് ക്രിസ്റ്റ്യന്‍ റുംകര്‍ ആണ്. അതിന്റെ പരിക്രമണകാലം ക്രമേണ കുറഞ്ഞ് കുറഞ്ഞ് ഇപ്പോള്‍ വെറും 3.3 വര്‍ഷം ആയിരിക്കുന്നു. വാലൊന്നും കാര്യമായി അവശേഷിക്കാത്ത എന്‍ഖെ ഇനി എത്ര കാലം കൂടി ദൃശ്യമാകും എന്നറിയില്ല.

എന്‍ഖെ ധൂമകേതു

ഇന്നിപ്പോള്‍ ആര്‍ക്കും ധൂമകേതു ഭയമില്ല. ധൂമകേതുക്കളെ കാണാന്‍ നല്ല തിരക്കുമാണ്. പക്ഷേ, ഇപ്പോഴും ഗ്രഹനിലയും ജന്മനക്ഷത്രവും പലര്‍ക്കും പേടിസ്വപ്നം തന്നെയാണ്. ജ്യോത്സ്യന്മാരുടെ വയറ്റിപ്പിഴപ്പിനുള്ള മാര്‍ഗവുമതാണ്. ഗ്രഹങ്ങളിലേക്ക് മനുഷ്യനിര്‍മിത ഉപഗ്രഹങ്ങള്‍ പോയിട്ടും ചൊവ്വയിലേക്കു പോകാന്‍ ടൂറിസ്റ്റുകളുടെ ബുക്കിംഗ് ആരംഭിച്ചിട്ടും ഗ്രഹഭയത്തിന് ഒരു കുറവുമില്ല. ചൊവ്വയും ശനിയും സാങ്കല്‍പ്പിക ഗ്രഹമായ കേതുവും ഒക്കെ കൊടുംഭീകരര്‍ ആയി അവതരിപ്പിക്കപ്പെടുന്നു. അതിനിയും എത്രകാലം കൂടി തുടരും എന്നു പറയുക എളുപ്പമല്ല.

ഹാലിയുടെ വാല്‍നക്ഷത്രം 1910  ഫോട്ടേോ – Professor Edward Emerson Barnard at Yerkes Observatory

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പ്രസിദ്ധീകരിച്ച ധൂമകേതുക്കളും സൌരയൂഥത്തിന്റെ ഉത്പത്തിയും (പ്രൊഫ. കെ.പാപ്പൂട്ടി, ഡോ.എന്‍.ഷാജി) എന്ന പുസ്തകത്തില്‍ നിന്നും

അനുബന്ധലേഖനങ്ങള്‍

Happy
Happy
25 %
Sad
Sad
0 %
Excited
Excited
75 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

One thought on “ധൂമകേതുക്കള്‍ : പ്രാചീനചരിത്രവും വിശ്വാസങ്ങളും

Leave a Reply

Previous post ചന്ദ്രനെക്കുറിച്ച് ചില കൗതുകവിശേഷങ്ങള്‍
Next post സൗരയൂഥവും വാല്‍നക്ഷത്രങ്ങളും
Close