Read Time:18 Minute

ക്ലോണിംഗിന് കൗമാരമെത്തി

റിട്രോയ്ക്ക്  (ReTro) വയസ്സ് രണ്ട് കഴിഞ്ഞു. റിസസ് കുരങ്ങുകളിലെ (Macaca mulatta) ആദ്യത്തെ ‘വിജയകരമായ’ ക്ലോണിംഗ് ആയിരുന്നു റിട്രോയുടേത്. രണ്ട് മുതൽ നാല് വയസ്സ് വരെയുള്ള കാലയളവിലാണ് റീസസ് കുരങ്ങുകൾ കൗമാരത്തിലെത്തുന്നത് (puberty). അതായത് റിട്രോ ആരോഗ്യത്തോടെ പ്രായപൂർത്തിയെത്തിയെന്ന് പറയാം.

രണ്ട് വയസ്സ് പിന്നിട്ട റിട്രോ 

റിട്രോയ്ക്ക്  (ReTro) വയസ്സ് രണ്ട് കഴിഞ്ഞു. റീസസ് മങ്കി (rhesus monkey) ഇനത്തിൽപെട്ട ഒരു ആൺകുട്ടിക്കുരങ്ങാണ് റിട്രോ. മക്കാക്ക മുലാട്ട (Macaca mulatta) എന്നാണ് അവൻറെ സ്പീഷീസിൻറെ ശാസ്ത്രനാമം. ക്ലോണിംഗും  ‘വാടക’ഗർഭധാരണവും വഴിയാണ് ചൈനക്കാരനായ റിട്രോയുടെ പിറവി. ആരോഗ്യത്തോടെ തന്നെയാണ് അവൻ രണ്ട് വയസ്സ് പിന്നിട്ടത്. രണ്ട് മുതൽ നാല് വയസ്സ് വരെയുള്ള കാലയളവിലാണ് റീസസ് കുരങ്ങുകൾ കൗമാരത്തിലെത്തുന്നത് (puberty). അതായത് റിട്രോ ആരോഗ്യത്തോടെ പ്രായപൂർത്തിയെത്തിയെന്ന് പറയാം. ക്ലോണിംഗ് പുതിയ കാര്യമൊന്നുമല്ലെന്ന് നമുക്കറിയാം. പക്ഷേ റിസസ് കുരങ്ങുകളിലെ (Macaca mulatta) ആദ്യത്തെ ‘വിജയകരമായ’ ക്ലോണിംഗ് ആണിത്. ‘നേച്ചർ കമ്മ്യൂണിക്കേഷൻസിൽ’ 2024 ജനുവരി 24- ന് പ്രസ്തുത നേട്ടം പ്രതിപാദിക്കുന്ന ലേഖനം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ചൈനീസ് അക്കാദമി ഓഫ് സയൻസസിൻറെ ഭാഗമായ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജനറ്റിക്‌സ് ആൻഡ് ഡെവലപ്‌മെൻ്റ് ബയോളജിയിൽ നടന്ന ഗവേഷണങ്ങൾക്ക് നേതൃത്വം നൽകിയത് ഫാലോങ് ലു (Falong Lu ), ഷെൻ ലിയു (Zhen Liu), ക്വിയാങ് സൺ (Qiang Sun) എന്നിവരാണ്. ഡോളി എന്ന ആടിനെയും  മക്കാക്ക ഫാസികുലറിസ് (macaca fascicularis) തുടങ്ങിയ പ്രൈമേറ്റുകൾ ഉൾപ്പെടെ മറ്റ് സസ്തനികളെയും ക്ലോൺ ചെയ്യാൻ ഉപയോഗിച്ചിരുന്ന സാങ്കേതികതയിൽ നിന്ന് അൽപ്പം വ്യത്യസ്തമായ സമീപനം ഉപയോഗിച്ചാണ് ഈ നേട്ടം സാധ്യമാക്കിയത്.

ആദ്യ പരീക്ഷണങ്ങൾ 

റിസസ് കുരങ്ങുകളുടെ (Macaca mulatta) ക്ലോണിംഗ് 1997- ലാണ് ആദ്യമായി റിപ്പോർട്ട് ചെയ്തത്. ഭ്രൂണവികാസത്തിന്റെ (embryonic development) പ്രാരംഭ ഘട്ടത്തിലെ ബ്ലാസ്റ്റോമിയറുകളാണ്  (blastomeres) ദാതാകോശങ്ങളായി (donor cells) അന്ന് ഉപയോഗിച്ചത്. ബീജസങ്കലനത്തിനു ശേഷം സിക്താണ്‌ഡം അഥവാ സൈഗോട്ടിന്റെ (zygote) കോശവിഭജനം വഴി ഉത്പാദിപ്പിക്കക്കപ്പെടുന്ന കോശങ്ങളാണ് ബ്ലാസ്റ്റോമിയറുകൾ. ഇവ സസ്തനികളിൽ ബ്ലാസ്റ്റുല (blastula), ബ്ലാസ്റ്റോസിസ്റ്റ് (blastocyst) എന്നിവയുടെ രൂപീകരണത്തിലെ പ്രധാനഘട്ടമാണ്. കൂടാതെ സൈഗോട്ടിൽ നിന്നുള്ള ബ്ലാസ്റ്റോമിയറുകളുടെ വിഭജനം അവ രണ്ട് തരം കോശങ്ങളായി വേർതിരിയാനും കാരണമാവുന്നു. ഭ്രൂണത്തിന്റെ മുൻഗാമിയായി മാറുന്ന ആന്തരിക കോശ പിണ്ഡം ( inner cell mass ), പ്ലാസൻറയുടെ (plasenta) മുൻഗാമിയായി മാറുന്ന ട്രോഫെക്ടോഡെം (trophectoderm) എന്നിവയാണവ. ബ്ലാസ്റ്റോമിയർ 8-ഉം 16-ഉം കോശങ്ങളുള്ള പിണ്ഡങ്ങളായി  മാറുമ്പോൾ ഇവ  സാധാരണയായി പ്രത്യക്ഷപ്പെടുന്നു.

സോമാറ്റിക് സെൽ ന്യൂക്ലിയർ ട്രാൻസ്‌ഫർ 

സോമാറ്റിക് സെൽ ന്യൂക്ലിയർ ട്രാൻസ്ഫർ (SCNT) എന്നറിയപ്പെടുന്ന രീതിയാണ് സ്റ്റാൻഡേർഡ് ക്ലോണിംഗ് ടെക്നിക്. ന്യൂക്ലിയസ് നീക്കം ചെയ്ത ഒരു അണ്ഡകോശത്തിലേക്ക് ഒരു ശരീരകോശത്തിന്റെ ന്യൂക്ലിയസ് മാറ്റിസ്ഥാപിക്കുന്ന രീതിയാണത്. സാധാരണഗതിയിൽ ഇങ്ങനെ ക്ലോൺ ചെയ്‌തെടുക്കുന്ന ഭ്രൂണങ്ങളുടെ ജനനനിരക്കും അതിജീവന നിരക്കും വളരെ കുറവാണ്. പ്രൈമേറ്റുകളിൽ തുലോം പരിമിതവുമാണ്.

അടുത്തകാലം വരെ, പ്രവർത്തനക്ഷമമായ സോമാറ്റിക് സെൽ ക്ലോൺ ചെയ്ത റിസസ് കുരങ്ങ് സൃഷ്ടിക്കപ്പെട്ടിരുന്നില്ല എന്നത് ശ്രദ്ധേയമാണ്. 2022 ലെ, ഒരു റിപ്പോർട്ടിൽ സോമാറ്റിക് സെൽ ക്ലോൺ ചെയ്ത റിസസ് കുരങ്ങിന്റെ ജനനം അവകാശപ്പെട്ടിരുന്നുവെങ്കിലും, അത് ജനിച്ച് 12  മണിക്കൂറിൽ താഴെ മാത്രമേ ജീവിച്ചിരുന്നുള്ളൂ. മക്കാക്ക ഫാസികുലറിസ് (Macaca fascicularis)

എന്ന ശാസ്ത്രനാമമുള്ള ഞണ്ട് തീനികളായ സൈനോമോൾഗസ് (cynomolgus) കുരങ്ങുകളിൽ സോമാറ്റിക് സെൽ ന്യൂക്ലിയർ ട്രാൻസ്ഫർ (SCNT) വഴി ഏറെക്കുറെയൊക്കെ വിജയകരമായി ക്ളോണിംഗ് ചെയ്തതായി റിപ്പോർട്ടുകളുണ്ട്. പക്ഷേ അവിടെയും കാര്യക്ഷമത കുറവാണ്. 2018-ൽ ഗവേഷകർ സൈനോമോൾഗസ് കുരങ്ങുകളിൽ  (Macaca fascicularis) പരീക്ഷണം നടത്തിയപ്പോൾ, 109 ക്ലോൺ ചെയ്ത ഭ്രൂണങ്ങൾ സൃഷ്ടിക്കുകയും അവയിൽ മുക്കാൽ പങ്കും 21 സറോഗേറ്റ് അമ്മകുരങ്ങുകളിൽ പല തവണകളായി നിക്ഷേപിക്കുകയും ചെയ്തു. ഇവയിൽ നിന്ന് ആറ് ഗർഭധാരണങ്ങളാണ് സംഭവിച്ചത്. പ്രസവത്തിൽ ജീവനോടെ കിട്ടിയത് രണ്ട് കുട്ടികളെ മാത്രവും.

2018 ലെ ചിത്രം

മറുപിള്ളയിലെ പ്രശ്നങ്ങൾ 

ക്ലോണിംഗ് പ്രക്രിയയിൽ എന്താണ് കുഴപ്പം സംഭവിക്കുന്നതെന്ന് അന്വേഷിക്കാൻ, ഷാങ്ഹായിലെ ചൈനീസ് അക്കാദമി ഓഫ് സയൻസസിലെ ഗവേഷകർ പദ്ധതിയിട്ടു. റീസസ് കുരങ്ങുകളിൽ നിന്ന് SCNT വഴി വികസിപ്പിച്ച ഭ്രൂണങ്ങളെ മറ്റ് രീതിയിൽ ലഭിക്കുന്ന ഭ്രൂണങ്ങളുമായി താരതമ്യം ചെയ്യുകയാണ് അതിനായി അവലംഭിച്ച രീതി. 484 SCNT ഭ്രൂണങ്ങൾ ഇതിനായി ഉത്പാദിപ്പിച്ചു. താരതമ്യത്തിനായി ഇൻട്രാസൈറ്റോപ്ലാസ്മിക് ബീജ കുത്തിവയ്പ്പ് (ICSI) എന്നറിയപ്പെടുന്ന രീതിയിൽ ബീജകോശം നേരിട്ട് അണ്ഡകോശത്തിലേക്ക് കുത്തിവച്ച് 499 ഭ്രൂണങ്ങളും ഉൽപ്പാദിപ്പിച്ചു. രണ്ട് തരത്തിലുള്ള ഭ്രൂണങ്ങളും സമാനമായ വളർച്ചാ ഘട്ടങ്ങളിലൂടെ കടന്നുപോയ ശേഷം സറോഗേറ്റ് അമ്മക്കുരങ്ങുകളിലേക്ക് നിക്ഷേപിച്ചു. 74 ICSI ഭ്രൂണങ്ങൾ വിജയകരമായി ഇംപ്ലാന്റ് ചെയ്യപ്പെട്ടു. അതായത് ഗര്ഭധാരണം നടന്നു. 35 SCNT ഭ്രൂണങ്ങളുടെ കാര്യത്തിൽ മാത്രമേ ഇത് വിജയകരമായി നടന്നുള്ളൂ. അതിൽ തന്നെ വളരെ കുറവ് എണ്ണം ഭ്രൂണങ്ങൾ മാത്രമേ ഗർഭകാലവധി പൂർത്തിയാക്കുകയും ചെയ്തുള്ളൂ.

ഗവേഷകർ SCNT ഭ്രൂണങ്ങളുടെ ഡിഎൻഎ വിശകലനങ്ങളുടെ ഒരു പരമ്പര നടത്തി, എപ്പിജെനെറ്റിക് മാറ്റങ്ങളുടെ പാറ്റേണുകളിൽ കാര്യമായ വ്യതിയാനങ്ങൾ സംഭവിക്കുന്നതായി കണ്ടെത്തി. ഡിഎൻഎ ശ്രേണിയിലെ ന്യൂക്ളിയോടൈഡ് ക്രമത്തിൽ മാറ്റം വരുത്താതെ, ജീൻ പ്രവർത്തനത്തെ ബാധിക്കുന്ന ഘടനാപരമായ ചില മാറ്റങ്ങളാണിവ. ഭ്രൂണ വികാസത്തിൻറെ ഘട്ടങ്ങളിലെ ജീൻ എക്സ്പ്രഷന്റെ അളവുകളെ ബാധിക്കുന്ന പ്രക്രിയയായ ഡിഎൻഎ മെഥിലേഷൻ കുറഞ്ഞ് പോകുന്നത് ഇതിൽ ഉൾപ്പെടുന്നു. അതുകൊണ്ടാണ് ക്ലോൺ ചെയ്ത ഭ്രൂണം നന്നായി വികസിക്കാത്തതെന്ന് ഗവേഷകർ മനസ്സിലാക്കി. മാതൃ-പിതൃ ജീനോമുകളിൽ സാധാരണ വ്യത്യസ്തമായി എക്സ്പ്രസ് ചെയ്യപ്പെടുന്ന  ജീനുകൾക്ക്, ക്ലോൺ ചെയ്ത ഭ്രൂണങ്ങളിൽ, പ്രത്യേകിച്ച് പ്ലാസൻറയിലെ കോശങ്ങളിൽ അവയുടെ വ്യത്യസ്ത പാറ്റേണുകൾ നഷ്ടപ്പെട്ടതായും ഗവേഷകർ കണ്ടെത്തി. മൾട്ടി-ഓമിക്സ് ഡാറ്റാസെറ്റുകളുടെ താരതമ്യ വിശകലനമാണ് പഠനത്തിനായി ഉപയോഗിച്ചത്. SCNT ബ്ലാസ്റ്റോസിസ്റ്റുകൾക്കുള്ളിലെ മാതൃമുദ്രയുള്ള ജീനുകളിൽ മുദ്രണം നഷ്‌ടപ്പെടുന്നതായും (മെഥിലേഷൻ കുറഞ്ഞ്) കണ്ടെത്തി. ഈ മുദ്രണനഷ്ടം SCNT ഭ്രൂണങ്ങളിൽ ഇൻ-വിട്രോയിൽ (പരീക്ഷണശാലയിൽ) പതിനേഴാം ദിവസം (E17) വരെയും ഗർഭകാലം പൂർണ്ണമായി SCNT പ്ലാസന്റകളിലും തുടരുന്നു. കൂടാതെ, SCNT പ്ലാസന്റകളുടെ ഹിസ്റ്റോളജിക്കൽ പരിശോധനയിൽ ശ്രദ്ധേയമായ തോതിൽ ഹൈപ്പർപ്ലാസിയയും കാൽസിഫിക്കേഷനും കാണിക്കുന്നു. അതായത് കനവും കട്ടിയും കൂടുന്നു.

മറുപിള്ള മാറ്റിസ്ഥാപിക്കുക 

ഈ വൈകല്യങ്ങൾ പരിഹരിക്കുന്നതിന്, ഗവേഷകൾ ട്രോഫെക്ടോഡെം മാറ്റിസ്ഥാപിക്കൽ രീതി വികസിപ്പിച്ചെടുത്തു, ഇത് അവസാനം ആരോഗ്യമുള്ള ഒരു ആൺ റീസസ് കുരങ്ങിന്റെ വിജയകരമായ ക്ലോണിംഗിലേക്ക് നയിച്ചു. അങ്ങനെ ഗവേഷകർ കുരങ്ങ് SCNT യിലെ റീപ്രോഗ്രാമിംഗ് മെക്കാനിസത്തെക്കുറിച്ച് വിലപ്പെട്ട ഉൾക്കാഴ്ചകൾ നൽകുകയും പ്രൈമേറ്റ് ക്ലോണിംഗിനായി ഒരു പുതിയ തന്ത്രം അവതരിപ്പിക്കുകയും ചെയ്തു. ക്ലോൺ ചെയ്ത ഭ്രൂണത്തിന്റെ പ്ലാസന്റയായി മാറുന്ന ട്രോഫെക്ടോഡെം അഥവാ ട്രോഫോബ്ലാസ്റ്റ്  മാറ്റി സ്ഥാപിച്ചു. ഇൻ വിട്രോ ഫെർട്ടിലൈസേഷൻ ടെക്നിക് അതായത് ടെസ്റ്റ് ട്യൂബ് ശിശുക്കളെ സൃഷ്ടിക്കുന്ന രീതിയിൽ ഉത്പാദിപ്പിക്കുന്ന ഭ്രൂണങ്ങൾ ഇതിനായി ഉപയോഗിച്ചു. വികസിച്ചുകൊണ്ടിരിക്കുന്ന ഭ്രൂണത്തിലെ കോശങ്ങളുടെ പുറം പാളി, പിന്നീട് പ്ലാസന്റയുടെ പ്രധാന ഭാഗം – ICSI ഭ്രൂണങ്ങളിൽ നിന്നുള്ള ട്രോഫോബ്ലാസ്റ്റുകൾ ഉപയോഗിച്ച് മാറ്റി സ്ഥാപിച്ചു. ഇതിനർത്ഥം ഭ്രൂണങ്ങൾക്ക് ഒരു ‘സ്വാഭാവിക പ്ലാസന്റ’ വികസിപ്പിച്ചെടുക്കാൻ കഴിയുന്നു എന്നാണ്. “എന്നാൽ ഗർഭപിണ്ഡം (fetus ) ഇപ്പോഴും ക്ലോണ് ചെയ്ത ഗർഭപിപിണ്ഡം തന്നെയാണ്”, ചൈനീസ് അക്കാദമി ഓഫ് സയൻസസിലെ ന്യൂറോ സയന്റിസ്റ്റായ ഷെൻ ലിയു അഭിപ്രായപ്പെടുന്നു. സാധാരണ SCNT രീതിയിൽ ഭ്രൂണത്തിന്റെ നിലനിൽപ്പിനെ തടസ്സപ്പെടുത്തുന്ന വികസന വൈകല്യങ്ങൾ ഒഴിവാക്കാനോ കുറയ്ക്കാനോ അത് വഴി സാധിച്ചു. പ്ലാസൻറ അഥവാ മറുപിള്ള മാറ്റിസ്ഥാപിക്കുന്നതിലൂടെയാണ് ഇത് സാധ്യമാക്കിയതെന്ന് നമുക്ക് ലളിതമായി പറയാം. അത്പോലെ തന്നെ മുൻപത്തെ രീതിയുമായി താരതമ്യം ചെയ്യുമ്പോൾ മുമ്പത്തേതിൽ നിന്ന് കുറഞ്ഞ തോതിൽ മാത്രമേ ഭ്രൂണങ്ങളെയും ഗർഭധാരണത്തിനായി പെൺകുരങ്ങുകളെയും ആശ്രയിക്കേണ്ടി വന്നുള്ളൂ. Replaced Trophoblast എന്നതിൽ നിന്നാണ് ReTro എന്ന പേര് നമ്മുടെ റീസസ് കുരങ്ങിന് നൽകിയിരിക്കുന്നത്.

പ്രതീക്ഷകൾ, ആശങ്കകൾ 

മരുന്ന് പരീക്ഷണങ്ങളിലും പെരുമാറ്റ /ചേഷ്ടാ പഠനങ്ങളിലും ഇപ്രകാരം ക്ലോൺ ചെയ്ത പ്രൈമേറ്റുകളെ ഉപയോഗിക്കുന്നതിനുള്ള സാധ്യതകൾ പുതിയ സാങ്കേതികതയ്ക്ക് തുറക്കാൻ കഴിയും. “മരുന്നുകളുടെ ഫലപ്രാപ്തി പരിശോധിക്കാനായി പ്രയോജനപ്പെടുത്തതാവുന്ന തുല്യ ജനിതകഘടനയുള്ള കുരങ്ങുകകുരങ്ങുകളുടെ കൂട്ടങ്ങൾ സൃഷ്ടിക്കാൻ കഴിയും,” ഷാങ്ഹായിലെ ചൈനീസ് അക്കാദമി ഓഫ് സയൻസസിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂറോസയൻസ് ഡയറക്ടർ മു-മിംഗ് പൂ പറയുന്നു. “ഈ ക്ലോൺ ചെയ്ത കുരങ്ങുകളുടെ ഉപയോഗത്തിന്റെ തുടക്കമാണ് ഞങ്ങൾ ഇപ്പോൾ കാണുന്നത്. ജനിതക വ്യത്യാസത്തിൻറെ ഇടപെടലുകൾ ഒഴിവാക്കി, മരുന്നുകളുടെ ഫലപ്രാപ്തി കഴിയുന്നത്ര കുറച്ച് മൃഗങ്ങളെ ഉപയോഗിച്ച് പരിശോധിക്കാൻ ഇതിലൂടെ കഴിയുമെന്നാണ് പ്രതീക്ഷ.” അദ്ദേഹം തുടരുന്നു. എന്നാൽ ക്ലോണുകൾ നിർമ്മിക്കുന്ന പ്രക്രിയയിൽ ഇപ്പോഴും ധാരാളം സറോഗേറ്റുകൾ ഉൾപ്പെടുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേർക്കുന്നു. ഏറ്റവും പുതിയ മുന്നേറ്റങ്ങൾ ഉണ്ടായിട്ടും, ക്ലോണിംഗിന്റെ കാര്യക്ഷമത പ്രശ്നം പൂർണ്ണമായി പരിഹരിച്ചിട്ടില്ലെന്ന് അദ്ദേഹം നിരീക്ഷിക്കുന്നു . ഈ രംഗത്തെ മറ്റ് ഗവേഷകരും ഇത് ചൂണ്ടിക്കാണിക്കുന്നുണ്ട്.

ഗവേഷണങ്ങൾ മുന്നോട്ട് പോകുമ്പോൾ പ്രശ്നങ്ങളെയും കടമ്പകളെയും മറികടന്ന് ക്ലോണിംഗ് സാങ്കേതികത്തികവും മികവും കൈവരിക്കുമെന്ന് നമുക്ക് പ്രതീക്ഷിക്കാം. മറ്റ് സസ്തനികളിലേക്കും വ്യാപിപ്പിക്കാനും കഴിഞ്ഞേക്കാം. ‘സാംഗർ നിയമം’ പറയുന്ന പോലെ ഒരു ജൈവസാങ്കേതികതയുടെ കാര്യക്ഷമതയും കൃത്യതയും രണ്ടോ മൂന്നോ മടങ്ങ് വർദ്ധിക്കുമ്പോൾ പുതിയ പരീക്ഷണങ്ങളുടെ വലിയൊരു മേഖലയാണ് തുറന്ന് വരിക. വംശനാശഭീഷണി നേരിടുന്ന ജീവികളുടെ നിലനില്പിനായും വംശനാശം വന്നവയുടെ പുനരുത്ഥാനത്തിനായും ഒക്കെ ഈ സാങ്കേതികത ഉപയോഗിക്കാൻ ഒരു പക്ഷേ ഭാവിയിൽ ഈ കഴിഞ്ഞേക്കും. സ്വാഭാവികമായും ഉയർന്ന് വരുന്ന ചോദ്യം മനുഷ്യനെ ക്ലോൺ ചെയ്യാൻ സമീപഭാവിയിൽ കഴിയുമോ എന്നാവും. തീർച്ചയായും അനതിവിദൂരമല്ലാത്ത ഭാവിയിൽ അത് സാംകേതികമായി സാദ്ധ്യമാവും എന്ന് തന്നെയാണ് മറുപടി.പക്ഷേ ലോകത്തെവിടെയും നൈതികമായ കാരണങ്ങളാൽ ഇപ്പോൾ അത്തരം പരീക്ഷണങ്ങൾ അനുവദിച്ചിട്ടില്ല. പക്ഷേ നിയമപരമായ വിലക്കുകളെ മറികടന്ന് ആരെങ്കിലും അതിന് ഒരുമ്പെട്ട് കൂടെന്ന് ഒന്നുമില്ല. ഏതെങ്കിലുമൊക്കെ രാജ്യങ്ങളിൽ നിയമങ്ങൾ മാറിക്കൂടെന്നുമില്ല. അത്തരം ധാർമിക നൈതിക വിലക്കുകൾക്ക് വലിയ വിലനൽകാത്ത ഭരണാധികാരികൾ പലയിടങ്ങളിലും അധികാരത്തിലെത്തുമുണ്ട് ഇപ്പോൾ. പക്ഷേ ഓർക്കുക ഒരു ജീവിയുടെ അല്ലെങ്കിൽ വ്യക്തിയുടെ ജനിതകപ്പകർപ്പുകൾ സൃഷ്ടിക്കാനേ കഴിയൂ. ആ വ്യക്തിയെത്തന്നെ പുനഃസൃഷ്ടിക്കാൻ ആവില്ല. ജീനുകളുടെ കൂട്ടം മാത്രമല്ല വ്യക്തി എന്നും ഓർക്കുക. യേശുദാസിനെയോ ചൗരാസ്യയെയോ വാട്സനെയോ  ചോംസ്കിയെയോ ഒന്നും പുനസൃഷ്ടിക്കാനാവില്ല. ജീവിച്ചിരിക്കുന്നവരുടെ കാര്യം പറഞ്ഞെന്നേയുള്ളൂ.

ഇനി സ്പീൽബെർഗിൻറെ ജുറാസ്സിക് പാർക്ക് എന്ന സിനിമയിലെപ്പോലെ ഡി എൻ എ ഉപയോഗിച്ച് ജീവിയെ പുനഃസൃഷ്ടിക്കാനായെന്ന് കരുതുക. അങ്ങനെ മരിച്ച് പോയവരുടെ ഡി എൻ എ യിൽ ഉപയോഗിച്ച് ക്ളോണിംഗ് സാധ്യമായെന്നും കരുതുക. എന്നാലും നമുക്ക് ഐൻസ്റ്റീനെയോ ന്യൂട്ടനെയോ ഷേക്സ്പിയറെയോ കാളിദാസനെയോ പുനഃസൃഷ്ടിക്കാൻ ആവില്ല.

അധികവായനയ്ക്ക്

  1. Zhaodi Liao, Jixiang Zhang, Shiyu Sun, Yuzhuo Li, Yuting Xu, Chunyang Li, Jing Cao, Yanhong Nie, Zhuoyue Niu, Jingwen Liu, Falong Lu, Zhen Liu & Qiang Sun, Reprogramming mechanism dissection and trophoblast replacement application in monkey somatic cell nuclear transfer, Nat Commun 15, 5 (2024). https://doi.org/10.1038/s41467-023-43985-7
  2. Miryam Naddaf & Nature Magazine, Meet ReTro, the First Cloned Rhesus Monkey to Reach Adulthood, Scientific American, 17 Jan 2024.
  3.  Miryam Naddaf, Cloned rhesus monkey lives to adulthood for first time, News, Nature, Jan 2024. https://www.nature.com/articles/d41586-024-00136-2

അനുബന്ധവായനയ്ക്ക്

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

One thought on “ക്ലോണിംഗിന് കൗമാരമെത്തി

  1. വളരെ വിജ്ഞാനപ്രദമായിട്ടുണ്ട്. ഈ രംഗത്തെ ഏറ്റവും പുതിയ മുന്നേറ്റങ്ങൾ അറിയാൻ കഴിഞ്ഞു.

Leave a Reply

Previous post നക്ഷത്രപരിണാമം – LUCA Astro TALK
Next post ഓറിയോണ്‍ നെബുലയില്‍ ജീവന്റെ സൂചനകളോ?
Close