Read Time:12 Minute


അരുൺദാസ്

 ഡോളി എന്ന ചെമ്മരിയാട് സൃഷ്ടിച്ച വിപ്ലവകരമായ ശാസ്ത്ര നേട്ടത്തെക്കുറിച്ചും തുടർന്നുണ്ടായ  സാമൂഹിക അന്തരീക്ഷത്തെക്കുറിച്ചും അറിയാം..

ക്ലോണിങ് : ശാസ്ത്ര ചരിത്രം 

ജൂലൈ 5 1996, സ്കോട്ട്ലാൻഡിലെ റോസ്‌ലിൻ സർവ്വകലാശാലയിലെ ശാസ്ത്രജ്ഞനായിരുന്ന ഇവാൻ വിൽമുട്ടിനെയും സംഘത്തിനെയും തേടി സന്തോഷകരമായ ആ വാർത്ത എത്തി. ഒരു ചെമ്മരിയാടിന്റെ പ്രസവ വാർത്തയായിരുന്നു അത്. ഭൂമിയിലേക്ക് ജനിച്ചുവീണ  ചെമ്മരിയാട്ടിൻകുട്ടിയെ അവർ  L6443 എന്ന് നാമകരണം ചെയ്തു. ക്ലോണിങ് വഴി വികസിപ്പിച്ചെടുത്ത ലോകത്തിലെ പ്രത്യുൽപാദനശേഷി കൈവരിച്ച ആദ്യ സസ്തനി ആയിരുന്നു L6643. ശാസ്ത്ര ചരിത്രത്തിലെ വിപ്ലവകരമായ ഒരു നേട്ടത്തിന്റെയും സാമൂഹിക ചരിത്രത്തിലെ കലുഷിതമായ പ്രക്ഷോഭങ്ങളുടെയും ആശങ്കകളുടെയും തുടക്കമായിരുന്നു അത്.

‌ ഏറെക്കാലമായി ഇവാൻ വിൽ മുട്ടും ബയോളജിസ്റ്റ് ആയിരുന്ന വിൽ റിച്ചിയും  ക്ലോണിങ് (ജൈവ പകർപ്പെടുക്കൽ) എന്നറിയപ്പെടന്ന ശാസ്ത്ര സാങ്കേതിക വിദ്യയിലൂടെ – സ്വാഭാവികമായ പ്രത്യുൽപാദന രീതിയിലൂടെയല്ലാതെ – പരീക്ഷണശാലയിൽ ‍ഒരു ചെമ്മരിയാടിന്റെ തനിപ്പകർപ്പിനെ സൃഷ്ടിക്കാനുള്ള ശ്രമത്തിലായിരുന്നു. അതിനായി ആറു വയസ്സ് പ്രായമുള്ള ചെമ്മരിയാടിൽ നിന്നും എംബ്രയോണിക് കോശങ്ങളെ വേർപെടുത്തുകയും അതേ കോശത്തെ തന്നെ മറ്റൊരു ചെമ്മരിയാടിന്റെ ബീജ സങ്കലനം നടക്കാത്ത അണ്ഡവുമായി കലർത്തുകയും ചെയ്തു. ഇതേ പരീക്ഷണം വളരെ സൂക്ഷ്മമായി റിച്ചി 400 തവണ ആവർത്തിച്ചു .എന്നാൽ അതിൽ ഒരു ഭ്രൂണം മാത്രമേ അതിജീവിച്ചുള്ളു. കുറച്ചു നാളത്തെ കാത്തിരിപ്പിനും ശാസ്ത്രീയമായ പരിചരണത്തിനും ഒടുവിൽ പരീക്ഷണം വിജയം കണ്ടു. ഈ ആട്ടിൻകുട്ടിയെ പരിചരിച്ചിരുന്ന ഡോക്ടറാണ്  L663 എന്ന സംഖ്യാ നാമത്തിനു പകരം  ഡോളി എന്ന പേരു നൽകിയത്. ഡോളി പാർട്ടൺ എന്ന അമേരിക്കൻ സംഗീതജ്ഞയുടെ  സ്മരണാർത്ഥമാണീ  പേര്.

ഡോളിയും ഇവാൻ വിൽമുട്ടും

ആറുമാസത്തോളം സ്കോട്ട്ലാൻഡിലെ അതേ പരീക്ഷണശാലയിൽ പുറം ലോകത്തിന് ഒരു അറിവുമില്ലാതെ ഡോളി വളർന്നു. എന്നാൽ ഔദ്യോഗിക അറിയിപ്പിന് തൊട്ടുമുന്നേ ചെമ്മരിയാടിന്റെ തനി പകർപ്പിനെ കേവലം ഒരു പരീക്ഷണശാലയിൽ വികസിപ്പിച്ചെടുത്തു എന്ന വാർത്ത സമൂഹത്തെ ഒന്നടങ്കം പിടിച്ചുലച്ചു.

മനുഷ്യൻ സ്രഷ്ടാവാവാൻ തുടങ്ങിയിരിക്കുന്നവെന്നും വൈകാതെ മനുഷ്യൻ തന്റെ തന്നെ പകർപ്പിന് നിർമ്മിക്കുമെന്നും ലോകമാധ്യമങ്ങൾ വിധിയെഴുതി. സ്രഷ്ടാവിന് അപ്പുറത്ത് അല്ല മനുഷ്യൻ എന്നും മനുഷ്യന് മറ്റൊരു ജീവിയെയും സൃഷ്ടിക്കാനുള്ള അവകാശമില്ല എന്നുമുള്ള നൈതിക വാദവുമായി മത സംഘടനകളും രംഗത്തെത്തി. യൂറോപ്പ്യൻ തെരുവുകൾ പ്രക്ഷോഭ കലുഷിതമായി. ക്ലോണിങ്ങിന്റെ സങ്കീർണതക്കും വിപ്ലവകരമായ വ്യവസായിക മാറ്റങ്ങൾക്കും അതിലുപരി ആരോഗ്യരംഗത്ത് എക്കാലവും നാഴികക്കല്ലായി പ്രവർത്തിക്കാനുള്ള കാര്യക്ഷമതക്കും അപ്പുറത്ത് അനന്തമായ സങ്കല്പ സാധ്യതകളിലും അർദ്ധസത്യങ്ങളിലും ആയിരുന്നു മാധ്യമങ്ങളും ഒരു വിഭാഗം ലോക ജനതയും.

യൂറോപ്പിൽ ഉടനീളം നടന്ന  പ്രക്ഷോഭങ്ങൾക്ക്  ഒടുവിൽ ഭരണകൂടങ്ങൾ തന്നെ ക്ലോണിങ്ങിന് മാർഗ്ഗനിർദ്ദേശം വെക്കാൻ നിർബന്ധിതരായി. അമേരിക്കൻ പ്രസിഡണ്ട് ആയിരുന്ന ക്ലിന്റ്ന്റെ അറിയിപ്പായിരുന്നു അതിലെ പ്രധാനപ്പെട്ടത്. മനുഷ്യ ശരീരത്തിൽ നടക്കുന്ന എല്ലാ ക്ലോണിങ് പ്രവർത്തനങ്ങൾക്കുമുള്ള ധനസഹായം അദ്ദേഹം നിർത്തലാക്കി. ക്ലോണിങ്ങിന്റെ വളർച്ചയെ മാത്രമല്ല അത് തടസ്സപ്പെടുത്തിയത്,  അന്ന് ശൈശവത്തിലായിരുന്ന ശാസ്ത്രശാഖയായ  എംബ്രിയോണിക് സ്റ്റെംസെൽ ടെക്നോളജിയെ കൂടെയായിരുന്നു. ഓഗസ്റ്റ് 2001 ൽ പ്രസിഡന്റ് ജോർജ്ജ് ബുഷ്  സ്‌റ്റെംസെൽ ടെക്നോളജിയിൽ തുടർ പരീക്ഷണത്തിന് അനുമതി നൽകിയെങ്കിലും അറിയിപ്പിൽ പ്രതിപാദിച്ച മിക്ക പരീക്ഷണങ്ങളും ശാസ്ത്രലോകത്തിന് ഉപകാരപ്രദമാകുന്നതല്ലായിരുന്നു. എന്നാൽ ലോകത്തിന്റെ മറ്റു പല ഭാഗത്തുനിന്നും രണ്ടുവർഷക്കാലം പരീക്ഷണശാലകളിൽ വിവിധയിനം ക്ലോണിങ് ജീവികൾ പിറന്നതായി വാർത്തകൾ പുറത്തു വന്നു.

ഫെബ്രുവരി 2003 -ൽ ഈ വലിയ വിപ്ലവത്തിനും കോലാഹലങ്ങൾക്കും കാരണമായ ഡോളി മരണപ്പെടുകയുണ്ടായി. സാധാരണ ചെമ്മരി ആടുകളുടെ ആയുസ്സ് 12 വർഷമാണ്. എന്നാൽ ഡോളിയുടെ ആയുസ്സ് ആറുവർഷമായി ചുരുങ്ങിയത് വീണ്ടും ചർച്ചകൾക്ക് വഴിവെച്ചു. ആറു വയസ്സു പ്രായമുള്ള അമ്മയുടെ തനിപ്പകർപ്പാണ് ഡോളി എന്നിരിക്കെ ജനനത്താൽ തന്നെ ഡോളിക്ക് ആറു വയസ്സുണ്ടെന്നുള്ള വാദം അന്ന് ശക്തമായിരുന്നു. ശേഷിച്ച ആറു വയസ്സ് മാത്രമാണ് ഡോളി ജീവിച്ചത് എന്നായിരുന്നു ഇത്തരക്കാരുടെ നിഗമനം. എന്നാൽ ശ്വാസകോശ സംബന്ധമായ രോഗംമൂലമാണ് ഡോളി മരിച്ചതെന്നും അതില്‍  ക്ലോണിങിന് യാതൊരുവിധ ബന്ധമില്ലെന്നും  റോസ്ലിൻ ഇൻസ്റ്റിറ്റ്യൂട്ടിൽ നടന്ന പഠനം പിന്നീട് വ്യക്തമാക്കി. 2013ൽ മാത്രമാണ് ഡോളി മാർഗത്തിൽ ഒരു എംബ്രിയോണിക് കോശം വികസിപ്പിച്ചെടുക്കാൻ ആയത്. എന്നാൽ ഏതൊരു കോശത്തെയും  എംബ്രിയോണിക് കോശം ആക്കി മാറ്റാൻ ഉതകുന്ന പരീക്ഷണത്തിൽ ജപ്പാനിലെ ശാസ്ത്രജ്ഞനായ യമനാക്ക വിജയിച്ച തോടുകൂടി സ്റ്റെംസെൽ മേഖല വിപ്ലവകരമായ മറ്റൊരു മാറ്റം കൈവരിച്ചു. അദ്ദേഹത്തിന് ഈ കണ്ടുപിടുത്തത്തിന് 2012ലെ നോബൽ സമ്മാനം ലഭിക്കുകയും ചെയ്തു.   പിന്നീടും വർഷങ്ങൾക്കുശേഷമാണ് പ്രസിഡണ്ട് ഒബാമ സ്റ്റംസെൽ  ടെക്നോളജി പരീക്ഷണത്തിന് നിലനിന്നിരുന്ന ധനസഹായ വ്യവസ്ഥയിൽ മാറ്റം വരുത്തിയത്.

ക്ലോണിങ്: പരീക്ഷണ ഘട്ടങ്ങൾ 

സ്വാഭാവിക പ്രത്യുത്പാദനമാർഗങ്ങൾ സ്വീകരിക്കാതെ ജീവികളുടെ കോശകേന്ദ്രം ഒരു ഭ്രൂണത്തിലേക്ക് സം‌യോജിപ്പിച്ച് കോശകേന്ദ്രത്തിന്റെ ഉടമയായ ജീവിയുടെ തനിപ്പകർപ്പിനെ സൃഷ്ടിക്കാനുള്ള മാർഗ്ഗമാണ്‌ ക്ലോണിങ്ങ്. ഡോളിയിൽ നടന്ന ക്ലോണിങിന്റെ ശാസ്ത്ര വശങ്ങളിലൂടെ ഒന്നു സഞ്ചരിക്കാം..

ഡോളി യഥാർത്ഥത്തിൽ ഫിൻ ഡോർസെറ്റ് (Finn- Dorset) ഇനത്തിൽപ്പെട്ട ചെമ്മരിയാടിനെ പകർപ്പാണ് ആയതിനാൽ തന്നെ ഇത്തരത്തിലുള്ള ഒരു ചെമ്മരിയാടിന്റെ അകിടിലെ കോശത്തെ വേർതിരിക്കുക എന്നതാണ് ആദ്യത്തെ ഘട്ടം. ശേഷം മറ്റൊരു ഇനം ചെമ്മരിയാട് ആയ സ്കോട്ടിഷ് ബ്ലാക്ക് ഫേസിൽ (Scottish Blackface) നിന്നുമുള്ള അണ്ഡകോശങ്ങളെ ഉപയോഗിക്കുകയും അതിലെ കോശ കേന്ദ്രത്തെ നീക്കം ചെയ്യുകയും ചെയ്തു. അതായത് സ്കോട്ടിഷ് ബ്ലാക്ക് ഫെയ്സിന്റെ യാതൊരു ജനിതക ഘടനയും കോശത്തിൽ അവശേഷിക്കുന്നില്ല എന്ന് ചുരുക്കം. തുടർന്ന് ഫിൻ ഡോർസെറ്റിന്റെ അകിട് കോശത്തെ കോശകേന്ദ്രമില്ലാത്ത ബ്ലാക്ക് ഫേസിന്റെ കോശവും ആയി വൈദ്യുത സഹായത്തോടുകൂടി സംയോജിപ്പിക്കുക എന്നതാണ്. സംയോജിച്ചുണ്ടായ കോശത്തിൽ ഫിൻഡോർസെറ്റ് ജനിതകഘടന മാത്രമേ ഉണ്ടാവൂ. പരീക്ഷണശാലയിൽ വെച്ച് ഇത്തരം കോശങ്ങളെ ഭ്രൂണമായി വികസിപ്പിക്കുക എന്നതാണ് അടുത്ത ഘട്ടം. ഭ്രൂണം ബ്ലാസ്റ്റോസിസ്റ്റ് ഘട്ടം എത്തി തുടങ്ങുമ്പോൾ വളർത്തു മാതാവിന്റെ ഗർഭപാത്രത്തിൽ നിക്ഷേപിച്ച് വളർത്തിയെടുക്കുന്നതോടുകൂടി ക്ലോണിങ് പൂർണ്ണമാവുന്നു.

 ക്ലോണിങ്: സാധ്യതകളും ആശങ്കകളും

 വംശനാശഭീഷണി നേരിടുന്ന ബംഗാൾ കടുവകളെയും ഒറ്റക്കൊമ്പൻ കാണ്ടാമൃഗങ്ങളെയും ഹിമക്കരടികളെയും ലാബിൽ സൃഷ്ടിക്കുന്നതിനെക്കുറിച്ച് ആലോചിച്ചുനോക്കൂ. അതുമല്ലെങ്കിൽ ഗുണമേന്മയുള്ള പാലും മുന്തിയ ഇനം മാംസവും തരുന്ന പശുക്കളെ ലാബിൽ സൃഷ്ടിക്കുന്നതിനെക്കുറിച്ചോ!

വ്യാവസായിക വിപ്ലവത്തിനും ജൈവവൈവിധ്യ പരിപാലനത്തിനും ഉതകുന്ന ശാസ്ത്ര നേട്ടമാണ് ക്ലോണിങ്. എന്നാൽ അതിനു ചില പരിമിതികളുമുണ്ട് ക്ലോണിങ് വഴി ഉണ്ടാകുന്ന സന്താന പരമ്പരകളിൽ പ്രതിരോധശേഷി കുറഞ്ഞുവരുന്നതായി പല പഠനങ്ങളും പറയുന്നു. മാത്രമല്ല ക്ലോണിങ് വഴി മാതാപിതാക്കളുടെ അതേ ജനിതകഘടന തന്നെ ലഭിക്കണമെന്നില്ല മുൻപുള്ള മറ്റേതെങ്കിലും തലമുറയിലെ ഗുണങ്ങളും സന്തതിക്ക് ലഭിക്കാമെന്നതിനാൽ തന്നെ ശാസ്ത്രജ്ഞർ ഉദ്ദേശിച്ച ഫലത്തിൽ എത്തിച്ചേരണമെന്നില്ല. ഒരേയിനം ജീവികളിൽ ക്ലോണിങ് നിരന്തരമായി ആവർത്തിക്കുകയാണെങ്കിൽ ജനിതക രോഗങ്ങൾ പിടിപെടാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല.

ഇത്തരം പ്രശ്നങ്ങളാൽതന്നെ ശാസ്ത്രലോകം ഡോളി മാതൃകയിൽ നിന്നും അല്പം വ്യതിചലിച്ച് സ്റ്റം സെൽ മാതൃകയിലാണ് കൂടുതലായി ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. ഒരു ജീവിയെ സൃഷ്ടിക്കുന്നതിന് പകരം പ്രത്യേക ശരീരഭാഗങ്ങൾ സൃഷ്ടിക്കുകയാണ് സ്റ്റെംസെൽ മാതൃക ചെയ്യുന്നത്. വളർന്നുവരുന്ന ഈ ശാസ്ത്രശാഖയും ആരോഗ്യ രംഗത്തിന് മുതൽക്കൂട്ടാവും എന്നതിൽ തർക്കമില്ല. എന്നാൽ ശരീരഭാഗങ്ങളെ പുനർ സൃഷ്ടിക്കുന്നതിന്‍റെ നൈതിക മാനങ്ങള്‍ ഇന്നും ശാസ്ത്ര രംഗത്തും സാമൂഹിക രംഗത്തും ഒരു ചര്‍ച്ചാവിഷയമാണ്..

Happy
Happy
50 %
Sad
Sad
25 %
Excited
Excited
25 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

One thought on “ഡോളി : ക്ലോണിങ് വിപ്ലവത്തിന്റെ 25 വർഷങ്ങൾ

Leave a Reply

Previous post കേരളം – പരിസ്ഥിതി പഠനങ്ങൾ രജിസ്ട്രേഷൻ ആരംഭിച്ചു
Next post വ്യോമഗതാഗതവും ആഗോളതാപനവും
Close