Read Time:21 Minute

 ഭൂമിയില്‍ നിന്ന് ഏതാണ്ട് 1344 പ്രകാശവര്‍ഷം അകലെ ക്ഷീരപഥത്തിനുള്ളില്‍ത്തന്നെ സ്ഥിതി ചെയ്യുന്ന താരാപടലമാണ് ഓറിയോണ്‍ നെബുല. നിരവധി നക്ഷത്രങ്ങള്‍ പിറക്കുന്ന നഴ്സറിയായ ഈ വാതക ഭീമനെ ഭൂമിയില്‍ നിന്ന് നഗ്നനേത്രങ്ങള്‍ കൊണ്ടുപോലും കാണാനാവും. നക്ഷത്ര ജനനം മുതല്‍ സൂപ്പര്‍ നോവ വരെ പല പ്രതിഭാസങ്ങള്‍ നിരീക്ഷിക്കാനുള്ള സാധ്യത നല്‍കുന്നതിനാല്‍ ഈ നെബുല നിരന്തരം നമ്മുടെ നിരീക്ഷണത്തിലാണ്. കഴിഞ്ഞ ജൂണ്‍ മാസത്തില്‍ ജയിംസ് വെബ് സ്പേസ് ടെലിസ്കോപ്പ് നല്‍കിയ വിവരങ്ങളില്‍ നിന്ന് ശാസ്ത്രജ്ഞര്‍ ഒരു നിര്‍ണ്ണായക കണ്ടെത്തല്‍ നടത്തിയിരുന്നു. നക്ഷത്രാന്തരീയ മാധ്യമത്തിലെ വാതക പടലങ്ങളില്‍ മീഥൈല്‍ കാറ്റയോണിന്റെ (CH3+) സാന്നിധ്യം കണ്ടെത്തിയതായിരുന്നു അത്. ഭൂമിക്ക് പുറത്ത് ജീവന്‍ ഉദ്ഭവിക്കാന്‍ അനുകൂലമായ സാഹചര്യങ്ങള്‍ രൂപപ്പെടാം എന്നതിന്റെ പ്രാഥമിക സൂചനയായതു കൊണ്ടാണ് ഈ കണ്ടെത്തല്‍ ഏറെ പ്രസക്തമാകുന്നത്.

1350 പ്രകാശവര്‍ഷം അകലെ ഓറിയോണ്‍ നെബുലയിൽ സ്ഥിതിചെയ്യുന്ന പ്രോട്ടോ പ്ലാനറ്ററി ഡിസ്ക് ആണ് d203-506. ഇതിലാണ് മീഥൈല്‍ കാറ്റയോണിന്റെ സാന്നിധ്യം കണ്ടെത്തിയത്. ജെയിംസ് വെബ് സ്പേസ് ടെലിസ്കോപ്പിലെ മിഡ്-ഇന്‍ഫ്രാറെഡ് ഇന്‍സ്ട്രുമെന്റ് (MIRI) മീഡിയം റെസൊല്യൂഷന്‍ സ്പെക്ട്രോമീറ്റര്‍ (MRS) നല്‍കിയ വിവരങ്ങളെ ശാസ്ത്രീയമായി അപഗ്രഥിച്ചാണ് ഈ നിഗമനത്തിലെത്തിയത്.

JWST ചിത്രം

ആറ്റങ്ങളും തന്മാത്രകളും ഊര്‍ജം സ്വീകരിക്കുമ്പോള്‍ അവയിലെ ഇലക്ട്രോണുകള്‍ ഉയര്‍ന്ന ഊര്‍ജ നിലകളിലേക്ക് മാറും. അസ്ഥിരമായ ഉയര്‍ന്ന ഊര്‍ജാവസ്ഥയില്‍ തുടരാനാവാത്തതിനാല്‍ അവ വീണ്ടും പഴയ സുസ്ഥിര ഊര്‍ജനിലയിലേക്ക് തിരിച്ചു വരും. ഇതിനിടെ അധികമുള്ള ഊര്‍ജം വൈദ്യുത കാന്തിക തരംഗങ്ങളായി പുറംതള്ളുന്നു. ഇങ്ങനെ ആഗിരണം ചെയ്യുന്നതോ പുറത്ത് വിടുന്നതോ ആയ തരംഗങ്ങളുടെ സ്പെക്ട്രം ആ ആറ്റമോ തന്മാത്രയോ ഏതാണെന്ന് തിരിച്ചറിയാന്‍ സഹായിക്കുന്നു. ആറ്റങ്ങളുടെ സ്പെക്ട്രത്തില്‍ വരകളും (spectral lines) തന്മാത്രകളുടെ സ്പെക്ട്രത്തില്‍ ബാന്റുകളുമാണ് (spectral bands) ഉണ്ടാവുക. തന്മാത്രകള്‍ ഇന്‍ഫ്രാറെഡ് കിരണങ്ങളെ ആഗിരണം ചെയ്യുമ്പോള്‍ ആറ്റങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന ബോണ്ടുകള്‍ കമ്പനം ചെയ്യുന്നു. ഈ വൈബ്രേഷനുകളുടെ ആവൃത്തികളില്‍ നിന്ന് തന്മാത്രകളുടെ തനത് സവിശേഷതകള്‍ മനസ്സിലാക്കാം. ഈ മാര്‍ഗമാണ് ഇപ്പോള്‍ മീഥൈല്‍ കാറ്റയോണ്‍ കണ്ടെത്താന്‍ ഉപയോഗിച്ചിരിക്കുന്നത്. 

മീഥൈല്‍ കാറ്റയോണും ജീവനും 

കാര്‍ബണും മൂന്ന് ഹൈഡ്രജനും കൂടിച്ചേര്‍ന്ന പോസിറ്റീവ് ചാര്‍ജുള്ള അയോണാണ് മീഥൈല്‍ കാറ്റയോണ്‍ (CH3+). ഒരു ആറ്റത്തില്‍ നിന്ന് ഇലക്ട്രോണ്‍ നേടുകയോ നഷ്ടപ്പെടുത്തുകയോ ചെയ്യുമ്പോഴുണ്ടാകുന്ന ചാര്‍ജുള്ള കണങ്ങളാണ് അയോണുകള്‍. ഇലക്ട്രോണ്‍ നഷ്ടപ്പെടുമ്പോള്‍ ആറ്റത്തിന് പോസിറ്റീവ് ചാര്‍ജ് ലഭിക്കുന്നു. ഇത്തരം കണങ്ങളെ കാറ്റയോണുകള്‍ എന്ന് പറയുന്നു. മീഥൈല്‍ കാറ്റയോണില്‍ കാര്‍ബണിനാണ് പോസിറ്റീവ് ചാര്‍ജുള്ളത്. കാര്‍ബണ്‍ അടങ്ങിയിട്ടുണ്ട് എന്നതുതന്നെയാണ് മീഥൈല്‍ കാറ്റയോണിന്റെ പ്രാധാന്യം. ഭൂമിയിലെ ജീവന്റെ അടിസ്ഥാനം കാര്‍ബണ്‍ അടങ്ങിയ ഓര്‍ഗാനിക് തന്മാത്രകളാണ്. ആവര്‍ത്തനപ്പട്ടികയിലെ നൂറ്റിപ്പതിനെട്ടു മൂലകങ്ങള്‍ക്കും തനതായ സ്വഭാവ സവിശേഷതകളും ഉപയോഗങ്ങളും ഉണ്ടെങ്കിലും ജീവലോകത്തെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രധാനപ്പെട്ട മൂലകമാണ് കാര്‍ബണ്‍. ഭൂമിയിലെ ജീവന്റെ അടിത്തറ തന്നെ കാര്‍ബണിന്റെ വിവിധ സംയുക്തങ്ങളെ ആധാരമാക്കിയാണ്. ജീവികളുടെ ശരീരത്തിന്റെ നാലിലൊന്നോളം ഭാരം കാര്‍ബണ്‍ ആണ്. നമ്മുടെ ശരീരത്തിലെ സുപ്രധാന ജൈവസംയുക്തങ്ങളായ കാര്‍ബോഹൈഡ്രേറ്റുകള്‍, പ്രോട്ടീനുകള്‍, ന്യൂക്ളിക് ആസിഡുകള്‍, ലിപിഡുകള്‍ എന്നിവയെല്ലാം കാര്‍ബണ്‍ അധിഷ്ഠിത തന്മാത്രകളാണ്. 

എന്തുകൊണ്ട് കാര്‍ബണ്‍ ?

ആവര്‍ത്തനപ്പട്ടികയിലെ പതിനാലാം ഗ്രൂപ്പിലാണ് കാര്‍ബണിന്റെ സ്ഥാനം. സംയോജക ഷെല്ലില്‍ നാല് ഇലക്ട്രോണുകള്‍ ഉള്ളതിനാല്‍ മറ്റ് നാല് ആറ്റങ്ങളുമായി ഇലക്ട്രോണ്‍ പങ്കുവെച്ച് സഹസംയോജക ബന്ധനത്തില്‍ ഏര്‍പ്പെടാന്‍ കഴിയും. മാത്രമല്ല, സ്വയം തന്നെ ബന്ധനത്തില്‍ ഏര്‍പ്പെട്ട് നീളമുള്ള ചങ്ങലകളും പലതരം വലയരൂപങ്ങളും നിര്‍മ്മിക്കാനുമാവും. കാറ്റനേഷന്‍ എന്നാണ് കാര്‍ബണിന്റെ ഈ സവിശേഷസ്വഭാവം അറിയപ്പെടുന്നത്. ഏറെ സാധാരണമായ ഏകബന്ധനങ്ങളിലൂടെ മാത്രമല്ല ദ്വി, ത്രി ബന്ധനങ്ങള്‍ വഴിയും സ്വയം ബന്ധനത്തില്‍ ഏര്‍പ്പെടാന്‍ കാര്‍ബണിനു കഴിയും. അതുകൊണ്ടുതന്നെ കാര്‍ബണ്‍ സംയുക്തങ്ങളുടെ എണ്ണം മറ്റുമൂലകങ്ങളുടേതിനെക്കാള്‍ ഏറെക്കൂടുതലാണ്. കാര്‍ബണ്‍ അടങ്ങിയ സംയുക്തങ്ങളുടെ എണ്ണം മറ്റ് എല്ലാ മൂലകങ്ങളും ഉണ്ടാക്കുന്ന സംയുക്തങ്ങളുടെ ആകെയുള്ള എണ്ണത്തെക്കാള്‍ വളരെയധികമാണ്. ഒരുകോടിയിലധികം കാര്‍ബണ്‍ സംയുക്തങ്ങള്‍ ഇപ്പോള്‍ നമുക്കറിയാം. മാത്രമല്ല, ഇവയില്‍ മിക്കതും വളരെയധികം സ്ഥിരതയുള്ളതുമാണ്.

ഹൈഡ്രജന്‍, ഓക്സിജന്‍, നൈട്രജന്‍, ഫോസ്ഫറസ്, സള്‍ഫര്‍ തുടങ്ങിയവയുമായിച്ചേര്‍ന്ന് കാര്‍ബണ്‍ നിര്‍മ്മിക്കുന്ന സംയുക്തങ്ങള്‍ ഓര്‍ഗാനിക് സംയുക്തങ്ങള്‍ എന്നറിയപ്പെടുന്നു. ജീവികളുടെ ശരീരത്തില്‍ നിര്‍മ്മിക്കപ്പെടുന്നത് എന്ന അര്‍ഥത്തിലാണ് ഈ പേര് വന്നതെങ്കിലും പിന്നീട് അജൈവ ഉറവിടങ്ങളില്‍ നിന്നും ഓര്‍ഗാനിക് സംയുക്തങ്ങള്‍ നിര്‍മ്മിക്കാം എന്ന് കണ്ടെത്തി. ജര്‍മ്മന്‍ ശാസ്ത്രജ്ഞനായ ഫ്രീഡ്രിക് വോളറായിരുന്നു 1828-ല്‍ പരീക്ഷണശാലയില്‍ അമോണിയം സയനേറ്റ് ചൂടാക്കിയപ്പോള്‍ യൂറിയ ഉണ്ടാകുന്നതിലേക്ക് എത്തിയത്. യൂറിയ ആണ് ഇത്തരത്തില്‍ നിര്‍മ്മിക്കപ്പെട്ട ആദ്യ ഓര്‍ഗാനിക് സംയുക്തം. വോളറുടെ ഈ പരീക്ഷണം പിന്നീട് രസതന്ത്രത്തിന്റെ ഭാവിയെത്തന്നെ മാറ്റിമറിച്ചു. മാത്രമല്ല ജീവികള്‍ സവിശേഷ സൃഷ്ടികളാണെന്നും അവയുടെ ശരീരത്തിലെ സംയുക്തങ്ങള്‍ പരീക്ഷണശാലയില്‍ നിര്‍മ്മിക്കാനാവില്ലെന്നുമുള്ള സൃഷ്ടിവാദികളുടെ നിഗമനത്തെയും ഇത് അപ്രസക്തമാക്കി. തുടര്‍ന്ന് നിരവധി ഓര്‍ഗാനിക് തന്മാത്രകള്‍ കൃത്രിമമായി നിര്‍മ്മിക്കപ്പെട്ടു. നമ്മുടെ ശരീരത്തിലെ പ്രോട്ടീനുകള്‍, എന്‍സൈമുകള്‍, ഹോര്‍മോണുകള്‍, ആന്റിബോഡികള്‍, ന്യൂക്ളിക് ആസിഡുകള്‍ തുടങ്ങിയവയെല്ലാം ഓര്‍ഗാനിക് സംയുക്തങ്ങളാണ്. 

വിവിധ ജൈവതന്മാത്രകള്‍ കൂടിച്ചേര്‍ന്ന് ഓരോന്നും അതാതിന്റെ ധര്‍മ്മം നിര്‍വഹിച്ച് ജീവന്‍ നിലനിര്‍ത്തുന്ന ഒരു സങ്കീര്‍ണ്ണ വ്യവസ്ഥയാണ് മനുഷ്യശരീരം. ലളിതമായ തന്മാത്രകളില്‍ നിന്ന് അതിസങ്കീര്‍ണ്ണമായ പ്രോട്ടീനുകളും, ന്യൂക്ലിക് ആസിഡുകളും പോലുള്ള ജൈവ തന്മാത്രകള്‍ എങ്ങനെ രൂപപ്പെട്ടു എന്ന ചോദ്യത്തിന് ഇന്നും പൂര്‍ണ്ണമായ ഉത്തരം ലഭിച്ചിട്ടില്ല. അലക്സാണ്ടര്‍ ഇവാനോവിച്ച് ഒപ്പാരിന്‍, ജെ ബി എസ് ഹാല്‍ഡേന്‍ എന്നീ ശാസ്ത്രജ്ഞരാണ് ജീവന്റെ ഉദ്ഭവത്തെപ്പറ്റി രാസപരിണാമം എന്ന ആശയം മുന്നോട്ട് വെച്ചത്.

രാസവസ്തുക്കളില്‍ നിന്ന് ആദ്യത്തെ ജീവകോശം രൂപപ്പെട്ടത് വരെയുള്ള പ്രക്രിയയാണ് രാസപരിണാമം. നാല് ഘട്ടങ്ങളിലായാണ് ഈ പ്രക്രിയ നടന്നത് എന്ന് കരുതപ്പെടുന്നു. ഭൂമി തണുത്ത് സമുദ്രങ്ങള്‍ രൂപപ്പെടുന്ന കാലഘട്ടത്തില്‍ ചെറുതന്മാത്രകളായ കാര്‍ബണ്‍ ഡൈഓക്സൈഡ്, കാര്‍ബണ്‍ മോണോക്സൈഡ്, അമോണിയ, ജലബാഷ്പം, മീഥേന്‍, നൈട്രജന്‍ തുടങ്ങിയവയായിരുന്നു ഭൂമിയുടെ അന്തരീക്ഷത്തില്‍ ഉണ്ടായിരുന്നത് എന്ന് കരുതപ്പെടുന്നു. ഇടിമിന്നല്‍, അഗ്നിപര്‍വത സ്ഫോടനം, ആള്‍ട്രാവയലറ്റ് കിരണങ്ങള്‍ എന്നിവ നിറഞ്ഞതായിരുന്നു അന്നത്തെ അന്തരീക്ഷം. ഇവയില്‍ നിന്ന്, പ്രധാനമായും ആള്‍ട്രാവയലറ്റ് കിരണങ്ങളില്‍ നിന്നുള്ള ഊര്‍ജം ഉപയോഗപ്പെടുത്തിക്കൊണ്ട് അന്തരീക്ഷത്തിലെ ലഘു തന്മാത്രകള്‍ കൂടിച്ചേര്‍ന്ന് അമിനോ ആസിഡുകള്‍ പോലുള്ള ആദ്യത്തെ ഓര്‍ഗാനിക് സംയുക്തങ്ങള്‍ രൂപപ്പെട്ടു എന്ന് കരുതപ്പെടുന്നു. പ്രോട്ടീനുകളുടെ അടിസ്ഥാന ഘടകമാണ് അമിനോ ആസിഡുകള്‍. അന്ന് ഭൗമാന്തരീക്ഷത്തില്‍ ഓക്സിജന്‍ ഉണ്ടായിരുന്നില്ല എന്നതായിരുന്നു മറ്റൊരു അനുകൂല ഘടകം. ഇതാണ് ഒന്നാം ഘട്ടം. സ്റ്റാന്‍ലി മില്ലര്‍, ഹാരോള്‍ഡ് യൂറെ എന്നീ ശാസ്ത്രജ്ഞര്‍ ഈ സാധ്യത പരീക്ഷണത്തിലൂടെ തെളിയിച്ചിട്ടുണ്ട്. രണ്ടാം ഘട്ടത്തില്‍ അമിനോ ആസിഡ് തന്മാത്രകള്‍ കൂടിച്ചേര്‍ന്ന് പ്രോട്ടീനുകള്‍ പോലുള്ള സങ്കീര്‍ണ്ണ ഘടനകള്‍ രൂപപ്പെട്ടു. അടുത്തഘട്ടത്തില്‍ പ്രോട്ടോബയോണ്ടുകള്‍ എന്ന ജീവന്റെ പ്രാഗ്രൂപങ്ങള്‍ ഉണ്ടായി. നാലാം ഘട്ടത്തില്‍ ഇവയ്ക്ക് തങ്ങളുടെ പതിപ്പുകളെ നിര്‍മ്മിക്കാനും ജനിതക ഘടന അടുത്ത തലമുറയിലേക്ക് കൈമാറാനുമുള്ള കഴിവ് ലഭിച്ചു എന്നും കരുതപ്പെടുന്നു. കാര്‍ബണ്‍ അടങ്ങിയ ലഘുതന്മാത്രകള്‍, ജലബാഷ്പം, നൈട്രജന്‍ തുടങ്ങിയവയും ആള്‍ട്രാവയലറ്റ് കിരണങ്ങളുടെ സാന്നിധ്യവുമുണ്ടെങ്കില്‍ ജീവന്‍ രൂപപ്പെടാനുള്ള സാധ്യതയുണ്ട് എന്ന് കരുതപ്പെടുന്നു. എങ്കിലും ഇത് ഹ്രസ്വകാലംകൊണ്ട് സംഭവിക്കുന്ന പ്രക്രിയയല്ല എന്നോര്‍ക്കേണ്ടതുണ്ട് അതിന് ലക്ഷക്കണക്കിന് വര്‍ഷങ്ങളെടുക്കാം. 

എന്താണ് d203-506ല്‍  സംഭവിച്ചത്?

നക്ഷത്രാന്തരീയ മാധ്യമത്തിലെ വാതകപടലങ്ങളില്‍ നടക്കുന്ന ഓര്‍ഗാനിക് രാസപ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിടുക മീഥൈല്‍ കാറ്റയോണുകള്‍ ആകാനുള്ള സാധ്യത നാല്പത് വര്‍ഷങ്ങള്‍ക്ക് മുമ്പേ പ്രവചിക്കപ്പെട്ടിരുന്നു. എന്നാല്‍, ഈ വാദത്തിന് അനുകൂലമായ തെളിവുകളൊന്നും സൗരയൂഥത്തിന് പുറത്ത് നിന്ന് ലഭിച്ചിരുന്നില്ല. ഓറിയോണ്‍ നക്ഷത്ര നഴ്സറിയിലെ പ്രോട്ടോ പ്ലാനറ്ററി ഡിസ്കില്‍ നിന്നാണ് ഇപ്പോള്‍ മീഥൈല്‍ കാറ്റയോണിനെ കണ്ടെത്തിയിരിക്കുന്നത്. പുതിയതായി രൂപപ്പെട്ട ഒരു നക്ഷത്രവും അതിന് ചുറ്റുമുള്ള വാതകങ്ങളുടെയും പൊടിപടലങ്ങളുടെയും ആവരണവും ചേര്‍ന്ന് പരന്ന ഡിസ്ക് രൂപത്തിലുള്ള ഘടനകളാണ് പ്രോട്ടോ പ്ലാനറ്ററി ഡിസ്കുകള്‍. നക്ഷത്രങ്ങള്‍ ജനിച്ച ശേഷം അവയില്‍ നിന്ന് ഗ്രഹങ്ങള്‍ രൂപപ്പെടുന്നതിന്റെ മുമ്പുള്ള ഘട്ടമാണിത്. നക്ഷത്രത്തില്‍ നിന്നുള്ള വികിരണങ്ങളുടെ മര്‍ദം കാരണം ദൂരേക്ക് അടിച്ച് മാറ്റപ്പെടുന്ന വാതക ഖണ്ഡങ്ങള്‍ തണുത്തുറഞ്ഞാണ് പിന്നീട് ഗ്രഹങ്ങള്‍ രൂപപ്പെടുന്നത് എന്ന് കരുതപ്പെടുന്നു. പലപ്പോഴും ഒരു കൂട്ടം നക്ഷത്രങ്ങള്‍ ഒരുമിച്ചാണ് രൂപം കൊള്ളാറുള്ളത്. ഇവയില്‍ ആള്‍ട്രാവയലറ്റ് തരംഗങ്ങള്‍ പുറപ്പെടുവിക്കുന്ന വലിയ നക്ഷത്രങ്ങളും ഉണ്ടാവും. അതുകൊണ്ടുതന്നെ, പ്രോട്ടോപ്ലാനറ്ററി ഡിസ്കിലെ ആറ്റങ്ങളും തന്മാത്രകളും ആള്‍ട്രാവയലറ്റ് കിരണങ്ങളില്‍ നിന്നുള്ള ഉയര്‍ന്ന ഊര്‍ജം ആഗിരണം ചെയ്യാനുള്ള സാധ്യത കൂടുതലാണ്. അങ്ങനെ ഉയര്‍ന്ന ഊര്‍ജം നേടിയ ആറ്റങ്ങളും തന്മാത്രകളും അസ്ഥിരമായ റാഡിക്കലുകളുമൊക്കെ പലതരം രാസപ്രവര്‍ത്തനങ്ങള്‍ക്ക് വിധേയമാകാനുള്ള സാധ്യതയുണ്ട്. 

ശക്തമായ അള്‍ട്രാവയലറ്റ് കിരണങ്ങള്‍ പുറപ്പെടുവിക്കുന്ന ട്രപ്പീസിയം നക്ഷത്രങ്ങള്‍ക്ക് വളരെയടുത്താണ് d203-506 സ്ഥിതി ചെയ്യുന്നത്. ഇവയില്‍ നിന്നുള്ള ആള്‍ട്രാവയലറ്റ് രശ്മികളില്‍ നിന്ന് ഊര്‍ജം സ്വീകരിച്ചാണ് CH3+ രൂപപ്പെട്ടത് എന്ന് ശാസ്ത്രജ്ഞര്‍ കരുതുന്നു. ഇത് പിന്നീട് പല രാസപ്രവര്‍ത്തനങ്ങളിലൂടെ മറ്റ് ഓര്‍ഗാനിക് തന്മാത്രകളായി മാറാം. ആള്‍ട്രാവയലറ്റ് കിരണങ്ങളുടെ സാന്നിധ്യം പ്രോട്ടോപ്ലാനറ്ററി ഡിസ്കുകളുടേയും ഗ്രഹങ്ങളുടേയും രാസഘടനയെ മാറ്റിമറിക്കാന്‍ കെല്‍പ്പുള്ളതാണ് എന്ന് നേച്ചറില്‍ പ്രസിദ്ധീകരിച്ച ഈ പഠനത്തില്‍ ഉള്‍പ്പെട്ട ശാസ്ത്രജ്ഞര്‍ പറയുന്നു. 

അയണീകരിക്കപ്പെട്ട കാര്‍ബണും ഹൈഡ്രജനും കൂടിച്ചേര്‍ന്ന് CH+ ഉണ്ടാകുന്നതാണ് ആദ്യ ഘട്ടം. ഈ രാസപ്രവര്‍ത്തനം നടക്കാന്‍ വളരെ ഉയര്‍ന്ന ഊര്‍ജം ആവശ്യമാണ്. പ്രോട്ടോപ്ലാനറ്ററി ഡിസ്കിലെ ഉയര്‍ന്ന വാതക സാന്ദ്രതയും ഉയര്‍ന്ന ഊര്‍ജമുള്ള അള്‍ട്രാവയലറ്റ് കിരണങ്ങളും ചേര്‍ന്നാണ് ഇത് സാധ്യമാകുന്നത്. 

തുടര്‍ന്ന് CH+ കാറ്റയോണ്‍ ഹൈഡ്രജനെ കൂട്ടിച്ചേര്‍ത്ത് വളരെ എളുപ്പത്തിലും വേഗത്തിലും CH3+ ആയി മാറുന്നു. അടുത്ത ഘട്ടത്തില്‍, അസ്ഥിരമായ CH3+ ഇലക്ട്രോണുകളെ കൂട്ടിച്ചേര്‍ത്തും മറ്റ് ആറ്റങ്ങളുമായി കൂടിച്ചേര്‍ന്നുമൊക്കെ പല ഓര്‍ഗാനിക് തന്മാത്രകളായി മാറുമെന്ന് ശാസ്ത്രജ്ഞര്‍ കരുതുന്നു. ആള്‍ട്രാവയലറ്റ് സാന്നിധ്യമുള്ള പ്രോട്ടോപ്ലാനറ്ററി ഡിസ്കുകളില്‍ ഈ രാസപ്രവര്ത്തനങ്ങള്‍ സമാനമായിരിക്കാം എന്നും സൗരയൂഥത്തിന്റെ ആദ്യകാലത്തും ഇത് സംഭവിച്ചിട്ടുണ്ടാവാം എന്നും ശാസ്ത്രജ്ഞര്‍ കരുതുന്നു. കാരണം, സൂര്യനെപ്പോലെ ചെറിയ ഒരു ചുവപ്പുകുള്ളന്‍ നക്ഷത്രമാണ് d203-506 ഡിസ്കിന്റെ മധ്യത്തിലുമുള്ളത്. അതേസമയം ആള്‍ട്രാവയലറ്റ് തന്മാത്രകള്‍ ഏല്‍ക്കാത്ത പ്രോട്ടോപ്ലാനറ്ററി ഡിസ്കുകളില്‍ കാണുന്ന HCN, CH4, C2H2, ജലബാഷ്പം തുടങ്ങിയ തന്മാത്രകള്‍ d203-506  ല്‍ കണ്ടെത്തിയിട്ടില്ല.

ഈ രാസപ്രവര്‍ത്തനങ്ങളെപ്പറ്റി കൂടുതല്‍ പഠനങ്ങള്‍ ആവശ്യമുണ്ട് എന്ന് ശാസ്ത്രജ്ഞര്‍ കരുതുന്നു. ജീവന്റെ സാധ്യത എന്ന് ഉറപ്പിച്ച് പറയാനാകില്ലെങ്കിലും മറ്റ് നക്ഷത്ര സമൂഹങ്ങളിലും ഓര്‍ഗാനിക് സംയുക്തങ്ങള്‍ രൂപപ്പെടാനുള്ള സാധ്യതയാണ് ഈ കണ്ടെത്തല്‍ മുന്നോട്ടുവെക്കുന്നത്. ജെയിംസ് വെബ് സ്പേസ് ടെലിസ്കോപ്പിന് നല്‍കാന്‍ കഴിയുന്ന വിവരങ്ങളുടെ വ്യാപ്തിയും സാധ്യതയും കൂടി ഇവിടെ വെളിവാകുന്നുണ്ട്.


അവലംബം

https://www.nature.com/articles/s41586-023-06307-x


ശാസ്ത്രഗതി 2024 ഫെബ്രുവരി ലക്കത്തിൽ പ്രസിദ്ധീകരിച്ചത്

അനുബന്ധ വായനയ്ക്ക്

ഫെർമിള പ്രഹേളിക- ഈ പ്രപഞ്ചത്തിൽ നമ്മളൊറ്റക്കാണോ ?
ഈ പ്രപഞ്ചത്തിൽ നമ്മളൊറ്റക്കാണോ ?
ഭൂമിയുടെ ചരിവും മാനവസംസ്കാരവും
Happy
Happy
25 %
Sad
Sad
0 %
Excited
Excited
75 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post ക്ലോണിംഗിന് കൗമാരമെത്തി
Next post ആറ്റങ്ങളെ പഠിക്കാന്‍ ഒരു പുതിയ വിദ്യ
Close