Read Time:12 Minute
പതിനൊന്ന് ദിവസം കൊണ്ട് അഗ്നിരക്ഷാസേന ബ്രഹ്മപുരത്തെ മാലിന്യ നിക്ഷേപത്തിലുണ്ടായ തീപിടുത്തം കെടുത്തി. നമ്മുടെ ഫയർ ഫോഴ്സിന് അഭിനന്ദനങ്ങൾ. ശ്രമകരമായ ദൗത്യമാണ് അവർ പൂർത്തിയാക്കിയത്.

തീ പിടുത്തത്തിന്റെ പ്രത്യാഘാതങ്ങൾ എന്തൊക്കെയാണ്, എങ്ങനെ നേരിടും എന്നതാണ് ഇനിയുള്ള അടിയന്തര പ്രശ്നം. മനുഷ്യരിൽ ആശങ്കയും ഭീതിയും നല്ല തോതിൽ നിലനില്ക്കുന്നുണ്ട്.

ഒന്നാമതായി വേണ്ടത് മനുഷ്യരിൽ ശ്വാസപ്രശ്നങ്ങളുണ്ടെങ്കിൽ അത് കൈകാര്യം ചെയ്യുക എന്നതാണ്. മുൻപ് ശ്വാസപ്രശ്നങ്ങളുണ്ടായിരുന്നവരുടെയും ശിശുക്കളുടെയും മുതിർന്നവരുടെയും കാര്യത്തിലാണ് പ്രത്യേകിച്ച് ശ്രദ്ധിക്കേണ്ടത്. മറ്റ് രോഗങ്ങളുള്ളവർ ഗർഭിണികൾ തുടങ്ങിയവരും ശ്വാസപ്രശ്നങ്ങളുടലെടുക്കുന്നുവെങ്കിൽ അടിയന്തരമായി വൈദ്യസഹായം തേടണം. ഇതൊക്കെ മുൻകരുതൽ നടപടികളാണ്. പരിഭ്രാന്തരാകേണ്ട കാര്യമില്ല. തീ കെടുത്തിയ ശേഷം വായു മലിനീകരണത്തോത് ഗണ്യമായി കുറഞ്ഞു. ചില ദിവസങ്ങൾക്കുള്ളിൽ തന്നെ കൊച്ചിയിൽ മുമ്പുണ്ടായിരുന്ന നിലയിലേക്ക് താഴും. തീ പിടുത്തത്തിൽ ഉണ്ടായിരിക്കാനിടയുളള പെട്ടെന്ന് ശ്വാസപ്രശ്നങ്ങളുണ്ടാക്കാനിടയുള്ള – സൾഫറിന്റെയും നൈട്രജന്റെയും ഓക്സൈഡുകൾ, ഫോർമലിൻ ബാഷ്പം തുടങ്ങിയ- വാതകങ്ങളും, പാർട്ടിക്കുലേറ്റ് മാറ്റർ അഥവാ ഖരവസ്തുക്കളുടെ ചെറുകണങ്ങൾ ഒക്കെ മുൻ നിലയിലേക്ക് വരും. മുൻപറഞ്ഞ വാതകങ്ങളൊന്നും അന്തരീക്ഷത്തിൽ അധിക സമയം നിലനില്ക്കുന്നവയല്ല.

ഡയോക്സിൻ എന്ന വില്ലൻ

രണ്ടാമതായി കൈകാര്യം ചെയ്യേണ്ടത് തീ പിടുത്തത്തിലെ ‘വില്ലൻ താരമായ’ ഡയോക്സിനാണ്. ഒരു പറ്റം തന്മാത്രകൾക്ക് പൊതുവേ പറയുന്ന പേരാണ് ഡയോക്സിൻ. വിറകും കല്ക്കരിയും മറ്റ് പല വസ്തുക്കളും കത്തിക്കുമ്പോഴും ചില വ്യവസായ പ്രക്രിയകളിലുമെല്ലാം ഡയോക്സിനുകൾ ഉണ്ടാകാറുണ്ട്. വ്യവസായ നഗരങ്ങളിൽ ഡയോക്സിൻ എക്സ്പോഷർ ചെറിയ തോതിൽ മിക്കപ്പോഴും ഉണ്ടാകാറുണ്ട്.

ഡയോക്സിൻ എന്ന് വിളിക്കുന്ന തന്മാത്രകളിൽ അപകടകാരിയായത് പോളിക്ലോറിനേറ്റഡ് ഡൈ ബെൻസോഡയോക്സിനാണ്. കൂടുതൽ കൃത്യമായി 2,3,7,8 ടെട്രാ ക്ലോറോ ഡൈ ബൻസോ -p-ഡയോക്സിൻ.

2,3,7,8 ടെട്രാ ക്ലോറോ ഡൈ ബൻസോ -p-ഡയോക്സിൻ

പേര് കേട്ട് ഭയക്കണ്ട, തന്മാത്രകൾ കൃത്യമായി തിരിച്ചറിയാൻ രസതന്ത്രക്കാർ ചെയ്യുന്ന ഒരു പേരിടൽ രീതിയാണത്. തന്മാത്രയിൽ ക്ലോറിൻ ആറ്റങ്ങൾ ബന്ധിക്കപ്പെട്ടിട്ടുണ്ടെന്ന് കരുതിയാൽ മതി. സമാനമായ മറ്റൊരു തന്മാത്രയാണ് 2, 3,7,8 ടെട്രാ ക്ലോറോ ഡൈബൻസോ ഫ്യുറാൻ.

2, 3,7,8 ടെട്രാ ക്ലോറോ ഡൈബൻസോ ഫ്യുറാൻ.

സാധാരണ ഭാഷയിൽ ഇവയാണ് ഡയോക്സിൻ എന്നറിയപ്പെടുന്നത്. ഇവ കൂടുതൽ കാലം സാധാരണ പരിതസ്ഥിതികളിൽ നിലനില്ക്കുന്നവയാണ്. തീ പിടുത്തത്തിൽ ഉണ്ടാകാവുന്ന മറ്റ് ഓർഗാനിക് തന്മാത്രകളിലൊട്ടു മിക്കവയും വളരെ വേഗം വിഘടിച്ചോ പ്രതിപ്രവർത്തിച്ചോ നിരുപദ്രവകരമായി മാറുന്നവയാണ്. പക്ഷേ ഇവ വിഘടിച്ച് പോവില്ല. എന്നാൽ അന്തരീക്ഷത്തിൽ അധിക നേരം തങ്ങി നിൽക്കുകയുമില്ല. വലിയ താമസമില്ലാതെ താഴേക്കടിയും. അങ്ങനെ അവ മണ്ണിലെത്താം. വെള്ളത്തിൽ അലിയില്ലെങ്കിലും വെള്ളത്തിൽ കലരുകയും അത് വഴി ഭക്ഷ്യ ശൃംഖലയിലെത്താനും ചെറിയ സാദ്ധ്യതയുണ്ട്.

തീ പിടുത്തത്തിൽ ഉണ്ടാകാവുന്ന മറ്റ് ഓർഗാനിക് തന്മാത്രകളിലൊട്ടു മിക്കവയും വളരെ വേഗം വിഘടിച്ചോ പ്രതിപ്രവർത്തിച്ചോ നിരുപദ്രവകരമായി മാറുന്നവയാണ്. അത് കൊണ്ട് നമുക്ക് ഡയോക്സിനിൽ ശ്രദ്ധിക്കാം.

ക്ലോറിൻ അടങ്ങിയ ഓർഗാനിക് അഥവാ കാർബണിക വസ്തുക്കൾ കത്തുമ്പോഴാണ് ഇപ്പറഞ്ഞ ഡയോക്സിൻ ഉണ്ടാകുന്നത്. പി വി സി യോ ക്ലോറിൻ അടങ്ങിയ കൃത്രിമ റബ്ബറായ ക്ലോറോ പ്രീൻ റബ്ബറോ ആണ് പ്രധാനമായി മാലിന്യങ്ങൾ കത്തുമ്പോൾ ഇതിന്റെ സ്രോതസ്സ്. രാസനാമം പറഞ്ഞവയിൽ ആദ്യത്തേതാവും കൂട്ടത്തിൽ പ്രധാനമായി ഉണ്ടാവുന്നത്. സാധാരണ ഗൃഹോപയോഗത്തിന് വരുന്ന പ്ലാസ്റ്റിക്കുകൾ പോളിഎത്തിലിൻ, പോളി പ്രൊപ്പിലിൻ (വിവിധയിനം കവറുകൾ മേശ കസേര തുടങ്ങിയ ഉപകരണങ്ങൾ പാക്കിംഗ് വസ്തുക്കൾ) പോളിസ്റ്റൈറിൻ (ഡിസ്പോസിബിൾ ഗ്ലാസ് തെർമോക്കോൾ) പെറ്റ് (കുപ്പികൾ) തുടങ്ങിയവയാണ്. ഇവയിൽ നിന്ന് മേൽപ്പറഞ്ഞ ഡയോക്സിൻ ഉണ്ടാവുകയില്ല. കാരണം ഇവയിലൊന്നും ക്ലോറിൽ അടങ്ങിയിട്ടില്ല. ജല പൈപ്പുകൾ, ഇലക്ട്രിക് വയറുകൾ ഫ്ലെക്സ് പ്രിന്റിംഗ് ഷീറ്റുകൾ തുടങ്ങിയവ പൊതുവേ പി വി സി നിർമ്മിതമാണ്. പി വി സി നിർമ്മിത സ്വിച്ച് ബോഡുകളുമുണ്ട്. ഇലക്ട്രോണിക് ഉപകരണങ്ങളുടെ ഭാഗങ്ങൾ പി വി സി അടങ്ങിയിട്ടുള്ളതാവാം. ഇവയൊക്കെയാവും അഗ്നി ബാധയിലെ ഡയോക്സിൻ സ്രോതസ്സ്. ഇവയൊക്കെ എത്ര അളവിലുണ്ടായിരുന്നുവെന്ന് കൃത്യമായി നമുക്കറിയില്ല. പി വി സി യുടെ സാന്നിദ്ധ്യം അധികമൊന്നും കത്തിയ പ്ലാസ്റ്റിക് കൂമ്പാരങ്ങളിലുണ്ടാവാൻ വഴിയില്ലെന്നാണ് ലേഖകൻ കരുതുന്നത്.

ബ്രഹ്മപുരത്തെ ഡയോക്സിൻ സാന്നിദ്ധ്യം പരിശോധിക്കപ്പെടണം

ബ്രഹ്മപുരത്ത് കത്തിയമർന്ന ചാരത്തിലും മണ്ണിലും ഡയോക്സിൻ സാന്നിദ്ധ്യം പരിശോധിക്കപ്പെടണം. 2019-ൽ തീ പിടുത്തമുണ്ടായപ്പോൾ ഇത്തരം പരിശോധനകൾ നടന്നതാണ്. മലിനീകരണ നിയന്ത്രണ ബോഡും NIIST- തിരുവനന്തപുരവുമൊക്കെ പരിശോധനകളിൽ പങ്ക് വഹിച്ചിരുന്നു എന്നാണ് മനസ്സിലാക്കുന്നത്. ചാരം ശ്രദ്ധയോടെ കൈകാര്യം ചെയ്യുകയും വേണം. മുൻ കരുതലെന്ന നിലയിൽ അടുത്തുള്ള ജലാശയങ്ങളിൽ നിന്ന് വെള്ളത്തിന്റെയും മത്സ്യങ്ങളുടെയും സാമ്പിളുകളും പരിശോധിക്കാം. അത് പോലെ അഗ്നിശമന സേനയിലെ അംഗങ്ങളുടെ രക്തസാമ്പിളുകൾ പരിശോധിക്കുന്നതും അനുപേക്ഷണീയമാണ്. പുക വഴി ഡയോക്സിൻ ബാധിച്ചിരിക്കാൻ സാദ്ധ്യതയുള്ളത് അവർക്കാണ്.

ഉയർന്ന തോതിൽ പുക ശല്യമുണ്ടായ ഇടങ്ങളിലും സാമ്പിൾ പരിശോധന നടത്താവുന്നതാണ്. അനുവദനീയമായ തോതിൽ കൂടുതൽ എവിടെയെങ്കിലും കണ്ടാൽ കൂടുതൽ അന്വേഷണങ്ങൾ വേണം. ഇറ്റലിയിൽ വൻ തോതിലുണ്ടായ വ്യവസായഅപകടത്തിലെ ഡയോക്സിൻ ചോർച്ച വിശദമായ പഠനത്തിന് വിധേയമാക്കിയിട്ടുള്ളതാണ്. അതിന്റെ മാതൃക ലഭ്യവുമാണ്.

വിദൂരമായ മുൻകരുതൽ എന്ന രീതിയിൽ വളരെ സമീപസ്ഥമായ ഇടങ്ങളിൽ പച്ചക്കറി കൃഷിയുണ്ടെങ്കിൽ ചില സാമ്പിളുകൾ പരിശോധിക്കുകയുമാവാം. ഭക്ഷ്യ ശ്യംഖലയിലൂടെ മൃഗങ്ങളുടെയും മനുഷ്യരുടെയും ശരീരങ്ങളിൽ പ്രവേശിച്ചാൽ കൊഴുപ്പ് കോശങ്ങളിലടിഞ്ഞ് അധികകാലം നിലനില്ക്കാനിടയുണ്ട്. അതുകൊണ്ട് മുലയൂട്ടുന്ന അമ്മമാർ ഉണ്ടെങ്കിൽ മുലപ്പാലിന്റെ സാമ്പിളുകളും ഒരുറപ്പിന് വേണ്ടി വേണമെങ്കിൽ പരിശോധിക്കാവുന്നതാണ്. ഇതൊക്കെ വിദൂരമായ മുൻകരുതലുകൾ എന്ന നിലയിൽ അപകടങ്ങളില്ലെന്ന് ഉറപ്പ് വരുത്താൻ മാത്രമാണ്. ആഹാരത്തിലൂടെ ഉള്ളിലെത്തി മുലപ്പാലിലൊക്കെ എത്താൻ അല്പം സമയമെടുക്കും. അതനുസരിച്ച് മതിയാകും പരിശോധന. ആരോഗ്യ വിദഗ്ദ്ധർക്ക് ഇക്കാര്യത്തിൽ മാർഗ്ഗനിർദ്ദേശങ്ങൾ നല്കാനാകും.

അത് പോലെ കത്തിയമർന്ന അവശിഷ്ടങ്ങളിലും മണ്ണിലും ചാരത്തിലും ലെഡ്, കാഡ്മിയം, സിങ്ക് തുടങ്ങിയ ലോഹപദാർത്ഥങ്ങളുടെ സാന്നിദ്ധ്യം പരിശോധിക്കപ്പെടേണ്ടതാണ്. ബാറ്ററികളിലും  ഇലക്ട്രോണിക് ഉപകരണങ്ങളുടെ അവശിഷ്ടങ്ങളിലും ഒക്കെ ഇവയുണ്ടാകാം. ഇവയെല്ലാം തീ കത്തുമ്പോൾ ഓക്സീകരിക്കപ്പെട്ട രൂപത്തിലേക്ക് മാറിയിട്ടുണ്ടാവും. ഇവയും അപകടകരമായ തോതിലുണ്ടോയെന്ന് അറിയേണ്ടതുണ്ട്. അതായത് അവശിഷ്ടങ്ങൾ ശ്രദ്ധാപൂർവ്വം കൈകാര്യം ചെയ്യണമെന്ന് സാരം.

ഡയോക്സിനെപ്പോലെ സാധാരണ പരിതസ്ഥിതിയിൽ ദീർഘകാലം നിലനില്ക്കില്ലെങ്കിലും പോളി സൈക്ലിക് ആരോമാറ്റിക് ഹൈഡ്രോ കാർബണുകളുടെ സാന്നിദ്ധ്യം പരിസരങ്ങളിൽ ഉണ്ടോയെന്ന് ഒരിക്കലൊന്ന് പരിശോധിക്കുന്നത് നന്നായിരിക്കും. വായുവിൽ പാർട്ടിക്കു ലേറ്റ് മാറ്ററിന്റെ സാന്നിദ്ധ്യവും കുറച്ച് കാലം വേണമെങ്കിൽ മോണിറ്റർ ചെയ്യാം. പുക ശല്യമുണ്ടാകാത്ത ഒരു സ്ഥലമോ അല്ലെങ്കിൽ വേറൊരു പട്ടണത്തിലെ ഒരു സ്ഥലമോ താര്യതമ്യപഠനത്തിനായി എടുക്കുകയുമാവാം.

ഇതെല്ലാം  ‘മുൻകരുതൽ തത്വം ‘ (precautionary principle) എന്ന നിലയിൽ പറയുന്നതാണ്. അമിതമായ ഉത്കണ്ഠയും ആശങ്കയും സ്ഥലത്ത് നിന്ന് മാറിത്താമസിക്കുകയുമൊന്നും ഇനി യഥാർത്ഥത്തിൽ ആവശ്യമുണ്ടെന്ന് തോന്നുന്നില്ല.

സർക്കാർ മെഡിക്കൽ സർവ്വേയും മറ്റ് നടപടികളും ആരംഭിച്ചിട്ടുണ്ട്. തീർച്ചയായും വിദഗ്ദ്ധരിൽ നിന്നുള്ള ഇത്തരം നിർദ്ദേശങ്ങൾ സർക്കാർ ഗൗരവമായി പരിഗണിക്കുമെന്ന് കരുതാം. ഒരിക്കൽ കൂടി അഗ്നിശമന സേനാംഗങ്ങളെ അഭിനന്ദിക്കുന്നു. ആരോഗ്യ പരിശോധനയിൽ പ്രഥമ പരിഗണന അവർക്ക് നല്കേണ്ടതുമാണ്.


ലേഖനം വായിക്കാം
പ്രസ്താവന വായിക്കാം
Happy
Happy
75 %
Sad
Sad
13 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
13 %

Leave a Reply

Previous post പക്ഷികളുടെ പരിണാമം
Next post നിശാ ശലഭങ്ങളും സോളാർ സെല്ലും
Close