Read Time:25 Minute
ലൂക്ക ജീവപരിണാമം കോഴ്സിന്റെ ഭാഗമായി പ്രസിദ്ധീകരിക്കുന്ന ലേഖന പരമ്പര. കോഴ്സ് 2023 ഏപ്രിൽ 1 ന് ആരംഭിക്കും. കടപ്പാട് : സർവ്വ വിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച പരിണാമ വിജ്ഞാനകോശം
ട്ടെല്ലുള്ള ജന്തുക്കളിൽ സസ്തനികൾ കഴിഞ്ഞാൽ ഏറ്റവും ശ്രദ്ധിക്കപ്പെടുന്നത് പക്ഷികളാണ്. ഏവ്സ് (Aves) എന്ന ക്ലാസ്സിലാണ് പക്ഷികൾ ഉൾപ്പെടുന്നത്. മറ്റു ജന്തുവിഭാഗങ്ങളിൽനിന്ന് പക്ഷികളെ എളുപ്പം തിരിച്ചറിയാം. തൂവലുകൾ, ചിറകുകളുപയോഗിച്ചു പറക്കൽ, രണ്ടുകാലിലുള്ള നടത്തം, സ്ഥിരതാപനില, കൊക്കുകൾ എന്നിവ പക്ഷികളുടെ സവിശേഷതകളാണ്. രൂപത്തിലുള്ള വൈവിധ്യം, ദേശാടന സ്വഭാവം, കൂടുണ്ടാക്കുന്ന രീതികൾ ഇങ്ങനെ നിരീക്ഷകരെ ആകർഷിക്കുന്ന കാര്യങ്ങൾ നിരവധിയുണ്ട്. പറക്കൽ വർഗസ്വഭാവമാണെങ്കിലും പറക്കാത്തവയും പക്ഷികളുടെ കൂട്ടത്തിലുണ്ട്. മുട്ടകളുടെ ഘടനയിലും വളർച്ചയിലും ഉരഗങ്ങളുമായുള്ള സാമ്യം വളരെ പ്രകടമാണ്. പക്ഷികളെ “വിശേഷവത്കരിച്ച ഉരഗങ്ങൾ’ (glorified reptiles) എന്ന് ഒരു പ്രശസ്ത ശാസ്ത്രജ്ഞൻ വിശേഷിപ്പിച്ചിട്ടുണ്ട്. ഭൂമിശാസ്ത്രപരമായ അതിർത്തികളെ കാര്യമാക്കാത്ത ഏക ജന്തുവർഗം പക്ഷികളായിരിക്കും. ലോകത്തിലാകെ 9856 സ്പീഷീസ് പക്ഷികളെ ഇതിനകം കണ്ടെത്തി ശാസ്ത്രീയമായി വിവരിച്ചിട്ടുണ്ട്.

പരിണാമം

മീസോസോയിക് കൽപത്തിലെ ജുറാസിക് മഹായുഗം (20.5 കോടി വർഷങ്ങൾക്കുമുമ്പ് ആരംഭിച്ചു) മുതലാണ് പക്ഷികളുടെ ഫോസിലുകൾ കണ്ടുതുടങ്ങുന്നത്. ഡൈനോസോറുകളുടെ സുവർണകാലമായിരുന്നു മീസോസോയിക് കല്പം. ഡൈനോസോറുകളുടെ ഒരു വിഭാഗമായിരുന്ന തീറോപോഡുകൾ (theropods) ആണ് പക്ഷികളുടെ പൂർവികർ എന്ന് ഭൂരിപക്ഷം ശാസ്ത്രജ്ഞരും വിശ്വസിക്കുന്നു. തീറോപോഡുകൾ പലതും രണ്ടുകാലിൽ നടക്കുന്നവയായിരുന്നു. അടുത്തകാലത്ത് തൂവലുകളുള്ള നിരവധി തീറോപോഡ് ഫോസിലുകൾ ചൈനയിൽ നിന്ന് കണ്ടെത്തിയിട്ടുണ്ട്.

ആർക്കിയോപ്റ്ററിക്സ് (Archaeopteryx) – The Berlin Archaeopteryx specimen (A. siemensii)

പക്ഷികളുടെയും ഉരഗങ്ങളുടെയും സ്വഭാവങ്ങൾ ഒന്നിച്ച് കാണുന്ന ഫോസിലാണ് ആർക്കിയോപ്റ്ററിക്സ് (Archaeopteryx). ജുറാസിക് കാലത്തെ ഈ ഫോസിലിന്റെ പ്രായം 14 കോടി വർഷങ്ങളാണ്. 1861-ൽ ജർമനിയിലെ ബവേറിയ എന്ന സ്ഥലത്തുനിന്നാണ് ഈ ഫോസിൽ ലഭിച്ചത്. ആർക്കിയോപ്റ്ററിക്സ് ഫോസിലിനു ചിറകില്ലായിരുന്നുവെങ്കിൽ അതിനെ ഫോസിൽ വിജ്ഞാനികൾ ഡൈനോസോറായേ പരിഗണിക്കുമായിരുന്നുള്ളു. അത്രക്കായിരുന്നു അവ തമ്മിലുള്ള സാദൃശ്യം. ഇന്ന്, ഡൈനോസോറുകളിലെ ആർകോസോറോമോർഫുകളുടെ കൂട്ടത്തിലാണ് പക്ഷികളെ ഉൾപ്പെടുത്തിയിരിക്കുന്നത്. ചെറിയ മാംസഭുക്കുകളായ ഡൈനോസോറുകളുമായി പക്ഷികൾക്കുള്ള സാദൃശ്യം ശ്രദ്ധേയമാണ്. ഈ ഡൈനോസോറുകളുടെ പല്ലുകൾ, പരസ്പരം വേർപ്പെട്ടു നില്ക്കുന്ന നഖങ്ങളോടുകൂടിയ വിരലുകൾ, എല്ലുകളുള്ള നീളമേറിയ വാൽ തുടങ്ങി നിരവധി സവിശേഷതകൾ അവയെ തീറോപോഡുകളും ഇന്നത്തെ പക്ഷികളും തമ്മിലുള്ള ഇണക്കകണ്ണികളാക്കുന്നു. ആർക്കിയോപ്റ്ററിക്സിന് ശേഷമുള്ള ഫോസിലുകളിൽ നിന്ന് പക്ഷി പരിണാമം വ്യക്തമായി മനസ്സിലാക്കാം.

സൈനോർണിത്തോസോറസ് (Sinornithosaurus)S. millenii ചിത്രീകരണം

1999-ൽ ചൈനയിൽ നിന്ന് ലഭിച്ച സൈനോർണിത്തോസോറസ് (Sinornithosaurus) എന്ന ഫോസിലിന് 12.4 കോടി വർഷങ്ങൾ പഴക്കമുണ്ട്. ഇതിന് പക്ഷികളോട് ആർക്കിയോപ്റ്ററിക്സിനെനെക്കാളും സാമ്യമുണ്ട്. ക്രിറ്റേഷ്യസിന്റെ ആദ്യകാലത്ത് ജീവിച്ചിരുന്ന ഹെസ്പറോർണിസ് (Hesperornis) ഇക്തിയോർണിസ് (Ichthyornis) എന്നീ ഫോസിലുകളിൽ നീണ്ട വാലും ചിറകിലെ നഖങ്ങളും അപ്രത്യക്ഷമായി. എന്നാൽ ഈ പക്ഷികൾക്കും വായിൽ പല്ലുണ്ടായിരുന്നു. ഇതേപോലെ ക്രിറ്റേഷ്യസ് ആദ്യകാലത്തെ (120 ദശലക്ഷം വർഷം പഴക്കം ഫോസിലായ കൺഫ്യൂസിയസോർനിസി (Confuciusornis)ൽ ചിറകുകളിലെ നഖങ്ങൾ ഉണ്ടെങ്കിലും വാൽ ഏറെക്കുറെ ഇല്ലാതായിട്ടുണ്ട്. മാത്രമല്ല ആധുനിക പക്ഷികളെപ്പോലെ ഇവയ്ക്ക് കൊക്കിൽ പല്ലുകൾ ഇല്ലായിരുന്നു. പക്ഷികളുടെ പരിണാമത്തിന്റെ ആരംഭത്തിൽത്തന്നെ പല്ലുകൾ നഷ്ടമായി എന്നതിന്റെ സൂചനയാണിത്.

കൺഫ്യൂസിയസോർനിസി (Confuciusornis) ഫോസിൽ Confuciusornis sanctus, Naturhistorisches Museum Wien

ചൈനയിലെ ക്രിറ്റേഷ്യസ് നിക്ഷേപങ്ങളിൽ നിന്നും ലഭിച്ച ഗാന്സസ് യൂമെനെൻസിസ് (Gansus yumenensis) ആണ് ആധുനിക പക്ഷികളുമായി ഏറ്റവുമധികം സാദൃശ്യം പ്രകടിപ്പിക്കുന്ന ഫോസിൽപ്പക്ഷി. ന്യൂസിലൻഡിൽ പാലിയോസിൻ നിക്ഷേപങ്ങളിൽനിന്ന് ലഭിച്ച വൈമാനു (Waimanu) എന്ന ആദ്യ പെൻഗ്വിൻ ഫോസിൽ 62 ദശലക്ഷം വർഷങ്ങൾ പഴക്കമുള്ളതാണ്. ഈ ഫോസിലുകളും, മൈറ്റോകോൺഡ്രിയ ഡിഎൻഎ പഠനങ്ങളും പക്ഷികളുടെ ഉദ്ഭവ പരിണാമങ്ങളെക്കുറിച്ച് ലഭ്യമാക്കിയിട്ടുള്ള തെളിവുകൾ പുതിയ അന്വേഷണങ്ങൾക്ക് വഴിതെളിച്ചിട്ടുണ്ട്.

തൂവലുകൾ ഉള്ള ജീവികൾ മാത്രമാണോ പക്ഷികളാകുന്നത് ? തൂവലുകളുടെ പ്രാഥമിക ധർമം ശരീര താപനില നിലനിർത്തലാണോ, അതോ പറക്കലാണോ ? പ്രാഗ് പക്ഷികൾ മരങ്ങളിലാണോ അതോ നിലത്താണോ വസിച്ചിരുന്നത് ? തുടങ്ങിയ ചോദ്യങ്ങൾ ഇതിൽ നിന്ന് ഉയരുന്നുണ്ട്.

പക്ഷിപരിണാമം ദീർഘദൂരം പിന്നിട്ട ഒരു അവസ്ഥയാണ് ആർക്കിയോപ്റ്ററിക്സ്  എന്നത് പൊതുവെ അംഗീകൃതമായ ഒരു വസ്തുതയാണ്. ആർക്കിയോപ്റ്ററിക്സിന്റെ തൂവൽ ഘടന, പറക്കുന്ന ആധുനിക പക്ഷികളുടേതുമായി വളരെയേറെ സമാനത പുലർത്തുന്നതിനാൽ, ആർക്കിയോപ്റ്ററിക്സിനു പറക്കുവാൻ കഴിയുമായിരുന്നു എന്ന് അനുമാനിക്കാം. അതുപോലെ ഇന്നത്തെ പറക്കാപ്പക്ഷികളുടെ തൂവലുകൾക്ക് മാംസ ഭുക്കുകളായ പക്ഷിയേതര ഡൈനോസോറുകളുടേതുമായി സാമ്യം ഉണ്ട്. കൂടാതെ തൂവലുകൾ ഉദ്ഭവിച്ചത് ഡൈനോസോറുകളിൽ താപനില നിലനിർത്തുവാൻ വേണ്ടിയാണ് എന്ന ഒരു പക്ഷവുമുണ്ട് (Ostrom, 1974).

സീനോസോയിക് കാലഘട്ടത്തിന്റെ ആരംഭത്തിൽത്തന്നെ പക്ഷികൾക്ക് ഇന്നുള്ള ശാരീരിക സവിശേഷകൾ കൈവന്നു. പ്രധാന പക്ഷിവിഭാഗങ്ങളെല്ലാം പരിണമിച്ചുണ്ടായതും സീനോസോയിക്കിന്റെ ആരംഭത്തിലാണ്. ടീറോസോറുകൾ പോലുള്ള ഉരഗങ്ങൾക്ക് വംശ നാശം വന്നത് പക്ഷി പരിണാമത്തെയും വൈവിധ്യവത്കരണത്തെയും സഹായിച്ചിരിക്കാം എന്ന് ശാസ്ത്രജ്ഞർ അഭിപ്രായപ്പെടുന്നു.

പക്ഷികളുടെ സവിശേഷസ്വഭാവങ്ങൾ

പക്ഷികളിൽ കാണുന്ന ശാരീരിക മാറ്റങ്ങൾ മിക്കതും പറക്കുന്നതിനുള്ള അനുകൂലനങ്ങൾ ആണ്. ഭാരം കുറയ്ക്കാനുള്ള എല്ലാ മാർഗങ്ങളും പ്രകൃതി നിർധാരണത്തിലൂടെ ഇവയിൽ വികസിതമായിട്ടുണ്ട്. സ്ഥിരതാപനില എന്നതും പരിണാമപരമായുള്ള ഒരു വൻമുന്നേറ്റമായിരുന്നു. ശരീരപ്രവർത്തനങ്ങളും ഊർജ ഉപഭോഗവും പുറത്തെ പരിസ്ഥിതിമാറ്റങ്ങൾക്കനുസരിച്ച് മാറാതെ, ഏതാണ്ടൊരേ നിലയിൽ നിലനിർത്താൻ പക്ഷികൾക്കും സസ്തനികൾക്കും സാധിക്കുന്നത് സ്ഥിരമായ താപനിലയുള്ളതുകൊണ്ടാണ്.

പക്ഷികളുടെ പ്രധാന സവിശേഷതകൾ താഴെപ്പറയുന്നവയാണ്.

1. തൂവലുകൾ

ത്വക്കിലെ അധിചർമം (epidermis) രൂപാന്തരം പ്രാപിച്ചുണ്ടായ ചെതുമ്പലുകളിൽ നിന്നാണ് തൂവലുകൾ ഉണ്ടായത് എന്നാണ് അനുമാനിക്കുന്നത്. പക്ഷികളുടെ ശരീരം പൊതിഞ്ഞുകൊണ്ട് തൂവലുകളുടെ ഒരു കവചമുണ്ട്. മുൻകാലുകളിലെയും വാലിലെയും വലിയ തൂവലുകൾ പറക്കുന്നതിന് ഉപയോഗപ്പെടുത്തുന്നു. താപനഷ്ടം പരമാവധി കുറയ്ക്കുന്നതിന് തൂവലുകൾ സഹായിക്കുന്നു. കാൽപ്പാദത്തിലെ തൂവലുകൾക്ക് പകരം ചെതുമ്പലുകളാണുള്ളത്. ക്വിൽ തൂവലുകൾ (quill feathers) കോൺടൂർ തൂവലുകൾ (contour feathers) ഡൗൺ തൂവലുകൾ (down feathers) എന്നീ മൂന്നുതരം തൂവലുകളുണ്ട്.

2. ചിറകുകൾ

പക്ഷികളുടെ മുൻകാലുകൾ ചിറകുകളായി മാറിയിരിക്കുന്നു. വിരലുകളുടെ അറ്റം പുറത്തേക്ക് തള്ളി നില്ക്കുന്നില്ല. നഖങ്ങൾ അപ്രത്യക്ഷമായി. പക്ഷേ മുൻകാലുകളിലെ അസ്ഥിഘടന, മറ്റ് ടെട്രാപോഡുകളിലേതുപോലെ പക്ഷികളിലും നിലനിർത്തിയിരിക്കുന്നു.

3. അസ്ഥികൾക്കകത്ത് വായുഅറകൾ

അസ്ഥികൂടത്തിന്റെ ഭാരം കുറയ്ക്കാൻ വേണ്ടി മിക്ക അസ്ഥികളും സ്പോഞ്ചിയം (spongy) ആയിട്ടുണ്ട്. അകത്ത് ധാരാളം വായു അറകളുണ്ട്. പക്ഷേ അസ്ഥികളുടെ ദൃഢതയ്ക്ക് ഇതുകൊണ്ട് കാര്യമായ കുറവ് സംഭവിച്ചിട്ടില്ല.

4. അസ്ഥികൾ കൂടിച്ചേരൽ

പക്ഷികൾ ഇരിക്കുമ്പോൾ ശരീരഭാരം രണ്ടുകാലുകളിൽ താങ്ങേണ്ടിവരുന്നു. ഈ ഭാരം നട്ടെല്ലിലെ ഒന്നോ രണ്ടോ കശേരുക്കളിൽ മാത്രം അനുഭവപ്പെടാതിരിക്കാനും അനുകൂലനങ്ങളുണ്ട്. നട്ടെല്ലിലെ അവസാന തൊറാസിക് കശേരു, ലംബാർ കശേരുക്കൾ, സേക്രേൽ കശേരുക്കൾ, ചില വാൽക്കശേരുക്കൾ ഇവ ഒന്നിച്ച് ചേർന്ന് സിൻസേക്രം (synsacrum) എന്ന ഒറ്റ അസ്ഥിയായിരിക്കുന്നു. ഇതിനോട് ശ്രോണീഗർഡിലും ചേർന്ന് ബലപ്പെട്ടിരിക്കുന്നു. പിൻകാലുകൾ ഘടിപ്പിച്ചിരിക്കുന്നത് ശ്രോണീഗർഡിലിലാണ്. പിൻകാലുകളിലെ കാർപ്പൽ അസ്ഥികളും മെറ്റാകാർപ്പൽ അസ്ഥികളും ഒന്നിച്ചു ചേർന്നിരിക്കുന്നു. അംസ ഗർഡിലിന്റെ (pectoral girdle) ക്ലാവിക്കിൾ അസ്ഥികൾ മുൻഭാഗത്ത് കൂടിച്ചേർന്ന് ഒരു ലിവർപോലെ പ്രവർത്തിക്കുന്നു. തലയോടും മിക്കവാറും അസ്ഥികൾ കൂടിച്ചേർന്ന നിലയിലാണ്. പറക്കുന്നതിനുള്ള പേശികൾ ഉറപ്പിക്കുന്നതിനായി മാറസ്ഥിയുടെ അടിഭാഗം കീൽ (keel) ആയി രൂപാന്തരപ്പെട്ടതും പക്ഷികളുടെ സവിശേഷതയാണ്.

5. പല്ലുകളില്ല

ഇന്നത്തെ പക്ഷികൾക്കൊന്നും പല്ലില്ല. മേൽത്താടിയിലെയും കീഴ്ത്താടിയിലെയും ചുണ്ടുകൾ (beaks)പല്ലു കളുടെ ധർമം നിർവഹിക്കുന്നു.

6. ഹൃദയവും അയോർട്ടിക് ചാപങ്ങളും

ഹൃദയത്തിന് നാലറകളുണ്ട്. വലത്തും ഇടത്തും ഭാഗങ്ങളിലെ രക്തം തമ്മിൽ കലരുന്നില്ല. വലത്തെ അയോർട്ടിക് ചാപം ആണ് പക്ഷികൾക്കുള്ളത്.

7. സ്ഥിരതാപനില

സ്ഥിരമായ ശരീരതാപനില പക്ഷികളുടെയും സസ്തനികളുടെയും സവിശേഷതയാണ്

8. ശ്വാസകോശങ്ങളിൽ നിന്ന് പുറത്തേക്ക് വ്യാപിക്കുന്ന വായു അറകൾ (air sacs)

പക്ഷികളുടെ മറ്റൊരു സവിശേഷതയാണിത്. ശ്വസനത്തിന് സഹായിക്കുന്നതിന് പുറമേ താപനിയന്ത്രണ ത്തിലും ഇവയ്ക്ക് പങ്കുണ്ട്.

9. മൂത്രസഞ്ചികൾ

പക്ഷികൾക്ക് മൂത്രസഞ്ചികൾ ഇല്ല

10. ഒറ്റ അണ്ഡാശയവും നാളിയും

ഇടത്തെ അണ്ഡാശയവും അണ്ഡാശയ നാളിയും മാത്രമേ പക്ഷികൾക്കുള്ളു. വലത്തേ അണ്ഡാശയനാളിയും അപ്രത്യക്ഷമായിട്ടുണ്ട്. ഇതും ഭാരം കുറയ്ക്കാനുള്ള അനുകൂലനങ്ങളുടെ ഭാഗമായി കരുതാം.

11. കണ്ണുകൾ

കണ്ണുകളിലെ സ്ക്ലീറോട്ടിക് ലെയറിൽ (sclerotic layer) അസ്ഥി പ്ലേറ്റുകളുണ്ട്. കൂടാതെ പെൻ (pecten) എന്ന ഒരു പ്രത്യേക ഭാഗം കണ്ണിന്റെ പിൻഭാഗത്തു നിന്ന് ലെൻസിനടുത്തേക്ക് തള്ളിനിൽക്കുന്നുണ്ട്.

വർഗീകരണം

പക്ഷികൾ ഉൾപ്പെടുന്ന ഏവ്സ് എന്ന ക്ലാസ്സിൽ രണ്ട് ഉപക്ലാസുകളുണ്ട്. ആർക്കിയോർനിത്തസും (Archaeornithes) നിയോർനിത്തസും (Neornithes). ആർക്കിയോർനിത്തസിൽ ജുറാസിക് കാലത്തുണ്ടായിരുന്ന ഫോസിൽ പക്ഷികളാണുൾപ്പെടുന്നത്. നിരവധി കശേരുക്കൾ ഉള്ള നീണ്ട വാൽ, ചിറകുകളിൽ നഖങ്ങൾ, വായു അറകളില്ലാത്ത അസ്ഥികൾ, പല്ലുകൾ എന്നിവയാണ് പ്രധാന സവിശേഷതകൾ.

ഇന്നുള്ള പക്ഷികളും ഏതാനും ഫോസിൽ പക്ഷികളും അടങ്ങുന്നതാണ് നിയോർനിത്തസ് എന്ന ഉപക്ലാസ്.

പക്ഷികളുടെ പൊതുസ്വഭാവങ്ങൾ എല്ലാം ഇവയിലുണ്ട്. ഈ ഉപക്ലാസിനെ പലവിധത്തിൽ വർഗീകരിക്കാറുണ്ട്. പാലറ്റിന്റെ ഘടന (വായുടെ മേൽഭാഗത്ത് തലയോടിൽ കാണുന്ന നാല് ജോടി അസ്ഥികൾ ചേർന്നതാണ് പാലറ്റ്) അടിസ്ഥാനമാക്കി മൂന്ന് സൂപ്പർ ഓർഡറുകളായി തിരിച്ചിരിക്കുന്നു.

1. പാലിയോനാത്ത (Palaeognathae)

പറക്കാത്ത പക്ഷികളായ ഒട്ടകപ്പക്ഷി, റിയ, എമു, കസ്സോവരി, കിവി എന്നിവ ഇതിൽ ഉൾപ്പെടുന്നു. ഇവയുടെ ചിറകുകൾ വേണ്ടത്ര വികസിച്ചിട്ടില്ല. മാറസ്ഥിയിൽ കീൽ എന്ന ഭാഗം ഇല്ല. പാലറ്റിന്റെ ഘടന ഡ്രോമയോനാത്തസ് (Dromaeognathous) എന്ന രീതിയിലാണ്. ആൺ പക്ഷികളിൽ ഇണചേരാൻ പ്രത്യേക അവയവങ്ങൾ കാണപ്പെടുന്നതും മറ്റൊരു സവിശേഷതയാണ്.

ന്യൂസിലൻഡിലെ കാടുകളിലുണ്ടായിരുന്നു മോവ (ഡൈനോർണിസ്-Dinornis)

വംശനാശം സംഭവിച്ച ഭീമൻ പക്ഷികളായ മോവ (ഡൈനോർണിസ്-Dinornis), ആനറാഞ്ചിപ്പക്ഷി (ഏപിയോർണിസ്-Aepyornis) എന്നിവയും ഈ സൂപ്പർ ഓർഡറിലാണുൾപ്പെടുന്നത്. ന്യൂസിലൻഡിലെ കാടുകളിലുണ്ടായിരുന്നു മോവ പക്ഷികളുണ്ടായിരുന്നത്. 13 അടിയോളം ഉയരവും 275 കി.ഗ്രാം ഭാരവും ഉണ്ടായിരുന്ന ഈ പക്ഷികൾക്ക് 1850-ലാണ് വംശനാശം വന്നത്. ആനറാഞ്ചി പക്ഷി ജീവിച്ചിരുന്നത് മഡഗാസ്കറിലായിരുന്നു. പത്ത് അടിയോളം ഉയരവും 504 കി.ഗ്രാം വരെ ഭാരവും ഇവയ്ക്കുണ്ടായിരുന്നതായി കരുതുന്നു. മനുഷ്യർ വേട്ട യാടിയാണ് ഇവയ്ക്ക് വംശനാശം വന്നത്. 1700-ന് ശേഷം സഞ്ചാരികൾ ഇവയെ കണ്ടതായി രേഖകളില്ല. ഇവ സസ്യഭുക്കുകളായിരുന്നു.

ഇന്ന് ജീവിച്ചിരിക്കുന്ന പറക്കാപ്പക്ഷികളിൽ ഏറ്റവും വലുതാണ് ഒട്ടകപ്പക്ഷി  (Struthio camelus). ഏഴടിയോളം ഉയരമുണ്ടാവാറുള്ള ഇവയുടെ ശരാശരി ഭാരം 114 കി.ഗ്രാം ആണ്. ആഫ്രിക്കയിലെയും അറേബ്യയിലെയും മരുഭൂമികളിലാണ് ഇവയുള്ളത്. തെക്കേ അമേരിക്കയിലെ പുൽമേടുകളിൽ കാണപ്പെടുന്ന റിയ പക്ഷികൾക്ക് (Rhea americana) ഒട്ടകപ്പക്ഷിയോട് സാമ്യമുണ്ട്. ആസ്റ്റ്രേലിയയിലെ പുൽമേടുകളിലും കാടുകളിലും കാണപ്പെടുന്ന പറക്കാപ്പക്ഷിയാണ് എമു. തലയിൽ ഹെൽമെറ്റുപോലുള്ള ഭാഗമുള്ള പക്ഷി യാണ് കാവരി. ന്യൂഗിനിയയിലും അസ്ട്രേലിയയിലെ ക്വീൻസ് ലാൻഡ് ഭാഗത്തുമാണ് ഇതുള്ളത്. ഏറ്റവും ചെറിയ പറക്കാപ്പക്ഷിയായ കിവിയുടെ ജന്മദേശം ന്യൂസി ലൻഡാണ്. രോമംപോലുള്ള തൂവലുകളും ഇരയെ മണത്തു കണ്ടെത്തുന്ന സ്വഭാവവും രാത്രി ഇര തേടുന്ന രീതിയും എല്ലാമാണ് പ്രത്യേകതകൾ.

പെൻഗ്വിനുകൾ

2. ഇംപെന്നെസ് (Impennes)

അന്റാർട്ടിക്കയിലും തെക്കൻ സമുദ്രങ്ങളിലും കാണപ്പെടുന്ന പെൻഗ്വിനുകളാണ് ഈ സൂപ്പർ ഓർഡറിലുള്ളത്. പറക്കാത്ത പക്ഷികളാണെങ്കിലും ഇവയുടെ മാറെല്ലിന് കീൽ ഭാഗം ഉണ്ട്. പാലറ്റിന്റെ ഘടനയിലും മറ്റ് പറക്കാത്ത പക്ഷികളുമായി വ്യത്യാസമുണ്ട്. ഷൈസോനാത്തസ് (Schizognathous) വിഭാഗത്തിൽപ്പെടുന്ന പാലറ്റ് ആണ് ഇവയ്ക്കുള്ളത്. ചിറകുകൾ നീന്താൻ പാകത്തിന് രൂപാന്തരപ്പെട്ടിരിക്കുന്നു. നിരവധി സ്പീഷീസുകളുണ്ട്. കോളനികളായാണ് ഇവ ജീവിക്കുന്നത്. ചക്രവർത്തി പെൻഗ്വിനുകൾ (Aptendytes forsteri) പാദങ്ങൾക്കടിയിൽ വച്ചാണ് മുട്ട വിരിയിച്ചെടുക്കുക.

3. നിയോനാത്ത (Neognathae)

നന്നായി വികസിച്ച് ചിറകുള്ള പറക്കുന്ന പക്ഷികളാണ് ഈ വിഭാഗത്തിലുള്ളത്. തൂവലുകൾ പ്രത്യേക രീതിയിൽ വിന്യസിച്ചിരിക്കും. മാറസ്ഥിയിൽ കീൽഭാഗം നന്നായി വികസിച്ചിട്ടുണ്ട്. നിയോനാത്തസ് (Neognathous) രീതിയിലാണ് പാലറ്റിന്റെ വിന്യാസം.

ഈ വിഭാഗത്തിൽപ്പെട്ട പക്ഷികളെ 23 ഓർഡറുകളായി വിഭജിച്ചിട്ടുണ്ട്. ചില വർഗീകരണ പദ്ധതികളിൽ ഓർഡറുകളുടെ എണ്ണം കുറവാണ്.

പക്ഷികളെ എല്ലാ ആവാസമേഖലകളിലും കണ്ടുവരുന്നു. പലതും പ്രതികൂല കാലാവസ്ഥയിൽ അനുകൂല ഘടകങ്ങൾ തേടി ദേശാടനം നടത്തുന്നു. ലഭ്യമായ ഭക്ഷണത്തിനു വേണ്ടിയുള്ള മത്സരം കുറയുന്നതിനാൽ ദേശാടനം നടത്താത്ത പക്ഷികൾക്കുപോലും ഇതു കൊണ്ട് പ്രയോജനമുണ്ട്. ഏറ്റവും അധികം ദൂരം സഞ്ചരിക്കുന്ന ദേശാടനപ്പക്ഷി ആർട്ടിക് ടേൺ ആണ്. ഗ്രീൻ ലാൻഡ്, കാനഡ മേഖലകളിൽ ജീവിക്കുന്ന ഈ പക്ഷി തണുപ്പുകാലം വരുന്നതോടെ തെക്കോട്ട് പറന്ന് വൻക രകളുടെ അരികിലൂടെ അന്റാർട്ടിക്കയ്ക്കടുത്തുള്ള ദ്വീപുകളിൽ എത്തിച്ചേരും. അന്റാർട്ടിക്കയിലെ വേനൽക്കാലം അവസാനിക്കുമ്പോൾ തിരിച്ച് യാത്ര ചെയ്യും. വർഷ ത്തിൽ ഈ പക്ഷി സഞ്ചരിക്കുന്ന ദൂരം 22,000 മൈൽ.

കേരളത്തിലുള്ള പക്ഷികളിൽ ഏതാണ്ട് മൂന്നിലൊന്ന് ദേശാടനപ്പക്ഷികളാണ്. നാകമോഹൻ (Paradise flycatcher) മഞ്ഞക്കിളി, വാൽകുലുക്കിപ്പക്ഷി എന്നിവ ഉദാഹരണം. ഒക്ടോബർ മുതൽ മാർച്ച് വരെയാണ് സന്ദർശനകാലം.

രാജ ഹംസം (Flamingo) Pedro Szekely/Flickr/CC by 2.0

കൂടുകെട്ടുന്നതിലും കുടുംബജീവിതത്തിലുമെല്ലാം ഓരോ സ്പീഷീസും വ്യത്യസ്തത പുലർത്തുന്നു. രാജ ഹംസം (Flamingo) പോലുള്ള പക്ഷികൾ കൂട്ടംചേർന്ന് നൃത്തം ചെയ്യാറുണ്ട്. കൊക്കിന് കീഴെ സഞ്ചിപോലുള്ള ഭാഗം മത്സ്യം പിടിക്കാനായി ഉപയോഗിക്കുന്ന പക്ഷികളാണ് പെലിക്കനുകൾ. ഭക്ഷണരീതിക്കനുസരിച്ച് ചുണ്ടുകളിലും കാൽവിരലുകളിലും പ്രത്യേകതകൾ കാണാം. ചിറകടിക്കാതെ, വായു പ്രവാഹം ഉപയോഗിച്ച് ഗ്ലൈഡ് ചെയ്യാനും ചില പക്ഷികൾക്ക് കഴിയും. ചിറകടിച്ചു കൊണ്ടു തന്നെ വായുവിൽ നിന്നുകൊണ്ട് തേൻ കുടി ക്കുന്ന ഹമ്മിങ് പക്ഷികൾ, നീണ്ട കൊക്കുള്ള തേൻകിളികൾ, ഉറക്കെ ചിറകിട്ടടിക്കുന്ന വേഴാമ്പലുകൾ, മറ്റു പക്ഷികളുടെ ശബ്ദം അനുകരിക്കാൻ കഴിവുള്ള മൈനകൾ എന്നിങ്ങനെ പക്ഷികളിൽ രൂപത്തിലും സ്വഭാവത്തിലും കാണുന്ന വൈവിധ്യം വളരെക്കൂടുതലാണ്. മനുഷ്യൻ പരിസ്ഥിതിയിൽ വരുത്തുന്ന മാറ്റങ്ങളുടെ ഫലമായി പല പക്ഷികളും ഇന്ന് വംശനാശ ഭീഷണിയിലാണ്.


എത്ര കിളിയുടെ പാട്ടറിയാം ?
ലേഖനം വായിക്കാം

കോഴ്സ് പേജ് സന്ദർശിക്കാം
Happy
Happy
71 %
Sad
Sad
0 %
Excited
Excited
14 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
14 %

One thought on “പക്ഷികളുടെ പരിണാമം

Leave a Reply

Previous post പഴയകാലം സുന്ദരമായി തോന്നുന്നത് എന്തുകൊണ്ട് ?
Next post ബ്രഹ്മപുരം തീ കെടുമ്പോൾ
Close