Home » ശാസ്ത്രം » ശാസ്ത്ര ചിന്തകൾ » പ്രതീക്ഷയുണര്‍ത്തി വജ്രനാരുകളെത്തുന്നു

പ്രതീക്ഷയുണര്‍ത്തി വജ്രനാരുകളെത്തുന്നു

carbon nanothreadsഒരു ലക്ഷ്യത്തോടെ തുടങ്ങുന്ന പരീക്ഷണം യാദൃശ്ചികമായി മറ്റൊരു കണ്ടു പിടിത്തത്തിലേക്ക് നയിക്കുന്നത് ശാസ്ത്ര ലോകത്ത് പുതുമയല്ല. വള്‍ക്കനൈസേഷന്‍, പെനിസില്ലിന്‍ തുടങ്ങിയവയുടെ കണ്ടു പിടിത്തം ഉദാഹരണം. ഇതാ വീണ്ടും അത്തരമൊരു കണ്ടെത്തല്‍; സ്പേസ് എലവേറ്റര്‍ എന്ന ആശയത്തിന് ഊര്‍ജ്ജം പകര്‍ന്നു കൊണ്ടാണ് പുതിയ കണ്ടെത്തല്‍. അതാകട്ടെ മറ്റൊരു പരീക്ഷണത്തിനിടെ അപ്രതീക്ഷിതമായും.

മുടി നാരിന്‍റെ ഇരുപതിനായിരത്തില്‍ ഒരംശം മാത്രം ഘനമുള്ള വജ്രത്തിന്റെ നാനോ നാരുകളാണ് പെന്‍ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ ജോണ്‍ ബാഡിങ്ങിന്‍റെ നേതൃത്വത്തിലുള്ള ഗവേഷക സംഘം കണ്ടെത്തിയത്. ദ്രാവക രൂപത്തിലുള്ള ബെന്‍സീന്‍ ഉന്നതമര്‍ദ്ദത്തില്‍ സാന്ദ്രീകരിച്ച് പോളിമര്‍ നിര്‍മ്മിക്കാന്‍ ശ്രമിക്കുകയായിരുന്നു ഗവേഷക സംഘം. സാധാരണ അളവിനേക്കാള്‍  വളരെ ക്കൂടുതല്‍ ബെന്‍സീന്‍ ഉപയോഗിച്ചതിനാല്‍ വളരെ സാവധാനം മര്‍ദ്ദം കുറക്കേണ്ടി വന്നു. അവസാനം കിട്ടിയതോ ഓരോ കാര്‍ബണ്‍ ആറ്റവും മറ്റ് നാല് ആറ്റങ്ങളാല്‍ ചുറ്റപ്പെട്ട (Tetrahedral) ഒറ്റതന്തുക്കളായുള്ള സൂക്ഷ്മ നാരുകളും. ഈ നാരുകള്‍ വജ്രത്തിന്റെ ഘടനയോട് തീര്‍ത്തും സാമ്യം പുലര്‍ത്തുന്നതാണ്. ലോകത്തില്‍ ഏറ്റവും കാഠിന്യമേറിയ സ്വാഭാവിക വസ്തുവാണ് വജ്രം. അത് കൊണ്ട് തന്നെ ഈ നാനോ നാരുകള്‍ക്ക് കാര്‍ബണ്‍ നാനോ ട്യൂബുകളെക്കാള്‍ കടുപ്പവും ബലവും ഉണ്ടാകും എന്ന് പ്രതീക്ഷിക്കപ്പെടുന്നു. ഇവയുടെ ഭാരം കാര്‍ബണ്‍ നാനോട്യൂബുകളേക്കാള്‍ വളരെ കുറവാണ് താനും. നാരുകളുടെ കൃത്യമായ ഘടനയും സ്വഭാവവും നിര്‍ണ്ണയിക്കാനുള്ള പരീക്ഷണങ്ങള്‍ നടന്നു വരുന്നു.

ഭൂമിയില്‍ നിന്ന് ബഹിരാകാശത്തേക്ക്  നീളുന്ന സ്പേസ് എലവേറ്ററിന്റെ – നിര്‍മ്മാണം സ്റ്റീലിനേക്കാള്‍ നൂറു മടങ്ങ്‌ ശക്തിയുള്ള കാര്‍ബണ്‍ നാനോട്യൂബുകള്‍ ഉപയോഗിച്ച് സാദ്ധ്യമാക്കുന്നതിനെക്കുറിച്ചായിരുന്നു ഗവേഷകര്‍ തലപുകച്ചുകൊണ്ടിരുന്നത്.  എന്നാല്‍ കാര്‍ബണ്‍ നാനോട്യൂബുകളേക്കാള്‍ ബലമുള്ളതായതിനാല്‍ വജ്രത്തിന്റെ നാനോ നാരുകള്‍ ഉപയോഗിച്ച് കൂടുതല്‍ നീളത്തില്‍ നാരുകള്‍ നിര്‍മ്മിക്കാന്‍ കഴിയും. ആകാശഗോവണിയുടെ നിര്‍മ്മാണത്തില്‍ അങ്ങനെ വജ്രത്തിന്റെ നാനോ നാരുകള്‍ നിര്‍ണ്ണായകമാകുമെന്നാണ് ഇപ്പോള്‍ കരുതപ്പെടുന്നത്.  ചുരുക്കത്തില്‍, സ്പേസ് എലവേറ്റര്‍ എന്ന സങ്കല്‍പം സമീപ ഭാവിയില്‍ തന്നെ യാഥാര്‍ഥ്യം ആകുമെന്ന് പ്രതീക്ഷിക്കാം.

ഇതും കാണുക : ആകാശഗോവണി അണിയറയില്‍

അവലംബം : Nature Materials

About the author

സംഗീത.സി
ഗവ. എന്‍ജിനീയറിങ്ങ് കോളെജ്, കോഴിക്കോട്‌
[email protected]
LUCA Science Quiz

Check Also

കപടശാസ്ത്രക്കാരുടെ വികലന്യായങ്ങൾ

ശാസ്ത്രീയ മനോവൃത്തി (scientific temper) വലിയ വെല്ലുവിളി നേരിട്ടുകൊണ്ടിരിക്കുന്ന ഒരു ഘട്ടത്തിലൂടെ ഇന്ത്യൻ സമൂഹം കടന്നുപോകുന്ന ഈ സമയത്ത് സാഗൻ ഇരുപത്തഞ്ചു വര്‍ഷങ്ങള്‍ക്ക് മുൻപ് എഴുതിയ ഈ പുസ്തകം ഏറെ ശ്രദ്ധാർഹമാണ്. സോഷ്യൽ മീഡിയയിൽ വരുന്ന ഫോർവേഡുകളായും, രാഷ്ട്രീയ സാംസ്‌കാരിക നായകന്മാരുടെ പ്രസ്താവനകളായും കപടശാസ്ത്രം (Pseudo Science) ഇന്ന് സമൂഹത്തിൽ പിടിമുറുക്കിക്കൊണ്ടിരിക്കുന്ന കാലമാണിത്. അന്ധവിശ്വാസങ്ങൾക്ക് ശാസ്ത്രത്തിന്റെ പിന്‍ബലമുണ്ട് എന്ന് സ്ഥാപിക്കാനുള്ള ശ്രമങ്ങൾ ഇവയിലൂടെ സജീവമായി നടക്കുമ്പോൾ കപടശാസ്ത്രവാദക്കാർ പ്രധാനമായി ഉന്നയിക്കുന്ന 20 കുയുക്തികളെ (Logical fallacies) സാഗൻ തന്റെ പുസ്തകത്തിൽ ചൂണ്ടിക്കാണിക്കുന്നു. അവയെ വിശദമായി പരിശോധിക്കാം.

Leave a Reply

%d bloggers like this: