Read Time:34 Minute


ഡോ. പ്രസാദ് അലക്‌സ്

കോവിഡ് പ്രതിസന്ധി നമ്മെ ഡിജിറ്റൽ പഠനത്തിലേക്കെത്തിച്ചു. 2021-22 ലെ കേരളാബജറ്റ് ഉന്നതവിദ്യാഭ്യാസത്തിന്റെ ഡിജിറ്റലൈസേഷനെക്കുറിച്ച് വിഭാവനം ചെയ്യുന്നു. പ്രതിസന്ധിഘട്ടത്തിൽ കോളജ്-സർവകലാശാലാ തലങ്ങളിൽ നടക്കുന്ന ഡിജിറ്റൽ പഠനങ്ങളെക്കുറിച്ച് ചില നിരീക്ഷണങ്ങളും അഭിപ്രായങ്ങളുമാണിവിടെ പ്രതിപാദിക്കുന്നത്. ഭാവിയിലേക്കുള്ള  കാൽവയ്പുകളെക്കുറിച്ച് ചില വീക്ഷണങ്ങൾ  പങ്ക് വയ്ക്കുകയും ചെയ്യുന്നു. കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ ആഭിമുഖ്യത്തിൽ സ്‌കൂൾ തലത്തിലെ ഓൺലൈൻ ക്ലാസ് പദ്ധതിയെക്കുറിച്ച് വിശദമായ പഠനം നടന്നിരുന്നു.  ഫലപ്രാപ്തിക്ക് പരിമിതികൾ പലതുമുണ്ടായിരുന്നുവെങ്കിലും പരിമിതികളെ അതിജീവിച്ച് പ്രതിസന്ധി കാലത്ത് സാദ്ധ്യമായ രീതിയിൽ  സ്‌കൂളുകളിൽ പഠനം നടപ്പിലാക്കുന്നുവെന്നത് അഭിമാനകരമാണ്. ക്ലാസ്സുകളുടെ ലഭ്യത സാർവത്രികമായി ഉറപ്പ് വരുത്താൻ ധാരാളം സമൂഹത്തിൽ നിന്നുള്ള  ഇടപെടലുകളുമുണ്ടായി. ക്ലാസ്സുകൾ ശരിയായി പ്രയോജനപ്പെടുത്താനുള്ള പശ്ചാത്തലവിജ്ഞാനത്തിന്റെയും സാമൂഹ്യസാഹചര്യത്തിന്റെയും അഭാവം/പോരായ്മ, അദ്ധ്യപക-വിദ്യർത്ഥി/വിദ്യാർത്ഥി-വിദ്യാർത്ഥി പാരസ്പര്യം ഉചിതമായ രീതിയിൽ സൃഷ്ടിക്കപ്പെടാതെ പോകൽ തുടങ്ങിയ കാര്യങ്ങളാണ് പ്രശ്‌നങ്ങളായി ചൂണ്ടിക്കാണിക്കപ്പെട്ടത്. ഇതേ പരിമിതികൾ കോളജ് തലത്തിലുമുണ്ട്. ഇത് പലരും വ്യക്തമാക്കിയ കാര്യവുമാണ്.  ഈ പ്രശ്നത്തെ അഭിമുഖീകരിക്കാൻ വളരെ ഫലപ്രദമായ ഇടപെടലുകൾ സർക്കാർ തലത്തിലും സമൂഹത്തിൻറെ വിവിധകോണുകളിൽ നിന്നും ഉണ്ടായി. സ്‌കൂൾതലത്തിലെ ഇടപെടലുകൾ വളരെയധികം ശ്രദ്ധിക്കപ്പെടുകയും ചെയ്തു. ഉപകരണങ്ങളും കണക്ടിവിറ്റിയും ലഭ്യമാക്കാനുള്ള ശ്രമങ്ങൾ ധാരാളമായുണ്ടായി. ആദിവാസി മേഖലകളിലും വിദൂര  ഇടങ്ങളിലും പഠനകേന്ദ്രങ്ങളൊരുക്കുകയും അവിടെ അദ്ധ്യാപകരും സന്നദ്ധപ്രവർത്തകരുമെത്തുകയും ഇലക്ട്രോണിക് പഠനത്തിന് സാഹചര്യമൊരുക്കുകയും ചെയ്തിട്ടുണ്ട്. പരിമിതികളെ അതിജീവിക്കാൻ നല്ല തോതിൽ ശ്രമമുണ്ടായി. എല്ലാം പൂർണമായി എന്നല്ല, മുന്നോട്ട് നടന്ന് തുടങ്ങി. ഉന്നത വിദ്യാഭ്യാസ രംഗത്തും ഇടപെടലുകളുണ്ടായി വാർത്താപ്രാധാന്യം വലിയ തോതിൽ നേടിയില്ലെങ്കിലും. സ്‌കൂൾ തലത്തിലെപോലെ വ്യാപകമായ ശ്രമങ്ങൾ ഉണ്ടായോ എന്ന് ഉറപ്പില്ല. കോളജ് തലത്തിൽ പൊതുവെ തല്‍സമയ ക്ലാസ്സുകൾ എന്ന സമീപനമാണ് സ്വീകരിച്ചിരിക്കുന്നത്. ഉന്നതവിദ്യഭ്യാസവകുപ്പ് അതിന്റെ സമയം രാവിലെ 8.30 മുതൽ ഉച്ചക്ക് 1.30 വരെയെന്ന് നിർദ്ദേശിച്ചിട്ടുമുണ്ട്. അതാത് കോളജുകളുടെ തലത്തിലാണ് ക്ലാസ്സുകൾ ക്രമീകരിച്ചിരിക്കുന്നത്. റിക്കോർഡ് ചെയ്ത് ലഭ്യമാക്കുന്ന രീതി ചിലയിടങ്ങളിൽ ചെയ്യുന്നുണ്ട്. തത്സമയ ക്ലാസ്സുകൾ ലഭിക്കാനുള്ള സാങ്കേതിക ബുദ്ധിമുട്ടുകൾ കാരണമാണിങ്ങനെ ചിലരൊക്കെ ചെയ്യുന്നത്. എങ്ങനെയായാലും അധ്യാപനം അതാത് ക്ലാസ്സുകളിൽ ഒതുങ്ങി നില്ക്കുന്ന രീതിയാണ് പൊതുവെ കാണപ്പെടുന്നത്. വളരെ അഡ്‌ഹോക് ആയ സമീപനമാണെന്ന് തോന്നുന്ന രീതിയിലാണ് കാര്യങ്ങൾ നടക്കുന്നത്.

സാങ്കേതികത, ഏകോപനം

സ്‌കൂൾ തലത്തിൽ വിക്ടേഴ്സ് ചാനൽ വഴി പാഠങ്ങൾ ആവർത്തിച്ച് പ്രക്ഷേപണം ചെയ്യുന്നു; കൂടാതെ  വെബ്‌സൈറ്റിലൂടെയും യൂട്യൂബിലൂടെയൂമൊക്കെ ലഭ്യത ഉറപ്പാക്കുന്നുമുണ്ട്. സംസ്ഥാന തലത്തിലാണ് കാര്യങ്ങൾ എകോപിപ്പിക്കുന്നത്. പാഠങ്ങളുടെ തുടർപ്രവർത്തനങ്ങൾ സ്‌കൂളുകളിൽ നിന്ന് ഉണ്ടായാൽ മതി. സാദ്ധ്യമായ രീതിയിൽ അത് നടക്കുന്നുമുണ്ട്. ഈ രീതിക്ക് ചില പ്രകടമായ മേന്മകൾ കണാൻ കഴിയും. ഒന്ന് പാഠ്യക്രമത്തിന്റെ ഉള്ളടക്കം വീഡിയോ ക്ലാസ്സായി എപ്പോഴും ലഭ്യമാവുന്നു. അതിനാൽ ക്ലാസുകൾ നഷ്ടപ്പെടുന്നത് ഒഴിവാക്കാനാവുന്നു. പ്രക്ഷേപണസമയത്ത് ക്ലാസ്സ് നഷ്ടമായാലും പിന്നീട് ലഭ്യമാകാൻ വഴിയുണ്ട്. അത് പോലെ സാങ്കേതികവും അക്കാദമികവുമായ പൊതുനിലവാരം ഉറപ്പാക്കാനും കഴിയുന്നു. ഇതിനു പുറമെ അദ്ധ്യാപനവും പദ്ധതിയും ഒരു സോഷ്യൽ ഓഡിറ്റിങ്ങിന് വിധേയമാവുകയും ചെയ്യുന്നു. ഇപ്പറഞ്ഞതെല്ലാം വളരെ പ്രധാനപ്പെട്ട ഗുണപരമായ ഘടകങ്ങളാണ്. കോളജ് തലത്തിൽ ഏകോപിതമയ ഒരു നീക്കം ആലോചിച്ചിട്ട് തന്നെയില്ല.  തല്‍സമയ ക്ലാസ്സുകൾക്കായി പല പ്ലാറ്റ്‌ഫോമുകൾ ഉപയോഗിക്കുന്നുണ്ട്. എന്തായാലും ഇലക്ട്രോണിക് ഉപകരണങ്ങളുടെ ലഭ്യതയും കണക്റ്റിവിറ്റി-പ്രശ്‌നങ്ങളും വലിയൊരു പങ്ക് വിദ്യാർത്ഥികളെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. മാധ്യമങ്ങളിൽ വന്ന വാർത്തകൾ പ്രകാരം മുപ്പത് ശതമാനം വിദ്യാർത്ഥികൾക്ക് ക്ലാസ്സുകൾ ശരിയായി ലഭിക്കുന്നില്ല. ഈ കണക്കുകൾ അടിസ്ഥാനമാക്കിയ സർവേകളുടെ കൃത്യത പരിശോധിക്കപ്പെടേണ്ടതാവാം. പക്ഷേ പ്രശ്‌നം ഗൗരവമായി നിലനില്ക്കുന്നു. ‘ഗസ്റ്റ്’ അധ്യാപകരുടെ അഭാവം മൂലം ധാരാളം കോളജുകളിൽ ക്ലാസുകൾ തടസ്സപ്പെടുന്നത് അദ്ധ്യാപകസംഘടനകൾ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. പ്രശ്നങ്ങളും തടസ്സങ്ങളുമുണ്ട്. എങ്കിലും കേരളാസർക്കാർ  ഈ രംഗത്ത് ദീർഘദൃഷ്ടിയോടെ കാര്യങ്ങൾ ആസൂത്രണം ചെയ്യുന്നുവെന്ന് പുതിയ ബജറ്റോട് കൂടി വ്യക്തമായിട്ടുണ്ട് . അതിലേക്ക് പിന്നീട് വരാം.

ബോധനരീതി

നമ്മൾ കടന്നുപോകുന്ന പ്രതിസന്ധി ഉന്നത വിദ്യഭ്യാസ രംഗത്ത് ഗുണപരമായ വലിയ മുന്നേറ്റത്തിന് ലഭിച്ച അവസരമാക്കി മാറ്റേണ്ടതായിരുന്നു. അങ്ങനെയൊരു കാൽവയ്പ് കാണുന്നില്ല. നമ്മുടെ അദ്ധ്യാപനരീതി  ‘കണ്ടന്റ് ഡെലിവറി’ക്കാണ് പരമ്പരാഗതമായി പ്രാമുഖ്യം നല്കുന്നത്. ‘കൺസപ്ച്വൽ ലേണിങ്ങ്’ സമീപത്ത് കൂടെയൊക്കെ പോകുന്നുവെന്നും പറയാം. ക്രെഡിറ്റും സെമസ്റ്ററുമൊക്കെ വന്നിട്ടും അതിനപ്പുറത്തേക്ക് കാര്യമായ മാറ്റങ്ങൾ ഉണ്ടായില്ല. ഹയർ സെക്കൻഡറിക്ക് ഉന്നത വിജയം കരസ്ഥമാക്കുന്ന, ബിരുദതലത്തിൽ ശാസ്ത്ര-മാനവിക-സാഹിത്യവിഷയങ്ങൾ താല്പര്യപ്പെടുന്ന കേരളത്തിലെ വിദ്യാർത്ഥികളുടെ കാര്യം പരിശോധിച്ചു നോക്കാം.  ഇക്കൂട്ടരിൽ തുടർപഠനത്തിന് സംസ്ഥാനത്തിന് പുറത്തുള്ള സർവകലാശാലകളും സ്ഥാപനങ്ങളും തെരെഞ്ഞെടുക്കുന്നവരുടെ സംഖ്യ വർഷം തോറും വർദ്ധിച്ചുവരുന്നത് കാണാം. ഈ പ്രവണത സെമസ്റ്റർ പദ്ധതി നടപ്പാക്കിയ ശേഷം വലിയ തോതിൽ ഉയർന്നിട്ടുണ്ട്. സാമൂഹ്യ-സാമ്പത്തിക സാഹചര്യങ്ങൾ അല്പമെങ്കിലും അനുകൂലമെങ്കിൽ, മികവ് പുലർത്തുന്നവർ ബിരുദപഠനത്തിന് കേരളത്തിന് പുറത്തേക്കെന്നത് ഒരു രീതിയായി മാറുന്നു. ഒരു സർവേയോ കണക്കെടുപ്പോ ഇക്കാര്യത്തിൽ നടത്തിയാൽ കാര്യങ്ങൾ വ്യക്തമാവും. ഉദാഹരണമായി ദൽഹി സർവകലാശാലയിൽ കേരളത്തിൽ നിന്ന് പ്രവേശനം നേടുന്ന വിദ്യാർത്ഥികളുടെ എണ്ണം ഇക്കഴിഞ്ഞ വർഷങ്ങളിൽ നോക്കിയാൽ മതി. ഉന്നതവിദ്യാഭ്യാസരംഗത്ത് എല്ലാം ഭദ്രമാണ്, കോവിഡ് കാലത്ത്  നിർബന്ധിതരായത് കൊണ്ട് ചില താത്കാലിക ക്രമീകരണങ്ങൾ നടത്തുന്നു; അത് പിന്നീട് തുടരേണ്ടതുമല്ല  എന്ന സമീപനം ശരിയായ വിലയിരുത്തലല്ലെന്ന് സൂചിപ്പിക്കാൻ പറഞ്ഞെന്നേയുള്ളൂ. എന്തായാലും കോവിഡ് കഴിയുന്നതോടെ, വേഗം പഴയ ക്ലാസ്സ് മുറികളിലേക്ക് മടങ്ങുകയെന്നൊരു സമീപനമാണ് കോളേജ് തലത്തിൽ ഇപ്പോൾ സ്വീകരിച്ചിരിക്കുന്നത്. ഇത് ഒട്ടും ക്രിയാത്മകമല്ലെന്ന് സ്പഷ്ടമാണ്. (സ്‌കൂളുകളിൽ കോവിഡ് കാലത്തിന് ശേഷം പഴയ രീതിയിലേക്ക് മടങ്ങണമെന്ന നിർദ്ദേശമാണ് പരിഷത്തിന്റെ പഠനത്തിൽ നല്കിയത്. അതിനോട് പൂർണമായി യോജിക്കുന്നില്ല. പഠനപ്രക്രിയയിലെ ഒരു കമ്പോണന്റ് ആയി ഡിജിറ്റൽ ലേണിങ്ങ് തുടരുക ഉചിതമെന്നാണ് ലേഖകന്റെ അഭിപ്രായം.)

വിജ്ഞാനസമൂഹം

കേരളത്തെ വിജ്ഞാനസമൂഹമാക്കി പരിവർത്തിപ്പിക്കുക , വിജ്ഞാനസമ്പത്ത്ഘടന കെട്ടിപ്പടുക്കുക തുടങ്ങിയ വലിയ ലക്ഷ്യങ്ങൾക്ക് തുടക്കം കുറിക്കാനാണ്  2021 -22 ലെ ബജറ്റ് വിഭാവനം ചെയ്യുന്നത്.

ദീർഘകാലാടിസ്ഥാനത്തിലുള്ള വളർച്ചയ്ക്കായി വിജ്ഞാനത്തിലും  മാനവികശേഷിയിലും  വിഭവനിക്ഷേപം  നടത്തുന്ന ബജറ്റ് എന്ന് വിദഗ്ദ്ധർ വിശേഷിപ്പിക്കുന്നു.   വിജ്ഞാനോത്പാദനത്തിന് നൽകുന്ന ഉയർന്ന പരിഗണന, ഉൽ‌പാദനക്ഷമത, വളർച്ച, തുല്യനീതിയിലധിഷ്ടിതമായ  സാമൂഹിക വികസനം എന്നിവയിലേക്കുള്ള പ്രധാന പ്രേരകമായി ഉന്നതവിദ്യാഭ്യാസരംഗത്തെ പുതിയ കാൽവയ്പുകളെ ബജറ്റ് കാണുന്നു. ഇതിനായി വിജ്ഞാനാധിഷ്ഠിത മൂലധനത്തിന്റെ സമാഹരണം  ലക്ഷ്യമാക്കിയുള്ള പദ്ധതികൾ മുന്നോട്ട് വയ്ക്കുന്നു. ബൗദ്ധിക സ്വത്തവകാശം, പേറ്റന്റുകൾ, സോഫ്റ്റ്വെയർ, മുൻനിര  ശാസ്ത്ര-സാങ്കേതിക  ഗവേഷണത്തിലെ വൈദഗ്ദ്ധ്യം പോലുള്ള ഭൗതികേതര ആസ്തികൾ സൃഷ്ടിക്കാനാണ് ലക്ഷ്യമിടുന്നത്. ഡിജിറ്റൽ സാങ്കേതികത  എല്ലാ വിഭാഗങ്ങൾക്കും  പ്രാപ്യമാക്കി ഒരു വിജ്ഞാന സമ്പദ്‌വ്യവസ്ഥ സൃഷ്ടിക്കുന്നതിന് ബജറ്റ് ഊന്നൽ നൽകുന്നു.ഇൻഫോമാറ്റിക്സ്, ‘ബിഗ് ഡേറ്റാ’ അനാലിസിസ് തുടങ്ങിയ സങ്കേതങ്ങളുടെ ഫലപ്രദമായ പ്രയോഗം വിജ്ഞാനനിര്മാണ-വിതരണ-പ്രയോഗ പ്രക്രിയകളുടെ, അവിഭാജ്യവും സുപ്രധാനവുമായ ഘടകമായി ത്വരിതഗതിയിൽ ലോകമെങ്ങും മുന്നേറുകയാണ്.  ബജറ്റിൽ പറയുന്ന നാലാം വ്യവസായമുന്നേറ്റം, നിർമിതബുദ്ധി, വിജ്ഞാനസമ്പദ്വ്യവസ്ഥ ഇവയൊക്കെ സാക്ഷാത്കരിക്കാനുള്ള കാൽവയ്പുകളാണവ. നമ്മളിഷ്ടപ്പെട്ടാലുമില്ലെങ്കിലും ശാസ്ത്രസാങ്കേതികവിദ്യകൾ ലോകത്തെ മാറ്റിത്തീർക്കുകയാണ്. അവയൊക്കെ സ്വായത്തമാക്കുകയും ബുദ്ധിപൂർവം  പ്രയോഗിക്കയും ചെയ്യാനുള്ള ബോധപൂർവമായ ശ്രമങ്ങളാണ് നമ്മുടെ ഉന്നതവിദ്യാഭ്യാസരംഗത്ത് നടക്കേണ്ടത്. വിപുലമായ ഓപ്ടിക്കൽ ഫൈബർ ശ്രംഖല (കെഫോൺ), ഇൻറ്റർനെറ്റ്‌ അവകാശമാക്കുക, ദുർബലവിഭാഗങ്ങൾക്ക് സൗജന്യ ഡേറ്റാ, കമ്പ്യൂട്ടർ ലഭ്യത ഉറപ്പാക്കൽ പ്രാദേശിക തൊഴിൽ ഹബ്ബുകൾ തുടങ്ങി പല കാര്യങ്ങളും ബജറ്റ് വിഭാവനം ചെയ്യുന്നു. തൊഴിൽ  ഹബ്ബുകൾ പോലെ പഠനഹബ്ബുകളെക്കുറിച്ചും ആലോചിക്കേണ്ടതാണ്. (ചെറിയ രീതിയിൽ ചില മേഖലകളിൽ തുടക്കമിട്ടത് നേരത്തെ സൂചിപ്പിച്ചിരുന്നു).  ഉന്നതവിദ്യാഭ്യാസം ഡിജിറ്റലൈസ് ചെയ്യുമെന്നും നിലവിലെ സംവിധാനങ്ങൾക്കുള്ളിൽതന്നെ പരിപൂർണ അക്കാദമികസ്വാതന്ത്ര്യത്തോടെ മികവിന്റെ കേന്ദ്രങ്ങൾ ആരംഭിക്കുമെന്നും ബജറ്റിൽ നിർദ്ദേശങ്ങളുണ്ട്.   നൂതനമേഖലകളിൽ പ്രാഗത്ഭ്യം തെളിയിച്ചവർ മികവിൻറെ കേന്ദ്രങ്ങളിൽ എത്തുമെന്നുറപ്പാക്കുമെന്നും പറഞ്ഞിട്ടുണ്ട്. തീർച്ചയായും ഗുണപരമായ കുതിപ്പിന് തുടക്കം കുറിക്കുമെന്ന് പ്രതീക്ഷിക്കാം.

ഇ-കണ്ടന്റ്

നമ്മുടെ സർവകലാശാലകളും പഠനബോർഡുകളും ഉന്നത വിദ്യാഭ്യാസ കൗൺസിലും കലാലയങ്ങളും അദ്ധ്യാപകരും സൃഷ്ടിപരമായി ഇടപടേണ്ട സന്ദർഭമായിരുന്നു കോവിഡ് കാലം. പക്ഷേ വേണ്ട രീതിയിൽ ഇത് വരെ വിനിയോഗിക്കപ്പെട്ടില്ല.നമ്മുടെ പരമ്പരാഗത ക്ലാസ്സ്‌റൂം ഓൺലൈനിൽ പറിച്ച് നട്ടതുകൊണ്ട് കാര്യമില്ലെന്ന് മാത്രമല്ല, പഠനപ്രക്രീയക്ക് ഗുണകരവുമല്ല.  സിലബസ്സിനോടൊപ്പം ‘ഇ-കണ്ടന്റ്’ തയ്യാറാക്കി തുറന്ന പഠനത്തിന് ലഭ്യമാക്കുകയാവണം ആദ്യ പടി. ബിരുദ തലത്തിലെ പാഠ്യഭാഗങ്ങൾ വിഭജിച്ച് തുടക്കമെന്ന നിലയിൽ നിർമ്മാണചുമതല കോളജുകൾക്ക് നല്‍കാവുന്നതാണ്. ‘വിർച്വൽ ബോർഡോ’ ‘സ്ലൈഡുകളോ’ ഉപയോഗിക്കുന്ന ‘വീഡിയോ ലക്ച്ചറുകൾ’ മാത്രമായി പോകരുത് ഇ-കണ്ടന്റ്. വിഷ്വൽ മീഡിയയുടെ സാദ്ധ്യതകൾ ഉപയോഗിക്കാനുള്ള ശ്രമങ്ങൾ വേണം. ആനിമേഷൻ, സിമുലേഷൻ,  ഇന്റർആക്റ്റീവ് പ്രോഗ്രാമുകൾ, നിർമ്മിത ബുദ്ധി (ആർട്ടിഫിഷ്യൽ ഇന്റലിജൻസ്) തുടങ്ങിയ സാങ്കേതികവിദ്യകൾ ഇന്ന് ലഭ്യമാണ്. സാങ്കേതികവിദ്യ കൈകാര്യം ചെയ്യാനുള്ള പ്രാവീണ്യം പകരുന്നതല്ല ഉദ്ദേശിക്കുന്നത്. പാഠ്യവിഷയങ്ങളുടെ പഠന-അദ്ധ്യാപന പ്രക്രിയയിൽ ഉപയോഗിക്കുന്ന കാര്യമാണ്. തുടക്കമെന്ന നിലയിൽ സാദ്ധ്യമാവുന്ന സങ്കേതങ്ങള്‍ൾ മാത്രം മതിയാവും. ക്രമേണ മെച്ചപ്പെടുത്താം. ‘കണ്ടന്റ് ഡെലിവറി’ പൂർണമാകുകയും ’കൺസപ്ച്വൽ ലേണിങ്ങി’ന് സഹായകരമാവുകയുമെന്നതാണ് പ്രധാനം. പ്രയോഗക്ഷമമായ വിജ്ഞാനത്തിലേക്കൂള്ള വഴികാട്ടി എന്നാണുദ്ദേശിക്കുന്നത്. കോവിഡിനപ്പുറം ദീർഘകാലത്തേക്ക് നീളുന്ന ആസൂത്രണമാണ് വേണ്ടത്. ഏതായാലും ബജറ്റ് നിർദ്ദേശങ്ങളോടുകൂടി പ്രക്രിയക്ക്  തുടക്കം കുറിച്ചുവെന്ന് കരുതാം.

ബോധനം ഭാവികാലത്തിനായി

അദ്ധ്യാപകരുടെ ചുമതല അതോടെ കഴിയുമെന്ന് കരുതേണ്ട. അവിടെ നിന്ന് തുടങ്ങുകയാണ് ചെയ്യുന്നത്. ‘ഇ-കണ്ടന്റിന്റെ’ സമർത്ഥമായ ഉപയോഗത്തിൽ നിന്ന് തുടങ്ങാം. കൺസപ്ച്വൽ ലേണിങ്ങ് പൂർത്തിയാക്കുക, അറിവ് അഥവാ കിട്ടുന്ന വിവരങ്ങൾ പ്രയോഗതലത്തിൽ കൊണ്ട് വരാൻ സഹായിക്കുക തുടങ്ങി നല്ല തയ്യറെടുപ്പും അദ്ധ്വാനവും വേണ്ട പ്രവർത്തനങ്ങൾ ധാരാളമാണ്. ഇന്ന് അറിവും വിവരങ്ങളും ലഭിക്കാനുള്ള സ്രോതസ്സുകൾ നിരവധിയാണ്. വിവിധ സ്രോതസ്സുകളിൽ നിന്ന് വിവരങ്ങൾ ശേഖരിക്കുകയും അത് സ്വാംശീകരിച്ച് അറിവായി മാറ്റാനും ഉള്ള പരിശീലനം നേടുക എന്നത് ഉന്നതവിദ്യഭ്യാസത്തിന്റെ അവിഭാജ്യഘടകമാണ്. ഇത് പുതിയ കാലത്ത് നേടേണ്ട പ്രാവീണ്യത്തിൽ പ്രധാനവുമാണ്. അത് പോലെ തന്നെ പ്രധാനമാണ് വിജ്ഞാനവും കപടവിജ്ഞാനവും വേർതിരിച്ചറിയാനുള്ള ശേഷി. സത്യാനന്തരകാലത്തെ ഏറ്റവും പ്രധാനമായ ജീവിതനൈപുണ്യമാണത്. ശാസ്ത്രവിഷയങ്ങളിൽ മാത്രമല്ല, ചരിത്രമുൾപ്പടെയുള്ള മാനവിക വിഷയങ്ങളിലും സമൂഹജീവിതത്തിന്റെ നാനാതുറകളിലുമത് ബാധകമാണ്. അത് പോലെ തന്നെ പ്രധാനമാണ് ‘പ്രോബ്ലം സോൾവിംഗ് സ്‌കിൽ’. ‘ന്യൂമറിക്കൽ’ ചോദ്യങ്ങളുടെ ഉത്തരം കണ്ടെത്തുന്നതിൽ അവസാനിക്കുന്നതല്ലത്. അതാത് വിഷയവുമായി ബന്ധപ്പെട്ടതും മൾട്ടിഡിസിപ്ലിനറി അഥവാ വിവിധമേഖലകൾ ഉൾപ്പെട്ട് വരുന്നതുമായ ‘റിയൽ ലൈഫ്’ പ്രോബ്ലംസ്’ പരിചയപ്പെടുകയും, ശാസ്ത്രീയമായി സമീപിക്കാനുള്ള പരിശീലനം നേടുകയും വേണം. ശാസ്ത്രവിഷയങ്ങളായാലും മാനവിക വിഷയങ്ങളായാലും വിജ്ഞാനോല്പാദനം കൂട്ടായ പ്രവർത്തനമാണ്. വിജ്ഞാനസമ്പാദനം, പ്രയോഗം, വിജ്ഞാനോല്പാദനം തുടങ്ങിയവ കൂട്ടായ പ്രവർത്തനങ്ങളിലൂടെ സാദ്ധ്യമാക്കുന്ന  രീതികൾ ലോകമെങ്ങും ഉന്നതവിദ്യഭ്യാസത്തിന്റെ ഭാഗമായിക്കഴിഞ്ഞു. അത്‌ പോലെ തന്നെ പ്രധാനമാണ് ആശയ സംവേദനം. ആർജ്ജിച്ച വിജ്ഞാനം ലളിതമായി ശ്രോതാക്കളോട് അവതരിപ്പിക്കാൻ കഴിയുക എന്നത് വിജ്ഞാനം സ്വാംശീകരിച്ചതിന്റെ മാനദണ്ഡമായാണ് ഇന്ന് പൊതുവേ കണക്കാക്കപ്പെടുന്നത്. ഇപ്പറഞ്ഞൊതൊക്കെ ‘ഐഡിയൽ’ ആയി ഉടനെ നടപ്പാക്കപ്പെടണമെന്നല്ല പറയാനുദ്ദേശിക്കുന്നത്. പക്ഷേ തുടക്കം കുറിക്കാനുള്ള അവസരമാണ്. ഓൺലൈൻ രീതിയിൽ ഇതൊക്കെ ചെയ്യാനുള്ള പ്ലാറ്റ്  ഫോമുകളും പ്രോഗ്രാമുകളും ലഭ്യവുമാണ്. ലബോറട്ടറി പരീക്ഷണങ്ങൾക്ക് മുന്നോടിയായി സിമുലേഷൻസുപയോഗിച്ചുള്ള ഇന്ററാക്റ്റീവ് പരിശീലനം വ്യാപകമാകുന്ന കാലത്തിലേക്കാണ് നമ്മൾ പോകുന്നത്. അസ്സെസ്സ്‌മെന്റ് അഥവാ വിലയിരുത്തൽ കാര്യക്ഷമമായി നടത്താനുള്ള ഡിജിറ്റൽ സംവിധാനങ്ങൾ എമ്പാടുമുണ്ട്. അതിലേക്ക് കടക്കുന്നില്ല. അദ്ധ്യാപകരുടെ ജോലിയുടെ രീതി മാറുന്നു എന്നാണർത്ഥം. ഓൺലൈനിൽ ആണെങ്കിലും മുഖാമുഖ ക്ലാസ്സുകളാണെങ്കിലും.     ക്ലാസ്റൂമുകൾ ഓൺലൈനിലേക്ക് പറിച്ച് നടുന്ന പോലെ, ഡിജിറ്റൽ ലേണിങ്ങ്, സമ്പൂർണമായി ക്യാമ്പസ്സിന് പകരം വയ്ക്കുക എന്നല്ല. പഠനപ്രക്രീയ കൂടുതൽ ‘ഫ്ലെക്സിബിളും’ ക്രീയാത്മകവുമാക്കുക എന്നതാണ് വേണ്ടത്. സോഷ്യലൈസേഷൻറെയും സോഷ്യൽ ലേണിങ്ങിന്റെയും ഇടമെന്ന നിലയിൽ ക്യാമ്പസുകൾ, പുതിയകാലത്തിനനുയോജ്യമായി പുനസംഘടിപ്പിക്കപ്പെടുകയാണ് വേണ്ടത്.

വിദ്യാഭ്യാസ പ്രക്രിയ ഓൺലൈനിൽ പൂർത്തിയാവില്ല എന്ന് പറയാറുണ്ട്. പഴയ ക്ലാസുമുറികളിൽ പുതിയ കാലത്ത് ഒട്ടും പൂർത്തിയാവില്ല എന്നത് മറന്ന് കൊണ്ട് നമ്മളങ്ങനെ പറയുന്നതിലർത്ഥമില്ല. ലോകത്തെ മുൻനിര സർവകലാശാലകൾ ഓൺലൈൻ കോഴ്‌സുകൾ അവരുടെ റഗുലർ പ്രോഗ്രാമുകളുടെ ഭാഗമാക്കുന്നു. ക്രെഡിറ്റ് നേടാനുള്ള മാർഗമായി അംഗീകരിക്കുന്നു. വിവിധ പ്ലാറ്റ് ഫോമുകളിൽ അവരുടെ കോഴ്‌സുകൾ ലിസ്റ്റ് ചെയ്യുന്നു. ഏറ്റവും കൂടുതൽ നൊബേൽ ജേതാക്കൾ വരുന്ന സ്റ്റാൻഫോർഡിന്റെതുൾപ്പടെ കോഴ്‌സുകൾ ഓൺലൈനിൽ ലഭ്യമായ കാലമാണ്. കോവിഡ് കഴിഞ്ഞാൽ ഒക്കെ അവസാനിപ്പിച്ച് പഴയ മട്ടിലാകാം എന്ന് കരുതുന്നത് അബദ്ധമാണ്. അത്‌ പോലെ നമ്മൾ കാണേണ്ട മറ്റൊരു കാര്യം ബിരുദതലം വരെ ശാസ്ത്ര-മാനവിക വിഷയങ്ങളിൽ സമഗ്രമായ പഠനസമഗ്രികൾ ഇന്ന് ഫീസീടാക്കതെ തന്നെ ലഭ്യമാണെന്നത്. (അതിന് മുകളിലേക്കുമുണ്ട് അക്കാദമികപഠനത്തിന്റെ ചിട്ടവട്ടത്തിൽ ആയി ക്കൊള്ളണമെന്നില്ലെന്ന് മാത്രം). ‘ഖാൻ അക്കാഡമി’ എന്ന പോർട്ടലിൽ ബിരുദതലംവരെയുള്ള മിക്ക വിഷയങ്ങളുടെയും  മികച്ച പഠനസാമഗ്രികൾ ലഭ്യമാണ്. സ്വയംപഠനത്തിന് ഉതകുന്ന രീതിയിൽ തന്നെ. ബിരുദ സർട്ടിഫിക്കറ്റ് കിട്ടില്ലന്നേയുള്ളൂ. നമ്മുടെ വിദ്യാർത്ഥികൾക്ക് അവരുടെ പാഠങ്ങളിലെ ഉച്ചാരണവും വിഷയത്തെ സമീപിക്കുന്ന രീതിയും അത്ര പരിചിതമല്ലാത്ത പ്രശ്‌നമേയുള്ളൂ. അതൊന്ന് പരിചയമാവുകയും സ്വന്തമായി ‘ഇനിഷ്യേറ്റീവ്’ ഉണ്ടാകുകയും ചെയ്താൽ പഠനം പിന്നെ പ്രശ്‌നമാവില്ല. സ്വന്തം സൗകര്യത്തിനനുസരിച്ച് അവരവരുടെ വേഗതയിൽ പഠിക്കാം. അതായത് നമ്മുടെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഇനിയും ‘കണ്ടന്റ് ഡെലിവറി’യിൽ ഊന്നി മുന്നോട്ട് പോയാൽ വളരെ വേഗം അപ്രസക്തമായി മാറും.  അത് കൊണ്ട് കണ്ടന്റിനപ്പുറത്തേക്ക് അദ്ധ്യാപകർ പോകുകയും വിദ്യാർത്ഥികളെ വഴി കാട്ടുകയും ചെയ്യുകയാവും പുതിയ കാലത്തെ അദ്ധ്യാപനം. അത് തുടങ്ങാനുള്ള ഏറ്റവും ഉചിതമായ അവസരമാണ് കോവിഡ് കാലത്തെ നിയന്ത്രണത്തിന്റെ രൂപത്തിൽ എത്തിയിരിക്കുന്നത്. ആദ്യപടി സർവകലാശാലകൾ ”ഇ-കണ്ടന്റ്” തയ്യാറാക്കുക തന്നെയാണ്. ഇ എം എം ആർ സി (എഡ്യൂക്കേഷണൽ മൾട്ടിമീഡിയ റിസെർച്ച് സെനറ്റർ) എന്ന പേരിൽ യു ജി സി ധനസഹായത്തോടെ അനേക വര്ഷങ്ങളായി പ്രവർത്തിക്കുന്ന കേന്ദ്രങ്ങൾ നമ്മുടെ സർവകലാശാലകളിൽ ഉണ്ട്. അവ കുറേകൂടി വിപുലവും ക്രീയാത്മകവും ആക്കി മാറ്റാനുള്ള അവസരമാണിപ്പോൾ വന്നിരിക്കുന്നത്. ഈ ദിശയിലുള്ള പ്രവർത്തനങ്ങൾക്ക് ബജറ്റ് വഴിവയ്ക്കുമെന്ന് പ്രതീക്ഷിക്കാം.

ക്ലാസ്സ് മുറി തത്സമയം ഓൺലൈനിൽ

സമൂഹമാധ്യമങ്ങളിലും ഓൺലൈൻ-ഓഫ്‌ലൈൻ ജേണലുകളിലുമൊക്കെ നടക്കുന്ന ചർച്ചകളിൽ അദ്ധ്യപകരുടെ ഭാഗത്ത് നിന്ന് വരുന്ന പ്രധാന പരാതി, ലോഗിൻ ചെയ്തിട്ട് വിദ്യാർത്ഥികൾ മുങ്ങുന്നു, ശ്രദ്ധിക്കുന്നുണ്ടോ ഇരുന്നുറങ്ങുകയാണോ എന്നറിയാൻ കഴിയുന്നില്ല എന്നൊക്കെയാണ്. എല്ലാവരും വീഡിയോ ഉപയോഗിച്ചാൽ ബാൻഡ്-വിഡ്ത്ത് പ്രശ്നമാവും. അതൊരു പരിഹാരവുമല്ല. .ഓൺലൈൻ പ്ലാറ്റുഫോമുകൾ നേരിട്ടുള്ള ക്ലാസ്സ് റൂം പോലെ ഉപയോഗിച്ചാൽ അത് ഫലപ്രദമാവില്ലെന്നത് എടുത്ത് പറയേണ്ട കാര്യമല്ല.   .രണ്ട് പ്രശ്‌നങ്ങളാണിവിടെ പ്രധാനമായി വരുന്നത്. ഒന്ന് പ്ലാറ്റ്‌ഫോം ഉപയോഗിച്ച് തുടങ്ങുമ്പോഴുള്ള പരിചയക്കുറവ്, ബുദ്ധിമുട്ട്. രണ്ട് സാധാരണ ക്ലാസ്സ് റൂം അപ്പടി ഓൺലൈനിലേക്ക് മാറ്റാൻ ശ്രമിക്കുമ്പോഴുണ്ടാകുന്ന പ്രശ്‌നം. അദ്ധ്യപകരറിയേണ്ട ഒരു കാര്യമുണ്ട്. കുട്ടികൾ നേരിട്ട് ക്ലാസ്സിൽ ഇരിക്കുകയല്ല. വ്യത്യസ്തമായ ‘ആംബിയൻസിൽ’ എവിടെയോ ആണവർ. എല്ലാവരുടെയും സാഹചര്യം ഒരുപോലെ അല്ല താനും. അത് കൊണ്ട് ക്ലാസ്‌ റൂം എക്സ്പീരിയൻസ് അപ്പടി ഓൺലൈനിൽ പുനര്നിര്മിക്കപ്പെടില്ല എന്നത് സ്പഷ്ടമാണ്   പതിനഞ്ചു മിനിറ്റിൽ കൂടുതൽ ശ്രദ്ധയോടെ സ്‌ക്രീനിൽ സംഭാഷണം നോക്കിയിരിക്കാൻ സാധാരണ കഴിയില്ലെന്നാണ് ബോധനശാസ്ത്രമൊക്കെ പറയുന്നത്. വളരെ പ്രസാദാത്മകവും സജീവവുമായ സ്‌ക്രീൻ സാന്നിദ്ധ്യമാണെങ്കിൽ കുറേക്കൂടിയൊക്കെ പിടിച്ചിരുത്താം എന്നേയുള്ളു. അത് കൊണ്ട് മുൻ പറഞ്ഞ പരാതിക്ക് വലിയ അർത്ഥമില്ല. അദ്ധ്യപക-വിദ്യാർത്ഥി ഇന്റർആക്ഷൻ ഓൺലൈൻ ക്ലാസുകളിൽ തത്സമയമോ അല്ലതെയോ നടത്താം. പക്ഷേ ഇതൊരു വ്യത്യസ്ത പ്ലാറ്റ്ഫോമാണ്. അതിന്റേതായ രീതികളുണ്ട്. തത്സമയപരിപാടി ക്ലാസ്സ് റൂമിലെ പോലെയല്ല ചെയ്യേണ്ടത്. ഇരു കൂട്ടരുടെയും ഭാഗത്ത് നിന്ന് ചെറിയ ഒരുക്കവും രീതികൾ പരിചയിക്കുകയും വേണം. ‘ഇ കണ്ടന്റ്’ ഓൺ ലൈൻ ലേണിങ്ങിന്റെ അവിഭാജ്യഘടകമാകുന്നത് അത് കൊണ്ടാണ്. ഇ കണ്ടന്റ് ശരിയായി ഉപയോഗിക്കുകയും തുടർപഠന പ്രക്രിയകൾ നടത്തുകയുമാണ് വേണ്ടത്. അത് തത്സമയമോ അല്ലാതെയോ നടത്താൻ വഴികളുണ്ട്. ഒരു വീഡിയോ ലെസൺ ശ്രദ്ധിച്ചോ എന്നറിയാനുള്ള മാർഗങ്ങൾ അനവധിയാണ്. സാധാരണ ഉപയോഗിക്കുന്ന ഒരു രീതി ലെസൺ തീരുമ്പോൾ അഞ്ച് മിനുട്ട് കൊണ്ട് ചെയ്യേണ്ട ക്വിസ്സ് നല്കുകയാണ് ഒറ്റത്തവണയേ ഉത്തരം നല്കാൻ കഴിയൂ. പാഠം ശ്രദ്ധിച്ചോ എന്ന് കൃത്യമായി അറിയാം. വേറെയും മാർഗങ്ങളുണ്ട്. സിൻക്രോണസ്/അസിൻക്രോണസ് ഇന്റർആക്ഷൻ ഫലപ്രദമായി ചെയ്യാൻ കഴിയുന്ന പ്ലാറ്റ്‌ഫോമുകൾ ഉണ്ട്. ഫലപ്രദമായി ഉപയോഗിക്കാവുന്ന ‘ലേണിങ്ങ് മാനേജ്‌മെൻറ് സിസ്റ്റങ്ങൾ’ പലയിടത്തും വികസിപ്പിച്ചിട്ടുണ്ട്. ധാരാളമായി പ്രശസ്തസർവ്വകലാശാലകൾ ഉപയോഗിക്കുന്നുമുണ്ട്. ആവശ്യാനുസൃതം മാറ്റങ്ങളോടെ സ്വീകരിക്കാം, വികസിപ്പിച്ചെടുക്കുകയുമാവാം   മീഡിയവുമായി പരിചയമാവേണ്ട പ്രശ്നമേയുള്ളൂ. പൂർണമായി ക്യാമ്പസ്സിന് പകരം വയ്ക്കാൻ ഡിജിറ്റൽ പഠനവും വിർച്വൽ ക്യാമ്പസ്സും മതിയാകും എന്ന വാദം ഉയർത്തുകയല്ല. ഉന്നത വിദ്യാഭ്യാസത്തിലെ സുപ്രധാന ഘടകമായി മാറുകയാണെന്ന വസ്തുത സ്പഷ്ടമാക്കുക മാത്രമാണ്. ഡിജിറ്റൽ പഠനവും, അതിന് പൂരകമായി വരാവുന്ന പ്രാദേശിക ‘ലേണിങ്ങ്  ഹബ്ബുകളും’ ഒക്കെ ചേർന്ന് ‘കണ്ടന്റ് ഡെലിവറി’ എന്ന  സാമ്പ്രദായികഭാരത്തിൽ നിന്ന് ക്യാമ്പസുകളെ മോചിപ്പിക്കുന്ന കാലം വിദൂരമാവില്ല, ആവരുത്.

പിന്മടക്കം സാദ്ധ്യമല്ല

കോവിഡിന് വാക്‌സിൻ എത്തിക്കഴിഞ്ഞെങ്കിലും എത്തിയാലും കാര്യങ്ങൾ സാധാരണമട്ടിലാവാൻ ഇനിയും സമയമെടുക്കും. അടുത്ത അദ്ധ്യായനവർഷം ഭാഗികമായേ ക്യാമ്പസ് തുറക്കാക്കാൻ സാദ്ധ്യതയുള്ളൂ. ഓൺലൈൻ-ക്യാമ്പസ് ഹൈബ്രിഡ് രീതിക്കാണ് സാദ്ധ്യതയേറെ. ‘ഇ-കണ്ടന്റ്’ ലഭ്യമാക്കുക മാത്രമാണ് സങ്കരരീതിക്ക് ഉചിതമാവുക. ഓൺലൈനിലും കൂടാതെ വിദ്യാർത്ഥികളെ പല ബാച്ചുകളായി വിഭജിച്ച് മുഖാമുഖവും ക്ലാസുകൾ നല്കുക എന്നത് അദ്ധ്യാപകർക്ക് സാദ്ധ്യമാകാതെ വരും. പഠനത്തെ കൂടുതൽ താളം തെറ്റിക്കുന്ന അനുഭവമാവുമത്. അത് കൊണ്ട് നമ്മുടെ അക്കാദമിക് കമ്യൂണിറ്റി ഉണർന്ന് പ്രവർത്തിക്കേണ്ട സമയമാണ്. തന്നെയുമല്ല, അദ്ധ്യാപകൻ/അദ്ധ്യാപിക ക്യാപ്റ്റീവ് ആയി ക്ലാസ്സിലെ കുട്ടികളെ മാത്രം കണ്ടന്റ് പഠിപ്പിക്കുന്ന രീതിക്ക് ഒരു സാംഗത്യവും പുതിയ കാലത്തില്ല. വിജ്ഞാനസമ്പാദനത്തിന് താല്പര്യമുള്ളവർ അതിനുതകുന്ന പ്ലാറ്റ്‌ഫോമുകളിലെക്ക് പോകും. ഓൺലൈൻ സർട്ടിഫിക്കേഷനുകൾ തൊഴിലിന് സ്വീകരിച്ച് തുടങ്ങുകയും ചെയ്യും. നമ്മുടെ കലാലയങ്ങൾ പഴയരീതിയിൽ തുടർന്നാൽ ഒന്നോ രണ്ടോ ദശാബ്ദങ്ങൾ വേണ്ടി വരില്ല, അവ ഫോസ്സിലൈസ് ചെയ്യപ്പെടാൻ. പഴയമട്ടിൽ തുടരാൻ ആവില്ല എന്നതും സർക്കാരിൻറെ ലക്ഷ്യം ഗുണപരമായ മാറ്റങ്ങൾക്ക് വേണ്ടിയാണെന്നും ബജറ്റോടുകൂടി വ്യക്തമായിക്കഴിഞ്ഞു. ബജറ്റിനെക്കുറിച്ചുള്ള ഒരു പാനൽചർച്ചക്കിടയിൽ ‘അക്കാഡമീഷ്യൻ’ കൂടിയായ ധനകാര്യമന്ത്രി ഡോ. തോമസ് ഐസക്ക് വ്യക്തമാക്കിയ ഒരു കാര്യമുണ്ട്. മാറ്റങ്ങളോട് പ്രതികരിക്കാൻ മടിക്കുന്ന വ്യവസ്ഥിതിയുടെ ‘ഇനേർഷ്യയും എതിർപ്പുമാണത്’. അത് കൊണ്ട് നിർദ്ദേശങ്ങൾ നമ്മുടെ ഉന്നതവിദ്യാഭ്യാസവ്യവസ്ഥിതിയെ ഉള്ളിൽ നിന്ന് തന്നെ പിടിച്ച്കുലുക്കാനുള്ള ശ്രമം നടത്തുന്നുവെന്നാണ്. തീർച്ചയായും പ്രഗത്ഭമായ ‘തിങ്ക് ടാങ്കിന്റെ’ പിൻബലത്തോടെയാണ് ഗവൺമെൻറ് ഈ കാൽ വയ്പ് നടത്തുന്നത്. ധനകാര്യമന്ത്രി പറഞ്ഞപോലെ ‘കുലുങ്ങുന്നതിന്’ മുൻപ് അക്കാദമിക് സമൂഹം നടന്ന് തുടങ്ങുമെന്ന് പ്രതീക്ഷിക്കാം. നിർമ്മിത ബുദ്ധിയുടെയും അഞ്ചാം തലമുറ വിവരവിനിമയത്തിന്റെയും പുതിയ ഊർജസ്രോതസ്സുകളുടെയും ഹൈപർലൂപിന്റെയും ക്രിസ്പർ ജീൻ-എഡിറ്റിങ്ങിന്റെയും, സെനോ-ട്രാൻസ്പ്ലന്റേഷന്റെയും കാലത്തിലേക്കാണ് നമ്മൾ പോകുന്നത്. മാറുന്ന സാഹചര്യങ്ങൾക്കനുസരിച്ച് മാറുകയും അനുകൂലനപ്പെടുകയും ചെയ്യുകയാണ് അതിജീവനത്തിന്റെയും അഭ്യുദയത്തിന്റെയും വഴി.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

2 thoughts on “കോവിഡ്കാലത്തെ ഉന്നത വിദ്യാഭ്യാസം, ശേഷവും

  1. education online
    I read the article by Dr Alex Prasad on online education.
    A similar article by Dr Sidharthan had occurred , and I had responded.
    The DTH by Doordarsan is free, once a set top box (Costing around Rs 1300, in M P electronics Ravipuram), It costs Rs 300 for an overhead receiver and additional cost of Rs 30/ metre , say rs 300 for 10 metre. Dish antenna/ mount may be available in all electronics shops. I got assistance of a DTH operator to install these and connected to my ordinary TV with AV cable set. This is the only investment. DD transmits 146 channels, of which around 60 are for education. There is no other expenditure other than electricity. Precious EMMRC classes run, say on differential linear equations ( Mathematics lecture 24 Kanpur IIT) useful for Physics/ Chemistry…runs 24 hours
    For locations without electricity solar panels may be a solution. We at our home use ‘SPARKEL SMART UPS solar 12V 12AH inbuilt battery with a solar panel of about 5’X 3’. and get 12 W to use 3 bulbs. (http://www.sparkelindia.com/solarhomeupsportable.html). I do not know the wattage (of electricity) required for a TV screen. LED TV itself is available for around Rs 6000 (say ASHER), which , wit a VGA terminal may connect to a computer , even to copy the classes and reproduce, subject to copyright).
    Unfortunately VICTERS is available ony on other cable/DTH/Reliance mobile, all of which require subscription. Though I had mailed to education minister 2 years back VICTERS did not appear on DD. Gujarat has separate channels for each standard. There are 16 MHRD channels, but without specific schedules, trimmed from 33 channels. No Since last November MHRD has introduced another 50 channels (but not free to air, may be encrypted).
    Prasar Bharati had invited quotations for uploading channels by 31.03.2021.
    I hope some reader may arrange to connect a tribal, without mobile, and arrange for his free VICTERS classes without payaing money, say through a library/ PHC/ LKG centres.
    Ramachandran P K

Leave a Reply

Previous post കോവിഡും ഗന്ധവും
Next post 1967 ജനുവരി 27-അപ്പോളോ 1ന് എന്ത് സംഭവിച്ചു?
Close