Home » വീഡിയോ » ഡോക്യുമെന്ററി » നാം മറന്ന അന്നാ മാണി

നാം മറന്ന അന്നാ മാണി

ഡോ. ബി. ഇക്ബാൽ

ആസൂത്രണ ബോര്‍ഡ് അംഗം , എഴുത്തുകാരന്‍

ചന്ദ്രയാൻ -2 ദൗത്യം വിജയത്തിലേക്ക് കുതിക്കുമ്പോൾ അന്തരീക്ഷശാസ്ത്ര പഠനത്തിൽ (Meteorology) മൗലിക സംഭാവന നൽകിയ മലയാളി ശാസ്ത്രജ്ഞ അന്നാ മാണിയെ(1918-2001) സ്മരിക്കാം 

ന്ത്യൻ മീറ്റിയറോളജിക്കൽ ഡിപ്പാർട്ട്മെന്റിൽ നിന്നും ഡപ്യൂട്ടി ഡയറക്ടറായി വിരമിച്ച അന്നാ മാണി അന്തരീക്ഷപഠനത്തിൽ മികച്ച സംഭാവന നൽകിയിരുന്നു. 1963 ൽ തുമ്പയിൽ നിന്നും ആദ്യത്തെ റോക്കറ്റ് വിക്ഷേപണം നടത്തുന്ന അവസരത്തിൽ വിക്രം സാരാഭായിയുടെ ക്ഷണപ്രകാരം കേരളത്തിലെത്തിയ അന്നാ മാണിയും സഹപ്രവർത്തകരുമാണ് വിക്ഷേപണത്തിനാവശ്യമായ അന്തരീക്ഷപഠന സംവിധാനങ്ങൾ ഒരുക്കിയത്.

1918 ആഗസ്റ്റ് 23 നു പീരുമേട്ടിലാണ് അന്നാ മാണി ജനിച്ചത്.അന്നാ മാണി ചെറുപ്പകാലം മുതല്‍ വായനയില്‍ പ്രായത്തില്‍ കവിഞ്ഞ താല്‍പ്പര്യം കാട്ടിയിരുന്നു. എട്ടാമത്തെ വയസ്സില്‍ വീട്ടിനടുത്തുണ്ടായിരുന്ന ഗ്രാമീണ വായനശാലയിലെ എല്ലാ മലയാള പുസ്തകങ്ങളും അന്ന വായിച്ചു തീര്‍ത്തിരുന്നു. ഒരിക്കല്‍ ജന്മദിന സമ്മാനമായി അച്ഛന്‍ നല്‍കിയ വൈരക്കമ്മല്‍ നിരസിച്ചുകൊണ്ട് തനിക്ക് എന്‍സൈക്ലോപീഡിയ ബ്രിട്ടാനിക്കാ മതിയെന്നാണത്രെ അന്ന പറഞ്ഞത്. വൈരക്കല്ലുകളുടെ ഭൗതിക സ്വഭാവത്തെക്കുറിച്ചുള്ള പഠനങ്ങളായിരുന്നു പില്‍ക്കാലത്ത് അവര്‍ നടത്തിയ ഗവേഷണ വിഷയങ്ങളിലൊന്ന് എന്നതാണ് രസകരമായ കാര്യം.

Anna Mani
കടപ്പാട് : വിക്കിപീഡിയ

മദ്രാസ്സിലെ പ്രസിഡൻസി കോളേജിൽ നിന്നും 1939 ൽ ഭൗതികശാസ്ത്രത്തിലും രസതന്ത്രത്തിലും ബി.എസ്.സി. ഓണേഴ്സ് ബിരുദം നേടിയ അന്നാ മാണി ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസസിൽ സി.വി.രാമന്റെ ശിക്ഷണത്തിൽ ഗവേഷണം നടത്തി. അന്നവിടെ ഗവേഷകനായിരുന്ന മലയാളിയായ പ്രസിദ്ധ ഭൗതിക ശാസ്ത്രജ്ഞൻ കെ.ആർ.രാമനാഥനും അന്നയുടെ ഗവേഷണ പ്രവർത്തനങ്ങൾക്ക് പ്രോത്സാഹനം നൽകി.  ഓണേഴ്സ് ഡിഗ്രി  പോസ്റ്റ് ഗ്രാഡ്വേറ്റ് ഡിഗ്രിയായി കണക്കാക്കാൻ പറ്റില്ലെന്ന് പറഞ്ഞ് അന്നയ്ക്ക് മദ്രാസ് സർവ്വകലാശാല ഡോക്ടറേറ്റ് നൽകാൻ വിസമ്മതിച്ചു. എന്നാൽ ഗവേഷണത്തിന്റെ മൗലികത കണക്കിലെടുത്ത് ഇപ്പോഴും ബാംഗ്ലൂരിലെ രാമൻ ആർക്കൈവ്സിൽ അന്നയുടെ പ്രബന്ധം സൂക്ഷിച്ചിട്ടുണ്ട്.

അന്ന മാണി സ്വിറ്റ്സര്‍ലാന്‍ഡില്‍
Anna Mani in Payeme, Switzerland, 1956. | World Meteorological Organization കടപ്പാട് : Scroll.in

ലണ്ടനിലെ ഇമ്പീരിയൽ കോളേജിൽ നിന്നും അന്തരീക്ഷപഠനത്തിൽ ഉപരിപഠനം നടത്തി ഇന്ത്യയിൽ തിരികെ എത്തിയ അന്നാ മാണി ഇന്ത്യൻ മീറ്റിരിയോളജിക്കൽ ഡിപ്പാർട്ട്മെന്റിൽ ചേരുകയും 1976ൽ ഡപ്യൂട്ടി ഡയറക്ടറായി ജോലിയിൽ നിന്നും വിരമിക്കയും ചെയ്തു. ഇക്കാലയളവിൽ ഇന്ത്യൻ അന്തരീക്ഷപഠനത്തിൽ അന്നാ മികച്ച സംഭാവനകൾ നൽകയും ഒട്ടനവധി നവീന മേഖലകളിലേക്ക് അന്തരീക്ഷ ശാസ്ത്രജ്ഞരുടെ ശ്രദ്ധയാകർഷിക്കയും ചെയ്തു. അക്കാലത്ത് അന്തരീക്ഷപഠനത്തിനുള്ള പ്രാഥമിക ശാസ്തീയ ഉപകരണങ്ങൾ ഒന്നും തന്നെ ഇന്ത്യയിൽ നിർമ്മിച്ചിരുന്നില്ല. ഉപകരണങ്ങളെല്ലാം വലിയ വില നൽകി വിദേശത്ത് നിന്നും ഇറക്കുമതി ചെയ്യുകയായിരുന്നു.

അന്നാ മാണിയുടെ നേതൃത്വത്തിൽ അന്തരീക്ഷപഠന ഉപകരണങ്ങൾ ഇന്ത്യയിൽ തന്നെ നിർമ്മിക്കാനുള്ള പദ്ധതി ആരംഭിച്ചു. മാത്രമല്ല ഇതോടൊപ്പം ഇന്ത്യൻ ഉപകരണങ്ങള്‍ മാനകീകരിക്കുന്നതിനുള്ള (Standardisation)  നിർണ്ണയിക്കുന്നതിനുള്ള സംരംഭത്തിനും തുടക്കം കുറിച്ചു. ഇതിന്റെയെല്ലാം ഫലമയാണ് അന്തരീക്ഷപഠനത്തിൽ ഇന്ത്യക്ക് സ്വയം പര്യാപ്തത കൈവരിക്കാൻ കഴിഞ്ഞത്.. പിൽക്കാലത്ത് ബഹിരാകാശ ഗവേഷണ മേഖലയിൽ ഇന്ത്യ കൈവരിച്ച നേട്ടങ്ങളുടെയെല്ലാം അടിസ്ഥാനം കെട്ടിപ്പടുത്തതിന്റെ പൂർണ്ണമായ ബഹുമതിയും അന്നാമാണിക്കവകാശപ്പെട്ടതാണ്.

ഓസോണ്‍ പാളിയെ സംബന്ധിച്ചു നടത്തിയ ഗവേഷണങ്ങളാണ് അന്നാ മാണിയുടെ മറ്റൊരു പ്രധാനപ്പെട്ട സംഭാവന. അന്തരീക്ഷ ഘടനയില്‍ ഓസോണിനുള്ള പ്രാധാന്യത്തെപ്പറ്റി അന്നാ മാണി നടത്തിയ നിരീക്ഷണങ്ങള്‍ ശാസ്ത്രലോകം തിരിച്ചറിഞ്ഞത് പിന്നെയും രണ്ടു പതിറ്റാണ്ടുകള്‍ക്ക് ശേഷം മാത്രമായിരുന്നു. അന്നാ മാണിയുടെ സംഭാവനകള്‍ക്കുള്ള അംഗീകാരമായി അവരെ അന്താരാഷ്ട്ര ഓസോണ്‍ കമ്മീഷനില്‍ അംഗത്വം നല്‍കി ബഹുമാനിക്കുകയുണ്ടായി.

സൗരോർജ്ജ വികിരണത്തെ സംബന്ധിച്ച് അന്നാ മാണി രചിച്ച രണ്ട് ഗ്രന്ഥങ്ങൾ (Hand Book of Solar Radiation Data for India 1980, Solar Radiation Over India 1981) ഇന്നും ഈ വിഷയത്തിൽ ലഭ്യമായ ഏറ്റവും മികച്ച ശാസ്ത്ര ഗ്രന്ഥങ്ങളാണ്. ഇന്ത്യയിലെ പവനോർജ്ജ സാധ്യതയെ സംബന്ധിച്ച് അവർ ശ്രദ്ധേയമായ മറ്റൊരു ഗ്രന്ഥവും (Wind Energy Data of India 1983) പ്രസിദ്ധീകരിച്ചിരുന്നു. കാലാവസ്ഥയും ഭൂപ്രകൃതിയും അനുസരിച്ച് ഇന്ത്യയിലെ സൗരപവനോര്‍ജ ലഭ്യതാ പ്രദേശങ്ങള്‍ അവര്‍ തിട്ടപ്പെടുത്തി. എഴുനൂറോളം പവനോര്‍ജ സാധ്യതാ കേന്ദ്രങ്ങള്‍ ഇന്ത്യയില്‍ വിവിധ സംസ്ഥാനങ്ങളിലായി അവര്‍ അടയാളപ്പെടുത്തുകയുണ്ടായി. ജോലിയില്‍ നിന്ന് വിരമിച്ച ശേഷം ബാംഗ്ലൂരില്‍ സൗരോര്‍ജവും പവനോര്‍ജവും അളക്കുന്നതിനുള്ള ലളിതമായ ഉപകരണങ്ങള്‍ നിര്‍മിക്കുന്നതിനുള്ള ഒരു ഫാക്ടറി അവര്‍ സ്ഥാപിച്ചിരുന്നു. ഇന്റർനാഷണൽ റേഡിയേഷൻ കമ്മീഷൻ, ഇന്ത്യൻ നാഷണൽ സയൻസ് അക്കാദമി, ഇന്ത്യൻ അക്കാദമി ഓഫ് സയൻസസ് എന്നിവയിൽ അംഗമായിരുന്നതിന് പുറമേ അവർ അഞ്ചുവർഷത്തോളം കറന്റ് സയൻസ് അക്കാദമി പ്രസിഡന്റുമായിരുന്നു.

സാമൂഹ്യപ്രശ്‌നങ്ങളോട് സജീവമായി പ്രതികരിച്ചിരുന്ന ഒരു മനസ്സിന്റെ ഉടമ കൂടിയായിരുന്നു അന്നാ മാണി. വളരെ ചെറുപ്രായത്തില്‍ തന്നെ വൈക്കം സത്യാഗ്രഹസമരം അവരെ സ്വാധീനിച്ചിരുന്നു. ഗാന്ധിജിയുടെ ഒരു ആരാധികയായിരുന്ന അന്ന സ്വജീവിതത്തില്‍ ഗാന്ധിയന്‍ മൂല്യങ്ങള്‍ പിന്തുടര്‍ന്നിരുന്നു. ജീവിതാവസാനം വരെ ഖദര്‍ വസ്ത്രം മാത്രമേ അവര്‍ ഉപയോഗിച്ചിരുന്നുള്ളൂ. പില്‍ക്കാലത്ത് അവര്‍ ഇടതുപക്ഷ രാഷ്ട്രീയ പ്രസ്ഥാനങ്ങളോട് കൂടുതല്‍ ആഭിമുഖ്യം കാണിച്ചു. തികച്ചും മതേതര മൂല്യങ്ങള്‍ സ്വജീവിതത്തില്‍ പുലര്‍ത്തിയിരുന്ന അന്ന ഒരു അജ്ഞേയ വാദിയായി അറിയപ്പെടാനാണ് ആഗ്രഹിച്ചിരുന്നത്. 2001 ആഗസ്റ്റ് 16നു ആ മഹാപ്രതിഭ തിരുവനന്തപുരത്ത് വച്ച് നിര്യാതയായി. അവരുടെ ആഗ്രഹ പ്രകാരം മരണാനന്തരം മതപരമായ ചടങ്ങുകളില്ലാതെയാണ് അന്ത്യകര്‍മങ്ങള്‍ നിര്‍വഹിച്ചത്. പ്രശസ്ത മലയാളി ശാസ്ത്രജ്ഞ ഇ.കെ. ജാനകിയമ്മാളിനെ പോലെ ശാസ്ത്രത്തെ ജീവിത പങ്കാളിയായി വരിച്ച അന്നാ മാണിയും അവിവാഹിതയായിട്ടാണ് ജീവിച്ചത്.

അന്ന മാണിയുടെ ജീവിതവും സംഭാവനകളും വിഷയമാക്കി  Vigyan Prasar തയ്യാറാക്കിയ Weathering Heights Anna Mani ഡോകുമെന്ററി കാണാം 

 

Solar Glass

Check Also

ഇലക്ട്രോണും സ്റ്റാൻഡേർഡ് മോഡലും

കേവലം അണുവെന്ന ആശയത്തിൽ കുടുങ്ങിക്കിടന്ന ദ്രവ്യപ്രപഞ്ചഘടന പിളർന്നു വിശാലമായി സ്റ്റാൻഡേർഡ് മോഡലിലേക്കു വഴി തുറക്കാനിടയായ ആദ്യകണം ഇലക്ട്രോൺ ആണ്. അതുകൊണ്ടാണ് നമ്മുടെ കണങ്ങളുടെ കഥ ഇലൿട്രോണിൽ നിന്നും ആരംഭിക്കുന്നത്..

Leave a Reply

%d bloggers like this: