Read Time:10 Minute
ഇക്ബാൽ ബി.
ഡോ. ബി. ഇക്ബാൽ

ലോകത്തെ ഏറ്റവും മികച്ച കമ്പ്യൂട്ടറുകളെ അതിശയിക്കുന്ന സങ്കീർണ്ണമായ പ്രവർത്തനങ്ങളാണ് തലച്ചോറ് നടത്തുന്നത്. മസ്തിഷ്കത്തിന്റെയും കമ്പ്യൂട്ടറുകളുടെയും പ്രവർത്തനങ്ങളെ താരതമ്യം ചെയ്താൽ ധാരാളം വ്യത്യാസങ്ങൾ കാണാൻ കഴിയും. കമ്പൂട്ടർ പ്രവർത്തിക്കുന്നത് വൈദ്യുത തരംഗങ്ങളിലൂടെയൂടെയാണ്. തലച്ചോറിലും വൈദ്യത തരംഗങ്ങൾ വിനിമയം ചെയ്യപ്പെടുന്നുണ്ട്. എങ്കിലും തലച്ചോറിലെ സന്ദേശങ്ങൾ ന്യൂറോണുകൾ കൈമാറുന്നത് നാഡീ പ്രേക്ഷകങ്ങളെന്ന രാസപദാർത്ഥങ്ങളിലൂടെയാണ്. ചിപ്പുകളുടെ എണ്ണത്തിലുള്ള വർധനവിലൂടെയാണ് കമ്പൂട്ടറുകൾ ഓർമ്മ (Memory) ശക്തി വർധിപ്പിക്കുന്നത് തലച്ചോറിലാണെങ്കിൽ കൂടുതൽ സൈനാപ്റ്റിക ബന്ധം സ്ഥാപിച്ചും ഉള്ളവയുടെ ദൃഢത ശക്തിപ്പെടുത്തികൊണ്ടുമാണ് ഓർമ്മ കൂട്ടുന്നത്. തലച്ചോറ് പുതിയ കാര്യങ്ങൾ അതിവേഗം പഠിക്കുന്നു. മുൻകൂട്ടി തയ്യാറാക്കിയ പ്രോഗാം അനുസരിച്ച് പ്രവർത്തിക്കാനുള്ള കഴിവ് മാത്രമാണ് കമ്പ്യൂട്ടറുകൾക്ക് ഉള്ളത്. ചുറ്റുപാടും കാണുന്ന കാര്യങ്ങളെയും വിവരങ്ങളെയും വിശകലനം ചെയ്യാനും പുതിയ കാര്യങ്ങൾ സങ്കല്പിക്കാനും ആവിഷ്കരിക്കാനും സർഗ്ഗപരമായ പ്രവർത്തനങ്ങളിലേർപ്പെടാനും തലച്ചോറിന് കഴിയുന്നു. സോഫ്റ്റ് വെയർ നിർദ്ദേശമനുസരിക്കാൻ പ്രവർത്തിക്കാൻ മാത്രമേ കമ്പൂട്ടറിന് കഴിയൂ. പുതിയ ഹാർഡ് വെയറുകളും സൊഫ്റ്റ് വെയറുകളും കണ്ടുപിടിക്കുന്നതിലൂടെ കമ്പ്യൂട്ടറുകൾ നിരന്തരം നവീകരിക്കപ്പെട്ട് കൊണ്ടിരിക്കയാണ്. മനുഷ്യ തലച്ചോറിൽ വളരെ സാവകാശം അനേകം വർഷങ്ങൾ കൊണ്ട് പരിണാമപരമായി മാത്രമാണ് മാറ്റങ്ങൾ വരിക. പ്രവർത്തിക്കാൻ തലച്ചോറിന് ഓക്സിജനും കാർബോഹൈഡ്രറ്റുമാണ് ആവശ്യമെങ്കിൽ കമ്പൂട്ടറുകൾ പ്രവർത്തിക്കുന്നത് വിദ്യുശ്ചക്തിയുടെ സഹായത്തോടെയാണ്. തലച്ചോറ് ഉറക്കത്തിലും ഉണന്നിരിക്കുമ്പോഴുമെല്ലാം നിരന്തരം പ്രവർത്തിച്ച് കൊണ്ടിരിക്കുന്നു. എന്നാൽ കമ്പൂട്ടറുകൾ ആവശ്യമുള്ള അവസരത്തിൽ ഓൺചെയ്യുമ്പോൾ മാത്രമേ പ്രവർത്തിക്കേണ്ടതുള്ളു. കമ്പ്യൂട്ടറുകളെ കുറിച്ച് കമ്പൂട്ടർ വിദഗ്ദർക്ക് വ്യക്തമായ ധാരണയുണ്ട്. എന്നാൽ അനേകായിരം ഗവേഷകർ തലച്ചോറിന്റെ പ്രവർത്തനങ്ങളെ പറ്റി പഠനം നടത്തി വരികയാണെങ്കിലും തലച്ചോറിനെ പൂർണ്ണമായും മനസ്സിലാക്കാൻ നമുക്കിതു വരെ കഴിഞ്ഞിട്ടില്ല. തലച്ചോറിനെ പറ്റി നമുക്കറിയാവുന്നതിലുമപ്പുറമാണ് അജ്ഞാതമായ വിവരങ്ങൾ. ഇതൊക്കെയാണെങ്കിലും ഒരു കാര്യത്തിൽ കമ്പ്യൂട്ടറും തലച്ചോറും തമ്മിൽ സാദൃശ്യമുണ്ടെന്ന് പറയാം. തലച്ചോറിനെ പോലെ കമ്പ്യൂട്ടറുകളെയും വൈറസ് രോഗം ബാധിക്കാറുണ്ട്!!!! . മസ്തിഷ്കത്തിലെ നാഡീവ്യൂഹ ശ്രംഖലയുടെ (Neural Network) മാതൃകയിൽ കമ്പൂട്ടറുകളുടെ ഘടനയും പ്രവർത്തന രീതിയും പരിഷ്കരിക്കാനും അതു വഴി തലച്ചോറിന്റെ ചില ഗുണങ്ങൾ കമ്പ്യൂട്ടറുകളിലെത്തിക്കാനുമുള്ള ശ്രമങ്ങൾ വിജയിച്ച് വരുന്നുണ്ട്.

മനുഷ്യ മസ്തിഷ്കം പോലൊരു ചിപ്പ്

മനുഷ്യ മസ്തിഷ്കം പോലെ ചടുലമായി പ്രവർത്തിക്കുന്ന ഒരു കമ്പൂട്ടർ നിർമ്മിക്കാനുള്ള തയാറെടുപ്പിലാണ് ശാസ്ത്രലോകം. കമ്പ്യൂട്ടറിന് മനുഷ്യ മസിത്ഷകത്തിന്റെ വേഗത നൽകുന്ന മൈക്രോചിപ്പ് എതാണ്ട് തയ്യാറായി കഴിഞ്ഞിട്ടുണ്ട്. ന്യൂറോഗ്രിഡ് എന്ന പേരുള്ള ചിപ്പിന് ഒരു ഐപാഡിന്റെ വലിപ്പമാണുള്ളത്. ലക്ഷക്കണക്കിന് ന്യൂറോണുകളെയും കോടിക്കണക്കിന് സിനാപ്സുകളെയും ഉത്തേജിപ്പിക്കാൻ പ്രാപ്തിയുള്ളതാണ് ഈ ചിപ്പ്. മനുഷ്യ മസ്തിഷ്കത്തെ കുറിച്ച്‌ കൂടുതൽ മനസിലാക്കാനും മസ്തിഷ്ക സർക്യൂട്ടുകളുടെ മാതൃകയിലുള്ള പുതിയ തരത്തിലുള്ള കമ്പ്യൂട്ടിങ്ങിനും ന്യൂറോഗ്രിഡുകൾ സഹായിക്കും. തളർച്ച ബാധിച്ചവരുടെ കൃത്രിമ കൈകൾ നിയന്ത്രിക്കാൻ ന്യൂറോഗ്രിഡ് പ്രയോജനപ്പെടുത്താനുള്ള സാധ്യതകൾ ശാസ്ത്രജ്ഞർ പരിശോധിച്ച്‌ വരികയാണ്. മസ്തിഷ്കത്തിന് അമിത ജോലിഭാരം നൽകാതെ തന്നെ മസ്തിഷ്കത്തിൽ നിന്നുള്ള സിഗ്നലുകൾ കൈകളുടെ ചലനമായി രൂപാന്തരം ചെയ്യാൻ ചിപ്പിന് സാധിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്.

കൃത്രിമ ബുദ്ധി, യന്ത്ര മനുഷ്യൻ

കൃത്രിമ ബുദ്ധി (Artificial Intelligence) വികസിപ്പിച്ചെടുക്കുന്നതിലും റോബോട്ട് (Robot: യന്ത്രമനുഷ്യൻ) സാങ്കേതിക വിദ്യയിലും അടുത്തകാലത്തുണ്ടായ വമ്പിച്ച പുരോഗതി പ്രതീക്ഷകൾക്കൊപ്പം ആശങ്കകൾക്കും കാരണമായിട്ടുണ്ട്. ജനിതകം, നാനോടെക്ക്നോളജി, റോബോട്ടിക്സ്, സൈബർനെറ്റിക്സ് (Genetics, Nanotechnology, Robotics, Cybernetics) എന്നീ ശാസ്ത്ര ശാഖകളിലുണ്ടായി കൊണ്ടിരിക്കുന്ന ഗവേഷണങ്ങളാണ് കൃത്രിമബുദ്ധിയുടെ വികാസ സാധ്യത വർധിപ്പിച്ചിട്ടുള്ളത്. വീട്ടിലേയും കടകളിലെയും സാധാരണ ജോലികൾ മുതൽ വ്യവസായശാലകളിലെ നിർമ്മാണ പ്രവർത്തനങ്ങളും സങ്കീർണ്ണമായ ശസ്ത്രക്രിയകളും വരെ റോബോട്ടുകളുടെ സഹായത്തോടെ നിർവഹിക്കാൻ ഇപ്പോൾ കഴിയുന്നുണ്ട്. റോബോട്ടുകളുടെ ഉപയോഗം വ്യാപകമാവുന്നതോടെ മനുഷ്യാധ്വാനം ഒഴിവാക്കാൻ കഴിയുന്നത് തൊഴിലില്ലായ്മയും സാമൂഹ്യാസമത്വങ്ങളും വർധിപ്പിക്കുമെന്ന വിമർശനം ഉയർന്നു വന്നിട്ടുണ്ട്. അധ്വാന ഭാരം ലഘൂകരിക്കുന്നത് വഴിയും മനുഷ്യന് ഫലപ്രദമായി നിർവഹിക്കാൻ കഴിയാത്ത കഠിനവും സങ്കീർണ്ണതയും കൂടുതലുള്ള ജോലികൾ എറ്റെടുക്കാൻ കഴിയുന്നത് വഴിയും റോബോട്ടുകൾ സാമൂഹത്തിന് പ്രയോജനകരമാണെന്ന് വാദിക്കുന്നവരുമുണ്ട്.

കൃത്രിമ ബുദ്ധി വികസിപ്പിച്ചെടുക്കുന്നതിലൂള്ള ഗവേഷണങ്ങൾ കൂടുതൽ ഫലപ്രദമാകുന്നതോടെ, കൂടുതൽ ബോധവും ബുദ്ധിയുമുള്ള റോബോട്ടുകൾ നിർമ്മിക്കപ്പെടുമെന്നും അതോടെ മനുഷ്യരാശിയുടെ തന്നെ അന്ത്യം സംഭവിക്കുമെന്നും ആശങ്ക പ്രകടിപ്പിക്കുന്ന അശുഭാപ്തി വിശ്വാസികൾ ഏറെയുണ്ട്. അമേരിക്കൻ കമ്പൂട്ടർ വിദഗ്ദനായ വില്യം ജോയിയാണ് (William Nelson Joy) ഇത്തരം റോബോട്ടിക്ക് വിരുദ്ധരിൽ പ്രമുഖൻ. എന്ത് കൊണ്ട് ഭാവിയിൽ മനുഷ്യരെ ആവശ്യമില്ലാതെ വരും എന്നൊരു പ്രകോപനപരമായ ലേഖനവും (Why the future doesn’t need us: Wired Magazine: 2000) ജോയി എഴുതിയിട്ടുണ്ട്. ജി എൻ ആർ (GNR: Genetics, Nanotechnology, Robotics) സാങ്കേതിക വിദ്യകളും ഗവേഷണവും ഉപേക്ഷിക്കണമെന്നാണ് അദ്ദേഹം അഭിപ്രായപ്പെടുന്നത്.

ഇതിൽ നിന്നും വ്യത്യസ്ഥമായി ചിന്തിക്കുന്ന അമേരിക്കൻ കമ്പൂട്ടർ ശാസ്ത്രജ്ഞനായ റേമണ്ട് കർസ് വീൽ (Raymond  Kurzweil) കൃത്രിമ ബുദ്ധിയുടെയും റോബോട്ടിക്സിന്റെയും അനന്തമായ സാധ്യതകളെ ശുഭാപ്തി വിശ്വാസത്തോടെ കാണുന്നു. ഓർമ്മകളെയും ചിന്തകളെയും റോബോട്ടുകളിലേക്ക് ഡോൺ ലോഡ് ചെയ്ത് ഭാവിയിൽ മനുഷ്യർക്ക് അമർത്യത കൈവരിക്കാൻ കഴിയുമെന്ന് കർസ് വീൽ കരുതുന്നു. മനുഷ്യ ബുദ്ധിയുടെയും ഇതര കഴിവുകളുടെയും പരിമിതികൾ മുറിച്ച് കടക്കാനും സമ്പുഷ്ടമാക്കാനും കൃത്രിമ ബുദ്ധി തുടങ്ങിയ സാങ്കേതിക വിദ്യകളെ പ്രയോജനപ്പെടുത്തണമെന്ന് വാദിക്കുന്ന അന്തർമാനവികതാ (Transhumanism) പ്രസ്ഥാനത്തിന്റെ വക്താക്കളിൽ പ്രമുഖനാണ് കർസ് വീൽ. ദി ഏജ് ഓഫ് ഇന്റലിജന്റ് മെഷീൻ, ദി ഏജ് ഓഫ് സ്ഫിരിച്വൽ മെഷീൻ The Age of Intelligent Machines: 1990, The Age of Spiritual Machines 1999) എന്നീ വളരെ പ്രസിദ്ധങ്ങളായ ശാസ്ത്രസാഹിത്യ ഗ്രന്ഥങ്ങൾ കർസ് വീൽ എഴുതിയിട്ടുണ്ട്. അടുത്ത കാലത്ത് കർസ് വീൽ എഴുതിയ ഹൌ റ്റു ക്രിയേറ്റ് എ മൈൻഡ് ( How to Create a Mind: The Secret of Human Thought 2012) തലച്ചോറീന്റെ മാതൃക പ്രയോജനപ്പെടുത്തി കൃത്രിമഅതിബുദ്ധി (Artificial Super Intelligence) രൂപപ്പെടുത്താൻ കഴിയുമെന്ന് പ്രവചിക്കുന്നുണ്ട്.


Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post നാം മറന്ന അന്നാ മാണി
Next post വരുന്നൂ ശാശ്വത സൂക്ഷ്മാണു പ്രധിരോധകുപ്പായങ്ങൾ
Close