Read Time:14 Minute

1906 ൽ അലോയ്‌സ് അൽഷിമേർസ് എന്ന ജർമ്മൻ സൈക്യാട്രിസ്റ്റ് മാനസികരോഗ ലക്ഷണങ്ങളുമായി മരണപ്പെട്ട ഒരു സ്ത്രീയുടെ തലച്ചോറിൽ ചില പ്രത്യേക വ്യത്യാസങ്ങൾ കണ്ടെത്തി . അവിടെ നിന്നാണ് അൽഷിമേർസ് രോഗത്തിന്റെ ചരിത്രം തുടങ്ങുന്നത്. ഇന്ന് സെപ്റ്റംബർ 21 ലോക അൽഷിമേർസ് ദിനമാണ്. അൽഷിമേർസ് രോഗത്തെ കുറിച്ചുള്ള ചില കാര്യങ്ങളിതാ.

എനിക്ക് മറവിയുണ്ട് . അൽഷിമേർസ് ആകാമോ?

തലച്ചോറിന്റെ സങ്കീർണ്ണമായ പ്രവർത്തനങ്ങൾ പതിയെ നശിക്കുന്ന ഡിമൻഷ്യ എന്ന രോഗങ്ങളിൽ പെട്ട രോഗമാണ് അൽഷിമേർസ് രോഗം. പതിയെപതിയെ കാര്യങ്ങൾ മറന്നു തുടങ്ങുന്നതാണ് ഇതിന്റെ ആദ്യ ലക്ഷണങ്ങളിലൊന്ന് ,പുതിയ കാര്യങ്ങൾ പഠിക്കാനുള്ള ശേഷിയാണ് കുറഞ്ഞു തുടങ്ങുക,പഴയ കാര്യങ്ങൾ ഓർമ്മയിലുണ്ടാകും .മറവിയെന്നു പറഞ്ഞെങ്കിലും എല്ലാ മറവിയും അൽഷിമേർസ് രോഗമല്ല.

താഴെ പറയുന്ന ചില ലക്ഷണങ്ങൾ നോക്കൂ

 • ദൈന്യംദിന കാര്യങ്ങൾ മറന്നു പോവുക. ഉദാഹരണത്തിന് താക്കോൽ വച്ചത് എവിടെയാണെന്ന് അറിയാതെ തിരഞ്ഞു നടക്കേണ്ടി വരിക.

 • സംഭാഷണത്തിനിടെ വാക്കുകൾകിട്ടാതാവുക,സാധനങ്ങളുടേയും വ്യക്തികളുടേയും പേരുകൾ ഓർമ്മയിൽ കിട്ടാതാവുക.

 • ഈയിടെ നടന്ന പരിപാടികളോ സംഭാഷണങ്ങളോ മറന്നു പോവുക.

 • തിയ്യതികൾ ,അപ്പോയിന്റ്മെന്റുകൾ എന്നിവ ഓർമ്മ വയ്ക്കാൻ കഴിയാതാവുക .

 • പരിചിതമായ സ്ഥലങ്ങളിൽ പോലും വഴി മനസ്സിലാക്കാൻ ബുദ്ധിമുട്ടുണ്ടാവുക.

ഓർമ്മക്കുറവ് എന്നത് പ്രാരംഭഘട്ടത്തിലെ ലക്ഷണമാണെങ്കിലും പതിയെ തലച്ചോറിന്റെ മറ്റു ഭാഗങ്ങളുടെ പ്രവർത്തനങ്ങളും നഷ്ടമായി തുടങ്ങും . അതോടെ മറ്റു പല ലക്ഷണങ്ങളും പ്രകടമാവും.ചില ഉദാഹരണങ്ങളിതാ.

 • അർത്ഥപൂർണ്ണമായ സംഭാഷണം ബുദ്ധിമുട്ടാവുന്നു. ഒരേ കാര്യം തന്നെ പല വട്ടം പറയുക. ആവശ്യങ്ങൾ കൃത്യമായി അവതരിപ്പിക്കാൻ കഴിയാതാവുക

 • കാര്യങ്ങൾപ്ലാൻ ചെയ്യാനുംചിട്ടയായി ചിന്തിക്കാനും കഴിയാതിരിക്കുക.

 • പാചകം പോലെ സങ്കീർണ്ണമായ ജോലികൾ കഴിയാതെയാവുന്നത് സാധാരണയായി കണ്ടുവരുന്ന പ്രശ്നമാണ് .

 • വ്യക്തിയുടെ തീരുമാനമെടുക്കാനുള്ള കഴിവും പതിയെ നഷ്ടമാവും

 • രോഗത്തിന്റെ പിന്നീടുള്ള ഘട്ടങ്ങളിൽ രോഗി തനിയെ ഭക്ഷണം കഴിക്കാനും മറ്റുമുള്ള കഴിവുകൾ പോലും നഷ്ടപ്പെട്ട് ഏതാണ്ട് പൂർണ്ണമായും മറ്റുള്ളവരെ ആശ്രയിക്കേണ്ടി വരാം.

അൽഷിമേർസ് രോഗത്തിനോടാപ്പം കാണാവുന്ന ചില മാനസികരോഗ ലക്ഷണങ്ങൾ.

ഉറക്കക്കുറവ് ,അകാരണമായ ഭയം , മറ്റുള്ളവരെ സംശയിക്കുക, ദേഷ്യം, പെട്ടെന്ന് കരച്ചിൽ വരിക, വിഷാദരോഗത്തിന്റെ ലക്ഷണങ്ങൾ എന്നിവ ചില രോഗികൾക്ക് ഉണ്ടാവാറുണ്ട്. പലപ്പോഴും ഓർമ്മക്കുറവിനേക്കാൾ മറ്റുള്ളവർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നത് ഈ ലക്ഷണങ്ങളാണ്.

ആർക്കെല്ലാമാണ് രോഗസാധ്യത കൂടുതൽ ?

 • പ്രായം തന്നെയാണ് ഏറ്റവും പ്രധാനമായി രോഗസാധ്യത കൂട്ടുന്നത്. അറുപത്തഞ്ച് വയസ്സ് കഴിഞ്ഞാൽ ഓരോ അഞ്ചുവർഷവും രോഗസാധ്യത ഇരട്ടിയായി കൊണ്ടിരിക്കും.

 • പുരുഷൻമാരേക്കാൾ സ്ത്രീകളിലാണ് കൂടുതൽ രോഗസാധ്യത.

 • മറ്റു പല രോഗങ്ങളെ പോലെ തന്നെ അടുത്ത ബന്ധുക്കൾക്ക് രോഗം വന്നിട്ടുണ്ടെങ്കിൽ മറ്റുള്ളവരെ അപേക്ഷിച്ച് രോഗസാധ്യത കൂടുതലാണ്. എങ്കിലും കൃത്യമായി പ്രവചിക്കുവാൻ കഴിയില്ല. വളരെ അപൂർവ്വമായി ജനിതക പ്രത്യേകതകൾ കാരണം തലമുറകളായി രോഗം കാണപ്പെടുന്ന കുടുംബങ്ങളുണ്ട്.

 • ഡൗൺ സിൻഡ്രോം എന്ന ജനിതകാവസ്ഥയുള്ള വ്യക്തികൾക്കും രോഗസാധ്യത കൂടുതൽ ആണ്.

 • മാനസികമായി വളരെ സജീവമായിരിക്കുന്നവർക്ക് രോഗസാധ്യത കുറവാണ് എന്നാണ് കണ്ടെത്തൽ.

രോഗനിർണ്ണയം എങ്ങനെയാണ് ?

നേരത്തെയുള്ള രോഗനിർണ്ണയം പ്രധാനമാണ്. ലക്ഷണങ്ങൾ വിശദമായി അറിയാനും അതിനനുസരിച്ച് നിർദ്ദേശങ്ങൾ നൽകാനും ഇത് സഹായിക്കും . രോഗിക്ക് മുന്നോട്ടുള്ള ജീവിതം പ്ലാൻ ചെയ്യാനും കഴിയും.

അൽഷിമേർസ് രോഗലക്ഷണങ്ങളുമായി എത്തുന്ന രോഗിക്ക് ഓർമ്മയുടെ പല ടെസ്റ്റുകളും തലയുടെ സ്കാനും അതോടൊപ്പം മറവിക്ക് വേറെ കാരണങ്ങൾ ഉണ്ടോ എന്ന് നോക്കുന്നതിനായി രക്തപരിശോധനയും ചെയ്തു നോക്കിയാണ് രോഗം നിർണ്ണയിക്കുന്നത്.

രോഗത്തിന് ചികിത്സയില്ലേ? പൂർണ്ണമായി മാറ്റാമോ?

തലച്ചോറിലെ ഓരോ ഭാഗങ്ങളായി ചുരുങ്ങുന്ന അവസ്ഥയാണിതെന്ന് ലളിതമായി പറയാം.അതായത്, ഒരു ജീവിത കാലം കൊണ്ട് പടിപടിയായി ആർജ്ജിച്ചെടുത്ത വലുതും ചെറുതുമായ കഴിവുകൾ പടിപടിയായി നഷ്ടപ്പെട്ടുപോവുന്ന ഒരു അവസ്ഥ.അവസാനം രോഗി ഒരു കൊച്ചു കുഞ്ഞിനെ പോലെ നിസ്സഹായയാവുന്നതാണ് രോഗത്തിന്റെ സ്വാഭാവിക ഗതി.

 • രോഗത്തിന്റെ സ്വാഭാവിക പുരോഗതിയെ പതുക്കെയാക്കാൻ മാത്രമേ മരുന്നുകൾ കൊണ്ടു സാധിക്കൂ . രോഗിയെ പൂർണ്ണമായി പഴയ പോലെയാക്കാൻ മരുന്നുകൾക്കാവില്ല .
 • വളരെയധികം പുരോഗമിച്ചു കഴിഞ്ഞാൽ രോഗത്തിന് മരുന്നുകൾ നൽകുന്നതിൽ കാര്യം ഇല്ല .
 • രോഗത്തിന്റെ കൂടെയുണ്ടാകാവുന്ന മാനസിക രോഗ ലക്ഷണങ്ങൾ നിയന്ത്രിക്കാനും പലവിധത്തിലുള്ള മരുന്നുകൾ ഉണ്ട്.

മരുന്നുകളല്ലാതെ എന്തെല്ലാം ചെയ്യണം ?

 • രോഗിയെ കഴിയുന്നത്ര സന്തോഷത്തിൽ കഴിയാൻ അനുവദിക്കുക. പ്രിയപ്പെട്ടവരുടെ കൂടെയിരിക്കുന്നത് അകാരണമായ ഭയം ഒഴിവാക്കും.
 • ശരീരികമായും മാനസികമായും സാമൂഹികമായും സജീവമാകുക.
 • ആരോഗ്യകരമായ ഭക്ഷണരീതികളും വ്യായാമവും ശീലമാക്കുക
 • ഇഷ്ടപ്പെട്ട പാട്ടു കേൾക്കുക , പസിലുകൾ കളിക്കുക, ക്രാഫ്റ്റ്, കലകൾ തുടങ്ങിയവയിൽ ഏർപ്പെടുക എന്നതെല്ലാം ആരംഭഘട്ടത്തിൽ പ്രത്യേകിച്ച് സഹായകമാവും.
 • മറ്റു രോഗങ്ങളുണ്ടെങ്കിൽ ശരിയായ ചികിത്സ നൽകണം
 • പ്രിയപ്പെട്ട ആൽബങ്ങൾ, ഫോട്ടോകൾ എന്നിവ കാണാനും സുരക്ഷിതമായി യാത്ര ചെയ്യാനും സമയം കണ്ടെത്താം
 • രോഗിക്കു വേണ്ടി എന്തെല്ലാം ചെയ്യണം എന്നത് സാമാന്യവത്കരിക്കാൻ ബുദ്ധിമുട്ടാണ്. എന്താണ് ഏറ്റവും ഉചിതമെന്നും രോഗിയുടെ സമയം ഫലപ്രദമായി എങ്ങനെ വിനിയോഗിക്കാമെന്നതും ഓരോരുത്തർക്കും വ്യത്യസ്തമായിരിക്കും. പരീക്ഷിച്ചു കണ്ടെത്തുകയാണ് വഴി.

അപകടസാധ്യതകൾ

രോഗത്തിന്റെ കാഠിന്യം കൂടുന്തോറും രോഗിയുടെ അപകടസാധ്യത കൂടുതലാണ്. കഴിയാവുന്നത്ര അത് കുറയ്ക്കുക എന്നതാണ് ചെയ്യേണ്ടത്. ചില ഉദാഹരണങ്ങൾ ഇതാ. (രോഗത്തിന്റെ ആദ്യ ഘട്ടത്തിൽ ഇവ പലതും ആവശ്യമായി വരില്ല)

 • സ്ഥിരമായ ഒരു മുറിയുണ്ടാവുന്നതാണ് നല്ലത്. പരിചരിക്കാനുള്ള സൗകര്യാർത്ഥം പല തവണ വീടു മാറുന്നതും പരിചാരകർ മാറുന്നതും രോഗിക്ക് ബുദ്ധിമുട്ടുണ്ടാക്കും
 • രോഗിയുടെ സാധനങ്ങൾ അടുക്കി ,ചിട്ടയായി വയ്ക്കണം . ഒരോന്നിനും പ്രത്യേക സ്ഥാനമുണ്ടെങ്കിൽ അധികം ബുദ്ധിമുട്ടില്ലാതെ എടുത്ത് ഉപയോഗിക്കാം
 • വെളിച്ചവും വായു സഞ്ചാരവും ഉറപ്പു വരുത്തണം.
 • ദൈന്യം ദിന കാര്യങ്ങളിലും ചിട്ടയുണ്ടാവണം. ദിനചര്യയുണ്ടാൽ ആശയക്കുഴപ്പങ്ങൾ ഉണ്ടാകാതെ ശ്രമിക്കാം.
 • സമാധാനമായ അന്തരീക്ഷമാണ് ആവശ്യം. ബഹളങ്ങൾ ഉച്ചത്തിലുള്ള സംസാരങ്ങൾ എല്ലാം പ്രത്യേകിച്ചും അവസാന ഘട്ടത്തിൽ ബുദ്ധിമുട്ടുണ്ടാക്കാം
 • കണ്ണടയോ ശ്രവണസഹായിയോ ഉപയോഗിക്കുന്നുണ്ടെങ്കിൽ അവ കൃത്യമായ പവറിലുള്ളതാണെന്നും പ്രവർത്തനക്ഷമമാണെന്നും ഉറപ്പുവരുത്തണം.
 • പ്രാഥമികാവശ്യങ്ങൾക്ക് പോലും സഹായം വേണ്ടി വന്നേക്കാമെന്നതിനാൽ പോഷകാഹാരം നൽകുക എന്നതും ശുചിത്വം ഉറപ്പു വരുത്തുക എന്നതും പരിചാരകന്റെ കടമയാണ്
 • കട്ടിലിന്റേയോ മേശയുടെയോ ഭാഗങ്ങളിൽ തട്ടി മുറിവേൽക്കാൻ സാധ്യതയുണ്ട്. തുണിയോ അല്ലെങ്കിൽ ഇത്തരം ആവശ്യത്തിന് വിപണിയിൽ ലഭ്യമായ ഷീറ്റുകളോ ഉപയോഗിച്ച് കൂർത്ത ഭാഗങ്ങൾ നന്നായി മൂടി വയ്ക്കണം
 • തറയിൽ വഴുതി വീഴാനുള്ള സാധ്യത മുന്നിൽ കണ്ട് കാർപറ്റുകളോ മാറ്റുകളോ ഉപയോഗിക്കാം. ടോയ്ലറ്റിലും ഇത് ബാധകമാണ്.
 • വാതിലിന്റെ കൊളുത്തുകൾ ഇട്ടതിനു ശേഷം തുറക്കാനാവാതെ ഉള്ളിൽ കുടുങ്ങി ബുദ്ധിമുട്ടുണ്ടാവാം.
 • കോണിപ്പടികളിലും മറ്റും തനിയെ കയറുമ്പോൾ അപകടമുണ്ടാവാം
 • വാതിൽ തുറന്ന് പുറത്ത് പോയി തിരിച്ചു വരാൻ കഴിയാതെ ആവാറുണ്ട്. ഇത് കഴിയുന്നത്ര ശ്രദ്ധിക്കണം.
 • രോഗിയുടെ വിശദാംശങ്ങളും അടുത്ത ബന്ധുവിന്റെ ഫോൺ നമ്പറുമടങ്ങുന്ന ബ്രേസ്ലറ്റോ ലോക്കറ്റോ ധരിപ്പിക്കുന്നതും നല്ലതാണ്. ഏതെങ്കിലും അവസരത്തിൽ പുറത്തു പോയി ബുദ്ധിമുട്ടിയാൽ മറ്റുള്ളവർക്ക് രോഗിയെ സഹായിക്കാൻ എളുപ്പമാകും.
 • തീയുടെ അടുത്തോ വെള്ളക്കെട്ടിന്റെ അടുത്തോ രോഗി തനിയെ പോവുന്നില്ല എന്നുറപ്പു വരുത്തണം.
 • പണം കൈകാര്യം ചെയ്യാനുള്ള ബുദ്ധിമുട്ടുകൾ മറ്റുള്ളവർ ചൂഷണം ചെയ്യാതെ ശ്രദ്ധിക്കുക

അവസാനമായി ഒരു പ്രധാന കാര്യം. രോഗത്തിന്റെ അവസാന ഘട്ടങ്ങളിൽ രോഗിയേക്കാൾ ബുദ്ധിമുട്ടുണ്ടാവുന്നത് പരിചാരകനാണ്. എത്ര അടുത്ത ബന്ധുവാണെങ്കിലും പരിചരിക്കുക എന്നത് ഒരുപാട് മാനസികവും ശാരീരികവുമായ അധ്വാനം വേണ്ട കാര്യമാണ്. അതു കൊണ്ട് ആ വ്യക്തിയുടെ ശാരീരികാരോഗ്യം, മാനസികാരോഗ്യം എന്നിവ ശ്രദ്ധിക്കുന്നതും ആവശ്യമായ വിശ്രമം ലഭിച്ചു എന്ന് ഉറപ്പാക്കുന്നതും എന്തെങ്കിലും ബുദ്ധിമുട്ടുകൾ ഉണ്ടെങ്കിൽ പരിഹരിക്കുന്നതും പ്രധാനമാണ്. രോഗിയുടെ കാര്യങ്ങൾക്കിടയിൽ അതു വിട്ടു പോവാതിരിക്കാൻ ശ്രദ്ധിക്കണം.

രോഗം വരാതിരിക്കാൻ എന്തെങ്കിലും ചെയ്യാനാവുമോ?

രോഗം തടയാൻ നൂറു ശതമാനം ഫലപ്രദമായ മാർഗ്ഗങ്ങൾ ഒന്നും തന്നെ ഇല്ല . എങ്കിലും രോഗസാധ്യത കുറയ്ക്കാൻ ചില കാര്യങ്ങൾ സഹായിച്ചേക്കാം. .

 • ശാരീരികവും മാനസികവും സാമൂഹികവുമായി കഴിയുന്നത്ര സജീവമായിരിക്കുക എന്നതാണ് ഏറ്റവും പ്രധാനം . മധ്യവയസ്സിൽ തുടങ്ങി ആരോഗ്യകരമായ ജീവിത ശൈലി പിന്തുടരുന്നവർക്ക് രോഗസാധ്യത കുറവാണ്.
 • ശാരീരിക ആരോഗ്യത്തെ സംരക്ഷിക്കുന്നതിൽ പ്രധാനം ആരോഗ്യകരമായ ഭക്ഷണവും കൃത്യമായ വ്യായാമവും തന്നെയാണ്.
 • പുകവലി ഉപേക്ഷിക്കുക ,മദ്യം ഉപയോഗിക്കുന്നവർ പരിമിതമായ അളവിൽ മാത്രം ഒതുക്കുക എന്നിവയും പ്രധാനമാണ്.
 • വായനയോ പസിലുകളോ പോലെ മനസ്സിനെ ഉത്തേജിപ്പിക്കുന്ന കാര്യങ്ങൾ തലച്ചോറിനെ സജീവമായി വയ്ക്കാൻ സഹായിക്കും .
 • പ്രമേഹം ,കൊളസ്റ്ററോൾ , ഉയർന്ന രക്തസമ്മർദ്ദം എന്നിവയുണ്ടെങ്കിൽ ഡോക്ടറുടെ സഹായത്തോടെ നിയന്ത്രണവിധേയമാക്കണം


തയ്യാറാക്കിയത് : ജില്ലാ മാനസികാരോഗ്യ പരിപാടി, കോഴിക്കോട്

This poster Designed by: CREATIVE MINDS, Concept : SATHEESH .N

പോസ്റ്ററുകൾ

Happy
Happy
50 %
Sad
Sad
10 %
Excited
Excited
20 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
20 %

One thought on “ഇന്ന് അൽഷിമേഴ്സ് ദിനം – അൽഷിമേഴ്‌സ് രോഗത്തെ കുറിച്ച് അറിയേണ്ട കാര്യങ്ങൾ

Leave a Reply

Previous post ഒരു പേരിലെന്തിരിക്കുന്നു? 
Next post ഓർമ്മയുടെ അറകൾ
Close