Read Time:16 Minute

പ്രണയവിവശയായ ജൂലിയറ്റ് റോമിയോവിനോട് പറയുകയാണ്:
ഒരു പേരിലെന്തിരിക്കുന്നു? പനിനീർ പൂവിനെ എന്ത് പേര് ചൊല്ലി വിളിച്ചാലും അത് നറുമണം പരത്തുമല്ലോ.” പ്രണയത്തിലും യുദ്ധത്തിലും എന്തും സ്വീകാര്യമാണെങ്കിലും ശാസ്ത്രത്തിൽ അങ്ങനെയല്ല. ജീവികളുടെ പേരിടുന്ന കാര്യവും അങ്ങനെ തന്നെ. ശാസ്ത്രീയ നാമങ്ങളിൽ പലതുമിരിക്കുന്നുണ്ട്. കൃത്യമായ നിയമങ്ങൾക്ക്  വിധേയമായാണ് പേരുകളിടുന്നത്. ഉദാഹരണമായി പേരിടലിന്റെ ജന്തുശാസ്ത്ര രീതികൾ പരിശോധിക്കാം.


ലിനയസിന് മുൻപും പിൻപും

ആധുനിക വർഗ്ഗീകരണ ശാസ്ത്രത്തിന്റെ (modern taxonomy) പിതാവെന്ന് അറിയപ്പെടുന്നത് കാൾ ലിനയസ് (Carl Linnaeus) ആണ്. സ്വീഡിഷ് ശാസ്ത്രജ്ഞനായിരുന്ന അദ്ദേഹം ജന്തുശാസ്ത്രജ്ഞൻ , സസ്യശാസ്ത്രജ്ഞൻ, വർഗ്ഗീകരണ ശാസ്ത്രജ്ഞൻ, ഭിഷഗ്വരൻ എന്നീ നിലകളിൽ പ്രശസ്തനാണ്. കൂട്ടത്തിൽ അമൂല്യമായ സംഭാവന നല്കിയത് വർഗ്ഗീകരണ ശാസ്ത്രത്തിന് തന്നെ. അദ്ദേഹത്തിന് മുൻപ് ജീവികളുടെ പേരുകൾക്ക് ഒരു തരത്തിലുമുള്ള ഏകരൂപതയില്ലായിരുന്നു. ഈയൊരു പ്രശ്നത്തിന് പ്രാരംഭമായ പരിഹാരമായത് 1758 ൽ  ലിനയസിന്റെ സിസ്റ്റെമാ നാച്ചുറേയുടെ  (Systerna Naturae) പത്താം പതിപ്പിന്റെ  പ്രസിദ്ധീകരണത്തോടെയാണ്. അതിൽ അദ്ദേഹം ജീവികൾക്ക് പേരിടാനുള്ള ഒരു പുതിയ രീതി ആവിഷ്കരിച്ചു. ബൈനോമിയൽ നൊമൺക്ളേച്ചർ (binomial nomenclature) എന്ന പ്രസ്തുത രീതിയിൽ ഒരു ജീവിയുടെ ശാസ്ത്രീയനാമത്തിന് രണ്ട് ഭാഗങ്ങളുണ്ടാകും. ആദ്യത്തെ ഭാഗം ജീനസിനെയും രണ്ടാമത്തേത് സ്പീഷീസിനെയും സൂചിപ്പിക്കുന്നവയാണ്. ഉദാഹരണത്തിന് മനുഷ്യന്റെ ശാസ്ത്രനാമമായ ഹോമോ സാപ്പിയൻസിൽ ഹോമോ ജീനസ് പേരും സാപ്പിയൻസ് സ്പീഷീസ് പേരുമാണ്. വളരെ വേഗം തന്നെ ഈ രീതി ശാസ്ത്രജ്ഞർക്കിടയിൽ സ്വീകാര്യത നേടി. പത്തൊൻപതാം നൂറ്റാണ്ടായപ്പോഴേക്കും സ്പീഷീസുകളുടെ എണ്ണത്തിൽ അഭൂതപൂർവമായ വിസ്ഫോടനം തന്നെയുണ്ടായി. അപ്പോഴേക്കും യൂറോപ്പ്യൻ കുത്തകയിൽ  നിന്ന് വഴുതിമാറി ശാസ്ത്രഗവേഷണങ്ങൾ  ലോകമാകെ വ്യാപിച്ചു കഴിഞ്ഞിരുന്നു. അതുകൊണ്ടുതന്നെ ഒരേ സ്പീഷീസിന് വിവിധ  രാജ്യങ്ങളിൽ വിവിധങ്ങളായ പേരുകൾ  നല്കപ്പെട്ടു. ഇത് ജന്തുശാസ്ത്ര ഗവേഷണത്തിന് വലിയ പ്രതിസന്ധിയുണ്ടാക്കി. അങ്ങനെയാണ് പേരിടലിനായി പ്രത്യേക നിയമങ്ങളുടെ ആവശ്യകതയെ കുറിച്ചുള്ള ചിന്തകളുണ്ടായത്. പത്തൊൻപതാം നൂറ്റാണ്ടിന്റെ മദ്ധ്യത്തോടെ പലതരത്തിലുള്ള നിയമങ്ങളും പരീക്ഷിച്ചു നോക്കി. 1842 ലെ സ്ട്രിക്ക്ലാൻഡ് കോഡും  (Strickland code), 1881 ൽ  ഹെൻറി ഡൂവിൽ (Henri Douville) രൂപീകരിച്ച കോഡും ഉദാഹരണങ്ങളാണ്. എന്നിട്ടും പ്രശ്നങ്ങൾ തുടരുക തന്നെ ചെയ്തു. 1878 ലും 1881 ലും നടന്ന അന്താരാഷ്ട്ര ഭൂഗർഭശാസ്ത്ര കോൺഗ്രസുകളിൽ (International congress of Geology) ജന്തുക്കളുടെ നാമകരണത്തിന് ആഗോളതലത്തിൽ തന്നെ ഒരു സമവായമുണ്ടാകേണ്ടതിന്റെ ആവശ്യകത ചർച്ച ചെയ്യപ്പെട്ടു. തുടർന്ന് 1889 ൽ നടന്ന ആദ്യത്തെ അന്താരാഷ്ട്ര ജന്തുശാസ്ത്ര കോൺഗ്രസ്സ് (International Congress of Zoology) മുതൽ അതിനുള്ള ശ്രമങ്ങൾ ആരംഭിച്ചു. 1895 ൽ ലീഡനിൽ നടന്ന മൂന്നാം  കോൺഗ്രസ്സിൽ ഒരു നിയമാവലിയുടെ  (Codex) നിർമ്മാണത്തിന് മേൽനോട്ടം വഹിക്കാൻ ഒരു അഞ്ചംഗ സമിതിയുണ്ടാക്കുകയും നാലാം കോൺഗ്രസ്സിൽ അത് അവതരിപ്പിക്കാൻ സമിതിയെ ചുമതലപ്പെടുത്തുകയും ചെയ്തു. അങ്ങനെയായിരുന്നു ജന്തുനാമകരണത്തിനുള്ള അന്താരാഷ്ട്ര നിയമാവലിയുടെ (International code of zoological nomenclature) ജനനം. 1905 ലാണ് കോഡിന്റെ ആദ്യരൂപം  പ്രസിദ്ധീകരിച്ചത്. 1961 ൽ ഇപ്പോൾ നിലവിലുള്ള ഇന്റർനാഷണൽ കോഡ് ഓഫ് സുവോളജിക്കൽ നൊമൻക്ളേച്ചറിന്റെ (നമുക്കതിനെ ചുരുക്കത്തിൽ ‘കോഡ്’ എന്ന് വിളിക്കാം) ആദ്യപതിപ്പ് നിലവിൽ വന്നു. 1964, 1985, 1999 വർഷങ്ങളിൽ യഥാക്രമം രണ്ട് , മൂന്ന്, നാല് പതിപ്പുകളും പുറത്തുവന്നു. 1973 വരെ അന്താരാഷ്ട്ര ജന്തുശാസ്ത്ര കോൺഗ്രസ്സിന്റെ നിയന്ത്രണത്തിലായിരുന്ന കോഡ് അതിന് ശേഷം അന്താരാഷ്ട്ര ജീവശാസ്ത്ര സംഘടനയുടെ (International Union of Biological Sciences) നിയന്ത്രണത്തിലായി.

പതിനെട്ട് അധ്യായങ്ങളിലായി 90 വകുപ്പുകളാണ് കോഡിലുള്ളത്. അതിൽ സ്പീഷീസുകളുടെ പേരിടലുമായി  ബന്ധപ്പെട്ട നിയമങ്ങൾ മാത്രം വിശദീകരിക്കാം.

ഭാഷ

ശാസ്ത്രീയ നാമങ്ങൾ എഴുതേണ്ടത് 26 ലാറ്റിൻ അക്ഷരങ്ങൾ ഉപയോഗിച്ച് മാത്രമായിരിക്കണം. എന്നാൽ പേരുകൾ ഏത് ഭാഷയിൽ നിന്നും സ്വീകരിക്കാം. മറ്റ് ഭാഷകളിൽ നിന്ന് അതേ പടിയോ, ലാറ്റിനീകരിച്ചോ പേരുകൾ ഉപയോഗിക്കാം. ജീനസിന്റെ പേരിൽ ഒരു വാക്ക് മാത്രമേ ഉണ്ടാകാൻ പാടുള്ളൂ. രണ്ടോ അതിൽ കൂടുതലോ അക്ഷരങ്ങളുള്ളതും അർഥമുള്ളതോ അല്ലെങ്കിൽ അർഥമില്ലെങ്കിലും ഒരു വാക്കായി വായിക്കാൻ  പറ്റിയതോ ആയ വാക്കായിരിക്കണം. ഉദാഹരണത്തിന് abdgf എന്നത് സ്വീകാര്യമായ ഒരു ജീനസ് പേരല്ല. പേരുകൾ ലളിതവും എളുപ്പത്തിൽ ഓർമ്മിക്കാൻ കഴിയുന്നതുമായിരിക്കണം (ഈ നിയമം പലപ്പോഴും പാലിക്കപ്പെടാറില്ല). ജീനസ് പേരുകൾ ഏകവചന നാമങ്ങളായിരിക്കണം (Singular noun). അഥവാ അങ്ങനെയല്ലെങ്കിലും ഏകവചന നാമങ്ങളായിത്തന്നെ കണക്കാക്കണം. സ്പീഷീസ് പേരും ജീനസ് പേര് പോലെ തന്നെയെങ്കിലും എപ്പോഴും നാമമാകണമെന്നില്ല. കൂടുതലായും നാമവിശേഷണമാണ് (adjective) ഉപയോഗിക്കുന്നത്.

ലിംഗം

ജീനസ് പേര് ലാറ്റിലിനിലോ ലാറ്റിനിൽ അവസാനിക്കുന്നതോ ആണെങ്കിൽ അതിന്റെ ലിംഗം ലാറ്റിൻ നിഘണ്ടുവിൽ ആ വാക്കിന് കൊടുത്ത ലിംഗമായിരിക്കും. അത് രണ്ടോ അതിലധികമോ ഘടകങ്ങളുടെ സംയുക്തമാണെങ്കിൽ ജീനസ് പേരിന്റെ ലിംഗം അവസാനത്തെ ഘടകത്തിന്റെതായിരിക്കും. അതേ പോലെ ജീനസ് പേര് അവസാനിക്കുന്നത് ലാറ്റിനിലിലേക്ക് യാതൊരു മാറ്റവുമില്ലാതെ ലിപ്യന്തരണം ചെയ്യപ്പെട്ട ഗ്രീക്ക് പദമാണെങ്കിൽ അതിന്റെ ലിംഗം ഗ്രീക്ക് നിഘണ്ടുവിൽ ആ വാക്കിന് കൊടുത്ത ലിംഗമായിരിക്കും. എന്നാൽ ലാറ്റിനീകരിച്ച ഗ്രീക്ക് പദമാണെങ്കിൽ ലാറ്റിനുമായി ബന്ധപ്പെട്ട നിയമം ബാധകമായിരിക്കും. ഒരു പേര് അവസാനിക്കുന്നത് -ops ൽ ആണെങ്കിൽ, അതേത് ഭാഷയായാലും പുല്ലിംഗമായി കണക്കാക്കും. അതേപോലെ -ites, -oides,-ides, -odes, -istes എന്നിവയിൽ അവസാനിക്കുന്നവയും പുല്ലിംഗമായിരിക്കും. എന്നാൽ ഈ വാക്കുകളുടെ കാര്യത്തിൽ വേണമെങ്കിൽ പേര് കൊടുക്കുന്ന ആൾക്ക് അദ്ദേഹത്തിനിഷ്ടപ്പെട്ട ലിംഗം തെരഞ്ഞെടുക്കാൻ സ്വാതന്ത്ര്യമുണ്ട്. അത് വ്യക്തമായി പറഞ്ഞിരിക്കണമെന്ന്  മാത്രം. ജീനസ് പേര് ലാറ്റിനും ഗ്രീക്കുമല്ലെങ്കിലോ? അതിന് നിയമം വേറെയാണ്. ഉപയോഗിച്ചത് ഏതെങ്കിലും ഒരു യൂറോപ്യൻ ഭാഷയിലെ നാമമാണെങ്കിൽ ലിംഗം ആ ഭാഷയിലുള്ള ലിംഗമായിരിക്കും. അതല്ലെങ്കിൽ നാമകരണം ചെയ്യുന്ന ആൾ കൊടുക്കുന്ന ലിംഗമായിരിക്കും. അങ്ങനെ പ്രത്യേകിച്ച് ലിംഗമൊന്നും രേഖപ്പെടുത്തിയിട്ടില്ലെങ്കിൽ അതിന് കീഴിൽ വരുന്ന സ്പീഷീസ് പേരിന്റെ ലിംഗം കൊടുക്കാം. ആ സാധ്യതയും നിലനിൽക്കുന്നില്ലെങ്കിൽ പുല്ലിംഗമായി കണക്കാക്കും (പുരുഷമേധാവിത്വം!). എന്നാൽ വാക്ക് അവസാനിക്കുന്നത് -a യിൽ ആണെങ്കിൽ സ്ത്രീലിംഗവും -um, -on, -u എന്നിവയിലാണ് അവസാനിക്കുന്നതെങ്കിൽ നപുംസക ലിംഗവുമായിരിക്കും.

ഇനി സ്പീഷീസ് പേരുകളുടെ ലിംഗവുമായി ബന്ധപ്പെട്ട നിയമങ്ങൾ പരിശോധിക്കാം. സ്പീഷിസിന്റെ അവസാന ഭാഗം ലാറ്റിനോ ലാറ്റിനീകരിച്ചതോ ആയ ഏകവചന നാമവിശേഷണമാണെങ്കിൽ അതിന്റെ ലിംഗം ജീനസിന്റെ ലിംഗം തന്നെയായിരിക്കണം. അതല്ലെങ്കിൽ അങ്ങനെയാവണമെന്നില്ല. ഉദാഹരണത്തിന് സിമിയാ ഡയാനാ (Simia diana ) എന്നതിൽ സിമിയാ മാറ്റി സെർക്കോപ്പിത്തിക്കസ് (Cercopithecus) ആക്കിയാലും സെർക്കോപ്പിത്തിക്കസ് ഡയാന (Cercopithecus diana) എന്ന് തന്നെയെഴുതാം. കാരണം ഡയാന എന്നത് നാമവിശേഷണമല്ല. സിമിയാ സ്ത്രീലിംഗവും സെർക്കോപ്പിത്തിക്കസ് പുല്ലിംഗവും ആണ്. സ്പീഷീസ് പേരിന്റെ ലിംഗം വ്യക്തമല്ലെങ്കിൽ അത് ഒരു പുല്ലിംഗ നാമമായി കണക്കാക്കും. പേര് ലാറ്റിനോ ലാറ്റിനീകരിച്ചതോ അല്ലെങ്കിൽ ലിംഗസമാനതയുടെ ആവശ്യമില്ല.

വ്യക്തികളുടെ പേരുകൾ

വ്യക്തികളുടെ പേരുകളാണ് ഒരു സ്പീഷീസിന് നൽകുന്നതെങ്കിൽ ചില ചട്ടങ്ങൾ പാലിക്കേണ്ടതുണ്ട്. പുരുഷനാമമാണ് ഉപയോഗിക്കുന്നതെങ്കിൽ പേരിന്റെ അറ്റത്ത് –i ചേർക്കണം. സ്‌ത്രീയുടെ പേരാണെങ്കിൽ –ae യും. ഉദാഹരണത്തിന് Opius sumodani, Sanctijohannis catharinae. സുമോദൻ പുരുഷനാമവും കാതറിൻ സ്ത്രീനാമവുമാണല്ലോ. ഒന്നിലധികം പുരുഷന്മാരുടെ പേരുകൾ ചേർന്നതോ അല്ലെങ്കിൽ പുരുഷന്റെയും സ്ത്രീയുടെയും പേര് ചേർന്നതോ ആണ് സ്പീഷീസ് പേരെങ്കിൽ  അറ്റത്ത് -orum എന്നും സ്ത്രീകളുടെ പേര് ചേർന്നതാണെങ്കിൽ -aurum എന്നും ചേർക്കണം.

എഴുതുന്ന രീതി

ശാസ്ത്രീയ നാമങ്ങൾ എഴുതുമ്പോഴും ചില ചട്ടങ്ങൾ പാലിക്കേണ്ടതുണ്ട്. ഒന്നുകിൽ ഇറ്റാലിക്സിൽ (italics) എഴുതണം അല്ലെങ്കിൽ അടിവരയിടണം. അടിവരയിടുമ്പോൾ  ജീനസ് ഭാഗവും സ്പീഷീസ് ഭാഗവും പ്രത്യേകം പ്രത്യേകം അടിവരയിടണം. ജീനസ് പേരിന്റെ ആദ്യാക്ഷരം വലിയ അക്ഷരത്തിലും (CAPITAL LETTER) സ്പീഷീസിന്റെത് ചെറിയ അക്ഷരത്തിലും (small letter) ആയിരിക്കണം (ഉദാ:Anopheles stephensi അല്ലെങ്കിൽ  Anopheles stephensi). ഗവേഷണ പ്രസിദ്ധീകരണങ്ങളിൽ  സ്പീഷീസ് പേരുകളോടൊപ്പം അത് ആദ്യമായി പ്രസിദ്ധീകരിച്ച ആളുടെ (original author) പേരും പ്രസിദ്ധീകരിച്ച വർഷവും ചേർക്കാറുണ്ട്. ഉദാഹരണത്തിന്  സിംഹത്തിന്റെ ശാസ്ത്രീയനാമം: Felis leo Linnaeus, 1758. പിൽക്കാലത്ത് Leo എന്ന ജീനസ് മാറ്റി Panthera എന്നാക്കിയപ്പോൾ  എഴുതുന്ന രീതിയും മാറ്റി. ഇന്ന് സിംഹത്തിന്റെ ശാസ്ത്രീയ നാമമെഴുതുന്നത് ഇങ്ങനെയാണ്: Panthera leo (Linnaeus, 1758). ഇതിന്റെ അർഥം സിംഹത്തിന് ആദ്യമായി പേരിട്ടത് 1758 ൽ ലിനയസ് ആയിരുന്നുവെന്നും എന്നാൽ മറ്റൊരു ജീനസ് പേരായിരുന്നു അദ്ദേഹം കൊടുത്തിരുന്നത് എന്നുമാണ്.

പര്യായ നാമങ്ങൾ

ചിലപ്പോൾ ഒരേ സ്പീഷീസിന് തന്നെ വ്യത്യസ്ത ഗവേഷകർ  വ്യത്യസ്തമായ പേരുകൾ നൽകിയിട്ടുണ്ടാകും. ഇത്തരം പേരുകളെ പര്യായ നാമങ്ങൾ എന്ന് പറയും (Synonyms). അങ്ങനെ വരുമ്പോൾ ആദ്യമായി ഉപയോഗിച്ച പര്യായ നാമത്തിന് (senior synonym) മാത്രമേ  നിയമ സാധുതയുള്ളൂ. പേരിൽ പലതുമുണ്ടെന്ന് ഇപ്പോൾ മനസ്സിലായല്ലോ?


അധിക വായനയ്ക്ക് 

  1. Mayr E, Ashlock PD (1991). Principles of Systematic Zoology. 2nd Edition. McGraw-Hill Inc.
  2. International Commission on Zoological Nomenclature (1999). International Code of Zoological Nomenclature. 4th Edition.

വർഗ്ഗീകരണം ഡാർവിൻ വരെ – വീഡിയോ കാണാം

Happy
Happy
100 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post സ്പേസിന്റെ ആവിർഭാവം: കോസ്മോളജിയിലെ പുതിയ പരിപ്രേക്ഷ്യം
Next post ഇന്ന് അൽഷിമേഴ്സ് ദിനം – അൽഷിമേഴ്‌സ് രോഗത്തെ കുറിച്ച് അറിയേണ്ട കാര്യങ്ങൾ
Close