Read Time:2 Minute

പ്രശസ്ത ശാസ്ത്രജ്ഞൻ സ്റ്റീവൻ വെയ്ൻബെർഗ് (Steven Weinberg, 1933- 2021) ജൂലൈ 24-ന് അന്തരിച്ചു. ഭൗതിക ശാസ്ത്രത്തിലെ പ്രസിദ്ധമായ ഏകീകൃത ഫീൽഡ് സിദ്ധാന്തത്തിന്റെ (Unified field theory) ഉപജ്ഞാതാക്കളിലൊരാളാണ്.  1979 – ലെ ഫിസിക്സ് നൊബേൽ പുരസ്കാരം അബ്ദസ് സലാം (Abdus Salam) ഷെൽഡൻ ഗ്ലാഷോ (Sheldon Glashow) എന്നിവരുമായി പങ്കുവെച്ചു. വിദ്യുത്കാന്തിക ബലം (electromagnetic force) ദുർബ്ബല ന്യൂക്ലിയർ ഫോഴ്സ് (weak nuclear force) എന്നിവയെ സംബന്ധിച്ച സിദ്ധാന്തങ്ങൾ  ഏകീകരിച്ച് ഒരൊറ്റ സിദ്ധാന്തം അവതരിപ്പിച്ചതിനായിരുന്നു പുരസ്കാരം ലഭിച്ചത്. ഈ സിദ്ധാന്തവുമായി ബന്ധപ്പെട്ട് W, Z കണങ്ങൾ, ഹിഗ്ഗ്സ് കണം എന്നിവ പ്രവചിക്കപ്പെടുകയും പിന്നീട് കണ്ടെത്തുകയും ചെയ്തു.

പ്രപഞ്ചത്തിന്റെ പരിണാമവുമായി ബന്ധപ്പെട്ട് വെയ്ൻബെർഗ് എഴുതിയ `ആദ്യത്തെ മൂന്ന് മിനുട്ടുകൾ’ (The First Three Minutes: A Modern View of The Origin of The Universe) പോപ്പുലർ സയൻസ് പുസ്തക രചനയ്ക്ക് ഉദാത്ത മാതൃകയാണ്. ക്വാണ്ടം ഫീൽഡ് സിദ്ധാന്തം, ആപേക്ഷികതാ സിദ്ധാന്തം, കോസ്മോളജി എന്നിവയെ സംബന്ധിച്ച് അദ്ദേഹം എഴുതിയ പുസ്തകങ്ങൾ ലോകമെമ്പാടുമുള്ള വിദ്യാർത്ഥികൾ ഏറെ വിലമതിക്കുന്നു.

1933 – ൽ അമേരിക്കയിലെ ന്യൂയോർക്കിൽ ജനിച്ച സ്റ്റീവൻ സ്കൂളിൽ പഠിക്കുമ്പോൾ – പിന്നീട് നോബെൽ പുരസ്കാരം പങ്കിട്ട – ഷെൽഡൻ ഗ്ലാഷോയുടെ സഹപാഠിയായിരുന്നു. ഏറെക്കാലം ടെക്സാസ് സർവ്വകലാശാലയിൽ പ്രവർത്തിച്ച അദ്ദേഹം ഇ.സി.ജി. സുദർശനെപ്പോലെയുള്ള ശാസ്ത്രജ്ഞരുടെ സഹപ്രവർത്തകനുമായി. ഇന്ത്യ ഉൾപ്പടെയുള്ള വിവിധ രാജ്യങ്ങൾ സന്ദർശിക്കുകയും ശാസ്ത്ര പ്രഭാഷണങ്ങൾ നടത്തുകയും ചെയ്തിട്ടുണ്ട്. തികഞ്ഞ ശാസ്ത്ര ബോധം പുലർത്തുകയും അതു പ്രചരിപ്പിക്കുകയും ചെയ്ത അദ്ദേഹം ഒരു നിരീശ്വരവാദിയായിരുന്നു. അദ്ദേഹത്തിൻ്റെ മരണം ശാസ്ത്ര ലോകത്തിന് ഒരു വലിയ നഷ്ടമാണ്.


ഡോ.എൻ.ഷാജി, എഡിറ്റർ, ലൂക്ക

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post ഏതു കാലാവസ്ഥയിലും ഉപയോഗിക്കാവുന്ന ഫുട്ബാൾ
Next post ഫോസ്ബറി ഫ്ലോപ്പും ഇത്തിരി ഫിസിക്സും
Close