Read Time:16 Minute

ദേശീയ ശാസ്ത്രാവബോധ കാമ്പയിൻ 2023

Science for Secularism

Science for Democracy


2023 നവംബർ 7 മുതൽ 2024 ഫെബ്രുവരി 28 വരെ

ഓൾ ഇന്ത്യ പീപ്പിൾസ് സയൻസ് നെറ്റ്‌വർക്കും (AIPSN) ഭാരത് ഗ്യാൻ വിജ്ഞാന സമിതിയും (BGVS) 2023 നവംബർ 7-ന് ഒരു ദേശീയ ശാസ്ത്രാവബോധ ക്യാമ്പയിൻ (National Campaign on Scientific Temper) ആരംഭിക്കുന്നു. ജീവിതകാലം മുഴുവൻ ഇന്ത്യയിൽ ജോലി ചെയ്യുകയും നൊബേൽ സമ്മാനം നേടുകയും ചെയ്ത ഒരേയൊരു ഇന്ത്യക്കാരനായ സർ സി വി രാമന്റെയും ശാസ്ത്ര മേഖലയിൽ തന്നെ രണ്ട്  നൊബേൽ സമ്മാനം നേടിയ വനിതാ ശാസ്ത്രജ്ഞയായ മേരി ക്യൂറിയുടെയും ജന്മവാർഷികമാണ് നവംബർ 7. അടിസ്ഥാന ശാസ്ത്ര ഗവേഷണത്തിന്റെ പ്രാധാന്യത്തെയും സമൂഹത്തെ പരിവർത്തനം ചെയ്യുന്നതിൽ ശാസ്ത്രം വഹിക്കുന്ന പങ്കിനെയും വിലമതിക്കുന്ന വിമർശനാത്മക ചിന്തകരായിരുന്നു രണ്ട് ശാസ്ത്രജ്ഞരും. ഇരുവരും നിലവിലുള്ള തെറ്റായ ധാരണകളെ ചോദ്യം ചെയ്യുകയും ശാസ്ത്രത്തിന് ഗണ്യമായ സംഭാവനകൾ നൽകുകയും ചെയ്തു.

2023 നവംബർ 7 മുതൽ 28 ഫെബ്രുവരി 2024 വരെ “Science for Secularism” , “Science for Democracy” എന്നീ മുദ്രാവാക്യങ്ങളുമായി AIPSN- BGVS (All India Peoples Science Network & Bharat Gyan Vigyan Samiti ) ദേശീയ ശാസ്ത്ര ക്യാമ്പയിൻ നടത്തുകയാണ്. യുക്തിബോധത്തിനും മത നിരപേക്ഷതയ്ക്കും ശാസ്ത്രീയ മനോഭാവത്തിനും സമൂഹത്തിന്റെ ജനാധിപത്യവൽക്കരണത്തിന് വലിയ പങ്കുണ്ട്. അംബേദ്കറും നെഹ്‌റുവും ചൂണ്ടിക്കാണിച്ചതുപോലെ യുക്തിബോധം ജനാധിപത്യത്തിനും നമ്മുടെ ഭരണഘടനയുടെ അടിസ്ഥാനശിലയ്ക്കും അത്യന്താപേക്ഷിതമാണ്. ഭാവി ഇന്ത്യയെ രാഷ്ട്രീയമായി മാത്രമല്ല, ഒരു സാമൂഹിക ജനാധിപത്യപരവുമായാണ് നെഹ്രുവും അംബേദ്കറും വീക്ഷിച്ചത്. സ്വാതന്ത്ര്യം, സമത്വം, നീതി, സാഹോദര്യം എന്നീ ആശയങ്ങളിൽ അധിഷ്ഠിതമായ രാജ്യം കെട്ടിപ്പടുക്കുക എന്നതായിരുന്നു അവരുടെ സ്വപ്നം. നൂറ്റാണ്ടുകളായി പാർശ്വവൽക്കരിക്കപ്പെട്ടവരും ബഹിഷ്‌കൃതരുമായ ജാതി-വർഗവിഭാഗങ്ങളോടുള്ള അടിച്ചമർത്തലും മോശമായ പെരുമാറ്റവും അവസാനിപ്പിക്കാൻ അവർ ആഗ്രഹിച്ചു. സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്ത ദശലക്ഷക്കണക്കിന് ഇന്ത്യക്കാരുടെ സ്വപ്നം മതം, ജാതി, ലിംഗഭേദം, പ്രദേശം തുടങ്ങിയ ഭേദങ്ങളില്ലാതെ എല്ലാ പൗരന്മാരെയും തുല്യമായി പരിഗണിക്കുന്ന ഒരു മതേതര രാഷ്ട്രത്തിൽ മാത്രമേ ഇത് സംഭവിക്കൂ.

എന്നാലിപ്പോൾ അനുദിനം വർധിച്ചുവരുന്ന ആശയസംഘർഷത്തിനാണ് നാം ഇപ്പോൾ സാക്ഷ്യം വഹിക്കുന്നത്. ഒരു ഭാഗത്ത് സമൂഹത്തെ യുക്തിരാഹിത്യത്തിന്റെയും ശാസ്ത്രവിരുദ്ധതയുടെയും കെട്ടുകഥകളുടെയും അന്ധവിശ്വാസങ്ങളുടെയും നുകത്തിൽ നിർത്താൻ ആഗ്രഹിക്കുന്നവരാണ്. മറുവശത്ത് ശാസ്ത്ര ബോധത്തിലും യുക്തിചിന്തയിലും അധിഷ്ടതമായി മുൻപറഞ്ഞ ജനാധിപത്യഭാവി കെട്ടിപ്പടുക്കാൻ ആഗ്രഹിക്കുന്നവരും ഉണ്ട്.  രാജ്യത്തിന്റെ ഉന്നതമായ ഭരണ സ്ഥാനത്തിരിക്കുന്നവർ ശങ്കയേതുമില്ലാതെ ശാസ്ത്രവിരുദ്ധവും യുക്തിരഹിതവുമായ ആശയങ്ങൾ വ്യാപകമായി പ്രചരിപ്പിക്കുന്നത് അടുത്ത കാലത്തൊന്നും നമ്മൾ അനുഭവിച്ചിട്ടില്ല. അതീവ ഉത്കണ്ഠയോടെയാണ് നമ്മൾ താഴെപ്പറയുന്ന പ്രവണതകൾക്ക് സാക്ഷ്യം വഹിക്കുന്നത്.

  1. സയൻസിന്റെ രീതീശാസ്ത്രവും തെളിവുകളെ അടിസ്ഥാനമാക്കിയുള്ള യുക്തിവിചിന്തനവും യാഥാർത്ഥ്യം കണ്ടെത്താനുള്ള മാർഗമായി പരിഗണിക്കുന്നില്ല.
  2.  സമൂഹത്തെയാകെ ബാധിക്കുന്ന തീരുമാനങ്ങൾ എടുക്കുന്നതിൽ വിശ്വാസപ്രമാണങ്ങൾക്ക് കൂടുതൽ പ്രാധാന്യം വരുന്നു.
  3. അധികാരത്തിലിരിക്കുന്ന ആളുകൾ പുരാണങ്ങളെ ചരിത്രമായും വിശ്വാസസംഹിതകളെ ശാസ്ത്രമോ തത്ത്വചിന്തയായോ പരിഗണിക്കയും പ്രചരിപ്പിക്കയും ചെയ്യുന്നു. 
  4. വികലവും കപടശാസ്ത്രത്തിലധിഷ്ടിതവുമായ കഥനങ്ങൾ ഉപയോഗിച്ച് സ്കൂൾ പാഠപുസ്തകങ്ങൾ മാറ്റിയെഴുതുന്നു,
  5. മതവിശ്വാസങ്ങൾക്ക് പ്രത്യക്ഷത്തിൽ വിരുദ്ധമെന്ന് തോന്നുന്ന ഡാർവിനിയൻ പരിണാമം പോലുള്ള ശാസ്ത്രീയ സിദ്ധാന്തങ്ങൾ സിലബസിൽ നിന്ന് ബോധപൂർവം നീക്കം ചെയ്യുന്നു.
  6. സാമുദായിക വിദ്വേഷം പടർത്തുന്നതും ദലിതർക്കും ന്യൂനപക്ഷങ്ങൾക്കും സമൂഹത്തിലെ ദുർബല വിഭാഗത്തിനുമെതിരെ ക്രൂരമായ ആക്രമണങ്ങൾ അഴിച്ചുവിടുന്നതും നിത്യസംഭവമായി മാറുകയാണ്.
  7. യുക്തിചിന്തയും കാര്യകാരണ വിചിന്തനവും പൊതുമണ്ഡലത്തിൽ ക്രമേണ ഉപേക്ഷിക്കപ്പെടുകയും യുക്തിരാഹിത്യവും അനഭിലഷണീയമായ മുൻ വിധികളും പ്രോത്സാഹിക്കപ്പെടുകയും ചെയ്യുന്നു.
  8. സംവാദം, ചർച്ച, പ്രതിഷേധങ്ങൾ , വിയോജിപ്പുകൾ  തുടങ്ങിയ ജനാധിപത്യ അവകാശങ്ങളെ ദേശവിരുദ്ധ പ്രവൃത്തികളായി ചിത്രീകരിക്കപ്പെടുന്നു.
  9. ആർട്ടിക്കിൾ 51 എ (എച്ച്) പ്രകാരമുള്ള ശാസ്ത്രീയ മനോഭാവം, അന്വേഷണ മനോഭാവം, പരിഷ്കരണത്വര എന്നിവ വികസിപ്പിക്കുന്നതിനുള്ള ഭരണഘടനാപരമായ ബാധ്യത നിലവിലെ ഭരണ ഭരണകൂടം നിരന്തരം ചവിട്ടിമെതിക്കുന്നു.

ഇതിന്റെയൊക്കെ ഫലമായി യുക്തിരാഹിത്യത്തിന്റെയും ശാസ്ത്രവിരുദ്ധ വികാരത്തിന്റെയും അന്തരീക്ഷം രാജ്യത്ത് സൃഷ്ടിക്കപ്പെട്ടു. ഇതിന്റെയൊക്കെ അനന്തര ഫലമായാണ് രാജ്യത്ത് ശാസ്ത്രചിന്തയെ ജനകീയമാക്കുകയും പ്രചരിപ്പിക്കുകയും ചെയ്ത നരേന്ദ്ര ധാബോൽക്കർ, ഗോവിന്ദ് പൻസാരെ, എം എം കൽബുർഗി, ഗൗരി ലങ്കേഷ് എന്നിവരെ ശാസ്ത്രവിരുദ്ധരും യുക്തിചിന്തക്ക് എതിരായവരുമായ ശക്തികൾ നിഷ്ടൂരമായി കൊലപ്പെടുത്തിയത്. സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലെ ഈ സന്നിഗ്ദ്ധഘട്ടത്തിൽ നമ്മുടെ ഭരണഘടനയും ജനാധിപത്യവും തമസ്സിന്റെ ശക്തികളാൽ ഭീഷണിയിലാണെന്ന് ഞങ്ങൾ ശക്തമായി വിശ്വസിക്കുന്നു. ഭരണഘടനാ നിർമ്മാതാക്കൾ വിഭാവനം ചെയ്ത മതനിരപേക്ഷവും ബഹുസ്വരവുമായ ഒരു രാജ്യമായി തുടരണമെങ്കിൽ ഇന്ത്യയുടെ ഭരണഘടനാപരമായ ജനാധിപത്യം സംരക്ഷിക്കുന്നതിന് ശാസ്ത്രീയ മനോഭാവത്തെക്കുറിച്ചുള്ള ഒരു ദേശീയ പ്രചാരണം അനിവാര്യമാണെന്ന് ഞങ്ങൾ കരുതുന്നു.

അത് കൊണ്ട് തന്നെ ദേശീയ ശാസ്ത്രാവബോധ കാമ്പയിൻ (NCST), കേവലം അന്ധവിശ്വാസത്തിനെതിരായ ഒരു പോരാട്ടമല്ല. ശാസ്ത്രീയ സ്വഭാവം, വിമർശനാത്മക ചിന്തകൾ, തെളിവുകൾ അടിസ്ഥാനമാക്കിയുള്ള യുക്തിവചിന്തനം, തുടങ്ങി ശാസ്ത്രത്തിനു നേരേയുള്ള സർവ്വതോന്മുഖമായ ആക്രമണത്തിനെതിരെയുള്ള വ്യവസ്ഥാപരമായ പോരാട്ടമാണ്. നമ്മുടെ സമൂഹത്തിന്റെ നിരന്തരമായ പിന്നോക്കാവസ്ഥയും അതിനെ ചൂഷണം ചെയ്യാനുള്ള നിക്ഷിപ്ത താൽപ്പര്യങ്ങളുടെ ഗൂഢാലോചനയും മൂലമാണ് അന്ധവിശ്വാസം നിലനിൽക്കുന്നത്. യുക്തിസഹമായ ചിന്താഗതിയെ അട്ടിമറിക്കുന്നതിന്, നിലവിലെ രാഷ്ടീയ ഭരണവർഗം, വിശാലമായ ജനവിഭാഗങ്ങളുടെ മതപരവും പരമ്പരാഗതവും സാംസ്കാരികവും ദേശീയവുമായ വികാരങ്ങൾ ആവർത്തിച്ച് ജ്വലിപ്പിച്ച് നിർത്താൻ നിരന്തരം പരിശ്രമിക്കുന്നു. തെളിവുകളെ അടിസ്ഥാനമാക്കിയുള്ള യുക്തിചിന്ത, ബഹുസ്വരത, ചിന്താ സ്വാതന്ത്ര്യം എന്നിവയ്‌ക്കെതിരായ അക്രമങ്ങൾ വർധിക്കുന്നു. ശാസ്ത്രീയ അവബോധത്തിനുവേണ്ടിയുള്ള പ്രവർത്തനങ്ങളും ജനാധിപത്യവികാസത്തിന് വേണ്ടിയുള്ള പരിശ്രമങ്ങളും നിരവധി ദിശകളിലൂടെ നടക്കേണ്ട പോരാട്ടമാണ്.

“നമുക്ക് ഒരു ഏകീകൃതവും സമഗ്രവുമായ ആധുനിക ഇന്ത്യ ഉണ്ടാകണമെങ്കിൽ മതാടിസ്ഥാനത്തിലുള്ള പരമാധികാരം അവസാനിക്കണം”. എന്നാണ് ഭരണച്ചടനാശില്പിയായ അംബേദ്കർ അഭിപ്രായപ്പെട്ടത്. 1981-ൽ പ്രസിദ്ധീകരിച്ച സയന്റിഫിക് ടെമ്പർ പ്രസ്താവനയിൽ പറഞ്ഞിരിക്കുന്നത് “ശാസ്ത്രാവബോധം മതപരമോ സാമൂഹികമോ ആയ എല്ലാ ഡോഗ്മകൾക്കും (മാറ്റമില്ലാത്ത ധാരണകൾക്കും)/ പാരമ്പര്യങ്ങൾക്കും അനുയോജ്യമല്ല” എന്നാണ്. കഴിഞ്ഞ ഒമ്പത് വർഷമായി, പുരാണകഥകളെ ശാസ്ത്രമായി ഉയർത്തിക്കാട്ടാനും പ്രോത്സാഹിപ്പിക്കാനും സർക്കാരിന്റെ ഉന്നത മന്ത്രിമാരും ഉദ്യോഗസ്ഥരും ചില ജഡ്ജിമാരും നിരവധി ശ്രമങ്ങൾ നടത്തിയിട്ടുണ്ട്. മഹത്തായ ഒരു പുരാതന വൈദിക-ഹിന്ദു വിജ്ഞാനം ഉണ്ടായിരുന്നു എന്നും മറ്റെല്ലാ നാഗരികതകളിൽ നിന്നും സംസ്‌കാരങ്ങളിൽ നിന്നും അത് ഉയർന്നതാണെന്നും എന്നുമുള്ള തെറ്റായ ആഖ്യാനം സൃഷ്ടിക്കാൻ  അവർ ശ്രമിക്കന്നു. ഇത് യഥാർത്ഥത്തിൽ പുരാതന ഇന്ത്യയിലുണ്ടായിരുന്ന നിരവധി, പ്രധാന നേട്ടങ്ങൾക്ക് വലിയ ദ്രോഹമാണ് ചെയ്യുന്നത്. അസത്യത്തിന്റെയും അതിശയോക്തിയുടെയും മേഘപടലത്തിൽ അവയും സംശയത്തിന് വിധേയമായി മാറുന്നു. വേർതിരിച്ചറിയാതെയായി മാറുന്നു.

വിവര ശേഖരണ രംഗത്തും യുക്തിരഹിതമായ അട്ടിമറിയാണ് നടത്തുന്നത്. സർക്കാർ വിവരങ്ങൾ ശേഖരിക്കാൻ വിസമ്മതിക്കുകയോ ഔദ്യോഗിക വിവരങ്ങൾ നിഷേധിക്കുകയോ വ്യാജമാക്കുകയോ ചെയ്യുമ്പോൾ ശാസ്ത്രീയമായ മനോഭാവവും തകർക്കപ്പെടുന്നു. കഴിഞ്ഞ ഒമ്പത് വർഷമായി അത് ആവർത്തിച്ച് ചെയ്തു. വിവരശേഖരണം കൂടാതെ, അതിന്റെ നിർണായക പരിശോധനയില്ലാതെ ഫലവത്തായ നയങ്ങൾ രൂപീകരിക്കാൻ കഴിയില്ല. ഇത് തെളിവുകളെ അടിസ്ഥാനമാക്കിയുള്ള വിചിന്തനത്തെ വിലകുറച്ചുകളയുക മാത്രമല്ല, നയങ്ങളുടെയും നിഗമനങ്ങളുടെയും വിലയിരുത്തലിനെ അട്ടിമറിക്കുകയും ചെയ്യുന്നു. മുൻനിര ശാസ്ത്രജ്ഞരും സാങ്കേതിക വിദഗ്ധരും, സ്വാതന്ത്ര്യാനന്തരം ആദ്യമായി, നോട്ട് നിരോധനത്തിന്റെയും കോവിഡ് -19 പാൻഡെമിക്കിന്റെയും കാലത്ത് സാക്ഷ്യം വഹിച്ചതുപോലെ, തെളിവുകളുടെ അടിസ്ഥാനത്തിലുള്ള വിദഗ്ദ്ധാഭിപ്രായമില്ലാതെ നയരൂപീകരണം നടത്തുന്നു.  കൂടിയാലോചന തന്നെയി കല്ലെന്ന് അവർ ആശങ്ക പ്രകടിപ്പിച്ചു.

ഈ ക്യാമ്പയ്നിൽ, ഏകശിലാത്മകമായ “ഇന്ത്യൻ” സംസ്കാരം എന്നൊരു ആഖ്യാനം നിർമ്മിക്കാൻ ശ്രമിക്കുന്ന ഹിന്ദുത്വശക്തികളുടെ അശാസ്ത്രീയവും വ്യാജവും ചരിത്രവിരുദ്ധവുമായ സാമൂഹിക-സാംസ്കാരിക, ചരിത്ര വിവരണങ്ങൾ വസ്തുതക നിരത്തി ചെറുക്കും. ഈ വ്യാജ വിവരണങ്ങൾ ഇപ്പോൾ സ്കൂൾ, ഉന്നത വിദ്യാഭ്യാസ സംവിധാനം വഴി പ്രചരിപ്പിക്കാൻ ശ്രമിക്കുന്നു. യഥാർത്ഥ ഇന്ത്യയെന്ന ബഹു സാംസ്കാരിക, ഭാഷാ, വംശീയ, മത വൈവിധ്യത്തിന്മേൽ വ്യാജവും കെട്ടച്ചമച്ചതുമായ “ദേശീയ” സംസ്കാരവും സ്വത്വവും അടിച്ചേൽപ്പിക്കാൻ അവർ ശ്രമിക്കുന്നു. എല്ലാ കെട്ടുകഥകളേയും പ്രതിരോധിക്കാനുള്ള പ്രവർത്തനങ്ങൾ നാം ഏറ്റെടുക്കേണ്ടതുണ്ട്.

ഈ പ്രവണതകളുടെ വിമർശകർ ദേശവിരുദ്ധരും പാശ്ചാത്യവൽക്കരിക്കപ്പെട്ടവരും “കോളനിവൽക്കരിക്കപ്പെട്ട മനസ്സുകളുടെ” ഉൽപ്പന്നങ്ങളുമായും ചിത്രീകരിക്കപ്പെട്ട് ക്രൂരമായി ആക്രമിക്കപ്പെടുന്നുവെന്ന് ഞങ്ങൾക്കറിയാം. അക്രമാസക്തമായ ട്രോളുകളുടെ സംഘടിത സൈന്യത്തെ നേരിടേണ്ടിവരുമെന്ന് ഞങ്ങൾക്കറിയാം, എന്നാൽ നമ്മുടെ സമൂഹവും നമ്മുടെ ജനാധിപത്യവും ഭീഷണിയിലാണെന്നും അത് സംരക്ഷിക്കേണ്ടത് നമ്മുടെ കടമയാണെന്നും ഞങ്ങൾ ശക്തമായി വിശ്വസിക്കുന്നു. ജനങ്ങളിലേക്ക് ഇറങ്ങിച്ചെന്ന് ശാസ്ത്രീയമായ ഒരു സമൂഹം കെട്ടിപ്പടുക്കുന്നതിലൂടെ മാത്രമേ ഇത് സാധ്യമാകൂ.

AIPSN-BGVS, യുക്തിസഹവും വിമർശനാത്മകവുമായ ചിന്താഗതിക്കാരായ എല്ലാവരോടും ശാസ്ത്രീയ മനോഭാവത്തെക്കുറിച്ചുള്ള ദേശീയ കാമ്പെയ്‌നിൽ അണിചേരാൻ ആഹ്വാനം ചെയ്യുന്നു. ഭരണഘടനാ മൂല്യങ്ങളെ വിലമതിക്കുകയും രാജ്യത്ത് ശാസ്ത്രീയ മനോഭാവം പ്രചരിപ്പിക്കാൻ ആഗ്രഹിക്കുകയും ചെയ്യുന്ന എല്ലാ സംഘടനകളുടെയും ഒരു വിശാല സഖ്യവും ഞങ്ങൾ ഈ പ്രക്രിയയിൽ കെട്ടിപ്പടുക്കാൻ പ്രയത്നിക്കും.


പരിഭാഷ – ഡോ.പ്രസാദ് അലക്സ്


Happy
Happy
57 %
Sad
Sad
0 %
Excited
Excited
43 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post നിർമ്മിതബുദ്ധി എങ്ങനെയാണ് കേവല അനുകരണ സാങ്കേതികവിദ്യ ആയത് ?
Next post പൊതുജനാരോഗ്യവും സാങ്കേതികവിദ്യയും – ഡോ.വി.രാമൻകുട്ടി
Close