പ്രളയാനന്തരം : പകർച്ച വ്യാധികൾ തടയാന്‍ ജാഗ്രത വേണം

[author title=”ഡോ. ബി. ഇക്ബാൽ” image=”https://luca.co.in/wp-content/uploads/2014/09/ekbal_b-e1521039251428.jpg”]ആസൂത്രണ ബോര്‍ഡ് അംഗം[/author]

ശക്തമായ മഴയും തുടർന്നുണ്ടായ ദുരിതങ്ങളും നിയന്ത്രണ വിധേയമായി തുടങ്ങിയിട്ടുണ്ടെന്നത് ആശ്വാസകരമാണ്. എങ്കിലും വിവിധ ദുരിതാശ്വാസ ക്യാമ്പുകളിലായി  രണ്ടരലക്ഷത്തോളം പേർ കഴിയുന്നുണ്ട്. മഴ കുറഞ്ഞതോടെ പലരും വീടുകളിലേക്ക് മടങ്ങി തുടങ്ങിയിട്ടുണ്ട്.  തിരികെ വീടുകളിലേക്ക് പോകുമ്പോൾ കരുതൽ നടപടികൾ സ്വീകരിച്ചില്ലെങ്കിൽ നിരവധി പകർച്ചവ്യാധികൾ വ്യാപിക്കാൻ സാധ്യതയുണ്ട്.. വയറിളക്കം , കോളറ, മഞ്ഞപ്പിത്തം, എലിപ്പനി തുടങ്ങി മലിന ജലത്തിലൂടെ പകരുന്ന രോഗങ്ങളും കൊതുകുകൾ പരത്തുന്ന ഡങ്കി, മലേറിയ തുടങ്ങിയ രോഗങ്ങളും പടർന്ന് പിടിക്കാതിരിക്കുന്നതിനുള്ള കരുതൽ നടപടികളാണ് അടിയന്തിരമായി സ്വീകരിക്കാനുള്ളത്. 

പരിസരം വൃത്തിയാക്കൽ
ദുരിതാശ്വാസക്യാമ്പുകളിൽ കഴിയുന്നവരും മറ്റ് വീടുകളിൽ താമസിച്ച് സ്വന്തം വീട്ടിലേക്ക് തിരിച്ചെത്തുന്നവരും ശുചിത്വപരിപാലനത്തിന് അങ്ങേയറ്റം പ്രാധാന്യം നൽകാൻ ശ്രമിക്കണം. വെള്ളപൊക്കത്തിനു ശേഷം ജലം ശുദ്ധീകരിക്കാനും, വീടുകള്‍ അണു വിമുക്തം ആക്കാനും ഏറ്റവും നല്ല മാര്‍ഗം -ക്ലോറിനേഷൻ- നടത്തേണ്ടതാണ്.  [box type=”warning” align=”” class=”” width=””]പരിസരം വൃത്തി ആക്കാന്‍ പലരും ബ്ലീച്ചിംഗ് പൌഡര്‍ വിതറുന്നത് കാണാം. ഇത് കൊണ്ട് പരിസരം അണു വിമുക്തം ആക്കാൻ സാധിക്കില്ല. [/box] 1% ക്ലോറിൻ  ലായനി തയ്യാറാക്കി ഉപയോഗിക്കയാണ് വേണ്ടത്. ഇതിലേക്കായി  6 ടീ സ്പൂൺ ബ്ലീച്ചിംഗ് പൌഡർ എടുത്തു കുഴമ്പ് പരുവത്തില്‍ ആക്കുക. അതിനു ശേഷം അതിലേക്കു 1 ലിറ്റർ വെള്ളം ചേർത്ത് കലക്കി 10 മിനിറ്റ് വച്ച ശേഷം അതിന്റെ  തെളി എടുത്തു വേണം തറ തുടക്കാൻ.  അരമണിക്കൂർ  സമ്പര്‍ക്കം ലഭിച്ചാൽ മാത്രമേ അണു നശീകരണം കൃത്യമായി നടക്കൂ. അതിനു  ശേഷം മണം ഉള്ള മറ്റു ലായനികൾ ഉപയോഗിച്ച് തറ വൃത്തി ആക്കി ക്ലോറിന്റെ  മണം മാറ്റാം.

കുടിവെള്ളം 
തുറസ്സായ ഇടങ്ങളിലും  കിണറുകളുടെ സമീപപ്രദേശങ്ങളിൽ മലമൂത്ര വിസർജ്ജനം  നിർബന്ധമായും ഒഴിവാക്കേണ്ടതാണ്.[box type=”warning” align=”” class=”” width=””]തെളിഞ്ഞിരിക്കുന്നു എന്നത് കൊണ്ട് മാത്രം  എല്ലാ വെള്ളവും സുരക്ഷിതമല്ല .[/box]വെള്ളത്തിൽ രോഗകാരികളായേക്കാവുന്ന ബാക്ടീരിയ , വൈറസ് തുടങ്ങിയ സൂക്ഷ്മ ജീവികളും   കൊതുകുകൾ, വിരകൾ , അട്ടകൾ തുടങ്ങിയവയുടെ മുട്ടകളും ഉണ്ടാകാൻ സാധ്യതയുണ്ട് കുടിക്കുവാനുള്ള വെള്ളം തിളപ്പിച്ച ശേഷം ചൂടാറ്റി ഉപയോഗിക്കുക. ഒരു മിനിട്ട് .തിളച്ചാൽ മതിയാവും  ഒരു കാരണവശാലും ചൂടാറ്റുവാൻ തിളപ്പിച്ച വെള്ളത്തിലേക്ക് പച്ചവെള്ളം ചേർത്ത് ഉപയോഗിക്കരുത്. കൂടുതൽ സമയം കരുതിയിട്ടുള്ള വെള്ളവും, പൊതു വിതരണം നടത്തുന്ന വെള്ളവും കിണറ്റിലെ വെള്ളവും ക്ലോറിനേറ്റ് ചെയ്ത് മാത്രം ഉപയോഗിക്കുക..

കിണർ ക്ലോറിനേഷൻ 
കിണറുകൾ നിർബന്ധമായും ക്ലോറിനേറ്റ് ചെയ്തിരിക്കണം. 9 അടി വ്യാസമുള്ള കിണറിന് ഒരുകോൽ വെള്ളത്തിലേക്ക് ( ഒരു പടവ് / പാമ്പിരി ) ഏകദേശം അര ടേമ്പിൾസ്പൂൺ ബ്ലീച്ചിങ്ങ് പൗഡർ മതിയാകും. വലിപ്പം കൂടിയ കിണറുകൾക്ക്  ഇതനുസരിച്ച് കൂടുതൽ ബ്ലീച്ചിംഗ് പൗഡർ ഉപയോഗിക്കുക. ആദ്യ തവണ സൂപ്പർ ക്ലോറിനേഷൻ ചെയ്യുകയായിരിക്കും ഉത്തമം. അതിനായി ബ്ലീച്ചിംഗ് പൗഡറിന്റെ അളവ് ഏറെക്കുറെ ഇരട്ടിയാക്കുക. ആവശ്യത്തിനുള്ള ബ്ലീച്ചിങ്ങ് പൗഡർ ഒരു പ്ലാസ്റ്റിക് ബക്കറ്റിലെടുത്ത് മുക്കാൽ ഭാഗം വെളളം ഒഴിച്ച് നന്നായി ഇളക്കി ചേർക്കുക. അതിനു ശേഷം ഒരഞ്ചു മിനിറ്റ് ഊറാൻ അനുവദിക്കുക . പിന്നീട് തെളിഞ്ഞ വെള്ളം മാത്രം കിണറ്റിലേക്ക് ഒഴിച്ച് കിണർ വെള്ളം നന്നായി ഇളക്കുക. അര മണിക്കൂറിനു ശേഷം ഉപയോഗിക്കാം കിണറിലെ വെള്ളത്തിന് ക്ലോറിന്റെ നേരിയ ഗന്ധം വേണം അതാണ് ശരിയായ അളവ്. ഒട്ടും ഗന്ധം ഇല്ലെങ്കിൽ അൽപം കൂടി ബ്ലീച്ചിംഗ് പൗഡർ ഒഴിക്കുക . ജലസ്രോതസ്സിൽ നിന്നും ബ്ലീച്ചിംഗ് പൗഡറിന്റെ ഗന്ധം ഇല്ലാതായാൽ ഉടനെ  ക്ലോറിനേഷൻ ചെയ്യുന്നതാണ് ഉത്തമം.

സൂക്ഷിക്കുക എലിപ്പനി
മഴക്കാലത്തും തുടർന്നുമുണ്ടാകുന്ന മാരകമായ പകർച്ചവ്യാധികളിലൊന്നാണ്  ഇംഗ്ലീഷിൽ ലെപ്റ്റോസ്പൈറൊസിസ് (Leptospirosis) , വീൽസ് ഡിസീസ് (Weil’s Disease) എന്നീ പേരുകളിൽ അറിയപ്പെടുന്ന എലിപ്പനി. എലികളുടെ മൂത്രത്തിലൂടെയാണ് എലിപ്പനി പ്രധാനമായും വ്യാപിക്കുന്നത്. കൈകാലുകളിൽ ഉണ്ടാകുന്ന പോറലുകൾ, മുറിവുകൾ എന്നിവയിലൂടെ രോഗാണു മനുഷ്യ ശരീരത്തിൽ പ്രവേശിക്കുന്നു. എലി മൂത്രം മൂലം മലിനമായ ചെളിയിലും, തോടുകളിലും, ഓടകളിലെ വെള്ളത്തിലും കളിക്കുമ്പോൾ ബാധ ഉണ്ടാകാൻ സാധ്യത ഉണ്ട്. പറമ്പിൽ പണിയെടുക്കുന്നവർക്ക് രോഗം പിടിപെടാൻ സാധ്യത കൂടുതലാണ്.
എലികളെ നിയന്ത്രിക്കുന്നതാണ്‌ ഏറ്റവും പ്രധാന പ്രതിരോധമാർഗ്ഗം. മാലിന്യങ്ങൾ കെട്ടിക്കിടക്കുന്നത് ഒഴിവാക്കി എലികളെ അകറ്റുക. കാലിലോ ശരീരത്തിലോ മുറിവുള്ളപ്പോൾ വെള്ളക്കെട്ടുള്ള സ്ഥലങ്ങളിൽ ഇറങ്ങാതെ ശ്രദ്ധിക്കുക ഒഴിവാക്കാൻ പറ്റില്ലെങ്കിൽ ഗം ബൂട്സ്, കയ്യുറകൾ എന്നിവ ഉപയോഗിക്കുക..

രോഗബാധ സംശയിച്ചാൽ ഡോക്ടറുടെ നിർദ്ദേശപ്രകാരം പ്രതിരോധ ആന്റിബയോട്ടിക്ക് കഴിക്കേണ്ടതാണ്. ശക്തമായ വിറയലോടുകൂടിയ പനി, കുളിര് , തളർച്ച , ശരീരവേദന, തലവേദന , ഛർദ്ദി എന്നിവയാണ്‌ എലിപ്പനിയുടെ പ്രാരംഭ ലക്ഷണങ്ങൾ. ഏത് പനിയും എലിപ്പനി ആകാം. തുടക്കത്തിലേ തന്നെ കണ്ടെത്തി ചികിത്സിച്ചാൽ എലിപ്പനി പൂർണമായും ഭേദമാക്കാനാക്കും.

കൊതുക് നശീകരണം
കെട്ടികിടക്കുന്ന ശുദ്ധജലത്തിലാണ് ഡങ്കി, ചിക്കുൻ ഗുനിയ, വെസ്റ്റ് നൈൽ പനി തുടങ്ങിയവ പകർത്തുന്ന ഈഡിസ് കൊതുകുകൾ വളരുന്നത്. ടെറസ്, പൂച്ചട്ടി, ഫ്രിഡ്ജ് ട്രേ, വീടിനു ചുറ്റും വെള്ളം കെട്ടിക്കിടക്കാ‍ൻ സാധ്യതയുള്ള ടയറുകൾ ഇവിടെ നിന്നെല്ലാം വെള്ളം നീക്കം ചെയ്യണം.  റബർ തോട്ടങ്ങളിലുള്ള ചിരട്ടകളിൽ കെട്ടിക്കിടക്കുന്ന വെള്ളം ഒഴിച്ച് കളഞ്ഞ് കമഴ് ത്തി വക്കണം. കെട്ടികിടക്കുന്ന വെള്ളം നീക്കാം ചെയ്യാനുള്ള ഡ്രൈ ഡേ ആഴ്ചയിലൊരു ദിവസം നിർബന്ധമായും നടത്തിയിരിക്കണം.  കൊതുകു വല ഉപയോഗിച്ചും, ശരീരം മുഴുവൻ മൂടുന്ന വസ്ത്രം ധരിച്ചും കൊതുകു കടിയിൽ നിന്നും രക്ഷ തേടേണ്ടതാണ്.

ആരോഗ്യ വിദ്യാഭ്യാസം. 
പകർച്ചവ്യാധി വ്യാപനത്തിനുള്ള കാരണങ്ങൾ, വിവിധ പകർച്ച വ്യാധികളുടെ പ്രാരംഭ രോഗലക്ഷണങ്ങൾ, പ്രതിരോധമാർഗ്ഗങ്ങൾ എന്നിവയെ സംബന്ധിച്ച് വാർഡ് തലത്തിൽ രൂപീകരിച്ചിട്ടുള്ള സാനിറ്റേഷൻ കമ്മറ്റിയും ആശാ പ്രവർത്തകരും പൊതുജനങ്ങളെ ബോധവൽക്ക്കരിക്കേണ്ടതാണ്.  മെഡിക്കൽ, നഴ് സിംഗ്, ഫാർമസി വിദ്യാർത്ഥികൾ, സന്നദ്ധ സംഘടനാ പ്രവർത്തകർ എന്നിവർക്കും പൊതുജനാരോഗ്യ വിദ്യാഭാസ പരിപാടികൾ സംഘടിപ്പിക്കാവുന്നതാണ്.

പകർച്ചേതര രോഗങ്ങൾ 
പകർച്ചവ്യാധികൾ പ്രതിരോധിക്കാനുള്ള നടപടികൾ സ്വീകരിക്കുന്നതോടൊപ്പം പ്രമേഹം, രക്താതിമർദ്ദം, ഹൃദ്രോഗം, കാൻസർ, ശ്വാസകോശരോഗങ്ങൾ തുടങ്ങിയ പകർച്ചേതര രോഗങ്ങളുടെ (ജീവിത ശൈലി രോഗങ്ങൾ) തുടർ ചികിത്സ ഉറപ്പു വരുത്തുന്നതിൽ കൂടി ശ്രദ്ധിക്കേണ്ടതായിട്ടുണ്ട്. ദുരിതാശ്വാസ ക്യാമ്പ് താമസിനിടെ ചികിത്സ മുടങ്ങിയിരിക്കാൻ സാധ്യതയുണ്ട്. പകർച്ചേതര രോഗം ബാധിച്ചവർ വീടുകളിൽ തിരികെ എത്തിക്കഴിഞ്ഞാലുടൻ മരുന്നുകൾ കഴിക്കുന്നതും ജീവിതചര്യകൾ ക്രമീകരിക്കുന്നതും പുനരാരംഭിക്കേണ്ടതാണ്. വൈകാതെ തന്നെ തങ്ങളുടെ ഡോക്ടർമാരെയോ ആരോഗ്യ വകുപ്പ് ഇതിനായി സജ്ജീകരിച്ചിട്ടുള്ള ക്യാമ്പുകളിലെ ഡോക്ടർമാരെയോ കണ്ട് വൈദ്യ പരിശോധന നടത്തേണ്ടതാണ്.

Leave a Reply