നഷ്ടപ്പെടും മുമ്പ് പ്രളയകാല ചിത്രങ്ങൾ പൊതുസഞ്ചയത്തിലേക്ക്

[author title=”നവനീത് കൃഷ്ണൻ” image=”https://luca.co.in/wp-content/uploads/2018/12/Untitled.jpg”]ശാസ്ത്രലേഖകൻ[/author]

കേരളത്തിലെ പ്രളയകാലത്ത് എടുത്ത ഫോട്ടോകളും വീഡിയോകളും സൂക്ഷിച്ചുവച്ചിട്ടുള്ളവര്‍ക്കായിട്ടാണ് ഈ പോസ്റ്റ്. നിങ്ങളുടെ ഫോണിലെടുത്ത ഈ വിലപ്പെട്ട ചരിത്രരേഖകള്‍ നിങ്ങളുടെ പേരില്‍ത്തന്നെ വരുംകാല തലമുറയ്ക്ക് കൈമാറാന്‍ ഒരു വഴിയുണ്ട്. അതിനാണ് വിക്കിമീഡിയ കോമണ്‍സ് എന്ന സ്വതന്ത്രമീഡിയക്കൂട്ടം.   

 

[dropcap]കേ[/dropcap]രളമാകെ ബാധിച്ച 2018 ആഗസ്റ്റിലെ പ്രളയത്തിന്റെ  ചിത്രങ്ങള്‍ വളരെ കുറച്ചുമാത്രമേ പൊതുസഞ്ചയത്തിലൊള്ളൂ.. ജനപങ്കാളിത്തത്തോടെ ഓരോ പ്രദേശത്തും പ്രളയം ബാധിച്ചതെങ്ങനെയെന്നും  ജനങ്ങളതിനെ അതിജീവിച്ചതെങ്ങനെയെന്നും വ്യക്തമാക്കുന്ന ഫോട്ടോകള്‍  പൊതുസഞ്ചയത്തില്‍ ഡോക്യുമെന്റ് ചെയ്യപ്പെടാതെ പോകുന്നത് വലിയ നഷ്ടമാണ്. ഈ വര്‍ഷം നമുക്കത് ആവര്‍ത്തിച്ചു കൂടാ..

മൊബൈലിലോ ക്യാമറയിലോ എടുത്ത ഫോട്ടോകളും വീഡിയോകളും ഈ സംവിധാനത്തിലേക്ക് നമുക്ക് കൈമാറാവുന്നതേയുള്ളൂ. അതിനുള്ള വഴികളാണ് ഇനി പറയുന്നത്. രണ്ടു കാര്യങ്ങള്‍ ശ്രദ്ധിക്കണം.

1.  ഫോട്ടോകള്‍ പരിപൂര്‍ണ്ണമായും സ്വയം എടുത്തതാവണം.

2. ഈ ഫോട്ടോകള്‍ വിക്കി‍കോമണ്‍സിലേക്കു നല്‍കുമ്പോള്‍ ആ ഫോട്ടോ നിങ്ങളുടെ കടപ്പാടോടുകൂടി ഏതൊരാവശ്യത്തിനും ലോകത്താര്‍ക്കും തികച്ചും സൌജന്യമായി ഉപയോഗിക്കാനുള്ള അനുമതികൂടി നല്‍കണം.

എങ്ങനെ ഇതു ചെയ്യാം എന്നത് അറിയുന്നതിനു മുന്‍പ് എന്താണ് വിക്കിമീഡിയ കോമണ്‍സ് എന്ന് അറിയാം.

വിക്കിമീഡിയ കോമണ്‍സ് എന്ന സ്വതന്ത്രമീഡിയാക്കൂട്ടം!

വിക്കിപീഡിയയെക്കുറിച്ച് കേട്ടിരിക്കുമല്ലോ. അവിടെ ലേഖനങ്ങള്‍ക്കായി ഉപയോഗിക്കുന്ന ചിത്രങ്ങള്‍ മുഴുവന്‍ വിക്കിമീഡിയ കോമണ്‍സില്‍ നിന്നുള്ളതാണ്. (https://commons.wikimedia.org) തികച്ചും സ്വതന്ത്രമായ ചിത്രങ്ങളാണ് ഇവിടെയുള്ളത് എന്നതാണ് കോമണ്‍സിന്റെ പ്രത്യേകത. ആര്‍ക്കും സ്വയമെടുത്ത ചിത്രങ്ങള്‍ പല തരത്തിലുള്ള സ്വതന്ത്രലൈസന്‍സോടെ കോമണ്‍സില്‍ അപ്ലോഡ് ചെയ്യാനാകും. ഇന്റര്‍നെറ്റില്‍നിന്നും കിട്ടുന്ന ചിത്രങ്ങള്‍ ആര്‍ക്കും തോന്നിയപോലെ എടുത്ത് ഉപയോഗിക്കാന്‍ അവകാശമില്ല എന്നറിയാമല്ലോ. എന്നാല്‍ വിക്കി കോമണ്‍സിലെ ചിത്രങ്ങളാണെങ്കില്‍ ആര്‍ക്കും കടപ്പാടോടെ ഉപയോഗിക്കാം. വൈജ്ഞാനികമൂല്യമുള്ള ഏതു ചിത്രവും വീഡിയോയും ഓഡിയോക്ലിപ്പും വിക്കികോമണ്‍സിലേക്ക് അപ്‍ലോഡ് ചെയ്യാവുന്നതാണ്. [box type=”success” align=”” class=”” width=””]പണമൊന്നും പ്രതീക്ഷിക്കരുത് എന്നുകൂടി പറയട്ടെ. നമ്മളെടുക്കുന്ന ചിത്രങ്ങളിലൂടെ ലോകം എന്നെന്നും നമ്മെ ഓര്‍ക്കാന്‍ വിക്കിമീഡിയോ കോമണ്‍സില്‍ക്കൂടി ചിത്രങ്ങള്‍ കൂട്ടിച്ചേര്‍ക്കുന്നത് സഹായിക്കും.[/box] ക്രിയേറ്റീവ് കോമണ്‍സ് ലൈസന്‍സോടെ അപ്ലോഡ് ചെയ്താല്‍ നിങ്ങള്‍ക്ക് ആ ചിത്രത്തിന്റെ ക്രഡിറ്റ് ലഭിക്കും. മറ്റാര്‍ക്കും എന്താവശ്യത്തിനും ആ ചിത്രം ഉപയോഗിക്കാം. പക്ഷേ ചിത്രത്തിന്റെ കടപ്പാട് ഫോട്ടോഗ്രാഫര്‍ക്ക് നല്‍കിയേ തീരൂ എന്നുമാത്രം.

ഇതിനായി എന്തു ചെയ്യണം?

അതിനായി വിക്കികോമണ്‍സില്‍ ഒരു അക്കൗണ്ട് ഉണ്ടാക്കുക മാത്രമേ ചെയ്യേണ്ടതുള്ളൂ. ഇതിന് രണ്ടു വഴികളുണ്ട്. വെബ്‍സൈറ്റു വഴിയും മൊബൈല്‍ ആപ്പ് വഴിയും. വൈബ്‍സൈറ്റ് വഴി ചെയ്യുന്നവര്‍ക്ക് https://commons.wikimedia.orgല്‍ ചെന്നാല്‍ വളരെ ലളിതമായി ഒരു അക്കൗണ്ട് ഉണ്ടാക്കാനാകും. വിക്കിപീഡിയ അടക്കമുള്ള ഏതു വിക്കിസംരംഭങ്ങളില്‍ ഇടപെടുന്നതിനും തിരുത്തുന്നതിനും ഒക്കെ ഇതേ അക്കൗണ്ട് ഉപയോഗിക്കാനുമാവും. അക്കൌണ്ട് തുടങ്ങിയശേഷം അപ്‍ലോഡ് ലിങ്കില്‍ ക്ലിക്ക് ചെയ്ത് ചിത്രങ്ങള്‍ കൂട്ടിച്ചേര്‍ക്കാന്‍ തുടങ്ങാം. ഡിജിറ്റല്‍ ക്യാമറയിലോ മൊബൈലിലോ എടുത്ത ഫോട്ടോകള്‍ കമ്പ്യൂട്ടറിലേക്കു മാറ്റിയശേഷം ഇങ്ങനെ അപ്‍ലോഡ് ചെയ്യാവുന്നതാണ്.

മൊബൈല്‍ഫോണ്‍ മാത്രം ഉള്ളവരായിരിക്കും നമുക്കിടയില്‍ ഏറ്റവും കൂടുതല്‍. പ്രളയകാലത്തെടുത്ത ഫോട്ടോകളെല്ലാം മൊബൈല്‍ഫോണുകളിലാവും കൂടുതലും. അതിനാല്‍ മൊബൈല്‍ഫോണ്‍ ആപ്പ് ഉപയോഗിച്ചും വിക്കി‍മീഡിയ കോമണ്‍സിലേക്ക് നമ്മുടെ ചിത്രങ്ങള്‍ കൂട്ടിച്ചേര്‍ക്കാനാവും. ഇതിനായി മൊബൈലിലെ പ്ലേസ്റ്റോറില്‍ ചെന്ന് വിക്കിമീഡിയ കോമണ്‍സ് (wikimedia commons ) എന്ന് തിരഞ്ഞ് ഇന്‍സ്റ്റാള്‍ ചെയ്യുക. വിക്കിമീഡിയ ഫൌണ്ടേഷനാണ് ലളിതമായ ഈ ആപ്പ് തയ്യാറാക്കിയിരിക്കുന്നത്. ഇതുവരെ അക്കൌണ്ട് തുടങ്ങാത്തവര്‍ക്ക് SIGN UP ല്‍ ക്ലിക്ക് ചെയ്ത് അക്കൌണ്ട് തുടങ്ങാവുന്നതാണ്. നിലവില്‍ അക്കൌണ്ട് ഉള്ളവര്‍ക്ക് യൂസര്‍നെയിമും പാസ്‍വേഡും ഉപയോഗിച്ച് ലോഗിന്‍ ചെയ്യാം.

ആപ്പില്‍ ലോഗിന്‍ ചെയ്തശേഷം മുകളിലെ ഗാലറി ഐക്കണില്‍ അമര്‍ത്തിയാല്‍ ഫോണ്‍ഗാലറിയില്‍ സൂക്ഷിച്ചിരിക്കുന്ന ചിത്രങ്ങള്‍ തിരഞ്ഞെടുത്ത് അപ്‍ലോഡ് ചെയ്യാം. അതല്ലെങ്കില്‍ ഫോണ്‍ഗാലറിയിലെ ചിത്രത്തില്‍ പോയി SEND ബട്ടണില്‍ അമര്‍ത്തി Commons ആപ്പ് തിരഞ്ഞെടുത്താലും മതിയാവും. ചിത്രത്തിന് നല്ലൊരു പേര് (Title) നല്‍കുക എന്നത് പ്രധാനമാണ്. Kerla Flood 2018 എന്നതിന്റെ കൂടെ ചിത്രമെടുത്ത സ്ഥലം, ചിത്രത്തിന്റെ പ്രത്യേകത എന്നിവ ചേര്‍ത്തുള്ള പേരുകള്‍ ഉപയോഗിക്കുന്നത് അഭികാമ്യമാണ്. Kerala Flood 2018 – Chalakkudy Junction എന്നൊക്കെ യുക്തിപൂര്‍വം ഉപയോഗിക്കാം. മലയാളത്തിലും ചിത്രത്തിന്റെ title നല്‍കാവുന്നതാണ്.

ചിത്രത്തെക്കുറിച്ചുള്ള ചെറു വിവരണമാണ് ഇനി ചേര്‍ക്കേണ്ടത്. Description എന്ന ഭാഗത്ത് ഇതു നല്‍കാം. എന്താണ് ചിത്രം കൊണ്ട് ഉദ്ദേശിക്കുന്നതെന്ന് ആളുകള്‍ക്ക് മനസ്സിലാവുക എന്നതാണു പ്രധാനം. മലയാളത്തിലോ ഇംഗ്ലീഷിലോ ലഘുവിവരണം നല്‍കാം. “2018ല്‍ കേരളത്തിലുണ്ടായ വെള്ളപ്പൊക്കത്തില്‍ ചാലക്കുടി ജങ്ഷന്‍. ഓവര്‍ബ്രിഡ്ജിനു മുകളില്‍നിന്നും എടുത്ത ചിത്രം.” എന്നൊക്കെയുള്ള രീതിയില്‍ വിവരണം ആവാം. വിവരണം നാലോ അഞ്ചോ വാക്യങ്ങള്‍ ആയാലും നല്ലതു തന്നെ.

അടുത്തത് ചിത്രത്തിനുള്ള ലൈസന്‍സ് തിരഞ്ഞെടുക്കലാണ്. ക്രിയേറ്റീവ് കോമണ്‍സ് CC0, ക്രിയേറ്റീവ് കോമണ്‍സ് Attribution 3.0, ക്രിയേറ്റീവ് കോമണ്‍സ് Attribution-ShareAlike 3.0 എന്നൊക്കെയുള്ള പലതരം ലൈസന്‍സുകള്‍ നിങ്ങള്‍ക്കവിടെ കാണാനാകും. തുടക്കം എന്ന നിലയില്‍ Creative Commons Attribution-Share Alike 4.0 എന്നതോ Creative Commons Attribution-Share Alike 3.0 എന്നതോ ഉപയോഗിക്കാവുന്നതാണ്. നിങ്ങള്‍ക്കു കടപ്പാടു നല്‍കിയും ഇതേ ലൈസന്‍സോടുകൂടിയും മാത്രമേ ഈ ചിത്രം മറ്റുള്ളവര്‍ക്ക് ഉപയോഗിക്കാവൂ എന്നാണ് ഈ ലൈസന്‍സ് പറയുന്നത്. CC0 തിരഞ്ഞെടുത്താല്‍ നമ്മുടെ ചിത്രത്തിന്‍മേലുള്ള എല്ലാ അവകാശങ്ങളും ത്യജിച്ച് പരിപൂര്‍ണ്ണമായും സമൂഹത്തിന്റെ ആവശ്യത്തിലേക്കായി വിട്ടുനല്‍കി എന്നാണ് അതിനര്‍ത്ഥം. നിങ്ങളുടെ കടപ്പാട് നല്‍കിയോ നല്‍കാതെയോ ആര്‍ക്കും ആ ചിത്രം പിന്നീട് ഉപയോഗിക്കാനാവും എന്നു ചുരുക്കം.

കാറ്റഗറി തെരഞ്ഞെടുക്കല്‍ 

ഇതിനുശേഷം മുകളിലെ ആരോ ബട്ടണ്‍ അമര്‍ത്തിയാല്‍ കാറ്റഗറീസ് എന്ന ഭാഗത്തെത്തും. ഇവിടെ നമ്മള്‍ എടുത്ത ചിത്രം ഏതു കാറ്റഗറിയില്‍ ഉള്‍പ്പെടുന്നു എന്നത് തിരഞ്ഞെടുക്കണം. 2019 Kerala Floods എന്ന ടൈപ്പു ചെയ്ത് ഈ കാറ്റഗറി തിരഞ്ഞെടുക്കാവുന്നതാണ്. കാറ്റഗറി നല്‍കല്‍ ഏറെ പ്രധാനമാണ്. വിക്കിമീഡിയ കോമണ്‍സില്‍ വൈജ്ഞാനികമൂല്യമുള്ള ഒരു നല്ല ചിത്രം അപ്‍ലോഡ് ചെയ്യുകയും കാറ്റഗറി തിരഞ്ഞെടുക്കാതിരിക്കുകയും ചെയ്താല്‍ ആ ചിത്രംകൊണ്ട് ഏറെ പ്രയോജനം സമൂഹത്തിനു ലഭിക്കണമെന്നില്ല. അതിനാല്‍ നിര്‍ബന്ധമായും കാറ്റഗറി ചേര്‍ക്കുക. പല കാറ്റഗറികള്‍ ഒരേ സമയം തിരഞ്ഞെടുക്കാവുന്നതുമാണ്. ഉദാഹരണത്തിന് പ്രളയശേഷം വീട് വൃത്തിയാക്കാന്‍പോയപ്പോള്‍ കണ്ട ഒരു പാമ്പിന്റെ ഫോട്ടോ ആണെങ്കില്‍ 2019 Kerala Floods എന്ന കാറ്റഗറി കൂടാതെ ആ പാമ്പിന്റെ പേരുള്ള കാറ്റഗറിയും തിരഞ്ഞെടുക്കാം. ഇത്രയും കഴിഞ്ഞ് മുകളില്‍ വലതുവശത്തുള്ള സേവ് ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുടെ ഫോട്ടോ വിക്കിമീഡിയോ കോമണ്‍സിലേക്ക് നമ്മുടെ പേരില്‍ത്തന്നെ അപ്‍ലോഡ് ആകും. ഇങ്ങനെ അപ്‍ലോഡ് ചെയ്യപ്പെടുന്ന ഓരോ ഫോട്ടോയും ചരിത്രത്തെ രേഖപ്പെടുത്തലാണ്. കേരളം ഒരുമിച്ചു മറികടന്ന ഒരു പ്രളയകാലത്തെ വരുംകാല തലമുറകള്‍ക്കായി എന്നെന്നേയ്ക്കുമായി രേഖപ്പെടുത്തി വയ്ക്കല്‍. വിക്കിപീഡിയയിലെ പല ലേഖനങ്ങള്‍ക്കും നമ്മള്‍ അപ്‍ലോഡ് ചെയ്ത ഫോട്ടോകള്‍ ഉപയോഗിക്കപ്പെടാം. വിക്കിപീഡിയയില്‍ വിവരം കൂട്ടിച്ചേര്‍ക്കാന്‍ അറിയുന്ന ആര്‍ക്കും ഈ ഫോട്ടോകള്‍ അതിനായി ഉപയോഗിക്കാം.

പ്രളയകാലത്തെടുത്ത ഏതു ഫോട്ടോയും അപ്‍ലോഡ് ചെയ്യാമോ?

വിക്കികോമണ്‍സിലേക്ക് ഏതു ഫോട്ടോയും അപ്‍ലോഡ് ചെയ്യാവുന്നതാണ്. എന്നാല്‍ വൈജ്ഞാനികമൂല്യമില്ലാത്ത ഫോട്ടോകള്‍ ആണെങ്കില്‍ അവ പിന്നീട് ഡിലീറ്റ് ചെയ്യപ്പെടാന്‍ ചെറിയ സാധ്യത ഉണ്ട്. അതിനാല്‍ ഫോട്ടോകള്‍ അപ്‍ലോഡ് ചെയ്യുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കുക.

[box type=”warning” align=”” class=”” width=””]ഒരാളുടെ സ്വകാര്യതയെ ഹനിക്കുന്ന ഫോട്ടോകള്‍ അപ്‍ലോഡ് ചെയ്യാതിരിക്കുന്നതാണ് ഉചിതം. പ്രത്യേകിച്ചും ഏതെങ്കിലും വ്യക്തികളെ വ്യക്തമായി തിരിച്ചറിയാവുന്നവിധം ദുരിതാശ്വാസക്യാമ്പുകളിലും മറ്റും വച്ച് എടുത്ത ഫോട്ടോകള്‍.[/box]

വ്യക്തതയില്ലാത്തതും ക്യാമറ അനങ്ങിയതുമായ ഫോട്ടോകള്‍ ഒഴിവാക്കാം. എന്നാല്‍ ഒരു പ്രത്യേക പ്രളയമേഖലയില്‍നിന്നും ഒരു ഫോട്ടോപോലും ഇല്ല എന്ന അവസ്ഥയാണെങ്കില്‍ അവ അപ്‍ലോഡ് ചെയ്യുന്നതില്‍ തെറ്റില്ല.

എങ്ങനെയുള്ള ഫോട്ടോകളാണ് കൂടുതല്‍ പ്രയോജനപ്പെടുക?

  • വെള്ളപ്പൊക്കം ഉള്ളപ്പോള്‍ എടുത്ത ഫോട്ടോകള്‍ – വെള്ളപ്പൊക്കത്തിന്റെ രൂക്ഷത ബോധ്യമാകുന്ന ഏതു ഫോട്ടോയും വൈജ്ഞാനികമൂല്യം ഉള്ളതാണ്. അതിനാല്‍ അത്തരം ഫോട്ടോകള്‍ എല്ലാം കൂട്ടിച്ചേര്‍ക്കാം. ഓരോ പ്രദേശത്തെയും വെള്ളപ്പൊക്കത്തെക്കുറിച്ചു മനസ്സിലാക്കാന്‍ ഇതു സഹായിക്കും. വെള്ളപ്പൊക്കം ബാധിച്ച ഒരു സ്കൂളിന്റെ വിവിധ കോണുകളില്‍നിന്നുള്ള ഫോട്ടോകള്‍ കിട്ടിയാല്‍ അതിന്റെ വൈജ്ഞാനികമൂല്യം ഒന്നാലോചിച്ചുനോക്കൂ. ഡ്രോണുകളിലും മറ്റും എടുത്ത ഫോട്ടോകള്‍ ഉണ്ടെങ്കില്‍ ഏറെ നല്ലത്. രക്ഷാപ്രവര്‍ത്തനസമയത്തെടുത്ത ഫോട്ടോകള്‍ക്കും ഏറെ പ്രാധാന്യമുണ്ട്. എന്നാല്‍ രക്ഷാപ്രവര്‍ത്തനസമയത്തെ ഏതെങ്കിലും വ്യക്തിയുടെ സ്വകാര്യതയെ ബാധിക്കുമെങ്കില്‍ അത്തരം ഫോട്ടോകള്‍ വേണ്ടതില്ല.
  • ഇതുകൂടാതെ കളക്ഷന്‍ സെന്ററുകളുടെ ഫോട്ടോകള്‍ നല്ലതാണ്. അതില്‍ത്തന്നെ ഒരു ജനതയുടെ ഒരുമയെ എടുത്തുകാണിക്കുന്ന തരത്തിലുള്ള ഫോട്ടോകളാവും നല്ലത്. അവിടെയുള്ള ഏതെങ്കിലും വ്യക്തിയെ ഫോക്കസ് ചെയ്യുന്ന തരത്തിലുള്ള ഫോട്ടോകള്‍ അഭികാമ്യമല്ല.
  • വെള്ളപ്പൊക്കത്തിനുശേഷം എടുത്ത ഫോട്ടോകള്‍ – വെള്ളമിറങ്ങിയശേഷം വീടുകള്‍, സ്ഥാപനങ്ങള്‍, റോഡുകള്‍ തുടങ്ങിയ ഇടങ്ങളുടെ ഫോട്ടോകള്‍ക്ക് പ്രാധാന്യമുണ്ട്. വെള്ളം ഉയര്‍ന്ന ഭാഗം മനസ്സിലാവുന്ന രീതിയിലുള്ള ഫോട്ടോകളാണ് എങ്കില്‍ ഏറെ നല്ലത്. വെള്ളപ്പൊക്കത്തിന്റെ രൂക്ഷത മനസ്സിലാക്കാന്‍ സഹായിക്കുന്ന ഫോട്ടോകളും നാശനഷ്ടങ്ങള്‍ കാണിക്കുന്ന ഫോട്ടോകളും ഏറെ ഗുണം ചെയ്യും. ശുചീകരണപ്രവര്‍ത്തനങ്ങളുടെ ഫോട്ടോകളില്‍ വൈജ്ഞാനിമൂല്യമുള്ള ഫോട്ടോകളാണ് നല്ലത്. ദുരിതാശ്വാസക്യാമ്പുകളുടെയും മറ്റും പൊതുഫോട്ടോകള്‍ മാത്രം മതി. എന്നാല്‍ ആരുടെയെങ്കിലും സ്വകാര്യതയെ ശല്യപ്പെടുത്തുന്ന ഫോട്ടോകള്‍ വേണ്ടതില്ല.
[box type=”info” align=”” class=”” width=””]കേരളത്തിലെ മാധ്യമങ്ങളോടും മാധ്യമപ്രവര്‍ത്തകരോടും ഒരു അഭ്യര്‍ത്ഥനയുണ്ട്. നിങ്ങളുടെ കൈവശവമാകും ഏറ്റവും കൂടുതല്‍ ഇത്തരം മീഡിയകള്‍ ഉള്ളത്. ഇവ പൊതുസഞ്ചയത്തിലേക്ക് വിട്ടുനല്‍കാന്‍ കഴിഞ്ഞാല്‍ ഈ പ്രളയകാലത്തെ രേഖപ്പെടുത്തുന്നതില്‍ നാം ഏറെ മുന്നോട്ടുപോകും. ഒരു ദുരന്തകാലത്തെ കേരളം ഒത്തൊരുമയോടെ അതിജീവിക്കുമ്പോള്‍ അതിനൊപ്പം നിന്ന എല്ലാവരും വരുംകാല തലമുറയ്ക്കായി നമ്മുടെ ചരിത്രത്തെ എഴുതിച്ചേര്‍ക്കുകകൂടി വേണ്ടേ? അതത് മാധ്യമങ്ങളുടെ/മാധ്യമപ്രവര്‍ത്തകരുടെ കടപ്പാടോടെ അവ വിക്കിമീഡിയ കോമണ്‍സില്‍ ഉള്‍ച്ചേരട്ടേ.[/box]

പ്രളയകാലത്തെ ഫോട്ടോകള്‍ മാത്രമല്ല ഏതുതരം ഫോട്ടോകളും അപ്‍ലോഡ് ചെയ്യാം. ഭക്ഷണപദാര്‍ത്ഥങ്ങള്‍, ചെടികള്‍, മൃഗങ്ങള്‍, പ്രാണികള്‍, സ്ഥലങ്ങള്‍, പ്രമുഖ വ്യക്തികള്‍ തുടങ്ങി വൈജ്ഞാനികമൂല്യമുണ്ട് എന്നു നിങ്ങള്‍ക്കുതോന്നുന്ന ഏതൊരു ചിത്രവും ഇങ്ങനെ അപ്‍ലോഡാവുന്നതാണ്. ഇവയെല്ലാം വരുംകാല തലമുറയ്ക്കായി നാം സൂക്ഷിച്ചുവയ്ക്കുന്ന അമൂല്യനിധികളാണ്. ഇന്ന് നമ്മള്‍ അപ്‍ലോഡ് ചെയ്ത ഒരു ഫോട്ടോ നൂറ്റാണ്ടുകള്‍ക്കുശേഷവും നമ്മുടെ പേരില്‍ത്തന്നെ നമ്മളുടെ മക്കളുടെ മക്കളുടെ മക്കള്‍ ഉപയോഗിക്കുന്നത് ഒന്നു മനസ്സില്‍ സങ്കല്പിച്ചുനോക്കൂ… ഇന്നത്തെ ചരിത്രം രേഖപ്പെടുത്താന്‍ നമ്മള്‍ ഇന്നു കാണിച്ച ആ നന്മയ്ക്ക് വരുംകാല തലമുറ ഏറെ നന്ദിയുള്ളവരാകും. തീര്‍ച്ച.

വിക്കിമീഡിയയില്‍ എങ്ങനെ  ഫോട്ടോ എങ്ങനെ അപ്‍ലോഡ് ചെയ്യാം – വീഡിയോ കാണാം 


(Creative Commons Attribution-Share Alike 4.0 International ലൈസന്‍സ് പ്രകാരം പ്രസിദ്ധീകരിക്കുന്ന ലേഖനം)

 

One thought on “നഷ്ടപ്പെടും മുമ്പ് പ്രളയകാല ചിത്രങ്ങൾ പൊതുസഞ്ചയത്തിലേക്ക്

Leave a Reply