Thursday , 21 June 2018
Home » പരിസ്ഥിതി » ടയര്‍ മാലിന്യം – പ്രതിസന്ധിയും പരിഹാരവും

ടയര്‍ മാലിന്യം – പ്രതിസന്ധിയും പരിഹാരവും

വിനയരാജ്‌ വി ആര്‍

 

ഇംഗ്ലണ്ടിലെ വെയില്‍സിലുള്ള ഹെയോപ്പിലെ ഉപയോഗിച്ചശേഷം ഉപേക്ഷിച്ച്‌ കൂട്ടിയിട്ട ഒരുകോടി ടയറുകളുടെ കൂമ്പാരത്തിന്‌ 1989 -ല്‍ ആരോ തീയിടുമ്പോള്‍ സംഭവം ചരിത്രത്തിന്റെ ഭാഗമാവുകയാണെന്ന് ആര്‍ക്കും തോന്നിയിരുന്നില്ല. 15 വര്‍ഷത്തിനുശേഷം 2004 -ല്‍ ആണ്‌ ആ തീയണയ്‌ക്കാന്‍ സാധിക്കുന്നത്‌ എന്നറിയുമ്പോഴേ ആ തീപിടുത്തത്തിന്റെ വ്യാപ്തി എത്രയായിരുന്നുവെന്ന് ഊഹിക്കാനെങ്കിലും ആകുകയുള്ളൂ.

രിസരത്തെങ്ങാന്‍ ഒരു ടയറിന്‌ തീപിടിച്ചാല്‍ത്തന്നെ അതിന്റെ കറുത്ത പുകയും മണവും അന്തരീക്ഷത്തില്‍ എത്രത്തോളമാണ്‌ പടരുന്നതെന്ന് എല്ലാര്‍ക്കും അറിവുള്ളതാണല്ലോ. ഒരിക്കല്‍ ടയറുകളുടെ കൂമ്പാരത്തിനു തീപിടിച്ചുപോയാല്‍ അണയ്‌ക്കാന്‍ വലിയ പ്രയാസമാണ്‌. വലിയതോതിലുള്ള പുകയാണ്‌ പ്രധാനപ്രശ്നം. കൃത്രിമറബറാണ്‌ കത്തുന്നതെങ്കില്‍ പുകയില്‍ പലതരത്തിലുള്ള വിഷങ്ങളും അടങ്ങിയിരിക്കും. സയനൈഡ്‌, കാര്‍ബണ്‍ മോണോക്സൈഡ്‌, സള്‍ഫര്‍ ഡയോക്സൈഡ്‌ എന്നിവയെല്ലാം അന്തരീക്ഷത്തില്‍ പടരുന്നു. റബറിന്‌ താപചാലകത തീരെ കുറവായതിനാല്‍ ഇവയൊട്ട്‌ തണുക്കുകയുമില്ല. പുറംഭാഗങ്ങള്‍ അണച്ചാലും അകത്ത്‌ നീറിക്കൊണ്ടിരിക്കും. മണ്ണുകൊണ്ടോ മറ്റോ മൂടി ഓക്സിജന്‍ അങ്ങോട്ട്‌ എത്താതെ നോക്കലേ പലപ്പോഴും രക്ഷയുള്ളൂ. ലോകത്ത്‌ പലയിടത്തും ടയര്‍കൂനകള്‍ക്ക്‌ വലിയതോതിലുള്ള തീപിടുത്തങ്ങള്‍ ഉണ്ടായിട്ടുണ്ട്‌. കൂട്ടിയിട്ട സ്ഥലങ്ങളില്‍ കൊതുകുകള്‍ വളരാന്‍ ഇടായാകുന്ന ടയറുകള്‍ സൂക്ഷിക്കാന്‍ ധാരാളം സ്ഥലവും ആവശ്യമാണ്‌. തീപിടിച്ചുപോയാല്‍ അന്തരീക്ഷത്തെയും ഭൂഗര്‍ഭജലത്തെയും ഇവ മലിനമാക്കും.

ഉപയോഗ ശൂന്യമായ ടയര്‍ ഉപയോഗിച്ചുള്ള ഒരു പൂന്തോട്ടം | കടപ്പാട് – ajaysharda.blogspot.in

ടയറിന്റെ ഏറ്റവും വലിയ മേന്മകളായ ഈടുനില്‍പ്പും തേയ്‌മാനം സംഭവിക്കായ്‌കയും എളുപ്പത്തിലൊന്നും നശിപ്പിക്കാന്‍ പറ്റായ്‌കയുമെല്ലാം തന്നെയാണ്‌ ഉപയോഗിച്ചശേഷമുള്ള ടയര്‍മാലിന്യത്തിന്റെ പ്രശ്നങ്ങള്‍ക്കും കാരണം. സംഭരിച്ചുവയ്ക്കാന്‍ വലിയസ്ഥലം വേണ്ടതും, തീപിടിച്ചുപോയാല്‍ കെടുത്താനാവാത്തതുമൊക്കെ ഇതിന്റെ ഭീഷണി വര്‍ദ്ധിപ്പിക്കുന്നു. പലതരത്തിലും ടയറുകള്‍ റീസൈക്കിള്‍ ചെയ്യാനുള്ള മാര്‍ഗങ്ങള്‍ മെച്ചപ്പെട്ടുകൊണ്ടിരിക്കുന്നുണ്ട്‌. 1990 -ല്‍ 100 കോടി ഉപയോഗിച്ച ടയര്‍ അമേരിക്കയില്‍ അട്ടിയിട്ടിരിക്കുന്നത്‌ 2015 -ല്‍ ആറരക്കോടിയായി കുറഞ്ഞു. 1994 -ല്‍ യൂറോപ്യന്‍ യൂണിയന്‍ റീസൈക്കിള്‍ ചെയ്തത്‌ 25 ശതമാനം ടയറുകള്‍ ആയിരുന്നത്‌ 2010 ആയപ്പോഴേക്കും 95 ശതമാനമായി മാറി. ടയര്‍ റീസൈക്കിളിംഗില്‍ പുത്തന്‍ സാങ്കേതികവിദ്യകള്‍ ഉയര്‍ന്നുവരുന്നതുപയോഗിച്ച്‌ ടയറില്‍ നിന്നും ഇന്ധനം വേര്‍തിരിക്കുന്നതിനും പുതിയ റബര്‍ ഉല്‍പ്പന്നങ്ങള്‍ ഉണ്ടാക്കുന്നതിനും കളിസ്ഥലങ്ങളുടെ ഉപരിതലം ഉണ്ടാക്കുന്നതിനും പുതിയ ടയറുകള്‍ തന്നെയുണ്ടാക്കുന്നതിനും റോഡ്‌ ടാര്‍ ചെയ്യുന്നതിനുമെല്ലാം ഉപയോഗിക്കുന്നുണ്ട്‌. ഏറ്റവും കൂടുതല്‍ ടയറുകള്‍ ഉപയോഗിക്കുന്നത്‌ സിമന്റ്‌ നിര്‍മ്മാണത്തില്‍ ഇന്ധനമായിട്ടാണ്‌. ആയിരത്തിനുമുകളില്‍ സെന്റിഗ്രേഡിലുള്ള താപനിലയില്‍ ടയറുകള്‍ പൂര്‍ണ്ണമായി നിമിഷനേരം കൊണ്ട്‌ പുകപോലുമില്ലാതെ കത്തുന്നരീതിയാണ്‌ ഇവിടെ ഉപയോഗിക്കുന്നത്‌. കാര്‍ബണ്‍ ബ്ലാക്ക്‌ ഉണ്ടാക്കാനും ടയര്‍ ഉപയോഗിക്കുന്നുണ്ട്‌. ഓക്സിജന്റെ അഭാവത്തില്‍ ഉയര്‍ന്ന താപനിലയില്‍ ചൂടാക്കുന്ന പൈറോലിസിസ്‌ സാങ്കേതികവിദ്യ ഉപയോഗിച്ച്‌ ഗുണമേന്മയുള്ള ആക്ടിവേറ്റഡ്‌ കാര്‍ബണും ടയര്‍ കൊണ്ട്‌ ഉണ്ടാക്കാന്‍ കഴിയും. ശാസ്ത്രീയമായ രീതിയില്‍ ചെയ്താല്‍ പൈറോലിസിസ്‌ വഴി യാതൊരുവിധ മലിനീകരണവും ഉണ്ടാക്കാതെ ടയറിലെ ധാതുക്കളും എണ്ണയും ഉരുക്കും എല്ലാം തന്നെ വേര്‍തിരിച്ചെടുക്കാവുന്നതാണ്‌. എന്നാല്‍ എളുപ്പവഴിയില്‍ ചെലവുചുരുക്കാനായി മികവുകുറഞ്ഞ യന്ത്രസാമഗ്രികള്‍ ഉപയോഗിച്ച്‌ നടത്തിയാല്‍ ഇത്‌ അന്തരീക്ഷമലിനീകരണത്തിനു കാരണമാവും. ഇത്തരം 45 പ്ലാന്റുകള്‍ ഗുജറാത്തില്‍ അടച്ചുപൂട്ടിക്കുകയുണ്ടായി. ഉരുക്കുവ്യവസായത്തിലെ കാര്‍ബണിന്റെ ആവശ്യത്തിനും ടയറുകള്‍ ഉപയോഗിക്കുന്നുണ്ട്.

ഉപയോഗശൂന്യമായ ടയറുകളെ കൂട്ടിക്കെട്ടി ലക്ഷക്കണക്കിനെണ്ണം മെഡിറ്ററേനിയന്‍ തീരത്ത്‌ കടലിലെ ജീവികള്‍ക്കായി കൃത്രിമമായ ആവാസവ്യവസ്ഥ ഉണ്ടാക്കാന്‍ ഫ്രാൻസ് കടലില്‍ താഴ്‌ത്തുകയുണ്ടായി. എന്നാല്‍ വിചാരിച്ച പോലെൊന്നും നടക്കാതെ അതൊരു പാരിസ്ഥിതികദുരന്തമായപ്പോള്‍ അവ എടുത്തുമാറ്റിക്കൊണ്ടിരിക്കുകയാണ്. ഇതേപോലെ അമേരിക്കയില്‍ ഫ്ലോറിഡയില്‍ കടലിനടിയിലെ ടയര്‍ ശ്മശാനത്തില്‍ 1972 -ല്‍ നിക്ഷേപിച്ച ഇരുപത്‌ ലക്ഷം ടയറുകളില്‍ ഏഴുലക്ഷവും പരിസ്ഥിതിയെ തകരാറിലാക്കിക്കൊണ്ട്‌ ഇന്നും കടലിനടിയില്‍ത്തന്നെ തുടരുന്നു. മരുഭൂമിയില്‍ വലിയ കുഴികളെടുത്ത്‌ ഉപയോഗിച്ച ടയര്‍ കൊണ്ടുപോയിത്തള്ളി ഉണ്ടാക്കിയ ലോകത്തേറ്റവും വലിയ ടയര്‍ ശ്മശാനം കുവൈറ്റിലാണ്‌ ഉള്ളത്‌. വലിപ്പം കാരണം ഇത്‌ ബഹിരാകാശത്തുനിന്നുപോലും കാണാം. പല രാജ്യങ്ങളും ഉപയോഗിച്ച ടയറുകള്‍ ഒഴിവാക്കാന്‍ ഇന്ത്യ, പാക്കിസ്താന്‍, മലേഷ്യ മുതലായ രാജ്യങ്ങളിലേക്ക്‌ കയറ്റുമതിയും ചെയ്യാറുണ്ട്‌.-

താന്‍ പച്ചക്കറി വാങ്ങിക്കൊണ്ടുവന്ന 50 പൈസയുടെ കൂടെങ്ങാന്‍ കത്തിച്ചുപോയാല്‍ അതു ആഗോളതാപനത്തിന്‌ ഇടയാക്കുമല്ലോ എന്നു കരുതി പേടിച്ചിരിക്കുന്ന മലയാളികളുടെ ശുഭാപ്തിവിശ്വാസത്തെ ഈ അവസരത്തില്‍ ഓര്‍ക്കാവുന്നതാണ്‌.

Check Also

രാസവളത്തെയല്ല, പകരം മനുഷ്യനെ പഴിക്കുക !

ശാസ്ത്രീയമായി ദീര്‍ഘകാല വളപ്രയോഗം നടത്തിയാല്‍ പോലും അത് മണ്ണിന്റെ ഘടനയെ ബാധിക്കില്ലായെന്ന് പഠനങ്ങളുടെ അടിസ്ഥാനത്തില്‍ സമര്‍ത്ഥിക്കുന്നു.  രസവളങ്ങള്‍ പൂര്‍ണ്ണമായും നിരോധിക്കാനുള്ള …

Leave a Reply

Your email address will not be published. Required fields are marked *