Read Time:30 Minute
[author title=”രണ്‍ജിത്ത് സിജി” image=”http://luca.co.in/wp-content/uploads/2015/04/ranjith.jpg”]വിവരസാങ്കേതിക വിദ്യ പ്രവര്‍ത്തകന്‍[/author]

റേഷന്‍ കാര്‍ഡില്‍ വ്യാജവിവരങ്ങള്‍ നല്‍കിയിട്ടുള്ളവര്‍ ഒന്ന് ജാഗരൂകരാകുന്നത് നല്ലതാണ്. വിവരങ്ങള്‍ പൊതുവായി പങ്കുവെയ്കണം, സുതാര്യത പൊതു ജീവിതത്തിന്റെ മുഖമുദ്രയാവണം. പക്ഷേ, പൗരന്മാരുടെ സ്വകാര്യവിവരങ്ങള്‍, പൊതു ഇടങ്ങളില്‍ ആര്‍ക്കും കയറി നിരങ്ങാവുന്ന വിധം ലഭ്യമാക്കുന്നത് നീതിയാണോ ? നിങ്ങള്‍ സ്വന്തമെന്ന് കരുതിയ റേഷന്‍ കാര്‍ഡ് ഇപ്പോള്‍ കണ്ടവരുടെ കയ്യില്‍ ഇരിക്കുകയാണ്. അതെങ്ങനെ സംഭവിച്ചുവെന്ന് താഴെ വായിക്കുക.

open-data

[dropcap]പൊ[/dropcap]തു വിവരങ്ങള്‍ പൊതുവായി പങ്കുവെയ്കണം എന്നതാണ് ഓപ്പണ്‍‍ ഡാറ്റാ പ്രചരണങ്ങളുടെ അന്തസത്ത. എന്നാല്‍ പൊതുവിവരങ്ങള്‍ പൂഴ്ത്തിവെയ്കപ്പെടുകയും പൗരന്മാരുടെ സ്വകാര്യവിവരങ്ങള്‍ പൊതു ഇടങ്ങളില്‍ ഉത്തരവാദിത്വമില്ലാതെ തുറന്നിടുകയും ചെയ്യുന്ന സര്‍ക്കാര്‍ വെബ്സൈറ്റുകളെ കുറിച്ച് നിങ്ങള്‍ കേട്ടിട്ടുണ്ടോ. അതാണിവിടുത്തെ ചര്‍ച്ചാ വിഷയം.

അന്താരാഷ്ട്ര ഓപ്പണ്‍ ആക്സസ് വാരം

ഒക്ടോബർ 24 മുതൽ 30 വരെ അന്താരാഷ്ട്ര ഓപ്പണ്‍ അക്സസ് വാരം (International Open Access Week ) ആചരിക്കുകയാണ്. ലോകത്തിലെ വിവിധ ഗവേഷണസ്ഥാപനങ്ങളിലെ ഗവേഷണവിവരങ്ങളും പ്രബന്ധങ്ങളും സര്‍ക്കാര്‍ തുടങ്ങിയ അധികാര സ്ഥാപനങ്ങള്‍ കൈവശം വെയ്കുന്ന ഉപകാര പ്രദമായ ഡാറ്റകളും പൊതുജനങ്ങള്‍ക്ക് പങ്കുവയ്ക്കണം, സ്വതന്ത്രമായി ലഭ്യമാക്കണം എന്ന ആവശ്യത്തിന് പ്രചാരം നല്‍കാനാണ് പ്രധാനമായും ഓപ്പണ്‍ അക്സസ് വാരം ആചരിക്കുന്നത്. ഇത് സമൂഹത്തിന്റെ പുരോഗതിയെ സാരമായി സ്വാധീനിക്കുന്ന ഒരു സുപ്രധാന തീരുമാനമാണെന്നകാര്യത്തില്‍ തര്‍ക്കമില്ലല്ലോ.
World Wide Web

വേള്‍ഡ്‍വൈഡ്‍വെബ് കണ്ടുപിടിച്ച ടിംബര്‍ണേഴ്സ് ലീ അദ്ദേഹത്തിന്റെ കണ്ടുപിടിത്തം രഹസ്യമാക്കിവയ്ക്കുകയും അതിന് പേറ്റന്റ് സമ്പാദിക്കുകയും ചെയ്തിരുന്നെങ്കില്‍ ആധുനിക ഇന്റര്‍നെറ്റ് എന്ന സംവിധാനം തന്നെ ഉണ്ടാകുമായിരുന്നില്ല. ഇതിൽ നിന്നാണ് ഗവേഷണങ്ങളുടെ ഫലം ലോകത്തിന് ഉടന്‍ ലഭ്യമാക്കുക എന്ന ആശയത്തിന്റെ പ്രസക്തി ബോദ്ധ്യപ്പെടുന്നത്.

തങ്ങളുടെ ആവിഷ്കാരങ്ങളെ പണസമ്പാദനത്തിനായി ഉപയോഗിക്കാതിരുന്ന പത്തു് ആളുകളെ പറ്റി വായിക്കാം.

ഓപ്പണ്‍ ഡാറ്റ

ഇവ സ്വതന്ത്രമായി എല്ലാവര്‍ക്കും ലഭ്യമായ വിവരമാണ്. പകര്‍പ്പവകാശത്തിന്റെയോ പേറ്റന്റുകളുടെയോ മറ്റ് തരത്തിലോ ഇള്ള നിയന്ത്രണങ്ങൾ ഇല്ലാതെ സ്വതന്ത്രമായി ലഭ്യമാകുന്ന വിവരമാണിത്. ഈ വിവരം ഉപയോഗിക്കാനും മാറ്റം വരുത്താനും വീണ്ടും വിതരണം ചെയ്യാനും എല്ലാത്തരത്തിലുമുള്ള അധികാരവും ജനങ്ങള്‍ക്ക് നല്‍കപ്പെട്ടിരിക്കുന്നു. പൊതുജനത്തിന്റെ നികുതിപ്പണം കൊണ്ട് നടത്തപ്പെടുന്ന വിവിധ തലത്തിലുള്ള വിവരശേഖരണവും ഗവേഷണങ്ങളും വിവരങ്ങളും ഇതുപോലെ ഓപ്പണ്‍ ഡാറ്റയായി ലഭ്യമാവണം എന്നത് ഒരു പൗരന്റെ അവകാശമാണ്. വിവിധ സര്‍ക്കാരുകളും സര്‍ക്കാര്‍ ഏജന്‍സികളും നടത്തുന്ന സര്‍വ്വേഫലങ്ങളും വിവരശേഖരണവും ഇത്തരത്തില്‍ യാതൊരു നിയന്ത്രണവും കൂടാതെ ലഭ്യമാകേണ്ടതാണ്. ഇതിനായി സര്‍ക്കാരുകള്‍ക്ക് ഓപ്പണ്‍ ഡാറ്റാ നയം തന്നെയുണ്ട്. ഇന്ത്യാ ഗവണ്‍മെന്റിന്റെ ഓപ്പണ്‍ ഡാറ്റാ പോര്‍ട്ടല്‍ ആണ് data.gov.in . അമേരിക്കന്‍ ഗവണ്‍മെന്റിന്റെ ഓപ്പണ്‍ ഡാറ്റാ പോര്‍ട്ടല്‍ ആണ് data.gov . ഇവയിലെല്ലാം വിവിധ സര്‍ക്കാര്‍ വകുപ്പുകളില്‍നിന്നുള്ള വിവരങ്ങള്‍ ലഭ്യമാക്കിയിരിക്കുന്നു. പക്ഷേ, ലഭ്യമാക്കിയിരിക്കുന്ന വിവരങ്ങള്‍ നന്നെ പരിമിതമാണ്. ലഭ്യമാക്കേണ്ടവയുടെ വളരെ ചെറിയ ഭാഗം മാത്രമാണ് ഇത്തരത്തില്‍ സര്‍ക്കാരുകള്‍ ലഭ്യമാക്കിയിരിക്കുന്നത്. ഇക്കാര്യത്തില്‍ ഇന്ത്യാ സര്‍ക്കാര്‍ കുറെയേറെ കാര്യങ്ങള്‍ ചെയ്തിട്ടുണ്ടെങ്കിലും സംസ്ഥാന സര്‍ക്കാരുകള്‍ ഇത്തരം ഒരു നയം മനസ്സിലാക്കുകയോ, പ്രാവര്‍ത്തികമാക്കുകയോ ചെയ്തിട്ടില്ല എന്നതാണ് യാഥാര്‍ത്ഥ്യം.

Open Dataഡാറ്റ ഓപ്പണാക്കിയാല്‍ എന്താണ് പ്രയോജനം എന്ന ചോദ്യമുയരാം. ലളിതമായ ഒരുദാഹരണത്തിലൂടെ ഇത് വ്യക്തമാക്കാം. ദേശീയ ഓപ്പണ്‍ ഡാറ്റാ പോര്‍ട്ടലില്‍ National Hospital Directory with Geo Code and additional parameters as on May-2016 എന്ന ഒരു ലിങ്ക് ലഭ്യമാണ്. ഇതുപയോഗിച്ച് രാജ്യത്തെ വിവിധ ആശുപത്രികളുടെ വിവരങ്ങളും അവിടങ്ങളിലേക്കുള്ള വഴിയും ദിശയും ബന്ധപ്പെടാനുള്ള ഫോണ്‍ നമ്പരും ഒക്കെ വിവരിക്കുന്ന ഒരു മൊബൈല്‍ ആപ്പ് ആരോഗ്യവകുപ്പിനോ, ഗതാഗത – വിനോദ സഞ്ചാര വകുപ്പുകള്‍ക്കോ, വ്യക്തികള്‍ക്കോ നിര്‍മ്മിക്കാനാകും. അത്തരമൊരു ആപ്പ് സഞ്ചാരികളെയും ആരോഗ്യ പ്രവര്‍ത്തകരെയും സഹായിക്കുന്ന ഒന്നായിത്തീരും. എന്നാല്‍ രാജ്യത്തെ ആശുപത്രികളുടെ എണ്ണം കേന്ദ്രസര്‍ക്കാരിലെ ആരോഗ്യ മന്ത്രാലയത്തിലെ ഒരു ഫയലില്‍ മാത്രം ഉറങ്ങിക്കിടന്നാല്‍ ഈ സാദ്ധ്യത തന്നെ ഇല്ലാതാകുകയാണ്.

ഓപ്പണ്‍ ഡാറ്റ ഗവേഷകരുടെയും പൊതുജനങ്ങളുടെയും അറിവിന്റെ, വിവര ലഭ്യതയുടെ അളവ് വര്‍ദ്ധിപ്പിക്കുന്നു. വിവരലഭ്യതയുള്ള സമൂഹം ജനാധിപത്യത്തിന്റെ നട്ടെല്ലാണ്. ജനങ്ങള്‍ക്കും വിവധ സര്‍ക്കാര്‍ – സ്വകാര്യ ഏജന്‍സികള്‍ക്കും സര്‍ക്കാര്‍ നല്‍കുന്ന ഈ സേവനങ്ങള്‍ ഉപയോഗിച്ച് വ്യത്യസ്ത കമ്പ്യൂട്ടര്‍ പ്രോഗ്രാമുകളും ആപ്ലിക്കേഷനുകളും ഉണ്ടാക്കാനും അവ പൊതുജനങ്ങള്‍ക്കായി ലഭ്യമാക്കുവാനും കഴിയും. പ്രാദേശിക വികസനത്തിനായുള്ള മൊബൈല്‍ ആപ്പുകള്‍ എന്ന ഈ ആശയം ഇന്ന് ഏറെ പ്രചാരം നേടിക്കൊണ്ടിരിക്കുന്ന ഒന്നാണ്. എന്നാല്‍ ഈ ആശയത്തില്‍ ഒരിടത്തും സര്‍ക്കാരിന്റെ ,അഥവാ വിവിധ സര്‍ക്കാര്‍ – അര്‍ദ്ധ സര്‍ക്കാര്‍ – സ്വകാര്യ സ്ഥാപനങ്ങളുടെ കൈവശമിരിക്കുന്ന സ്വകാര്യ വ്യക്തികളുടെ വിവരങ്ങള്‍ പങ്കുവെയ്കപ്പെടണം എന്ന് പറയുന്നില്ല.

ഡാറ്റ ചോരണം അഥവാ ഡാറ്റ ചോര്‍ത്തല്‍

Hacking

തികച്ചും സ്വകാര്യമായി സൂക്ഷിക്കപ്പെടേണ്ട ഡാറ്റ വിവിധ മാര്‍ഗ്ഗങ്ങളിലൂടെ കരസ്ഥമാക്കുകയും അവ സാമ്പത്തിക ലാഭത്തിനോ ഏതെങ്കിലും തരത്തിലുള്ള സ്വകാര്യലാഭത്തിനോ മറ്റുള്ളവരുടെ തകര്‍ച്ചക്കോ ഉപദ്രവത്തിനോ ഉപയോഗിക്കുന്നത് ഡാറ്റ ചോരണമാണ്. ഇതിനെ ഒരു തരം കവര്‍ച്ചയെന്നോ യുദ്ധമെന്നോ കബളിപ്പിക്കലെന്നോ ഒക്കെ വിശേഷിപ്പിക്കാം. ബംഗ്ലാദേശിന്റെ ദേശീയ ബാങ്കില്‍ നിന്നും 81മില്യണ്‍ ഡോളര്‍ കവര്‍ന്നതും ഇന്ത്യയിലെ വിവിധ ബാങ്കുകള്‍ 32 ലക്ഷം ATM കാര്‍ഡുകള്‍ തടഞ്ഞതും അമേരിക്കയിലെയും കാനഡയിലെയും പ്രധാന വിവാഹേതര ബന്ധങ്ങള്‍ക്ക് മദ്ധ്യസ്ഥം വഹിച്ച Ashlymadison.com ന്റെ അനേകം ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങള്‍ ചോര്‍ത്തിയതുമെല്ലാം ഡാറ്റ ചോരണത്തിനുദാഹരണമാണ്.
പനാമ പേപ്പറുകള്‍ ചോര്‍ത്തിയതിലൂടെ ലോകത്ത് നടന്നു വന്ന വളരെ വലിയ നികുതി വെട്ടിപ്പുകള്‍ കണ്ടെത്തുന്നതിനും പല വമ്പന്മാരെയും കുടുക്കുന്നതിനും കഴിഞ്ഞു എന്നുള്ളതും നാം മറക്കരുത്. വിവരസാങ്കേതിക വിദ്യാവ്യാപനത്തിലൂടെ ഡാറ്റാ ചോരണം ഇനിയും ഇനിയും വ്യാപകമാകുകതന്നെ ചെയ്യും.

സ്വകാര്യതാ ലംഘനം

Privacy Problemനമ്മള്‍ മറ്റുള്ളവരെ വിശ്വസിച്ച് ഏല്‍പ്പിക്കുന്ന വിവരങ്ങള്‍ നമ്മുടെ പൂര്‍ണ്ണസമ്മതമില്ലാതെ അവര്‍ മറ്റ് ഏജന്‍സികള്‍ക്ക് കൈമാറുന്നതാണ് സ്വകാര്യതയിലെ പിഴവുകള്‍. സ്വകാര്യതാ നയവുമായി ബന്ധപ്പെട്ട് ലോകത്തില്‍ ഏറ്റവും കൂടുതല്‍ പഴി കേള്‍ക്കേണ്ടിവന്ന സ്ഥാപനം ഫേയ്സ്ബുക്കാണ്. ഫേസ്ബുക്ക് അതിന്റെ ഉപയോക്താക്കളുടെ വിവരങ്ങള്‍ വിവിധ തരം പരസ്യങ്ങള്‍ക്ക് ഉപയോഗിക്കുകയും മറ്റ് പരസ്യ കമ്പനികള്‍ക്ക് വില്‍ക്കുകയും ചെയ്യുന്നു എന്നതാണ് പ്രധാന ആക്ഷേപം. ലോകത്തില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ ഉപയോഗിക്കുന്ന മെസേജ് ആപ്പ് ആയ വാട്സാപ്പിനെ ഏറ്റെടുത്തതിനുശേഷം അതിലെ ഉപയോക്താക്കളുടെ വിവരങ്ങള്‍ ഫേസ്ബുക്കിന് കൈമാറുമെന്നും പറഞ്ഞ് അതിന്റെ സ്വകാര്യതാനയം തിരുത്തിയത് ഈ ഇടയ്ക്കാണ്. ഗൂഗിള്‍ അതിന്റെ വിവിധ സേവനങ്ങള്‍ സൗജന്യമായി തരുന്നതും അവയിലെല്ലാം പരസ്യങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതുമെല്ലാം സ്വകാര്യ വിവരങ്ങളുടെ കച്ചവടമാമെന്ന് പറയാം. സ്വകാര്യതയും കച്ചവടവും തമ്മിലുള്ള ഒരു ചെറിയ ഉദാഹരണം വഴി കാര്യങ്ങള്‍ കൂടുതല്‍ വ്യക്തമാക്കാം. ഒരു നഗരത്തില്‍ ടാക്സി സര്‍വ്വീസ് നടത്തുന്ന ഒരാള്‍ക്ക് അടുത്ത ഏതാനും മണിക്കൂറുകളിലും ദിവസങ്ങളിലും ആ നഗരത്തില്‍ വന്നിറങ്ങുന്ന ആളുകളുടെ മൊബൈല്‍നമ്പര്‍ ലഭിക്കുന്നത് അയാളുടെ ബിസിനസ് വര്‍ദ്ധനക്ക് സഹായകമായേക്കും. നിങ്ങള്‍ക്ക് സ്ക്കൂളില്‍ പഠിക്കുന്ന ഒരു മകനോ മകളോ ഉണ്ടെന്നറിയാവുന്ന ഒരു സ്ക്കൂള്‍ ഉപകരണ നിര്‍മ്മാണകമ്പനിക്കാരനോ ഇന്‍ഷുറന്‍സ് ഏജന്റിനോ തങ്ങളുടെ ബിസിനസ്സ് വര്‍ദ്ധിപ്പിക്കാനായി ആ ഡാറ്റ ഉപയോഗിക്കാം. പുതിയ കാമുകിയുള്ള ചെറുപ്പക്കാരുടെ ഡാറ്റ ഒരു ഗിഫ്റ്റ് ഷോപ്പുകാരന്റെയോ ഐസ്ക്രീം പാര്‍ലര്‍കാരന്റെയോ ബിസിനസ്സിനെ സഹായിക്കുമല്ലോ . ഇതെല്ലാം വളരെ ചെറിയ തലത്തിലുള്ള ഡാറ്റാ കച്ചവടത്തിന്റെ ഉദാഹരണങ്ങളാണ്. ഇത്തരം വിവരങ്ങളെ അടിസ്ഥാനപ്പെടുത്തി ഈ കച്ചവടക്കാര്‍ക്ക് തങ്ങളുടെ ലക്ഷ്യവുമായി ബന്ധപ്പെടാനും കച്ചവടം ഉറപ്പാക്കാനും കഴിയും. വരുമാനം, രോഗാവസ്ഥ, വാഹനങ്ങള്‍, വിനോദയാത്രകള്‍, ഔദ്യോഗികയാത്രകള്‍, മീറ്റിംഗുകള്‍‍, വിവാഹങ്ങള്‍ തുടങ്ങി ആളുകള്‍ ഇടപെടുന്ന എല്ലാ മേഖലകളിലും ഡാറ്റയുടെ വിപണനത്തിന് അനന്തസാദ്ധ്യതകളാണ് തുറന്നിടുന്നത്. ഫേസ്ബുക്ക് വഴിയും മറ്റ് വിവിധ വഴികളിലൂടെയും (ഉദാഹരണത്തിന് ആന്‍ഡ്രോയ്ഡ്, ഐഫോണ്‍ എന്നിവയിലെ ആപ്പുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നത് വഴി) ഇത്തരം ഡാറ്റകള്‍ വിവിധ കമ്പനികള്‍ക്ക് ലഭ്യമാകാനുള്ള അനേകം വഴികള്‍ തുറന്നു കിടപ്പുണ്ട് .

ഡാറ്റയുടെ പ്രയോഗം

തങ്ങളുടെ വിജയത്തിനും അനുകൂല അഭിപ്രായങ്ങള്‍ സൃഷ്ടിക്കുന്നതിനുമായി വിവിധ തരത്തിലുള്ള ഡാറ്റയുടെ പ്രയോഗമാണ് അടുത്ത ഘട്ടം. ഒരു ഇലക്ഷനെ എങ്ങനെ ഹാക്ക്ചെയ്യാമെന്നും തങ്ങളുടെ കക്ഷികള്‍ക്ക് അനുകൂലമാക്കിമാറ്റാമെന്നുമുള്ള കഥയാണ് വര്‍ഷങ്ങളായി ലാറ്റിനമേരിക്കന്‍ രാജ്യങ്ങളിലെ ഇലക്ഷനുകളെ ഹാക്ക് ചെയ്യുന്ന ആന്‍ഡ്രേസ് സെപുല്‍വെഡ തന്റെ ബ്ലോഗിലൂടെ പറയുന്നത്.

Hacking Code
പെന നിയെറ്റോ 2012 ജൂലൈയിലാണ് മെക്സിക്കന്‍ പ്രസിഡന്റ് പദവിയിലെത്തുന്നത്. പെന നിയെറ്റോയുടെ വിജയാഘോഷം അനേകം കിലോമീറ്റുകള്‍ക്കകലെ ലൈവായി കണ്ടുകൊണ്ടിരിക്കുകയായിരുന്നു സെപുല്‍വെഡ. ആറ് കമ്പ്യൂട്ടര്‍ സ്ക്രീനുകള്‍ക്കുമുന്നില്‍ സുരക്ഷിതനായി ഇരുന്ന് വിജയാഘോഷങ്ങള്‍ സസൂക്ഷ്മം നിരീക്ഷിച്ചുകൊണ്ടിരുന്ന അയാള്‍, പെന നിയെറ്റോയുടെ ഔദ്യോഗിക വിജയസ്ഥിരീകരണം വന്നപ്പോള്‍ തന്റെ കമ്പ്യൂട്ടറുകള്‍ നിർത്തി. എല്ലാ പെന്‍ഡ്രൈവുകളിലും തുളകള്‍ വീഴ്ത്തി, എല്ലാ ഹാര്‍ഡ്‍ഡിസ്കുകളും മൈക്രോവേവില്‍വച്ച് കരിച്ചുകളഞ്ഞു, എല്ലാ ഫോണുകളും ചുറ്റികയ്ക്ക് അടിച്ച് നശിപ്പിച്ചുകളഞ്ഞു, എല്ലാ പേപ്പറുകളും കീറി ടോയ്‍ലെറ്റിലൊഴുക്കി, റഷ്യയിലും ഉക്രെയിനിലും പല കള്ളപ്പേരുകളിലും ബിറ്റ് കോയിനുകള്‍ ഉപയോഗിച്ചു വാങ്ങിയ എല്ലാ സെര്‍വ്വറുകളും നശിപ്പിച്ചു. ഇതെല്ലാം ചെയ്തത് വ്യാജ പ്രചരണത്തിലൂടെ സെപുല്‍വെഡ സമീപകാലത്ത് നടത്തിയ ഏറ്റവും മോശപ്പെട്ട ഇലക്ഷന്‍ കൃത്രിമത്തിന്റെ ബാക്കിപത്രങ്ങള്‍ നശിപ്പിക്കാനായിരുന്നു.

ഇന്ത്യയില്‍ സമീപകാലത്ത് നടന്ന ഏറ്റവും വലിയ ഇലക്ഷന്‍ ക്യാമ്പയിനായിരുന്നു പ്രധാനമന്ത്രി മോദിയുടേത്. മോദി ഇഫക്റ്റ് സൃഷ്ടിക്കാനായും ഇത്തരത്തില്‍ വളരെ വലിയ വാടകയ്ക്ക് വിവിധ തരം സംഘങ്ങളെ നിയോഗിച്ചുവെന്നത് ഇന്ന് പരസ്യമായ രഹസ്യമാണ്. ട്വിറ്ററിലും ഫേസ്ബുക്കിലും റെക്കോഡ് ഭേദിക്കുന്ന ഫോളോവേഴ്സിനെ സൃഷ്ടിക്കാനും കരുത്തുകാട്ടാനുമായി എത്രയോ തുക മുടക്കിയിട്ടുണ്ടാവും. കേരളത്തിലെ സമീപകാല ഇലക്ഷന്‍ ക്യാമ്പയിനുകളുടെ കഥ സൗത്ത് ലൈവ് പറയുന്നുണ്ട്. “എല്ലാം ശരിയാകും” എന്ന മുദ്രാവാക്യം ഇപ്പോള്‍ ഭരിക്കുന്ന ഇടതുപക്ഷത്തിനെ അധികാരത്തിലെത്തിച്ചതിന് വഹിച്ച പങ്ക് ചെറുതല്ല.

അമേരിക്കയില്‍ സമീപകാലത്ത് നടന്ന ഏറ്റവും വലിയ ഡാറ്റ ചോരണമാണ് 2015 ജൂണില്‍ പേഴ്സണല്‍ മാനേജ്‍മെന്റ് ഓഫീസ് പുറത്തുവിട്ടത്. 18 മില്യണ്‍ അമേരിക്കകാരുടെ സോഷ്യല്‍ സെക്യൂരിറ്റി വിവരങ്ങള്‍ എല്ലാം ഹാക്കര്‍മാര്‍ ചോര്‍ത്തുകയും അവ വിവിധ തരത്തിലുള്ള ബ്ലാക‍്‍മെയിലിങ്ങിന് ഉപയോഗിക്കുകയും ചെയ്തു.

ഇന്ത്യയിലെ സ്വകാര്യ വിവരങ്ങള്‍ സൂക്ഷിക്കുന്ന ഏറ്റവും വലിയ ഡാറ്റാബേസാണ് ഇന്ന‍് ആധാര്‍ ഡാറ്റ സൂക്ഷിക്കുന്ന UIDAI. ഇന്ത്യയിലെ പ്രധാന തിരിച്ചറിയല്‍ രേഖയായി ഇത് പലയിടങ്ങളിലും ഉപയോഗിക്കപ്പെടുന്നു. ഈ ഡാറ്റാബേസില്‍ വിരലടയാളങ്ങളും കണ്ണിന്റെ റെറ്റിന സ്കാനുകളും ഉള്‍പ്പെട്ടിട്ടുണ്ട്. ഇവയിലുണ്ടാവുന്ന വളരെച്ചെറിയതരത്തിലുള്ള ഒരു സുരക്ഷാപാളിച്ച പോലും രാജ്യത്തുള്ള എല്ലാ പൗരന്മാരുടെയും വിവരങ്ങള്‍ക്ക് ഭീഷണിയാണ്. എന്നിരിക്കിലും താരതമ്യേന കൂടുതല്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ ഈ വെബ്സൈറ്റുകളിലുണ്ട്.

അതുപോലെ അത്രയും സുരക്ഷാ പ്രാധാന്യമുള്ള മറ്റൊരു വിവരസംഭരണിയാണ് വോട്ടര്‍ പട്ടിക. എല്ലാ സംസ്ഥാന ഇലക്ഷന്‍ കമ്മീഷന്റെയും വെബ്സൈറ്റിലും ഇത് സൗജന്യമായി ലഭ്യമാണ്. അതായത് കേരളത്തിലെ വോട്ടര്‍ പട്ടിക കിട്ടാന്‍ ഇലക്ഷന്‍ കമ്മീഷന്റെ വെബ്സൈറ്റിലെ കണ്ണിയില്‍ പോയി ജില്ല, ലോക്കല്‍ ബോഡി, വാര്‍ഡ്, പോളിങ്ങ് സ്റ്റേഷന്‍ എന്നിവ തിരഞ്ഞെടുത്താല്‍ മതി. പട്ടികയില്‍ അവിടെ ജീവിക്കുന്ന വോട്ടവകാശമുള്ള എല്ലാവരുടെയും പേര്, രക്ഷിതാവിന്റെ പേര്, വീട്ടുപേര്, വീട്ടുനമ്പര്‍, ലിംഗം, വയസ്സ്, വോട്ടര്‍ ഐഡി നമ്പര്‍ എന്നിവ പ്രിന്റ് ചെയ്യാവുന്ന രൂപത്തില്‍ ലഭ്യമാണ്. ഇതിന് ഹാക്കിംഗോ ഡാറ്റ ചോരണമോ ഒന്നും തന്നെ ആവശ്യമില്ല. പൊതുവായ വിവരമാക്കി ലഭ്യമാക്കിയിരിക്കുകയാണിത്. ഇതും തിരിച്ചറിയല്‍ കാര്‍ഡിലെ ഹോളോഗ്രാം നിര്‍മ്മിക്കുന്ന സാങ്കേതിക വിദ്യയുമുണ്ടെങ്കില്‍ ഒരിക്കലും തിരിച്ചറിയാനാവാത്ത നല്ല “ഒറിജിനല്‍” ഡൂപ്ലിക്കറ്റ് തിരിച്ചറിയല്‍ കാര്‍ഡ് (യഥാര്‍ത്ഥ നമ്പര്‍ അടക്കം) തയ്യാര്‍. ഈ കാര്‍ഡുപയോഗിച്ച് മൊബൈല്‍ കണക്ഷന്‍ എടുക്കാനും ഇന്റര്‍നെറ്റ് എടുക്കാനും തീവ്രവാദപ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കാനും യാതൊരു തടസ്സവുമില്ല, മെനക്കേടുമില്ല. നിങ്ങള്‍ക്ക് വേണ്ടത് ഒരു ഇന്റര്‍നെറ്റ് കണക്ഷനും വെബ് ബ്രൗസറും മാത്രം.

റേഷന്‍കാര്‍ഡ് നമ്മുടെ സ്വന്തമല്ല, വല്ലവരുടേതുമായിരിക്കുന്നു

ഇതിലും വലിയ സുരക്ഷാ വീഴ്ചയാണ് (വീഴ്ച എന്ന് പറയാന്‍ പറ്റില്ല, സുരക്ഷയുണ്ടെങ്കിലല്ലേ വീഴ്ചയുള്ളു) കേരള സര്‍ക്കാരിന്റെ റേഷൻ കാർഡ്  വെബ്സൈറ്റില്‍ ഉണ്ടായിരിക്കുന്നത്. കേന്ദ്രസര്‍ക്കാര്‍ ഏജന്‍സിയായ നാഷണല്‍ ഇന്‍ഫൊര്‍മാറ്റിക് സെന്റര്‍ (എന്‍.ഐ.സി) പരിപാലിക്കുന്ന ഈ വൈബ്സൈറ്റില്‍ കേരളത്തിലെ റേഷന്‍കാര്‍ഡുള്ള കുടുംബങ്ങളുടെ സകലവിവരവും യാതൊരു സുരക്ഷയുമില്ലാതെ ലഭ്യമാക്കിയിരിക്കുകയാണ്. എല്ലാ കാർഡുടമകളുടേയും വിവരങ്ങളും, കുടുംബാംഗങ്ങളുടെ അടിസ്ഥാന വിവരങ്ങളും, കാർഡുടമകളുടേ ഭൂരിഭാഗം വരുന്നവരുടെ ഫോട്ടോകളും ആര്‍ക്കും എളുപ്പം പകര്‍ത്താവുന്ന രീതില്‍ അവിടെ ലഭ്യമാണ്. മേല്‍പ്പറഞ്ഞ വ്യാജ തിരിച്ചറിയല്‍ കാര്‍ഡുണ്ടാക്കുന്നവര്‍ക്ക് ഫോട്ടോ വേണമെങ്കില്‍ ഈ റേഷന്‍ കാര്‍ഡ് സൈറ്റില്‍ നിന്നും എടുത്താലും മതിയാകും. ഇതില്‍ ഏതൊക്കെ കുടുംബങ്ങള്‍ക്ക് വരുമാനം കുറവാണ്,ദാരിദ്ര്യ രേഖയ്ക് താഴെയാണ്, രോഗികളോ മറ്റ് തരത്തില്‍ വൈകല്യം അനുഭവിക്കുന്നവരോ ഉണ്ടോ എന്നൊക്കെയുള്ള ,തികച്ചും സ്വകാര്യവും വ്യക്തികളുടെ സാമൂഹ്യപദവിയും സ്വാഭിമാനവുമായി ബന്ധപ്പെട്ട വിവരങ്ങളും ഉള്‍പ്പെടുന്നു എന്നതാണ് ദുഖകരമായ സംഗതി. ഇന്‍ഷുറന്‍സ് കമ്പനിക്കാര്‍ക്കും ഹോസ്പിറ്റലുകള്‍ക്കും മറ്റ് വിവിധതരം മാര്‍ക്കറ്റിംഗ് നടത്തുന്നവര്‍ക്കും ഇതൊരു സുവര്‍ണ്ണാവസരമാണ്. ലളിതമായ മാര്‍ഗ്ഗങ്ങളിലൂടെ ഡാറ്റ ചോര്‍ത്തി എടുക്കുക, പഠനം നടത്തുക, മാര്‍ക്കറ്റിംഗിനുവേണ്ട നടപടികള്‍ നടത്തുക എന്നതേവേണ്ടൂ.
Personal Information Hack
ഇതുപോലെ തന്നെയാണ് ഗ്യാസ് കണക്ഷന്റെ ട്രാന്‍സ്പാരന്‍സി പോര്‍ട്ടലിന്റെ കാര്യവും. പേര്, അഡ്രസ്, എത്ര റീഫില്‍ എടുത്തു, ആധാര്‍ വിതരണക്കാരന്റെ അടുത്തുണ്ടോ, ആധാര്‍ ബാങ്കുമായി ബന്ധിപ്പിച്ചിട്ടുണ്ടോ എന്നിങ്ങനെയുള്ള വിവരങ്ങള്‍ മാത്രമല്ല കൂടുതല്‍ ഗ്യാസ് ഉപയോഗിക്കുന്നത് ആരൊക്കെ, മറ്റ് തരം സബ്സിഡികൾ കിട്ടുന്നവര്‍ ആരൊക്കെ എന്നെല്ലാമുള്ള വിവരങ്ങളും ആര്‍ക്കും ലഭ്യമാക്കിയിരിക്കുന്നു. കൂടാതെ ബാങ്ക് അക്കൗണ്ട് നമ്പറിന്റെ അവസാന നാലക്കവും എന്ന് സബ്സിഡി തുക ബാങ്കിലേക്ക് കൈമാറി എന്ന വിവരവും എത്ര രൂപ കൈമാറി എന്ന വിവരവും ഇതില്‍ ഉണ്ട്. ഇന്ത്യമുഴുവനും ഗ്യാസ് കണക്ഷന്‍ ഉപയോഗിക്കുന്ന ആളുകളുടെ വിവരങ്ങൾ പരസ്യമായി ആര്‍ക്കും കാണാവുന്നതരത്തില്‍ ലഭ്യമാക്കുന്നതിന്റെ പ്രത്യാഘാതങ്ങളുടെ ആഴം പലതരത്തിലുള്ള സാമ്പത്തിക തട്ടിപ്പുകളായി പുറത്തുവന്നുകൊണ്ടിരിക്കുന്നു.

സെന്‍സസ് കണക്കെടുപ്പുകളില്‍പോലും വ്യക്തികളുടെ സ്വകാര്യ വിവരങ്ങള്‍ ഒരു ഏജന്‍സിയും പുറത്തുവിടാറില്ല. അവയുടെയെല്ലാം വിശകലനം നടത്തി സാമൂഹ്യ നന്മക്കായുള്ള വിവിധ പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നതിന് വിവിധ തരത്തിലുള്ള ക്രോഡീകൃത ഡാറ്റ മാത്രമേ ലഭ്യമാക്കുന്നുളളൂ. വ്യക്തിഗത ഡാറ്റ നല്‍കാറില്ല.

എന്നാല്‍ കേരളത്തിലെ എല്ലാ വോട്ടര്‍മാരുടെയും, റേഷന്‍കാര്‍ഡില്‍ പേരുള്ളവരുടെയും സകല വിവരങ്ങളും പുറത്തുവിടുകവഴി സര്‍ക്കാര്‍ വളരെ വലിയ സുരക്ഷാവീഴ്ചക്കാണ് കളമൊരുക്കിയിരിക്കുന്നത്. ഫലപ്രദമായി ഉപയോഗിക്കാവുന്ന ഈ ഡാറ്റ ഉപയോഗിച്ച് ഇനി എന്തൊക്കെ പ്രത്യാഘാതങ്ങളുണ്ടാവുമെന്ന് കാത്തിരുന്നു കാണാം. എന്തായാലും വ്യക്തിവിവരങ്ങൾ സുരക്ഷിതമായി സൂക്ഷിക്കുന്നതിലെ അലംഭാവം സർക്കാർ സംവിധാനങ്ങൾ വെടിഞ്ഞേ മതിയാകൂ. അതിനായി ശക്തമായ ശബ്ദമുയർത്തേണ്ട അവസരമാണിത്. റേഷന്‍ കാര്‍ഡിന്റെ ഇന്റര്‍നെറ്റ് വിവരസംഭരണി ഒരുദാഹരണം മാത്രമാണ്. നമ്മുടെ സര്‍ക്കാരുകളുടെ ഒട്ടുമിക്ക ഓണ്‍ലൈന്‍ സംവിധാനങ്ങളും യാതൊരുവിധ സുരക്ഷയുമില്ലാതെ പ്രവര്‍ത്തിക്കുന്ന ദുര്‍ബലമായ സംവിധാനങ്ങളാണെന്നതാണ് വാസ്തവം.

അതിലേക്ക് വെളിച്ചം വീശാനും അധികാരികളുടെ കണ്ണ് തുറപ്പിക്കാനും ഈ വിഷയത്തില്‍ ജനരോഷവും മാദ്ധ്യമ ശ്രദ്ധയും ഉണ്ടാക്കുവാനും ടി.ആര്‍. നിഷാദ് നടത്തിയ ശ്രമങ്ങളാണ് ഓപ്പണ്‍ ഡാറ്റയെ കുറിച്ചുള്ള ഈ ലേഖനത്തിന് ആധാരമായത്. പരിഷത്ത് പ്രവര്‍ത്തകനും വിവര സ്വാതന്ത്ര്യ പോരാളിയുമായ നിഷാദ് നിയമത്തെ വെല്ലുവിളിച്ച് റേഷന്‍ കാര്‍ഡ് വെബ്സൈറ്റിലെ വിവരങ്ങള്‍ സംഘടിപ്പിക്കുകയും അവയുടെ നിരുപദ്രവകരമായ ഭാഗം അധികാരികളെ ബോദ്ധ്യപ്പെടുത്തുന്നതിനായി പുറത്തുവിട്ടിരിക്കുകയുമാണ്. പൊതുജനങ്ങളുടെ സ്വകാര്യതയെ സംരക്ഷിക്കണമെന്ന ഉദ്ദേശ്യത്തോടെയുള്ള, എത്തിക്കല്‍ ഹാക്കിങ്ങിന്റെ ഭാഗമായ നിഷാദിന്റെ ഈ സാഹസത്തെ അധികാരികള്‍ അതിന്റെതായ അര്‍ത്ഥത്തില്‍ ഉള്‍ക്കൊള്ളുമെന്നും ഗുണപരമായി പ്രതികരിക്കുമെന്നും നമുക്കേവര്‍ക്കും പ്രതീക്ഷിക്കാം.


നിഷാദിന്റെ ഫേസ്ബുക്ക് പോസ്റ്റ് താഴെ ചേര്‍ത്തിരിക്കുന്നു.

Nishad TR

ഒക്ടോബർ 24 മുതൽ 30 വരെ International Open Access Week ആചരിക്കുകയാണ്. വിജ്ഞാനവും ഡാറ്റയും സ്വതന്ത്രമായി ലഭ്യമാക്കുക എന്നതാണ് OAW ലക്ഷ്യം വയ്ക്കുന്നത്. പക്ഷെ ഈ വർഷം OAWലെ താരം നമ്മളുടെ National Informatics Centre തന്നെയെന്നതിൽ സംശയമില്ല.

കേരളത്തിലെ 80 ലക്ഷത്തിലധികം വരുന്ന റേഷൻ കാർഡ് ഉടമകളുടേയും മൂന്നരക്കോടിയോളം ഗുണഭോക്താക്കളുടേയും ഏതാണ്ട് പൂർണമായ ഡാറ്റ ലോകത്തിനു കൈമാറി അവർ മാതൃകയായിരിക്കുന്നു.

ഈ പോസ്റ്റ് ഒരു ഇരുതല മൂർച്ചയുള്ള വാളാണെന്നറിയാം. എന്നിരുന്നാലും തുറന്നു പറയേണ്ടിയിരിക്കുന്നു. ഒരു പക്ഷെ ഈ അടുത്ത കാലത്തെ രാജ്യത്തെ ഏറ്റവും വലിയ ഡാറ്റാ ബ്രീച്ചിനാണ് NIC യും സിവിൽ സപ്ലൈസ് ഡിപ്പാർട്ടുമെന്റും ഉത്തരവാദികളായിരിക്കുന്നത്.

കഴിഞ്ഞ കുറേ ദിവസങ്ങളായി, വിദഗ്ധരും മുഖ്യധാരാ മാധ്യമങ്ങളും മുന്നറിയിപ്പു നൽകിയിട്ടൂം ഇത്രയേറെ നിരുത്തരവാദപരമായ സമീപനം ഉണ്ടായിട്ടുണ്ടെങ്കിൽ ബന്ധപ്പെട്ടവർ ഉത്തരം പറഞ്ഞേ തീരൂ.

കേരളത്തിലെ എല്ലാ കാർഡുടമകളുടേയും വിവരങ്ങളും, കുടുംബാംഗങ്ങളുടെ അടിസ്ഥാന വിവരങ്ങളും, കാർഡുടമകളുടേ ഭൂരിഭാഗം വരുന്നവരുടെ ഫോട്ടോകളും ഇപ്പോൾ എന്റെ കയ്യിലുണ്ട്. അധികം പരിശ്രമമൊന്നും വേണ്ടിവന്നില്ല, അത്ര്യക്കും നിലവാരമില്ലാത്തതാണ് NIC യുടെ സുരക്ഷാ മാനദണ്ഢങ്ങൾ. ഞാൻ നുഴഞ്ഞുകയറ്റമൊന്നും നടത്തിയിട്ടില്ല. സൈറ്റിൽ ലഭ്യമായ വിവരങ്ങൾ പകർത്തുക മാത്ര്യമേ ചെയ്തുള്ളു. പക്ഷേ എന്നെപ്പോലെ എത്രപേർ അവ പകർത്തിയിട്ടുണ്ടാവാം.

ഇപ്രകാരമൊന്നും ആരും പകർത്തില്ല എന്ന മൂഢവിശ്വ്വാസമായിരിക്കാം NIC മുന്നറിയിപ്പുകൾ അവഗണിക്കാൻ കാരണം. പക്ഷെ ഒരുതവണയെങ്കിലും ഇത് സാധ്യമാണെന്നും, പുറം ലോകം അറിയാത്ത എത്രയോ ചോർത്തലുകൾ മൂടിവയ്ക്കപ്പെട്ടിട്ടുണ്ടാവാം എന്നുള്ള ഞെട്ടലും ഈ സാഹസത്തിനു പിന്നിലുണ്ട്.

പൂർണമായ ഡാറ്റയോ അവലംബിച്ച സാങ്കേതിക മാർഗങ്ങളോ ഒരു കാരണവശാലും പുറത്തുവിടാനുദ്ദേശിക്കുന്നില്ല. 14 ജില്ലകളായി വേർതിരിച്ച ഡാറ്റയാണ് ഇപ്പോൾ കയ്യിലുള്ളത്. സ്വകാര്യതക്ക് ഭംഗം വരാത്ത ഭാഗങ്ങൾ മാത്രം അകാദമിക് താല്പര്യത്തിനുവേണ്ടി സൂക്ഷിക്കും. ചിത്രങ്ങൾ നശിപ്പിക്കുകയും ചെയ്യും. ഉത്തരവാദപ്പെട്ടവർക്ക് എന്തെങ്കിലും സംശയദൂരീകരണത്തിനായി കുറച്ചുകാലം പൂർണമായ ഡാറ്റ സൂക്ഷിക്കും.

പക്ഷെ എന്റെ വാദത്തെ സാധൂകരിക്കാനായി, ചില പൊതുവിവരങ്ങളും, ഏതെങ്കിലും ഒരു ജില്ലയുടെ സ്വകാര്യ വിവരങ്ങൾ ഒഴിവാക്കിയ ഭാഗവും പുറത്തുവിടുന്നു.

ജനങ്ങളുടെ വ്യക്തിവിവരങ്ങൾ സുരക്ഷിതമായി സൂക്ഷിക്കുന്നതിലെ അലംഭാവം സർക്കാർ സംവിധാനങ്ങൾ വെടിഞ്ഞേ മതിയാകൂ. അതിനായി ഒരുമിച്ച് ശബ്ദമുയർത്തേണ്ട അവസരമാണിത്.

#KeralaDataBreach


 


Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post ശരിയ്ക്കും ഈ മഴത്തുള്ളിയ്ക്ക് എന്ത് സ്പീഡ് വരും?
Kerala Drought Next post എൽ നിനോ പോയിട്ടും മഴയ്ക്ക് വരാൻ പേടി
Close