Home » Scrolling News » എൽ നിനോ പോയിട്ടും മഴയ്ക്ക് വരാൻ പേടി

എൽ നിനോ പോയിട്ടും മഴയ്ക്ക് വരാൻ പേടി

പ്രൊഫ: കെ പാപ്പൂട്ടി

എഡിറ്റര്‍

ൽ നിനോ പോയി, ലാ നിനാ വന്നു. ഇനി പേടിക്കണ്ട, മഴ ഇഷ്ടം പോലെ കിട്ടും എന്നായിരുന്നു കേരളത്തിൽ നാലഞ്ചു മാസം മുമ്പുവരെ നമ്മുടെ കണക്കുകൂട്ടൽ.എൽ നിനോയും ലാനി നായും ഒന്നും എന്താണെന്നറിയാത്തവരും അതു വിശ്വസിച്ചു. വിവരമുള്ളവർ പറയുന്നതല്ലേ, ശരിയാകാതിരിക്കുമോ? അതിന്റെ ശാസ്ത്രം പിടികിട്ടാഞ്ഞിട്ടോ എന്തോ, മഴമാത്രം വന്നില്ല. ഇപ്പോഴിതാ വിദഗ്ധർ പറയുന്നു: IOC ( Indian Ocean Dipole) എന്നൊരു സംഗതി കൂടി ഉണ്ടത്രേ, അതുകൂടി നോക്കിയിട്ടേ മഴ വരൂ എന്ന്. ശരി, എങ്കിൽ അതെന്താണെന്നു കൂടി നമ്മൾക്കും പഠിക്കാം. കാലവർഷ പ്രവചനങ്ങളുമായി ബന്ധപ്പെട്ട ഇത്തരം ചില കാര്യങ്ങളാണ് ഇക്കുറി ലൂക്ക ചർച്ച ചെയ്യുന്നത്.

Weather

മഴ വളരെ ലളിതമെന്നു തോന്നുന്ന ഒരു സങ്കീർണപ്രതിഭാസമാണ്.ഒരു പ്രൈമറി ക്ലാസ്സിലെ കുട്ടിയോടു പോലും അതെങ്ങനെ ഉണ്ടാകുന്നു എന്ന് ലളിതമായി പറഞ്ഞു കൊടുക്കാൻ പറ്റും .എന്നാൽ വിശദാംശങ്ങളിലേക്കു കടക്കുമ്പോൾ ഒരു ഉന്നത ബിരുദധാരിക്കു പോലും മനസ്സിലായെന്നും വരില്ല. എന്തായാലും കാലാവസ്ഥാ പഠന ഉപഗ്രഹങ്ങളും സൂപ്പർ കമ്പ്യൂട്ടറുകളും, സർവോപരി ഗവേഷകരുടെ സൂപ്പർ മസ്തിഷ്ക്കങ്ങളും ചേർന്ന് ഏറെ വൈകാതെ വിശ്വസനീയമായ കാലാവസ്ഥാ പ്രവചനം സാധ്യമാകും എന്നു നമുക്ക് പ്രത്യാശിക്കാം.

cloud-seedingഅപ്പോഴും പരിഹാരം ആകില്ല. പരിഹാരം ആകണമെങ്കിൽ വേണ്ടപ്പോൾ മഴ പെയ്യിക്കാൻ കഴിയണം. കനത്ത കാർമേഘം മാനത്തുണ്ടെങ്കിൽ ‘ക്ലൗഡ്സീഡിങ്’ വഴി മഴ പെയ്യിക്കാൻ ഇപ്പോൾ തന്നെ കഴിയുന്നുണ്ട്. പക്ഷേ. അതിന് ചെലവേറെയാണ്. മാത്രവുമല്ല, മഴക്കാറ്മാനത്തു വേണം താനും. ആരു കണ്ടു നാളെ മഴക്കാറ് രൂപീകരിക്കാനുള്ള വിദ്യയും മനുഷ്യൻ സ്വായത്തമാക്കില്ലെന്ന്!

കേരളത്തിൽ നമുക്കിപ്പോൾ ചെയ്യാവുന്നത് എന്താണ്? ഈ വർഷം മൊത്തം മഴയിൽ നല്ല കുറവുണ്ടാകും എന്നു തീർച്ചയാണ്.അതുകൊണ്ട് ഇനി പെയ്യുന്ന മഴയുടെ വെള്ളം മുഴുവൻ സംരക്ഷിക്കണം.കഴിവതും ഭൂമിയെ കുടിപ്പിക്കണം. പുഴകളിലും തോടുകളിലും തടയണകൾ കെട്ടി വെള്ളം സംഭരിക്കണം. അതു നമുക്കു മാത്രമല്ലാ ജലജീവികൾക്കും ഗുണം ചെയ്യും – പഞ്ചായത്തുകളും മറ്റു പ്രാദേശിക ഭരണകൂടങ്ങളും ഇക്കാര്യത്തിൽ മുൻ കൈ എടുക്കണം. ജലസ്രോതസ്സുകൾ മലിനമാകാതിരിക്കാൻ നമ്മളെല്ലാം ശ്രദ്ധിക്കണം.

 പ്ളാസ്റ്റിക് കവറുകളും അറവുശാലയിലെയും ഹോട്ടലിലെയും മാലിന്യവും തള്ളാനുള്ള ഒരിടമാണല്ലോ ഇപ്പോൾ ഇവിടെ നദിയും, തോടും, കുളവുമെല്ലാം . അതു തടയാൻ ഓരോ പ്രദേശത്തും കർമസേനകൾ ഉണ്ടാകണം. വയലും കുളവും ചതുപ്പുമൊന്നും നികത്തപ്പെടില്ല എന്ന് സർക്കാരും ഉറപ്പുവരുത്തണം. അതിനു നമ്മൾ പിന്തുണ നൽകണം. മഴക്കുഴികൾ കുഴിക്കുന്നത് നല്ലതാണ്, പക്ഷേ നിരപ്പുള്ള ഭൂമിയിൽ വേണ്ട, ചരിവുള്ളിടത്ത് മതി .

Kerala Droughtനമുക്കു കിട്ടുന്നതിന്റെ അഞ്ചിലൊന്ന് മാത്രം മഴകിട്ടുന്ന രാജസ്ഥാൻ പോലുള്ള നാടുകളിലും ജനങ്ങൾ ജീവിക്കുന്നുണ്ട്, കഷ്ടപ്പെട്ടാണെങ്കിലും . ഇപ്പോൾ കിട്ടുന്നതിന്റെ പകുതി മഴ കിട്ടിയാൽ പോലും കേരളത്തിൽ കടുത്ത ജലക്ഷാമം ഉണ്ടാകേണ്ടതില്ല എന്നാണ് കണക്കുകൾ പറയുന്നത്. അതു കൊണ്ട് അങ്കലാപ്പ് വേണ്ട, എന്നാൽ കരുതൽ വേണം. ജലക്ഷമം വരാൻ കാത്തിരിക്കുന്ന കഴുകന്മാരുണ്ട് -ലോറി ടാങ്കറുകളിൽ മലിനജലം എത്തിച്ചു തന്ന് പണമുണ്ടാക്കുന്നവർ, അവരുടെ കൂട്ടുകച്ചവടക്കാരായ അധികാരികൾ, കുപ്പിവെള്ളം വിൽക്കുന്ന  വൻ വ്യവസായികൾ ,ഇങ്ങനെ പലരും. അതു കൊണ്ട് നമുക്ക് ജാഗ്രതയോടെ ഇരിക്കാം, ശാസ്ത്രബോധത്തോടെ ഇടപെടാം.


ലേഖനങ്ങള്‍

1.തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം – പ്രവചനവും സാധ്യതകളും

2.കേരളത്തിലെ വരള്‍ച്ച – വില്ലന്‍ എല്‍നിനോയോ ഡൈപോളാര്‍ ഇഫക്റ്റോ ?

Solar Glass

Check Also

കാലാവസ്ഥാ അടിയന്തരാവസ്ഥ ആവശ്യപ്പെട്ട് ശാസ്ത്ര സമൂഹത്തിന്റെ പ്രഖ്യാപനം.

മനുഷ്യരാശി നേരിടാൻ പോകുന്ന മഹാവിപത്തിനെ കുറിച്ച് കൃത്യമായ മുന്നറിയിപ്പ് നൽകിക്കൊണ്ട് 153 രാജ്യങ്ങളിൽ നിന്നായി 11,258-ശാസ്ത്രജ്ഞർ കാലാവസ്ഥാ അടിയന്തരാവസ്ഥ പ്രഖ്യാപനത്തിൽ ഒപ്പുവെച്ചു.

Leave a Reply

%d bloggers like this: