Read Time:22 Minute

ഐക്യരാഷ്ട്രസഭയുടെ ആഭിമുഖ്യത്തിലുള്ള അന്തരീക്ഷശാസ്ത്ര സംഘടന (World Meteorological Organisation -WMO)എല്ലാ വർഷവും മാർച്ച് 23 അന്തരീക്ഷശാസ്ത്ര ദിനമായി ആചരിക്കാൻ ആഹ്വാനം ചെയ്യുന്നുണ്ട്. മുൻകാലങ്ങളിൽ ഈ ആഹ്വാനത്തെ വേണ്ടത്ര കണക്കിലെടുത്തുള്ള പ്രവർത്തനങ്ങളൊന്നും നാം നടത്തിയിരുന്നില്ല. ജൂൺ 5 പരിസ്ഥിതിദിനമായി ആചരിക്കുകയും വിദ്യാർത്ഥികൾ തൊട്ട് മുതിർന്ന പൗരന്മാരും ഭരണാധികാരികളുമൊക്കെ സമൂഹത്തിൽ പാരിസ്ഥിതികാവബോധം ഉണ്ടാക്കാൻ പല പ്രവർത്തനങ്ങളും ആവിഷ്ക്കക്കരിച്ച് നടപ്പിലാക്കുന്നത് ഒരു പതിവായിട്ടുമുണ്ട്. എന്നാൽ ഇപ്പോൾ നാം ഗൗരവമായി എടുക്കേണ്ടുന്ന ഒരു വിഷയമെന്ന നിലയിൽ കാലാവസ്ഥാ മാറ്റം മാറിയിരിക്കയാണ്.  കാലാവസ്ഥാ വ്യതിയാനത്തെ പ്രതിരോധിക്കാനും നിലവിലുള്ള അതിന്റെ അപ്രതിരോധാവസ്ഥയ്ക്കു കാരണമായിട്ടുള്ള കാര്യങ്ങളെ സംബന്ധിച്ച അവബോധം സമൂഹത്തിൽ സൃഷ്ടിക്കാനും ഈ ദിനാചരണം വഴി നമുക്കു സാധിക്കണം. അതിനോടൊപ്പം തന്നെ ഇപ്പോൾ ഉണ്ടായിക്കൊണ്ടിരിക്കുന്ന കാലാവസ്ഥാ വ്യതിയാനവുമായി അനുകൂലനം ചെയ്ത് ജീവിക്കാൻ ആവശ്യമായ അറിവുകൾ സ്വായത്തമാക്കാനും അവ പ്രയോഗത്തിലെത്തിക്കാനുമുള്ള പ്രവർത്തനങ്ങൾക്ക് അടിയന്തിര പ്രാധാന്യം കൈവന്നിരിക്കുകയുമാണ്.

ആദ്യമായി അന്തരീക്ഷശാസ്ത്ര സംഘടനയെ ഒന്നു പരിചയപ്പെടാം.

അന്തരീക്ഷശാസ്ത്ര സംഘടന (World Meteorological Organisation -WMO).

ഐക്യരാഷ്ട്രസഭയുടെ ആഭിമുഖ്യത്തിൽ 1950 മാർച്ച് 23 ന് ഔപചാരികമായി സ്ഥാപിതമായ ഒരു അന്താരാഷ്ട്ര സംഘടനാ സംവിധാനമാണ് ലോക അന്തരീക്ഷശാസ്ത്ര സംഘടന(WMO).

1873 വരെ പിറകിലോട്ടുള്ള ഒരു ചരിത്രവും സംഘടനയ്ക്കുണ്ട്. അന്താരാഷ്ട്ര തലത്തിൽ ദിനാന്തരീക്ഷാവസ്ഥകളും (weather) അതുമായി ബന്ധപ്പെട്ട പഠന വിവരങ്ങളും അന്താരാഷ്ട്ര തലത്തിൽ സഹകരിച്ച് കൈമാറുന്ന ഒരു സർക്കാരേതര സംഘടന എന്ന നിലയിലാണ് 1873 ൽ ഇങ്ങിനെ ഒരു സംഘടനയ്ക്ക് രൂപം നൽകിയത്. പിന്നീട് 1947 ൽ ചേർന്ന സംഘടനയുടെ കൺവെൻഷനിൽ സംഘടനയ്ക്ക് ഘടനാപരമായ മാറ്റങ്ങൾ വരുത്താനും ഐക്യരാഷ്ട്രസഭയുടെ ആഭിമുഖ്യത്തിൽ കാലാവസ്ഥയുമായി ബന്ധപ്പെട്ട് ആഗോള തലത്തിൽ പ്രവർത്തിക്കുന്ന ഒരു സംഘടന എന്ന നിലയിൽ തുടരാനും തീരുമാനമുണ്ടായി. അങ്ങിനെയാണ് ഇന്നത്തെ ലോക അന്തരീക്ഷശാസ്ത്ര സംഘടന (WMO) 1950 മാർച്ച് 23 ന് നിലവിൽ വന്നത്. നിലവിൽ 193 രാഷ്ട്രങ്ങൾക്ക് സംഘടനയിൽ അംഗത്വമുണ്ട്. രാഷ്ട്രങ്ങൾക്കിടയിലും അന്താരാഷ്ട്ര തലത്തിൽ പരിസ്ഥിതി,കാലാവസ്ഥ, ജല പരിപാലനം, വിഭവ വിനിയോഗം തുടങ്ങിയവയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന സംഘടനകൾക്കിടയിലും സ്വതന്ത്രമായും തടസ്സരഹിതമായും വിവരങ്ങളും പഠനഫലങ്ങളും ലഭ്യമാക്കാൻ സഹായിക്കുന്ന ഒരു സംഘടനാ സംവിധാനമെന്ന നിലയിലാണ് WMO-പ്രവർത്തിക്കുന്നത്. സംഘടനയുടെ ആസ്ഥാനം സ്വിറ്റ്സർലൻഡിലെ ജനീവയിലാണ്. WMO-യുടെ നയപരമായ തീരുമാനങ്ങൾ കൈക്കൊള്ളുന്നത് നാലു വർഷത്തിലൊരിക്കൽ അംഗരാഷ്ട്രങ്ങളുടെ പ്രതിനിധികൾ പങ്കെടുത്തു കൊണ്ടു നടക്കുന്ന കോൺഗ്രസ്സിലാണ്. WMOയുടെ നിലവിലത്തെ ഡയറക്ടർ ജനറൽ അർജന്റീനയിൽ നിന്നുള്ള പ്രൊഫ.സെലെസ്റ്റെ സൗലോ എന്ന വനിതയാണ്. 2024 ജനുവരിയിൽ നിയമിതയായ അവർക്ക് ദക്ഷിണ അമേരിക്കയിൽ നിന്നുള്ള WMO-യുടെ ആദ്യത്തെ വനിതാ ഡയറക്ടർ ജനറൽ ആണെന്ന സവിശേഷത കൂടിയുണ്ട്. 2023 മുതൽ 2027 വരെയുള്ള നാലു വർഷക്കാലത്തെ സംഘടനയുടെ പ്രസിഡന്റായി നിലവിലുള്ളത് യു.എ.ഇയിൽ നിന്നുള്ള അന്തരീക്ഷശാസ്ത്രജ്ഞൻ ഡോ. അബ്ദുള്ള അൽ മാൻഡൗസ് ആണ്.

WMO യുടെയും UNEPയുടെയും സംയുക്താഭിമുഖ്യത്തിലാണ് ആഗോള തലത്തിലുള്ള കാലാവസ്ഥാ പഠനങ്ങൾ നടക്കുന്നത്. ഇതിന് നിയുക്തമായ ശാസ്ത്രജ്ഞരുടെ സംഘടനയാണ് ഇന്റർ ഗവണ്മെൻ്റൽ പാനൽ ഓൺ ക്ലൈമറ്റ് ചെയ്ഞ്ച് (IPCC). ഐ.പി.സി.സി.യുടെ പഠന റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് കാലാവസ്ഥാ ഉച്ചകോടിയിലെ ചർച്ചകളും നയപരിപാടികളുടെ രൂപീകരണവും നടക്കുന്നത്.

കാലാവസ്ഥ സംബന്ധിച്ച വാർഷിക റിപ്പോർട്ടുകൾ (Annual Reports on State of the Global climate).

ഓരോ വർഷവും WMO അതിന്റെ ഘടകമായ കമ്മീഷൻ ഫോർ ക്ലൈമറ്റോളജിയുമായി ചേർന്ന് ആഗോള തലത്തിൽ  ശാസ്ത്രീയ പഠനങ്ങളെ അടിസ്ഥാനമാക്കി  കാലാവസ്ഥയുമായി ബന്ധപ്പെട്ട ഒരു വാർഷിക റിപ്പോർട്ട് പുറത്തുവിടാറുണ്ട്. ഇത്തരം ഒരു റിപ്പോർട്ട് തയാറാക്കി പ്രസിദ്ധീകരിക്കുന്നതിന് തുടക്കമിട്ടത് 1993 ലാണ്. അമേരിക്കയിലെ നാഷനൽ ഓഷിയാനിക് ആൻ്റ് അറ്റ്മോസ്ഫറിക്ക് അഡ്മിനിസ്ട്രേഷൻ (NOAA),  നാസയുടെ ഗോദാർദ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പെയിസ് സ്റ്റഡീസ് തുടങ്ങിയ പല അന്താരാഷ്ട്ര ഗവേഷണ സ്ഥാപനങ്ങളുടെയും സഹായത്തോടെയാണ് വാർഷിക റിപ്പോർട്ടുകൾ തയാറാക്കുന്നത്.

2023 ലെ ഒരു താല്ക്കാലിക റിപ്പോർട്ട് നവംബർ 30 ന് പ്രസിദ്ധീകരിക്കുകയുണ്ടായി. 2023 വർഷം വ്യവസായ വിപ്ലവ ഘട്ടത്തിനു ശേഷമുള്ള ഏറ്റവും ചൂടു കൂടിയ വർഷമാണെന്നാണ് റിപ്പോർട്ടുചെയ്യപ്പെട്ടത്. സമുദ്ര ഉപരിതല ഊഷ്മാവിൽ പതിവിൽ കവിഞ്ഞ വർധനവുണ്ടായി എന്നും അന്റാർട്ടിക്കയിലെ മഞ്ഞുപാളികൾ അമിത വേഗതയിൽ ക്ഷയിച്ചു കൊണ്ടിരിക്കുന്നുവെന്നും താപതരംഗങ്ങൾ, കാട്ടുതീ, പ്രളയങ്ങൾ എന്നിവയുടെ എണ്ണത്തിൽ വൻ വർധനവുണ്ടായെന്നും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നത്രെ. സമഗ്രമായ അന്തിമ റിപ്പോർട്ട് 2024 മാർച്ച് മാസാന്ത്യം പുറത്തുവിടുമെന്നാണറിയുന്നത്.

അന്തരീക്ഷതാപനിലയുടെ വർത്തമാനം

കേരളത്തിൽ നാമിപ്പോൾ ചുട്ടുപൊള്ളുന്ന ദിനങ്ങളിലൂടെയാണ് കടന്നുപോകുന്നത്. ഈ വർഷം മുൻ വർഷങ്ങളെ അപേക്ഷിച്ച് ചൂടു കൂടുതലുള്ള ഒരു വർഷമായി രേഖപ്പെടുത്തപ്പെടുമെന്നതിൻ്റെ സൂചനയാണിത്. കഴിഞ്ഞ വർഷം മുൻ വർഷങ്ങളെ അപേക്ഷിച്ച് ഏറ്റവും കൂടുതൽ ചൂടുള്ള വർഷമാണെന്നാണ് WMO ഒരു പത്രക്കുറിപ്പിലൂടെ റിപ്പോർട്ട് ചെയ്തത്. 2023 ലെ ആഗോളതല അന്തരീക്ഷതാപനില വ്യവസായ വിപ്ലവ ഘട്ടത്തിലേതിനേക്കാൾ 1.45+/-0.12°C എന്ന നിലയിലെത്തിയിരിക്കയാണ്. ഇത് കാലാവസ്ഥാ ഉച്ചകോടിയുടെ ഭാഗമായ പാരീസ് കൺവെൻഷനിലെ ലക്ഷ്യമായി പ്രഖ്യാപിച്ചിട്ടുള്ള ദീർഘകാലാടിസ്ഥാനത്തിലുള്ള ആഗോള ശരാശരി താപ വർധന 1.5°C എന്ന നിലയിൽ പിടിച്ചു നിർത്തി ഒരിക്കലും 2°C കടക്കാതെ നോക്കണം എന്നത് എളുപ്പമാവില്ല എന്നതിന്റെ സൂചനയാണ്.  അന്താരാഷ്ട്ര തലത്തിൽ ശേഖരിക്കപ്പെട്ടിട്ടുള്ള ആറ് വിവരശേഖരങ്ങളെ വിശകലന വിധേയമാക്കി കണ്ടെത്തിയത് 2023 ൽ ജൂൺ മാസം മുതൽ ഡിസംബർ മാസം വരെ അന്തരീക്ഷതാപനില പടിപടിയായി വർദ്ധിച്ചു കൊണ്ടിരിന്നു എന്നാണ്. അന്തരീക്ഷത്തെ തണുപ്പിക്കുന്ന ലാനിനോ വിൽ നിന്ന് താപം വർദ്ധിപ്പിക്കുന്ന എൽ നിനോ വിലേക്കുള്ള മാറ്റം 2023 മധ്യത്തിലുണ്ടായി എന്നതാണ് താപനില ഇങ്ങിനെ ഉയരാൻ കാരണം. 2024 ൽ ചുട് ഇനിയും കൂടാനാണ് സാധ്യത.

എൽ നിനോ പ്രതിഭാസം സംഭവിക്കുന്നത് ഒരു സ്വാഭാവിക പ്രക്രിയയാണ്. എന്നാൽ ഇപ്പോൾ ഉണ്ടായിക്കൊണ്ടിരിക്കുന്ന താപ വർദ്ധനവിന് ഇതുമാത്രമല്ല കാരണമായിട്ടുള്ളത്. മനുഷ്യ പ്രവർത്തനം ഈ താപവർധനവിന് പ്രധാന കാരണമായിത്തീർന്നിട്ടുണ്ട്.

ഇപ്പോഴുണ്ടായിക്കൊണ്ടിരിക്കുന്ന കാലാവസ്ഥാ മാറ്റത്തിന്റെ പ്രത്യാഘാതങ്ങൾ പല തലങ്ങളിൽ പ്രകടമാവുകയാണ്. അസമത്വങ്ങൾ വർധിക്കുന്നു. സുസ്ഥിര വികസനം എന്ന ലക്ഷ്യം കൈവരിക്കാനുള്ള പ്രവർത്തനങ്ങൾക്ക് വിഘാതങ്ങൾ സൃഷ്ടിക്കപ്പെടുന്നു. ദാരിദ്ര്യം, രോഗങ്ങൾ, ഭക്ഷ്യ ദൗർലഭ്യം, അഭയാർത്ഥി പ്രശ്നം, പരിസ്ഥിതിക തകർച്ച തുടങ്ങിയ സുസ്ഥിരവികസന പ്രശ്നങ്ങളുടെ പരിഹാരം പ്രയാസകരമാക്കപ്പെടുന്നു.

1980 കൾക്കു ശേഷമുള്ള ഒരോ ദശാബ്ദക്കാലവും മുൻപത്തെതിനേക്കാൾ ചൂടു കൂടിയതായി മാറുകയായിരുന്നു. എൽ നിനോ പ്രതിഭാസം ശക്തമായ 2016 ഉം2020 ആയിരുന്നു നമ്മുടെ ചരിത്രത്തിലെ ഏറ്റവും ചൂടു കൂടിയവർഷങ്ങൾ.

“മാനവരാശി അഭിമുഖീകരിക്കുന്ന എറ്റവും വലിയ വെല്ലുവിളി കാലാവസ്ഥാ മാറ്റമാണ്. അത് നമ്മെയെല്ലാം ബാധിക്കുന്നു. എന്നാൽ അതു കൂടുതലായി ബാധിക്കുന്നത് ദുർബല ജനവിഭാഗങ്ങളെയാണ് “

“നമുക്കിനിയും കാത്തു നിൽക്കാൻ കഴിയില്ല. ശക്തമായ നടപടികളിലേക്ക് പോകേണ്ടതുണ്ട്. ഹരിതഗൃഹ വാതക ഉത്സർജനം കുറച്ചു കൊണ്ടുവരുന്നത് അതിവേഗത്തിലാക്കണം. ബദൽ ഊർജ സ്രോതസ്സുകളിലേക്കുള്ള മാറ്റം ത്വരിതപ്പെടുത്തണം.”

2024 ജനുവരി1 ന് സെക്രട്ടറി ജനറലായി ചുമതലയേറ്റ പ്രൊഫ.സെലെസ്റ്റെ സൗലോ തന്റെ പത്രസമ്മേളനത്തിലൂടെ നൽകിയ മുന്നറിയിപ്പുകളാണ് ഈ ഉദ്ധരണികൾ.

ലോകം ഇന്ന് നേരിടുന്ന നിരവധി പ്രശ്നങ്ങൾക്കു പിന്നിലും കാലാവസ്ഥാ വ്യതിയാനം ഒരു വലിയ ഘടകമായി മാറിയിട്ടുണ്ട്.

കടൽ ജലനിരപ്പിൽ വരുന്ന മാറ്റം, സമുദ്രങ്ങളിലെ അമ്ലത വർദ്ധിക്കുന്നത് എല്ലാം മത്സ്യബന്ധനത്തെ പ്രതികൂലമായി ബാധിക്കുന്നു. കടൽത്തീരത്ത് വസിച്ച് കടലിനെ ആശ്രയിച്ച് ജീവസന്ധാരണം നടത്തുന്നവരുടെ ജീവിതം ദുരിത പൂർണ്ണമായി മാറുന്നു. കാലാവസ്ഥാ അഭയാർത്ഥികളുടെ എണ്ണത്തിൽ വലിയ വർധനവുണ്ടായി കൊണ്ടിരിക്കുന്നു. ഭക്ഷ്യ പ്രതിസന്ധിയിലേക്ക് നയിക്കും വിധത്തിലുള്ള കാർഷിക തകർച്ചകൾ ഉണ്ടാവുന്നു. സാമ്പത്തിക അസമത്വങ്ങൾ വർധിക്കുന്നു. ഇതിനെല്ലാം ആക്കം കൂട്ടുന്ന വിധത്തിലുള്ള സാമ്പത്തിക നയങ്ങളും നിലനിൽക്കുന്നു. ഈ നയങ്ങൾ സംജാതമാക്കിയിട്ടുള്ള ഉപഭോഗ ശീലങ്ങൾ ഹരിത ഗൃഹ വാതകങ്ങളുടെ അവളവ് കുറച്ചു കൊണ്ടുവരുന്നതിന് തടസ്സമായി മാറിയിരിക്കുന്നു.

2024 ലെ അന്തരീക്ഷശാസ്ത്ര ദിനം (World Meteorological Day-2024)

1951 മാർച്ച് 23 മുതലാണ് ഇത്തരമൊരു ദിനാചരണം നടക്കുന്നത്. എല്ലാ അംഗരാഷ്ട്രങ്ങളിലും ഈ ദിനാചരണം നടത്തണമെന്നാണ് തീരുമാനം. ഓരോ വർഷവും ഒരു വിഷയത്തെ/മുദ്രാവാക്യത്തെ അടിസ്ഥാനമാക്കിയാണ് ദിനാചരണം നടക്കുന്നത്. ഈ വർഷം  “കാലാവസ്ഥാ പ്രവർത്തനങ്ങളുടെ മുൻനിരയിൽ ” എന്ന ഒരു മുദ്രാവാക്യമാണ് മുന്നോട്ടു വെച്ചിട്ടുള്ളത്. കാലാവസ്ഥാമാറ്റത്തെയും അതിൻ്റെ പ്രത്യാഘാതങ്ങളെയും പ്രതിരോധിക്കുക എന്ന ഐക്യരാഷ്ട്രസഭയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങളിലെ പതിമൂന്നാമത്തെ ഇനത്തിന്റെ പ്രാധാന്യത്തെ അടിവരയിട്ടുള്ള ഒരു മുദ്രാവാക്യമെന്ന നിലയിലാണ് ഇത് ഈ വർഷം മുന്നോട്ടു വെക്കപ്പെട്ടിട്ടുള്ളത്.

ഈ വർഷത്തെ അന്തരീക്ഷശാസ്ത്ര ദിനാചരണത്തിൽ  കാലാവസ്ഥാ മാറ്റവുമായുള്ള അനുകൂലനത്തിനാണ് പ്രാധാന്യം നൽകുന്നത്.

കാലാവസ്ഥാ വ്യതിയാനത്തെ പരിഗണിക്കാതെയുള്ള ഒരു വികസന പ്രവർത്തനവും ആസൂത്രണം ചെയ്യാൻ പാടില്ല. വികസനാസൂത്രണം സുസ്ഥിരവികസന ലക്ഷ്യങ്ങളുമായി ബന്ധപ്പെടുത്തിയാവണം. അതിന്നാവശ്യമായ നയസമീപനങ്ങൾ സർക്കാർ തലത്തിൽ കൈക്കൊള്ളണം. അനുകൂലന പ്രവർത്തനങ്ങൾ പ്രാദേശിക തലത്തിലാണ് നടക്കേണ്ടത്. അതിന്നാവശ്യമായ ശാസ്ത്രീയ വിവരങ്ങൾ പ്രാദേശികതലത്തിൽ തന്നെ ശേഖരിക്കണം. അനുകൂലനവുമായി ബന്ധപ്പെട്ട നാലു കാര്യങ്ങൾക്കാണ് പ്രാധാന്യം നൽകുന്നത്

1. മുൻകൂട്ടിയുള്ള അറിയിപ്പു സംവിധാനങ്ങൾ (Early Warnings For All).

  • സമയോചിതമായ കാലാവസ്ഥാ മുന്നറിയിപ്പുകൾക്കായുള്ള ക്രമീകരണങ്ങൾ സജ്ജമാക്കണം. നിലവിലുള്ള വിവര വിനിമയ സംവിധാനങ്ങളുടെ സഹായത്തോടെ പ്രദേശികതലത്തിലുള്ള കാലാവസ്ഥാമുന്നറിയിപ്പുകൾ നൽകാൻ കഴിയണം.
  • 1970 നും 2021 നു മിടയിൽ കാലാവസ്ഥാ മാറ്റവുമായി ബന്ധപ്പെട്ട ദുരന്തങ്ങൾ മൂലം അഗാളതലത്തിൽ 2 ദശലക്ഷം മരണങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. 1970 നും 1979 നുമിടയിൽ മാത്രം 550,000 മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. എന്നാൽ ആഗോള തലത്തിലുള്ള ദുരന്ത നിവാരണ പരിപാടികളുടെയും അതിന്റെ ഭാഗമായുള്ള മുന്നറിയിപ്പു സംവിധാനങ്ങളുടെയും ഫലമായി 2010-2019 കാലഘട്ടത്തിൽ മരണസംഖ്യ 180,000 മായി കുറഞ്ഞിട്ടുണ്ട്.
  • കാലാവസ്ഥാ വ്യതിയാനത്തിൻ്റെ തീവ്രത വർധിക്കുന്ന സാഹചര്യത്തിൽ മുൻകൂട്ടിയുള്ള മുന്നറിയിപ്പുകൾക്കുള്ള ക്രമീകരണങ്ങൾ ജനപങ്കാളിത്തത്തോടെ വ്യാപിപ്പിക്കുകയും കാര്യക്ഷമമാക്കുകയും വേണം

2. കൃഷി ഭക്ഷ്യ സുരക്ഷ എന്നീ മേഖലകളുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ.

  • സുസ്ഥിരവികസന ലക്ഷ്യങ്ങളിലെ രണ്ടാമത്തെ ഇനമായി പറയുന്ന ഈ ലക്ഷ്യം കൈവരിക്കാൻ സർക്കാർ തലത്തിലും പ്രാദേശികതലത്തിലുമുള്ള പ്രവർത്തനങ്ങൾ ഊർജിതമാക്കണം.
  • 2022 ൽ ലോക ജനസംഖ്യയുടെ 9.2 ശതമാനം വിശന്നു കഴിയുന്ന നിലയിലാണുള്ളത്.2019 ലെ വിശപ്പിൽ കഴിയുന്നവരുടെ എണ്ണത്തെ അപേക്ഷിച്ച് വലിയ വർധനവാണ് കോവിഡാനന്തരം 2022 ലെത്തുമ്പോൾ റിപ്പോർട്ട് ചെയ്യപ്പെട്ടത്.

3. പൊതുജനാരോഗ്യം, പൊതുജനക്ഷേമം എന്നിവ ശക്തിപ്പെടുത്തൽ.

  • സുസ്ഥിര വികസന ലക്ഷ്യങ്ങളിലെ മൂന്നാമത്തെ ഇനമാണിത്. ആഗോള താപ വർധനവ്, അന്തരീക്ഷമലിനീകരണം, ജല മലിനീകരണം എന്നിവ വലിയ തോതിലുള്ള ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കുന്നുണ്ട്. ആഗോള തലത്തിൽ 2000 നും 2019 നുമിടയിൽ വർഷംതോറും താപവർധനവിൻ്റെ ഫലമായി ശരാശരി 490,000 മരണങ്ങൾ ഉണ്ടായതായി കണക്കാക്കിയിരിക്കുന്നു.ഈ പ്രശ്നങ്ങളെ അടിസ്ഥാനമാക്കി പൊതുജനാരോഗ്യവും ജനക്ഷേമവും ലക്ഷ്യമാക്കിയുള്ള കർമപരിപാടികൾ ശക്തമാക്കണമെന്നതും ദിനാചരണത്തിൻ്റെ ഭാഗമായി ചൂണ്ടിക്കാണിക്കുന്നു.

4. ജലവിഭവ മാനേജ്മെന്റ്

  • സുസ്ഥിര വികസന ലക്ഷ്യങ്ങളിലെ ആറാമത്തെ ഇനമാണിത്. ശുദ്ധജല ലഭ്യത കുറഞ്ഞുവരികയാണ്. ലോക ജനസംഖ്യയിൽ 360 കോടി ജനങ്ങൾ ശുദ്ധജല ലഭ്യതയിൽ പ്രയാസമനുഭവിക്കുന്നുണ്ട്. ഇന്നത്തെ നിലയിൽ 2050 ഓടെ ഇത് 500 കോടി ജനങ്ങളുടെയും പ്രശ്നമായിത്തീരും. നിലവിൽ ലഭ്യമായ ശുദ്ധജല സ്രോതസ്സുകളുടെ കൃത്യമായ കണക്കുകളോ മതിയായ ജലപരിപാലന പദ്ധതികളോ ഇല്ലെന്നതാണ് അവസ്ഥ. ഇതുമായി ബന്ധപ്പെട്ട് ദേശീയ തലത്തിലും പ്രാദേശിക തലത്തിലും പദ്ധതികൾ ആവിഷ്ക്കക്കരിച്ചു നടപ്പിലാക്കേണ്ടുന്നതിൻ്റെ പ്രാധാന്യവും ഈ വർഷത്തെ അന്തരീക്ഷശാസ്ത്ര ദിനാചരണത്തിൻ്റെ ഭാഗമായി മുന്നോട്ടു വെക്കപ്പെടുന്നു.

വീഡിയോകൾ കാണാം

കഴിഞ്ഞ വർഷങ്ങളിൽ

SCIENCE OF CLIMATE CHANGE

climate change science and society10
Happy
Happy
0 %
Sad
Sad
100 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post ഈച്ചയുടെ തലച്ചോറും നമ്മുടെ ഭാവിയും
Next post ഇടതന്മാരെയും വലതന്മാരെയും വേർതിരിക്കാൻ പുതുവഴി
Close