Read Time:21 Minute

ഇടതന്മാരെയും വലതന്മാരെയും ‘മാസ്സ്’ അധിഷ്ടിതസംവിധാനം ഉപയോഗിച്ച് വേർതിരിക്കാം. ചൈനീസ് ഗവേഷകരാണ് ഇത് കണ്ടെത്തിയിരിക്കുന്നത്.  രാഷ്ട്രീയത്തിലെ ഇടത്- വലത് പക്ഷക്കാരെയല്ല, നേരെ മറിച്ച് തന്മാത്രകളിലെ ഇടതരുടെയും വലതരുടെയും കാര്യമാണ്. അതെ രാസതന്മാത്രകളിലുമുണ്ട് ഇടതന്മാരും വലതന്മാരും. ഇടതുകൈയും വലതു കൈയും പോലെയോ വസ്തുവും കണ്ണാടിയിലെ പ്രതിബിംബവും പോലെയോ ഉള്ള ജോഡികളായാവും ഇത്തരക്കാർ നിലനിൽക്കുന്നത്. ഒരു ജോഡിയിലെ രണ്ട് രൂപങ്ങളും രാസപരമായും ഭൗതികമായും മിക്കവാറും ഒരേ തന്മാത്രകളാണെന്ന് പറയാം. പക്ഷേ പരിപൂർണ്ണമായി അങ്ങനെയല്ല താനും. രണ്ട് രൂപത്തിലും ഒരേ തരം മൂലകങ്ങളുടെ തുല്യ എണ്ണം ആറ്റങ്ങൾ ഒരേ തരത്തിൽ തന്നെയാണ് ബന്ധിപ്പിക്കുന്നത്. പക്ഷേ ആറ്റങ്ങളുടെ ദിഗ് വിന്യാസം വ്യത്യസ്ഥമായിരിക്കും. ഇതാണ് ഇടംപിരിയനും വലംപിരിയനുമായി രണ്ട് ‘രൂപങ്ങൾ’ ഉണ്ടാവാൻ കാരണം. ഈ സ്വഭാവവിശേഷത്തെ പ്രതിസമത അഥവാ ‘കൈറാലിറ്റി’ (chirality) എന്നാണ് സാങ്കേതികമായി പറയുന്നത്. അങ്ങനെയുള്ള ഒരു ജോഡിയെ ‘എനാൻഷ്യോമറുകൾ’ (enantiomers) എന്ന് വിളിക്കും.  രണ്ടും ‘ പ്രത്യക്ഷത്തിൽ ഒരു പോലെ ഇരിക്കുമെങ്കിലും ഒന്നിന് മുകളിൽ മറ്റൊന്നായി വെക്കാൻ കഴിയാത്ത തരത്തിലുള്ള വസ്തുവും അതിന്റെ പ്രതിബിംബവും പോലെയാവും അവ. ഓർഗാനിക് അഥവാ കാർബണിക തന്മാത്രകൾക്കിടയിലാണ് ഈ പ്രതിഭാസം കൂടുതലായി കണ്ടുവരുന്നത്. ഈ സവിശേഷതയുള്ള ചില  ഇനോർഗാനിക് അഥവാ അകാർബണിക തന്മാത്രകളുമുണ്ട്.

വലംപിരിയന്മാരും വലംപിരിയന്മാരും

എനാൻഷ്യോമറുകൾക്ക് പൊതുവേ മെൽറ്റിംഗ്- ബോയിലിംഗ് പോയിന്റുകൾ, സാന്ദ്രത, രാസപ്രവർത്തന നിരക്ക്, ലയന സ്വഭാവം ഒക്കെ ഒരുപോലെയാവും. സവിശേഷമായ പ്രത്യേകതകളുള്ള പ്രകാശ രശ്മികളോടുള്ള പ്രതിപ്രവർത്തനം അവയ്ക്ക് വ്യത്യസ്തമായിരിക്കും. പക്ഷേ നമുക്ക് പ്രാധാന്യം മറ്റൊരു കാര്യത്തിലാണ്. ജീവികളുടെ ശരീരത്തിൽ കടന്നാൽ ഈ വലംപിരിയൻ- ഇടംപിരിയൻ തന്മാത്രകൾ ഒരു പോലെ പ്രവർത്തിക്കണമെന്നില്ല. അത് പോലെ ശരീരം അവയോട് പ്രതിപ്രവർത്തിക്കുന്നതും ഒരു പോലെയാവണമെന്നില്ല. ജൈവ തന്മാത്രകളായ പ്രോട്ടീനുകൾ, കാർബോഹൈഡ്രേറ്റുകൾ, ന്യൂക്ലിക് ആസിഡുകൾ എന്നിവയ്ക്ക് ‘കൈറാൽ’ സ്വഭാവമുണ്ട്. യഥാർത്ഥത്തിൽ ഇവയുടെ അടിസ്ഥാനഘടകങ്ങളായ അമിനോ ആസിഡ്, ഷുഗർ അഥവാ പഞ്ചസാര എന്നീ തന്മാത്രകളാണ് ‘കൈറാൽ’ (chiral) സ്വഭാവം കാണിക്കുന്നത്. (കൂടാതെ ഡി എൻ എ യുടെ ത്രിമാന ഘടന വലത്തോട്ട് ചുറ്റിയ പിരിയൻ കോണി പോലെയാണ്. ) ജൈവപ്രകൃതിയിൽ അമിനോ ആസിഡ്, ഷുഗർ എന്നിവ ബിംബ- പ്രതിബിംബ വിന്യാസക്രമങ്ങളിൽ ഒന്നിൽ മാത്രം കാണപ്പെടുന്നു. പ്രകൃതിയിൽ പഞ്ചസാരകളൊക്കെ വലംപിരിയന്മാരും അമിനോആസിഡുകളൊക്കെ ഇടംപിരിയന്മാരുമാണെന്ന് പറയാം. (സാങ്കേതികമായി അത്ര കൃത്യമല്ലെങ്കിലും)

ഇനി നമുക്ക് ‘കൈറാൽ’ (chiral) സ്വഭാവമുള്ള മരുന്ന് തന്മാത്രകളിലേക്ക് വരാം. രണ്ട് എനാൻഷ്യോമറുകൾ പലപ്പോഴും വ്യത്യസ്തഫാർമക്കളോജിക്കൽ  പ്രവർത്തനങ്ങൾ കാണിക്കുന്നു. അവയിൽ ഒന്ന് ആവശ്യമുള്ള ഹിതകരമായ പ്രവർത്തനം കാണിക്കുന്നു, അതായത് മരുന്നായി പ്രവർത്തിച്ച് രോഗശമനത്തിന് കാരണമാവുന്നു. എന്നാൽ രണ്ടാമത്തെ എനാൻഷ്യോമർ മരുന്നായി പ്രവർത്തിക്കുന്നില്ലെന്ന് മാത്രമാവില്ല, പലപ്പോഴും ഹാനികരമായ പാർശ്വഫലങ്ങൾ ഉളവാക്കുകയും ചെയ്യും. അതായത് വലംപിരിയൻ തന്മാത്ര ഔഷധമാകുമ്പോൾ ഇടംപിരിയൻ ഹാനികരമാവാം, അല്ലെങ്കിൽ നേരെ മറിച്ചും സംഭവിക്കാം.

താലിഡോമൈഡ്  (thalidomide)

താലിഡോമൈഡ്  (thalidomide) ഇത്തരത്തിൽ അറിയപ്പെടുന്ന ഉദാഹരണമാണ്. ആയിരത്തിത്തൊള്ളായിരത്തി അൻപതുകളുടെ അവസാനവും അറുപതുകളുടെ തുടക്കത്തിലും താലിഡോമൈഡ് പാശ്ചാത്യരാജ്യങ്ങളിൽ വീര്യം കുറഞ്ഞ ‘സെഡേറ്റീവ്’ ആയും മോർണിംഗ് സിക് നെസ് എന്നറിയപ്പെടുന്ന ഗർഭിണികളായ സ്ത്രീകൾക്കുണ്ടാകുന്ന മനംപുരട്ടൽ,  ഛർദ്ദി തുടങ്ങിയ അസ്വസ്ഥകളുടെ ശമനത്തിനായും ഉപയോഗിച്ചിരുന്നു. ഇടംപിരിയൻമാരുടെയും വലംപിരിയന്മാരുടെയും തുല്യ അളവിലുള്ള ഒരു മിശ്രിതമാണ് ഉപയോഗിച്ചിരുന്നത്.

താലമൈഡിന്റെ രണ്ട് എനാൻഷ്യോമറുകൾ  : ഇടത് : (S)-(−)-thalidomide, വലത് : (R)-(+)-thalidomide

റസിമിക് മിശ്രിതം (racemic mixture) എന്നാണ് ഇതിന് പറയുന്നത്. സാധാരണ രാസപ്രവർത്തനങ്ങളിൽ ഇത്തരം മിശ്രിതമാണ് ഉണ്ടാകുന്നത്. കൂട്ടത്തിൽ വലംപിരിയൻ അഥവാ ( r)-എനാൻഷ്യോമർ അനുകൂലഫലങ്ങൾ ഉളവാക്കുമ്പോൾ ഇടംപിരിയൻ അഥവാ (s)-എനാൻഷ്യോമർ  ടെരാറ്റോജെനിക് (teratogenic) ഫലത്തിന് കാരണമാവുന്നു. ( rഎന്നാൽ recto യും s എന്നാൽ sinister ഉം ആണ്.) ഒരു കേന്ദ്ര ആറ്റത്തോട് (chiral centre) ബന്ധിപ്പിച്ചിരിക്കുന്ന മറ്റ് ആറ്റങ്ങൾ ചുറ്റും ക്രമീകരിച്ചിരിക്കുന്ന രീതിയെ ആസ്പദമാക്കിയാണ് ഈ വർഗ്ഗീകരണം) അതായത് ഭ്രൂണവളർച്ചയ്ക്ക് ഹാനികരമാവുന്നു. പ്രസവത്തിന് തൊട്ട് മുൻപോ ശേഷമോ ഉള്ള ശിശുമരണങ്ങൾ, വളരെ ഗുരുതരമായ വളർച്ചാ തകരാറുകൾ ഒക്കെ സംഭവിക്കാം.

ഗർഭിണിയായിരിക്കെ താലിഡോമൈഡ് കഴിച്ച അമ്മയ്ക്ക് ജനിച്ച കുഞ്ഞ്

ഇത് ഉപയോഗിച്ച ചുരുങ്ങിയ കാലയളവിൽ (1958 -61) ഇത്തരം അനേകം കേസുകൾ ഉണ്ടായി. റിപ്പോർട്ട് ചെയ്യപ്പെട്ട പതിനായിരത്തിലധികം കേസുകളാണുണ്ടായത്. അതിൽ നാല്പത് ശതമാനത്തിലും മുൻപറഞ്ഞപോലെ ശിശുമരണം സംഭവിച്ചു. ശേഷമുള്ളവരിൽ കടുത്ത വളർച്ചാവൈകല്യങ്ങളും സംഭവിച്ചു. യഥാർത്ഥത്തിൽ കേസുകളുടെ എണ്ണം ഇരുപതിനായിരത്തിലധികം ഉണ്ടാകുമെന്ന് അനൗദ്യോഗിക റിപ്പാർട്ടുകളുമുണ്ട്. താലിഡോമൈഡ് ദുരന്തം എന്നാണ് സംഭവം അറിയപ്പെടുന്നത്. എന്തായാലും അക്കാലത്ത് തന്നെ താലിഡോമൈഡ് പിൻവലിക്കപ്പെട്ടു. പിന്നീട് കുഷ്ഠരോഗത്തിനും ചിലയിനം ക്യാൻസറുകൾക്കും ചികിത്സാക്കായി നിയന്ത്രിതമായി ഉപയോഗിക്കാൻ അനുവാദം ലഭിച്ചിട്ടുണ്ട്. ഗർഭിണികളിൽ പൂർണ്ണമായും നിരോധിക്കപ്പെട്ടിരിക്കുക തന്നെയാണ്.

യഥാർത്ഥത്തിൽ ഗർഭിണികളിൽ താലിഡോമൈഡ് സുരക്ഷിതമാണോ എന്ന ശരിയായ പരിശോധനകളില്ലാതെയാണ് അന്ന് അനുവാദം നൽകിയിരുന്നത്. ‘കൈറാൽ’ സ്വഭാവമുള്ള മറ്റ് മരുന്ന് തന്മാത്രകളിലും സമാനമായ പ്രതിഭാസം കാണപ്പെടുന്നുണ്ട്. ഒരു രൂപം ഗുണഫലങ്ങൾ ഉളവാക്കുമ്പോൾ മറ്റേ രൂപം ഗുണഫലങ്ങൾ ഇല്ലാത്തതോ ഹാനികരമായ ഫലങ്ങൾ ഉളവാക്കുന്നതോ ആകാം. ഇതൊക്കെ കാരണം വിവിധരാജ്യങ്ങളിൽ, ഡ്രഗ് റെഗുലേറ്ററി അതോറിറ്റികൾ കൈറാൽ മരുന്നുകളെക്കുറിച്ച്  മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. അതനുസരിച്ച് മരുന്നുകൾ വികസിപ്പിക്കുകയും പരീക്ഷിക്കുകയും വിപണനം ചെയ്യുകയും ചെയ്യുന്ന ഘട്ടങ്ങളിൽ എനാൻഷ്യോമാറുകളുടെ ഫാർമക്കോളജിക്കൽ, ഫാർമക്കോകൈനറ്റിക് ഗുണങ്ങൾ പരിശോധിക്കണം. അതായത് അവ ശരീരത്തിൽ എന്ത് ഫലങ്ങൾ ഉളവാക്കുന്നുവെന്നും ശരീരം അവയോട് എങ്ങനെ പ്രതികരിക്കുന്നുവെന്നും. ഗുണഫലമില്ലാത്തതോ ഹാനികരമായതോ ആയ എനാൻഷ്യോമർ ഉണ്ടെങ്കിൽ അത് പൂർണമായും വേർതിരിച്ച് ഒഴിവാക്കണം. താലിഡോമൈഡിൻറെ കാര്യത്തിൽ വേറെയുമുണ്ട് പ്രശ്നം. ശരീരത്തിൽ വച്ച് ബയോകെമിക്കൽ പ്രവർത്തനം മൂലം കൈറാൽ ഇൻവെർഷൻ സംഭവിക്കും. അതായത് r എനാൻഷ്യോമർ, s ആയും നേരെ തിരിച്ചും രൂപാന്തരം സംഭവിക്കാം. എല്ലാ കൈറാൽ മരുന്നുകളുടെയും കാര്യത്തിൽ ഇങ്ങനെ സംഭവിക്കില്ല. അത് കൊണ്ടാണ് ഫർമക്കോകൈനെറ്റിക്സ്, അതായത് ശരീരം മരുന്നിനോട് എങ്ങനെ പ്രവർത്തിക്കുന്നു എന്നും മനസ്സിലാക്കേണ്ടത്. എന്തായാലും എനാൻഷ്യോമറിക് പ്യൂരിറ്റി എന്നത് കൈറാൽ മരുന്നുകൾക്ക് പലപ്പോഴും അനുപേക്ഷണീയമായ കാര്യമാണ്.

കെമിസ്ട്രിയിൽ എനാൻഷ്യോമറുകളെ വേർതിരിക്കാൻ ഉപയോഗിക്കുന്ന പല മാർഗ്ഗങ്ങളുണ്ട്. ഏതെങ്കിലും ഒന്ന് മാത്രമോ, അല്ലെങ്കിൽ ഒരെണ്ണം കൂടിയ അനുപാതത്തിലോ നിർമ്മിച്ചെടുക്കാനും വഴികളുണ്ട്. അതൊക്കെ നിർമ്മിക്കേണ്ട തന്മാത്രയുടെ സ്വഭാവത്തെ ആശ്രയിച്ച് വരുന്ന കാര്യങ്ങളാണ്. എനാൻഷ്യോമറുകൾ വേർതിരിക്കുന്നത് മരുന്ന് കണ്ടെത്തലിൻ്റെ നിർണായക ഭാഗമാണ്, പക്ഷേ ഇത് പലപ്പോഴും വളരെ ശ്രമകരമാണ്. നിലവിലെ രീതികൾക്ക് വ്യത്യസ്ത എനാൻഷ്യോമർ  ജോഡികൾക്ക് വ്യത്യസ്ത  ഉപകരണങ്ങളും വ്യത്യസ്ത പ്രോട്ടോക്കോളുകളും ആവശ്യമാണ്. മരുന്ന് തന്മാത്രകളുടെ കാര്യത്തിൽ കൃത്യമായ എനാൻഷ്യോമർ പ്യൂരിറ്റി ഉറപ്പ് വരുത്താൻ ആധുനിക സാങ്കേതികവിദ്യയായ ഹൈ-പെർഫോമൻസ് ലിക്വിഡ് ക്രോമാറ്റോഗ്രാഫി (HPLC) ആണ് കൂടുതലായി ഉപയോഗിക്കാറുള്ളത്. വേർതിരിക്കാനും ആപേക്ഷികമായ തോത് മനസ്സിലാക്കാനുമുള്ള  മികച്ച രീതികളിലൊന്നാണിത്. പ്രവർത്തനരീതി കുറച്ച് സങ്കീർണ്ണവും ചെലവേറിയതുമാണ്. സാധാരണ HPLC യിൽ നിന്ന് വ്യത്യസ്തമായി ‘കൈറാൽ കോളം’ (chiral column) എന്ന് വിളിക്കുന്ന സവിശേഷ സ്റ്റേഷനറി ഫേസ് (stationary phase) ആണ് ഇവിടെ ഉപയോഗിക്കേണ്ടത്.

പുതിയ വഴി

കെമിസ്ട്രിയിൽ വളരെയധികം ഉപയോഗിക്കാറുള്ള ‘മാസ്സ് സ്പെക്ട്രോമെട്രിയുടെ’ (mass spectrometry) രീതി ഉപയോഗപ്പെടുത്തി എനാൻഷ്യോമറുകളെ ഇപ്പോൾ ഗവേഷകർ വേർതിരിച്ചിരിക്കുന്നു. ഇടത്-വലത് കൈ തന്മാത്രകളെ വേർതിരിച്ചറിയാനുള്ള കഴിവ്, പുതിയ മരുന്നുകൾ കണ്ടെത്തി വികസിപ്പിക്കുന്നതിൻറെ ശ്രമകരമായ ഭാഗം കൂടുതൽ കാര്യക്ഷമമാക്കുമെന്ന് പ്രതീക്ഷ നൽകുന്നു. തന്മാത്രകളെ മാസ്സ് അഥവാ പിണ്ഡമനുസരിച്ച് തിരിച്ചറിയാൻ സാധാരണയായി ഉപയോഗിക്കുന്ന മാർഗ്ഗമാണ് മാസ്സ് സ്പെക്ട്രോമെട്രി. തന്മാത്രകളുടെ, അയോണൈസേഷനും മാസ്സ് വിശകലനവും ഉപയോഗിക്കുന്ന രീതിയാണിത്. രാസവസ്തുക്കളുടെ തന്മാത്രാഭാരം (മോളിക്യൂലർ മാസ്), ഫോർമുല, ഘടന എന്നിവ മനസ്സിലാക്കാൻ ഇത് ഉപകരിക്കും. വ്യത്യസ്ത തന്മാത്രകളെ മാസ്സ് അനുസരിച്ച് വേർതിരിച്ച് മനസ്സിലാക്കാൻ കഴിയും. മാസ്സ് സ്പെക്ട്രോമീറ്ററിലെ,  മാസ്സ് അനലൈസർ എന്ന ഘടകം, അയോണീകരിക്കപ്പെട്ട തന്മാത്രകളെ സ്വീകരിച്ച് അവയെ ചാർജ്/ മാസ്സ് അനുപാതമനുസരിച്ച്  വേർതിരിച്ച് ഡിറ്റക്ടറിലേക്ക് കടത്തിവിടുന്നു. അവിടെ അവയെ  കണ്ടെത്തി, വിശകലനഫലം ഒരു ഡിജിറ്റൽ ഔട്ട്പുട്ടിലേക്ക് പരിവർത്തനം ചെയ്യുകയും ചെയ്യുന്നു.

സാധാരണ മാസ്സ് സ്പെക്ട്രോമെട്രിക്ക് എനാൻഷ്യോമറുകൾ തമ്മിൽ വേർതിരിക്കാനാവില്ല. പക്ഷേ ഇവിടെ കാര്യങ്ങൾ വ്യത്യസ്തമാണ്. മാസ്സ് വ്യത്യാസമില്ലാത്ത, ആറ്റങ്ങളുടെ എണ്ണവും തരവുമെല്ലാം തുല്യമായ, വിന്യാസക്രമം മാത്രം വ്യത്യസ്തമായ എനാൻഷ്യോമർ തന്മാത്രകളെ വേർതിരിക്കാൻ ഈ മാർഗം പ്രയോജനപ്പെടുത്തി എന്നതിലാണ് പുതുമ. എനാൻഷ്യോമർ ജോഡികളെ ഒരു മാസ്സ് സ്പെക്ട്രോമീറ്ററിലേക്ക് കടത്തി വിട്ടു. അവിടെ അവ ബാഷ്പീകരിക്കപ്പെടുകയും അയോണൈസ് ചെയ്യപ്പെടുകയും ചെയ്യുന്നു. എന്നിട്ട് അയോൺ-ട്രാപ്പ് മാസ്സ് അനലൈസർ എന്ന ഘടകത്തിലേക്ക് എത്തുന്നു. അയോണുകളെ ഇരട്ട ആൾട്ടർനേറ്റിംഗ് കറൻ്റ് എക്‌സൈറ്റേഷനുകൾ പ്രയോഗിച്ച് ചലിക്കാൻ പ്രേരിപ്പിക്കുന്നു. രണ്ട് തരം ഭ്രമണങ്ങൾ ഉണ്ടാകുന്നു.തന്മാത്രയുടെ പിണ്ഡകേന്ദ്രത്തിന് ചുറ്റുമുള്ള ഭ്രമണവും ട്രാപ്പിൻറെ കേന്ദ്രത്തെ  ആസ്പദമാക്കിയുള്ള  മാക്രോ ചലനവും ഉൾപ്പെടുന്നു. ഓരോ എനാൻഷ്യോമറിനെയും അതിൻ്റെ കൈരാലിറ്റിയുടെ അടിസ്ഥാനത്തിൽ അല്പം വ്യത്യസ്തമായ പാതയിൽ ചലിപ്പിക്കുന്നു.

പശ്ചാത്തല വാതക തന്മാത്രകളുമായി കൂട്ടിയിടിക്കുമ്പോൾ, എനാൻഷ്യോമറുകൾ തമ്മിൽ  കൊളിഷൻ ക്രോസ് സെക്ഷനിൽ (collision cross section) ചെറിയ വ്യത്യാസങ്ങൾ മുൻപറഞ്ഞ ചലനസവിശേഷതകൾ മൂലം ഉണ്ടാകും. ഈ വ്യത്യാസവും അവയെ വേർതിരിക്കാൻ കാരണമാവുമെന്ന് ഗവേഷകർ പറയുന്നു. സ്പെക്ട്രോമീറ്ററിൻ്റെ മറ്റേ അറ്റത്ത് അവ പുറന്തള്ളപ്പെടുന്നു. അപ്പോൾ അയോണുകൾ പ്രത്യേകം വേർതിരിച്ച് കണ്ടെത്താനാകും. ഒരു മിശ്രിതത്തിലെ ഓരോ എനാൻഷ്യോമറിൻ്റെയും അനുപാതം നിർണ്ണയിക്കാനും യന്ത്രത്തിന് കഴിയും – എനാൻഷ്യോമെറിക് എക്സസ് (ഒരെണ്ണം കൂടിയ അനുപാതത്തിൽ വരുന്നത്) ഉണ്ടെങ്കിൽ ശതമാനമായി പ്രകടിപ്പിക്കുന്നതുമാണ്. ഒരു മിനിയേച്ചർ അയോൺ ട്രാപ്പ് മാസ്സ് സ്‌പെക്‌ട്രോമീറ്റർ ഉപയോഗിച്ച് ഹൈ-ഫീൽഡ് അയോൺ മൊബിലിറ്റിയും എനാൻഷ്യോമറുകളുടെ ‘ടാൻഡം’ (tandem) മാസ്സ് സ്പെക്‌ട്രോമെട്രി വിശകലനങ്ങളും സംയോജിപ്പിച്ച് നടപ്പിലാക്കുകയാണ് ഗവേഷകർ ചെയ്തത്. അമിനോ ആസിഡുകൾ, പഞ്ചസാരകൾ, നിരവധി മരുന്ന് തന്മാത്രകൾ എന്നിവയുൾപ്പെടെയുള്ള വൈവിധ്യമാർന്ന ജൈവ സംയുക്തങ്ങൾ ഉപയോഗിച്ച് വികസിപ്പിച്ച രീതിയുടെ ഫലപ്രാപ്തി തെളിയിക്കാനുമായി. ‘സയൻസ്’ മാഗസിൻറെ 2024-ലെ ഫെബ്രുവരി ലക്കത്തിൽ പഠനം പ്രസിദ്ധീകരിച്ചിട്ടുണ്ട്

“രസതന്ത്രജ്ഞർക്ക് ഭാവിയിൽ ഒരു ‘ക്രൂഡ്’ (crude) ഉൽപ്പന്നം സാമ്പിളായി എടുക്കാം, മുൻപറഞ്ഞപോലെ പരിഷ്കരിച്ച ഒരു മാസ്സ് സ്പെക്ട്രോമീറ്ററിലേക്ക് അയയ്ക്കാം, ഒരു മിനിറ്റിനുള്ളിൽ തന്മാത്രാ ഘടനകളുടെ സ്ഥിരീകരണത്തിന് പുറമേ എനാൻഷ്യോമറുകൾ ഉണ്ടോയെന്നും എത്ര അനുപാതത്തിലെന്നും വ്യക്തമാവും.” പഠനത്തിന് നേതൃത്വം നല്കിയ സെങ് ഒയാങ് (Zheng Ouyang ) പ്രതീക്ഷ പ്രകടിപ്പിക്കുന്നു. ബെയ്‌ജിങ്ങിലെ സിംഗുവ സർവകലാശാലയിലെ പ്രൊഫസറാണ് ഒയാങ്. ഉപകാരണത്തിൻറെ സ്കെയിൽ നല്ല തോതിൽ വർദ്ധിപ്പിക്കാൻ കഴിഞ്ഞാൽ വലിയ അളവിലുള്ള സാമ്പിളുകളിൽ നിന്ന് എനാൻഷ്യോമറുകൾ വേർതിരിക്കാനും അവയുടെ ശുദ്ധമായ സാമ്പിളുകൾ തയ്യാറാക്കാനും മാസ്സ് സ്പെക്ട്രോമെട്രി സംവിധാനം ഉപയോഗിക്കാൻ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

“ഈ ഗവേഷണ പ്രവർത്തനം സുപ്രധാനമായ ചുവട് വായ്പാണ്,” യുകെയിലെ മാഞ്ചസ്റ്റർ സർവകലാശാലയിലെ സെൻ്റർ ഫോർ കോലാബറേറ്റീവ് മാസ് സ്പെക്ട്രോമെട്രിയുടെ ഡയറക്ടർ പെർഡിറ്റ ബാരൻ പറയുന്നു. “എനാൻഷ്യോമറുകൾ വേർതിരിക്കാനുള്ള ഒരു സൗകര്യപ്രദമായ രീതിക്ക് മരുന്ന് രൂപകല്പനയിലും കണ്ടെത്തലിലും വലിയ പ്രസക്തിയുണ്ട്”, അവർ തുടർന്നു. എന്തായാലും കെമിസ്ട്രിയിലും ഫാർമസ്യൂട്ടിക്കൽ കെമിസ്ട്രയിലും നല്ല മുന്നേറ്റങ്ങൾക്ക് നാന്ദിയാവാൻ കഴിവുള്ള ഗവേഷണഫലമാണിതെന്നതിൽ സംശയം വേണ്ട.

അധിക വായനയ്ക്ക്

  1. Katharine Sanderson, Mirror-image molecules separated using workhorse of chemistry, Nature, News 08 February 2024
  2. Zhou, X. et al., Differentiating enantiomers by directional rotation of ions in a mass spectrometer, Science 383, 612–618 (2024).
  3. James H Kim, Anthony R Scialli, Thalidomide: the tragedy of birth defects and the effective treatment of disease, Toxicol Sci,  2011 Jul;122(1):1-6. doi: 10.1093/toxsci/kfr088.
Happy
Happy
100 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post മാർച്ച് 23 – ലോക അന്തരീക്ഷശാസ്ത്ര ദിനം
Next post നമ്മുടേതല്ലാത്ത ബുദ്ധിയളവുകൾ
Close