Read Time:7 Minute

ഇന്ന് ലോക അന്തരീക്ഷശാസ്ത്ര ദിനം. എല്ലാ വർഷവും മാർച്ച് 23 ന് ആണ് അന്തരീക്ഷ ശാസ്ത്ര ദിനമായി ആചരിക്കുന്നത്. ലോക അന്തരീക്ഷശാസ്ത്ര സംഘടന (World Meteorological Organization, WMO) രൂപീകൃതമായതിന്റെ നൂറ്റമ്പതാം വാർഷികം എന്ന പ്രത്യേകത ഇക്കൊല്ലത്തെ അന്തരീക്ഷശാസ്ത്ര ദിനത്തിനുണ്ട്. അന്തരീക്ഷാവസ്ഥ, കാലാവസ്ഥ, ജലം എന്നിവയുടെ ഭാവി: തലമുറകളിലൂടെ എന്നതാണ് ഇപ്രാവശ്യത്തെ അന്തരീക്ഷശാസ്ത്ര ദിനത്തിന്റെ തീം.

നമ്മുടെ അന്തരീക്ഷത്തിനോ, ജലത്തിനോ, കാലാവസ്ഥയ്‌ക്കോ രാജ്യാതിർത്തികൾ ബാധകമല്ല. അതിനാൽത്തന്നെ അന്താരാഷ്ട്ര സഹകരണം ഈ മേഖലയിൽ അനിവാര്യമാണ്. ഈ തത്വചിന്തയാണ് കഴിഞ്ഞ ഒന്നര നൂറ്റാണ്ടായി അന്തരീക്ഷശാസ്ത്ര സമൂഹത്തിനെ മുന്നോട്ട് നയിക്കുന്നത്. പത്തൊൻപതാം നൂറ്റാണ്ടിലെ ടെലിഗ്രാഫ് മുതൽ ഇന്നത്തെ സാറ്റലൈറ്റുകളിലും സൂപ്പർ കമ്പ്യൂട്ടറുകളിലും വരെ എത്തിനിൽക്കുന്ന സാങ്കേതികവിദ്യയുടെ മുന്നേറ്റം കാലാവസ്ഥാ സേവനങ്ങളെ ഇക്കാലയളവിൽ വലിയ തോതിൽ മെച്ചപ്പെടുത്തിയിട്ടുണ്ട്. ഡാറ്റ സമാഹരിക്കാനും ക്രമീകരിക്കാനുമായി അഹോരാത്രം പ്രവർത്തിക്കുന്ന വിവിധ ദേശീയ കാലാവസ്ഥാ/ ജല ഏജൻസികളെയും ഈ അവസരത്തിൽ വിസ്മരിക്കാവുന്നതല്ല. അവരുടെ കഠിന പ്രയത്നമാണ് ഇന്ന് ലഭ്യമായ രീതിയിലുള്ള കാലാവസ്ഥാ പ്രവചങ്ങൾ സാധ്യമാക്കിയത്. WMO യുടെയും അതിന്റെ ഡാറ്റാ വിനിമയത്തിന്റെയും ചരിത്രമെന്നത് ശാസ്ത്രീയ വീക്ഷണത്തിന്റെയും സാങ്കേതിക വികസനത്തിന്റെയും, എല്ലാറ്റിനുമുപരിയായി, സമൂഹത്തെ സേവിക്കുന്നതിനുള്ള അതുല്യമായ സഹകരണ സംവിധാനത്തിന്റെയും കൂടി ചരിത്രമാണ്.

നമ്മുടെ മാറുന്ന കാലാവസ്ഥയുടെ ഓർമ്മപ്പെടുത്തൽ കൂടിയാണ് ഈ വാർഷികം. ലോക അന്തരീക്ഷശാസ്ത്ര സംഘടന 1873 ൽ സ്ഥാപിതമാകുമ്പോൾ വ്യാവസായിക മലിനീകരണം അതിന്റെ പ്രാരംഭ ദശയിലായിരുന്നു. അന്തരീക്ഷത്തിൽ ഹരിതഗൃഹ വാതകങ്ങൾ കൂടിയതിന്റെ ഫലമായി, 150 വർഷം മുമ്പുള്ളതിനെ അപേക്ഷിച്ച് ഇന്ന് ശരാശരി ആഗോള താപനില 1 ഡിഗ്രി സെൽഷ്യസിൽ കൂടുതലാണ്. ഇന്ന് കൂടുതൽ കാലാവസ്ഥാ ദുരന്തങ്ങൾ ഉണ്ടാകുന്നു, നമ്മുടെ സമുദ്രങ്ങളുടെ ഊഷ്മാവും അമ്ലത്വവും കൂടുന്നു, സമുദ്രനിരപ്പ് ഉയരുന്നു, ഹിമാനികൾ, ഐസ് എന്നിവ ഉരുകുന്നു, കാലാവസ്ഥാ മാറ്റത്തിന്റെ തോത് ത്വരിതപ്പെടുന്നു. ഹരിതഗൃഹ വാതകങ്ങൾ പുറന്തള്ളുന്നത് കുറയ്ക്കുന്നതിനും ഭാവി തലമുറകൾക്ക് അതിജീവിക്കാനും അഭിവൃദ്ധി പ്രാപിക്കാനും കഴിയുമെന്ന് ഉറപ്പാക്കാനും വേണ്ട വളരെ അടിയന്തരമായ പ്രവർത്തനങ്ങൾ ആവശ്യമായ കാലഘട്ടമാണിപ്പോൾ.

Very Intense Tropical Cyclone Freddy on 19 February 2023

ദ്രുതഗതിയിലുള്ള ശാസ്ത്ര-സാങ്കേതിക മുന്നേറ്റങ്ങൾ കാലാവസ്ഥാ പ്രവചനങ്ങളുടെയും മുൻകൂർ മുന്നറിയിപ്പുകളുടെയും കൃത്യതയെ വളരെയധികം മെച്ചപ്പെടുത്തി എന്നതാണ് ഇക്കാലത്തെ നല്ല വാർത്ത. ബിഗ് ഡാറ്റ മുമ്പത്തേക്കാളും കൂടുതൽ സ്വതന്ത്രമായി അന്തരീക്ഷശാസ്ത്ര സമൂഹത്തിൽ കൈമാറ്റം ചെയ്യപ്പെടുന്നു, കൂടാതെ മെഷീൻ ലേണിംഗും ആർട്ടിഫിഷ്യൽ ഇന്റലിജൻസും ഉൾപ്പെടെയുള്ള പുതിയ ടൂളുകളും പുരോഗതിക്ക് കാരണമാകുന്നുണ്ട്. നമ്മുടെ അന്തരീക്ഷാവസ്ഥയും കാലാവസ്ഥയും ജലചക്രവും ഭാവിയിൽ നമുക്ക് പരിചിതമായതിൽ നിന്ന് വ്യത്യസ്തമായിരിക്കും. കാലാവസ്ഥാ/ ജല ഏജൻസികളും അവരുടെ സേവനങ്ങളും ഭാവിയിലെ ഇത്തരം വെല്ലുവിളികൾ നേരിടാൻ നമ്മെ സഹായിക്കും.


കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക : https://public.wmo.int/en


തയ്യാറാക്കിയത് :


അന്തരീക്ഷ പഠനം, കാലാവസ്ഥ, കാലാവസ്ഥാമാറ്റം എന്നിവയുമായി ബന്ധപ്പെട്ട് ലൂക്ക തയ്യാറാക്കിയ പദമേഘം ഡൌൺലോഡ് ചെയ്യാം

Happy
Happy
60 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
20 %
Surprise
Surprise
20 %

Leave a Reply

Previous post 2023 – ലെ ആബെൽ പുരസ്കാരം ലൂയിസ് കഫറെലിയ്ക്ക്
Next post പുളളുനത്ത് – പുള്ളോ അതോ നത്തോ?
Close