Read Time:25 Minute

കാലാവസ്ഥാ പ്രത്യഘാതങ്ങൾ ലഘൂകരിക്കുന്നതിനുള്ള രീതിശാസ്ത്രം രൂപപ്പെടുത്തിയതിന്റെ ആവശ്യകതയെക്കുറിച്ച് ചർച്ച ചെയ്യുന്നു.ആധുനിക സാങ്കേതിക വിദ്യകൾക്കൊപ്പം വളർന്ന വിവിധ കലാവസ്ഥാ പ്രവചന സംവിധാനങ്ങളെക്കുറിച്ച് ചർച്ച ചെയ്യുന്നു. വി.കെ.മിനി., സി.കെ.വിഷ്ണുദാസ്, ഡോ.എസ്. അഭിലാഷ് എന്നിവർ ശാസ്ത്രഗതി 2022 മാർച്ച് ലക്കത്തിൽ എഴുതിയ ലേഖനം

ആഘാതാടിസ്ഥാന പ്രവചനവും (IBF) അപകടസാധ്യത അടിസ്ഥാനമാക്കിയുള്ള മുന്നറിയിപ്പുകളും (RBW)

തീവ്രമായ കാലാവസ്ഥാ സംഭവങ്ങൾ ലോകമെമ്പാടും ജീവൻ, ജീവനോപാധികൾ, സ്വത്ത്, ആരോഗ്യം, ക്ഷേമം, അടിസ്ഥാന സൗകര്യങ്ങൾ എന്നിവയ്ക്ക് ഭീഷണിയാണ്. കാലാവസ്ഥാ മുന്നറിയിപ്പുകൾ നൽകിയിട്ടും ആഗോളതലത്തിൽ കാലാവസ്ഥയുമായി ബന്ധപ്പെട്ട അപകടങ്ങളാൽ ജീവൻ നഷ്ടപ്പെടുന്നതും വ്യാപകമായ നാശനഷ്ടങ്ങൾ ഉണ്ടാകുന്നതും തുടരുന്നു. ലോകമെമ്പാടുമുള്ള 

ദേശീയ ജല-കാലാവസ്ഥാ സേവനങ്ങൾ (National Hydro-Meteorological Services – NHMS) ലളിതമായ അപകട-അടിസ്ഥാന കാലാവസ്ഥാ മുന്നറിയിപ്പുകൾ നൽകുന്ന പരമ്പരാഗത മാർഗങ്ങളിൽ നിന്ന് ‘ഇംപാക്ട് ബേസ്‌ഡ് ഫോർകാസ്റ്റിങ് (IBF), അപകടസാധ്യത അടിസ്ഥാനമാക്കിയു ള്ള മുന്നറിയിപ്പുകൾ (risk-based warnings-RBW)’ എന്നിവയിലേക്ക് മാറുന്നു. ആഘാതാടിസ്ഥാന പ്രവചനവും (IBF) അപകടസാധ്യത അടിസ്ഥാനമാക്കിയുള്ള മുന്നറിയിപ്പുകളും (RBW), കഠിനമായ കാലാവസ്ഥ മൂലമുണ്ടാകുന്ന ആഘാതങ്ങളുടെ സാധ്യതയും തീവ്രതയും സമന്വയിപ്പിച്ചുള്ള ഒരു സമീപനമാണ് നടത്തുന്നത്. IBF ഉം RBW ഉം അടിയന്തര പ്രതികരണ ഓർഗനൈസേഷനുകളെയും പൊതുജനങ്ങളെയും കമ്മ്യൂണിറ്റികളെയും കഠിനമായ കാലാവസ്ഥാ സംഭവങ്ങളിൽ നിന്ന് പ്രതീക്ഷിക്കുന്ന ഭീഷണികൾക്ക് ഉചിതമായ രീതിയിൽ തയ്യാറാകാനും പ്രവചനങ്ങളെക്കുറിച്ചുള്ള മെച്ചപ്പെട്ട ധാരണയിലേക്ക് നയിക്കുവാനും സഹായിക്കുന്നു. പ്രധാനമായും കഠിനമായ കാലാവസ്ഥയ്ക്കെതിരായ സംരക്ഷണ നടപടികൾ കൈക്കൊള്ളാനും ആഘാതങ്ങൾ ലഘൂകരിക്കാനും ഇത് ജനങ്ങളെ സഹായിക്കുന്നു.

ദേശീയ ജല-കാലാവസ്ഥാ സ്ഥാപനങ്ങൾ (National Hydro-Meteorological Services – NHMS), ആഘാതാടിസ്ഥാന പ്രവചനവും അപകടസാധ്യത അടിസ്ഥാനമാക്കിയുള്ള മുന്നറിയിപ്പുകളും വികസിപ്പിക്കാനും വിലയിരുത്താനും തുടങ്ങിയപ്പോൾ, കാലാവസ്ഥാ സംഭവങ്ങളുടെ ഫലമായി സംഭവിക്കുന്ന നിർദിഷ്ട ആഘാതങ്ങളുടെ (ഉദാ. വസ്തു വകകൾക്ക് കേടുപാടുകൾ, യാത്രാ തടസ്സം, ജീവന് അപകടം, സമ്മർദം, ഉൽക്കണ്ഠ എന്നിവ) നിരീക്ഷണ രേഖകൾ കുറവായിരുന്നു. ഈ വിവരങ്ങൾ പരമ്പരാഗത കാലാവസ്ഥാ നിരീക്ഷണങ്ങളെ പോലെതന്നെ പ്രധാനമാണ്. IBF ന്റെ വിജയകരമായ നടപ്പാക്കലിന്, കഠിനമായ കാലാവസ്ഥാ പ്രതിഭാസങ്ങളും അതുമൂലം പ്രതീക്ഷിക്കുന്ന സാമൂഹിക പ്രത്യാഘാതങ്ങളുടെ വിവരങ്ങളും വളരെ അത്യാവശ്യമാണ്. ഇത് മുന്നറിയിപ്പുകളുടെയും പ്രവചനങ്ങളുടെയും കൃത്യവും ലക്ഷ്യബോധമുള്ളതുമായ പ്രചാരണം സാധ്യമാക്കുന്നു. ഈ പശ്ചാത്തലത്തിൽ, കേരളത്തിലെ 14 ജില്ലകളിൽ ഓരോന്നിനും അനുയോജ്യമായ കനത്ത മഴയുള്ള IBF തയ്യാറാക്കുന്നതിനുള്ള സമഗ്രമായ ഒരു രീതിശാസ്ത്രം (മെത്തെഡോളജി) രൂപപ്പെടുത്തി. ഈ രീതിശാസ്ത്രം കാലാവസ്ഥാ സാഹചര്യങ്ങളും അവയുടെ യഥാർഥ പ്രത്യാഘാതങ്ങളും തമ്മിലുള്ള പരസ്പര ബന്ധത്തെക്കുറിച്ച് കൂടുതൽ കൃത്യമായി മനസ്സിലാക്കുന്നതിന് സഹായിക്കുന്നു. ഇതിലൂടെ, കമ്മ്യൂണിറ്റികളെ സംരക്ഷിക്കാനും കഠിനമായ കാലാവസ്ഥാ സംഭവങ്ങളുടെ വിവിധ പ്രത്യാഘാതങ്ങൾ ലഘൂകരിക്കാനുമുള്ള ജനങ്ങളുടെ കഴിവ് വർധിപ്പിക്കാനും സഹായിക്കുന്നു.

2013 ജൂണിൽ ഉത്തരാഖണ്ഡിൽ ഉണ്ടായ കനത്ത മഴയുടെ വിനാശ കരമായ എപ്പിസോഡിനുശേഷം,സംസ്ഥാനതലത്തിൽ കനത്ത, അതിശക്തമായ, അതിശക്ത കനത്ത മഴയുടെ മൂല്യങ്ങളെ അടിസ്ഥാനമാക്കിയുള്ള പ്രവചനത്തിനു വ്യത്യസ്ത വർണ്ണ കോഡുകൾ നൽകി. IMD 2019 ആഗസ്ത് മുതൽ ജില്ലയിലും നഗര തലത്തിലും കനത്ത മഴയ്ക്കുള്ള IBF അവതരിപ്പിച്ചു, അതിന്റെ ഹ്രസ്വവും ഇടത്തരവുമായ പ്രവചനങ്ങളിലും മഴയുടെ വിവിധ മേഖലകളിലെ ആഘാതം സൂചിപ്പിക്കുന്നു. മഴയുടെ തീവ്രതയെ അടിസ്ഥാനമാക്കിയുള്ള ആവശ്യമായ പ്രതികരണ പ്രവർത്തനങ്ങൾ നിർദേശിക്കുകയും ചെയ്തിരുന്നു. 2020 മൺസൂൺ കാലം മുതൽ, കനത്ത മഴയുടെ ആഘാതത്തിന്റെ മുൻകാല സ്റ്റാറ്റിസ്റ്റിക്സ് കണക്കിലെടുത്ത് 25 പ്രധാന തലസ്ഥാന നഗരങ്ങളിലും നദീതടങ്ങളിലും ഇത്തരം IBF, RBW സേവനങ്ങൾ ലഭ്യമാക്കി. 2021 മുതൽ, ഇന്ത്യൻ കാലാവസ്ഥാവകുപ്പ് കേരളത്തിലെ 14 ജില്ലകൾക്കും IBF, RBW എന്നിവ നൽകിവരുന്നു.

സാമൂഹികാധിഷ്ഠിത കാലാവസ്ഥാ നിരീക്ഷണ പരിപാടി

(കമ്മ്യൂണിറ്റി ബേസ്ഡ് വെതർ മോണിറ്ററിങ് പ്രോഗ്രാം)

ആഗോള കാലാവസ്ഥാ മാറ്റത്തിന്റെ ഭാഗമായി അടുത്തകാലത്ത് നമ്മുടെ കേരളത്തിലെ കാലാവസ്ഥയിൽ വലിയ തോതിൽ മാറ്റങ്ങൾ വന്നു തുടങ്ങിയിട്ടുണ്ട്. 2018-19 വർഷത്തിൽ തുടങ്ങിയ അതിതീവ്ര കാലാവസ്ഥാ അനുഭവങ്ങൾ പ്രളയമായും ഉരുൾപൊട്ടലുകളായും ഉഷ്ണതരംഗമായും സമൂഹത്തിന്റെ എല്ലാ തട്ടുകളെയും ജനജീവിതത്തെയും പ്രതികൂലമായി ബാധിച്ചു തുടങ്ങിയിരിക്കുന്നു. കാലാവസ്ഥാമാറ്റത്തെ ചെറുക്കുന്നതിനുള്ള പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതോടൊപ്പം പ്രാധാന്യമുള്ളതാണ് പ്രാദേശികമായി ഇത്തരം മാറ്റങ്ങളോടൊപ്പം പൊരുത്തപ്പെട്ടു ജീവിക്കാൻ ജനങ്ങളെ പ്രാപ്തമാക്കുന്ന സംവിധാനങ്ങൾ. നിരവധി ദശകങ്ങളായി കേരളത്തിൽ നിലനിന്നിരുന്ന സ്ഥിരമായ കാലാവസ്ഥ കഴിഞ്ഞ ഒരു ദശകത്തിൽ പ്രവചനാതീതമായ നിലയിലേക്ക് മാറിയിട്ടുണ്ട്.

കഴിഞ്ഞ പത്ത് വർഷത്തിൽ കേരളത്തിൽ വളരെ പ്രകടമായ കാലാവസ്ഥാമാറ്റം നേരിടേണ്ടിവന്ന ജില്ലയാണ് വയനാട്. വയനാട്ടിലെ അതിതീവ്ര കാലാവസ്ഥാ അനുഭവങ്ങളെ മനസ്സിലാക്കുന്നതിനും പ്രാദേശിക ജനതയെ കാലാവസ്ഥാ മാറ്റത്തെപ്പറ്റി മനസ്സിലാക്കാൻ സഹായിക്കുന്ന ഒരു പ്രോജക്ട് ആണ് സാമൂഹികാധിഷ്ഠിത കാലാവസ്ഥാ നിരീക്ഷണ പരിപാടി. 2018-ലുണ്ടായ ഉരുൾപൊട്ടലുകളുടെയും പ്രളയത്തിന്റെയും അനുഭവങ്ങളിൽനിന്നും പാഠം ഉൾക്കൊണ്ട് ഹ്യൂം സെന്റർ ഫോർ ഇക്കോളജി ആൻഡ് വൈൽലൈഫ് ബയോളജി എന്ന ഗവേഷണ സ്ഥാപനം കൊച്ചിൻ യൂണിവേഴ്സിറ്റിയിലെ റഡാർ ഗവേഷണ കേന്ദ്രവുമായി ചേർന്ന് രൂപം നൽകിയതാണ് ഈ പ്രവർത്തനം. ആദ്യമായി ചെയ്തത് 2018 മുതലുണ്ടായ ഉരുൾപൊട്ടൽ പ്രദേശങ്ങളുടെ മുഴുവൻ ജിയോ ടാഗ് ഇൻഫർമേഷൻ ശേഖരിക്കുകയും അതുവഴി ഭാവിയിൽ വെള്ളപ്പൊക്കവും ഉരുൾപൊട്ടലും ഉണ്ടാകാൻ സാധ്യതയുള്ള പ്രദേശങ്ങളുടെ ഒരു സാധ്യതാ മാപ്പു തയ്യാറാക്കുകയും അതിൽത്തന്നെ, അധികസാധ്യതാ പ്രദേശങ്ങളും മിതസാധ്യതാ പ്രദേശങ്ങളും രേഖപ്പെടുത്തി. അതിനുശേഷം, ജില്ലയെ മൊത്തം 25 ചതുരശ്ര കിലോമിറ്റർ (5×5 KM) വലുപ്പമുള്ള ഗ്രിഡുകളാക്കി തിരിച്ചു. ഓരോ ഗ്രിഡിലും ഒരു കാലാവസ്ഥാ നിരീക്ഷണ സംവിധാനം പ്രാദേശിക ജനങ്ങളുടെ നേതൃത്വത്തിൽ സ്ഥാപിച്ചു. കൃഷിക്കാർ, സ്കൂൾ വിദ്യാർഥികൾ, അധ്യാപകർ, തോട്ടം ഉടമകൾ തുടങ്ങി സമൂഹത്തിന്റെ വിവിധ തട്ടുകളിലുള്ള ആളുകൾ ഇതിൽ പങ്കാളികളായി. മഴയളക്കാൻ അവർക്കു പരിശീലനം നൽകി. മഴയും അന്തരീക്ഷതാപനിലയും എല്ലാ ദിവസവും രേഖപ്പെടുത്തുകയും അവ ഒരു whatsapp ചാനൽവഴി ഹ്യൂം സെന്ററിലെ കാലാവസ്ഥാ ലാബിൽ ക്രോഡീകരിക്കുകയും ചെയ്യുന്നു. ഇത്തരത്തിൽ ലഭിച്ച വിവരങ്ങൾ അതേദിവസം മൂന്നു മണിക്ക് വയനാടിന്റെ ഭൂപടത്തിൽ വിന്യസിപ്പിച്ചു. ഓരോ ദിവസവും വയനാട്ടിൽ ലഭിച്ച മഴയുടെയും അന്തരീക്ഷ താപനിലയുടെയും മാപ്പുകൾ പ്രാദേശിക ജനങ്ങൾക്കും ജില്ലാ ദുരന്ത നിവാരണ അതോറിട്ടിക്കും നൽകുന്നു.

ജില്ലാ ദുരന്ത നിവാരണ അതോറിട്ടി ഈ വിവരങ്ങൾ അതാതു പഞ്ചായത്തുകളിലേക്കു കൈമാറുകയും പ്രളയം, ഉരുൾപൊട്ടൽ സാധ്യതയുള്ളപ്പോൾ ആളുകളെ മാറ്റിപ്പാർപ്പിക്കുന്നതിന് ഉപയോഗിക്കുകയും ചെയ്യുന്നു. ജില്ലയിലെ എല്ലാ പ്രദേശത്തും ഇപ്പോൾ ആളുകൾ മഴയും അന്തരീക്ഷ താപനിലയും അളക്കുകയും അവരുടേതായ ഒരു ഡാറ്റാബേസ് തയ്യാറാക്കുകയും ചെയ്യുന്നുണ്ട്. ഇത് അതിതീവ്ര കാലാവസ്ഥാ അനുഭവങ്ങൾ ഉണ്ടാകുമ്പോൾ പെട്ടന്നുതന്നെ തീരുമാനം എടുക്കാൻ ജനങ്ങളെയും ഗ്രാമപഞ്ചായത്തുകളെയും സഹായിക്കുന്നു. ഉരുൾപൊട്ടൽ സാധ്യതയുള്ള പ്രദേശങ്ങളിലെ ഗ്രിഡുകളിൽ മഴയുടെ ഒരു ത്രെഷോൾഡ് വാല്യൂ നിർണ്ണയിച്ചിട്ടുണ്ട്. തുടർച്ചയായ മഴയിൽ ഈ ത്രെഷോൾഡ് വാല്യൂ എത്തുമ്പോൾ അടുത്ത ദിവസത്തെ മഴസാധ്യതാ ഫോർകാസ്റ്റും കണക്കിലെടുത്ത് നേരത്തേതന്നെ, ഉരുൾപൊട്ടൽ സാധ്യതാ വിവരങ്ങൾ പ്രാദേശിക ജനങ്ങളിലേക്ക് എത്തിക്കാൻ സഹായിക്കുന്നുണ്ട്. 2020-ൽ വയനാട്ടിലെ മുണ്ടക്കയി ഭാഗത്തുണ്ടായ വലിയ ഉരുൾപൊട്ടൽ തലേദിവസം തന്നെ പ്രവചിക്കാൻ ഈ സംവിധാനത്തിലൂടെ സാധിച്ചിരുന്നു. ഇതുവഴി ഒരാൾപോലും അപകടത്തിൽപ്പെടാതെ സംരക്ഷിക്കാൻ ജില്ലാ ദുരന്ത നിവാരണ അതോറിട്ടിക്ക് സാധിച്ചു. ഇതുകൂടാതെ, കർഷകർക്കായി കാലാവസ്ഥാ വിവരണങ്ങളും ഈ പരിപാടിവഴി ലഭ്യമാക്കുന്നുണ്ട്.

കാലാവസ്ഥാ മാറ്റത്തിന്റെ ഘട്ടത്തിൽ പ്രാദേശികമായ കൂട്ടായ്മയിലൂടെ അതി തീവ്ര കാലാവസ്ഥാ അനുഭവങ്ങളെ മുൻകൂട്ടി മനസ്സിലാക്കാനും മുൻകരുതലുകളെടുക്കാനും സാമൂഹികാധിഷ്ഠിത കാലാവസ്ഥാ നിരീക്ഷണ പരിപാടിവഴി കഴിയുന്നുണ്ട്. 2018-ൽ തുടങ്ങിയ ഈ പ്രോഗ്രാം വയനാട്ടിൽ നിരവധി കർഷകർക്കും അതിപരിസ്ഥിതിലോല പ്രദേശങ്ങളിൽ താമസിക്കുന്ന ജനങ്ങൾക്കും ഇന്നു വളരെ ഗുണകരമാണ്. 2023-ൽ ഈ പരിപാടിക്ക് രണ്ടു ദേശീയതലത്തിലുള്ള അവാർഡുകളും ലഭിച്ചു.

ആധുനിക സാങ്കേതിക വിദ്യകൾക്കൊപ്പം വളർന്ന കാലാവസ്ഥാ പ്രവചന സംവിധാനങ്ങൾ

ആധുനിക സാങ്കേതിക വിദ്യകൾ വികസിക്കുന്നതിനനുസരിച്ച് കാലാവസ്ഥാ പ്രവചനം എല്ലാക്കാലവും ശ്രദ്ധേയമായ പരിണാമത്തിന് വിധേയമായിട്ടുണ്ട്. തുടക്കത്തിൽ, പ്രവചനങ്ങൾ ലളിതമായ നിരീക്ഷണങ്ങളെയും പരിമിതമായ ഡാറ്റയെയും ആശ്രയിച്ചായിരുന്നെങ്കിൽ പിന്നീട്, പരമ്പരാഗതരീതികൾ സാങ്കേതിക പുരോഗതിക്കൊപ്പം കമ്പ്യൂട്ടർ അധിഷ്ഠിത മോഡലുകൾക്ക് വഴിമാറി. ഇരുപതാം നൂറ്റാണ്ടിന്റെ മധ്യത്തിൽ കാര്യക്ഷമമായ കമ്പ്യൂട്ടറുകളുടെ വരവോടുകൂടിയാണ് ഗണിതശാസ്ത്ര മാതൃകകൾ അടിസ്ഥാനമായ കാലാവസ്ഥാ പ്രവചനം ആരംഭിച്ചതെങ്കിലും, പിന്നീട് സൂപ്പർ കമ്പ്യൂട്ടറുകൾ വന്നതോടുകൂടി കാലാവസ്ഥാ പ്രവചന മേഖലയിൽ ഒരു വമ്പൻ കുതിച്ചു ചാട്ടമാണ് നടന്നത്. അതോടൊപ്പം, സാറ്റലൈറ്റ് റഡാർ തുടങ്ങിയ അത്യാധുനിക നിരീക്ഷണ സംവിധാനങ്ങളിലൂടെ ഭൂമിയുടെ എല്ലാ ഭാഗത്തു നിന്നും വളരെ കൃത്യതയാർന്ന കാലാവസ്ഥാ വിവരങ്ങൾകൂടി എത്തിച്ചേർന്നപ്പോൾ കാലാവസ്ഥാ പ്രവചനങ്ങൾക്ക് കൂടുതൽ കൃത്യത കൈവരുകയും അത് കൂടുതൽ സ്വീകാര്യമാവുകയും ചെയ്തു.

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) കാലാവസ്ഥാ പ്രവചനത്തിൽ വിപ്ലവകരമായ മാറ്റങ്ങളാണ് കൊണ്ടു വരുന്നത്. പരമ്പരാഗത കാലാവസ്ഥാ പ്രവചനരീതികൾ സങ്കീർണ്ണമായ ഫിസിക്കൽ മോഡലുകളെ ആശ്രയിക്കുമ്പോൾ, ML കൂടുതൽ ഡാറ്റാധിഷ്ഠിത സമീപനം വാഗ്ദാനം ചെയ്യുന്നു. കാലാവസ്ഥാ പ്രവചനത്തിൽ Al യുടെ സംയോജനം ഒരു സുപ്രധാന സാങ്കേതിക കുതിച്ചുചാട്ടത്തെ അടയാളപ്പെടുത്തുന്നു. ചരിത്രപരമായ ഡാറ്റ സ്വാംശീകരിക്കുന്നതിലൂടെ, കാലാവസ്ഥാ പ്രവചനങ്ങളെ സഹായിക്കുന്ന പാറ്റേണുകൾ AI അൽഗോരിതങ്ങൾ പഠിക്കുന്നു. ഉപഗ്രഹങ്ങൾ, റഡാറുകൾ, കാലാവസ്ഥാ കേന്ദ്രങ്ങൾ എന്നിവയിൽനിന്നുള്ള വിവരങ്ങൾ ഇത് സ്വാംശീകരിക്കുന്നതുവഴി വലിയ അളവിലുള്ള അന്തരീക്ഷ ഡാറ്റ അതിവേഗം പ്രോസസ്സ് ചെയ്യുന്നതിലൂടെ Al കാലാവസ്ഥാ പ്രവചനം കൂടുതൽ സുഗമവും കൃത്യതയുള്ളതുമാക്കുന്നു. അതിന്റെ മെഷീൻ ലേണിങ് കഴിവുകൾ മാറുന്ന കാലാവസ്ഥയുമായി പൊരുത്തപ്പെടാൻ അതിനെ പ്രാപ്തമാക്കുകയും പ്രവചന കൃത്യത വർധിപ്പിക്കുകയും ചെയ്യുന്നു. AI അധിഷ്ഠിത വിശകലനം സങ്കീർണ്ണമായ അന്തരീക്ഷ സ്വഭാവങ്ങളെക്കുറിച്ചുള്ള ഉൾക്കാഴ്ചകൾ പ്രദാനം ചെയ്തുകൊണ്ട്, പ്രവചന മാതൃകകളെ സമ്പന്നമാക്കുന്നു. അതിന്റെ പങ്ക് പ്രവചിക്കുന്നതിനും അപ്പുറമാണ്; നിർണ്ണായകമായ മുൻകൂർ മുന്നറിയിപ്പുകൾ നൽകിക്കൊണ്ട്, ദുരന്ത ലഘൂകരണത്തിനാവശ്യമായ ആഘാതാധിഷ്ഠിത പ്രവചനത്തിൽ Al ഭാവിയിൽ നിർണ്ണായക പങ്കുവഹിക്കും. പ്രവചന കൃത്യത വർധിപ്പിക്കുന്നതിന് ഒന്നിലധികം മോഡലുകൾ സംയോജിപ്പിച്ചുകൊണ്ട് (ensembel of models) കാലാവസ്ഥാ പ്രവചനത്തിൽ പൊതുവേ അന്തർലീനമായ അനിശ്ചിതത്വം കുറയ്ക്കുന്നതിന് AI-ML സഹായകമാകുന്നു.

കാലാവസ്ഥാ പ്രവചനത്തിൽ AI യുടെ കാര്യമായ സ്വാധീനമുണ്ടായിട്ടുണ്ടെങ്കിലും, നിരവധി വെല്ലുവിളികളെയും അഭിമുഖീകരിക്കേണ്ടതുണ്ട്. അടിസ്ഥാന വെല്ലുവിളികളിലൊന്ന്, കാലാവസ്ഥാ പ്രവചന സംവിധാനങ്ങളുടെ അന്തർലീനമായ സങ്കീർണ്ണതയാണ്. ഇത് 100% പ്രവചന കൃത്യത കൈവരിക്കുന്നത് അപ്രാപ്യമായ ലക്ഷ്യമാക്കി മാറ്റുന്നു. കാലാവസ്ഥാ പാറ്റേണുകളെ അന്തരീക്ഷ സാഹചര്യങ്ങൾ, ഭൂമിശാസ്ത്രപരമായ സവിശേഷതകൾ, ആഗോളതാപനത്തിന്റെ ഫലമായ ക്രമരഹിതമായ മാറ്റങ്ങൾ എന്നിവയുൾപ്പെടെ പരസ് പരബന്ധിതമായ നിരവധി ഘടകങ്ങളാൽ സ്വാധീനിക്കപ്പെടുന്നു. ആയതിനാൽ, കൃ ത്യമായ പ്രവചനങ്ങൾ വലിയ ബുദ്ധിമുട്ടുള്ള കാര്യമായി ഇപ്പോഴും തുടരുന്നു.

കാലാവസ്ഥാ പ്രവചനത്തിൽ AI- യുടെ മുഴുവൻ സാധ്യതകളും സാക്ഷാത്കരിക്കപ്പെടാനായിട്ടില്ല. Al സാങ്കേതികവിദ്യകളുടെ ഫലപ്രദമായ സംയോജനത്തിന്, കാലാവസ്ഥാ ഡാറ്റയുടെ വലിയ അളവുകൾ ശേഖരിക്കുന്നതിനും വിശകലനം ചെയ്യുന്നതിനും വ്യാഖ്യാനിക്കുന്നതിനുമുള്ള അടിസ്ഥാന സൗകര്യങ്ങളും വിഭവങ്ങളും വൈദഗ്ധ്യവും ആവശ്യമാണ്. കാലാവസ്ഥാ പ്രവചന സ്ഥാപനങ്ങൾക്ക് AI കഴിവുകളിൽ നിക്ഷേപം നടത്തുകയും AI യുടെ കാര്യശേഷി ഫലപ്രദമായി വിനിയോഗിക്കുന്നതിന് ആവശ്യമായ പരിശീലനവും ഉപകരണങ്ങളും കാലാവസ്ഥാ നിരീക്ഷകർക്കും പ്രവചനക്കാർക്കും ലഭ്യമാണെന്ന് ഉറപ്പാക്കുകയും ചെയ്യേണ്ടത് വളരെ പ്രധാനമാണ്.

കാലാവസ്ഥാ പ്രവചനത്തിന്റെ കൃത്യതയും കാര്യക്ഷമതയും മെച്ചപ്പെടുത്തുന്നതിൽ AI നിർണ്ണായക പങ്ക് വഹിക്കുന്നുണ്ടെങ്കിലും, കാലാവസ്ഥാ വിവരങ്ങൾ ഫലപ്രദമായി വ്യാഖ്യാനിക്കുന്നതിനും ആശയവിനിമയം നടത്തുന്നതിനും കാലാവസ്ഥാ നിരീക്ഷകർ അത്യന്താപേക്ഷിതമാണ്. സംഖ്യാപരമായ കാലാവസ്ഥാ ഡാറ്റയെ അർഥവത്തായ സ്ഥിതിവിവര കണക്കുകളാക്കാനും ആളുകൾക്ക് മനസ്സിലാക്കാനാകുന്ന തരത്തിൽ രൂപാന്തരപ്പെടുത്താനും സാഹചര്യങ്ങൾക്കനുസരിച്ചു ബുദ്ധിപരമായ തീരുമാനങ്ങൾ എടുക്കാൻ അവരെ പ്രാപ്തരാക്കാനുമുള്ള വൈദഗ്ധ്യം ഇന്നത്തെ സ്ഥിതിയിൽ മനുഷ്യ കാലാവസ്ഥാ നിരീക്ഷകർക്കാണുള്ളത്.

അന്തരീക്ഷ മാതൃകകളുടെ കൃത്യതയിലും കാര്യക്ഷമതയിലും കാര്യമായ മെച്ചപ്പെടുത്തലുകളോടെ കാലാവസ്ഥാ പ്രവചനത്തിൽ വിപ്ലവം സൃഷ്ടിക്കാനുള്ള കഴിവ് MLനുണ്ട്. എന്നിരുന്നാലും, കാലാവസ്ഥാ നിരീക്ഷകരുടെ വൈദഗ്ധ്യത്തിനു പകരം വയ്ക്കാൻ ഇതിന് കഴിയില്ല. പ്രാദേശിക സാഹചര്യങ്ങൾ, ചരിത്രപരമായ അന്തരീക്ഷ പാറ്റേണുകൾ, മറ്റ് ഘടകങ്ങൾ എന്നിവയെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും ML മോഡലുകൾക്ക് മാത്രമായി ക്യാപ്ചർ ചെയ്യാൻ കഴിയില്ല.

എന്നിരുന്നാലും, ഡാറ്റ ഗുണനിലവാരം, മോഡലുകളിൽ നിന്ന് ലഭിക്കുന്ന വിവരങ്ങൾ വ്യാഖ്യാനിക്കുന്നതിലുള്ള പ്രശ്നങ്ങൾ എന്നീ വെല്ലുവിളികൾ നിലനിൽക്കുമ്പോഴും AI-ML കാലാവസ്ഥാ പ്രവചന രംഗത്ത് ഒഴിച്ചുകൂടാനാവാത്ത ഒരു മാതൃകാ മാറ്റം കൊണ്ടുവന്നുവെന്ന് നിസ്സംശയം പറയാം. പ്രവചനങ്ങളുടെ കാര്യക്ഷമത മെച്ചപ്പെടുത്തുന്നതിൽ മെഷീൻ ലേണിങ് (ML), ഡീപ് ലേണിങ് (DL) നിർണ്ണായക പങ്ക് വഹിക്കുന്നതിനാൽ, എക്കാലവും വികസിച്ചു കൊണ്ടിരിക്കുന്ന കാലാവസ്ഥാ പ്രവചനമേഖല സമീപ വർഷങ്ങളിൽ കാര്യമായ പുരോഗതി കൈവരിക്കും എന്ന് പ്രതീക്ഷിക്കാം. വിദഗ്ധരായ മനുഷ്യരും ML മോഡലുകളും തമ്മിലുള്ള സംയോജിത ശ്രമത്തിന് കാലാവസ്ഥാ പ്രവചനത്തിന്റെ മൊത്തത്തിലുള്ള ഫലപ്രാപ്തി വർധിപ്പിക്കാൻ കഴിയും.

മാനുഷിക വൈദഗ്ധ്യത്തിന്റെയും വിപുലമായ ML ടെക്നിക്കുകളുടെയും ശക്തികൾ സംയോജിപ്പിക്കുന്നതിലൂടെ, കാലാവസ്ഥാ നിരീക്ഷകർക്ക് കൂടുതൽ കൃത്യവും സമയബന്ധിതവുമായ വിവരങ്ങൾ ഉപഭോക്താക്കൾക്കു നൽകാൻ കഴിയും, ഇത് വിവിധ വ്യവസായങ്ങളിലും കാലാവസ്ഥയുമായി ബന്ധപെട്ടുകിടക്കുന്ന വിവിധ മേഖലകളിലും ഉചിതമായ തീരുമാനമെടുക്കാൻ നമ്മെ ഭാവിയിൽ സഹായിക്കും. കാലാവസ്ഥാ പ്രവചനത്തിൽ ML ഉപയോഗിക്കുന്നത് അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന ഒരു മേഖലയാണ് – അതിനർഥം, AI-ML സമീപ ഭാവിയിൽ കൂടുതൽ വിശാലമായ വെല്ലുവിളികളും അവസരങ്ങളും തുറന്നുതരുമെന്നു തന്നെയാണ്.


അനുബന്ധ ലേഖനങ്ങൾ

വായിക്കാം
വായിക്കാം
വായിക്കാം

കാലാവസ്ഥാമാറ്റം സംബന്ധമായ ലൂക്ക ലേഖനങ്ങൾ

climate change science and society10

കൂടുതൽ ലേഖനങ്ങൾ

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പഠനങ്ങൾ

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
100 %

Leave a Reply

Previous post ബാറ്ററികൾ – അറിയേണ്ടതെല്ലാം LUCA TALK രജിസ്റ്റർ ചെയ്യാം
Next post ആരോഗ്യ പരസ്യങ്ങളുടെ ഇരുണ്ട വശങ്ങൾ
Close