Read Time:17 Minute

ഡോ. സുനിൽ പി. എസ്.

അസ്സോസിയേറ്റ് പ്രൊഫസ്സർ ആൻഡ് ഹെഡ്, ഡിപ്പാർട്മെൻറ് ഓഫ് മറൈൻ ജിയോളജി, ജിയോഫിസിക്‌സ്, കുസാറ്റ്

കാലാവസ്ഥാവ്യതിയാനവും അനുബന്ധ പ്രകൃതി ദുരന്തങ്ങളും ആഗോള പ്രതിഭാസങ്ങൾ ആണെങ്കിലും, ബഹുഭൂരിപക്ഷം മലയാളികളെ സംബന്ധിച്ചിടത്തോളം, ഇത്തരം പ്രകൃതി പ്രതിഭാസങ്ങൾ അവരവരുടെ ജീവിതത്തിലെ വിവിധ ഘട്ടങ്ങളിലായി നേരിട്ടറിഞ്ഞിട്ടുള്ളതും, നേരിട്ടറിഞ്ഞുകൊണ്ടിരിക്കുന്നവയുമാണ്. ഇതിനു ഏറ്റവും പുതിയ ഉദാഹരങ്ങളാണ്, 2018, 2019, 2020 വർഷങ്ങളിൽ നാം നേരിട്ട കാലവർഷവും, അനുബന്ധ പ്രളയങ്ങളും, മണ്ണിടിച്ചിലുകളും. കാലാവസ്ഥ വ്യതിയാനത്തിന്റെ പ്രധാന കാരണങ്ങളിലൊന്നിൽ, മറ്റു ജീവജാലങ്ങളെ അപേക്ഷിച്ചു മനുഷ്യൻറെ പങ്ക് വളരെ മുൻപന്തിയിൽ തന്നെയാണെങ്കിലും മലയാളികൾ അനുഭവിക്കുന്ന പ്രകൃതി ദുരന്തങ്ങളുടെ മൂലകാരണം എന്നത് ഇന്ത്യൻ മൺസൂണിനോടനുബന്ധിച്ചുള്ള കാലവർഷക്കെടുതികൾക്കൊണ്ടാണെന്നുള്ളതാണ്‌ സത്യം.

മലയോരപ്രദേശങ്ങളിലെ അസാധാരണ മഴയും അനുബന്ധ മണ്ണിടിച്ചിലുകളും ലോകത്തിലെ തന്നെ വ്യാപകമായ പ്രകൃതി ദുരന്തങ്ങളിൽ ഒന്നാണ്. ഇന്ത്യയിൽ കാലവർഷത്തോട് അനുബന്ധിച്ചുള്ള പ്രകൃതി ദുരന്തങ്ങളിൽ പ്രധാനമായ മണ്ണിടിച്ചിലിനെക്കുറിച്ചു പരിശോധിച്ചാൽ, ഏറ്റവും മുന്നിൽ നിൽക്കുന്ന പ്രദേശങ്ങൾ ഉത്തരേന്ത്യയിലെ ഹിമാലയൻ പർവ്വത നിരകളും, ദക്ഷിണേന്ത്യയിലെ പശ്ചിമഘട്ട പർവ്വത നിരകളുമാണെന്നു മനസിലാക്കാൻ സാധിക്കും. ഭൂചലനങ്ങളും, മഴയും, മനുഷ്യർ നടത്തുന്ന നിർമ്മാണ പ്രവർത്തനങ്ങളുമാണു ഹിമാലയൻ നിരകളിലെ മണ്ണിടിച്ചിലുകൾക്കു പ്രധാന കാരണങ്ങളെങ്കിൽ,  കാലവർഷവും, മനുഷ്യ കടന്നുകയറ്റവുമാണ് പശ്ചിമ ഘട്ടത്തിലെ മണ്ണിടിച്ചിലുകൾക്കു പ്രധാന കാരണങ്ങൾ.

ഇന്ത്യയിലെ പ്രധാന മണ്ണിടിച്ചിൽ പ്രദേശങ്ങൾ ചുവന്ന വൃത്തങ്ങളിൽ.

ഇന്ത്യയുടെ തെക്കുപടിഞ്ഞാറൻ തീരത്ത് 8018′ 12048′ N അക്ഷാംശങ്ങൾക്കിടയിലും 74052, 77022′ E രേഖാംശങ്ങൾക്കിടയിലുമാണ് കേരളത്തിലെ മലയോര പ്രദേശങ്ങൾ സ്ഥിതി ചെയ്യുന്നത്. എല്ലാ വർഷവും ജൂൺ ആദ്യവാരത്തിൽ മൺസൂൺ മഴ ആരംഭിക്കുന്നത് കേരളത്തിൽ സാധാരണമാണ്.  കേരളത്തിലെ  ഇത്തരത്തിലുള്ള കാലാവർഷത്തോടനുബന്ധിച്ചുള്ള മണ്ണിടിച്ചിലുകളിൽ 21-ാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ പ്രഹരമേല്പിച്ച ഏറ്റവും വലിയ ദുരന്തമാണ്  40 ഓളം പേരുടെ ജീവൻ നഷ്ടപ്പെടുത്തിക്കൊണ്ട്  2001 നവംബർ 9-ന് തിരുവനന്തപുരം ജില്ലയിലെ അമ്പൂരിയിലുണ്ടായ  വലിയ മണ്ണിടിച്ചിൽ.  എന്നാൽ, കഴിഞ്ഞ മൂന്നു വർഷമായി കാലാവര്ഷത്തോട് ബന്ധപ്പെട്ട് കേരളം തുടർച്ചയായി മൂന്നോ നാലോ വലിയ പ്രകൃതി ദുരന്തങ്ങൾ ക്ക് സാക്ഷ്യം വഹിച്ചിരിക്കുകയാണ്. 2018 ലും 2019 ലും ഉണ്ടായ രണ്ട് പ്രധാന വെള്ളപ്പൊക്കങ്ങളിലും 2019 ലും 2020 ലും ഉണ്ടായ അനുബന്ധ മണ്ണിടിച്ചിലുകളിലും കേരളത്തിലെ  നിഷ്‌കളങ്കരായ കുഞ്ഞുങ്ങളുൾപ്പെടെ നൂറുകണക്കിന് മനുഷ്യരുടെ ജീവനുകളാണ് നഷ്ടപ്പെട്ടിട്ടുള്ളത്. 2019 ൽ മലപ്പുറം ജില്ലയിലെ കവളപ്പാറയിൽ  59, പേരും വയനാട് ജില്ലയിലെ പുത്തുമലയിൽ 17 ഉം പേരാണ് കാലവർഷവും തുടർന്നുള്ള മണ്ണിടിച്ചിലും  മൂലം മരിച്ചത്. എന്നാൽ 2020 ൽ നാമേവരേയും വീണ്ടും നടുക്കിക്കൊണ്ട് ഓഗസ്റ്റ് 6 ന് ഇടുക്കി ജില്ലയിലെ പെട്ടിമുടി തേയിലത്തോട്ടത്തിലെ മണ്ണിടിച്ചിലിൽ ജീവൻ നഷ്ടമായത് ഏതാണ്ട് 80 ഓളം വരുന്ന പാവപ്പെട്ട തേയിലത്തോട്ടം തൊഴിലാളികൾക്കാണ്.

മണ്ണിടിച്ചിൽ പ്രേരക ഘടകങ്ങൾ

പ്രകൃതിദത്തമായുള്ള മലയോരപ്രദേശങ്ങളിൽ   കാലവർഷത്തിൽ താരതമ്യേന ലഭിക്കുന്ന കനത്ത മഴയും, കുത്തനെയുള്ള ചെരിവുകളും (steep slope), കനത്ത മഴയിലൂടെ ഉദ്ഭവിക്കുന്ന ജലസ്രോതസ് മൺപാളിയിൽ (soil-cover) ചെലുത്തുന്ന സുഷിര-ജല സമ്മർദ്ദവും  (pore-water pressure), തന്മൂലം ജല-പൂരിതമാക്കപ്പെടുന്ന മേൽമൺപാളി, അതിനു തൊട്ടു താഴെയുള്ള താരതമ്യേന ഘനീഭവിച്ച മൺപാളികളുമായോ (Regolith, Saprolite) അല്ലെങ്കിൽ അവയ്ക്കും താഴെയുള്ള അടിസ്ഥാന പാറയുടെ (Bed-rock) പ്രതലവുമായോയുള്ള ബന്ധം വിച്ഛേദിപ്പിക്കുന്നതിനു പ്രേരകങ്ങളായി തീരുകയും, അനന്തരഫലമായി മണ്ണിടിച്ചിലുകൾ സംഭവിക്കുകയും ചെയ്യുന്നു. കൂടാതെ ചില പ്രദേശങ്ങളിൽ, മൺപാളികളിൽ അളവിൽ കൂടുതലായി കണ്ടുവരാറുള്ള കളിമണ്ണിന്റെ അംശം (Clay / Kaolinite) ജലത്തിനെ കൂടുതലായി വലിച്ചെടുക്കുകയും, തന്മൂലം കുഴമ്പു പരുവത്തിലായി തീരുന്ന മണ്ണും, ചെളിയും കൂടി ഒരു സ്‌നിഗ്‌ദ്ധപദാര്‍ത്ഥമായി (lubricant) വർത്തിക്കുകയും, അതിതീവ്ര മഴയുള്ള സമയങ്ങളിൽ  മേൽമൺപാളികൾ  അടിസ്ഥാന പാറയുടെ മുകളിൽ കൂടി തെന്നി നീങ്ങുവാൻ കാരണം ആയി തീരുകയും, ചെരിവ് കൂടിയ അസ്ഥിര (instable) പ്രദേശങ്ങളിൽ  ഇത് മൂലം മണ്ണിടിച്ചിലിനു ആക്കം കൂട്ടുകയും ചെയ്യുന്നു. അതേസമയം, മലയോരങ്ങളിലെ ഭൂരിഭാഗം ചെരിഞ്ഞ പ്രദേശങ്ങളും  എന്തുകൊണ്ട്  അനുഭവപ്പെടുന്നില്ല എന്ന കൗതുകകരമായ ചോദ്യവും ഉയർന്നേക്കാം. ഇതിനു കാരണങ്ങൾ പൊതുവെ പലതാണ്.  കാലാവർഷങ്ങളിൽ ചില മലയോര പ്രദേശങ്ങൾ മാത്രമായി കേന്ദ്രീകരിച്ചു ലഭിക്കുന്ന അമിത മഴയോടനുബന്ധിച്ചുള്ള ഭൂമിയുടെ ഉപരിതലങ്ങളിലെ മണ്ണൊലിപ്പ് (surface-erosion), ഭൂഗർഭങ്ങളിൽ  (sub-surface) സംഭവിക്കുന്ന, കുഴലീകൃത മണ്ണൊലിപ്പ് (soil-piping) മണ്ണിന്റെ രാസ-ഭൗതിക ഘടനയിൽ വരുന്ന മാറ്റങ്ങൾ,  പ്രവർത്തനക്ഷമമല്ലാതിരുന്ന നീർചാലുകൾ (water channels / palaeo-stream channels) പെട്ടെന്ന് പ്രവർത്തനക്ഷമമാകൽ, എന്നിവ കൂടാതെ മനുഷ്യന്റെ അനിയന്ത്രിത കടന്നുകയറ്റങ്ങളും, അശാസ്ത്രീയമായ ഭൂവിനിയോഗ രീതികളും, കൂടിച്ചേർന്ന്   ഇത്തരം മേഖലകളിലെ മണ്ണിടിച്ചിലുകൾക്ക് സമാന്തര പ്രേരകഘടകങ്ങളാകുന്നുവെന്നുള്ളതാണ്  വാസ്തവം.

വിവിധതരം മണ്ണിടിച്ചിൽ പ്രതിഭാസങ്ങൾ.

എന്നിരുന്നാലും പെട്ടിമുടി മണ്ണിടിച്ചിൽ പഠനവിഷയമാക്കിയപ്പോൾ മനസിലാക്കാൻ സാധിച്ചത്,  ഏതാനും മണിക്കൂറുകൾ കൊണ്ട് പെയ്തിറങ്ങിയ അതിതീവ്ര മഴവെള്ള സ്രോതസും,  മേൽമണ്ണിൽ രൂപപ്പെട്ട സുഷിര-ജല സമ്മർദ്ദവും, മണ്ണിടിച്ചിൽ ഉദ്ഭവസ്ഥാനത്തെ ചെരിവുകൂടുതലും, അടിസ്ഥാന പാറയ്ക്ക് മുകളിൽ നിലനിന്നിരുന്ന മേൽമണ്ണിന്റെ കനക്കുറവും ദ്രുതഗതിയിൽ ഒത്തുചേർന്ന്  മണ്ണിടിച്ചിൽ പ്രഭവകേന്ദ്ര മേഖലയുടെ സന്തുലിതാവസ്ഥയ്ക്ക് കോട്ടം വരുത്തുകയും, തന്മൂലം പെട്ടിമുടി വനമേഖലാ-തേയിലതോട്ടം പ്രദേശത്തെ അത്രകണ്ട് തുടർച്ചയായി  പ്രവർത്തനക്ഷമമല്ലാതിരുന്നതും, എന്നാൽ പ്രാഥമിക നീർച്ചാലിനനുയോജ്യമായൊരു സാഹചര്യത്തെ  പുനരുജ്ജീവിപ്പിച്ചതുമാണ്,  അപ്രതീക്ഷിതവും, വിനാശകാരിയായതുമായ, മറ്റൊരു വൻ ദുരന്തമായി പെട്ടിമുടി മണ്ണിടിച്ചിൽ മാറപ്പെടാൻ സാഹചര്യമുണ്ടായത്.

ശാസ്ത്ര-സാങ്കേതികതയ്ക്കുള്ള  പങ്ക് 

നിലവിലുള്ള ശാസ്ത്ര-സാങ്കേതിക വിവരങ്ങൾ അനുസരിച്ചു കേരളത്തിൽ സ്ഥിതി ചെയ്യുന്ന പശ്ചിമഘട്ടത്തിലെ  മലയോരപ്രദേശങ്ങളിൽ, കേന്ദ്ര-സംസ്‌ഥാനങ്ങളുടെ കീഴിലുള്ള വിവിധ ഗവേഷണ സ്‌ഥാപനങ്ങളൂം, സർവകലാശാലകളും, വകുപ്പുകളും മണ്ണിടിച്ചിൽ സാധ്യതാ പഠനങ്ങളൂം, മേഖലാ  ഭൂപടങ്ങളൂം (Landslide Hazard Zonation Map), സ്ഥിതിവിവര കണക്കുകളും (data) ശേഖരിക്കുകയും, പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുണ്ടെങ്കിലും, അവയെല്ലാം ക്രോഡീകരിച്ചുകൊണ്ട്, സാധാരണ ജനങ്ങൾക്ക് ഉപയോഗപ്രദമായ രീതിയിൽ അവയെ ഉപയോഗപ്പെടുത്തിയിട്ടുണ്ടോ, എന്ന ചോദ്യം ഇപ്പോളും നിലനിൽക്കുന്നു. ഇതിനൊരു അടിയന്തിര പോംവഴിയായി, നിലവിലുള്ള സ്ഥിതി വിവരങ്ങൾ, യാതൊരു വിലക്കുമില്ലാതെ എല്ലാ ഭൗമശാസ്ത്ര വകുപ്പുകളിലെയും, തലങ്ങളിലെയും ഗവേഷകർക്ക് ലഭ്യമാക്കേണ്ടത് അത്യന്താപേക്ഷിതമാണ്. കൂടാതെ, ഇന്ന് കേരളത്തിലെ   വിവിധ ഭൗമശാസ്ത്ര ഗവേഷണ സ്ഥാപനങ്ങളിലും, സർവ്വകലാശാലകളിലും, വകുപ്പുകളിലും പ്രവർത്തിക്കുന്നവരും, എന്നാൽ മണ്ണിടിച്ചിൽ പോലുള്ള പ്രകൃതി ദുരന്തങ്ങൾ പഠനവിഷയമാക്കിയിട്ടുള്ളവരുമായ ഭൗമശാസ്ത്രജ്ഞരെ  ഉൾപ്പെടുത്തിക്കൊണ്ട്, ജില്ലാതലങ്ങളിലെ  വിവിധ സർവകലാശാലകളിൽ നിന്നും, കലാലയങ്ങളിൽ  നിന്നും ഭൗമശാസ്ത്ര വിഷയങ്ങളിൽ പ്രാവിണ്യം നേടിയിട്ടുള്ളതും, ശാസ്ത്രകുതുകികളുമായ യുവജനങ്ങളെ ഉൾപ്പെടുത്തി, വിവിധ സംഘങ്ങൾ രൂപികരിക്കുകയും, പഞ്ചായത്തു തലങ്ങളിൽ നിന്നുതന്നെ നിലവിൽ ലഭ്യമായതും, അല്ലാത്തതും, വളരെ പ്രാധാന്യമേറിയതുമായ മേഖലകളെ  വേർതിരിച്ചു വിവരങ്ങൾ ശേഖരിക്കുകയും, ജിയോഗ്രഫിക്കൽ ഇൻഫർമേഷൻ സിസ്റ്റം (GIS) പോലുള്ള നൂതന സാങ്കേതിക സോഫ്ട്‍വെയറുകളുടെ സഹായത്തോടെ, വിവിധ ജില്ലകളുടെയും, കേരളത്തിന്റെ തന്നെയും വളരെ സമഗ്രമായ മണ്ണിടിച്ചിൽ ദുരന്ത മേഖലാ ഭൂപടങ്ങൾ നവീകരിക്കുകയും, കമ്പ്യൂട്ടർ അധിഷ്ഠിത സിമുലേഷൻ സാങ്കേതികത  (Computer Based Simulation Techniques) ഉപയോഗിച്ച്, അടിയന്തിര മുന്നറിയിപ്പുകൾ മലയോര മേഖലകളിലെ ജനങ്ങൾക്ക്, മണ്ണിടിച്ചിൽ പോലുള്ള പ്രതിഭാസങ്ങൾ ഉണ്ടാകുന്നതിന് വളരെ മുൻപ് തന്നെ അറിയിച്ചു, അവരെ സുരക്ഷിത മേഖലകളിലേക്ക് മാറ്റി പാർപ്പിക്കാൻ  തരത്തിലുതകുന്ന സംവിധാനങ്ങൾ യുദ്ധകാലാടിസ്ഥാനത്തിൽ രൂപീകരിക്കേണ്ടതാണ്. കൂടാതെ, മലയോര പ്രദേശങ്ങളിലെ എല്ലാ ജനവാസ മേഖലകളിലും, തുടർച്ചയായി കാലാവസ്ഥയും,  ദിനാന്തരീക്ഷസ്ഥിതിയും രേഖപ്പെടുത്തുന്നതിന് വേണ്ട മാപിനികൾ സ്ഥാപിക്കേണ്ടതും, അതിൽ നിന്നും ലഭ്യമാകുന്ന വിവരങ്ങൾ അപഗ്രഥിച്ചു പ്രാദേശിക തലങ്ങളിൽ തന്നെ യഥാസമയം തീരുമാനങ്ങളെടുത്തു നടപ്പിലാക്കുവാനുള്ള നടപടികൾ ഉടനടി തന്നെ സ്വീകരിക്കേണ്ടതാണ്.

പ്രതിരോധ നടപടികളും മാർഗങ്ങളും.

പ്രധാനമായും കേരളത്തിലെ തീരദേശ-കുട്ടനാട് മേഖലകളിൽ പിന്തുടരുന്നതുപോലെ, കാലവർഷത്തെ, സ്ഥിരമായി അതിജീവിക്കാനായി, മലയോര മേഖലയിലെ എല്ലാ പരിസ്ഥിതി ദുർബല പ്രദേശങ്ങളിൽ നിന്നും, ജനങ്ങളെ പുനരധിവസിപ്പിക്കാൻ തക്കവണ്ണമുള്ള സുസ്ഥിരമായതും, സൗകര്യപ്രദവും,  സുരക്ഷിതവും, സുദൃഡവുമായ ദുരിതാശ്വാസ കേന്ദ്രങ്ങൾ എല്ലാ സൗകര്യങ്ങളോടും കൂടി അടിയന്തിരമായി തന്നെ നിർമ്മിച്ച് പ്രവർത്തനക്ഷമമാക്കേണ്ടതാണ്.

കൂടാതെ ഇത്തരം പരിസ്ഥിതി ദുർബല മേഖലകളിൽ താമസിക്കുന്ന ജനങ്ങളെ പ്രകൃതി  ദുരന്തങ്ങളെ കുറിച്ചും, നേരിടേണ്ടി വന്നാൽ അടിയന്തിരമായി എങ്ങനെ നേരിടാമെന്നുള്ള  മാർഗങ്ങളെക്കുറിച്ചുമുള്ള ബോധവൽക്കരണ പാഠശാലകൾ  പഞ്ചായത്ത് തലങ്ങളിൽ നിന്ന് തന്നെ സംഘടിപ്പിച്ചു അവരെ  പറഞ്ഞു മനസിലാക്കേണ്ടതും, കൂടാതെ വിദ്യാർത്ഥികൾക്കായി വിദ്യാഭ്യാസ പാഠ്യ പദ്ധതികളിൽ ഇത്തരം വിഷയങ്ങൾ വളരെ ഗൗരവത്തോടുകൂടി തന്നെ ഉൾക്കൊള്ളിക്കേണ്ടതും അത്യന്താപേക്ഷിതമാണ്.

ഇതിനെല്ലാമുപരി, വരും കാലങ്ങളിൽ പെട്ടിമുടിയിൽ സംഭവിച്ചത് പോലെ ഒന്നോ അതിലധികമോ  ദിവസങ്ങളോളം തുടർച്ചയായി പെയ്‌ത അതി ശക്തമായ വർഷകാല സാഹചര്യങ്ങൾ നേരിടേണ്ടി വരുകയാണെങ്കിൽ, അവിടുത്തെ സ്ഥലവാസികൾ തന്നെ, അവരവരുടെ യുക്തിയുപയോഗിച്ചു അപ്പപ്പോൾ നിലകൊള്ളുന്ന കാലാവസ്ഥാ-പാരിസ്ഥിതിക സാഹചര്യങ്ങൾ സ്വയം മനസിലാക്കുകയും,  അധികാരികളുടെ മുന്നറിയിപ്പ് കിട്ടുന്നത് വരെ കാത്തുനിൽക്കാതെ സ്വന്തം കുടുംബങ്ങളോടൊപ്പം കുറച്ചു ദിവസത്തേക്കെങ്കിലും സുരക്ഷിതമായി സ്വന്തം ബന്ധുക്കളുടെയോ, സുഹൃത്തുക്കളുടെയോ കൂടെ മാറി പാർക്കുകയാണെങ്കിൽ, ഈ പാരിൽ വസിക്കാനായി വരദാനമായി കിട്ടിയ നമ്മുടെ ജീവിതം, കൂടുതൽ കാലം സന്തോഷത്തോടെ തുടരാനും, സ്വപ്നങ്ങൾക്ക് ചിറക് മുളപ്പിച്ചു പറക്കാനും സാധിക്കും. അതല്ലെങ്കിൽ, വരും കാലങ്ങളിൽ, ഇതിലും ഭീകരമായൊരവസ്ഥയ്ക്ക് കേരളം സാക്ഷി ആകുമെന്നുള്ളതിൽ യാതൊരു സംശയവുമില്ല. അങ്ങനെയൊരു സാഹചര്യം ഒരിക്കലും സംഭവിക്കാതിരിക്കട്ടെയെന്ന് നമുക്കെല്ലവർക്കും ആത്മാർത്ഥമായി ആഗ്രഹിക്കുകയും അതിനായി ഒന്നിച്ചു ചേർന്ന് പ്രവർത്തിക്കുകയും ചെയ്യാം.


അധികവായനയ്ക്ക്

  1. കുന്നുകൾ ഇടിയുന്നത് എന്തുകൊണ്ട് – പി. എസ്. സുനിൽ, ടൈസൺ സെബാസ്റ്റ്യൻ, മാതൃഭൂമി, ആഗസ്റ്റ് 2019.
  2. ഭൂപ്രകൃതിയുടെ യാഥാർഥ്യങ്ങൾ – പി. എസ്. സുനിൽ, എ. ഉ. അനീഷ്, അമൽ ജോർജ്,  പച്ചക്കുതിര, ഒക്ടോബർ  2020.
  3. പെട്ടിമുടി പഠിപ്പിക്കുന്ന  പാഠങ്ങൾ – പി. എസ്. സുനിൽ, എ. യു. അനീഷ്, പി. എസ്. സുരേഷ്, സമകാലില മലയാളം, ഒക്ടോബർ 2020.

അനുബന്ധ ലൂക്ക ലേഖനങ്ങൾ

  1. കേരളത്തിന്റെ ഭൂഘടനയും ഉരുള്‍പൊട്ടലും
  2. മലയിങ്ങനെ ഉരുള്‍പൊട്ടുമ്പോള്‍ മലനാടെങ്ങനെ നിലനില്‍ക്കും?
  3. എന്തുകൊണ്ടാണ് ഉരുള്‍പൊട്ടല്‍ സംഭവിക്കുന്നത് ?

 

 

Happy
Happy
0 %
Sad
Sad
100 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post കാലാവസ്ഥാ വ്യതിയാനം: കേരളത്തിന്റെ അനുഭവങ്ങൾ – റേഡിയോ ലൂക്ക കേൾക്കാം
Next post പക്ഷിനിരീക്ഷണം എന്തിന് ?
Close