റിച്ചാർഡ്സണിന്റെ സ്വപ്നവും 100 വർഷങ്ങളും

Read Time:4 Minute


ഡോ.ദീപക് ഗോപാലകൃഷ്ണൻ
New York University, Abu Dhabi

“ഭാവിയിൽ എന്നെങ്കിലും, അന്തരീക്ഷം മാറിമറിയുന്ന വേഗത്തിൽ കണക്കുകൂട്ടലുകൾ സാധ്യമാക്കുവാനും പ്രവചനം നടത്തുവാനും മനുഷ്യന് കഴിയുമായിരിക്കും. അത് പക്ഷെ ഒരു സ്വപ്നം മാത്രമാണ്”
1920 കളുടെ ആദ്യ കാലം. ലോകത്തിൽ ആദ്യമായി ഗഹനങ്ങളായ ഗണിത സമവാക്യങ്ങൾ ഉപയോഗിച്ച് കണക്കുകൂട്ടലുകൾ നടത്തി ലൂയി റിച്ചാർഡ്സൺ (Lewis Fry Richardson) എന്ന ബ്രിട്ടീഷ് ശാസ്ത്രജൻ, ഒരുപക്ഷെ ഏറെ വിഷമത്തോടെ പറഞ്ഞ വാക്കുകളാണിത്.
അത്യധികം പ്രതീക്ഷയോടെ റിച്ചാർഡ്സൺ നടത്തിയൊരു പരീക്ഷണമായിരുന്നു അത്. 6 മണിക്കൂർ കഴിഞ്ഞുള്ള അന്തരീക്ഷ സ്വഭാവം പ്രവചിക്കലായിരുന്നു അദ്ദേഹത്തിന്റെ ഉദ്ദേശം. പക്ഷെ, ഈ കണക്കുകൂട്ടലുകൾക്ക് 6 ആഴ്ചയോളം സമയമെടുത്തു! അതായത് ഇന്ന് രാത്രി മഴപെയ്യുമോ എന്ന് ഒന്നരമാസം കഴിഞ്ഞു പറയുന്നതുപോലെ. പക്ഷെ, നിർഭാഗ്യവശാൽ വലിയ പരാജയമായിരുന്നു അദ്ദേഹത്തിന്റെ പരീക്ഷണം. യാഥാർഥ്യവുമായി ഒരുതരത്തിലും പൊരുത്തപ്പെടാത്ത ഉത്തരമായിരുന്നു അദ്ദേഹത്തിന് ലഭിച്ചത്. വേണ്ടത്ര ഡാറ്റ ലഭ്യമല്ലാത്തനിലാവും തന്റെ പ്രവചനം തെറ്റിയതെന്ന് അദ്ദേഹം വിശ്വസിച്ചു. പക്ഷെ, താൻ പിൻപറ്റിയ രീതികൾ വിശദീകരിച്ചുകൊണ്ട് ഒരു പുസ്തകം പുറത്തിറക്കി – “Weather Prediction by Numerical Process”. റിച്ചാർഡ്സൺ വിശദീകരിച്ച പരീക്ഷണ രീതികൾ പിന്നീട് ഏറെ നാൾ കഴിഞ്ഞാണ് വേണ്ടതുപോലെ ശ്രദ്ധിക്കപ്പെട്ടത്. അദ്ദേഹം നിർദ്ദേശിച്ച വഴികൾ വളരെ പ്രയാസമേറിയവയാണെന്നും അക്കാലത്തു ലഭ്യമായ സൗകര്യങ്ങൾ ഉപയോഗിച്ച് ഇത്തരമൊരു രീതി പിന്തുടരുക സാധ്യമല്ലെന്നും പിന്നീട് ഈ വിഷയത്തിൽ കൂടുതൽ പഠനം നടത്തിയ ശാസ്ത്രജ്ഞർക്ക് മനസ്സിലായി. പിന്നീട് 1950 കളിൽ ഡിജിറ്റൽ കമ്പ്യൂട്ടറുകളുടെ വരവോടെയാണ് ഇത്തരം രീതികൾ ഉപയോഗിച്ചുള്ള പ്രവചനങ്ങൾക്ക് തുടങ്ങുന്നത്. ഏറെ വർഷങ്ങൾക്ക് ശേഷം വലിയ സൂപ്പർ കമ്പ്യൂട്ടറുകളുടെ വരവോടെയാണ് റിച്ചാർഡ്സൺ വിഭാവനം ചെയ്തതുപോലെ ഒരു പ്രവചന സംവിധാനത്തിലേക്ക് നാം എത്തിയത്.
ലൂയി റിച്ചാർഡ്സന്റെ Weather Prediction by Numerical Process എന്ന പുസ്തകംകടപ്പാട് : Met Office, UK
കൃത്യസമയത്തു പ്രവചനം ലഭ്യമാക്കുവാൻ ഫുട്ബാൾ സ്റ്റേഡിയത്തോളം പോന്ന ഒരു വലിയ ഹാളിൽ 64000 പേർ ഇടതടവില്ലാതെ കണക്കുകൂട്ടലുകൾ ചെയ്യുന്ന ഒരു “പ്രവചന ഫാക്ടറി” (forecast factory) അദ്ദേഹം വിഭാവനം ചെയ്തിരുന്നു. ഭാവിയിൽ കമ്പ്യൂട്ടറുകളും സൂപ്പർ കമ്പ്യൂട്ടറുകളും വരുമെന്നും അന്ന് താൻ മനസ്സിൽക്കണ്ട ഒരു പ്രവചനമാതൃക ലോകമെമ്പാടും പ്രചാരത്തിൽ വരുമെന്നും അദ്ദേഹം ഒരുപക്ഷെ കരുതിക്കാണില്ല. അദ്ദേഹം 64000 മനുഷ്യർ കണക്കുകൂട്ടുന്നതാണ് മനസ്സിൽ കണ്ടതെങ്കിൽ ഇന്ന് 64000 കമ്പ്യൂട്ടർ പ്രൊസസ്സറുകൾ കണക്കുകൂട്ടുന്ന സൂപ്പർകമ്പ്യൂട്ടറുകളാണ് പ്രവചനം എന്ന ജോലി സാധ്യമാക്കുന്നത്.
അങ്ങനെ നോക്കുമ്പോൾ എത്ര കൃത്യമായിരുന്നു അദ്ദേഹത്തിന്റെ കണക്കുകൾ! വലിയൊരു വിഷനറിയായിരുന്നു അദ്ദേഹം! 1922 ൽ അദ്ദേഹം എഴുതിയ പുസ്തകത്തിന് ഈ വർഷം 100 വയസ്സാവുന്നു!
പ്രവചന ഫാക്ടറി (Forecast factory). കടപ്പാട് : NOAA

അധികവായനയ്ക്ക്

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post 21 ഗ്രാം ആത്മാവിന്റെ ഭാരമോ ?
Next post മഹാമാരികളെപ്പറ്റി ഒരു അമൂല്യഗ്രന്ഥം