Read Time:17 Minute

ബ്രിട്ടീഷുകാർ തോട്ടങ്ങൾ പണിയാൻ തുടങ്ങിയപ്പോൾ മലമ്പനി പോലെ മറ്റൊരു പ്രശ്നമായി അവരുടെ മുന്നിൽ വന്നത് കടുവകളും പുലികളുമാണ്. നൂറുകണക്കിന് എണ്ണത്തെ വെടിവെച്ച് കൊന്നാണ് തോട്ടങ്ങളൊക്കെയും തുടങ്ങിയതും നടത്തിക്കൊണ്ട് പോയതും. വേട്ട മൂലം ലോകത്തെങ്ങും കടുവകളുടെ എണ്ണം കുറഞ്ഞു വംശനാശത്തിന്റെ വക്കോളമെത്തിയിരുന്നു. ഇവിടെയും അവയുടെ എണ്ണത്തിൽ വൻ കുറവ് ആ കാലത്ത് ഉണ്ടായി. അതിനാൽ തന്നെ പത്തൻപത് വർഷം മുമ്പ് വളരെ അപൂർവ്വമായി മാത്രമേ നമ്മുടെ നാട്ടിലുള്ളവർ കടുവകളെ കണ്ടിട്ടുള്ളു. മൃഗശാലകളിലും സർക്കസിലും കണ്ട ഓർമ്മ മാത്രമേ പലർക്കും ഉള്ളു. കടുവകളെ വംശനാശത്തിൽ നിന്ന് രക്ഷിക്കാൻ ഉദ്ദേശിച്ചു കൊണ്ട് ആരംഭിച്ച പ്രോജക്റ്റ് ടൈഗറിന്റെ പ്രവർത്തനത്തോടെയും മറ്റ് പല ഘടകങ്ങളാലും അവയുടെ എണ്ണം പതുക്കെ കൂടിക്കൊണ്ടിരുന്നു. എങ്കിലും മനുഷ്യ വാസ സ്ഥലങ്ങളിൽ പോയിട്ട് കാടുകളിൽ തന്നെ അവയെ നേരിട്ട് കാണുക എന്നത് അത്യപൂർവ്വം തന്നെയായിരുന്നു.

വേട്ടകൾ പൂർണമായി തടയാനായതും കടുവ സംരക്ഷണ പ്രവർത്തനങ്ങൾ വളരെ നല്ല രീതിയിൽ നടപ്പിൽ വരുത്തിയതും വനസംരക്ഷണവും കടുവകളുടെ എണ്ണം കേരളത്തിൽ കൂട്ടി. കഴിഞ്ഞ കുറച്ച് കാലമായി കടുവകൾ നാട്ടിലിറങ്ങി സൈര്യ ജീവിതം തടസപ്പെടുത്തുന്ന സംഭവങ്ങൾ ഇടക്കിടെ സംഭവിക്കുകയാണ്. കാടുകളോട് ചേർന്ന പ്രദേശങ്ങളിൽ മാത്രമല്ലാതെ കിലോമീറ്ററുകൾ ദൂരേക്കും ഇവയുടെ സാന്നിദ്ധ്യം ഉണ്ടാക്കുന്ന ആശങ്ക വളരെ കൂടുതലാണ്. ആടുമാടുകൾ മാത്രമല്ല മനുഷ്യരും കടുവകളുടെ ആക്രമണത്താൽ കൊല്ലപ്പെടുന്നു.

എന്തുകൊണ്ട് കടുവകൾ നാട്ടിലിറങ്ങുന്നു ?

എന്തുകൊണ്ട് കടുവകൾ നാട്ടിലിറങ്ങുന്നു എന്നത് പല ഘടകങ്ങളെ ആശ്രയിച്ചാണ് സംഭവിക്കുന്നത്.
അവയുടെ ടെറിട്ടോറിയൽ സ്വഭാവം ആണ് ഏറ്റവും പ്രധാനം. ഭക്ഷ്യ ശൃംഗലയുടെ ഏറ്റവും മുകൾത്തട്ടിലുള്ള കടുവകളെ സംബന്ധിച്ച് ഭയപ്പെടാൻ ആരും ഇല്ല. ആരുടെയും സഹായം അതിജീവനത്തിന് ആവശ്യവും ഇല്ല. ഒറ്റക്ക് ഇരതേടി നടക്കുന്ന ഇവരുടെ മരണകാരണം പലപ്പോഴും മറ്റൊരു കടുവയുമായി ടെറിട്ടറി സമരത്തിലേറ്റ പരിക്കുകളോ വയറിൽ ഉണ്ടാകുന്ന ചില രോഗങ്ങളോ മാത്രമാണ്.

Photo for representation only. Source: iStock.

ഏതുതരം കാട്ടിലും കടുവ അതിജീവിക്കും. സുന്ദർബനിലെ കണ്ടൽ കാടുകളിൽ പോലും കടുവകൾ ഉണ്ട്. കണ്ടാമൃഗങ്ങളെപ്പോലും കൊന്നു തിന്നും – ആനയേ വരെ ആക്രമിക്കും. സ്വന്തം വർഗ്ഗക്കാരെപ്പോലും തിന്നും. കരയിലും മരത്തിലും വെള്ളത്തിലും ഒക്കെ ഒരുപോലെ കരുത്ത്കാട്ടാൻ കഴിയുന്നവരാണ് കടുവകൾ. മാർജ്ജാരകുലത്തിൽ വലിപ്പത്തിലും കരുത്തിലും മേൽകൈ ഇവർക്കാണ്. കാട്ടുപോത്തും വലിയ മാനുകളും കാട്ട് പന്നിയും ഒക്കെയാണ് ഇഷ്ട ഭക്ഷണമെങ്കിലും മുതലയും കുരങ്ങും മുയലും മയിലും മീനും കരടിയും ഒന്നിനേയും ഒഴിവാക്കില്ലതാനും. മുള്ളമ്പന്നികളെവരെ തിന്നാൻ നോക്കി അബദ്ധത്തിൽ പെടാറും ഉണ്ട്. കാട്ടിയേപ്പോലുള്ള വമ്പന്മാരെ തൊട്ടടുത്ത് വെച്ച്, അരികിൽ നിന്നോ പിറകിൽ നിന്നോ പതുങ്ങി വന്ന് ചാടി കഴുത്തിൽ കടിച്ച് തെണ്ടക്കൊരൾ മുറിച്ചാണ് കൊല്ലുക. ഒറ്റ ഇരിപ്പിൽ 18 – 30 കിലോഗ്രാം മാംസം വരെ തിന്നും. പിന്നെ രണ്ട് മൂന്നു ദിവസം ഭക്ഷണം ഒന്നും വേണ്ട. രാത്രിയിൽ 6-10 മൈൽ വരെ ഇവ ഇരതേടി സഞ്ചരിക്കും. കൊന്ന ഇടത്ത് വെച്ച് തന്നെ ഇവ ഇരയെ തിന്നുന്ന പതിവില്ല. വലിച്ച് മാറ്റി വെക്കും. വെള്ളം കുടിക്കാനും മറ്റും പോകുന്നെങ്കിൽ ഇലകളും കല്ലും പുല്ലും ഒക്കെ കൊണ്ട് കൊന്ന ഇരയുടെ ശരീരം മൂടി വെക്കും. ഇവരുടെ നാവിലെ ഉറപ്പുള്ള പാപ്പിലോകൾ അരം കൊണ്ട് രാകും പോലെ എല്ലിലെ ഇറച്ചി ഉരച്ചെടുക്കാൻ സഹായിക്കുന്നവയാണ്.

Panthera tigris tigris എന്ന ബംഗാൾ കടുവയാണ് ഇന്ത്യയിലും ബംഗ്ലാദേശിലും നേപ്പാളിലും ഭൂട്ടാനിലും ചൈനയിലും കാണുന്ന ഇനം. ഒരോ കടുവയുടെയും മുഖത്തേയും ദേഹത്തേയും വരകൾ വ്യത്യസ്തമാണ്. നമ്മുടെ വിരലടയാളം പോലെ ഈ മാർക്കുകൾ നോക്കിയാണ് ഇവയെ തിരിച്ചറിയുന്നത്. ക്യാമറ ട്രാക്കുകളിൽ കിട്ടുന്ന കടുവകളുടെ ചിത്രങ്ങളിൽ നിന്നും ആവർത്തനം പറ്റാതെ കൃത്യമായി എണ്ണം എടുക്കുന്നതും ഈ പ്രത്യേകതയെ അടിസ്ഥാനമാക്കിയാണ്. ആണും പെണ്ണും കടുവകൾ തമ്മിൽ വലിപ്പത്തിൽ ഉള്ള വ്യത്യാസമല്ലാതെ സിംഹങ്ങളുടേത് പോലെ പെട്ടന്ന് തിരിച്ചറിയാനുള്ള ബാഹ്യ രൂപ പ്രത്യേകതകൾ ഒന്നും ഇല്ല. നൂറിലധികം വരകൾ ഉണ്ടാകും കടുവയുടെ ദേഹത്ത്. ഈ കറുത്ത വരകൾ പുല്ലിലും മറ്റുമൊളിച്ച് മറഞ്ഞ് നിൽക്കാനും ഇരകളുടെ കണ്ണിൽ പെടാതെ കമോഫ്ലാഷിനും ഇവരെ സഹായിക്കുന്നുണ്ട്. പാദങ്ങൾക്കടിയിൽ മൃദുവായ പാഡുകൾ ഉള്ളതിനാൽ ഒട്ടും ശബ്ദം ഉണ്ടാക്കാതെ ഇവയ്ക്ക് നടക്കാനാകും. മുങ്കാലുകളിലെ പത്തി വളരെ വലുതും ശക്തിയുള്ളതും ആണ് . അതുകൊണ്ടുള്ള ഒരടി മതി ഒരാളുടെ കഥകഴിയാൻ. അല്ലെങ്കിൽ എല്ലുകൾ തവിട്പൊടിയാകാൻ. ആണിന്റേയും പെണ്ണിന്റേയും മുൻ കൈപ്പത്തിയ്ക്ക് വലിപ്പത്തിലും രൂപത്തിലും ചെറിയ വ്യത്യാസങ്ങൾ ഉണ്ടാകും.
പൂച്ചകളേപ്പോലെ വെള്ളത്തിൽ ഇറങ്ങാൻ മടിയുള്ളവരല്ല കടുവകൾ. നല്ല നീന്തൽക്കാരാണ്. രൂക്ഷഗന്ധമുള്ളതാണ് ഇവയുടെ മൂത്രം. സ്വന്തം ടെറിട്ടറിയിലേക്ക് മറ്റുള്ളവർ അതിക്രമിച്ച് കടക്കുന്നത് തടയാൻ അടയാളമായാണ് ഇത് തൂവി വെക്കുന്നത്. കൂടെ മരങ്ങളിൽ നഖങ്ങൾ കൊണ്ട് മാന്തി വെക്കുകയും ചെയ്യും.

നമുക്ക് കാഴ്ച സാദ്ധ്യമാകാൻ വേണ്ടുന്നതിന്റെ ആറിലൊരുഭാഗം പ്രകാശം മാത്രമുള്ളപ്പോൾ പോലും കടുവയ്ക്ക് വ്യക്തമായി കാണാൻ കഴിയും. അതിനാൽ രാത്രിയിലെ നിലാവെളിച്ചവും നക്ഷത്രത്തിളക്കവും തന്നെ മതി പലതും കാണാൻ. കണ്ണിനും പിറകിലുള്ള ടപെറ്റം ലുസിഡം (tapetum lucidum ) എന്ന ഭാഗം ഉള്ളിൽ കയറിയ പ്രകാശത്തെ വീണ്ടും പ്രതിഫലിപ്പിക്കുന്നതിനാലാണ് രാത്രിക്കാഴ്ചകൾ സാദ്ധ്യമാകുന്നത്. ഇവരുടെ കണ്ണിലേക്ക് പ്രകാശം രാത്രി നേരിട്ടടിച്ചാൽ തിളങ്ങുന്നതായി കാണുന്നത് ഇതുകൊണ്ടാണ്. കണ്ണുകൾ തലയുടെ അരികുകളിലല്ലാതെ മുഖത്തിന്റെ മുന്നിലായാണുള്ളത്. അതിനാൽ കടുവകൾക്കും മുന്നിലുള്ള ഇരയിലേക്കുള്ള ദൂരവും ഡെപ്തും കൃത്യമായും അറിയാനാകും.

ഒരു എക്കോ സിസ്റ്റത്തിൽ ഇവരുടെ എണ്ണം കൃത്യമായിരിക്കണം അല്ലാതെ ഇവ കൂടിയാലും കുറഞ്ഞാലും പ്രശ്നമാണ്. കുളമ്പുകാരായ മേഞ്ഞു തിന്നുന്ന മൃഗങ്ങൾ പെരുകി ,എല്ലാ പച്ചപ്പും തിന്നുതീർത്ത് കാട് തരിശാകാതെ ബാക്കിയാകുന്നത് കടുവകളുള്ളതിനാലാണ്. കടുവകളുടെ എണ്ണം വല്ലാതെ പെരുകുന്നതാണ് നമ്മൾ അനുഭവിക്കുന്ന ഇപ്പോഴത്തെ പ്രശ്നം.

വളരെ വലിയ പ്രദേശം ഓരോ കടുവയ്ക്കും സ്വന്തമായി വേണം. 75 മുതൽ 100 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണം വരെ ഒരോ ആൺ കടുവയും സ്വന്തമായി കരുതി കാക്കും. ആഹാരം, വെള്ളം , ഒളിച്ച് കഴിയാനുള്ള സൗകര്യം ഇതൊക്കെ ആശ്രയിച്ച് ടെറിട്ടറി വലിപ്പത്തിൽ വ്യത്യാസം ഉണ്ടാവും. ഇഷ്ടം പോലെ തീറ്റയുണ്ടെങ്കിൽ ടെറിട്ടറി വിസ്തീർണത്തിൽ കുറവുണ്ടാകും. തീറ്റ കുറവാണെങ്കിൽ വലുതാക്കുകയും ചെയ്യും. ഓരോ ആൺ കടുവയുടെയും സാമ്രാജ്യത്തിലേക്ക് വേറെ ആൺ കടുവ കയറിയാൽ പരസ്പരം പൊരുതും . ആൺ കടുവയുടെ ടെറിട്ടറിക്കുള്ളിൽ ഒന്നിലധികം പെൺ കടുവകൾ ഉണ്ടാകും. അവർക്കും പ്രത്യേകമായ ടെറിട്ടറികൾ കാണും. ഇണചേരൽ കാലത്ത് മാത്രമാണ് പെൺ കടുവയ്ക്ക് ഒപ്പം ആണിനെ കാണുക. കുഞ്ഞുങ്ങൾ സ്വന്തമായി ആഹാരം തേടി തുടങ്ങും വരെ അമ്മയ്ക്കൊപ്പം ആണുണ്ടാകുക. എങ്കിലും പെറ്റ് വീഴുന്ന കുഞ്ഞുങ്ങളിൽ പകുതിയും അതിജീവിക്കാറില്ല. 2-3 വയസായാൽ കുഞ്ഞുങ്ങൾ അമ്മയെ വിട്ട് പുതിയ വേട്ടപ്രദേശങ്ങൾ തേടിപോകും. അങ്ങിനെ വേറെ ആൺ കടുവയുടെ മേഖലയിൽ എത്തിയാൽ ചിലപ്പോൾ കഥകഴിഞ്ഞെന്നും വരും. ആൺ കുഞ്ഞുങ്ങൾ കുറേക്കൂടി ദൂരം കടന്നുപോകുമെങ്കിലും പെൺ മക്കൾ അടുത്ത പ്രദേശത്ത് തന്നെ കഴിയും. കുഞ്ഞുങ്ങൾ പിരിഞ്ഞാൽ വീണ്ടും പെൺ കടുവ ഇണചേരലിനു ശ്രമിക്കും. പെൺകടുവകൾ അതിനാൽ എല്ലാ വർഷവും പ്രസവിക്കില്ല. കാടിന്റെ വലിപ്പം കൂടാതെ കടുവകളുടെ എണ്ണം മാത്രം അനിയന്ത്രിതമായി കൂടിയാൽ അവ കാടിന് താങ്ങാനാവാതാവും. പുതിയ സ്വന്തം ടെറിട്ടറികൾ പണിത് ഭക്ഷണം തേടാൻ പറ്റാത്ത പുതിയവരും പരിക്ക് പറ്റി സ്വന്തം ടെറിട്ടറിയിൽ നിന്നും പുറത്താക്കപ്പെട്ടവരും കാടതിർത്തികളോട് ചേർന്ന് ജീവിക്കാനാരംഭിക്കും. അവിടെ എളുപ്പത്തിൽ വളർത്തുമൃഗങ്ങളെയും കാട്ടുപന്നികളേയും തിന്നാൻ കിട്ടുന്നു എന്നതിനാലാണത്.

നമ്മുടെ കാടുകളിൽ ഇപ്പോൾ ഉള്ള കടുവകളുടെ എണ്ണത്തെക്കുറിച്ച് വ്യക്തമായ വിവരങ്ങൾ നൽകുകയും അവ കാടുകളുടെ ശേഷിയിലും കൂടുതലാണോ എന്ന കാര്യത്തിൽ ശാസ്ത്രീയമായ വിലയിരുത്തലുകൾ നടത്തുകയും ആണ് ചെയ്യേണ്ടത്. കാടുകളോട് ചേർന്നുള്ള പല പ്രദേശങ്ങളിലും ജനങ്ങൾ തിങ്ങിപ്പാർക്കുന്നുണ്ട്. ആനകളെ മതിലുകളും മറ്റും വെച്ച് തടയുന്നത് പോലും വളരെ വിഷമം പിടിച്ച കാര്യമായിരിക്കുമ്പോൾ കടുവകൾ നാടിറങ്ങുന്നത് തടയുക എന്നത് വേലികൾ കൊണ്ട് സാദ്ധ്യമല്ലല്ലോ.

നാട്ടിലിറങ്ങുന്ന കടുവകളെ , കെണി വെച്ചും മയക്കു വെടി വെച്ചും പിടിക്കുകയാണല്ലോ നമ്മൾ ചെയ്യുന്നത്. അങ്ങിനെ പിടികൂടിയ കടുവകളെ തിരിച്ച് ഇവിടുത്തെ കാട്ടിൽ കൊണ്ട് വിടുന്നത് കൊണ്ട് പ്രത്യേകിച്ച് ഗുണമൊന്നും ഇല്ല. വന്യജീവി സംരക്ഷണ നിയമങ്ങളിലെ സാങ്കേതികതമൂലം മൃഗശാലകൾക്ക് കൈമാറുന്നതിനോ, ഇവയെ വനം വകുപ്പിന്റെ കീഴിൽ തന്നെയോ സഫാരി പാർക്കുകകൾ നിർമിച്ച് ആളുകൾക്ക് സന്ദർശിക്കാൻ സൗകര്യമൊരുക്കി ടൂറിസം സാദ്ധ്യകകൾ വർദ്ധിപ്പിക്കാനോ പറ്റുകയും ഇല്ല. ദീർഘകാലം മാംസം തൽകി ഇവരെ പോറ്റുക എന്നത് പക്ഷെ പ്രായോഗികവുമല്ല. പൗരന്മാരുടെ ജീവനും സ്വത്തിനും സംരക്ഷണം കൊടുക്കാൻ ബാദ്ധ്യതയുള്ള സർക്കാർ ഈ വിഷയത്തിൽ അടിയന്തിര പരിഹാര നിർദേശങ്ങൾ വിദഗ്ധരിൽ നിന്നും തേടേണ്ടതാണ്.

Major sites of human-animal conflict, Kerala, by intensity, 2020-21
Source: Government of Kerala (2021)

എത്രയോ നാളുകളായി പലതര സമ്മർദ്ധങ്ങളിലൂടെയും അപകട സാദ്ധ്യതകളിലൂടെയും വിശ്രമമില്ലാതെ പ്രവർത്തിക്കുകയാണ് നമ്മുടെ വനം വകുപ്പിലെ RRT അംഗങ്ങൾ . ഇനിയും കൂടുതൽ കടുവകളും ആനകളും നാടിറങ്ങിയാൽ അവരുടെ ഭാരം താങ്ങാനാവാത്ത വിധം വർദ്ധിക്കും. മൃഗങ്ങളെ കണ്ടെത്തുക എന്നതും മയക്കു വെടി വെക്കുക എന്നതും അതീവ ശ്രദ്ധയും സൂഷ്മതയും ആവശ്യമാണല്ലോ. തൊട്ടടുത്ത് എത്തി മയക്കു വെടി വെക്കണം എന്നത് പലർക്കും ജീവാപായം അടക്കം വലിയ അപകട സാദ്ധ്യത ഉള്ളതാണ്. പൊതു ജനങ്ങൾ ഈ സമയങ്ങളിൽ വലിയ ഉത്തരവാദിത്വ ബോധത്തോടെ സഹകരിക്കേണ്ടതുണ്ട്. കുറ്റപ്പെടുത്തലുകളും ബഹളം വെക്കലും കൊണ്ട് ഉദ്യോഗസ്ഥരുടെ ആത്മവീര്യം കെടരുത്. മയക്കു വെടി സമയത്ത് തൊട്ടടുത്തൊന്നും ആൾക്കൂട്ട ബഹളം ഇല്ലാതെ നോക്കണ്ടതാണ്.

മൃഗ സ്നേഹം നിലനിൽക്കെ തന്നെ, അവയുടെ കൂടി നിലനിൽപ്പിന് കൂടി സഹായകമായി , കടുവ കൂടാതെ അനിയന്ത്രിതമായി എണ്ണം കൂടിയ ആന, കാട്ടുപന്നി , കുരങ്ങുകൾ, എന്നിവയുടെ ശല്യം കുറക്കാനായി ദീർഘവീക്ഷണത്തോടെ നടപ്പിലാക്കാനാവുന്ന പദ്ധതികളെക്കുറിച്ച് ചിന്തിക്കേണ്ടിയിരിക്കുന്നു. മനുഷ്യ ജീവനേക്കാൾ വലുതല്ല ഭൂമിയിൽ ഏത് ജീവനും മനുഷ്യർക്ക്.


Happy
Happy
20 %
Sad
Sad
13 %
Excited
Excited
47 %
Sleepy
Sleepy
7 %
Angry
Angry
0 %
Surprise
Surprise
13 %

Leave a Reply

Previous post വിലഗനം (Isolation)
Next post പാർശ്വ ജീൻ വിനിമയം
Close