Read Time:59 Minute

കേരളത്തിലെ വൈദ്യുതി മേഖല – പ്രതിസന്ധിയും പരിഹാര സാധ്യതകളും 

ഡോ. എം. ജി. സുരേഷ് കുമാർ

കേരളത്തിലെ വൈദ്യുതി മേഖല – പ്രതിസന്ധിയും പരിഹാര സാധ്യതകളും
  1. കേരളത്തിലെ വൈദ്യുതി മേഖല – പ്രതിസന്ധിയും പരിഹാര സാധ്യതകളും 
  2. കേരളത്തിന്റെ വൈദ്യുതി ഉപഭോഗം, ചില പ്രത്യേകതകൾ
  3. ആവശ്യമുള്ള വൈദ്യുതിയുടെ പ്രധാനപങ്കും ഇറക്കുമതി ചെയ്യുന്നത്
  4. ഉപഭോഗ വർദ്ധനവ് 
  5. ഉപഭോഗവർദ്ധനവിന്റെ കാരണങ്ങൾ
  6. ഗോ ഇലക്ട്രിക്കും ഊർജ്ജ കാര്യക്ഷമതയും 
  7. പരിഹാരം താത്കാലികവും ദീർഘകാലത്തേക്കും
  8. വൈദ്യുതി ലഭ്യമാക്കൽ
  9. ഡയറക്ട് സ്റ്റോറേജും കമ്യൂണിറ്റി സ്റ്റോറേജും 
  10. ജലവൈദ്യുതി ഉത്പാദനം പ്രധാനപ്പെട്ടതു തന്നെ 
  11. വൈദ്യുതി ഇറക്കുമതി
  12. പുറത്തുനിന്നുള്ള വൈദ്യുതിയെ എത്രകാലം ആശ്രയിക്കാൻ കഴിയും ?
  13. അന്തർ സംസ്ഥാന പ്രസരണ ലൈനുകൾ 
  14. അഭ്യന്തര പ്രസരണ ശേഷി 
  15. വിതരണ ശൃംഖലയുടെ പരിമിതികൾ
  16. വിപുലമായ ജനകീയ സംവാദം ഉയർന്നുവരണം

ഴിഞ്ഞ കുറച്ചു ദിവസങ്ങളായി സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗത്തിൽ വന്ന വലിയ വർദ്ധനവും അതിന്റെ ഭാഗമായി പ്രസരണ വിതരണ ശൃംഖലകളിൽ ഉണ്ടായ ഓവർ ലോഡിംഗ് അടക്കമുള്ള തടസ്സങ്ങളും കേരളത്തിലെ വൈദ്യുതി മേഖല സംബന്ധിച്ച വ്യാപകമായ ചർച്ചകൾക്ക് കാരണമായിട്ടുണ്ട്. വൈദ്യുതി ബോർഡിന്റെ കെടുകാര്യസ്ഥതയും ആസൂത്രണമില്ലായ്മയുമാണ് പ്രശ്നങ്ങൾക്ക് കാരണമെന്നും ജീവനക്കാർ വേണ്ട വിധത്തിൽ പ്രവർത്തിക്കുന്നില്ല എന്നുമൊക്കെയാണ് ചിലരെങ്കിലും ഇക്കാര്യങ്ങളെക്കുറിച്ച് പറയുന്നത്. ആസൂത്രണ സാധ്യതക്കുമപ്പുറമുള്ള ഉപഭോഗവർദ്ധനവ് വന്നതാണ് പ്രശ്നങ്ങൾക്ക് കാരണമെന്നാണ് വൈദ്യുതി ബോർഡിന്റെ വിശദീകരണം. കടുത്ത ചൂടിനിടയിൽ വൈദ്യുതി തടസ്സങ്ങൾ കൂടി ഉണ്ടായത് ജനങ്ങളിൽ വലിയ പ്രതിഷേധത്തിന് കാരണമായി. സെക്ഷൻ ഓഫീസുകൾ കയ്യേറുന്നതടക്കമുള്ള സമരരൂപങ്ങൾ  പലയിടത്തും അരങ്ങേറി. ഏതായാലും വൈദ്യുതി ആസൂത്രണം അടക്കമുള്ള വിഷയങ്ങളിൽ ഒരു പൊതുചർച്ചക്ക് ഈ പ്രതിസന്ധി അവസരമൊരുക്കിയിട്ടുണ്ട്.

കേരളത്തിന്റെ വൈദ്യുതി ഉപഭോഗം, ചില പ്രത്യേകതകൾ

രാജ്യത്ത് പ്രതിശീർഷ വൈദ്യുതി ഉപഭോഗം താരതമ്യേന കുറഞ്ഞു നിൽക്കുന്ന സംസ്ഥാനങ്ങളിൽ ഒന്നാണ് കേരളം. ഇന്ത്യയിൽ പ്രതിവർഷ പ്രതിശീർഷ വൈദ്യുതി ഉപഭോഗം 1400 യൂണിറ്റോളം വരുമ്പോൾ കേരളത്തിലേത് 850 യൂണിറ്റോളം മാത്രമാണ്. കാർഷിക വ്യവസായ മേഖലകളിലെ വൈദ്യുതി ഉപഭോഗം താരതമ്യേന കുറവാണ് എന്നതാണ് ഇതിന്റെ പ്രധാന കാരണം. സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗത്തിന്റെ പകുതിയിലേറെയും ഗാർഹികമേഖലയിലാണ്. ഉപഭോഗ വർദ്ധനവ് രേഖപ്പെടുത്തുന്ന പ്രധാനപ്പെട്ട മറ്റൊരു മേഖല വാണിജ്യമാണ്. കേരളം പ്രാഥമികമായി ഒരു ഉപഭോഗസംസ്ഥാനമാണ് എന്നതിന് അടിവര ഇടുന്നതാണ് ഈ കണക്കുകൾ.

വിവിധ രാജ്യങ്ങളിലെ വൈദ്യുതി ഉപഭോഗവും മനുഷ്യ വികസന സൂചികയും പരിശോധിച്ചാൽ ഇവതമ്മിൽ ശക്തമായ ബന്ധം  നിലനിൽക്കുന്നതായി കാണാൻ കഴിയും. എന്നാൽ കേരളത്തിന്റെ കാര്യത്തിൽ ഇത് ശരിയാകുന്നില്ല.  സംസ്ഥാനത്തേക്ക് ഇറക്കുമതി ചെയ്യപ്പെടുന്ന വിവിധ ഉൽപ്പന്നങ്ങളുടെ ഭാഗമായി ആ ഉൽപ്പന്നം ഉണ്ടാക്കുന്നതിന് ഉപയോഗിക്കപ്പെട്ട വൈദ്യുതിയും കേരളത്തിലേക്ക് എത്തുന്നുണ്ട്. ഇവിടെ നിന്ന് കയറ്റുമതി ചെയ്യുന്ന ഉൽപ്പന്നങ്ങളിലൂടെ ഇവിടെ ഉപയോഗിക്കുന്ന വൈദ്യുതി പുറത്തേക്കും പോകുന്നുണ്ട്. ഉൽപ്പന്നങ്ങളിലൂടെ കൈമാറ്റം ചെയ്യപ്പെടുന്ന ഈ ലീനവൈദ്യുതിയുടെ (latent energy) വരവും പോക്കും കൂടി സംസ്ഥാനത്തിന്റെ പ്രതിശീർഷ ഉപഭോഗത്തിൽപെടുത്തേണ്ടതാണ്.

ഒരു ഉപഭോക്തൃ സംസ്ഥാനമെന്ന നിലയിൽ ഈ നിലയിൽ ഇങ്ങോട്ടുവരുന്ന വൈദ്യുതി ഇവിടുന്നു പുറത്തുപോകുന്നതിനേക്കാൾ വലരെ വലുതാണ്. ഇക്കാര്യത്തിൽ കൃത്യമായ പഠനമൊന്നും നടന്നിട്ടുള്ളതായി കാണുന്നില്ല. എങ്കിലും ഇതുകൂടി കണക്കിലെടുത്താൽ കേരളത്തിലെ പ്രതിശീർഷ വൈദ്യുതി ഉപഭോഗം ദേശീയ ശരാശരിയേക്കാൾ ഏറെ വലുതാണ്.

ആവശ്യമുള്ള വൈദ്യുതിയുടെ പ്രധാനപങ്കും ഇറക്കുമതി ചെയ്യുന്നത്

സംസ്ഥാനത്ത് ആവശ്യമുള്ള പ്രധാന ഉപഭോഗവസ്തുക്കളുമൊക്കെ പുറത്തുനിന്ന് കൊണ്ടുവരുന്നതാണ് എന്നതുപോലെ ആവശ്യമുള്ള  വൈദ്യുതിയും പുറത്തുനിന്നും ഇറക്കുമതി ചെയ്യുന്നതാണ്. സംസ്ഥാനത്തിന് ആവശ്യമുള്ള വൈദ്യുതിയുടെ 25-30 ശതമാനം മാത്രമാണ് കേരളത്തിൽ ഉത്പാദിപ്പിക്കുന്നത്. ഇതിൽ ഭൂരിഭാഗവും ജലവൈദ്യുതി നിലയങ്ങളിൽ നിന്നാണ്. സംസ്ഥാനത്ത് ആകെ 2066 മെഗാവാട്ട് ശേഷിയുള്ള ജലവൈദ്യുതി നിലയങ്ങളാണുള്ളത്.  ഇതിൽനിന്നും പ്രതിവർഷം 7200 മില്യൺ (720 കോടി) യൂണിറ്റോളം വൈദ്യുതിയാണ് ലഭിക്കേണ്ടത്. നല്ല തോതിൽ മഴ കിട്ടുന്ന വർഷങ്ങളിൽ അത് 9000-9500 മില്യൺ യൂണിറ്റുവരെ പോകാറുണ്ട്. കടുത്ത വരൾച്ചയിൽ 5000-6000 മില്യൺ യൂണിറ്റിലേക്ക് ഉത്പാദനം കുറയാറുമുണ്ട്. സംസ്ഥാനത്തിന്റെ പ്രതിവർഷ വൈദ്യുതി ആവശ്യകത നിലവിൽ 30,000 മില്യൺ (3000 കോടി) യൂണിറ്റോളമാണ്.

ഉപഭോഗ വർദ്ധനവ് 

കേരളത്തിലെ കാർഷിക വ്യാവസായിക മേഖലകളിലെ വൈദ്യുതി  ഉപഭോഗത്തിൽ കാര്യമായ വർദ്ധനവൊന്നും ഉണ്ടാകുന്നില്ല. എന്നാൽ ഗാർഹിക വാണിജ്യമേഖലകളിൽ വൈദ്യുതി ഉപഭോഗം നല്ല നിലയിൽ വർദ്ധിക്കുന്നുണ്ട്. സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗത്തിൽ ഓരോ വർഷവും മൂന്നു നാലുശതമാനം വെച്ചുള്ള വർദ്ധനവാണ് കുറേക്കാലാമായി നിലനിൽക്കുന്നത്. ഇതിൽ ഒരു മാറ്റമുണ്ടാകുന്നത് കഴിഞ്ഞ വർഷമാണ്. 6% വർദ്ധനവാണ് കഴിഞ്ഞ വർഷം ഉണ്ടായത്. കൊവിഡ് സാഹചര്യത്തിൽ പൊതുവിലുണ്ടായ ഉത്പാദന മരവിപ്പിൽ നിന്നും ഉണ്ടായ മാറ്റമായിരിക്കണം അത്തരമൊരു വർദ്ധനക്ക് കാരണമായത്. ആ നിലയിലുള്ള ഒരു ഉപഭോഗവർദ്ധനവായിരുന്നു സംസ്ഥാനം ഈ വർഷവും പ്രതീക്ഷിച്ചത്. എന്നാൽ ആ പ്രതീക്ഷകൾക്കപ്പുറത്താണ് ഈ വർഷം വൈദ്യുതി ഉപഭോഗം വർദ്ധിച്ചത്.  മുൻകാലങ്ങളിൽ കാണാത്ത വിധത്തിൽ പീക്ക് ഡിമാന്റിലും പ്രതിദിന വൈദ്യുതി ഉപഭോഗത്തിലും വലിയ വർദ്ധനവാണ് ഉണ്ടായത്.

കഴിഞ്ഞ വർഷം (2023) അനുഭവപ്പെട്ട ഏറ്റവും ഉയർന്ന പീക്ക് ഡിമാന്റ് ഏപ്രിൽ 21ന് വന്ന 5024 മെഗാവാട്ട് ആയിരുന്നു. അത് അതുവരെ ഉള്ളതിൽ ഏറ്റവും ഉയർന്ന ഡിമാന്റായിരുന്നുതാനും. എന്നാൽ ഈ വർഷം മെയ് 2ന് ഇത് 5790 മെഗാവാട്ടായി ഉയർന്നു. കഴിഞ്ഞ വർഷത്തെ ഏറ്റവും ഉയർന്ന പ്രതിദിന വൈദ്യുതി ഉപഭോഗം 100.3 മില്യൺ യൂണിറ്റായിരുന്നത് ഈ വർഷം 115 മില്യൺ യൂണിറ്റോളമായും വർദ്ധിച്ചു. അതായത് പീക്ക് ഡിമാന്റിലും ഉയർന്ന  പ്രതിദിന ഉപഭോഗത്തിലും ഒരു വർഷം കൊണ്ടുണ്ടായ വർദ്ധനവ് 15 ശതമാനമാണ്. പ്രതീക്ഷിച്ചതിന്റെ രണ്ടര മടങ്ങോളമാണിത്.

ഉപഭോഗത്തിലുണ്ടായ ഈ വർദ്ധനവ് സംസ്ഥാനത്ത് പലതരത്തിലുള്ള നിയന്ത്രണങ്ങൾ ഏർപ്പെടുത്തേണ്ട സാഹചര്യമുണ്ടാക്കി. പ്രസരണ ഫീഡറുകൾ ഓവർലോഡായി ഓഫായിപ്പോകുന്നത് കണക്കിലെടുത്ത് ലോഡ് നിയന്ത്രിക്കേണ്ടി വന്നു. വിതരണ ഫീഡറുകൾ ഓവർലോഡിൽ ഓഫായിപ്പോയ സാഹചര്യങ്ങൾ ഉണ്ടായി.  സുരക്ഷ ഉറപ്പുവരുത്തുന്നതിന് ചില വിതരണ ഫീഡറുകൾകൾ ഭാഗികമായി മാത്രം ചാർജ്ജ് ചെയ്ത് നിർത്തേണ്ടി വന്നു. പീക്ക് സമയങ്ങളിൽ ഉപഭോഗ നിയന്ത്രണത്തിനായി വോൾട്ടേജ് കൺട്രോൾ പോലുള്ള മാർഗ്ഗങ്ങളും അവലംബിക്കേണ്ടി വന്നിട്ടുണ്ട്. ഇത്തരത്തിലുള്ള നിയന്ത്രണങ്ങൾ നിലനിൽക്കുമ്പോഴുണ്ടായിരുന്ന ലോഡാണ് 5790 മെഗാവാട്ട് എന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. അതായത് നിയന്ത്രണങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പീക്ക് ഡിമാന്റ് 6000മെഗാവാട്ട് കടന്നേനെ.

വൈദ്യുതി ഉപഭോഗത്തിന്റെ പാറ്റേണിൽ വന്നിട്ടുള്ള മാറ്റം കൂടി ഇതോടൊപ്പം കാണേണ്ടതുണ്ട്. മുൻകാലങ്ങളിൽ പീക്ക് ഡിമാന്റ് വൈകുന്നേരം ആറ് – ആറര  മണിയോടെ ആരംഭിച്ച് പത്ത് -പത്തര  മണിയോടെ അവസാനിച്ചിരുന്നു. സംസ്ഥാനത്തെ രാത്രിജീവിതം ശക്തമാകുന്നതിന്റെ ഭാഗമായായിരിക്കാം കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ ഇത് രാത്രി പതിനൊന്ന് പതിനൊന്നര മണിവരെയൊക്കെയായി നീണ്ടുവന്നിരുന്നു. എന്നാൽ ഇപ്പോൾ സ്ഥിതി ഇതിലും മാറിയിരിക്കുന്നു. കഴിഞ്ഞ ഒരു മാസത്തിനുള്ളിൽ പീക്ക് ലോഡ് സമയം രാത്രി രണ്ടര മൂന്നു മണിയോളമായി മാറിയിട്ടുണ്ട്. രാത്രി പത്തുമണിമുതൽ രാവിലെ ആറുമണി വരെ ഓഫ് പീക്ക് സമയമെന്ന് കണക്കാക്കിയിരുന്നത് ഇനിമുതൽ അങ്ങനെയല്ലാതെയായിരിക്കുന്നു.

ഉപഭോഗവർദ്ധനവിന്റെ കാരണങ്ങൾ

അന്തരീക്ഷ താപനിലയിലുണ്ടായ വലിയ വർദ്ധനവുമൂലം ഫാൻ, എയർകണ്ടീഷണർ തുടങ്ങിയ ഉപകരണങ്ങളുടെ ഉപയോഗം വർദ്ധിച്ചത് വൈദ്യുതി ഉപഭോഗ വർദ്ധനവിന്റെ ഒരു പ്രധാന കാരണങ്ങളിൽ ഒന്നാണ്. വൈദ്യുതി വാഹനങ്ങളിൽ ഉണ്ടായ വർദ്ധനവും ഈ മാറ്റത്തിൽ ഒരു പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. പീക്ക് ലോഡ് വർദ്ധനവിനും പീക്ക് സമയം ദീർഘിക്കുന്നതിലും ഇക്കാരണങ്ങൾ പ്രധാനമായിത്തന്നെ പരിഗണിക്കാം. സംസ്ഥാനത്ത് പൊതുവിലുണ്ടായിട്ടുള്ള ജീവിത നിലവാര വർദ്ധനവ് വൈദ്യുതി ഉപകരണങ്ങൾ വാങ്ങുന്നതിലും ഉപയോഗിക്കുന്നതിലും നല്ല നിലയിൽ പ്രതിഫലിക്കുന്നുണ്ട്. നമ്മുടെ വൈദ്യുതി ഉപഭോഗത്തിൽ മൊത്തത്തിലുണ്ടാകുന്ന വർദ്ധനവിൽ,  അതായത് പ്രതിദിന വൈദ്യുതി ഉപഭോഗത്തിലെ വർദ്ധനവിൽ ഇത് പ്രതിഫലിച്ചിട്ടുള്ളതായി കാണാം.

സംസ്ഥാനത്തുണ്ടായ പീക്ക് വൈദ്യുതി ഡിമാന്റിൽ ചെറുതല്ലാത്ത ഒരു പങ്ക് സംസ്ഥാനത്തുണ്ടായ സൗരോർജ്ജ വൈദ്യുതി ഉത്പാദനത്തിലെ വർദ്ധനവിനും ഉണ്ട്. വൈദ്യുതി ഉത്പാദനം വർദ്ധിച്ചത് എങ്ങനെയാണ് പീക്ക് ഡിമാന്റിലും രാത്രികാല ഉപഭോഗത്തിലും മാറ്റം വരാൻ കാരണമാകുന്നത് എന്ന സംശയം പലർക്കുമുണ്ടാകാം.

പകൽ സമയത്ത് സൗരോർജ്ജ പാനൽ വെച്ച് വൈദ്യുതി ഉത്പാദിപ്പിച്ച് ഗ്രിഡിലേക്ക് നൽകുന്ന ഉപഭോക്താക്കൾക്ക് അതേ അളവിലുള്ള വൈദ്യുതി രാത്രികാലങ്ങളിൽ ഗ്രിഡിൽ നിന്ന് തിരിച്ചെടുക്കാൻ അനുവാദമുണ്ട്. തങ്ങൾ ഉത്പാദിപ്പിച്ച് നൽകിയ വൈദ്യുതിയാണല്ലോ എന്നതിനാൽ ഈ വൈദ്യുതി തിരിച്ചെടുക്കുന്നതിന് യാതൊരു നിയന്ത്രണവും വരുത്താൻ  ഇവർ പലപ്പോഴും തയ്യാറാകുകയില്ല. എയർകണ്ടീഷണർ അടക്കമുള്ള ഉപകരണങ്ങൾ യാതൊരു നിയന്ത്രണവുമില്ലാതെ ഉപയോഗിക്കാൻ തങ്ങൾ ഉത്പാദിപ്പിച്ചു നൽകിയ വൈദ്യുതിയാണല്ലോ തിരിച്ചെടുക്കുന്നത് എന്ന ബോധം കാരണമാകുന്നു. ഈ നിലയിലുള്ള പെരുമാറ്റം പീക്ക് ഡിമാന്റിലെ വർദ്ധനവിനും ദീർഘിച്ച പീക്ക് സമയത്തിലും ഘടകമായി മാറിയിട്ടുണ്ടെന്ന് അനുമാനിക്കാവുന്നതാണ്.

ഇക്കാര്യങ്ങളിൽ കൃത്യമായ പഠനറിപ്പോർട്ടുകളൊന്നും നിലവിലില്ല. അതുകൊണ്ടുതന്നെ മേൽ ഘടകങ്ങളിൽ ഏതൊക്കെ എങ്ങനെയൊക്കെയാണ് കേരളത്തിന്റെ വൈദ്യുതി ഉപഭോഗത്തേയും ഉപഭോഗരീതികളേയും ബാധിക്കുന്നതെന്നത് പഠന വിധേയമാക്കുകയും അത്തരം ഘടകങ്ങൾ കൂടി ഊർജ്ജാസൂത്രണത്തിൽ കണക്കിലെടുക്കുകയും ചെയ്യേണ്ടതുണ്ട്.

ഗോ ഇലക്ട്രിക്കും ഊർജ്ജ കാര്യക്ഷമതയും 

പാചകം അടക്കം മറ്റുള്ള ഊർജ്ജ സ്രോതസ്സുകളെ ആശ്രയിച്ചിരുന്ന നിലവധി പ്രവർത്തനങ്ങൾ വൈദ്യുതിയിലേക്ക് മാറുന്നുണ്ട്. നേരത്തെ ചൂണ്ടിക്കാണിച്ചതുപോലെ ഇത്തരം മാറ്റങ്ങളിൽ പ്രധാനപ്പെട്ടതാണ് വൈദ്യുതി വാഹനങ്ങൾ. സംസ്ഥാനത്തെ ഗതാഗത മേഖലയിൽ ആകെ ഉപയോഗിക്കപ്പെടുന്ന ഇന്ധനം വൈദ്യുതിയുടെ യൂണിറ്റായ കിലോവാട്ട് അവറിൽ കണക്കാക്കിയാൽ ഏകദേശം 1,30,000 മില്യൺ (13000 കോടി) യൂണിറ്റ് വരും. അതായത് നിലവിലെ വൈദ്യുതി ഉപഭോഗത്തിന്റെ നാല് ഇരട്ടിയിലേറേ. ഇതിൽ പകുതിയെങ്കിലും വൈദ്യുതി വാഹനങ്ങൾ ആയി മാറിയാൽ വൈദ്യുതി ഉപഭോഗത്തിൽ വരുന്ന വർദ്ധനവ് എത്ര വലുതായിരിക്കും? “ഗോ ഇലക്ട്രിക്ക്” അഥവാ വൈദ്യുതിയിലേക്ക് മാറൽ ലോകമെമ്പാടും നടന്നുകൊണ്ടിരിക്കുകയാണ്. എനർജി ട്രാൻസിഷനിലെ പ്രധാനപ്പെട്ട മാറ്റങ്ങളിൽ ഒന്നാണത്. കേരളത്തിലും ഈ മാറ്റം ഉണ്ടാകും, ഉണ്ടാകണം. അതുകൂടി കണ്ടുകൊണ്ട് വേണം കാര്യങ്ങളെ ക്രമീകരിക്കാൻ.  അല്ലാതെ ഖനിജ ഇന്ധനങ്ങൾ ഉപയോഗിക്കുന്ന രീതി അതേ പടി തുടരണം എന്ന നിലയിൽ കാര്യങ്ങളെ കാണുന്നത് ശരിയല്ല.

വൈദ്യുതി ഉപഭോഗത്തിൽ വൻതോതിൽ വർദ്ധനവ് ഉണ്ടാകും എന്നുതന്നെയാണ് ഇതൊക്കെ കാണിക്കുന്നത്. എന്നാൽ ഇതോടൊപ്പം ഉപഭോഗം കുറക്കാനുതകുന്ന ചില ഇടപെടലുകൾ കൂടി ഊർജ്ജ ആസൂത്രണത്തിൽ കണക്കിലെടുക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യേണ്ടതുണ്ട്. ഊർജ്ജ കാര്യക്ഷമത ഉയർത്തുന്നതിനുള്ള നടപടികളാണവ. വൈദ്യുതി ഉപഭോക്താക്കളെല്ലാം കാര്യക്ഷമത കൂടിയ ഉപകരണങ്ങൾ ഉപയോഗിക്കുന്നു എന്നുറപ്പുവരുത്തേണ്ടതുണ്ട്.  സ്റ്റാർ റേറ്റിംഗുള്ള ഉപകരണങ്ങൾ നിർബന്ധമാക്കണം. അനാവശ്യ ഉപഭോഗം നിയന്ത്രിക്കുകയും വേണം. എന്നാൽ ചിലതരം ഉപകരണങ്ങളെ ആഡംബരം എന്ന നിലയിൽ കണക്കാക്കുന്നത് ശരിയായി തോന്നുന്നുമില്ല. എയർകണ്ടീഷണർ ഒരു കാലത്ത് ആഡംബരമായാണ് കരുതിപ്പോന്നത്. ഇന്നത് അങ്ങിനെ കാണുന്നത് ശരിയായിരിക്കില്ല. ഗ്യാസടുപ്പ് ഉപയോഗിക്കുന്നത് സാധാരണ ഉപഭോഗം, മൈക്രോവേവ് ആഡംബരം എന്നൊക്കെ പറയുന്ന ചിലരുണ്ട്. ഇത്തരം സമീപനങ്ങളോട് യോജിക്കാൻ കഴിയില്ല. ഇത്തരത്തിലുള്ള ഉപകരണങ്ങളൊക്കെ എല്ലാവർക്കും ഉപയോഗിക്കാൻ കഴിയേണ്ടതുണ്ട്. അത് എല്ലാവരുടേയും അവകാശമാണ് എന്നേ കാണാനാകൂ. എന്നാൽ ഇത്തരത്തിൽ വിവിധ ഉപകരണങ്ങൾ ഉപയോഗിക്കുമ്പോൾ അവയെല്ലാം നിശ്ചിത കാര്യക്ഷമതാമാനദണ്ഡങ്ങൾ പാലിച്ചിരിക്കണം എന്ന് നിബന്ധന വെക്കേണ്ടതുണ്ട്. ആ നിലയിലാണ് ഉപഭോഗത്തിൽ ഇടപെടേണ്ടത്.

ഊർജ്ജ കാര്യക്ഷമത കൂടിയ ഉപകരണങ്ങളുടെ ഉപയോഗപ്പെടുത്തലിന് പലപ്പോഴും അത്തരം ഉപകരണങ്ങളുടെ വിലതന്നെയാണ് തടസ്സമായി വരുന്നത്. അത് സാധാരണക്കാർക്ക് താങ്ങാൻ കഴിയാത്തതാകാറുണ്ട്. ഉദാഹരണത്തിന് ഒരു സാധാരണ ഇൻഡക്ഷൻ ഫാൻ 1500 രൂപക്ക് ലഭിക്കുമ്പോൾ ദക്ഷത കൂടിയ ബി.എൽ.ഡി.സി. ഫാനിന് 3000 രൂപയ്ക്ക് മുകളിൽ വിലയുണ്ട്. പുതുതായി ഫാൻ വാങ്ങുന്നവർ, ഒരു പക്ഷേ ഊർജ്ജ കാര്യക്ഷമത കണക്കിലെടുത്ത് ബി.എൽ.ഡി.സി. ഫാൻ തന്നെ വാങ്ങിയെന്ന് വരും. പക്ഷേ നിലവിലുള്ള ഫാൻ മാറ്റി ബി.എൽ.ഡി.സി. ആക്കി മാറ്റാൻ ഒരു സാധാരണ ഉപഭോക്താവ് തയ്യാറാകുമോ? അതിനുള്ള മൂലധന മുടക്കിന് അവൻ/ൾ തയ്യാറാകുമോ?  പ്രതിമാസ വൈദ്യുതി ബില്ലിലുണ്ടാകുന്ന കുറവുകൊണ്ട് ഈ വിലവ്യത്യാസം നികത്താൻ കഴിഞ്ഞേക്കാമെങ്കിലും അത്തരമൊരു മുതൽമുടക്കിന് പലതരം തടസ്സങ്ങൾ ഉണ്ടാകും. സാങ്കേതിക നൂലാമാലകൾ ഒഴിവാക്കി കുറഞ്ഞ പലിശക്ക് പണം ലഭ്യമാക്കിയാൽ ഈ പ്രതിസന്ധി മറികടക്കാൻ കഴിഞ്ഞേക്കും. സഹകരണസ്ഥാപനങ്ങൾക്കും മറ്റും ഇക്കാര്യത്തിൽ നല്ല ഇടപെടൽ നടത്താൻ കഴിയും.

ഉപഭോക്താക്കളുടെ കൂട്ടായ്മകൾ രൂപപ്പെടുത്തി എല്ലാവർക്കും ആവശ്യമായ ഉപകരണങ്ങൾ ഒന്നിച്ച് വാങ്ങുകയും ഓരോരുത്തരുടേയും സാമ്പത്തിക ശേഷി കണക്കിലെടുത്തുകൊണ്ട് ക്രോസ് സബ്സിഡി നൽകുകയും ചെയ്യുന്നത് മറ്റൊരു സാദ്ധ്യതയാണ്. ഊർജ്ജ രംഗത്ത് ജനകീയ അവബോധം സൃഷ്ടിക്കുന്നതിന്റേയും അതിന്റെ ഭാഗമായ ഇടപെടലുകളുടെയും അനിവാര്യതയാണ് ഇത് കാണിക്കുന്നത്.

പരിഹാരം താത്കാലികവും ദീർഘകാലത്തേക്കും

വൈദ്യുതി ഉപഭോഗത്തിൽ ഇപ്പോഴുണ്ടായ വർദ്ധനവ് ജനങ്ങളുടെ സ്വയം നിയന്ത്രണവും ചില ലോഡ് നിയന്ത്രണ ഉപാധികളും കൊണ്ട് മറികടക്കുക മാത്രമേ സാദ്ധ്യമാകുകയുള്ളൂ. വൈദ്യുതി ലഭ്യത വർദ്ധിപ്പിക്കാനോ പ്രസരണ വിതരണ ശൃംഖലകളുടെ ശേഷി കൂട്ടാനോ വളരെപ്പെട്ടെന്ന് കഴിയുന്നതല്ല. എന്നാൽ വരും വർഷങ്ങളിൽ ഉണ്ടാകാനിടയുള്ള ഉപഭോഗവർദ്ധനവ് എത്രത്തോളം വരും എന്നത് പറ്റാവുന്നത്ര കൃത്യതയോടെ മനസ്സിലാക്കാനും അതിനനുസരിച്ച് പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യാനും കേരളത്തിന് കഴിയേണ്ടതുണ്ട്.

കേരളത്തിൽ ഒരുകോടി 34 ലക്ഷത്തിലധികം ഉപഭോക്താക്കളുണ്ട്. ഇതിൽ വലിയ ഉപഭോഗമുള്ളവർക്ക് വലിയ തോതിൽ സ്വയം നിയന്ത്രണവും കഴിയും. ഉപഭോഗം കുറഞ്ഞവർക്ക് നിയന്ത്രണത്തിനുള്ള സാദ്ധ്യത കുറവായിരിക്കും. എങ്കിലും ഒരു പത്തു വാട്ട് എൽ.ഇ.ഡി. ബൾബ് ഓഫാക്കിയിടാം എന്ന് തീരുമാനിക്കാൻ ഏതൊരുപഭോക്താവിനും സാദ്ധ്യതയുണ്ട്. ഇത്രമാത്രം ചെയ്താൽപ്പോലും ആകെ ലോഡിൽ 134 മെഗാവാട്ടിന്റെ കുറവുണ്ടാകും. അതിന്റെ പ്രസരണ വിതരണ നഷ്ടം കൂടി കണക്കിലെടുത്താൽ അത് 150 മെഗാവാട്ടിന്റെ വ്യത്യാസമാണ് സംസ്ഥാന ഗ്രിഡിൽ ഉണ്ടാക്കുക. ഈ നിലയിൽ എല്ലാവരും സഹകരിച്ചാൽ തത്കാലം പ്രതിസന്ധികളില്ലാതെ പോകാൻ കേരളത്തിന് കഴിയും. എന്നാൽ ദീർഘകാലാടിസ്ഥാനത്തിൽ വൈദ്യുതി നിയന്ത്രണങ്ങളാണ് പരിഹാരം എന്ന നിലയിൽ ചിന്തിക്കാൻ കഴിയില്ല. ഊർജ്ജ കാര്യക്ഷമത ഉറപ്പുവരുത്തിയും അനാവശ്യ ഉപഭോഗങ്ങളില്ലാതെയും ഓരോ ഉപഭോക്താവിന്റേയും ആവശ്യങ്ങൾക്കനുസരിച്ച് കൃത്യമായ വോൾട്ടതയിലും ഫ്രീക്വൻസിയിലും തടസ്സങ്ങളില്ലാതെ വൈദ്യുതി കിട്ടാൻ ജനങ്ങൾക്കുള്ള അവകാശം അംഗീകരിച്ചേ പറ്റൂ.

വൈദ്യുതി ഡിമാന്റിലും പ്രതിവർഷ ആവശ്യകതയിലും ഉണ്ടാകാനിടയുള്ള വർദ്ധനവ് സംബന്ധിച്ച് കൃത്യമായ ധാരണ ഉണ്ടാകുക എന്നതാണ് ദീർഘകാലാടിസ്ഥാനത്തിൽ വൈദ്യുതി ആസൂത്രണത്തിൽ പ്രധാനപ്പെട്ടത്. എന്നാൽ പത്തോ പതിനഞ്ചോ വർഷമൊക്കെ കഴിഞ്ഞുള്ള കാര്യങ്ങൾ കൃത്യമായി കണക്കിലാക്കാൻ ഇപ്പോൾ കഴിഞ്ഞുകൊള്ളണമെന്നില്ല. ശാസ്ത്ര സാങ്കേതിക മേഖലകളിൽ വിസ്ഫോടനാത്മകമായ മാറ്റങ്ങളാണ് ഉണ്ടാകുന്നത്. ഇത് വൈദ്യുതി മേഖലയേയും വലിയ തോതിൽ ബാധിക്കും. ബാറ്ററി സാങ്കേതിക വിദ്യയിൽ ഉണ്ടായി വരുന്ന വളർച്ച, ആൽഗേകളെ ഉപയോഗിച്ചുള്ള ഇന്ധന നിർമ്മാണം, തോറിയം റിയാക്ടറുകൾ, വയർലെസ് ട്രാൻസ്മിഷൻ, ഹൈഡ്രജൻ ടെക്നോളജിയും ഫ്യുവൽസെൽ ടെക്നോളജിയും എന്നിങ്ങനെ ഉണ്ടാകാൻ പോകുന്ന മാറ്റങ്ങൾ എന്തൊക്കെയാണെന്ന് പോലും മനസ്സിലാക്കാൻ കഴിയാത്ത സ്ഥിതിയുണ്ട്. അതുകൊണ്ട് ഇന്നത്തെ അവസ്ഥയിൽ അഞ്ചോ ആറോ വർഷം തന്നെ ദീർഘകാലമായി കാണേണ്ടി വരും.   അതുകൊണ്ട് 2030വരെ ഉണ്ടാകാനിടയുള്ള ഉപഭോഗ വർദ്ധനവും അതിനുള്ള പദ്ധതികളും എന്തെന്ന് പരിശോധിക്കാനേ ഇപ്പോൾ കഴിയുകയുള്ളൂ. ഈ അനുമാനങ്ങൾ ഓരോ വർഷവും ഉണ്ടാകുന്ന മാറ്റങ്ങൾ കൂടി കണക്കിലെടുത്ത് മുന്നോട്ടേക്ക് നിരക്കിക്കൊണ്ടു പോകുക (പ്രോഗ്രസീവ് സ്ലൈഡ്)  എന്നതാണ് പ്രായോഗികമായ സമീപനം.

ഊർജ്ജ കാര്യക്ഷമതയിലും ഗോ ഇലക്ട്രിക്ക് അടക്കമുള്ള പ്രവണതയും കണക്കിലെടുത്താൽ 2030ഓടെ കേരളത്തിന്റെ വൈദ്യുതി ഡിമാന്റ് 9500-10,000 മെഗാവാട്ടായും പ്രതിവർഷ വൈദ്യുതി ഉപഭോഗം 58000-60000 മില്യൺ യൂണിറ്റായും വർദ്ധിക്കും. (ഇതു സംബന്ധിച്ച കണക്കുകളും സ്വീകരിച്ച അനുമാനങ്ങളും സ്ഥലപരിമിതി മൂലം വിശദീകരിക്കുന്നില്ല.)  ഇത്തരം ഒരാവശ്യകത നിറവേറ്റാൻ ആവശ്യമായ വൈദ്യുതി ലഭ്യത ഉറപ്പുവരുത്താൻ എന്തൊക്കെ ചെയ്യാനാകും എന്നതാണ് നമുക്ക് പരിശോധിക്കാനുള്ളത്.

നിലവിൽ കേരളത്തിന്റെ വൈദ്യുതി ആവശ്യകതയിൽ 70 ശതമാനത്തിലേറെയും ഇറക്കുമതി ചെയ്യുകയാണ്. അതേ നില തുടർന്നു പോകേണ്ടി വരുമോ, അത് അങ്ങനെ എത്രകാലം തുടരാനാകും എന്നതൊക്കെ ഈ പരിശോധനയുടെ ഭാഗമാണ്.

വൈദ്യുതി ലഭ്യമാക്കൽ

കേരളത്തിന്റെ വൈദ്യുതി ആവശ്യകത നിറവേറ്റാൻ എങ്ങനെയൊക്കെ വൈദ്യുതി ലഭ്യത വർദ്ധിപ്പിക്കാനാകും എന്ന് പരിശോധിക്കേണ്ടതുണ്ട്. അഭ്യന്തര വൈദ്യുതി ഉത്പാദനം വർദ്ധിപ്പിക്കുന്നത് അതിൽ പ്രധാനപ്പെട്ടതാണ്. അതിൽ നമുക്ക് മുന്നിലുള്ള പ്രധാന മാർഗ്ഗം സൗരോർജ്ജം തന്നെയാണ്.

നിലവിൽ കേരളത്തിലെ സൗരോർജ്ജ വൈദ്യുതി ഉത്പാദന ശേഷി 1000മെഗാവാട്ട് കടന്നിട്ടുണ്ട്. അത് ഇനിയും വലിയതോതിൽ വർദ്ധിപ്പിക്കാൻ കഴിയും. എന്നാൽ സംസ്ഥാനത്തിന്റെ വൈദ്യുതി ആവശ്യകത പൂർണ്ണമായും നിറവേറ്റാൻ സോളാർ ഉത്പാദനം കൊണ്ട് സാധിക്കുമൊ? അങ്ങനെ സാധിക്കുമെന്ന് വാദിക്കുന്നവർ ഇവിടെ ധാരാളമുണ്ട്. സംസ്ഥാനത്ത് ഒരു കോടിയിലേറെ കെട്ടിടങ്ങളുണ്ടെന്നും അതിൽ പകുതിയിലെങ്കിലും ഓരോ കിലോവാട്ട് പാനൽ വെച്ചാൽ 5000 മെഗാവാട്ട് വൈദ്യുതി ഉത്പാദന ശേഷി കൈവരിക്കാൻ കഴിയുമെന്നും അവർ ചൂണ്ടിക്കാണിക്കുന്നു. ഇത് കണക്കുകൊണ്ട് ശരിയുമാണ്.  അപ്പോൾ കേരളത്തിന്റെ വൈദ്യുതി ആവശ്യകത മുഴുവൻ സോളാറിൽ നിന്ന് സാദ്ധ്യമാകില്ലേ എന്നാണ് അത്തരക്കാരുടെ പ്രധാന വാദം. എന്നാൽ ഇത് എങ്ങിനെ മാനേജ് ചെയ്യും എന്നതിനെനക്കുറിച്ച് പ്രായോഗികമായി ചിന്തിക്കാൻ പലപ്പോഴും അവർ തയ്യാറാകുന്നില്ല.

ഒരു മെഗാവാട്ട് സൗരോർജ്ജ നിലയത്തിൽ നിന്ന് ഒരു വർഷം ലഭിക്കുന്ന  വൈദ്യുതി ഒന്നര രണ്ടു മില്യൺ യൂണിറ്റാണ്. ആ കണക്കുവെച്ചാൽ 2030ലെ നമ്മുടെ ഊർജ്ജാവശ്യാതയായ 60,000 മില്യൺ യൂണിറ്റ് വൈദ്യുതി പൂർണ്ണമായും സോളാർ നിലയങ്ങളിൽ നിന്ന് ഉണ്ടാക്കാൻ തീരുമാനിച്ചാൽ അതിന് വേണ്ടി വരുന്ന ഉത്പാദന ശേഷി ഇന്നത്തെ നിലക്ക് 30,000-40,000 മെഗാവാട്ട് വേണ്ടി വരും. എന്നാൽ പകൽ സമയത്ത് സംസ്ഥാനത്തുണ്ടാകുന്ന ഡിമാന്റ് പരാമാവധി 8000-9000 മെഗാവാട്ട് ആയിരിക്കും.  അതിനപ്പുറമുള്ള ഉത്പാദനം സംഭരിക്കാനുള്ള സംവിധാനം ഉണ്ടായാലേ 20,000-30,000 മെഗാവാട്ട് ഉത്പാദനം എന്നത് ചിന്തിക്കാൻ പോലും കഴിയുകയുള്ളൂ. മാത്രമല്ല ഇങ്ങനെ സ്റ്റോറേജ് ഉണ്ടായാലേ ഈ വൈദ്യുതി മറ്റു സമയങ്ങളിൽ ഉപയോഗിക്കാൻ കഴിയുകയുമുള്ളൂ. ഇത്തരമൊരു സ്റ്റോറേജ് സാദ്ധ്യത ഒരു  തരത്തിലും  പ്രായോഗികമല്ല. അതുകൊണ്ടുതന്നെ ഇത്രവലിയ തോതിലുള്ള സോളാർ ഉത്പാദനവും പ്രായോഗികമല്ല. ഇതോടൊപ്പം കാണെണ്ട മറ്റൊരു കാര്യം കൂടിയുണ്ട്. പകൽ സമയത്തെ ഡിമാന്റിന് തുല്യമായ സോളാർ ഉത്പാദനവും പ്രായോഗികമല്ല എന്നതാണത്. സോളാർ പോലുള്ള ജഡത്വം (ഇനേർഷ്യ) കുറഞ്ഞ ഉത്പാദന അസ്ഥിരതയുള്ള വൈദ്യുതി ഗ്രിഡിലേക്ക് കണക്ട് ചെയ്യുന്നത് ഗ്രിഡ് വോൾട്ടതയും ഫ്രീക്വൻസിയും വൻതോതിൽ ചാഞ്ചാടുന്നതിന് കാരണമാകും. അത്തരം അവസ്ഥകളെ തരണം ചെയ്യാൻ നിശ്ചിത അളവിൽ സ്ഥിരസ്വഭാവമുള്ള നിലയങ്ങളിൽ നിന്നുള്ള വൈദ്യുതി ഗ്രിഡിൽ ലഭ്യമായിരിക്കണം. അതോടൊപ്പം ഗ്രിഡ് സ്ഥിരത ഉറപ്പിക്കാൻ കഴിയുന്ന വിധത്തിൽ സ്റ്റോറേജ് സംവിധാനങ്ങളും വേണ്ടി വരും. ഇതെല്ലാം കണക്കിലെടുത്താൽ 2000 മെഗാവാട്ട് സ്റ്റോറേജ് സംവിധാനങ്ങൾ (അത് ബാറ്ററി സ്റ്റോറേജോ പമ്പ്ഡ് സ്റ്റോറേജോ ആകാം) ഒരുക്കിക്കൊണ്ട്  4000-5000 മെഗാവാട്ട് സോളാർ നിലയങ്ങളാണ് കേരളത്തിൽ പ്രായോഗികമാകുക. ഇപ്പോഴത്തെ 1000 മെഗാവാട്ടിന് പുറമെ വരുന്ന അഞ്ചോ ആറോ വർഷം കൊണ്ട് പുതുതായി 4000 മെഗാവാട്ട് സോളാർ ഉത്പാദന വർദ്ധനവാണ് നമുക്ക് ആസൂത്രണം ചെയ്യാനാകുക.

മേൽ ചൂണ്ടിക്കാണിച്ചതുപോലെ 2000 മെഗാവാട്ട് സ്റ്റോറേജ് പദ്ധതിയും സോളാർ നിലയങ്ങളോടൊപ്പം ആസൂത്രണം ചെയ്യണം.  മെഗാസ്കെയിൽ ബാറ്ററി സ്റ്റോറേജ് സാധ്യമാണെങ്കിലും അതിന്റെ ചെലവ്, അതിന് കിട്ടാവുന്ന ഉപയോഗ കാലാവധി തുടങ്ങിയ ഘടകങ്ങൾ കണക്കിലെടുത്താൽ ശിപാർശ ചെയ്യാൻ കഴിയുന്ന മാർഗ്ഗമായി ഇതിനെ കാണാൻ ഇന്നത്തെ നിലയിൽ കഴിയില്ല. ബാറ്ററി സാങ്കേതിക വിദ്യയിൽ വരാനിരിക്കുന്ന മാറ്റങ്ങൾ ഒരു പക്ഷേ സ്ഥിതിയിൽ മാറ്റമുണ്ടാക്കിയേക്കും. പമ്പ്ഡ് സ്റ്റോറേജ് പദ്ധതികളും വലിയ മൂലധനച്ചെലവുള്ളതാണ്. എന്നാൽ ദീർഘകാല ഉപയോഗം കണക്കിലെടുത്ത് ഇതിന് മുൻഗണന നൽകാവുന്നതാണ്.

ഡയറക്ട് സ്റ്റോറേജും കമ്യൂണിറ്റി സ്റ്റോറേജും 

മെഗാസ്കെയിൽ സോളാർ നിലയങ്ങളോട് അനുബന്ധമായി, ഉത്പാദിപ്പിക്കുന്ന വൈദ്യുതി ഇൻവേർട്ട് ചെയ്യാതെ നേരിട്ട് സംഭരിക്കുന്ന വിധത്തിൽ ബാറ്ററി സ്റ്റോറേജ്  ആസൂത്രണം ചെയ്യുന്നത് പദ്ധതിയുടെ കാര്യക്ഷമത വർദ്ധിക്കുന്നതിനും കുറഞ്ഞ ചെലവിൽ സ്റ്റോറേജ് സാധ്യമാക്കുന്നതിനും സഹായിക്കും. സംഭരണത്തോടുകൂടിയ സോളാർ നിലയങ്ങൾക്ക് പ്രത്യേക മുൻഗണന നൽകുന്നത് ഗുണകരമായിരിക്കും. പുരപ്പുറ നിലയങ്ങളെ കണക്ട് ചെയ്തുകൊണ്ട് മൈക്രോഗ്രിഡ് രൂപപ്പെടുത്തി അതിന്റെ തുടർച്ചയായി ഡിസ്ട്രിബ്യൂട്ടഡ് കമ്യൂണിറ്റി സ്റ്റോറേജ് വിഭാവനം ചെയ്താൽ ഗ്രിഡ് സ്റ്റബിലിറ്റിയെ വലിയ തോതിൽ ബാധിക്കാതെ സോളാർ ഉത്പാദനം വർദ്ധിപ്പിക്കാൻ കഴിയും. നിലവിൽ ഇത്തരം പദ്ധതികൾക്ക് നിയമപരമായ പരിമിതികൾ ഉണ്ട്. കൃത്യമായ നിയമ ചട്ടക്കൂടുകൾ രൂപപ്പെടുത്തി ഇത്തരം സാദ്ധ്യതകൾ ഉപയോഗപ്പെടുത്തിയാൽ അത് രാജ്യത്തിന് മാതൃകയായി മാറാൻ ഇടയുണ്ട്.

മേൽ ഘടകങ്ങളെല്ലാം ഉൾപ്പെടുത്തി കൃത്യമായ ആസൂത്രണം സാദ്ധ്യമായാൽ 2030 ഓടെ പ്രതിവർഷം 10000-12000 മില്യൺ യൂണിറ്റ് വൈദ്യുതി സോളാർ നിലയങ്ങളിൽ നിന്ന് ലഭ്യമാക്കാൻ കേരളത്തിന് കഴിയും.

ജലവൈദ്യുതി ഉത്പാദനം പ്രധാനപ്പെട്ടതു തന്നെ 

ജലവൈദ്യുതി സാദ്ധ്യതകൾ പരമാവധി ഉപയോഗിക്കുക എന്നതും സംസ്ഥാനത്തിന്റെ അഭ്യന്തര വൈദ്യുതി ഉത്പാദനം കൂട്ടുന്നതിൽ പ്രധാനപ്പെട്ടതാണ്. ലോകമെമ്പാടും ഹരിത ഊർജ്ജങ്ങളിൽ പ്രഥമ പരിഗണന നൽകുന്ന ജല വൈദ്യുതി കേരളത്തിൽ എന്തോ മോശപ്പെട്ട ഒന്നായാണ് പരിഗണിക്കപ്പെടുന്നത്. ജലസംഭരണത്തോടുകൂടിയ ജലവൈദ്യുതി പദ്ധതികൾ പരിസ്ഥിതി വിരുദ്ധമാണ് എന്നൊരു പൊതുബോധം സൃഷ്ടിക്കാൻ തീവ്ര പരിസ്ഥിതി വാദം ഇടയാക്കിയിട്ടുണ്ട്. സ്ഥലപരിമിതി മൂലം അത്തരം വാദങ്ങളെ വിശദമായി പരിശോധിക്കാൻ ഇപ്പോൾ മുതിരുന്നില്ല.

സൈലന്റ് വാലി, പൂയംകുട്ടി, ട്വിൻ കല്ലാർ, അതിരപ്പിള്ളി തുടങ്ങി കേരളത്തിന് നഷ്ടമായ ജലവൈദ്യുതി പദ്ധതികൾ ഏറെയുണ്ട്. പരിസ്ഥിതി പ്രശ്നങ്ങളെ ശാസ്ത്രീയമായി അഭിസംബോധന ചെയ്തുകൊണ്ട് പ്രായോഗികമായി നടപ്പാക്കാൻ കഴിയുന്ന കുറഞ്ഞ 1500-2000 മെഗാവാട്ടിന്റെയെങ്കിലും സ്റ്റോറേജുള്ള ജലവൈദ്യുതി പദ്ധതികൾ കേരളത്തിൽ സാധ്യമാണ്. എന്നാൽ കേരളത്തിൽ നിലനിൽക്കുന്ന പൊതുബോധം ഇത്തരം സാദ്ധ്യതകളെ ഉപയോഗപ്പെടുത്തുന്നതിന് തടസ്സമാണെന്നത് കാണാതിരിക്കാനാകില്ല. ജനങ്ങൾക്കിടയിൽ ശാസ്ത്രീയമായ പാരിസ്ഥിതികാവബോധം വളർത്തിയെടുക്കാനും ഫലപ്രദമായ സമവായം സൃഷ്ടിക്കാനുമായാൽ തീർച്ചയായും കേരളത്തിന്റെ വൈദ്യുതി വികസനത്തിലും പൊതു വളർച്ചയിലും അത് നിർണ്ണായകമായി മാറും.

കേരളത്തിൽ വേനലിലും വെള്ളമുള്ള നദികളോ അരുവികളോ കുറവാണ്. അതുകൊണ്ടുതന്നെ സംഭരണ ശേഷിയില്ലാത്ത ചെറുകിട ജലവൈദ്യുതി പദ്ധതികൾ നമ്മുടെ വൈദ്യുതി പ്രതിസന്ധിക്ക് കാര്യമായ പരിഹാരമൊന്നും ഉണ്ടാക്കുമെന്ന് കരുതാനാകില്ല. മഴക്കാലത്ത് വൈദ്യുതി ഉപഭോഗം കുറഞ്ഞു നിൽക്കുന്ന സമയത്ത് മാത്രമേ ഇത്തരം പദ്ധതികളിൽ നിന്ന് വൈദ്യുതി ലഭിക്കുകയുള്ളൂ. ഈ സമയത്താകട്ടെ ദേശീയ കമ്പോളത്തിൽ വൈദ്യുതി വില കുറഞ്ഞു നിൽക്കുകയുമായിരിക്കും. അതുകൊണ്ടുതന്നെ പ്രതിസന്ധികളിൽ ഉപയോഗപ്പെടുന്ന ഒരു സ്രോതസ്സായി ചെറുകിട ജലവൈദ്യുതി പദ്ധതികളെ കാണാൻ കഴിയില്ല. ഹൈഡ്രജൻ സാങ്കേതിക വിദ്യ പോലുള്ള പുതിയ സംഭരണ സാദ്ധ്യതകൾ ഉയർന്നുവന്നാൽ ചെറുകിട ജലവൈദ്യുതി പദ്ധതികൾ ഫലപ്രദമായി ഉപയോഗിക്കാൻ കഴിഞ്ഞേക്കാം. എന്നാൽ ഇന്നത്തെ നിലയിൽ  ഇത്തരം നിലയങ്ങൾ കേരളത്തിന്റെ ഊർജ്ജാസൂത്രണത്തിൽ വലിയ സ്ഥാനം അർഹിക്കുന്നില്ല.

മേൽ ചർച്ചകളിൽ ഇന്ന് വ്യക്തമാകുന്നത് അഭ്യന്തര വൈദ്യുതി ലഭ്യതയിൽ കാര്യമായ വർദ്ധനവൊന്നും ജലവൈദ്യുതി പദ്ധതികളിൽ നിന്നും ലഭ്യമാകില്ല എന്നുതന്നെയാണ്. തീവ്ര പരിസ്ഥിതിവാദസമീപനത്തിന് സമൂഹത്തിലുള്ള  സ്വാധീനം കുറക്കാനായാൽ ഈ സ്ഥിതിക്ക് മാറ്റം വരും. അതത്ര എളുപ്പമല്ല. അതുകൊണ്ടുതന്നെ  നിലവിൽ ലഭ്യമായ  ജലവൈദ്യുതികൂടി കണക്കിലെടുത്തുകൊണ്ട് ആകെ 10,000 മില്യൺ യൂണിറ്റ് വൈദ്യുതി മാത്രമേ ജലവൈദ്യുതി സാദ്ധ്യതയായി 2030ന്റെ കണക്കിൽപെടുത്തുന്നുള്ളൂ.

600 മെഗാവാട്ടിലധികം കാറ്റാടി നിലയ സാധ്യതകൾ കണക്കുകളിൽ ഉണ്ടെങ്കിലും നിലയ നിർമ്മാണത്തിന് നിയമപരവും ഭൂപ്രകൃതി സൃഷ്ടിക്കുന്ന തടസ്സങ്ങളുമൊക്കെ കണക്കിലെടുത്താൽ പരമാവധി 150 മെഗാവാട്ട് പ്രായോഗിക സാധ്യതയാണ് കാറ്റാടി വൈദ്യുതിയായി കേരളത്തിലുള്ളത്. അതിൽ നിന്നും 400-450 മില്യൺ യൂണിറ്റ് വൈദ്യുതി കിട്ടിയേക്കാം,  തരമാലയിൽ നിന്നും വേലിയേറ്റ വേലിയിറക്കങ്ങളിൽ നിന്നുമൊക്കെ വൈദ്യുതി ഉണ്ടാക്കുന്നത് സംബന്ധിച്ചുള്ള ചർച്ചകളും നടക്കുന്നുണ്ട്. വേഗത കുറഞ്ഞ കാറ്റ് ഉപയോഗിച്ച് വൈദ്യുതി ഉണ്ടാക്കുന്നതും ചർച്ചകളിൽ ഉണ്ട്. എന്നാൽ ഇതൊന്നും പ്രായോഗികമായി മാറിയിട്ടില്ല. മാത്രമല്ല ആവശ്യകതയുമായി താരതമ്യപ്പെടുത്തുമ്പോൾ കാര്യമായ ലഭ്യതയൊന്നും ഇത്തരം നിലയങ്ങളിൽ കിട്ടുമെന്ന് കരുതാനാകില്ല.

2030 ഓടെ ആകെ ആവശ്യമുള്ള അറുപതിനായിരം മില്യൺ യൂണിറ്റ് വൈദ്യുതിയിൽ സോളാർ നിലയങ്ങളുടെ സംഭാവനയായ 10,000 മില്യൺ യൂണിറ്റും ജലനിലയങ്ങളിൽ നിന്ന് കിട്ടുന്ന 10,000 മില്യൺ യൂണിറ്റും കഴിച്ച് ബാക്കി 40,000 മില്യൺ യൂണിറ്റ് വൈദ്യുതി സംസ്ഥാനത്തിന് പുറത്തുനിന്ന് കൊണ്ടുവരുകയല്ലാതെ മറ്റു മാർഗ്ഗങ്ങൾ നിലവിലില്ലെന്നതാണ് ഈ പരിശോധനകളിൽ നിന്ന് വ്യക്തമാകുന്നത്.

വൈദ്യുതി ഇറക്കുമതി

വൈദ്യുതി വാങ്ങലുകൾ പൂർണ്ണമായും കമ്പോള നിയന്ത്രിതമാക്കാനുള്ള കേന്ദ്രസർക്കാർ നീക്കങ്ങളും വൈദ്യുതി ഉത്പാദന രംഗത്ത് സ്വകാര്യ മേഖലയുടെ സ്വാധീനം വർദ്ധിച്ചു വരുന്നതും പുറത്തുനിന്ന് വൈദ്യുതി വാങ്ങുന്നതിന് പലതരം പ്രതിസന്ധികൾ സൃഷ്ടിക്കുന്നുണ്ട്. എങ്കിലും പദ്ധതികളിൽ പങ്കാളിത്തം വഹിച്ചുകൊണ്ട് വൈദ്യുതി ലഭ്യത ഉറപ്പുവരുത്താനുള്ള സാധ്യത നിലനിൽക്കുന്നുണ്ട്. അത്തരം സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്താൻ നല്ല ശ്രമം ഉണ്ടാവേണ്ടതുണ്ട്.

സംസ്ഥാനത്തിന് നിലവിൽ വൈദ്യുതി കിട്ടിക്കൊണ്ടിരിക്കുന്ന വൈദ്യുതിക്കരാറുകളിൽ ചിലത് 2030ന് മുമ്പ് കാലാവധി തീരുന്നതാണ്.  രാജ്യത്തെ പഴയ നിലയങ്ങളിൽ ചിലത് പ്രവർത്തനം നിർത്താനും ഉദ്ദേശിക്കുന്നുണ്ട്. ഇവയെല്ലാം കണക്കിലെടുത്ത് നിർമ്മാണത്തിലിരിക്കുന്നതും പുതുതായി വിഭാവനം ചെയ്തിട്ടുള്ളതുമായ വൈദ്യുതി പദ്ധതികളുമായി വൈദ്യുതി വാങ്ങൽക്കരാർ ഉണ്ടാക്കുന്നതിനുള്ള ഫലപ്രദമായ ഇടപെടലുകൾ ഉണ്ടാകേണ്ടതുണ്ട്.

ഹിമാചൽ പ്രദേശ് പോലെ വേനൽക്കാലത്തും ജലലഭ്യത ഉറപ്പുള്ള സംസ്ഥാനങ്ങളിൽ പുതിയ ജലവൈദ്യുതി നിലയങ്ങളിൽ പങ്കാളിത്തമെടുക്കുന്നതും ആലോചിക്കാവുന്ന സാദ്ധ്യതയാണ്. കേരളത്തിന് പുറത്ത് വിശാലമായ തരിശ് ഭൂമി ലഭ്യമായ പ്രദേശങ്ങളുണ്ട്. ഇത്തരം ഭൂമി കണ്ടെത്തി സംഭരണ സംവിധാനങ്ങളോടു കൂടിയ സോളാർ നിലയങ്ങൾ സ്ഥാപിക്കുന്നതിനുള്ള സാധ്യതയും പരിശോധിക്കാവുന്നതാണ്. നിലവിലുള്ളതും നിർമ്മാണത്തിലിരിക്കുന്നതുമായ നിലയങ്ങളിൽ നിന്ന് വൈദ്യുതി വാങ്ങുന്നതിനും സാധ്യതയുണ്ട്. ഇത്തരം സാധ്യതകളെയെല്ലാം ഉപയോഗപ്പെടുത്തേണ്ടതുണ്ട്.

പുറത്തുനിന്നുള്ള വൈദ്യുതിയെ എത്രകാലം ആശ്രയിക്കാൻ കഴിയും ?

വൈദ്യുതി ഉപഭോഗം വർദ്ധിച്ചു വരുന്നതിനനുസരിച്ച് അഭ്യന്തര ഉത്പാദനം വർദ്ധിപ്പിക്കുക എന്നതിന് പകരം പുറത്തുനിന്നുള്ള വൈദ്യുതിയെ ആശ്രയിച്ച് എല്ലാകാലവും മുന്നോട്ടുപോകാൻ കഴിയുമോ? ഇത് സുസ്ഥിരമായ ഒരു വികസന മാതൃകയാണോ ? പലപ്പോഴും ഉയർന്നുവരുന്ന ഒരു ചോദ്യമാണിത്. ഈ ചോദ്യത്തിന് ഉത്തരം തേടുന്നതിന് മുന്നോടിയായി ഉയർത്താവുന്ന മറ്റൊരു ചോദ്യമുണ്ട്. അല്ലാതെ എന്താണ് ചെയ്യാനാകുക എന്നതാണത്.

വൈദ്യുതി ഉപഭോഗം ലഭ്യതക്കനുസരിച്ച് പരിമിതപ്പെടുത്തുകയും അഭ്യന്തര വൈദ്യുതി ഉത്പാദനം വർദ്ധിക്കുന്ന മുറക്കുമാത്രം ഉപഭോഗവർദ്ധനവ് ആസൂത്രണം ചെയ്യുകയുമാണ് മുന്നോട്ടുവെക്കപ്പെടുന്ന ഒരുത്തരം. അത്രയൊക്കെയേ ആവശ്യമുള്ളൂ എന്നതാണ് ഈ ഉത്തരം മുന്നോട്ടുവെക്കുന്ന തത്വശാസ്ത്രം.

കേരളത്തിലെ പ്രതിശീർഷ വൈദ്യുതി ഉപഭോഗം കേവലം 850 യൂണിറ്റായിരിക്കുമ്പോൾ അമേരിക്കയിലെ ഒരു പൗരൻ പ്രതിവർഷം അതിന്റെ പതിനഞ്ച് ഇരട്ടിയിലധികം വൈദ്യുതിയാണ് ഉപയോഗിക്കുന്നത്. ഈ അന്തരം നിലനിൽക്കുമ്പോഴാണ് നാം നമ്മുടെ ആവശ്യങ്ങൾ പരിമിതപ്പെടുത്തണം എന്ന് പറയുന്നത്. ലോകത്തെ വിഭവങ്ങൾ നമുക്കെല്ലാവർക്കും കൂടിയുള്ളതാണ്. ജീവിത നിലവാരം മെച്ചപ്പെടുത്താനുള്ള അവകാശം മറ്റെതൊരു രാജ്യക്കാരനേയും പോലെ ഇന്ത്യക്കാരനും കേരളീയനും ഉണ്ട്.  ലോകത്ത് ലഭ്യമായ ആധുനിക സൗകര്യങ്ങളെല്ലാം നമുക്കും അവകാശപ്പെട്ടതാണ്. അതുകൊണ്ടുതന്നെ സംസ്ഥാനത്തിന്റെ അതിർത്തിക്കുള്ളിലെ വിഭവങ്ങളെ മാത്രമാശ്രയിച്ചുകൊണ്ടുവേണം നമ്മുടെ ഊർജാവശ്യകതയും ജീവിത സൗകര്യങ്ങളുമൊക്കെ ആസൂത്രണം ചെയ്യാനെന്ന വാദം നമുക്ക് അംഗീകരിക്കാൻ കഴിയില്ല. ജീവിതം പരിമിതപ്പെടുത്തുകയെന്ന ഉത്തരം അതുകൊണ്ടുതന്നെ നമുക്ക് സ്വീകാര്യവുമല്ല.

അങ്ങനെ ജീവിതം പരിമിതപ്പെടുത്തുകയെന്നതല്ല വേണ്ടതെങ്കിൽ ഉയർന്നുവരുന്ന ഊർജ്ജാവശ്യകത നിറവേറ്റാനുള്ള മാർഗ്ഗങ്ങൾ കണ്ടെത്തുകയും നടപ്പാക്കുകയും മാത്രമാണ് നമ്മുടെ മുന്നിലുള്ള മാർഗ്ഗം. പുറത്തുനിന്ന് വൈദ്യുതി ഇറക്കുമതി ചെയ്യലാണ് സാദ്ധ്യതയെങ്കിൽ അത് ചെയ്യുക തന്നെയാണ് നമുക്ക് മുന്നോട്ടുവെക്കാനുള്ള ഉത്തരം. ശാസ്ത്ര സാങ്കേതിക വിദ്യയിൽ വന്നുകൊണ്ടിരിക്കുന്ന മാറ്റങ്ങൾ ഒരു ഘട്ടത്തിൽ അഭ്യന്തര വൈദ്യുതി ഉത്പാദനം വൻതോതിൽ വർദ്ധിപ്പിക്കാൻ സഹായകമായ നിലയിൽ ആയിക്കൂടെന്നില്ല. ഉദാഹരണത്തിന് തോറിയം അധിഷ്ഠിത ആണവ സാങ്കേതിക വിദ്യ അത്തരത്തിലുള്ള ഒരു സാധ്യതയാണ്. അത്തരം സാധ്യതകൾ വരുന്നതുവരെ ഉള്ളതുകൊണ്ട് തൃപ്തിപ്പെട്ട് കാത്തിരിക്കുക എന്ന നിലയിൽ കാര്യത്തെ കാണാൻ കഴിയില്ല. സാധ്യതകളെ പരമാവധി പ്രയോജനപ്പെടുത്തുക എന്നതുതന്നെയാണ് ശരിയായ രീതി.

അതുകൊണ്ട് നമുക്ക് എത്തിച്ചേരാവുന്ന നിഗമനം കേരളത്തിന് ആവശ്യമായ വൈദ്യുതി ലഭ്യത ഉറപ്പുവരുത്തുന്നതിന് ഏതെങ്കിലും ഒരു മാർഗ്ഗം മാത്രമായി ആശ്രയിക്കുക സാധ്യമല്ല എന്നുതന്നെയാണ്.  അഭ്യന്തര വൈദ്യുതി ഉത്പാദനം വർദ്ധിപ്പിക്കാൻ ശ്രമിക്കുന്നതിനോടൊപ്പം  പുറത്തുനിന്നും വൈദ്യുതി വാങ്ങിയെത്തിക്കുന്നതിനും ശക്തമായ ഇടപെടലുകൾ ഉണ്ടാകേണ്ടതുണ്ട്. അതാണ് പ്രായോഗിക സമീപനം. ഇത് എക്കാലത്തും ഇങ്ങിനെ തന്നെ തുടരണമെന്നില്ല. മാറ്റം ഉണ്ടാകും. അത്തരം മാറ്റങ്ങളെയും പരമാവധി ഗുണകരമായി ഉപയോഗപ്പെടുത്തുക എന്നതല്ലാതെ “നദിയും വറ്റി നായയുടെ തുടലും പൊട്ടിയാൽ എന്തു ചെയ്യും” എന്ന് ചിന്തിച്ചിരിക്കുന്നത് ഒരു ആധുനിക സമൂഹത്തിന് ഗുണകരമായ സമീപനമല്ല.

അന്തർ സംസ്ഥാന പ്രസരണ ലൈനുകൾ 

നമ്മുടെ വൈദ്യുതി ആവശ്യകതയിൽ പുറത്തുനിന്നുള്ള ഇറക്കുമതി പ്രധാനമാർഗ്ഗമാകുമ്പോൾ ആവശ്യത്തിന് ഇറക്കുമതി ശേഷി ഉറപ്പുവരുത്താനും ഇടപെടലുകൾ ഉണ്ടാകേണ്ടതുണ്ട്.  കേരളത്തിലേക്കുള്ള അന്തർസംസ്ഥാന പ്രസരണ ലൈനുകളുടെ ശേഷി വർദ്ധനവും പുതിയ ലൈനുകളുടെ നിർമ്മാണവും ഇതിൽ പ്രധാനപ്പെട്ടതാണ്. മധുര -തിരുവനന്തപുരം, കൂടംകുളം-കൊച്ചി, ഉദുമൽപ്പേട്ട് -മാടക്കത്തറ, മൈസൂർ-അരീക്കോട് 400 കെ.വി. ലൈനുകളും പുകലൂർ-തൃശൂർ എച്ച്.വി.ഡി.സി. (High Voltage Direct Current) ലൈനുമാണ് കേരളത്തിലേക്ക് വൈദ്യുതി എത്തുന്ന പ്രധാന മാർഗ്ഗങ്ങൾ. ഇതോടൊപ്പം ചില 220 കെ.വി. ലൈനുകളിലൂടെയും 110 കെ.വി. ലൈനുകളിലൂടെയും ചെറിയതോതിൽ വൈദ്യുതി എത്തിക്കാൻ കഴിയും. കർണ്ണാടകയിലെ ഉടുപ്പിയിൽ നിന്നും കാസർക്കോട്ടേക്ക് ഒരു 400 കെ.വി. ലൈൻ നിർമ്മാണത്തിലുണ്ട്.

നിലവിലുള്ള  ലൈനുകളെല്ലാം പൂർണ്ണ ശേഷിയിൽ ഉപയോഗപ്പെടുത്തുകയും ഉടുപ്പി-കാസർക്കോട് ലൈൻ പൂർത്തിയാക്കുകയും ചെയ്താൽ നമ്മുടെ വൈദ്യുതി ഇറക്കുമതി ശേഷി ആവശ്യത്തിനുതകും. എന്നാൽ നിലവിലുള്ള ശൃംഖലകളുടെ പൂർണ്ണ ശേഷിയിലുള്ള ഉപയോഗം പലപ്പോഴും സാദ്ധ്യമാകാറില്ല. ഉദാഹരണത്തിന് തൃശൂരേക്കുള്ള എച്ച്.വി.ഡി.സി. ലൈനിലൂടെ വൈദ്യുതി എത്തുമ്പോൾ തൃശൂരിലെ വോൾട്ടേജ് നില കൂടും. ഉദുമൽപ്പേട്ടയിലെ വോൾട്ടേജ് നില ഇതിലും താഴെയാണെങ്കിൽ ഉദുമൽപ്പേട്ട്- മാടക്കത്തറ ലൈനിലൂടെ വൈദ്യുതി തിരിച്ചൊഴുകാൻ ഇത് കാരണമാകും. ഇത്തരത്തിൽ പലവിധ പ്രശ്നങ്ങൾ വൈദ്യുതി ഇറക്കുമതിയെ ബാധിക്കാനിടയുണ്ട്. അതാകട്ടെ കേരളത്തിന്റെ മാത്രം അധികാരപരിധിയിൽ പരിഹരിക്കാൻ കഴിയുന്നതല്ല. ഇത്തരം കാര്യങ്ങൾ കണക്കിലെടുത്ത് പ്രസരണ ശേഷിയിൽ ആവശ്യത്തിന് കരുതൽ ശേഷി ഉറപ്പുവരുത്തുക എന്നത് പ്രധാനമാണ്.  അന്തർസംസ്ഥാന ഫീഡിംഗ് സബ്സ്റ്റേഷനുകളുടെ ട്രാൻസ്ഫോർമർ ശേഷി വർദ്ധിപ്പിക്കുന്നതടക്കം ഒട്ടേറെ നടപടികൾ ഇതിന്റെ ഭാഗമായി നടക്കേണ്ടതുണ്ട്.

അഭ്യന്തര പ്രസരണ ശേഷി 

ഇറക്കുമതി ചെയ്യുന്ന വൈദ്യുതി സംസ്ഥാനത്തുടനീളം  ഫലപ്രദമായി എത്തിക്കുന്നതിനും നമ്മുടെ ഉത്പാദന നിലയങ്ങളിൽ നിന്നുള്ള ഇവാക്വേഷൻ ഉറപ്പുവരുത്തുന്നതിനും സോളാർ അടക്കമുള്ള അനിശ്ചിത ഉത്പാദന നിലയങ്ങളിൽ നിന്നുള്ള വൈദ്യുതിയുടെ അളവ് കൂടുമ്പോൾ ഉണ്ടാകുന്ന ചാഞ്ചാട്ടങ്ങൾ ഗ്രിഡിനെ  അസ്ഥിരപ്പെടുത്താതിരിക്കുന്നതിനുമൊക്കെ അഭ്യന്തര പ്രസരണ ശൃംഖല വളരെ ശക്തവും ആവശ്യത്തിന് കരുതൽ ശേഷി ഉള്ളതുമാകണം. ട്രാൻസ്ഗ്രിഡ് പദ്ധതി ഈ ലക്ഷ്യത്തോടെ വിഭാവനം ചെയ്തതാണ്. അതിന്റെ ഒന്നാം ഘട്ടം പ്രവർത്തനങ്ങൾ ഇതിനകം പൂർത്തിയായിട്ടുണ്ട്. എന്നാൽ രണ്ടാം ഘട്ട പദ്ധതികൾ ആരംഭിച്ചിട്ടില്ല.

വൈദ്യുതി ഉപഭോഗം വർദ്ധിക്കുമ്പോൾ പ്രസരണ ശൃംഖലയിൽ പലയിടത്തും ഓവർലോഡിംഗ് ഉണ്ടാകുന്ന സാഹചര്യം നിലവിലുണ്ട്. അതിന്റെ ഭാഗമായി വൈദ്യുതി തടസ്സങ്ങളും ഉണ്ടാകുന്നുണ്ട്. വൈദ്യുതി ഉപഭോഗത്തിന്റെ വർദ്ധനവ് കേരളത്തിന്റെ എല്ലാ പ്രദേശത്തും ഒരു പോലെയല്ല. മാത്രമല്ല മുമ്പുണ്ടായിരുന്ന ഉപഭോഗ പാറ്റേണുകളിൽ നല്ല മാറ്റം ഉണ്ടാകുന്നുമുണ്ട്. ഇതിലൊക്കെ  പലതരത്തിലുള്ള അനിശ്ചിതത്വവും നിലനിൽക്കുന്നുമുണ്ട്. പ്രസരണ ശൃംഖലാവികസനം ആസൂത്രണം ചെയ്യുന്നതിൽ ഇത്തരം ഘടകങ്ങളെല്ലാം കണക്കിലെടുത്തുകൊണ്ട് നിരന്തരം പുതുക്കേണ്ട സാഹചര്യമുണ്ട്.  ഇത്തരത്തിലുള്ള നിരന്തര വ്യതിയാനങ്ങൾ പത്തോ പതിനഞ്ചോ കൊല്ലത്തേക്ക് ഉദ്ദേശിച്ചുകൊണ്ടുള്ള ദീർഘകാല ആസൂത്രണം സാധ്യമാകാത്ത സ്ഥിതിയാണ് സൃഷ്ടിക്കുന്നത്.

അഞ്ചോ ആറോ വർഷത്തെ ഉപഭോഗവർദ്ധനവും ഉപഭോഗ പാറ്റേണും കണക്കിലെടുത്തുള്ള ആസൂത്രണവും പദ്ധതികൾ നടപ്പാക്കുന്നതിനോടൊപ്പമുള്ള നിരന്തരമായ പുതുക്കലുമാണ് ഇത്തരം സാഹചര്യങ്ങളിൽ പ്രായോഗികമാകുക. ആവശ്യത്തിന് റിഡന്റൻസി ഉറപ്പുവരുത്തുന്ന നിലയിൽ വേണ്ടി വരും പദ്ധതികൾ വിഭാവനം ചെയ്യാൻ.

വിതരണ ശൃംഖലയുടെ പരിമിതികൾ

കേരളത്തിലെ വൈദ്യുതി വിതരണ ശൃംഖലയിലും നിരവധി  പ്രതിസന്ധികളുണ്ട്. ഉദാഹരണത്തിന് ഇലക്ട്രിക്ക് കാറുകളുടെ വർദ്ധനവ് ഉണ്ടാക്കുന്ന ഒരു പ്രശ്നം പരിശോധിക്കാം. ഇലക്ട്രിക്ക് കാറിന്റെ ചാർജിംഗ് സമയത്ത് സിസ്റ്റത്തിലുണ്ടാക്കുന്ന ലോഡ് 7 കിലോവാട്ടിൽ അധികമാണ്. സാധാരണ നിലയിൽ ഒരു ഗാർഹിക ഉപഭോക്താവിന്റെ അതുവരെയുള്ള കണക്ടഡ് ലോഡ് ഒരുപക്ഷേ ഇതിനേക്കാൾ കുറവായിരിക്കും. അപ്പോൾ ലോഡ് ഇരട്ടിയോ അതിലധികമോ ഒക്കെയായി വർദ്ധിക്കുകയാണ് കാർ ചാർജ്ജിംഗിലൂടെ സംഭവിക്കുന്നത്. കേരളത്തിൽ ഏറ്റവും കൂടുതൽ ഉപയോഗത്തിലുള്ള വിതരണ ട്രാൻസ്ഫോർമറുകളുടെ ശേഷി 100 കെ.വി.എ. ആണ്. അതായത് അത്തരമൊരു ട്രാൻസ്ഫോർമർ പരിധിയിൽ 14 കാറുവന്നാൽ അതുകൊണ്ടുതന്നെ ട്രാൻസ്ഫോർമർ ശേഷി പൂർണ്ണമായും ഉപയോഗിക്കപ്പെടും. ഇതൊക്കെ സൃഷ്ടിക്കുന്ന പ്രതിസന്ധികൾ ചെറുതല്ല.

വിതരണ ശൃംഖലയുടെ ശേഷി വൻതോതിൽ വർദ്ധിപ്പിച്ചുകൊണ്ടല്ലാതെ കേരളത്തിന്റെ ഉയർന്നുവരുന്ന വൈദ്യുതി ആവശ്യകത നിറവേറ്റാനാകില്ല എന്നതാണിത് കാണിക്കുന്നത്. സ്വാപ്പിംഗ് സാങ്കേതിക വിദ്യയിലൂന്നിയ വൈദ്യുതി വാഹന നയമടക്കം ശൃംഖലയുടെ സമ്മർദ്ദം കുറക്കുന്നതിനുള്ള നിയമപരമായ ഇടപെടലുകളും പ്രധാനമാണ്. ജനങ്ങളുടെ ജീവിതസൗകര്യങ്ങളിൽ നിയന്ത്രണം ഏർപ്പെടുത്തുകയെന്നതല്ല, സൗകര്യങ്ങളെല്ലാം ലഭ്യമാകുന്ന നിലയിൽ ബദൽ സംവിധാനങ്ങളൊരുക്കുക എന്നതാണ് നടക്കേണ്ടത്.

വൈദ്യുതി ഉപഭോക്താക്കളുടെ ഏറ്റവും വലിയ പരാതി വൈദ്യുതി തടസ്സങ്ങളാണ്. തടസ്സങ്ങളുടെ എണ്ണവും എത്ര നേരമെന്നതും ഉപഭോക്തൃ സംതൃപ്തിയിൽ ഏറെ പ്രധാനപ്പെട്ടതാണ്. തടസ്സ രഹിതമായി വൈദ്യുതി വിതരണം ഉറപ്പുവരുത്തുന്നതിന് വിതരണ ശൃംഖലയുടെ ശേഷി വർദ്ധനവും അറ്റകുറ്റപ്പണികളുടെ കൃത്യമായ ആസൂത്രണവും ഉണ്ടാകേണ്ടതുണ്ട്. എല്ലാ പ്രദേശങ്ങളിലേക്കും എല്ലാ ട്രാൻസ്ഫോർമറുകളിലേക്കും ഒന്നിലധികം ഫീഡറുകളിലൂടെ വൈദ്യുതി എത്തിക്കാൻ കഴിഞ്ഞാലേ ഫീഡറുകളിലെ തകരാറുകൾ ഉപഭോക്താവിനെ വലിയ തോതിൽ ബാധിക്കാതെ വൈദ്യുതി വിതരണം നടക്കുകയുള്ളൂ. വിതരണ ട്രാൻസ്ഫോർമറുകളിലെ ലോഡ് ആവശ്യം വന്നാൽ തൊട്ടടുത്ത ട്രാൻസ്ഫോർമറുകളിലെക്ക് മാറ്റിക്കൊടുക്കാൻ പറ്റുന്ന നിലയിൽ ക്രമീകരിക്കപ്പെടുകയും വേണം. ആധുനിക സാങ്കേതിക വിദ്യകൾ ഫലപ്രമായി ഉപയോഗപ്പെടുത്തി വൈദ്യുതിത്തകരാറുകൾ പരമാവധി കുറക്കേണ്ടതും പ്രധാനമാണ്.

വിപുലമായ ജനകീയ സംവാദം ഉയർന്നുവരണം

സമൂഹ്യ വികസനത്തിന്റെ മൂലക്കല്ലാണ് വൈദ്യുതി. ഗുണമേൻമയുള്ള വൈദ്യുതി താങ്ങാവുന്ന നിരക്കിൽ എല്ലാവർക്കും ലഭ്യമാക്കുക എന്നതാണ് വൈദ്യുതി മേഖല ലക്ഷ്യം വെക്കേണ്ടത്. ഈ രംഗത്തെ പ്രശ്നങ്ങളും പരിമിതികളും ജനകീയമായ പരിശോധനകൾക്ക് വിധേയമാക്കുകയും വിപുലമായ ജനപങ്കാളിത്തം പദ്ധതി നടത്തിപ്പിൽ ഉറപ്പുവരുത്തുകയും വേണം. അത്തരത്തിലൊരു ജനകീയാവബോധം സൃഷ്ടിക്കാനുതകുന്ന വ്യാപകമായ ചർച്ചകൾ ഉയർന്നുവരേണ്ടതുണ്ട്. ഇപ്പോഴുണ്ടായിട്ടുള്ള പ്രതിസന്ധികൾ ഇത്തരമൊരു സംവാദത്തിന് സഹായകമാകുമെന്നുതന്നെ പ്രതീക്ഷിക്കാം.

കേരളത്തിന്റെ ഊർജ്ജമേഖല ജനകീയ മുന്നേറ്റത്തിന്റെ അവശ്യകത

Happy
Happy
55 %
Sad
Sad
9 %
Excited
Excited
36 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

One thought on “കേരളത്തിലെ വൈദ്യുതി മേഖല – പ്രതിസന്ധിയും പരിഹാര സാധ്യതകളും 

  1. പ്രസരണ നഷ്ടം കുറക്കേണ്ടതിന്റെ ഉത്തരവാദിത്തം ആർക്കാണ്? എന്റെ ഇവി ചാർജ്ജ് ചെയ്യാൻ കുത്തിയാൽ kseb മീറ്ററിൽ 10 വോൾട്ട് താഴും.
    രണ്ട് വർഷം മുമ്പ് വരെ ആ മീറ്ററിലേക്കുള്ള വയറിന്റെ പ്ലാസ്റ്റിക് ഭാഗം കൂടി ചേർത്തായിലുന്നു ബന്ധിപ്പിച്ചിരുന്നത്.

Leave a Reply

Previous post കേരളത്തിൽ അറോറ കണ്ടാൽ ലോകാവസാനം ആണോ?
Next post ഇന്ത്യന്‍ ശാസ്ത്രരംഗം: കുതിപ്പും കിതപ്പും
Close