എന്താണ് സ്കൂൾ സയൻസ് ലാബുകളുടെ പരിമിതി ?

കണ്ണൻ കീച്ചേരിൽ

സയന്‍സ് വിദ്യാഭ്യാസത്തിന്റെ അവിഭാജ്യ ഘടകങ്ങളിലൊന്നാണ് പരീക്ഷണങ്ങളും പരീക്ഷണശാലകളും. (പ്രാക്ട്രിക്കല്‍/ലാബ് എന്ന് സ്ക്കൂള്‍ ഭാഷയില്‍). സയന്‍സെന്ന പ്രക്രിയയുടെ പ്രധാന ഇന്ധനങ്ങളിൽ ഒന്നായ പരീക്ഷണങ്ങളും അതിന്റെ അടിസ്ഥാന സങ്കല്പങ്ങളും എല്ലാ വിദ്യാര്‍ത്ഥികളും മനസ്സിലാക്കിയിരിക്കേണ്ടത് തന്നെയാണ്. പക്ഷേ, ഈ ആവശ്യത്തിന്റെ കണ്ണിലൂടെ നോക്കുമ്പോള്‍ നമ്മുടെ ഇന്നുള്ള സയന്‍സ് ലാബുകള്‍ വളരെ പരിമിതമാണ് എന്ന് മാത്രമല്ല, പലപ്പോഴും തലതിരിഞ്ഞ പാഠങ്ങളാണോ പഠിപ്പിക്കുന്നത് എന്നും സംശയിക്കേണ്ടിയിരിക്കുന്നു. അതിനെപ്പറ്റിയാണ് ഈ കുറിപ്പ്.

എന്താണ് പരീക്ഷണങ്ങള്‍? ഒരു സിദ്ധാന്തം ഒരു പ്രത്യേക സാഹചര്യത്തില്‍ കൃത്യമായ ഫലം തരുന്നുണ്ടോ എന്ന് നോക്കല്‍ ആണ് പരീക്ഷണങ്ങള്‍.(സിദ്ധാന്തരൂപീകരണത്തിന് ശേഷം നടക്കുന്ന ചില നിരീക്ഷണങ്ങളും ഈ നിര്‍വചനത്തിനുള്ളില്‍ വരും). സിദ്ധാന്തം മൂലം പ്രവചിക്കപ്പെട്ട ഫലം കിട്ടിയാല്‍ ആ സിദ്ധാന്തം ആ സാഹചര്യത്തില്‍ ശരിയാണ് എന്ന് മനസിലാക്കാം. പ്രവചിക്കപ്പെട്ട ഫലം കിട്ടുന്നില്ല എങ്കില്‍ രണ്ട് സാധ്യതകളാണുള്ളത്. ഒന്ന്, പരീക്ഷണത്തിന്റെ പ്രക്രിയയില്‍ അല്ലെങ്കില്‍ നമ്മുടെ പരീക്ഷണത്തെ പറ്റിയുള്ള ധാരണയില്‍ തന്നെയോ തെറ്റുണ്ട്. രണ്ട്, സിദ്ധാന്തം ഈ സാഹചര്യത്തില്‍ എന്തുകൊണ്ടോ ശരിയല്ല.  രണ്ടും ഒരുപാട് സാധ്യതകളുള്ള അന്വേഷണങ്ങളിലേക്കാണ് വിരല്‍ ചൂണ്ടുക.ചുരുക്കിപ്പറഞ്ഞാല്‍ പരീക്ഷണങ്ങള്‍ക്ക് പരാജയപ്പെടാന്‍ കഴിയില്ല. സിദ്ധാന്തങ്ങളിലോ  പരീക്ഷണത്തിന്റെ രൂപകല്പനയിലോ (experimental design) തെറ്റ് ഉണ്ടെങ്കില്‍ അവ മനസിലാക്കുന്നതിലൂടെ നമ്മുടെ ലോകത്തെ പറ്റിയുള്ള ധാരണ കൂടുതല്‍ വ്യക്തവും /കൃത്യവുമാക്കുകയാണ്.ഒരു പരീക്ഷണത്തില്‍ പ്രവചിക്കപ്പെട്ട ഫലം കിട്ടാതിരിക്കുമ്പോള്‍ നിന്ന് സയന്‍സ് ചെയ്യേണ്ടത്. വിരോധാഭാസമെന്നതുപോലെ, പുതിയതായി ഒന്നും മനസിലാക്കാന്‍ കഴിയാതെ വരുക സിദ്ധാന്തം ശരിയാണ് എന്ന ഫലത്തില്‍ നിന്നാണ്!

ഇതാണ് പരീക്ഷണങ്ങള്‍, സായന്‍സികമായ സിദ്ധാന്തങ്ങളെ മാറ്റുരച്ചുനോക്കല്‍. അജ്ഞാതമായ ഇടങ്ങളെ പരിചിതമാക്കുന്ന, പരിചയമുള്ളതിനെ ആഴത്തിലറിയാനുള്ള പ്രക്രിയ. അതേസമയം, നമ്മുടെ ലാബുകളില്‍ പരീക്ഷണങ്ങളെ പറ്റി പഠിപ്പിക്കുന്നത് എന്താണ്? ചെയ്യാന്‍ ഒരു പരീക്ഷണം തരുന്നു. അതിന് കിട്ടേണ്ട ഒരു ഫലം ഉണ്ട്. ആ ഫലം ചെയ്ത് കിട്ടിയാല്‍ മാര്‍ക്ക് വീഴും; ഇല്ല എങ്കില്‍ മാര്‍ക്കുണ്ടാകില്ല. അജ്ഞതകളുടെ അതിര്‍ത്തികള്‍ വെളിപ്പെടുത്തേണ്ട പരീക്ഷണം എന്ന പരിപാടിയെ മുന്‍പ് തീരുമാനിച്ച ഒരു സംഖ്യയിലേക്ക്, ഒരു പ്രതിഭാസത്തിലേക്ക് എത്താനുള്ള വെപ്രാളമായിട്ടാണ് കുട്ടികള്‍ പരിചയപ്പെടുന്നത്! പരീക്ഷാ സമയത്താണ്, പ്രതീക്ഷിക്കുന്ന ഫലങ്ങള്‍ കിട്ടുന്നില്ല, എങ്കില്‍ പറയുകയും വേണ്ട, മുന്‍പേ പഠിച്ച സംഖ്യകള്‍ ഫലമാണ് എന്ന് എഴുതി വയ്ക്കേണ്ടി വരും!

ഒരുദാഹരണം : സിമ്പിള്‍ പെന്‍ഡുലം പരീക്ഷണം. ഒരു നൂലില്‍ നിന്നും കെട്ടിയിട്ട ബോബ് (പൊതുവേ ഒരിരുമ്പുണ്ട) പതിയെ ആട്ടി വിടുന്നു. എത്ര സമയം കൊണ്ട് 20 പ്രാവശ്യം ഈ ആട്ടം പൂര്‍ത്തിയാകുന്നു എന്ന് ഒരു സ്റ്റോപ്പ് വാച്ച് ഉപയോഗിച്ച് രേഖപ്പെടുത്തും. എത്ര പ്രാവശ്യം എന്നത് മാറ്റി മാറ്റി പരീക്ഷണം ചെയ്യും. ഓരോ തവണയും ഒരു ആട്ടത്തിന് എത്ര സമയമെടുത്തു എന്നത് കണക്കാക്കും. ഒരു പ്രാവശ്യം ആടാന്‍ എത്ര സമയം വേണ്ടിവന്നു എന്ന് ആടാനെടുത്ത സമയത്തെ എത്ര പ്രാവശ്യം ആടി എന്നത് കൊണ്ട് ഹരിച്ചാല്‍ കിട്ടും. ഈ സംഖ്യകളുടെ ശരാശരിയെ സമയദൈര്‍ഘ്യം, t, എന്ന് വിളിക്കും. ഗുരുത്വാകര്‍ഷണ നിയമവും ഒരിത്തിരി ഗണിതവും വഴി നമുക്ക് ഈ സമയദൈര്‍ഘ്യത്തിന് കാരണമാകുന്നത് ആ ഇടത്ത് ഗുരുത്വാകര്‍ഷണം മൂലമുള്ള ത്വരണം (g), പെന്‍ഡുലത്തിന്റെ നീളം (l) എന്നിവയാണെന്ന് കണ്ടെത്താം.

ചരടിന്റെ നീളം അറിഞ്ഞാല്‍ g കണക്കാക്കാന്‍ ഈ സമവാക്യം ഉപയോഗിക്കാം:

എന്നാല്‍ ഭൂമിയില്‍ മിക്കയിടത്തും g = 9.8 മീറ്റര്‍/സെക്കന്റ് ആയിരിക്കും. ഇതറിയാവുന്ന കുട്ടികള്‍ ഒരിക്കലും 12 മീറ്റര്‍/സെക്കന്റ് എന്നോ മറ്റോ കിട്ടിയാല്‍ (എത്ര കൃത്യമായി നിര്‍ദ്ദേശങ്ങള്‍ പിന്തുടര്‍ന്നു, എത്ര നന്നായി പരീക്ഷണം അറിയാം എന്ന തീര്‍ച്ചകള്‍ ഉണ്ടെങ്കില്‍ കൂടി) മുന്‍കൂട്ടിയറിയാവുന്ന മൂല്യത്തിലേക്ക് എത്താന്‍ മൂല്യങ്ങള്‍ തിരുത്താനാകും ശ്രമിക്കുക.

അതായത്, സിദ്ധാന്തങ്ങളും ധാരണകളും പരിശോധിക്കാന്‍ ഉള്ള ഒരു പ്രക്രിയ ആയിട്ടല്ല, മുന്‍ധാരണകളെ എന്തുകൊണ്ടും ന്യായീകരിക്കാനുള്ള സര്‍ക്കസായിട്ടാണ് ഒരു സയന്‍സ് ലാബ് നമ്മള്‍ മനസിലാക്കിവയ്ക്കുന്നത്. ഗലീലിയോ മുതലിങ്ങോട്ട്‌ ഭൗതികശാസ്ത്രജ്ഞര്‍ ചെയ്തുവന്നിട്ടുള്ള, ഗുരുത്വാകര്‍ഷണത്തെ പരീക്ഷണവിധേയമാക്കുന്ന ഒരു പരീക്ഷണം 9.8 മീറ്റര്‍/സെക്കന്റ് എന്നൊരു മൂല്യം കിട്ടാനുള്ള പ്രയത്നമായി ചുരുങ്ങും.

ആ ഫലത്തില്‍ ചേരാത്ത എന്തെങ്കിലും നിരീക്ഷിച്ചാല്‍ അത് പതിയെ മായ്ച്ചുകളഞ്ഞും നല്ല നിരീക്ഷണങ്ങള്‍ തിരഞ്ഞെടുത്തും ഒക്കെ മുന്‍പ് തീരുമാനിച്ച ഫലത്തില്‍ എത്തുക എന്നത് ശരിക്കും സയന്‍സ് ലോകത്ത് തട്ടിപ്പാണ്. (ചെറി പിക്കിംഗ്, cherry picking, എന്ന് പറയും) പക്ഷേ, അത് ആരും കാണാതെ ചെയ്യാന്‍ പറ്റുമെങ്കില്‍ കുഴപ്പമില്ല എന്നാണ് നമ്മുടെ “മുന്‍കൂട്ടി തീരുമാനിച്ച ഫലങ്ങളിലെത്തുക” മോഡല്‍ ലാബ് കുട്ടികളെ പഠിപ്പിക്കുന്നത്!

എന്തോ ഒരു ഫലം കിട്ടാന്‍ വേണ്ടിയാണ് പരീക്ഷണങ്ങള്‍ എന്നൊരു ധാരണയാണ് ഫലത്തിന് വേണ്ടി പരീക്ഷണം ചെയ്യുന്ന രീതി കുട്ടികളില്‍ വികസിപ്പിക്കുന്നത്. പക്ഷേ, ഫലമേ കിട്ടാതിരുന്ന ചില പരീക്ഷണങ്ങളും ശാസ്ത്രത്തിന്റെ ചരിത്രത്തില്‍ വഴിത്തിരിവായിട്ടുണ്ട് എന്നതാണ് വസ്തുത. (മെക്കല്‍സണ്‍-മോര്‍ലി ഇന്റര്‍ഫറോമീറ്റര്‍ പരീക്ഷണം ആണ് ഇതിന്റെ ഉത്തമോദാഹരണം) പരീക്ഷണങ്ങളില്‍ ഒന്നും സംഭവിക്കുന്നില്ല എങ്കില്‍ പോലും അതൊരു ഫലമാണ്. പരീക്ഷണങ്ങളെ പറ്റി പഠിപ്പിക്കുമ്പോള്‍ “ഒന്നും സംഭവിച്ചില്ല” എന്നതും ഒരു ഫലമായി അവതരിപ്പിക്കാന്‍ കഴിയും എന്നത് കൂടി കുട്ടികളെ പഠിപ്പിക്കേണ്ടതുണ്ട്.

കിട്ടുന്ന ഫലങ്ങള്‍ സത്യസന്ധമായി അവതരിപ്പിക്കുക എന്നതാണ് ലാബില്‍ ഉണ്ടാകേണ്ട നൈതികത. ആ സത്യസന്ധത ഉണ്ടെങ്കിലെ എന്തുകൊണ്ട് പരീക്ഷണം സിദ്ധാന്തവുമായി യോജിച്ചില്ല എന്ന് പുനരാലോചന നടത്തുമ്പോള്‍ നമ്മള്‍ ചെയ്ത പരീക്ഷണവും നമ്മുടെ സായന്‍സികമായ ലോകവീക്ഷണത്തിന്റെ ഭാഗമായി  ഉള്‍പ്പെടുത്താനും കൂടുതല്‍ അറിയാനും കഴിയൂ. ആ സത്യസന്ധത ലാബുകളില്‍ ആദ്യം മുതലേ വികസിപ്പിക്കാനും, ലാബുകള്‍ മുന്‍ധാരണ ന്യായീകരിക്കാനുള്ള ഫലം കണ്ടുപിടിക്കുന്ന കേന്ദ്രങ്ങളല്ല എന്ന് സയന്‍സിതര മേഖലകള്‍ തിരഞ്ഞെടുക്കുന്നവര്‍ക്ക് അനുഭവത്തിലൂടെ മനസിലാക്കിയിരിക്കാനും വിദ്യാര്‍ത്ഥികളില്‍ നിന്ന് ഒരു കൃത്യമായ ഫലം അവശ്യപ്പെടുന്ന രീതി ഏറ്റവും കുറഞ്ഞത് അയവ് വരുത്തുക എങ്കിലും ചെയ്യേണ്ടതുണ്ട് എന്നതാണെന്റെ അഭിപ്രായം.

പഠിച്ച സിദ്ധാന്തങ്ങള്‍ പരീക്ഷണങ്ങളില്‍ നടപ്പില്‍ വരുന്നില്ല എങ്കില്‍ അതിന്റെ പ്രശ്നം കുട്ടികളിലല്ല; അത് പഠിപ്പിക്കലിലാണ്, ഉപകരണങ്ങളിലാണ്, സിദ്ധാന്തത്തിലാണ്. അതുകൊണ്ട് തന്നെ വിദ്യാര്‍ത്ഥികളുടെ ലാബിലെ പ്രകടനത്തിന്റെ അവലോകനം ഫലത്തില്‍ ഊന്നുന്ന ലാബ് സമ്പ്രദായം ഒട്ടുമേ ഭൂഷണമാകില്ല. കുറ്റം പറയാനല്ലാതെ എങ്ങനെ ഒരു നല്ല ലാബ് രീതി വിദ്യാഭ്യാസത്തിന്റെ ഭാഗമാക്കാം എന്നെനിക്ക് അറിയില്ല എന്ന് സമ്മതിച്ചുകൊണ്ട് ഞാന്‍ ഈ കുറിപ്പ് അവസാനിപ്പിക്കട്ടെ. സാധ്യതകള്‍ നമുക്ക് ചര്‍ച്ചചെയ്യാം.

2 thoughts on “എന്താണ് സ്കൂൾ സയൻസ് ലാബുകളുടെ പരിമിതി ?

 1. ഇതൊരു തലതിരിഞ്ഞ നിരീക്ഷണമാണ്. സ്കൂൾ തലത്തിൽ അങ്ങനെ തെറ്റിപ്പോകാൻ സാദ്ധ്യതയുള്ള ഗഹനമായ പരീക്ഷണങ്ങളല്ല നടക്കുന്നത്. ഉദാഹരണം കാണിച്ചിരിക്കുന്നത് പോലെ സിമ്പിൾ പെൻഡുലം പോലെയുള്ള ലഘു പരീക്ഷണങ്ങളാണ്. കാര്യങ്ങളുടെ ശാസ്ത്രീയസ്വഭാവത്തെക്കുറിച്ച് കുട്ടികളെ ബോദ്ധ്യപ്പെടുത്താനുള്ളതോ, എന്താണ് “പരീക്ഷണം” എന്ന് കാണിക്കാനോ ഉള്ള “തറ” – “പറ” സ്റ്റെപ്പുകളാണ്. അതിനെ ദുർവ്യാഖ്യാനം ചെയ്ത് “പലപ്പോഴും തലതിരിഞ്ഞ പാഠങ്ങളാണോ പഠിപ്പിക്കുന്നത്” എന്നൊക്കെ തട്ടിമൂളിക്കുന്നത് ശരിയല്ല

  1. “സ്കൂൾ തലത്തിൽ അങ്ങനെ തെറ്റിപ്പോകാൻ സാദ്ധ്യതയുള്ള ഗഹനമായ പരീക്ഷണങ്ങളല്ല നടക്കുന്നത്.”

   ഈ പ്രസ്താവന ശരിയല്ല എന്നാണ് എന്റെ അഭിപ്രായം. സിമ്പിള്‍ പെന്‍ഡുലം തന്നെ ഉദാഹരണമായി എടുത്താല്‍ ആട്ടി വിടുന്നതില്‍ ഉള്ള ദൂരവും ബലം പ്രയോഗിക്കാതിരിക്കുക എന്നതും സുപ്രധാനമായ കാര്യങ്ങളാണ്; “തെറ്റിപ്പോകാന്‍” വലിയ ബുദ്ധിമുട്ടില്ല. എനിക്ക് വ്യക്തിപരമായി ശരിയായ മൂല്യം കിട്ടാതിരുന്നിട്ടുണ്ട്.

   അത് മാത്രമല്ല. പരീക്ഷണം ഗഹനമോ ലളിതമോ ആകട്ടെ, സത്യസന്ധമായി റിപ്പോര്‍ട്ട് ചെയ്യിക്കുക എന്നത് ഗൗരവമുള്ള കാര്യമാണ് എന്നത് മറന്നുകൂട. ഒരു വസ്തുത സായന്‍സികമാണോ എന്ന് ബോധ്യപ്പെടുത്താന്‍ ഉള്ളതാണ് ലാബുകള്‍ എന്നത് സയന്‍സിന്റെ തലതിരിഞ്ഞ പ്രയോഗം തന്നെയാണ്; എന്ത് അറിയിക്കാന്‍ എന്ന് തീരുമാനിച്ചാകരുത് കുട്ടികളെ കൊണ്ട് ചെയ്യിക്കുന്ന പരീക്ഷണങ്ങള്‍. (ചെയ്ത് പരീശീലിച്ച ഒരു അധ്യാപക കാട്ടിക്കൊടുക്കുന്നത് പോലെ അല്ല കുട്ടികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്, രണ്ടും കൂട്ടിക്കലര്‍ത്തരുത്)

   “കാര്യങ്ങളുടെ ശാസ്ത്രീയസ്വഭാവത്തെക്കുറിച്ച് കുട്ടികളെ ബോദ്ധ്യപ്പെടുത്താനുള്ള”താണ് ലാബുകള്‍ എന്ന തലതിരിഞ്ഞ ധാരണ താങ്കള്‍ക്ക് വളരെ നോര്‍മ്മല്‍ ആയി തോന്നുന്നു എന്നത് തന്നെ നമ്മുടെ വിദ്യാഭ്യാസം പരീക്ഷണങ്ങളെ കുറിച്ച് ഉണ്ടാക്കിവച്ചിരിക്കുന്ന അബദ്ധധാരണയുടെ ആഴം വ്യക്തമാക്കുന്നതാണ് എന്ന് ഞാന്‍ കരുതുന്നു.

Leave a Reply