Read Time:6 Minute

എന്താണ് സൂപ്പർ ബ്ലൂമൂൺ (super blue moon) ?

ഒരു കലണ്ടർ മാസത്തിൽ രണ്ട് പൂർണ ചന്ദ്രൻ (Full moon) ഉണ്ടാവുകയാണെങ്കിൽ അതിൽ രണ്ടാമത്തേതിനെ ബ്ലൂ മൂൺ (blue moon) എന്നു ചിലർ വിളിക്കാറുണ്ട്. ആ ദിവസം ചന്ദ്രനെ നീലനിറത്തിൽ കാണുമെന്നു വിചാരിക്കരുതേ. ഈ പേരിന്  ചന്ദ്രന്റെ നിറവുമായി ബന്ധമില്ല. ബ്ലൂ മൂൺ എന്നത് ജ്യോതിശ്ശാസ്ത്രപരമായി നോക്കുകയാണെങ്കിൽ വലിയ പ്രാധാനമുള്ള കാര്യമല്ല. അത് അത്ര അപൂർവ്വവുമല്ല. 

2023 ആഗസ്റ്റ് ഒന്നും മുപ്പത്തിയൊന്നും പൗർണമി ദിനങ്ങൾ (full moon days) ആണ്. അതിൽ ആഗസ്റ്റ് 31-ലെ ചന്ദ്രനെ ബ്ലു മൂൺ എന്നു വിളിക്കുന്നു. 2, 3 വർഷത്തിലൊരിക്കൽ ഇത് ഉണ്ടാകാറുണ്ട്. അടുത്ത ബ്ലൂ മൂൺ 2026 മേയ് 31-നാണ്. ഇതിനു മുമ്പ് ഒടുവിൽ ഉണ്ടായത് 2020 ഒക്ടോബർ 31-നാണ്. എല്ലായ്പോഴും 30, 31 തീയതികളിൽ ഒന്നിലായിരിക്കും ബ്ലൂമൂൺ പ്രതിഭാസം ഉണ്ടാവുക.

ഒരു വർഷത്തിൽ രണ്ടു പ്രാവശ്യം ബ്ലൂ മൂൺ സംഭവിക്കുന്ന പ്രതിഭാസവും അപൂർവ്വമായി ഉണ്ടാകാറുണ്ട്. 2018 – വർഷം ജനുവരി 1, ജനുവരി 31, മാർച്ച് 1, മാർച്ച് 31 തീയതികൾ പൂർണ ചന്ദ്രന്റെ ദിവസങ്ങളായിരുന്നു. അതിൽ ജനുവരിയിലേയും മാർച്ചിലേയും 31ാം തീയതികളിൽ കണ്ടത് ബ്ലൂ മൂൺ ആയി കണക്കാക്കാം. ആ ഫെബ്രുവരിയിലാകട്ടെ പൗർണമി ഉണ്ടായതേ ഇല്ല. രണ്ടു പൗർണമികൾക്കിടയിലുള്ള ശരാശരി സമയം 29.53 ദിവസങ്ങൾ ആണ്. 2018 ഫെബ്രുവരിയിലെ 28 ദിവസങ്ങൾ അങ്ങനെ പൂർണചന്ദ്രനില്ലാതെ കടന്നുപോയി. ഇതേ സംഭവങ്ങൾ ഇനി 2037-ലും ആവർത്തിക്കും.

ഒരു തെറ്റായ ധാരണയുടെ അടിസ്ഥാനത്തിലാണത്രേ ബ്ലൂ മൂൺ എന്നതിൻ്റെ മേൽ വിവരിച്ച നിർവ്വചനം 1948 മുതൽ പ്രചരിച്ചത്.  അതിനു മുമ്പ് പ്രചരിച്ചിരുന്ന ഒരു രീതി അനുസരിച്ച് ചിലയിടങ്ങളിലെ കാർഷിക കലണ്ടറിൽ മൂന്നു മാസക്കാലയളവുള്ള ഒരു ഋതുവിൽ 4 പൂർണചന്ദ്രന്മാർ ഉണ്ടായാൽ അതിൽ മൂന്നാമത്തേതിനെയാണ് ബ്ലൂ മൂൺ എന്നു വിളിച്ചിരുന്നത്. ഈ പേരിനെക്കുറിച്ച് ഒരു വിശദീകരണം കാണാറുള്ളത് ഇതാണ്. നീല നിറത്തിൽ ചന്ദ്രനെ കാണാറേ ഇല്ല. അതിനാൽ ഏതാണ്ടസാദ്ധ്യം എന്ന അർത്ഥത്തിൽ അങ്ങനെയൊരു പ്രയോഗം നിലവിൽ വന്നു. അപൂർവ്വം എന്ന അർത്ഥമുള്ള once in a blue moon എന്ന പ്രയോഗം ഇംഗ്ലീഷ് സംസാരിക്കുന്നവരുടെ ഇടയിലുണ്ട്.

ഇനി സൂപ്പർമൂണിന്റെ കാര്യം

ചന്ദ്രൻ ഭൂമിക്കു ചുറ്റും ഒരു ദീർഘവൃത്ത (ellipse) പഥത്തിലൂടെയാണല്ലോ സഞ്ചരിക്കുന്നത്. അതിൽ ഭൂമിയോടടുത്തു വരുന്ന ബിന്ദുവിനെ perigee എന്നു വിളിക്കുന്നു. ചന്ദ്രൻ ഇതിനോട് അടുത്തായിരിക്കുന്ന സന്ദർഭത്തിൽ പൗർണമി സംഭവിക്കുകയാണെങ്കിൽ അതിനെ സൂപ്പർ മൂൺ എന്നു പറയാറുണ്ട്. അപ്പോഴത്തെ പൂർണചന്ദ്രന് കുറച്ചു കൂടുതൽ വലിപ്പം തോന്നും. ഭൂമിയിൽ നിന്നുള്ള ദൂരം കുറഞ്ഞിരിക്കുമെന്നതിനാലാണ് ഇങ്ങനെ സംഭവിക്കുന്നത്. ഇതും അത്ര അപൂർവ്വമല്ല. ഒരു കലണ്ടർ വർഷം പലവട്ടം ഇതു സംഭവിക്കാം.

എന്നാൽ ബ്ലൂ മൂൺ പ്രതിഭാസവും സൂപ്പർ മൂൺ പ്രതിഭാസവും കൂടി ഒരുമിച്ചു സംഭവിക്കുക അപൂർവ്വമാണ്. അതാണ് 2023 ആഗസ്റ്റ് 31-നു സംഭവിക്കുന്നത്. അമച്വർ അസ്ട്രോണമേഴ്സ് ഇത് ആഘോഷമാക്കുന്നു. ഗവേഷണ രംഗത്തൊക്കെ പ്രവർത്തിക്കുന്ന ജ്യോതിശ്ശാസ്ത്രജ്ഞർ ഇത് ഗൗരവത്തിൽ എടുക്കുന്നുമില്ല.


Happy
Happy
11 %
Sad
Sad
2 %
Excited
Excited
75 %
Sleepy
Sleepy
3 %
Angry
Angry
5 %
Surprise
Surprise
5 %

One thought on “എന്താണ് സൂപ്പർ ബ്ലൂമൂൺ ?

  1. എന്തുകൊണ്ട് ബ്ലൂ മൂൺ സംഭവിക്കുന്നു എന്ന മാത്രം ലേഖനത്തിൽ പറയുന്നില്ല

Leave a Reply

Previous post ഓണക്കാലത്ത് ചില മാലിന്യ നിർമാർജന ചിന്തകൾ
Next post പൗരാണിക ജിനോമിക്‌സ്‌ – ഡോ.കെ.പി. അരവിന്ദൻ – LUCA TALK
Close