Read Time:16 Minute

മാലിന്യ മുക്തമായ ഒരു കേരളം സാധ്യമാണോ ? കേരളത്തിൽ ഇപ്പോൾ താരതമ്യേന നിശബ്ദമായി നടക്കുന്ന മാലിന്യ മുക്തം നവകേരളം എന്ന പദ്ധതി ഞാൻ വലിയ താത്പര്യത്തോടെയാണ് പിന്തുടരുന്നത്. നമുക്കൊക്കെ അറിയാവുന്നതുപോലെ മാലിന്യ നിർമ്മാർജ്ജനത്തിൽ എടുക്കാവുന്ന സമീപനം എന്താവണം എന്ന കാര്യത്തിൽ തുടക്കത്തിൽ ചില അഭിപ്രായ വൈരുധ്യങ്ങൾ നിലനിന്നിരുന്നു എന്ന് തോന്നുന്നു. അത് കേന്ദ്രീകൃതം വികേന്ദ്രീകൃതം എന്ന ദ്വന്ദത്തിൽ മാത്രമുണ്ടായതല്ല. കേരളത്തിലുണ്ടാവുന്ന മാലിന്യങ്ങളുടെ സ്വഭാവവും കേരളത്തിലെ സവിശേഷമായ പാരിസ്ഥിതിക പ്രശ്നങ്ങളും കൂടി മുൻ നിർത്തിയായിരുന്നു.

എന്തായാലും ഇപ്പോൾ സ്വീകരിച്ചിരിക്കുന്ന സമീപനം രണ്ടു ചിന്തകളെയും അടിസ്ഥാനമാക്കി ഇണക്കി ചേർത്തുകൊണ്ടാണ്. ഇതിൽ വികേന്ദ്രീകൃത സമീപനം പ്രാഥമികമാണ്. അതിൽ ഏറ്റവും പ്രധാനമാണ് ഉറവിടത്തിൽ തന്നെ വേർതിരിക്കുക എന്നത്. ആലപ്പുഴയും തിരുവനന്തപുരവും ഈ രംഗത്ത് ഏറെ മുന്നോട്ട് പോയിരുന്നു. എന്നാൽ ബ്രഹ്മപുരത്തുണ്ടായ തീപിടുത്തത്തിന് ശേഷം ഉറവിടത്തിൽ വേർതിരിക്കുക എന്ന ആശയം സംസ്ഥാന തലത്തിൽ തന്നെ പ്രാഥമികമായി സജീവമായി വന്നു. ഒപ്പം സാധ്യമായ സാങ്കേതിക വിദ്യകളുടെ കൂട്ടിച്ചേർക്കലുകളും. മാലിന്യ മുക്തം നവകേരളം എന്ന പദ്ധതിയിൽ കഴിഞ്ഞ മൂന്നോ നാലോ മാസമായി ഈ പ്രവർത്തനം മുന്നോട്ട് പോവുകയാണ്.

ഇതേവരെ എന്താണ് നമ്മൾ നേടിയത്? എന്താണ് വെല്ലുവിളികൾ?

സർക്കാർ കണക്കുകളാണ് ഉദ്ധരിക്കുന്നത്. ഇവ സാമൂഹികമായ ഓഡിറ്റിങ്ങിന് വിധേയമാണ്.

  • 422 തദ്ദേശ സ്ഥാപനങ്ങളിൽ അജൈവ മാലിന്യത്തിന്റെ വാതിൽപ്പടി ശേഖരം 90% കൂടുതലായി. 298 സ്ഥലങ്ങളിൽ 75 %നു മുകളിലാണ്.
  • ഹരിത കർമസേനയിൽ ഇപ്പോൾ 33378 അംഗങ്ങളുണ്ട്.
  • ഇപ്പോൾ 8123 മിനി MCF, 1274 MCF, 103 RRF, 46 MCF & RRF എന്നിവയുണ്ട്. ഇവയൊക്കെ വാതിൽപ്പടിയിൽ ശേഖരിക്കുന്ന അജൈവ മാലിന്യങ്ങളുടെ തുടർ സംസ്കരണ സംവിധാനങ്ങൾ ആണ് എന്ന് ചുരുക്കത്തിൽ പറയാം.

ജൈവ മാലിന്യ നിർമാർജനം ഉറവിടത്തിൽ തന്നെ 100 % ആക്കാൻ പറ്റുമോ? ഉറപ്പില്ല. എന്നാൽ അതിലേക്കായുള്ള ശ്രമങ്ങളാണ് നടക്കുന്നത്. വീടുകളിൽ നടക്കുന്ന പ്രവർത്തനങ്ങൾക്കൊപ്പം തുമ്പൂർമുഴി മോഡലും കമ്മ്യൂണിറ്റി ബയോഗ്യാസ് പ്ലാന്റുകളും മണ്ണിര കംപോസ്റ്റുമെല്ലാം പരീക്ഷിക്കുന്നുണ്ട്. വീടുകളിൽ 75 ശതമാനത്തോളവും സ്ഥാപനങ്ങളിൽ 63 % ഓളവും നടക്കുന്നു എന്നാണ് സർക്കാർ അവകാശപ്പെടുന്നത്.

മാങ്കുളം പഞ്ചായത്ത് ഹരിത കർമ്മസേന അംഗങ്ങൾ

ഇതോടൊപ്പം ഇപ്പോഴുള്ള മാലിന്യ കൂനകൾ നീക്കം ചെയ്യുക, കൂടുതൽ അത്തരം സ്ഥലങ്ങൾ ഉണ്ടാകാതെ നോക്കുക എന്നതൊക്കെ പ്രധാനമാണ്. ഇവ എവിടെയെങ്കിലും കണ്ടാൽ ഇതിനായി പ്രത്യേകം സജ്ജീകരിച്ചിരിക്കുന്ന വാർ റൂമിനെ അറിയിക്കാൻ പൊതുജനങ്ങൾക്ക് സാധിക്കും. അതിൻപ്രകാരം ആറായിരത്തിലേറെ പരാതികൾ ഫോട്ടോ സഹിതം വന്നിട്ടുണ്ട് എന്നാണ് കണക്ക്.

ഈ കണക്കുകളിൽ ചില മാറ്റങ്ങൾ ഉണ്ടായേക്കാം. എന്നാൽ പൊതുവായി ഈ ദിശാസൂചിക പ്രധാനമാണ് എന്ന് എനിക്ക് തോന്നുന്നു. ഇതിൽ ഏറ്റവും പ്രധാനം താൻ ഉത്പാദിപ്പിക്കുന്ന മാലിന്യത്തിന് താൻ കൂടി ഉത്തരവാദിയാണ് എന്ന തിരിച്ചറിവാണ്. ഇതിപ്പോൾ നിയമം മൂലം ഉറപ്പാക്കിയിട്ടുമുണ്ട്. എന്നാൽ ഈ സന്ദേശം എത്ര കൃത്യമായി സമൂഹത്തിൽ വേരൂന്നിയിട്ടുണ്ട് എന്നതിന് ഉറപ്പില്ല. ഇപ്പോഴും നഗര പ്രദേശങ്ങളിൽ ഹരിത കർമ്മ സേനയോട് സഹകരിക്കാത്ത വലിയൊരു വിഭാഗം ജനങ്ങൾ ഉണ്ട് എന്നത് തീർച്ചയാണ്.

ഡാറ്റ പ്രസിദ്ധീകരണ തിയ്യതി 2023 ജൂൺ മാസം, കടപ്പാട് : Sreyas Valsan

സർക്കാർ കണക്കുകൾ അനുസരിച്ച് തന്നെ 480 തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിൽ വാതിൽപ്പടി ശേഖരം 75 % ൽ താഴെയാണ്. ഇനോകുലത്തിന്റെ ലഭ്യത പലയിടത്തും പ്രശ്നമാണ്.

ഡയപ്പർ മുതലായവയുടെ നിർമാർജനം ഇപ്പോഴും പ്രശ്നമായി തുടരുകയാണ്. ചില സാങ്കേതിക നിർദേശങ്ങൾ വന്നിട്ടുണ്ടെങ്കിലും അതൊന്നും ഇപ്പോഴും വ്യാപകമായിട്ടില്ല. ഒരു വൃദ്ധ സമൂഹമായി വേഗം മാറുന്ന കേരളത്തിൽ ഇത്തരം പ്രശ്നങ്ങൾ ഗാർഹിക തലത്തിൽ തന്നെ പ്രതിസന്ധികൾ സൃഷ്ടിക്കുന്നുണ്ട്.

അജൈവ മാലിന്യങ്ങളുടെ പുനഃചംക്രമണം ക്ലീൻ കേരള കമ്പനിയുടെ ഉത്തരവാദിത്വമാണ്. അവർ നിലവിൽ 726 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നിന്നും അജൈവമാലിന്യം ശേഖരിയുന്നുണ്ട്. അതിൽ 3000 ടൺ പുനച്ചക്രമണത്തിന് പ്രതിമാസം വിടുന്നു. 4000 ടണ്ണോളം സിമന്റ് ഫാക്ടറിക്ക് പോകുന്നു. അവരുടെ പുന: ചക്രമണ ഫാക്ടറി നിർമ്മാണം നടന്നു വരുന്നു. എന്നാൽ ഈ ദിശയിൽ നടക്കുന്ന പ്രവർത്തനങ്ങളെക്കുറിച്ച് പൊതുജനങ്ങൾക്ക് അറിവ് കുറവാണ്.

ഹരിത മിത്രം ആപ്പ് 400 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ ഉപയോഗിക്കുന്നു എന്നാണ് കണക്ക്. കൂടാതെ 20 ന് പുറത്ത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ സ്റ്റാർട്ടപ്പുകളും ആപ്പ് ഉപയോഗിക്കുന്നു. 40 ലക്ഷത്തിലധികം വീടുളിലെ മാലിന്യം ആപ്പ് വഴി മോണിട്ടർ ചെയ്യുന്നു. ഹരിത മിത്രം ആപ്പ് പ്രവർത്തനക്ഷമമാണ് എന്ന് പറയുമ്പോഴും അതിനിയും സമൂഹത്തിൽ വേണ്ടത്ര ഉപയോഗിക്കപ്പെടുന്നതായി കാണുന്നില്ല.

ഏതൊക്കെ പുതിയ സാങ്കേതിക വിദ്യകൾ ഏതൊക്കെ തലത്തിൽ ഉപയോഗിക്കണം എന്ന കാര്യത്തിൽ ഇപ്പോഴും സുതാര്യതയില്ല. വീടുകളിൽ ഉപയോഗിക്കുന്ന തരം ഇൻസിനറേറ്ററുകൾ പലരും വ്യാപകമായി നിർമിക്കുകയും വിതരണം നടത്തുകയും ചെയ്യുന്നതായി കാണുന്നുണ്ട്. പ്രാദേശികമായി സംഭരണ സംസ്കരണ സ്ഥാപനങ്ങൾ തുടങ്ങാൻ ഇനിയും ക്ലീൻ കേരള കമ്പനിയ്ക്ക് കഴിഞ്ഞിട്ടില്ല. മെഡിക്കൽ വേസ്റ്റ് കൈകാര്യം ചെയ്യുന്ന ഇമേജ് താരതമ്യേന സജീവമായി പ്രവർത്തിക്കുന്നുണ്ടെങ്കിലും ഇലക്ട്രോണിക് ഹസാർഡസ് വേസ്റ്റിന്റെ കാര്യത്തിൽ ഇപ്പോഴും കൃത്യമായ നിയമങ്ങൾ വന്നതായി അറിവില്ല. മാലിന്യങ്ങൾ ഉത്പാദകന്റെ കൂടി ഉത്തരവാദിത്വമാക്കുന്ന നിയമം പലരംഗത്തും എത്തിയിട്ടില്ല.

ഇപ്പോൾ തദ്ദേശ വകുപ്പ് മന്ത്രി എം ബി രാജേഷ്, അഡിഷണൽ ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ, ചീഫ് സെക്രട്ടറി ഡോ വേണു എന്നിവരാണ് ഈ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. നവകേരള കർമ്മ പദ്ധതി, , ശുചിത്വ മിഷൻ, കില, ക്ലീൻ കേരള കമ്പനി, കുടുംബശ്രീ, KSWMP, ഹരിത കേരളം മിഷൻ എന്നീ സ്ഥാപനങ്ങൾ മാലിന്യമുക്തം നവകേരളം പദ്ധതി നയിക്കുന്നു. ഐ.ആർ.ടി.സി അടക്കമുള്ള ഹരിതസഹായസ്ഥാപനങ്ങൾ പ്രവർത്തനങ്ങളുടെ ഭാഗമാകുന്നു.

ഇപ്പോൾ 2400 കോടി രൂപയുടെ തിരിച്ചടയ്‌ക്കേണ്ട ഒരു ലോക ബാങ്ക് ഫണ്ട് മാലിന്യ നിർമാർജനത്തിന് വന്നിട്ടുണ്ട്. ഇത്തരമൊരു ഫണ്ടിംഗ് വരുമ്പോൾ അവർ നിർദേശിക്കുന്ന സാങ്കേതിക വിദ്യകൾ സ്വീകരിക്കേണ്ടി വരുമോ എന്നൊരാശങ്ക ഉണ്ടായിരുന്നു. എന്നാൽ ഇപ്പോൾ നമ്മൾ സ്വീകരിച്ചിരിക്കുന്ന സമീപനത്തെ ശക്തിപ്പെടുത്താനാണ് ഈ പണം ഉപയോഗിക്കുന്നത് എന്ന് ഉറപ്പുവരുത്തണം. ഉറവിടത്തിലുള്ള വേർതിരിക്കൽ, ഉറവിടത്തിൽ ജൈവ മാലിന്യം കമ്പോസ്റ്റ് ആക്കുന്ന സർക്കുലർ ഇക്കോണോമിയെ പുഷ്ടിപ്പെടുത്തൽ എന്നിവയാണ് നമ്മുടെ സമീപനത്തിന്റെ അടിസ്ഥാന സ്വഭാവം. ഇത് വീടുകളിലെ കിച്ചൻ ബിന്നുകൾക്ക് വലിയ സഹായമാണ്.

കിച്ചൻ ബിൻ

ഇതേവരെ നടന്ന പ്രവർത്തനങ്ങൾ നോക്കുമ്പോൾ നാം മുന്നോട്ട് പോകുന്ന ദിശ ശരിയാണെങ്കിലും ജനകീയ പങ്കാളിത്തത്തിൽ ഇപ്പോഴും നമ്മൾ വളരെ പിറകിലാണ്. ഇതിപ്പോഴും ഒരു രാഷ്ട്രീയ അജണ്ടയായി ഏറ്റെടുക്കണം. നിയമങ്ങൾ നടപ്പാക്കാൻ തദ്ദേശ സ്ഥാപനങ്ങൾക്ക് ധൈര്യം വരുന്നില്ല.

ഇതിന് സഹായകമായ രീതിയിൽ ഉള്ള ഒരു ജനകീയ മുന്നേറ്റം ഇനിയും ഉണ്ടായിട്ടില്ല. വലിയൊരു സാക്ഷരത പ്രസ്ഥാനത്തിന്റെ ആവശ്യകത പലരും ചൂണ്ടിക്കാണിച്ചിട്ടുണ്ട്. എന്നാൽ ധാരാളം സാങ്കേതിക സങ്കീർണതകൾ ഉള്ള, വ്യക്തി തലത്തിൽ ധാരാളം മാറ്റങ്ങൾ അനിവാര്യമായ ഒരു പദ്ധതി എന്ന നിലയിൽ സാക്ഷരത പോലുള്ള ഒരു പ്രസ്ഥാനം എളുപ്പമല്ല എന്നാണ് ഈ രംഗത്ത് ഏറെക്കാലമായി നിൽക്കുന്ന എൻ. ജഗജീവൻ പറയുന്നത്. ആലപ്പുഴ കഴിഞ്ഞ് ഡോ തോമസ് ഐസക്ക് ശ്രദ്ധയൂന്നുന്ന പത്തനംതിട്ടയിൽ നിന്ന് ധാരാളം ജനകീയ റിപ്പോർട്ടുകൾ വരുന്നുണ്ട്.

തുമ്പൂർമുഴി മാതൃക

ഒരു നാടിന് വേണ്ട സാങ്കേതിക വിദ്യ ഏത് എന്ന് ആലോചിക്കുമ്പോൾ വെറ്ററിനറി സർവകലാശാലയിലെ ഗവേഷകനായിരുന്ന ഡോ ഫ്രാൻസിസ് സേവ്യർ രൂപകൽപന ചെയ്ത തുമ്പൂർമുഴി മോഡൽ വളരെ പ്രധാനമായ സംഭാവനയാണ് ഈ രംഗത്ത് ചെയ്തത്. കഴിഞ്ഞ ദശകത്തിൽ കേരളത്തിൽ വന്ന ഏറ്റവും പ്രധാനപ്പെട്ട സാങ്കേതിക വിദ്യ ഏത് എന്ന് ചോദിച്ചാൽ തുമ്പൂർമുഴി എന്ന് പറയും എന്നാണ് നമ്മുടെ മാലിന്യ വിദഗ്ധൻ കെ.എൻ ഷിബു പറയുന്നത്. ഇതിന്റെ ഇനോകുലം വികസിപ്പിച്ചത് കാർഷിക സർവകലാശാലയിൽ എന്റെ സഹപാഠിയും അവിടെ റിസർച്ച് ഡയറക്ടറും ആയിരുന്ന ഡോ ഡി. ഗിരിജ ആയിരുന്നു. നാടിന് ചേർന്ന സാങ്കേതിക വിദ്യ എന്ന പുസ്തകം കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ഇറക്കിയത് ഏകദേശം നാല്പത് വർഷം മുൻപാണ്. ഇപ്പോഴും വായിക്കേണ്ട പുസ്തകമാണ്.

കേരളം വലിയൊരു ഉപഭോക്തൃ മധ്യവർഗ സമൂഹമായി മാറിക്കഴിഞ്ഞു. സുസ്ഥിര വികസനം എന്ന ആശയമൊന്നും ഒരു രാഷ്ട്രീയ പ്രസ്ഥാനത്തിന്റെയും അജണ്ടയിൽ ഉള്ളതായി കാണുന്നില്ല. പുതിയ തലമുറയെ സർഗാത്മകമായി ഉൾപ്പെടുത്താതെ നമുക്ക് മുന്നോട്ട് പോകാൻ കഴിയില്ല. പെരുമാറ്റ രീതികൾ മാറാൻ തലമുറകൾ എടുക്കും എന്നാണ് പല സമൂഹങ്ങളുടെയും പാഠം നമ്മെ കാണിക്കുന്നത്. അതിന് സഹായകരമായ ഒരു ജനകീയ പ്രസ്ഥാനം ഏത് രീതിയിൽ വികസിപ്പിക്കണം എന്ന് എല്ലാവരും ഒരുമിച്ച് ചിന്തിക്കണം. എത്ര പ്രശ്നങ്ങൾ ഉണ്ടെങ്കിലും 100 % ശുചിത്വ കേരളം എന്നൊരു പ്രഖ്യാപനം നടത്തി എല്ലാ ആളുകളേയും ഒരുമിപ്പിച്ച് ഒരു വർഷം നീണ്ടുനിൽക്കുന്ന സജീവമായ ഒരു കാമ്പെയിൻ ഉണ്ടാവുക എന്നത് പ്രധാനമാണ്. ഇപ്പോഴുണ്ടാകുന്ന നേട്ടങ്ങളെ സർഗാത്മകമായി ക്രോഡീകരിക്കാൻ അങ്ങനെയേ കഴിയൂ.


കിച്ചൻ ബിൻ എങ്ങനെ ഉപയോഗിക്കണം ?

ബയോബിന്നുകളുടെ ഉപയോഗക്രമം


വാങ്ങാം വീട്ടിൽ ഒരു കിച്ചൻ ബിൻ

സന്ദർശിക്കു
Happy
Happy
25 %
Sad
Sad
0 %
Excited
Excited
75 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post മീഞ്ചട്ടിയുടെ ഓർമ്മ
Next post എന്താണ് സൂപ്പർ ബ്ലൂമൂൺ ?
Close