Read Time:35 Minute

തെരുവുനായ്ക്കളെ കൊന്നുകുഴിച്ചുമൂടി ഒറ്റരാത്രികൊണ്ട് തെരുവുനയപ്രശ്നത്തിന്‌ പരിഹാരം കാണണമെന്ന വാദത്തിന് വലിയ പിന്തുണ ലഭിക്കുന്ന സമയമാണിത്. പക്ഷിപ്പനി വന്നാൽ താറാവുകളെയും കോഴികളെയും ഒന്നാകെ കൊന്ന് കത്തിക്കുന്നില്ലേ ?. ആഫ്രിക്കൻ പന്നിപ്പനി പടർന്നപ്പോൾ വളർത്തുപന്നികളെ കൂട്ടമായി കൊന്നൊടുക്കി കുഴിച്ചുമൂടിയില്ലേ ?. കൃഷിയിടത്തിലിറങ്ങി കർഷകർക്കുമുന്നെ വിളവെടുക്കുന്ന കാട്ടുപന്നിയെ വെടിവെച്ച് കൊല്ലുന്നുണ്ടല്ലോ ?. എങ്കിൽപിന്നെ മനുഷ്യജീവന് ഭീഷണിയായി മാറുന്ന സാഹചര്യത്തിൽ തെരുവുനായ്ക്കളെയും കൊന്നൊടുക്കിയാൽ എന്താണ്…എന്നെല്ലാമാണ് ചോദ്യങ്ങൾ ഉയരുന്നത് .

തെരുവുനായ്ക്കളുടെ കൂട്ടക്കുരുതി എന്നൊരു സത്വരപരിഹാരമുള്ളപ്പോൾ എന്തിനാണ് ഗവൺമെന്റ് നായ്ക്കളുടെ പ്രജനനനിയന്ത്രണ,വന്ധ്യംകരണ പദ്ധതികളൊക്കെ നടപ്പാക്കി കോടിക്കണക്കിന് പണം കളയുന്നത് ?, നായ്ക്കളുടെ ആക്രമണം കുറയ്ക്കാൻ വന്ധ്യംകരണം നടത്തിയിട്ട് എന്തുകാര്യം,നായ കടിക്കുന്നത് വായ് കൊണ്ടല്ലേ ? –  ഈ ചോദ്യങ്ങൾ സമൂഹത്തിലേക്ക് തൊടുത്തുവിടുന്നതിൽ സാധാരണക്കാർ മാത്രമല്ല മാധ്യമപ്രവർത്തകരും ആരോഗ്യപ്രവർത്തകരും വരെയുണ്ട്. തെരുവുനായ്ക്കളെ കൊന്നൊടുക്കുന്നത് അവയുടെ നിയന്ത്രണത്തിനും പേവിഷബാധ പ്രതിരോധത്തിനും ഉപകരിക്കുന്ന സുസ്ഥിരമായ ഒരു നടപടിയാണോ?.

തെരുവുനായശല്യത്തിനും പേവിഷ പ്രതിരോധത്തിനും താത്കാലിക പരിഹാരങ്ങളല്ല, ശ്വാശ്വത സുസ്ഥിര പരിഹാരങ്ങളല്ലേ നമുക്ക് വേണ്ടത് ?. തെരുവുനായ്ക്കളെ പിടികൂടി കൊന്നുതള്ളൽ (ക്യാച്ച് ആൻഡ് കിൽ) പദ്ധതികൾ നടപ്പിൽ വരുത്തിയ നാടുകളിൽ സംഭവിച്ച കാര്യങ്ങൾ പരിശോധിച്ചാൽ അത്തരം പദ്ധതികൾ ഒരു തുഗ്ലക്കിയൻ ആശയമാണന്ന് ബോധ്യമാവും.

പിടികൂടുക, കൊല്ലുക ; പാളിപ്പോയ മദ്രാസ് മോഡൽ

തെരുവുനായ്ക്കളുടെ എണ്ണം നിയന്ത്രിക്കാനും പേവിഷബാധ തടയാനും 1860-കളിൽ തന്നെ തെരുവിൽ അലയുന്ന നായ്ക്കളെ കൊന്നൊടുക്കാൻ പദ്ധതി ആരംഭിച്ച നാടാണ് മദ്രാസ്(ചെന്നൈ) കോർപ്പറേഷൻ. ‘പിടികൂടുക, കൊല്ലുക- ക്യാച്ച് ആൻഡ് കിൽ‘ എന്നതായിരുന്നു കോർപ്പറേഷന്റെ പോളിസി. തുടക്കത്തിൽ ഒരു ദിവസം ശരാശരി ഒരു നായയെ കൊല്ലുന്നതിൽ നിന്ന്, 1996-ലെ കണക്കനുസരിച്ച് ഓരോ ദിവസവും ശരാശരി 135 നായ്ക്കളെ വരെ പിടികൂടി കൊല്ലുന്നതിലേയ്ക്ക് കാര്യങ്ങൾ എത്തി. ഈ രീതിയിൽ നൂറുമുതൽ മുപ്പതിനായിരം വരെ തെരുവുനായ്ക്കളെയായിരുന്നു ഓരോ വർഷവും മദ്രാസിൽ സർക്കാറിന്റെ ഒത്താശയോടെ കൊന്നൊടുക്കിയിരുന്നത്.1970-കളുടെ തുടക്കത്തിൽ കോർപ്പറേഷൻ കൊന്നുടുക്കിയ തെരുവ് നായ്ക്കളുടെ എണ്ണം വളരെ കൂടുതലായിരുന്നു. മദ്രാസിൽ പ്രവർത്തിക്കുന്ന സെൻട്രൽ ലെതർ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ആ സമയത്ത് കൊന്നൊടുക്കിയ നായ്ക്കളുടെ തോലിൽ നിന്നുള്ള കഴുത്തുകെട്ടുകളും വാലറ്റുകളും പോലുള്ള ഉൽപ്പന്നങ്ങൾ വരെ രൂപകൽപ്പന ചെയ്‌തു എന്ന് റിപ്പോർട്ടുകൾ പറയുന്നു.സോഡിയം തയൊപെന്റാൽ (Sodium Pentothal) നായ്ക്കളുടെ ഹൃദയത്തിൽ നേരിട്ട് കയറ്റിയും, വിഷം വെച്ചും, കൂട്ടമായി കൂട്ടിലടച്ച് വൈദ്യുതാഘാതമേൽപ്പിച്ചും, വലിയ കുഴി കുത്തി അതിൽ ബ്ലീച്ചിംഗ് പൗഡറും കീടനാശിനിയും നിറച്ച് നായ്ക്കളെ ജീവനോടെ കുഴിച്ചുമൂടിയുമെല്ലാമായിരുന്നു കൊന്നൊടുക്കിയിരുന്നത്. ബ്രിട്ടീഷ് ഭരണത്തിൽ നിന്ന് സ്വാതന്ത്രമായതിന് ശേഷവും മദ്രാസ് കോർപ്പറേഷൻ തെരുവുനായനിയന്ത്രണത്തിന് ക്യാച്ച് ആൻഡ് കിൽ എന്ന തങ്ങളുടെ നയം മാറ്റാൻ തയ്യാറായില്ല.നായ്ക്കളെ വർഷങ്ങളോളം കൂട്ടക്കുരുതി ചെയ്തെങ്കിലും തങ്ങളുടെ നാടിനെ പേവിഷബാധ വിമുക്തമാക്കുക എന്ന ലക്ഷ്യം നേടാൻ മദ്രാസ് എന്ന മഹാനഗരത്തിനായില്ല.

ഒടുവിൽ 1964-ൽ ബ്ലൂ ക്രോസ് ഓഫ് ഇന്ത്യ എന്ന സന്നദ്ധ സംഘടനയാണ് തെരുവുനായ്ക്കളെ കൊന്നൊടുക്കുന്നതിന് പകരം വന്ധ്യംകരണ പദ്ധതിയിലൂടെ ശാസ്ത്രീയ പ്രജനന നിയന്ത്രണം (എ.ബി.സി. ), വന്ധ്യംകരിക്കുന്ന നായ്ക്കൾക്കെല്ലാം പേവിഷപ്രതിരോധ കുത്തിവെയ്പ് (എ.ആർ) എന്നീ നിർദ്ദേശങ്ങൾ മദ്രാസ് കോർപ്പറേഷന് മുന്നിൽ സമർപ്പിച്ചത്. എങ്കിലും അത്തരം ശാസ്ത്രീയനിർദ്ദേശങ്ങൾ ചെവികൊള്ളാൻ കോർപ്പറേഷൻ ഭരണകൂടം തയ്യാറായില്ല. എന്നാൽ ബ്ലൂ ക്രോസ് ഓഫ് ഇന്ത്യ മദ്രാസിൽ തങ്ങൾ രക്ഷപ്പെടുത്തിയ തെരുവുനായ്ക്കളുടെ ശാസ്ത്രീയ പ്രജനന നിയന്ത്രണപ്രവർത്തനങ്ങൾക്കും ആന്റി റാബീസ് വാക്സിനേഷനും സ്വന്തം രീതിയിൽ തുടക്കമിട്ടു. മദ്രാസ് കോർപ്പറേഷൻ തങ്ങളുടെ ക്യാച്ച് ആൻഡ് കിൽ നടപടികൾ തന്നെ തുടർന്നുകൊണ്ടേയിരുന്നു. തമിഴ്‌നാട്ടിലെ മാറിമാറി വന്ന സർക്കാരുകൾ കോർപ്പറേഷൻ നടപടികളെ പിന്തുണച്ചു. പക്ഷെ പേവിഷബാധയെ വറുതിയിലാക്കാൻ മദ്രാസിനായില്ല. പേവിഷ ബാധ കേസുകൾ പൊതുജനങ്ങളിൽ റിപ്പോർട്ട് ചെയ്യുന്നത് തുടർന്നു.

ഒടുവിൽ തെരുവുനായ്ക്കളോടും പേവിഷബാധയോടും തോറ്റതോടെ മദ്രാസ് കോർപ്പറേഷന് മാറിചിന്തിക്കാതെ കഴിയില്ലെന്നായി. ബ്ലൂ ക്രോസ് ഓഫ് ഇന്ത്യ മൂന്ന് പതിറ്റാണ്ടുകൾക്ക് മുന്നെ തങ്ങൾക്ക് മുന്നിൽ വച്ച പ്രജനനനിയന്ത്രണം, വന്ധ്യംകരിക്കുന്ന നായ്ക്കൾക്കെല്ലാം പേവിഷ പ്രതിരോധ കുത്തിവെയ്പ് എന്നീ നിർദേശങ്ങൾ സ്വീകരിക്കാൻ 1995 -1996 കാലഘട്ടത്തിൽ മദ്രാസ് കോർപ്പറേഷൻ  തയ്യാറായി. 1996 -ൽ അന്നത്തെ കോർപ്പറേഷൻ കമ്മീഷണർ എസ്. അബുൽ ഹസ്സൻ, സൗത്ത് മദ്രാസിൽ എബിസി-എആർ പ്രോഗ്രാം നടത്താൻ ബ്ലൂ ക്രോസ് ഓഫ് ഇന്ത്യയെ അനുവദിക്കാൻ സമ്മതിച്ചു, കമ്മീഷണർ പ്രക്രിയയും ഫലവും വ്യക്തിപരമായി നിരീക്ഷിക്കും എന്ന ഉറപ്പിന് പുറത്തായിരുന്നു അത്. 1995-ൽ,  ബ്ലൂ ക്രോസ് ഓഫ് ഇന്ത്യ ദക്ഷിണ ചെന്നൈയിൽ ABC-AR പ്രോഗ്രാം ആരംഭിച്ചപ്പോഴും, നഗരത്തിന്റെ മറ്റ് ഭാഗങ്ങളിൽ തെരുവ് നായ്ക്കളെ പിടികൂടി കൊന്നിരുന്നു.

തെരുവ് നായ്ക്കളെ കൈകാര്യം ചെയ്യുന്നതിനുള്ള എബിസി-എആർ രീതി ദൃശ്യമായ ഫലങ്ങൾ നൽകി. ഒടുവിൽ 1996 സെപ്തംബർ മുതൽ കോർപ്പറേഷൻ അതിന്റെ ക്യാച്ച് ആൻഡ് കിൽ നയം ഉപേക്ഷിച്ച് ചെന്നൈ നഗരത്തിലുടനീളം എബിസി-എആർ നടപ്പാക്കാൻ സമ്മതിച്ചു. തെരുവുനായ്ക്കളുടെ കൂട്ടക്കൊരുതി അവസാനിപ്പിച്ച്  നായ്ക്കളുടെ പ്രജനനനിയന്ത്രണത്തിനായുള്ള ഒന്നാമത്തെ എ. ബി. സി. കേന്ദ്രം സൗത്ത് ചെന്നൈയിൽ1996- ൽ പ്രവർത്തനമാരംഭിച്ചു. തുടർന്നുള്ള വർഷങ്ങളിൽ കൂടുതൽ എ. ബി. സി. കേന്ദ്രങ്ങൾ ചെന്നൈയുടെ മണ്ണിലുയർന്നുവന്നു. തെരുവ് നായ്ക്കളെ ‘കൊല്ലുക’ എന്ന നയത്തിൽ നിന്ന് 1996-ൽ ‘കൊല്ലരുത്’ എന്ന ബോധ്യത്തിലേയ്ക്ക് എത്താൻ മദ്രാസ്  കോർപ്പറേഷന് 136 വർഷമെടുത്തു എന്നത് ചരിത്രവസ്തുത.

1996- ൽ ക്യാച്ച് ആൻഡ് കിൽ പദ്ധതി അവസാനിപ്പിച്ച വർഷം മദ്രാസിൽ റിപ്പോർട്ട് ചെയ്യപ്പെട്ട പേവിഷബാധ കേസുകളുടെ എണ്ണം 120 ആയിരുന്നെങ്കിൽ, ആദ്യ എ.ബി. സി. കേന്ദ്രം ആരംഭിച്ച് പത്ത് വർഷത്തിന് ശേഷം 2007-ൽ ചെന്നൈയിൽ റിപ്പോർട്ട് ചെയ്ത പേവിഷബാധ കേസുകളുടെ എണ്ണം പൂജ്യമായിരുന്നു. നായ്ക്കളെ ക്യാച്ച് ആൻഡ് കിൽ പോളിസി വഴി ഉന്മൂലനം ചെയ്യുന്നത് പേവിഷ പ്രതിരോധത്തിനുള്ള സുസ്ഥിരമോ ശാസ്ത്രീയമോ ആയ മാർഗമല്ലന്ന് പാളിപ്പോയ മദ്രാസ് മോഡൽ തെരുവുനായ്ക്കളെ കൊന്നൊടുക്കാൻ മുറവിളികൂട്ടുന്നവരെ ഓർമിപ്പിക്കുന്നു. മാത്രമല്ല, പഴയ മദ്രാസ് മാതൃകയിലുള്ള കണ്ണിൽ ചോരയില്ലാത്ത ക്യാച്ച് ആൻഡ് കിൽ പോളിസി  നടപ്പാക്കാൻ നമ്മുടെ രാജ്യത്ത് നിയമപരമായി (PCA Act (1960) and the ABC  Rule  (2001)) ഇന്ന് സാധ്യവുമല്ല.

സൂറത്തിലെ പ്ലേഗും തെരുവുനായ്ക്കളും

സൂറത്ത് നഗരത്തിൽ പ്ലേഗ് പടർന്ന വഴി കേരളത്തിലിപ്പോൾ വിവാദവിഷയമാണ്. സൂറത്തിൽ 1994-ൽ പടർന്നുപിടിച്ച പ്ലേഗ് മഹാമാരിയുടെ ഒട്ടേറെ കാരണങ്ങളിൽ ഒന്ന് സൂററ്റ് മുൻസിപ്പാലിറ്റി മേയർ ഇറക്കി കമ്മീഷണർ ഒപ്പുവെച്ച ഒരു ഉത്തരവാണെന്ന് വിലയിരുത്തുന്നവരുണ്ട്. സൂറത്ത് നഗരത്തിലെ മുഴുവൻ തെരുവുനായ്ക്കളെയും ഉടനടി കൊന്നൊടുക്കാനായിരുന്നു ആ ഉത്തരവ്. മദ്രാസിൽ വർഷങ്ങൾ സമയമെടുത്താണ് നായ്ക്കളെ കൊന്നൊടുക്കിയതെങ്കിൽ സൂററ്റ് നഗരം ഒരു മാസം കൊണ്ടായിരുന്നു നഗരത്തിൽ തമ്പടിച്ചിരുന്ന നായ്ക്കളെയെല്ലാം കൊന്നൊടുക്കിയത്. അതോടെ തങ്ങളുടെ നഗരത്തെ ബാധിച്ചിരുന്ന പ്രധാനപ്പെട്ടൊരു ശല്യത്തിന് പരിഹാരമായെന്ന് കരുതി ആശ്വസിച്ചിരുന്ന സൂററ്റ് നഗരത്തെ തേടി ഏറെ താമസിയാതെ എത്തിയത് എലികളിൽ നിന്നും പടരുന്ന പ്ലേഗ് മഹാമാരിയായിരുന്നു. നായ്ക്കളെ കൊന്നൊടുക്കിയെങ്കിലും നായ്പ്പെരുപ്പത്തിന് മുഖ്യകാരണമായ ഭക്ഷണമാലിന്യങ്ങൾ സംസ്കരിക്കുന്നതിൽ നഗരത്തിന് പദ്ധതികളില്ലായിരുന്നു എന്നതാണ് വാസ്തവം.
തെരുവ്നായ്ക്കൾ ഇല്ലാതായതോടെ തെരുവ് എലികൾക്ക് പറുദീസയായി . മഹാ നഗരത്തിൽ സുലഭമായി ലഭ്യമായ തീറ്റ അവശിഷ്ടങ്ങൾ യദേഷ്ടം കഴിച്ച് എലികൾ നാൾക്കുനാൾ  പെറ്റുപെരുകി. എലികൾ പെരുകിയതോടെ എലികൾ വഴി പകരുന്ന സാംക്രമിക രോഗങ്ങളും കൂടി.
1994-ൽ സൂററ്റ് നഗരം പ്ലേഗിന്റെ പിടിയിൽ അമർന്നതിന്റെ കാരണങ്ങളിലൊന്നായി ഇത് പല പരിസ്ഥിതി പ്രവർത്തകരും ചൂണ്ടികാണിച്ചിട്ടുണ്ട്. ദേശീയമാധ്യമങ്ങളിൽ ഉൾപ്പെടെ ഈ വിഷയത്തിൽ നിലപാടുകൾ പ്രസിദ്ധീകരിക്കപെട്ടിട്ടുണ്ട്, സംവാദങ്ങൾ നടന്നിട്ടുണ്ട്. ഈ വാദത്തോട് യോജിക്കുന്നവരും പരിസ്ഥിതി പഠനങ്ങളുടെ ശക്തമായ പിൻബലമില്ലാത്തതിനാൽ വിയോജിക്കുന്നവരുമുണ്ട്. എന്നാൽ സൂറത്ത് പ്ലേഗിൽ എലിപ്പെരുപ്പത്തിന്റെ കാരണങ്ങൾ വിലയിരുത്തുമ്പോൾ നായ്ക്കളുടെ കൂട്ടകുരുതി ഒരു കാരണമായന്ന ചിന്തയെ അത്ര എളുപ്പം പരിഹസിച്ച് തള്ളാനാകുമോ ? മഹാമാരിക്ക് പിന്നാലെ അയൽ നാടുകളിൽ നിന്നും നായ്ക്കളെ സൂററ്റ് നഗരത്തിലേക്ക് വീണ്ടും കൊണ്ടുവന്നതും വസ്തുതയാണ്.

കൊന്നാൽ തീരുമോ പേവിഷബാധ; പാകിസ്ഥാന്റെ പാളിയ പോളിസിയിൽ നിന്നും പഠിക്കാനുണ്ട്

നായ്ക്കളെ കൊന്നൊടുക്കൽ പേവിഷബാധ പ്രതിരോധത്തിനുള്ള ഒരു മാർഗ്ഗമല്ലെന്നതിന് ചരിത്രത്തിൽ മാത്രമല്ല, വർത്തമാനകാലത്തും ഉദാഹരണങ്ങൾ ഉണ്ട്. തെരുവുനായശല്യം കുറയ്ക്കാനും പേവിഷബാധ തടയാനും നായ്ക്കളെ കൂട്ടമായി കൊന്നുതള്ളുന്ന പോളിസി ഇന്നും തുടരുന്ന രാജ്യമാണ് പാകിസ്ഥാൻ. ആഭ്യന്തരതലത്തിലും അന്താരാഷ്ട്രതലത്തിലുമുള്ള എതിർപ്പുകൾ അവഗണിച്ചാണ് പാകിസ്ഥാൻ നായ ഉന്മൂലനനയവുമായി മുന്നോട്ടു പോവുന്നത്. പാകിസ്ഥാൻ ഗവൺമെന്റിന് മൃഗസംരക്ഷണനിയമങ്ങളില്ല, മൃഗങ്ങളെ ഉപദ്രവിക്കുന്നവർക്കെതിരെ ക്രിമിനൽ നിയമങ്ങളൊന്നുമില്ല. പാകിസ്ഥാൻ സർക്കാർ പ്രതിവർഷം ശരാശരി 50,000-ത്തിലധികം നായ്ക്കളെയാണ് കൊന്നൊടുക്കുന്നത്.കറാച്ചിയിലും ലാഹോറിലും ആണ് ഓരോ വർഷവും ഏറ്റവും കൂടുതൽ നായ്ക്കൾ കൊലപ്പെടുത്തുന്നത്. ഈ രണ്ട് നഗരങ്ങളിൽ മാത്രം 20,000 ത്തിലധികം നായ്ക്കൾ പ്രതിവർഷം ശരാശരി കൊലപ്പെടുത്തുന്നുണ്ട്. 2009-ൽ ലാഹോർ നഗരത്തിൽ മാത്രം 27,576 നായ്ക്കളെ കൊന്നു. 2005-ൽ ലാഹോർ നഗരത്തിൽ ഇത് 34,942 ആയിരുന്നു. ചെറിയ നഗരങ്ങളിൽ പ്രതിവർഷം കൊല്ലപ്പെടുന്ന നായ്ക്കളുടെ ശരാശരി നിരക്ക് 3000 മുതൽ 6000 വരെ പരിധിയിലാണ്. 2021 മാർച്ചിൽ പാകിസ്ഥാൻ സർക്കാർ സിന്ധിൽ തെരുവ് നായ്ക്കളെ കൂട്ടത്തോടെ കൊല്ലുന്നതിനുള്ള ഒരു ക്യാമ്പയിൻ തന്നെ തുടങ്ങി. സിന്ധിലെ  നഗരമായ കറാച്ചിയിൽ, കുറഞ്ഞത് 1,350 നായ്ക്കളെയാണ് ക്യാപയിന്റെ ഭാഗമായി കൊലപ്പെടുത്തിയത്. ആ വർഷം മെയ് അവസാനത്തോടെ  25,000 ത്തിൽ അധികം തെരുവുനായ്ക്കളെ സർക്കാർ സംവിധാനങ്ങൾ ഉപയോഗിച്ച് കൊന്നൊടുക്കി. കോഴിയിറച്ചിയിൽ വിഷം നിറച്ച ടാബ്ലറ്റുകൾ നിറച്ച് തെരുവിൽ വിതറിയായിരുന്നു ഒറ്റ രാത്രി കൊണ്ടു തന്നെ നൂറുകണക്കിന് നായ്ക്കളെ ഉന്മൂലനം ചെയ്തത്. ഓരോ വർഷവും ആയിരക്കണക്കിന് നായ്ക്കളെ കീടങ്ങളെ പോലെ കൊല്ലുന്ന നടപടിയെ  പൊതുജനങ്ങൾ പോലും അഭിനന്ദിക്കുന്നു എന്നതാണ് പാകിസ്ഥാന്റെ സാഹചര്യം. എന്നാൽ എന്താണ് യഥാത്ഥത്തിൽ പാകിസ്ഥാനിൽ സംഭവിക്കുന്നത് ?. ഇന്നും വർഷാവർഷം 5000- ത്തോളം പേവിഷബാധ കേസുകൾ പാകിസ്ഥാനിൽ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. നായ്ക്കളെ കൊല്ലുന്നത് യഥാർത്ഥത്തിൽ അവയുടെ ജനസംഖ്യ കുറയ്ക്കുകയോ ദീർഘകാലാടിസ്ഥാനത്തിൽ പേവിഷബാധയെ നിയന്ത്രിക്കുകയോ ചെയ്യുന്നില്ല എന്ന വസ്തുത പാകിസ്ഥാന്റെ സാഹചര്യം വിശകലനം ചെയ്യുമ്പോൾ തെരുവുനായ കൂട്ടകുരുതിക്കായി മുറവിളി കൂട്ടുന്നവർക്ക് ബോധ്യപെടും.

നായ്ക്കളെ പിടികൂടി കൂട്ടിലടച്ചാൽ പരിഹാരമാവുമോ ? പുനരധിവാസ പാർപ്പിട കേന്ദ്രങ്ങൾ ഒരുക്കിയ സ്ഥലങ്ങളിൽ സംഭവിച്ചതെന്ത് ?

തെരുവുനായ്ക്കൾക്ക് പേവിഷപ്രതിരോധ വാക്സീൻ നൽകിയും വന്ധ്യംകരണശസ്ത്രക്രിയ നടത്തിയും തെരുവിൽത്തന്നെ തിരികെ വിടുന്ന രീതി തികച്ചും അശാസ്ത്രീയമാണന്ന വാദം ഇപ്പോൾ ഉയരുന്നുണ്ട്. വാക്സീൻ നൽകിയ നായ്ക്കളെ തിരിച്ചറിയാൻ കഴിയില്ലെന്നും വീണ്ടും തെരുവിലേക്ക് എത്തുമ്പോൾ അവ പേവിഷബാധയുടെ കാരിയർമാരാകാനും സാധ്യതയേറെയുണ്ടെന്ന് പലർക്കും ആശങ്കയുണ്ട്. തെരുവുനായ്ക്കളുടെ പ്രശ്നം അവസാനിപ്പിക്കാനും മനുഷ്യർക്ക് ഭയപ്പെടാതെ പുറത്തിറങ്ങുന്നതിനും സംസ്ഥാനത്ത് ആവശ്യം അവയെ പിടികൂടി പ്രത്യേകവാസകേന്ദ്രങ്ങൾ സ്ഥാപിച്ച് പുനരധിവസിപ്പിക്കാനുള്ള സംവിധാനമാണെന്ന് ആവശ്യപ്പെടുന്നവർ ഇപ്പോഴുണ്ട്. പ്രത്യേക പാർപ്പിട സംവിധാനം ഒരുക്കി ഭക്ഷണവും ആവശ്യമായ മരുന്നുകളും നൽകി അവയെ പരിചരിച്ചാൽ തെരുവിൽ അവ വഴിയുണ്ടാകുന്ന പ്രശ്നങ്ങൾ തടയാൻ കഴിയുമെന്നാണ് വാദം. സംസ്ഥാനത്ത് ചുരുങ്ങിയത് ഓരോ ജില്ലകൾ തോറും നായ്ക്കൾക്കുവേണ്ടി പുനരധിവാസ സംവിധാനം ഒരുക്കണമെന്നാണ് ആവശ്യം. വിദേശരാജ്യങ്ങളിൽ ഇത്തരം ഷെൽട്ടറുകൾ ഉണ്ടെന്നാണ് ചൂണ്ടികാണിക്കുന്നത്. എന്നാൽ തെരുവുനായ്ക്കൾക്ക് പ്രത്യേക പുനരധിവാസ, പാർപ്പിട കേന്ദ്രങ്ങൾ തീർത്തും അശാസ്ത്രീയമാണന്നതാണ് വസ്തുത. നായ്ക്കളുടെ സ്വഭാവത്തെയും പെരുമാറ്റ രീതികളെയും പറ്റി മനസ്സിലാക്കിയാൽ ഇത്തരം നിർദ്ദേശങ്ങൾ അപ്രായോഗികമെന്ന് അതുന്നയിക്കുന്നവർക്ക് പോലും ബോധ്യപ്പെടും.

നായ്ക്കളെ വീടുകളിൽ വളർത്താൻ തുടങ്ങിയിട്ട് കുറഞ്ഞ നൂറ്റാണ്ടുകൾ മാത്രമേ ആയിട്ടുള്ളു. ലാബ്രഡോറും ജർമൻ ഷെപ്പെർഡും റോട്ട് വീലറും പഗ്ഗുമെല്ലാം നമ്മുടെ വീടുകളിൽ രാജകീയമായി വാഴുന്ന നായ ജനുസ്സുകളാണെങ്കിൽ തെരുവിൽ വാഴുന്ന നായ്ക്കളിൽ മഹാഭൂരിപക്ഷവും നാടൻ നായ്ക്കൾ എന്ന് നമ്മൾ വിളിക്കുന്ന ഇന്ത്യൻ പരിയാ എന്ന തദ്ദേശീയ ഇനം നായ്ക്കളാണ്.

ഇന്ത്യൻ പരിയാ ഇനം (Indian pariah dog) നായ്ക്കളും മോഗ്രൽ (Mongrel) ഇനം നാടൻ നായ്ക്കളും അടിസ്ഥാനപരമായി നാട്ടിൽ റോന്തുചുറ്റാനും ഇരതേടാനും സഹജസ്വഭാവമുള്ള ജീവികളാണ്. പൊതുസമൂഹത്തോടൊപ്പം ജീവിക്കാൻ ഇഷ്ട്ടപെടുന്ന വളരെ സോഷ്യൽ ആയ ജീവിവർഗ്ഗമാണ് ഇന്ത്യൻ പരിയാ, എന്നാൽ ലാബ്രഡോർ, റോട്ട് വീലർ തുടങ്ങിയ വിദേശ ബ്രീഡുകളിൽ ഈ സാമൂഹ്യസ്വഭാവം തീർത്തും കുറവാണെന്ന് പറയാം,തന്റെ ഉടമയും കുടുംബവുമാണ് അവരുടെ ലോകം.

4,500- ലധികം വർഷങ്ങൾ നീണ്ട പരിണാമപ്രക്രിയയിലൂടെയും പ്രകൃതിയുടെ സ്വാഭാവിക തിരഞ്ഞെടുപ്പിലൂടെയും രൂപപ്പെട്ട് ജീനിൽ വിളക്കിച്ചേർക്കപെട്ടതാണ് ഇന്ത്യൻ പരിയാ നായ്ക്കളുടെ സാമൂഹ്യസ്വഭാവം. ജനിതകമായി സാമൂഹ്യസ്വഭാവമുള്ള, സ്വച്ഛന്ദം വിഹരിക്കാനും ഇരതേടാനും ഇഷ്ട്ടപെടുന്ന ഒരു ജീവിവർഗത്തെ പിടികൂടി കൂട്ടിലടച്ചാൽ അവയുടെ സഹജസ്വഭാവം മാറില്ലെന്ന് മാത്രമല്ല അവർ കൂടുതൽ ആക്രമകാരികളായി തീരുകയും ചെയ്യും.

ഒരു പ്രദേശത്ത് തന്റെതായ ഒരു വിഹാരപരിധി അഥവാ ടെറിറ്ററി ഉണ്ടാക്കുകയെന്നതും ആ മേഖലയിൽ വളരെ പ്രതിരോധാത്മകമായ സ്വഭാവം കാണിക്കുകയെന്നതും  ഇന്ത്യൻ പരിയാ ഇനം നായ്ക്കളുടെ സഹജസ്വഭാവമാണ്. ഈ പരിധിയിൽ മറ്റ് നായ്ക്കൾ അതിക്രമിച്ചു കയറിയാൽ പരസ്പരം പോരാട്ടമുറപ്പ്. നായ പുനരധിവാസകേന്ദ്രങ്ങളിൽ പാർപ്പിക്കുമ്പോൾ നായ്ക്കളുടെ ഈ ടെറിറ്ററി സ്വഭാവം പ്രശ്നമാവുകയും പുനരധിവാസ കേന്ദ്രങ്ങൾക്കുള്ളിൽ നായകൾ തമ്മിൽ പോരാട്ടം രൂക്ഷമാവുകയും ചെയ്യും.പട്ടിയുടെ വാല് പന്തീരാണ്ട് കൊല്ലം കുഴലിലിട്ടാലും വളഞ്ഞേ ഇരിക്കൂ എന്ന് പറയുന്നത് പോലെ ഇന്ത്യൻ പരിയാ  നായ്ക്കളുടെ പ്രകൃത്യരൂപപെട്ട ഈ ജനിതക-സഹജസ്വഭാവങ്ങൾ അത്ര പെട്ടെന്നൊന്നും മാറ്റിതീർക്കാൻ നമ്മുടെ പിപ്പിടിവിദ്യകൾക്കാവില്ല.

നായ പുനരധിവാസത്തിന്റെ പ്രായോഗിക വെല്ലുവിളികൾ

കേരളത്തിന്റെ തെരുവുകളിൽ പെരുകിയ നായ്ക്കൾ റോട്ട് വീലറോ ജർമൻ ഷെപ്പെർഡോ ലാബ്രഡോറോ ഒക്കെയായിരുന്നെങ്കിൽ ഒരുപക്ഷെ ഷെൽട്ടർ സംവിധാനം വിജയിച്ചേനെ !. പലരും ഇപ്പോൾ മനക്കോട്ട കെട്ടുന്ന നായപുനരധിവാസകേന്ദ്രങ്ങളിൽ അഭിമുഖീകരിക്കേണ്ടി വരുന്ന പ്രായോഗിക വെല്ലുവിളികൾ വേറെയുമുണ്ട്. പുനരധിവാസ കേന്ദ്രങ്ങളിൽ പരിപാലനം കാര്യക്ഷമമല്ലെങ്കിൽ നായ്ക്കളിലെ പകർച്ചവ്യാധികൾ എളുപ്പം പകരും. ഒരു പ്രദേശത്ത് നിന്ന് മുഴുവൻ നായ്ക്കളെയും നീക്കിയാലും അവിടെ താമസിയാതെ പുതിയ നായ്ക്കളെത്തുകയും ടെറിറ്ററിയുണ്ടാക്കുകയും ചെയ്യുമെന്നതാണ് മറ്റൊരു വസ്തുത. മാത്രമല്ല നായകളുടെ പുനരധിവാസകേന്ദ്രങ്ങൾ കേരളം പോലെ ജനസാന്ദ്രത കൂടിയ സംസ്ഥാനത്ത് ഉണ്ടാക്കിയേക്കാവുന്ന സാമൂഹ്യപ്രശ്നങ്ങളും എതിർപ്പുകളും വേറെയുമുണ്ട്. കേരളത്തിൽ ഇന്നുള്ള ഏകദേശം രണ്ടേമുക്കാൽ ലക്ഷത്തോളം തെരുവുനായ്ക്കളെ എങ്ങനെ എവിടെ പുനരധിവസിപ്പിച്ച് ദൈനംദിന പരിചരണം നൽകുമെന്നതും പ്രായോഗിക പ്രശ്നമാണ്. യഥാർത്ഥ പ്രശ്നങ്ങളെ അഭിമുഖീകരിക്കാതെ തെരുവുനായ ശല്യത്തിന് ബാൻഡ് എയ്ഡ് പരിഹാരങ്ങളില്ലെന്ന് മനസിലാക്കുക. ഇങ്ങനെ ഇരുട്ട് കൊണ്ട് ഒറ്റയടച്ച് നമ്മൾ എത്രകാലം മുന്നോട്ട് പോവും?.

കുത്താ കാ ബുറാകൾ കേരളത്തെ ഓർമിപ്പിക്കുന്നത്

തെരുവുനായ്ക്കളെ പിടികൂടി പ്രത്യേക പുനരധിവാസ കേന്ദ്രങ്ങളിൽ പാർപ്പിക്കാൻ പദ്ധതി ആവിഷ്ക്കരിച്ച് നടപ്പാക്കിയ പ്രദേശമായിരുന്നു രാജസ്ഥാനിലെ രണ്ടാമത്തെ വലിയ നഗരവും മെട്രോപൊളിറ്റൻ സിറ്റിയുമായ ജോധ്പൂർ. ”കുത്താ കാ ബുറാ (Kutte ka burra)’ എന്നായിരുന്നു ഈ നായ പുനരധിവാസ കേന്ദ്രങ്ങളെ നഗരഭരണകൂടം വിശേഷിപ്പിച്ചത്. പുനരധിവാസകേന്ദ്രങ്ങളിൽ ഒതുങ്ങിക്കൂടപ്പെട്ട ആരോഗ്യമുള്ള തദ്ദേശീയ നായ്ക്കൾ തങ്ങളുടെ ഊർജം ചിലവിടാൻ മറ്റ് വഴികളില്ലാതെ പരസ്പരം പോരടിച്ച് ക്രമേണ കൂടുതൽ അക്രമകാരികളായി മാറിയെന്നതാണ് വസ്തുത. നായ്ക്കൾ വഴക്കിടുന്ന ശബ്ദവും ചത്തനായ്ക്കളുടെ ദുർഗന്ധവും മാലിന്യവും എല്ലാം ചേർന്ന് നായ പുനരധിവാസ കേന്ദ്രങ്ങൾ ക്രമേണ പൊതുശല്യമായി മാറി. ഒടുവിൽ ഇത്തരം കേന്ദ്രങ്ങൾക്കുള്ളിലേയ്ക്ക് കയറാൻ നിർവാഹമില്ലാതെ നഗരസഭ നിയമിച്ച ജോലിക്കാർ നായ്ക്കൾക്കുള്ള ഭക്ഷണവും വെള്ളവും മതിലിന് മുകളിലൂടെ വലിച്ചെറിഞ്ഞ് നൽകുകയായിരുന്നത്രേ ചെയ്തത്. വലുതും ശരീരക്ഷമതയുള്ളതുമായ നായ്ക്കൾ ഇങ്ങനെ വലിച്ചെറിഞ്ഞു കിട്ടുന്ന ഭക്ഷണമെല്ലാം പിടിച്ചെടുത്തു, ചെറുതും ദുർബലവുമായ നായ്ക്കൾ വിശന്നുവലഞ്ഞു, പട്ടിണി കിടന്ന് ചത്തു. ഇത്തരം കേന്ദ്രങ്ങൾ വൃത്തിയാക്കാൻ പോലും ജീവനക്കാർക്ക് കഴിഞ്ഞില്ല. താമസിയാതെ നായ്ക്കൾ സ്വന്തം മലത്തിൽ ആഴത്തിലാണ്ടു. പകർച്ചവ്യാധികളും നായ്ക്കളുടെ പരസ്പരമുള്ള പോരും പട്ടിണിയും നിമിത്തം നൂറുകണക്കിന് നായ്ക്കളുടെ ദാരുണമായ മരണമായിരുന്നു ജോധ്പൂരിലെ നായ പുനരധിവാസ കേന്ദ്രങ്ങളുടെ അവസാനഫലം. ഒടുവിൽ തെരുവുനായ പുനരധിവാസ കേന്ദ്രങ്ങൾ വിനാശകാലത്ത് തങ്ങൾക്ക് തോന്നിയ വിപരീത ബുദ്ധിയാണന്ന് തിരിച്ചറിഞ്ഞതോടെ ജോധ്പൂരിലെ നായ പുനരധിവാസകേന്ദ്രം നഗരസഭ അടച്ചുപൂട്ടി. ഇന്ന് ആ മേഖല ആനിമൽ ബർത്ത് കണ്ട്രോൾ (എ ബി സി) – ആന്റി റാബീസ് വാക്സിനേഷൻ ( എ ആർ) /എ.ബി.സി.-എ.ആർ. പ്രോഗ്രാമിന്റെ കേന്ദ്രമാണ്. തങ്ങളുടെ രാജ്യത്ത് പെരുകിയ നായ്ക്കളെ നിയന്ത്രിക്കാൻ ഭൂട്ടാൻ സർക്കാരും ഇതേ രീതിയിൽ ഒരു പദ്ധതി നടപ്പിലാക്കിയിരുന്നു. ഫലം ജോധ്പൂരിന്റെ ആവർത്തനമായിരുന്നു. ജോധ്പൂരിന്റെ അതേ ദുരന്തം രാജ്യം നേരിട്ടപ്പോൾ ഭൂട്ടാൻ സർക്കാർ ഈ ആശയം ഉപേക്ഷിക്കുകയും എ.ബി.സി.-എ.ആർ. നടപ്പിലാക്കുന്നതിനായി തങ്ങളുടെ പൗരസംഘടനകളെ പരിശീലിപ്പിക്കാൻ ഇന്ത്യൻ എൻ.ജി.ഒ.കളെ ക്ഷണിക്കുകയും ചെയ്തു എന്നതാണ് ചരിത്രം. അമേരിക്ക അടക്കമുള്ള പേവിഷ വിമുക്തവും തെരുവുനായ രഹിതവുമായ വികസിത രാജ്യങ്ങളിലുള്ള ആനിമൽ ഷെൽട്ടറുകളുമായി നമ്മുടെ തെരുവുനായ പുനരധിവാസ കേന്ദ്രങ്ങളെ താരതമ്യപ്പെടുത്തുന്നതിൽ അർത്ഥമേതുമില്ല, കാരണം സാമൂഹികസാഹചര്യങ്ങൾ തമ്മിൽ അജഗജാന്തര വ്യത്യാസമുണ്ട്.

അറിയുക, തെരുവുനായ നിയന്ത്രണത്തിന് ഒറ്റമൂലികളില്ല, കേരളത്തിന് വേണ്ടത് കുറ്റമറ്റ എ. ബി. സി.-എ .ആർ.

തെരുവുനായ്ക്കൾ ഉൾപ്പെടെ ഒരു പ്രദേശത്തെ എഴുപത് ശതമാനം നായ്ക്കൾക്കും വർഷാവർഷം പേവിഷ പ്രതിരോധ വാക്സിൻ നൽകാൻ കഴിഞ്ഞാൽ നായ്ക്കളിലെ പേവിഷബാധ നിർമാർജനം ചെയ്യാൻ കഴിയുമെന്നത് ശാസ്ത്രീയമായി അംഗീകരിക്കപ്പെട്ടതാണ്. മാത്രമല്ല, മനുഷ്യരിൽ രോഗബാധക്കുള്ള സാധ്യത ഏകദേശം പൂർണമായും തന്നെ തടയാൻ കഴിയും. എഴുപത് ശതമാനം നായ്ക്കൾക്ക് പേവിഷ പ്രതിരോധ വാക്സിൻ നൽകാൻ കഴിഞ്ഞാൽ ബാക്കി നായ്ക്കൾ പേവിഷ വൈറസിനെതിരെ ആർജിത പ്രതിരോധം കൈവരിക്കുകയും ഹെർഡ് ഇമ്മ്യൂണിറ്റി അഥവാ കൂട്ട പ്രതിരോധം എന്ന ലക്ഷ്യം നേടുകയും ചെയ്യും. പേവിഷ വൈറസിന്റെ കാരിയർമാരാവാൻ പിന്നെ നായ്ക്കൾക്കാവില്ല. ഗോവ, ജയ്‌പൂർ,നീലഗിരി  ഉൾപ്പെടെ അതിന്റെ തെളിയിക്കപ്പെട്ട മാതൃകകളും നമുക്ക് മുന്നിൽ വഴികാട്ടിയായുണ്ട്. മാത്രമല്ല മറ്റ് വൈറസുകളെ പോലെ ലക്ഷണമൊന്നും കാണിക്കാതെ ദീർഘകാലം പേവിഷ വൈറസിനെ ശരീരത്തിൽ കൊണ്ടുനടക്കുന്ന കാരിയറാവാനും മറ്റ് ജീവികളിലേയ്ക്ക് പകർത്താനും നായ്ക്കൾക്കാവില്ല എന്നതും മനസിലാക്കണം. ഏഴുപത് ശതമാനം നായകളെയെങ്കിലും വന്ധ്യംകരിച്ചാൽ അടുത്ത മൂന്ന് വർഷം കൊണ്ട് നായകളുടെ ജനനനിരക്ക് ഒരുപരിധി വരെ നിയന്ത്രിക്കുവാൻ സാധിക്കും എന്നും വിലയിരുത്തപ്പെടുന്നു.

ഈ ആശയങ്ങളുടെ അടിസ്ഥാനത്തിൽ കാര്യക്ഷമമായ, പാതിവഴിയിൽ നിലച്ചുപോവാത്ത  തെരുവുനായ്ക്കളുടെ ആനിമൽ ബർത്ത് കണ്ട്രോൾ (എ. ബി. സി.) – ആന്റി റാബീസ് വാക്സിനേഷൻ (എ. ആർ.) പദ്ധതിയാണ് കേരളത്തിന് ഇനി വേണ്ടത്. ഇതിനായുള്ള നിയമങ്ങളും നിർദ്ദേശങ്ങളും പതിറ്റാണ്ടുകൾക്ക് മുന്നേ നിലവിലുണ്ടെങ്കിലും തദ്ദേശസ്വയംഭരണസ്ഥാപനങ്ങൾ അവ നടപ്പാക്കുന്നതിൽ കാണിച്ച അതീവ ഉദാസീനതയാണ് ഇന്ന് കേരളത്തെ പേപ്പട്ടിപല്ലിൽ കുരുക്കിയതെന്ന് നാം തിരിച്ചറിയണം. കാര്യക്ഷമമായ എ. ബി. സി.-എ. ആർ. പദ്ധതി നടപ്പിലാക്കുന്നതിനായി ഒരു സമഗ്ര ആരോഗ്യ മിഷൻ തന്നെ സർക്കാറിന് വിഭാവനം ചെയ്യാവുന്നതാണ്.

അതോടൊപ്പം തെരുവുനായ്ക്കളുടെ പെരുപ്പത്തിന് കാരണമായ അടിസ്ഥാനകാരണങ്ങൾ കണ്ടെത്തി തിരുത്താനുള്ള നടപടികളും വേണം. നിരത്തുകളിൽ സുലഭമായി  ലഭ്യമായ ഭക്ഷണാവശിഷ്ടം നായകളുടെ പെരുപ്പത്തിന് മൂലകാരണമാണ്. കോഴിഫാമുകളും അറവുശാലകളും അശാസ്ത്രീയമായി കൈകാര്യം ചെയ്യുന്ന മാലിന്യം, ഹോട്ടൽ മാലിന്യം, വീടുകളിൽ നിന്നും പുറത്തേക്ക് എറിയുന്ന ഭക്ഷണമാലിന്യം, ആഘോഷാവസരങ്ങളിൽ ഉണ്ടാകുന്ന ഭക്ഷണാവശിഷ്ടങ്ങൾ തുടങ്ങി പൊതുസ്ഥലത്ത് നായ്ക്കൾക്ക് ഭക്ഷണം നൽകുന്നവർ വരെ നായകളുടെ എണ്ണം ഉയർത്തുന്നതിൽ പങ്ക് വഹിക്കുന്നു. ഇത്തരം വിഷയങ്ങളിൽ നിലവിലുള്ള നിയമങ്ങൾ കർശനമായി പാലിക്കപ്പെടണം. ഈ വിഷയം ശാസ്ത്ര സാഹിത്യ പരിഷത്ത് പ്രസ്താവനയായി സർക്കാരിനോട് ആവശ്യപ്പെട്ടിയിട്ടുണ്ട്. വളർത്തുനായ്ക്കളുടെ  ബ്രീഡിങ്ങുമായി ബന്ധപ്പെട്ട് നിലവിലുള്ള കേന്ദ്ര നിയമങ്ങൾ കർശനമായി കേരളത്തിൽ നടപ്പിലാക്കണം. ലൈസൻസും വാക്സിനേഷനുമില്ലാതെ നായ്ക്കളെ പരിപാലിക്കുന്നവർക്കും അനധികൃത നായപ്രജനനകേന്ദ്രങ്ങൾ നടത്തുന്നവർക്കും കനത്ത പിഴശിക്ഷ തന്നെ വേണ്ടതുണ്ട്. നായ്ക്കളെ പിടികൂടി കൂട്ടക്കുരുതി നടത്തലോ കുത്താ കാ ബുറാകളോ തെരുവുനായ പ്രശ്നത്തെ അഭിമുഖീകരിക്കാനുള്ള മാർഗമല്ലെന്ന് പേപ്പേടിയിൽ മനംപിടയുന്ന ഈ കാലത്ത് നമ്മൾ തിരിച്ചറിയേണ്ടിയിരിക്കുന്നു.

ഈ ലേഖനത്തോടുള്ള പ്രതികരണം

മറ്റു ലൂക്ക ലേഖനങ്ങൾ

Happy
Happy
5 %
Sad
Sad
37 %
Excited
Excited
26 %
Sleepy
Sleepy
5 %
Angry
Angry
5 %
Surprise
Surprise
21 %

One thought on “കൊന്നൊടുക്കിയാൽ പ്രശ്നം തീരുമോ ?

 1. എന്റെ വെറ്ററിനറി ഡോക്ടറെ,
  താങ്കളുടെ പേവിഷബാധ പരിഹാരം, വാക്‌സിനാഷൻ,ഹെർഡ് ഇമ്മ്യൂണിറ്റി ഇവ ബോധ്യപ്പെട്ടു.
  പെറ്റു പെരുകിയ നായ്ക്കൾ മനുഷ്യരെ
  കടിക്കാതെയിരിക്കാൻ എന്താണ് മാർഗ്ഗം. അതു പറയൂ.
  കറാച്ചിയിൽ, ലാഹോറിൽ, ഇപ്പോൾ പ്ലേഗ് ഇല്ലല്ലോ, നായ്ക്കളെ കൊന്ന മദ്രാസിൽ പ്ലേഗ് ഉണ്ടായില്ലല്ലോ.
  ഒരു മൃഗവംശം മനുഷ്യന് ശല്യം ആകുമ്പോൾ അവയെ കുറെ
  എണ്ണത്തെ കൊല്ലുന്ന നാടുകളുണ്ട്
  കെനിയയിൽ ആനകളെയും ആസ്ത്രേലിയായിൽ കാൻഗാരുക്കളെയും കൊന്നത് ചരിത്രം. അധികമായാൽ അമൃതും വിഷം. താങ്കളുടേത് ആർധസത്യം മാത്രം
  എന്ന്‌,
  ഒരു മനുഷ്യന്റെ ഡോക്ടർ.

Leave a Reply

Previous post തെരുവു നായകൾ പറയുന്നത്
Next post മറക്കരുത് ഈ പേവിഷ പ്രതിരോധ പാഠങ്ങൾ
Close