Read Time:8 Minute

സൂര്യനോടൊരു ‘സ്മൈൽ പ്ലീസ്’… നാസയുടെ ക്ലിക്.…

ഇതാ ആദ്യമായി പുഞ്ചിരിക്കുന്ന സൂര്യന്റെ ചിത്രം പുറത്തു വിട്ടിരിക്കുകയാണ് നാസ.  ഇക്കഴിഞ്ഞ ഒക്ടോബർ 26 ബുധനാഴ്ച പുറത്തു വന്ന ചിത്രത്തെ മറ്റൊരു പുഞ്ചിരിയോടെ ആണ് ലോകം ഏറ്റെടുത്തത്. നാസയുടെ സോളാർ ഡൈനാമിക്‌സ് ഒബ്സർവേറ്ററി ആണ് അൾട്രാവയലറ്റ് വെളിച്ചത്തിൽ ഈ ചിത്രം പകർത്തിയത്.

ശ്രീനിധി കെ.എസ്. എഴുതുന്നു


'എന്നും ചിരിക്കുന്ന സൂര്യന്റെ ചെങ്കതിർ
ഇന്നെത്ര ധന്യതയാർന്നു...'

ശ്രീകുമാരൻ തമ്പി ഇങ്ങനെയെല്ലാം എഴുതിയെങ്കിലും നമ്മൾ സാധാരണ കാണുന്നതെല്ലാം ഉഗ്രകോപത്തിൽ ജ്വലിച്ചു നിൽക്കുന്ന ചൂടൻ സൂര്യന്റെ ചിത്രങ്ങൾ ആണ്. എന്നാൽ ഇതാ ആദ്യമായി പുഞ്ചിരിക്കുന്ന സൂര്യന്റെ ചിത്രം പുറത്തു വിട്ടിരിക്കുകയാണ് നാസ.  ഇക്കഴിഞ്ഞ ബുധനാഴ്ച പുറത്തു വന്ന ചിത്രത്തെ മറ്റൊരു പുഞ്ചിരിയോടെ ആണ് ലോകം ഏറ്റെടുത്തത്. നാസയുടെ സോളാർ ഡൈനാമിക്‌സ് ഒബ്സർവേറ്ററി ആണ് അൾട്രാവയലറ്റ് വെളിച്ചത്തിൽ ഈ ചിത്രം പകർത്തിയത്. ചിത്രത്തിലെ ഇരുണ്ടു കാണപ്പെടുന്ന മൂന്നു ഭാഗങ്ങൾ ആണ് സൂര്യനെ ചിരിക്കുന്ന മുഖം പോലെ തോന്നിപ്പിക്കുന്നത്. അതിവേഗതയിൽ സൗരക്കാറ്റ് പ്രവഹിക്കുന്ന പ്രദേശങ്ങളായ കൊറോണൽ ദ്വാരങ്ങൾ (coronal holes) ആണ് ഇവ.

നാസയുടെ സോളാർ ഡൈനാമിക്‌സ് ഒബ്സർവേറ്ററി ആണ് അൾട്രാവയലറ്റ് വെളിച്ചത്തിൽ ഈ ചിത്രം പകർത്തിയത്. Nasa Sun Twitter ലൂടെ പുറത്തുവിട്ട ചിത്രം

എന്താണ് കൊറോണൽ ദ്വാരങ്ങൾ?

സൗരാന്തരീക്ഷത്തിലെ ഏറ്റവും പുറമെയുള്ള പാളിയാണ് കൊറോണ എന്നറിയാമല്ലോ. കൊറോണയിലെ മറ്റ് ഭാഗങ്ങളെ അപേക്ഷിച്ചു ചൂടും സാന്ദ്രതയും കുറഞ്ഞ പ്ലാസ്മ ഉള്ള ഭാഗങ്ങൾ ആണ് കൊറോണൽ ദ്വാരങ്ങൾ എന്നറിയപ്പെടുന്നത്. എക്സ്-റേ, അൾട്രാവയലറ്റ് തുടങ്ങിയ വെളിച്ചങ്ങളിൽ എടുക്കുന്ന ചിത്രങ്ങളിൽ മാത്രം ഈ ഭാഗങ്ങൾ ഇരുണ്ടു കാണപ്പെടും. അതുകൊണ്ട് തന്നെ ഒരു സാധാരണ ടെലിസ്കോപ് ഉപയോഗിച്ച് കൊറോണൽ ദ്വാരങ്ങൾ കാണാൻ സാധിക്കില്ല.

നാസയുടെ സോളാർ ഡൈനാമിക്‌സ് ഒബ്സർവേറ്ററി

അതിവേഗ സൗരക്കാറ്റിന്റെ പ്രഭവകേന്ദ്രങ്ങളാണ് ഈ പ്രദേശങ്ങൾ. കൊറോണയുടെ മറ്റു ഭാഗങ്ങളിൽ സൂര്യനിൽ തുടങ്ങി സൂര്യനിലേക്ക് തന്നെ അവസാനിക്കുന്ന രീതിയിൽ (closed field lines) ആണ് കാന്തികരേഖകൾ ഉള്ളത്.  എന്നാൽ കൊറോണൽ ദ്വാരങ്ങളിലെ കാന്തികരേഖകൾ സൂര്യനിൽ നിന്നും പുറത്തേക്ക് നീണ്ടു കിടക്കുകയാണ്. അതുകൊണ്ട് തന്നെ അവയെ open field lines എന്ന് വിശേഷിപ്പിക്കാറുണ്ട്. സൂര്യനിൽ നിന്നും ഈ കാന്തിക രേഖകളിലൂടെ അതിവേഗതയിൽ പ്ലാസ്മ പുറത്തേക്ക് പ്രവഹിക്കുന്നു. അങ്ങനെ വേഗമേറിയ സൗരക്കാറ്റ് ഉണ്ടാകുന്നു. സാധാരണ സൗരക്കാറ്റിന്റെ ഇരട്ടിയോളം വേഗതയുണ്ട് കൊറോണൽ ദ്വാരങ്ങളിൽ നിന്നുള്ള സൗരക്കാറ്റിന്‌.

കൊറോണൽ ദ്വാരങ്ങൾ എല്ലാം സ്ഥിരമല്ല കേട്ടോ. സൗരപ്രവർത്തനങ്ങളിലെ (solar activities) ഏറ്റക്കുറച്ചിലുകൾ അനുസരിച്ചാണ് കൊറോണയുടെ പല ഭാഗങ്ങളിലായി ഇവ രൂപപ്പെടുകയും അപ്രത്യക്ഷമാവുകയും ചെയ്യുന്നത്. സൗരപ്രവർത്തനങ്ങൾ 11 വർഷങ്ങളുടെ സൗരചക്രമനുസരിച്ചു കൂടിയും കുറഞ്ഞും ഇരിക്കുന്നു എന്നറിയാമല്ലോ. സൗരപ്രവർത്തനങ്ങൾ ഏറ്റവും കൂടിയിരിക്കുന്ന സമയത്തേക്ക് (സോളാർ മാക്സിമം) അടുക്കും തോറും കോറോണൽ ദ്വാരങ്ങളുടെ എണ്ണവും വലിപ്പവും കുറയുകയും അവ സൂര്യന്റെ ധ്രുവങ്ങളിലേക്ക് കൂടുതൽ അടുപ്പിക്കപ്പെടുകയും ചെയ്യുന്നു. സോളാർ മാക്സിമം എത്തുമ്പോൾ സൂര്യന്റെ കാന്തികധ്രുവങ്ങൾ പരസ്പരം സ്ഥാനം മാറുന്നു. അപ്പോൾ ധ്രുവങ്ങളിൽ, മുൻപ് ഉണ്ടായിരുന്നതിന്റെ വിപരീതം കാന്തികധ്രുവീയതയുള്ള  കൊറോണൽ ദ്വാരങ്ങൾ വീണ്ടും പ്രത്യക്ഷപ്പെടാൻ തുടങ്ങുന്നു. സൗരപ്രവർത്തനങ്ങൾ കുറഞ്ഞ സോളാർ മിനിമത്തിലേക്ക് സൂര്യൻ മാറുന്തോറും കൊറോണൽ ദ്വാരങ്ങളുടെ എണ്ണവും വലിപ്പവും കൂടുകയും അവ ധ്രുവങ്ങളിൽ നിന്നും മറ്റു പ്രദേശങ്ങളിലേക്ക് വ്യാപിക്കുകയും ചെയ്യുന്നു.

സോളാർ ഡൈനാമിക്‌സ് ഒബ്സർവേറ്ററി വിവിധ സൂര്യചിത്രങ്ങൾ | കടപ്പാട് : NASA/SDO/GSFC

ശാസ്ത്രജ്ഞർ കൗതുകത്തോടെ ഉറ്റു നോക്കുന്ന സൗരപ്രതിഭാസമാണ് കൊറോണൽ ദ്വാരങ്ങൾ. കൊറോണൽ ദ്വാരങ്ങളിലേത്  സാധാരണകാന്തികമണ്ഡലത്തിൽ നിന്നും വ്യത്യസ്തമായി ഏകധ്രുവമണ്ഡലമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. അതുകൊണ്ട് സൂര്യന്റെ കാന്തികമണ്ഡലത്തിലെ മലക്കം മറിച്ചിലുകളെ കുറിച്ചും ധ്രുവങ്ങളുടെ സ്ഥാനമാറ്റത്തെ കുറിച്ചും എല്ലാം പഠിക്കാൻ ശാസ്ത്രജ്ഞർ കൊറോണൽ ദ്വാരങ്ങളിൽ നിന്നുള്ള വിവരങ്ങളെ  ഉപയോഗപ്പെടുത്താറുണ്ട്.


Happy
Happy
20 %
Sad
Sad
0 %
Excited
Excited
44 %
Sleepy
Sleepy
0 %
Angry
Angry
4 %
Surprise
Surprise
32 %

Leave a Reply

Previous post സിറ്റിസൺ സയൻസ്: ഗവേഷണത്തിലെ പൊതുജന പങ്കാളിത്തം
Next post ത്വസ്ത – ഇന്ത്യയിലെ ആദ്യ 3D പ്രിന്റഡ് ഭവനം
Close