ഇതാ സയന്‍സിലെ 10 തെറ്റായ കണ്ടെത്തലുകള്‍

സയന്‍സ് ന്യൂസ് നവം. 10 ല്‍  ടോം സീഗ്രെയ്ഡ് എഴുതിയ ലേഖനം. (These are science’s Top 10 erroneous results – Tom Siegfried) വിവര്‍ത്തനം:  ജി.ഗോപിനാഥന്‍.

തെറ്റുപറ്റുക എന്നത് മനുഷ്യസഹജമാണ് എന്നാണല്ലോ, ആ വാദം ഒന്നിനും ഉചിതമായ ഒരു ഒഴിവുകഴിവ് അല്ലെങ്കിലും. ഒരു സയന്റിസ്റ്റിന് തെറ്റുപറ്റുക എന്നത് കൂടുതല്‍ കുഴപ്പമാകും. കാരണം സയന്‍സിനെ ആശ്രയിച്ചാണ് തങ്ങള്‍ ശരിയാണു ചെയ്യുന്നതെന്ന ബോദ്ധ്യം ആളുകളിലുണ്ടാകുന്നത്. എന്നിരുന്നാലും സയന്റിസ്റ്റുകളും മനുഷ്യരാണല്ലോ. വാസ്തവത്തില്‍ സയന്‍സും തെറ്റുവരാത്ത ഒന്നല്ല. എന്നുമാത്രവുമല്ല, സയന്‍സില്‍ തെറ്റുകള്‍ സാധാരണവുമാണ്. മിക്ക സയന്റിസ്റ്റിനും പറയാനുള്ളത് അതങ്ങനെയാകാതെ തരമില്ലായിരുന്നു എന്നാകും. അതുകൊണ്ടാണ് തെറ്റു വരുത്തുക എന്നത് പുരോഗതിയിലേക്കുള്ള പാതയാണ് എന്നു പറയുന്നത്.

തെറ്റായ ഒരു പരീക്ഷണം കൂടുതല്‍ പരീക്ഷണങ്ങള്‍ക്ക് പ്രചോദനമാകും, അത് ആദ്യത്തെ തെറ്റിനെ തിരുത്തുക മാത്രമല്ല, നേരത്തേ ഉള്ളിലുദിക്കാതിരുന്ന സത്യത്തെയും പുറത്തുകൊണ്ടുവരും.

അങ്ങനെയൊക്കെയാണെങ്കിലും സയന്‍സിന്റെ തെറ്റുകള്‍ പലപ്പോഴും കുഴക്കുകതന്നെ ചെയ്യും. ശുക്രനിൽ ജീവനുണ്ടാകാനുള്ള സാദ്ധ്യതയെക്കുറിച്ച് വലിയൊരു വാര്‍ത്ത ഈയിടെ വന്നിരുന്നു. അവിടെ ഫോസ്ഫീൻ കാണപ്പെട്ടെന്നും അത് ജീവന്റെ സാന്നിദ്ധ്യത്തെ സൂചിപ്പിക്കുന്നുവെന്നുമായിരുന്നു ആ വാര്‍ത്ത. എന്നാലത് അത്ര വിശ്വസനീയമല്ല എന്നും കരുതപ്പെടുന്നു. ഇപ്പോഴുമത് ഒരു തര്‍ക്കവിഷയമാണ്.

ഇവിടെ സയന്‍സിലുണ്ടായ പത്ത് തെറ്റുകള്‍ ആണ് വിശദീകരിക്കുന്നത്.  മനപ്പൂര്‍വ്വം നടത്തിയ തട്ടിപ്പുകളല്ല, മറിച്ച് തെറ്റാണെന്ന് തെളിയിക്കപ്പെടുന്നതിനു മുമ്പ് ഏറെക്കാലം  വിശ്വാസമാര്‍ജ്ജിച്ചിരുന്ന കാര്യങ്ങളാണിവ. ഇവിടെ ഒരാളൊഴികെ മറ്റാരുടെയും പേരുകള്‍  പരാമര്‍ശിക്കുന്നില്ല. കാരണം ഇത്  ആരെയും മോശക്കാരാക്കാനുള്ള ശ്രമമല്ല എന്നതു തന്നെ.

10.ജീവന്റെ ഒരു വിചിത്ര രൂപം

ജൈവതന്മാത്രകളില്‍ ഫോസ്ഫറസിനു പകരം ആഴ്സനിക് ഉള്ള ഒരു വിചിത്രജീവി ഉണ്ടെന്ന അവകാശവാദം 2010 ല്‍ പുറത്തുവന്ന ഒരു റിപ്പോര്‍ട്ടിലുണ്ടായിരുന്നു. ഇത്  സംശയകരമായിരുന്നെങ്കിലും തെളിവുകളൊക്കെ ശരിയാണന്ന് ആദ്യം തോന്നിയിരുന്നു. വിശദമായ പരിശോധനയില്‍ ശരിയല്ലെന്നു മനസ്സിലായി.

 

9.വിചിത്രരൂപമുള്ള വെള്ളം

1960 കളില്‍ ചില സോവിയറ്റ് സയന്റിസ്റ്റുകള്‍ പുതിയ രൂപത്തിലുള്ള ജലം ഉണ്ടാക്കിയതായി അവകാശപ്പെട്ടു. സാധാരണ ജലം  ഇടുങ്ങിയ ട്യൂബുകളിലൂടെ ചീറ്റിച്ചുവിടുമ്പോള്‍ അതിന് കൂടുതല്‍ കട്ടിയുണ്ടാകുന്നതായും സാധാരണയിലും കൂടിയ താപനിലയിലാണ് അത് തിളയ്ക്കുന്നതെന്നും പതിവിലുമേറെ താണ താപനിലയിലാണ് ഘനീഭവിക്കുന്നതെന്നും  കണ്ടു. ജലതന്മാത്രകള്‍  ഉറകൂടി “പോളി ജലം” ഉണ്ടാകുന്നു എന്നതായിരുന്നു നിഗമനം. 1960 കളുടെ അവസാനത്തോടെ ലോകമെമ്പാടുമുള്ള കെമിസ്റ്റുകള്‍ പോളി ജലം ഉണ്ടാക്കാനുള്ള പരീക്ഷണങ്ങളില്‍ മുഴുകി. വൈകാതെ തന്നെ ഈ പോളിജലസ്വഭാവം കൈവന്നത്  സാധാരണ വെള്ളത്തില്‍ തന്നെയുള്ള മാലിന്യങ്ങള്‍ മൂലമാണെന്നു തെളിഞ്ഞു. 

8.പ്രകാശത്തേക്കാള്‍ വേഗതയേറിയ ന്യൂട്രിനോകള്‍

“മരുന്നടിച്ച”  ഉസൈന്‍ ബോള്‍ട്ടിനേക്കാള്‍ വേഗത്തില്‍ സ്പെയ്സിലൂടെ ചീറിപ്പായുന്ന “ഫ്ലൈ വെയിറ്റ് ” പദാര്‍ത്ഥങ്ങളാണല്ലോ ന്യൂട്രിനോകള്‍. എന്നാല്‍ 2011 ല്‍ സേണിലെ ശാസ്ത്രജ്ഞര്‍, ജനീവയില്‍ നിന്ന് ഇറ്റലിയ്ക്കു സമീപമുള്ള സ്വീകരിണിയിലേക്ക് പാഞ്ഞ ന്യൂട്രിനോയുടെ വേഗത നേരത്തേ  അനുമാനിച്ച അത്രയും ഇല്ല തന്നെ. ആദ്യഫലങ്ങള്‍ കാണിച്ചത് ഈ ദൂരം ഒരു പ്രകാശതരംഗം എത്തിച്ചേര്‍ന്നതിനേക്കാള്‍ 60 നാനോസെക്കന്റ് നേരത്തേ എത്തി എന്നാണ്. പ്രകാശത്തേക്കാള്‍ വേഗതയേറിയ ന്യൂട്രിനോ എന്നത്

വാര്‍ത്തകളില്‍ ചില കോളിളക്കങ്ങളൊക്കെ ഉണ്ടാക്കി. മിക്ക സയന്റിസ്റ്റുകള്‍ക്കും അത് വിശ്വസനീയമായി തോന്നിയില്ല. ഐന്‍സ്‌റ്റെെനെ കുഴിമാടത്തില്‍ നിന്ന്  വിളിച്ചുവരുത്തണമോ എന്നുപോലും തോന്നി. എന്നാല്‍ 2012ല്‍ സമനില തിരിച്ചു കിട്ടി.  ലൂസായിക്കിടന്ന വൈദ്യുതിവയറുകളാണ് പരീക്ഷണത്തിന്റെ ക്ലോക്കിനെ താളംതെറ്റിച്ചതെന്നു തെളിഞ്ഞു. ആ തെറ്റ് അങ്ങനെ വിശദീകരിക്കാനായി.

7. ആദിമപ്രപഞ്ചത്തില്‍ നിന്നുള്ള ഗുരുത്വാകര്‍ഷണ തരംഗങ്ങള്‍

പ്രപഞ്ചത്തിന്റെ തുടക്കമായി 1380 കോടി കൊല്ലം മുമ്പുണ്ടായ മഹാവിസ്ഫോടനത്തിന്റെ ബാക്കിപത്രമായ മൈക്രോവേവ് തരംഗങ്ങള്‍ സ്പേസിലാകെ വ്യാപിക്കുന്നുണ്ടല്ലോ. ആദിമപ്രപഞ്ചത്തിന്റെ വിശദീകരണത്തിലുള്‍പ്പെടുന്ന വികാസം പറയുന്നത് തുടക്കം മുതലേയുള്ള ഗുരുത്വാകര്‍ഷണതരംഗങ്ങളുടെ  ഫലമായുള്ള മൈക്രോവേവ് റേഡിയേഷന്റെ അനുരണനങ്ങള്‍ നിലവിലുണ്ട് എന്നാണ്.

പ്രതീക്ഷിക്കപ്പെട്ടിരുന്ന ഈ സിഗ്നലുകളെ കണ്ടെത്തിയതായി 2014 ല്‍ സയന്റിസ്റ്റുകള്‍ റിപ്പോര്‍ട്ടു ചെയ്തു. അതോടൊപ്പം തന്നെ ഐന്‍സ്റ്റൈന്‍ പ്രവചിച്ചിരുന്ന ഗുരുത്വാകർഷണ തരംഗങ്ങളുടെ അസ്തിത്വം തെളിയിക്കുകയും പ്രപഞ്ചവികാസത്തിന്റെ ശക്തമായ തെളിവു നിരത്തുകയും ചെയ്തു. എന്നാല്‍ കണ്ടെത്തിയെന്നു പറഞ്ഞ സിഗ്നലുകള്‍ പ്രതീക്ഷിച്ചിരുന്നതിനേക്കാള്‍ ശക്തമായിരുന്നത് സംശയമുളവാക്കി. വാസ്തവത്തില്‍ സംഭവിച്ചത് പരീക്ഷണങ്ങള്‍ നടത്തിയ ആളുകള്‍ സ്പേസിലുള്ള പൊടിപടലങ്ങളെ കണക്കിലെടുത്തിരുന്നില്ല എന്നതാണ്. ഇപ്പോഴും ആദിമമായ ഗുരുത്വാകര്‍ഷണ തരംഗങ്ങള്‍ കണ്ടെത്തിയിട്ടില്ല. എന്നിരുന്നാലും അവയുടെ അടുത്ത ബന്ധുവായ, ബ്ലാക്ക് ഹോളുകളുടെ കൂട്ടിയിടി പോലുള്ള  അത്യപൂര്‍വ്വമായ സംഭവങ്ങളാലുണ്ടാകുന്നവ അടുത്ത കാലത്തായി തുടരെ കാണുന്നുണ്ട്. 

6. ഒറ്റ ഗാലക്സിയുള്ള പ്രപഞ്ചം.

ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ ദൂരെ ചുഴലി പോലെ തോന്നിച്ചിരുന്ന മേഘരൂപങ്ങള്‍ക്ക് ഭൂമിയില്‍ നിന്നുള്ള അകലത്തെച്ചൊല്ലിയുള്ള തര്‍ക്കങ്ങള്‍ ശക്തമായിരുന്നു. (അവ സ്പൈറല്‍ നെബുലകളാണ്). മിക്ക ജ്യോതിശ്ശാസ്ത്രജ്ഞരും വിചാരിച്ചിരുന്നത് ഈ സ്പൈറല്‍ നെബുലകള്‍ നമ്മുടെ ആകാശഗംഗയില്‍ തന്നെയാണ് സ്ഥിതിചെയ്യുന്നത് എന്നാണ്. പ്രപഞ്ചം മുഴുവനും ആകാശഗംഗയിലൊതുങ്ങുന്നു എന്നാണ് അന്നു കരുതിയിരുന്നത്. അപൂർവം ചിലര്‍ മാത്രം ഈ സ്പൈറലുകള്‍ എത്രയോ കൂടുതല്‍ അകലെയാണെന്നും അവയും ആകാശഗംഗ പോലെ വ്യത്യസ്ഥ ഗാലക്സികൾ അഥവാ “പ്രപഞ്ചദ്വീപുകള്‍”  ആണെന്നും വിശ്വസിച്ചു. ഈ പ്രപഞ്ചദ്വീപ് ആശയത്തിനെതിരായ തെളിവ് അവയ്ക്കുള്ളിലെ ആന്തരിക ചലനത്തിന്റെ വേഗതയുടെ അളവുകളായിരുന്നു. അവ അത്രമാത്രം അകലെയാണെങ്കില്‍ അത്തരം ചലനങ്ങള്‍  തിരിച്ചറിയാനാവുകയില്ല എന്നായിരുന്നു വാദം. എന്നാല്‍  ഈ നെബുലകളില്‍ ചിലതെങ്കിലും വാസ്തവത്തില്‍ ആകാശഗംഗയില്‍ നിന്ന് ഒട്ടേറെ അകലെയുള്ള ദ്വീപ് യൂണിവേഴ്സ് ആണ് എന്ന് 1924 ഓടെ  എഡ്വിന്‍ ഹബിള്‍  സമര്‍ത്ഥിച്ചു.  ആന്തരിക ചലനങ്ങളുടെ അളവെടുപ്പ് അസാദ്ധ്യമാണെന്നും അവ തെറ്റാണെന്നും മനസ്സിലായി.

7. സൂപ്പര്‍നോവയുടെ അതിവേഗ പള്‍സാര്‍

ലാര്‍ജ് മെഗല്ലനിക് ക്ലൗഡില്‍ ഒരു സൂപ്പര്‍നോവ കാണപ്പെട്ടത് 1987 ലാണ്. അത് നൂറ്റാണ്ടുകള്‍ക്കിടയില്‍ ഭൂമിക്ക് സമീപമുണ്ടായ നക്ഷത്രവിസ്ഫോടനമായിരുന്നു. ഇത് വാനനിരീക്ഷകരെ ആഹ്ളാദഭരിതരാക്കി. തുടര്‍ന്നു നടത്തിയ നിരീക്ഷണങ്ങളില്‍ ഇമ്മാതിരിയുള്ള സൂപ്പര്‍നോവാ സ്ഫോടനത്തിന്റെ അവശിഷ്ടങ്ങളുടെ നടുവില്‍ ഉണ്ടാകാവുന്ന ന്യൂട്രോണ്‍ നക്ഷത്രത്തില്‍ നിന്നുള്ള സിഗ്നല്‍ തേടി. എന്നാല്‍ ഈ പള്‍സാര്‍ 1989 ജനുവരി വരെ മറഞ്ഞുനിന്നു. അന്നാണ് ആ സൂപ്പര്‍നോവയുടെ സാന്നിദ്ധ്യം തെളിയിക്കുന്ന, അതിവേഗം ആവര്‍ത്തിക്കുന്ന, റേഡിയോ സിഗ്നല്‍ ലഭിക്കുന്നത്. സെക്കന്റില്‍ 2000 എന്നതായിരുന്നു റേഡിയോ തരംഗങ്ങളുടെ ആവൃത്തി. ആരും പ്രതീക്ഷിക്കാത്തതും ആര്‍ക്കും വിശദീകരിക്കാൻ ആകാത്തതുമായിരുന്നു അത്. ഒരു രാത്രിക്കു ശേഷം അത് അപ്രത്യക്ഷമാവുകയും ചെയ്തു. പിന്നീട് 1990 ല്‍ ടെലിസ്കോപ്പ് ഓപ്പറേറ്റര്‍മാര്‍ അവരുടെ ടെലസ്കോപ്പിനെ നിയന്ത്രിക്കാനുപയോഗിച്ചിരുന്ന ഒരു ടി വി ക്യാമറ കേടുപാടുകള്‍ തീര്‍ത്ത് ഉപയോഗത്തിലെത്തിച്ചു.  അപ്പോള്‍ ആ സിഗ്നല്‍ വീണ്ടും കിട്ടിത്തുടങ്ങി. അത് വാസ്തവത്തില്‍ മറ്റൊരു സൂപ്പര്‍നോവയുടെ അവശിഷ്ടങ്ങളുടേതായിരുന്നു. ചുരുക്കത്തില്‍ അന്നു കിട്ടിയിരുന്ന സിഗ്നല്‍ ഒരു ഗൈഡ് ക്യാമറയുടെ ഇലക്ട്രോണിക് സംവിധാനത്തില്‍ നിന്നുള്ളതായിരുന്നു, സ്പേസിൽ നിന്നുള്ള സന്ദേശം അല്ലായിരുന്നു.

4. ഒരു പള്‍സാറിനെ ചുറ്റുന്ന ഗ്രഹം.

സൂര്യനു പുറമേ ഒരു നക്ഷത്രത്തെ ചുറ്റുന്ന  ഒരു ഗ്രഹത്തിന്റെ സാന്നിദ്ധ്യം 1991 ല്‍ ജ്യോതിശ്ശാസ്ത്രജ്ഞര്‍ റിപ്പോര്‍ട്ട് ചെയ്തു. ഇവിടെ നക്ഷത്രം എന്നത് ഭൂമിയില്‍ നിന്ന് 10,000 പ്രകാശവര്‍ഷം അകലെയുള്ള  കറങ്ങുന്ന ഒരു ന്യൂട്രോണ്‍ സ്റ്റാര്‍ അഥവാ പൾസാർ ആയിരുന്നു. ആ പള്‍സാറിന്റെ റേഡിയോ തരംഗങ്ങളുടെ സമയക്രത്തിലുണ്ടായിരുന്ന ഏറ്റക്കുറവുകള്‍ മറ്റൊരു സഹ ഗ്രഹത്തിന്റെ കൂടി സാന്നിദ്ധ്യമുണ്ടാകുമെന്ന നിഗമനത്തിലേക്ക് നയിച്ചു. അത് തന്റെ ഗ്രഹത്തെ ആറു മാസത്തിലൊരിക്കല്‍ വലംവയ്ക്കുന്നതായും നിഗമനത്തിലെത്തി. വൈകാതെ തന്നെ തങ്ങള്‍ ആകാശത്ത് ഈ പള്‍സാറിന്റെ സ്ഥാനം   കൃത്യതയോടെയല്ല ഉപയോഗിച്ചതെന്ന് മനസ്സിലായി. അതിനാല്‍ സിഗ്നലിലുള്ള ചേര്‍ച്ചക്കുറവുണ്ടായത് ഗ്രഹത്തില്‍ നിന്നല്ല, സൂര്യനു ചുറ്റുന്ന ഭൂമിയുടെ ഭ്രമണത്തില്‍ നിന്നാണ് എന്നു മനസ്സിലായി. 

3. ഭൂമിയുടെ പ്രായം.

ഫ്രഞ്ച് നേച്ചറലിസ്റ്റ് ആയിരുന്ന ജോര്‍ജസ് ലുയി ലെക്ലേര്‍ (Georges-Louis Leclerc) 1700 കളില്‍ ഭൂമിയുടെ പ്രായം ഏകദേശം 75000 വര്‍ഷമാണെന്ന്  കണക്കാക്കി. അതില്‍ കൂടുതലാകാമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പത്തൊമ്പതാം നൂറ്റാണ്ടിലെ ഭൗമശാസ്ത്രജ്ഞര്‍ അത് നൂറുകണക്ക് ദശലക്ഷം കൊല്ലത്തിലേറെയാകാമെന്ന് വിശ്വസിച്ചു. ഏറെക്കാലം കൊണ്ട് അടിഞ്ഞുകൂടിയ ഭൂമിയുടെ ചരിത്രത്തിന്റെ അടുക്കുകള്‍ കണക്കിലെടുത്തുകൊണ്ടാണ് അവര്‍ ഈ നിഗമനത്തിലെത്തിയത്. 1860 നു ശേഷം ചാള്‍സ് ഡാര്‍വിന്റെ  പരിണാമ സിദ്ധാന്തവും വളരെ പ്രായമുള്ള ഒരു ഭൂമി വിഭാവനം ചെയ്തു. സ്പീഷീസുകളുടെ വൈപുല്യം ഉരുവം കൊള്ളുന്നതിന് അത് ആവശ്യമായിരുന്നു. എന്നാല്‍ അത്ര പഴയ ഒരു ഭൂമി എന്നതിന് വിരുദ്ധമായ ഒരു ആശയം കൊണ്ടുവന്നത് ഒരു ഭൗതികജ്ഞൻ ആണ്. ഉരുകിയ അവസ്ഥയിലായിരുന്ന ഒരു ഗ്രഹം തണുക്കുവാനായി എത്ര കാലമെടുക്കുമെന്ന് അദ്ദേഹം കണക്കുകൂട്ടി. അദ്ദേഹത്തിന്റെ കണക്കില്‍ 10 കോടി കൊല്ലമോ അതിലും കുറവോ ആകും ഭൂമിയുടെ പ്രായം. അദ്ദേഹത്തിന്റെ കണക്കുകൂട്ടലില്‍ തെറ്റുപറ്റി. കണക്കറിയാത്തതിനാലല്ല, മറിച്ച് അദ്ദേഹത്തിന് റേഡിയോ ആക്ടിവിറ്റിയെക്കുറിച്ച് അറിവില്ലായിരുന്നു എന്നതാണ് കാര്യം.

ഭൂമിയിലെ മൂലകങ്ങളുടെ റേഡിയോ ആക്ടീവ് ജീര്‍ണ്ണനം ഒട്ടേറെ താപം പ്രദാനം  ചെയ്യുന്നു. അതിനാല്‍ ഭൂമി തണുക്കാനായി കൂടുതല്‍  സമയം വേണ്ടിവന്നു. അങ്ങനെ റേഡിയോ ആക്ടീവ് ജീര്‍ണനത്തെ അടിസ്ഥാനമാക്കി കണക്കുകൂട്ടുമ്പോള്‍ ഭൂമിയുടെ പ്രായം 450 കോടി കൊല്ലമാണെന്ന ശരിയായ കണക്ക് ലഭിക്കുന്നു. (പ്രത്യേകിച്ച് ഭൂമിയുണ്ടായ സമയത്തു തന്നെ രൂപം കൊണ്ട ഉല്‍ക്കാശകലങ്ങളുടെ റേഡിയോ ആക്ടീവ് ജീര്‍ണ്ണനം ആണ് കണക്കാക്കിയത്. )

2. പ്രപഞ്ചത്തിന്റെ പ്രായം

വാനനിരീക്ഷകര്‍ 1920 കളുടെ അവസാനത്തോടെ പ്രപഞ്ചം വികസിച്ചുകൊണ്ടിരിക്കുകയാണെന്ന് ആദ്യമായി കണ്ടുപിടിച്ചപ്പോള്‍ സ്വാഭാവികമായുണ്ടായ ചോദ്യം ഇതെത്രകാലമായി വികസിക്കുന്നൂ എന്നതാണ്. നിലവിലെ വികാസത്തിന്റെ തോത് കണക്കാക്കിയപ്പോൾ  പ്രപഞ്ചത്തിന്റെ പ്രായം 200 കോടി കൊല്ലത്തില്‍ താഴെ എന്നു കിട്ടി. എങ്കിലും റേഡിയോ ആക്ടിവിറ്റിയുടെ അളവുകള്‍ വഴി ഭൂമി അതിനേക്കാള്‍ പ്രായമുള്ളതാണെന്ന് ഉറപ്പാക്കിക്കഴിഞ്ഞിരുന്നു. അതു കൊണ്ടുതന്നെ പ്രപഞ്ചം ഭൂമിയേക്കാള്‍ പ്രായം കുറഞ്ഞതാണെന്നത്  അസംബന്ധമായിരുന്നു. പ്രപഞ്ചത്തിന്റെ വികാസത്തിന്റെ ആദ്യകാല കണക്കുകൂട്ടലുകള്‍ സെഫീഡ് ചരനക്ഷത്രങ്ങളെ ആശ്രയിച്ചായിരുന്നു.

വാനനിരീക്ഷകര്‍ സെഫീഡിന്റെ അകലം കണക്കാക്കിയത് അവയുടെ ശോഭയില്‍  ഏറ്റക്കുറച്ചിലുണ്ടാകുന്നത് എത്ര വേഗത്തിലാണ് എന്നതനുസരിച്ചാണ്. അതാകട്ടെ അവയുടെ സ്വാഭാവിക തിളക്കത്തെ ആശ്രയിച്ചിരിക്കും. സ്വാഭാവിക തിളക്കവും പ്രകടമായ തിളക്കവും തമ്മില്‍ താരതമ്യം ചെയ്യുമ്പോഴാണ് സെഫിഡിന്റെ അകലം ലഭിക്കുക. അതായത് ഒരു ലൈറ്റ് ബള്‍ബിന്റെ വാട്ടേജ് അറിയാമെങ്കില്‍ നിങ്ങള്‍ക്ക് അതിലേക്കുള്ള അകലം പറയാനാകും എന്നതുപോലെ. ഇവിടെ വ്യക്തമായത് ലൈറ്റ് ബള്‍ബിന്റെ കാര്യത്തിലെന്ന പോലെ വികാസത്തോത് കണക്കാക്കുന്നതിനെ സ്വാധീനിക്കാവുന്ന സെഫീഡിന്റെ ചാഞ്ചല്യം ഒന്നിലേറെ രീതിയിലുണ്ടെന്നതാണ്.  ഇപ്പോള്‍ നിരവധി രീതികളുടെ ആകെത്തുകയായി ലഭിക്കുന്നത് പ്രപഞ്ചത്തിന്റെ പ്രായം ഏകദേശം 1380 കോടി വര്‍ഷം എന്നാണ്. അങ്ങനെ ഭൂമി പ്രപഞ്ചത്തിലെ ഒരു പുതുമുഖമാണെന്ന് സ്ഥാപിക്കപ്പെട്ടു.

1. ഭൂമിയാണ് പ്രപഞ്ചകേന്ദ്രം.

ഇതിന് നാം അരിസ്റ്റോട്ടലിനെ കുറ്റം പറഞ്ഞേക്കാം. ഭൂമി പ്രപഞ്ചത്തിന്റെ കേന്ദ്രസ്ഥാനത്താണ് എന്നു പറയുന്നതില്‍ ആദ്യത്തെ ആളായിരുന്നില്ല അദ്ദേഹം. എന്നാല്‍ അദ്ദേഹമാണ് അവരില്‍    ഏറ്റവും സംശയാതീതമായ രീതിയില്‍  ന്യായവാദങ്ങളിലൂടെ അതിനെ ആധികാരികമായും സൈദ്ധാന്തികമായും സ്ഥാപിച്ചത്. അദ്ദേഹത്തിന്റെ വാദം  മൂലധാതു എപ്പോഴും അതിന്റെ സ്വാഭാവിക ഇടമായ കേന്ദ്രത്തിലേക്ക് വരുവാനുള്ള പ്രവണത കാണിക്കുമെന്നും അതിനാല്‍ തന്നെ ഭൂമി മദ്ധ്യത്തിലായേ തീരൂ എന്നുമാണ്.  അരിസ്റ്റോട്ടില്‍ ഒരു  പ്രാമാണികമായ ന്യായവാദം കണ്ടുപിടിച്ചെങ്കിലും തന്റെ വാദഗതിയില്‍  വര്‍ത്തുളാവസ്ഥയുടെ വശം പരിഗണിച്ചിരുന്നില്ല. ഏറെ കാലം കഴിഞ്ഞ് 1543 ല്‍ കോപ്പര്‍നിക്കസാണ്  അരിസ്റ്റോട്ടലിന് തെറ്റു പറ്റിയിരിക്കാമെന്നതിന് ശക്തമായ വാദഗതികള്‍ അവതരിപ്പിച്ചത്. പിന്നീട് 1610 ല്‍ ശുക്രന്‍ സൂര്യനു ചുറ്റും ഒരു സമ്പൂര്‍ണ്ണ പ്രദക്ഷിണം വയ്ക്കുന്നതായുള്ള ഗലീലിയോയുടെ കണ്ടെത്തല്‍ വന്നതോടെ സൂര്യകേന്ദ്രിതമായ ഒരു സോളാര്‍ സിസ്റ്റം അംഗീകരിക്കപ്പെട്ടു.

ഈ ലിസ്റ്റിലുള്ള തെറ്റുകളുടെ അടിസ്ഥാനത്തില്‍  പൊതുവായി ലഭിക്കുന്ന  ഒരു പാഠമുണ്ട്: സയന്‍സ് തെറ്റുകള്‍ തിരുത്തും എന്നതാണത്. അതാണ് പാഠം, അതുകൊണ്ടുതന്നെയാണ് ജീവിതത്തിലെ എല്ലാ മേഖലകളിലേയും തെറ്റുകള്‍ ഒഴിവാക്കുന്നതിന് സയന്‍സ് അത്രമാത്രം പ്രധാന്യമുള്ളതാകുന്നതും.   


അവലംബം:   സയന്‍സ് ന്യൂസ് നവം. 10 ല്‍  ടോം സീഗ്രെയ്ഡ് എഴുതിയ ലേഖനം. (These are science’s Top 10 erroneous results – Tom Siegfried)

വിവര്‍ത്തനം:  ജി.ഗോപിനാഥന്‍.

Leave a Reply