Read Time:40 Minute
TK Devarajan
ടി.കെ. ദേവരാജൻ

ശാസ്ത്രബോധം, മാനവികത ,വിശ്വാസം ലേഖനത്തിന്റെ  രണ്ടാം ഭാഗം

സാമൂഹ്യ പരിവര്‍ത്തനം ചര്‍ച്ച ചെയ്യപ്പെടുമ്പോള്‍  ശാസ്ത്രബോധം, വിശ്വാസം, മാനവികത , ആത്മീയത എന്നീ വാക്കുകള്‍ പ്രധാനമാണ്. ശാസ്ത്രവും മതവുമായിട്ടാണവ ബന്ധപ്പെടുന്നതെന്നതിനാല്‍  അവയെ തന്നെ യുക്തിപൂര്‍വ്വം ആദ്യം വിശകലനം ചെയ്യേണ്ടി വരും. അതോടൊപ്പം സാമൂഹ്യമാറ്റത്തിന്റെ ഗതി നിര്‍ണ്ണയിക്കുന്നതില്‍ പ്രധാന പങ്കു വഹിക്കുന്ന രാഷ്ട്രീയത്തെയും സംസ്കാരത്തെയും അടുത്തറിയണം. ഇനി അതിനുള്ള ശ്രമമാണ്.

ശാസ്ത്രത്തിന്റെ സ്വാധീനം മനുഷ്യജീവിതത്തില്‍ വളരെ പ്രകടമാണെന്നതിനാല്‍ തന്നെ ശാസ്ത്രത്തെ അപ്പാടെ നിരാകരിക്കാന്‍ ആരും ഇന്ന് തയ്യാറാവുന്നില്ല. എന്നു മാത്രമല്ല ശാസ്ത്രീയത എന്ന വാക്ക് ഏറ്റവും ശരിയായത് എന്ന അര്‍ത്ഥത്തില്‍ വ്യാപകമായി ഉപയോഗിക്കുന്നുമുണ്ട്.എന്നാല്‍ എന്താണ് ശാസ്ത്രം എന്നതിനെ കുറിച്ച് വേണ്ടത്ര വ്യക്തത പലര്‍ക്കുമില്ല എന്നതാണ് യാഥാര്‍ത്ഥ്യം. തങ്ങളുടെ വിശ്വാസ പ്രമാണങ്ങള്‍ക്കനുസരിച്ച് ശാസ്ത്രത്തെ പരുവപ്പെടുത്തി വ്യാഖ്യാനിക്കാനാണ് പൊതുവില്‍ ഏവര്‍ക്കും താല്‍പര്യം.

ഇന്നത്തെ പൊതു സമൂഹത്തില്‍ ബഹുഭൂരിപക്ഷം പേരും ശാസ്ത്രത്തെ കാണുന്നത് പുതിയ സാങ്കേതികവിദ്യകള്‍ പ്രദാനം ചെയ്യുന്ന ഒന്ന് മാത്രമായാണ്. ശാസ്ത്രത്തിന്റെ നേട്ടങ്ങള്‍ ആയി അവരുടെ മനസ്സില്‍ പതിഞ്ഞിട്ടുള്ളത് നിത്യജീവിതം മെച്ചപ്പെടുത്താനുള്ള ഗാര്‍ഹികോപകരണങ്ങള്‍,വാഹനം തുടങ്ങിയവയും ചികിത്സാരംഗത്തും ബഹിരാകാശരംഗത്തുമെല്ലാമുള്ള മുന്നേറ്റങ്ങളുമാണ്. ഈ ധാരണ ശാസ്ത്രജ്ഞരെകുറിച്ചുള്ള സങ്കല്‍പങ്ങളിലും പ്രകടമാണ്.സ്വതന്ത്ര ഇന്ത്യയില്‍ ജീവിച്ചിരുന്ന ഏറ്റവും മഹാനായ ശാസ്ത്രജ്ഞന്‍ എന്നു ചോദിച്ചാല്‍ മിക്കവരുടെയും മറുപടി ഏ പി ജെ അബ്ദുള്‍ കലാം എന്നായിരിക്കും. റോക്കറ്റ് സാങ്കേതികവിദ്യയെ രാജ്യരക്ഷാരംഗത്ത് പ്രയോജനപ്പെടുത്താന്‍ നേതൃത്വം നല്കിക്കൊണ്ട് സാങ്കേതികരംഗത്താണ് അദ്ദേഹത്തിന്റെ മുഖ്യ സംഭാവന എന്നത് അവര്‍ക്ക് വിഷയമല്ല. (ആ ഒരു പൊതുബോധം സൃഷ്ടിച്ചതില്‍  അദ്ദേഹത്തിന്റെ നിലപാടുകളിലൂടെ അധികാരരംഗത്തുണ്ടായ സ്വീകാര്യതയും പിന്നീട് വഹിച്ച സ്ഥാപനങ്ങളും കൂടി ഘടകമാണെന്ന് മറക്കുന്നില്ല). അതേ സമയം തിയററ്റിക്കല്‍ ഫിസിക്സില്‍ ഐന്‍സ്ററീനുമായി ചേര്‍ന്നുള്ള ബോസ് ഐന്‍സ്റ്റൈന്‍ സ്റ്റാറ്റിസ്റ്റിക്സ് ആവിഷ്കരിച്ച സത്യേന്ദ്രനാഥ് ബോസ്, ആസ്ട്രോ ഫിസിക്സില്‍ സാഹാ അയണൈസേഷന്‍ ഇക്വേഷനിലൂടെ ശ്രദ്ധേയനായ മേഘനാഥ് സാഹ തുടങ്ങിയവരെ പലരും കേട്ടിട്ട് തന്നെയുണ്ടാകില്ല. നോബല്‍ സമ്മാനിതനായതിനാല്‍ സി വി രാമനെ ഏവരും അറിയും. എന്നാല്‍ ഇന്ന് ജീവിച്ചിരിക്കുന്ന ജയന്ത് വി നാര്‍ലിക്കര്‍, , സി എന്‍ ആര്‍ റാവു , മലയാളികൂടിയായ താണു പത്മനാഭന്‍എന്നിവരെ എത്ര പേരറിയും?

ശാസ്ത്രമെന്നാല്‍

ശാസ്ത്രം എന്നാല്‍ ചുറ്റുപാടിനെ മനസ്സിലാക്കാന്‍ മനുഷ്യന്‍ വികസിപ്പിച്ചെടുത്ത സവിശേഷമായ സമീപനരീതിയും ചിന്താ പദ്ധതിയുമാണ്. എന്നാല്‍ അത് മാത്രമല്ല ,ഈ രീതിയിലൂടെ ആര്‍ജിച്ച അറിവുകളും അതിന്റെ പ്രയോഗമായ സാങ്കേതികവിദ്യകളും ശാസ്ത്രത്തിന്റെ ഭാഗമാണ്. വിജ്ഞാന സമ്പാദനത്തില്‍ നിലവില്‍ സാധ്യമായതില്‍ വെച്ച് ഏറ്റവും മെച്ചപ്പെട്ട അറിവ് നേടാനാകുക ഈ രീതിയിലൂടെയാണ്. ഇപ്പറയുന്നവയാണ് ശാസ്ത്രത്തെ മറ്റ് ജ്ഞാനാന്വേഷണങ്ങളില്‍ നിന്ന് അതിനെ വ്യത്യസ്ഥമാക്കുന്നത്.

  1. വസ്തുനിഷ്ഠ യാഥാര്‍ത്ഥ്യങ്ങളെയാണ് അത് ആശ്രയിക്കുന്നത് എന്നതിനാല്‍ സ്വത്വം,മതം,ദേശം, രാഷ്ട്രീയം പോലുള്ള ആത്മനിഷ്ഠവിഷയങ്ങളിലെ പക്ഷപാതിത്വം ശാസ്ത്രത്തിന്റെ കണ്ടെത്തലിനെ ബാധിക്കില്ല. അതിനാല്‍ ശാസ്ത്രവിജ്ഞാനം ഏവര്‍ക്കും ബോധ്യപ്പെടാവുന്നതും പരസ്പരം കൈമാറാവുന്നതുമാണ്.
  2. ശാസ്ത്ര വിജ്ഞാനം നിരന്തരം പുതുക്കപ്പെടുന്നവയാണ്. ശാസ്ത്രീയമായി അംഗീകരിക്കപ്പെട്ട ഓരോ അറിവും പുതിയ വിവരങ്ങള്‍ ലഭ്യമാവുന്നതിനനുസരിച്ചും പിന്നീടുണ്ടായ അനുഭവങ്ങളുടെയും നിരീക്ഷണങ്ങളുടെയും അടിസ്ഥാനത്തിലും പുനപരിശോധിക്കപ്പെട്ടുകൊണ്ടിരിക്കും.(അത്തരം പുനപരിശോധന നിരന്തരം നടക്കേണ്ടുന്നതിനാല്‍ അത് ചോദ്യങ്ങളെ നിരുത്സാഹപ്പെടുത്തില്ല). ആവശ്യമെങ്കില്‍ തിരുത്തല്‍ വരുത്തും. ചിലപ്പോള്‍ തികച്ചും പുതിയ ഒന്നിനെ പകരം വെയ്ക്കും.അതിനാല്‍ ശാസ്ത്രത്തെ സംബന്ധിച്ചിടത്തോളം ഏറ്റവും ഒടുവില്‍ വികസിപ്പിച്ച അറിവാണ് ഏറ്റവും ശരിയായത്.
  3. തെറ്റെന്ന് പരിശോധിക്കാനുള്ള മാര്‍ഗ്ഗം എല്ലായ്പോഴും ശാസ്ത്രം മുന്നോട്ട് വെക്കുന്നുണ്ട്. ഉദാഹരണത്തിന് പരിണാമസിദ്ധാന്തം തെറ്റെന്ന് തെളിയിക്കാന്‍ ഇന്ന് പരിണാമപഥത്തിലുള്ള  ഉയര്‍ന്നഘട്ടത്തിലെ ജീവജാലങ്ങള്‍ ആദ്യ ദശയില്‍ തന്നെ( 200-300 കോടി വര്‍ഷം മുമ്പ്) ഉണ്ടായിരുന്നതായി തെളിവ് ഹാജരാക്കിയാല്‍മതി. എത്ര പേര്‍ അംഗീകരിക്കുന്നു, അല്ലെങ്കില്‍ എതിര്‍ക്കുന്നു എന്ന് നോക്കിയല്ല ശാസ്ത്രവിജ്ഞാനത്തിന്റെ സാധുത പരിശോധിക്കുക.ഐന്‍സ്റ്റയിന്റെ ആപേക്ഷിക സിദ്ധാന്തത്തിനെതിരെ നൂറോളം ശാസ്ത്രജ്ഞര്‍ വിയോജിപ്പുമായി രംഗത്തുണ്ട് എന്ന് പറഞ്ഞവരോട് ഐന്‍സ്റ്റയിന്റെ മറുപടി തെറ്റെന്ന് തെളിയിക്കാന്‍ ഒറ്റ ഒരാള്‍ പോരേ എന്നായിരുന്നു.
  4. പറയുന്നവരുടെ ആധികാരികതയെക്കാള്‍ പറയുന്നതിലെ ആധികാരികതയാണ് ശാസ്ത്രം പരിശോധിക്കുക. എല്ലാം എക്കാലത്തും ശരിയായ അടിസ്ഥാന ഗ്രന്ഥങ്ങളെയോ ശരി മാത്രം കണ്ടെത്തുന്ന പണ്ഡിതരെയോ ശാസ്ത്രം ചൂണ്ടിക്കാണിക്കുന്നുമില്ല.

ശാസ്ത്രത്തിന്റെ രീതി

ശാസ്ത്രമെന്നപോലെ ശാസ്ത്രത്തിന്റെ രീതിയും നിരന്തരം വികസിക്കുന്നതാണ്. ആദ്യകാല സാങ്കേതികവിദ്യകള്‍ എല്ലാം വികസിച്ചത് ട്രയല്‍ ആന്‍ഡ് എറര്‍ രീതിയിലാണ്.തീയെ മെരുക്കിയതും ചക്രം കണ്ടെത്തിയതും കൃഷി ആരംഭിച്ചതും എല്ലാം ഇങ്ങിനെയാണെന്ന് പറയാം. പിന്നീട് വന്ന തത്വശാസ്ത്രങ്ങളുടെ വഴി നിരീക്ഷണവും യുക്തിപൂര്‍വ്വമായ അനുമാനവും സംവാദങ്ങളും ആയിരുന്നു . (മിക്കവാറും മതദര്‍ശനങ്ങള്‍ ആരംഭിച്ചത് ഈ ഘട്ടത്തിലാണ്. അല്ലെങ്കില്‍ ആ ഘട്ടത്തിലെ അറിവിനെ അടിസ്ഥാനമാക്കിയാണ്. ) പിന്നീട് പ്രകൃതിയുടെ ഉള്ളില്‍ നിന്ന് കൊണ്ട് തന്നെ പ്രകൃതിപ്രതിഭാസങ്ങളുടെ കാരണങ്ങള്‍ കണ്ടെത്താന്‍ ശ്രമിച്ചതിലൂടെയാണ് പ്രകൃതിതത്വശാസ്ത്രം അഥവാ നാച്ചറല്‍ ഫിലോസഫി രൂപം കൊള്ളുന്നത്. ഥെയില്‍സ് മുതലുള്ള ഗ്രീക്ക് തത്വ ചിന്തകരാണ് ഇത് തുടങ്ങിവെച്ചത്. ബാബിലോണിയ-ഈജിപ്ഷ്യന്‍ സംസ്കാരങ്ങളില് നിന്ന് ലഭിച്ച വാനനിരീക്ഷണ വിവരങ്ങള്‍‍ അവര്‍ക്ക് സഹായകമായിട്ടുണ്ടായിരുന്നു.‍ നിരീക്ഷിത വിവരങ്ങളെ അളന്ന് തിട്ടപ്പെടുത്തലും അതിന്റെ അടിസ്ഥാനത്തിലുള്ള ഗണിതപരമായ അനുമാനവും മറ്റൊരു നാഴികക്കല്ലായി.ഇറോസ്ത്തനീസും അരിസ്റ്റാര്‍ക്കസും ഭൂമിയുടെ ചുറ്റളവ് അളക്കാനും സൂര്യ ചന്ദ്രന്‍മാരുടെ ദൂരവും വലിപ്പവും അളക്കാനും‍ ഗണിതം ഉപയോഗപ്പെടുത്തി എന്നത് ശ്രദ്ധേയമാണ്. വിവരങ്ങളെ സാമ്യത്തിന്റെയും വൈജാത്യങ്ങളുടെയും അടിസ്ഥാനത്തില്‍ വര്‍ഗ്ഗീകരിച്ചു തുടങ്ങിയതാണ് മറ്റൊരു ചുവട്. സസ്യ ജന്തുജാലങ്ങളെയും അചേതനവസ്തുക്കളെയും വര്‍ഗ്ഗീകരിച്ച് ‍അരിസ്റ്റോട്ടില്‍ പട്ടികപ്പെടുത്തിയിട്ടുണ്ട്. അനുമാനങ്ങളെ പ്രവചനം വഴി പരിശോധിക്കാനുള്ള രീതി ആദ്യം നിര്‍ദേശിച്ചതും അരിസ്റ്റോട്ടിലാണത്രെ. ചന്ദ്രഗ്രഹണസമയത്തെ ഭൂമിയുടെ നിഴല്‍ നിരീക്ഷിക്കപ്പെട്ടതെല്ലാം വക്രാകൃതിയിലാണെന്നത് ‍ ഭൂമി ഗോളമെന്നതിന്റെ തെളിവാണെന്നും തുടര്‍ന്നുള്ള ഗ്രഹണങ്ങളിലും അതിനാല്‍ നിഴലിന്റെ രൂപം വക്രാകൃതി തന്നെയാകും എന്നും അദ്ദേഹം പറഞ്ഞു. പക്ഷേ‍ യുക്തിപരമായി എത്തിച്ചേരുന്ന നിഗമനങ്ങളെ പരീക്ഷിച്ച് ബോധ്യപ്പെടുക എന്ന ആശയം അന്നുണ്ടായിരുന്നില്ല. അരിസ്റ്റോട്ടിലിന്റെ പേരില്‍ ആരോപിക്കുന്ന അബദ്ധങ്ങളെല്ലാം ഈ പരിമിതി മൂലം വന്നു ചേര്‍ന്നതാണ്. അതിന് മാറ്റം വരുന്നത് 16-ാം നൂറ്റാണ്ടോടെയാണ്- ഗലീലിയോയുടെ രംഗപ്രവേശത്തോടെ. സാമാന്യ ബോധത്താല്‍ സംശയിക്കപോലും ചെയ്യാതെ സ്വീകരിക്കപ്പെട്ടിരുന്ന പല അരിസ്റ്റോലിയന്‍ അനുമാനങ്ങളും പരീക്ഷണത്തിലൂടെ ഗലീലിയോ തെറ്റെന്ന് സ്ഥാപിച്ചു. സാമാന്യയുക്തിയിലൂടെ കണ്ടെത്തുന്ന അനുമാനങ്ങള്‍ ആവര്‍ത്തിച്ചുള്ള പരീക്ഷണത്തിന് വിധേയമാക്കിയേ സ്വീകരിക്കാവൂ എന്ന രീതി വന്നതോടെ ആധുനിക ശാസ്ത്രത്തിന്റെ പിറവിയായി. അനുമാനത്തിന് ആഗമന രീതിയോടൊപ്പമോ (Deduction) അതിനേക്കാള്‍ മുഖ്യമായോ നിവേശരീതി (induction) ഉപയോഗിക്കപ്പെട്ടു. നിലവില്‍ ഏവരും അംഗീകരിക്കുന്ന അറിവില്‍ നിന്ന് യുക്തിപൂര്‍വ്വം പുതിയ അറിവിലേക്ക് എത്തിച്ചേരുന്നതാണ് ആഗമനരീതി. നിലവില്‍ ലഭ്യമായ വിവരങ്ങളെ തരംതിരിച്ച് അവയില്‍ പൊതുവായി കാണുന്നതിനെ സാമാന്യവല്‍കരിക്കുന്നതാണ് നിവേശരീതി. ഒരു ശാസ്ത്ര സിദ്ധാന്തത്തിന്റെ സാധുത പരിശോധിക്കാന്‍ പറ്റിയ ഏറ്റവും ഉചിതമായ മാര്‍ഗ്ഗം തെറ്റാണെന്ന് തെളിയിക്കാനുള്ള പദ്ധതി നിര്‍‍ദേശിക്കലാണെന്ന് കാള്‍ പോപ്പര്‍ അഭിപ്രായപ്പെട്ടു. പരിമിതമായ ഘടകങ്ങളാല്‍ നിര്‍ണ്ണയിക്കുന്ന പ്രതിഭാസങ്ങളെ പ്രവചിക്കാനായിരുന്നു ശാസ്ത്രീയ രീതി പ്രയോഗിക്കപ്പെട്ടിരുന്നുള്ളു. എന്നാല്‍‍ ഇന്ന് സംഭാവ്യതാ സിദ്ധാന്തത്തെയും കംപ്യൂട്ടര്‍പ്രോഗ്രാമുകളെയും ഉപയോഗപ്പെടുത്തി ഏറെ സങ്കീര്‍ണ്ണമായ പ്രശ്നങ്ങളെയും മനസ്സിലാക്കാനും പ്രവചിക്കാനും ശാസ്ത്രത്തിനു കഴിയുന്നു.

ശാസ്ത്രീയമായി ഒരു പ്രശ്നത്തെ മനസ്സിലാക്കുന്നതിനും പരിഹരിക്കുന്നതിനും വിവിധ ഘട്ടങ്ങളിലൂടെ കടന്നു പോകേണ്ടതുണ്ട്. ആദ്യപടി എന്നത് കൃത്യമായി പ്രശ്നത്തെ നിര്‍വചിക്കലാണ്. നിലവിലുള്ള ധാരണ കൊണ്ട് ഒന്നിനെ മനസ്സിലാക്കാന്‍ പറ്റാതെ വരുമ്പോഴോ മുമ്പ് കണ്ടെത്തിയ അറിവ് പുതിയ വിവരങ്ങളാല്‍ അപ്രസക്തമാകുമ്പോഴോ ആണ് ഇത്തരത്തിലുള്ള പ്രശ്നങ്ങള്‍ ഉയര്‍ന്നു വരിക. തുടര്‍ന്ന് പ്രധാനമായും നാല് പ്രധാന ഘട്ടങ്ങളായി മുന്നോട്ട് പോകണം.

  1. നിരീക്ഷണം -പ്രശ്നവുമായി ബന്ധപ്പെട്ട വസ്തുനിഷ്ഠവിവരങ്ങളുടെ ശേഖരണം, അളന്ന് തിട്ടപ്പെടുത്തല്‍. ഒപ്പം ബന്ധപ്പെട്ട ശാസ്ത്രീയമെന്ന് അംഗീകരിക്കപ്പെട്ട മുന്‍ അറിവുകളുടെ അവലോകനം.
  2. വിശകലനം- സാമ്യത്തിന്റെയും വൈജാത്യത്തിന്റെയും ക്രമത്തിന്റെയും പരസ്പരബന്ധങ്ങളുടെയുമെല്ലാം അടിസ്ഥാനത്തിലുള്ള വര്‍ഗ്ഗീകരണവും അവയുടെ യുക്തിപരമായ വിശകലനവും
  3. അനുമാനം– നിര്‍വചിക്കപ്പെട്ട പ്രശ്നത്തെ അല്ലെങ്കില്‍ പ്രതിഭാസത്തെ ഇന്ന കാരണത്താല്‍ ,‍ ഇന്ന രീതിയില്‍ എന്ന് യുക്തിപരമായ ഊഹം നടത്തുന്നതാണ് അനുമാനം.
  4. ടെസ്റ്റ് അഥവാ പരീക്ഷണം-അനുമാനത്തെ നിയന്ത്രിത സാഹചര്യങ്ങളില്‍ പരിശോധിച്ചു നോക്കുകയാണിവിടെ.സ്വാധീനിക്കപ്പെടാവുന്ന മറ്റ് ഘടകങ്ങളെയെല്ലാം സ്ഥിരമാക്കി നിര്‍ത്തിയും പലതവണ പലരാല്‍ ആവര്‍ത്തിച്ചു ഫലം കിട്ടുമ്പോഴാണ് വസ്തു നിഷ്ഠമായ തെളിവായി കണക്കാക്കുകയുള്ളു. അപ്പോഴും വീണ്ടും ചോദ്യം ചെയ്യാനും പരിശോധിക്കപ്പെടാനുമുള്ള സാധ്യതഅത് തുറന്നിടുന്നു.

ഇവിടെ ശ്രദ്ധിക്കപ്പെടേണ്ടത്  യുക്തിയുടെ പിന്‍ബലമുണ്ടെന്നതു കൊണ്ടുമാത്രം അനുമാനം ശരിയാകണമെന്നില്ല എന്നതാണ്. പരീക്ഷണത്തില്‍ തെറ്റെന്ന് തെളിഞ്ഞാല്‍ വീണ്ടും ബന്ധപ്പെട്ട ഘടകങ്ങളുടെയാകെ നിരീക്ഷണവും വിശകലനവും പുതിയ അനുമാനവും വേണ്ടി വരും. പലതവണ പല സാഹചര്യത്തില്‍ പ്രയോഗിക്കുമ്പോഴാണ് അതിന്റെ സാധുത അംഗീകരിക്കപ്പെടുക. ചിലപ്പോള്‍ അതിന്റെ അടിസ്ഥാനത്തിലുള്ള പ്രവചനങ്ങള്‍ നടത്തി അതും സാധൂകരിക്കപ്പെടുമ്പോള്‍ ആണ് ഒരു ശാസ്ത്രസിദ്ധാന്തം അംഗീകരിക്കപ്പെടുക.

ഈ വിധം പലവിധ ടെസ്റ്റുകളാല്‍ സാധൂകരിക്കപ്പെട്ട അറിവുകളെയാണ് നാം ശാസ്ത്രവിജ്ഞാനം എന്ന് പറയുക. മറിച്ചൊരു തെളിവ് കിട്ടാത്തിടത്തോളം കാലം അത് ശാസ്ത്രവിജ്ഞാനമായി തുടരും. ഇനി അങ്ങിനെയൊരു തെളിവ് കിട്ടിയെന്ന് കരുതുക. അപ്പോള്‍ മുമ്പുള്ള നിരീക്ഷണങ്ങള്‍ കൂടി ശരിയാകും വിധം വിപുലമായ മറ്റൊരു ശാസ്ത്രസിദ്ധാന്തം രൂപപ്പെടും. (ന്യൂട്ടന്റെ ഗുരുത്വ നിയമത്തെ ജനറല്‍ തിയറി ഓഫ് റിലേറ്റിവിറ്റി വികസിപ്പിച്ചപോലെ).ഈ വിധം ലഭിക്കുന്ന ഓരോ പുതിയ അറിവും മാനവരാശിയുടെ ഓരോ പുതിയ ചുവടുകളാണ്. അത് അതുവരെയുള്ള അറിവിനെക്കൂടി പ്രയോജനപ്പെടുത്തിയാണ് രൂപപ്പെട്ടതെന്നതിനാല്‍ മാനവരാശിക്കാകെ അവകാശപ്പെട്ടതാണ്.‍ എന്നാല്‍ ശാസ്ത്രത്തിലെ ഓരോ പുതിയ ചുവടും ‍ഏതൊക്കെകാര്യത്തിന്, ഏത് ദിശയില്‍ എന്ന് തീരുമാനിക്കുന്നതില്‍ രാഷ്ട്രീയാധികാരത്തിനും സാമൂഹ്യക്രമത്തിനും വലിയ പങ്കുണ്ട്. എന്നു മാത്രമല്ല ശാസ്ത്രത്തെ കുറിച്ചുള്ള അവബോധം എപ്രകാരമാണ്  സമൂഹത്തില്‍ രൂപപ്പെടുത്തിയെടുക്കേണ്ടതെന്നതിലും അവക്ക് പങ്കുണ്ട്.

ശാസ്ത്രവിജ്ഞാനം നമ്മുടെ ജീവിതാവശ്യങ്ങളില്‍ പ്രയോഗിക്കും വിധമാക്കുന്നതാണ് സാങ്കേതിക വിദ്യ. സാങ്കേതികവിദ്യക്ക് സാര്‍വ്വത്രികമായ പ്രസക്തി ഉണ്ടാകണമെന്നില്ല. പാര്‍പ്പിടം, കൃഷി, വസ്ത്രം.. എല്ലാം ഉദാഹരണമാണ്.സാങ്കേതിക വിദ്യകളില്‍ ഏറെയും മനുഷ്യരാശിയ്ക്ക് ഗുണകരമാണ്. എന്നാല്‍ വിനാശത്തിനും ചൂഷണത്തിനുമെല്ലാമായി അത്  ഉപയോഗിക്കാം. സാങ്കേതികവിദ്യയുടെ നിയന്ത്രണം ആര്‍ക്ക് എന്നതിനെ ആശ്രയിച്ചാണത്  തീരുമാനിക്കപ്പെടുന്നത്. അതായത് അവിടെ ഉത്പാദന ബന്ധങ്ങളും അധികാരഘടനയും നിര്‍ണ്ണായകമാണ്.

ഏതെങ്കിലും മേഖലയിലെ ശാസ്ത്ര വിജ്ഞാനത്തില്‍ ആഴത്തിലുള്ള അറിവ് നേടിയവരെയും ശാസ്ത്രത്തിന്റെ രീതി ഉപയോഗപ്പെടുത്തി പുതിയ അറിവ് ഉല്‍പാദിപ്പിക്കുന്നവരെയുമാണ് നാം ശാസ്ത്രജ്ഞര്‍ എന്ന് വിളിക്കുന്നത്. ഒപ്പം ഈ അറിവ് ഉപയോഗപ്പെടുത്തി പുതിയ ഉപകരണങ്ങളോ ഉല്‍പന്നങ്ങളോ വികസിപ്പിക്കുന്നവരെയും. ശാസ്ത്രത്തിന്റെ രീതിയും ആ വിഷയത്തിലെ ശാസ്ത്രവിജ്ഞാനങ്ങളും ശാസ്ത്രജ്ഞന് സ്വായത്തമായേക്കാം. എന്നാല്‍ എല്ലാ വിഷയത്തിന്റെയും ശാസ്ത്രീയ വിവരങ്ങള്‍ അയാള്‍ അറിയണമെന്നില്ല എന്നുമാത്രമല്ല,എല്ലായിടത്തും ശാസ്ത്രീയ രീതി പ്രയോജനപ്പെടുത്തണമെന്നുമില്ല.അതായത് ശാസ്ത്രത്തിന്റെ സമഗ്രവീക്ഷണം സ്വായത്തമാക്കാതെ തന്നെ ശാസ്ത്രജ്ഞനായി ഒരാള്‍ക്ക് അറിയപ്പെടാനാകും.

ശാസ്ത്രത്തിന്റെ ബഹുമുഖമായ വളര്‍ച്ച മനുഷ്യ ജീവിതവുമായി ബന്ധപ്പെട്ട എല്ലാ മേഖലകളിലേക്കും അതിന്റെ സ്വാധീനമെത്തിച്ചു. പരിമിതമായ ഘടകങ്ങളെ ആശ്രയിക്കുന്ന സാമാന്യ പ്രപഞ്ചവും വര്‍ത്തമാനകാലവുമായിരുന്നു മുമ്പ് ശാസ്ത്രത്തിന്റെ പരിധിയിലുണ്ടായിരുന്നത്. എന്നാല്‍ സ്ഥൂല പ്രപഞ്ചവും സൂക്ഷ്മപ്രപഞ്ചവും മനസ്സിലാക്കാനും അവിടെ ബാധകമായ നിയമങ്ങള്‍ കണ്ടെത്താനും ഇന്ന് ശാസ്ത്രത്തിനായിരിക്കുന്നു. നിരവധിഘടകങ്ങളാല്‍ ‍സ്വാധീനിക്കപ്പെടുന്ന ഭൗതിക പ്രതിഭാസങ്ങളെ പോലും (ഉദാ: ദിനാന്തരീക്ഷ സ്ഥിതി) മനസ്സിലാക്കാനും പ്രവചിക്കാനും ശാസ്ത്രം കഴിവ് നേടിക്കഴിഞ്ഞു. മനുഷ്യരാശിയുടെയും പ്രകൃതിയുടെയും പ്രപഞ്ചത്തിന്റെ തന്നെയും പ്രാചീന ചരിത്രം ശാസ്ത്രത്തിന്റെ രീതി ഉപയോഗിച്ച് മനസ്സിലാക്കാനായി. ഭാവിയില്‍ സംഭവിക്കാന്‍ സാധ്യതയുള്ള പല കാര്യങ്ങളും‍ മുന്‍കൂട്ടി മനസ്സിലാക്കി വിപത്തുകള്‍ ഒഴിവാക്കാനുള്ള മാര്‍ഗ്ഗങ്ങളും‍ ശാസ്ത്രം നിര്‍ദേശിക്കുന്നു.

ചരിത്രം(History), നരവംശപഠനം(Anthropology), പരിസ്ഥിതി(Ecology), സാമൂഹ്യശാസ്തം(Sociology), സാമ്പത്തികശാസ്ത്രം(Economics) – തുടങ്ങിയ സാമൂഹ്യപഠന മേഖലകളിലെല്ലാം ഇന്ന് ശാസ്ത്രത്തിന്റെ രീതി പ്രയോജനപ്പെടുത്തുന്നുണ്ട്. തെളിവുകള്‍ കണ്ടെത്തുന്നതിനും വ്യാഖ്യാനിക്കുന്നതിനും വിശകലനത്തിനുമെല്ലാം ഈ മേഖലകളില്‍ ഇന്നവലംബിക്കുന്നത് ശാസ്ത്രത്തിന്റെ രീതിയാണ്. എന്നാല്‍ പ്രകൃതിശാസ്ത്രത്തില്‍ വ്യത്യസ്ഥമായി ഈ മേഖലകളിലെ നിഗമനങ്ങള്‍ പരീക്ഷണ വിധേയമാക്കാന്‍ പരിമിതിയുണ്ട് എന്നു മാത്രമല്ല അവയിലെല്ലാം സമൂഹം ഒരു ഭാഗമായി വരുന്നതിനാല്‍  ആത്മനിഷ്ഠവും വര്‍ഗ്ഗപരവുമായ സമീപനങ്ങള്‍ കയറിവരികയും ചെയ്യും.  എങ്കിലും ഇങ്ങിനെ ഉണ്ടായ അറിവുകള്‍ കൂടുതല്‍ യുക്തിപരവും സമഗ്രവും മാത്രമല്ല, മതം ഒഴിച്ചുള്ള എല്ലാത്തരം ജ്ഞാനമേഖലകളെയും പരസ്പരം ബന്ധിപ്പിക്കുന്നതും ശാക്തീകരിക്കുന്നതുമാണ്. എന്ന് മാത്രമല്ല മതത്തെയും അതിന്റെ ആചാരാനുഷ്ഠാനങ്ങളെയും നവീകരിക്കുന്നതിനും അത് പ്രേരിപ്പിച്ചതായി കാണാം.

മതവും ശാസ്ത്രവും

മനുഷ്യന്റെ ജ്ഞാനമണ്ഡലത്തിലും ജീവിതത്തിലും മുഖ്യ സ്വാധീനം വഹിച്ച രണ്ടു ചിന്താ പദ്ധതികള്‍ ‍ ആണ് ശാസ്ത്രവും മതവും. എന്നാല്‍ അവ തമ്മിലുള്ള ഒളിഞ്ഞും തെളിഞ്ഞുമുള്ള സംഘര്‍ഷം ലിഖിതപ്പെട്ട ചരിത്രത്തിലെവിടെയും കാണാം.മനുഷ്യജീവിതത്തെ സമൂലമായി പരിവര്‍ത്തനം ചെയ്യിക്കുന്നതില്‍ ശാസ്ത്രത്തിനാണ് മുഖ്യ പങ്ക് എങ്കിലും ചിന്താപരമായികൂടുതല്‍ പേരെ ആഴത്തില്‍ സ്വാധീനിച്ചിട്ടുള്ളത് മതമാണെന്ന് കാണാന്‍ കഴിയും.ചുറ്റുപാടിനെ മനസ്സിലാക്കാനും നിയന്ത്രിക്കാനുമുള്ള മനുഷ്യമനസ്സിന്റെ ആഗ്രഹത്തിലാണ് ശാസ്ത്രത്തിന്റെയും മതത്തിന്റെയും വേരുകള്‍ ഉള്ളത്. അതിനാല്‍ തന്നെ ‍ തുടക്കത്തില്‍ ഇവ രണ്ടും കെട്ടു പിണഞ്ഞാണ് വളര്‍ന്നത്. എന്നാല്‍ പ്രകൃതി പ്രതിഭാസങ്ങളുടെ വിശദീകരണം ഭൗതികമായിതന്നെ ചെയ്യാനുള്ള ശ്രമം പുരോഗമിച്ചതോടെ അവ വേര്‍പിരിയുകയും സമാന്തരമായി പുരോഗമിക്കയും ചെയ്തു. ഥെയില്‍സ് മുതലുള്ള ഗ്രീക്ക് പണ്ഡിതരാണ് ഇക്കാര്യത്തില്‍ പുതുവഴിവെട്ടിയത്. ഇന്ദ്രിയങ്ങള്‍കൊണ്ട് അളക്കാനും വിശകലനം ചെയ്യാനും കഴിയുന്ന മേഖലകളില്‍ ശാസ്ത്രവും പറ്റാത്തിടത്ത് മതവും എന്നതായിരുന്നു പിന്നീടുള്ള അവസ്ഥ.പത്തൊമ്പതാം നൂറ്റാണ്ട് വരെ ശാസ്ത്രത്തിന് ഗണ്യമായ സംഭാവനകള്‍ നല്കിയ പ്രമുഖശാസ്ത്രജ്ഞരില്‍ മതവിശ്വാസികള്‍ മാത്രമല്ല മതപുരോഹിതരും ഉണ്ടായിരുന്നു.എന്നാല്‍ മതം കൈകാര്യം ചെയ്തിരുന്ന വിഷയങ്ങളിലേക്ക് ശാസ്ത്രം കടന്നുചെല്ലാന്‍ തുടങ്ങിയതോടെ മതവും ശാസ്ത്രവും തമ്മിലുള്ള ഏറ്റുമുട്ടലിന് തുടക്കമായതായി കാണാന്‍ കഴിയും. ഗലീലിയോയുടെ കണ്ടെത്തലുകളെ ഇന്‍ക്വിസിഷന്‍ ഉപയോഗിച്ച് അമര്‍ച്ച ചെയ്യാന്‍ മതമേധാവികള്‍ നടത്തിയ ശ്രമം കുപ്രസിദ്ധമാണല്ലോ.‌

ആധുനികശാസ്ത്രത്തിന്റെ ധാരണകള്‍ പ്രബലപ്പെടുന്നതിനും  മുമ്പേയാണ് മതങ്ങള്‍ എല്ലാം രൂപപ്പെട്ടത്. പ്രകൃതി പ്രതിഭാസങ്ങളെ കുറിച്ച്, പ്രകൃതിയും മനുഷ്യനും തമ്മിലുള്ള ബന്ധത്തെകുറിച്ച്, അവയുടെ ഉല്‍പത്തിയെക്കുറിച്ചുമെല്ലാമുള്ള പ്രാചീനകാലസങ്കല്‍പങ്ങളാണ് അവയുടെ ദാര്‍ശനിക അടിത്തറ. അതായത് പ്രപഞ്ചത്തെകുറിച്ചും പദാര്‍ത്ഥത്തെകുറിച്ചും ജീവനെകുറിച്ചുമെല്ലാം ആധുനിക ശാസ്ത്രത്തിന്റെ കണ്ടെത്തലിനും മുമ്പേയുള്ള ധാരണകള്‍. പ്രകൃതി പ്രതിഭാസങ്ങളെ നിയന്ത്രിക്കുന്ന ഭൗതികേതരശക്തികളെയും പ്രപഞ്ചസൃഷ്ടാവിനെയും പ്രീതിപ്പെടുത്തി ഭയത്തില്‍ നിന്ന് മോചിതമാകാനുള്ള ഉപാധികളാണ് ആചാരങ്ങളും അനുഷ്ഠാനങ്ങളും. അവ പാലിക്കുക എന്നതാണ് മതവിശ്വാസികളുടെ കടമ. അതിനാല്‍ ഭൗതികേതര ശക്തികള്‍ക്കും മനുഷ്യര്‍ക്കുമിടയിലുള്ള മഹാ പുരുഷന്‍മാരായി പുരോഹിതര്‍ മാറി. ദര്‍ശനങ്ങളെ വ്യാഖ്യാനിക്കയും ആചാരങ്ങള്‍ക്ക് നേതൃത്വം നല്കുന്നതും പുരോഹിതരാണ്. എന്നാല്‍ ഇത്തരം ദര്‍ശനങ്ങള്‍ ബോധ്യപ്പെടുന്നതിനേക്കാള്‍‍ ആചാരങ്ങളിലൂടെയും അനുഷ്ഠാനങ്ങളും പാലിക്കുന്നതിലൂടെയാണ് ജനങ്ങള്‍ മതവുമായി ബന്ധപ്പെടുന്നത്. മതങ്ങള്‍ ജനങ്ങളുടെ മേല്‍ സ്വാധീനം മുറുക്കിയതാകട്ടെ അധികാരത്തിന്റെ അഥവാ രാഷ്ട്രീയാധിപത്യത്തിന്റെ സഹായത്തോടെയും. വ്യവസ്ഥാപിതമായ സാമൂഹ്യ ചട്ടക്കൂടില്‍ നിന്ന് കൊണ്ട് യാതൊരുവിധത്തിലുള്ള ചോദ്യം ചെയ്യലുകള്‍ക്കും മുതിരാതെ ദുരനുഭവങ്ങളെയെല്ലാം വിധിവിശ്വാസത്താലും ദൈവനിശ്ചയത്താലും ന്യായീകരിച്ചു ജനങ്ങള്‍ അടങ്ങിയൊതുങ്ങിക്കഴിഞ്ഞു കൂടുമെന്നതിനാല്‍ അധികാരകേന്ദ്രങ്ങള്‍ മതത്തെ രാഷ്ട്രസംവിധാനത്തിന്റെ തന്നെ ഭാഗമാക്കി. അതതുകാലത്തെ വര്‍ഗ്ഗപരമായ ആധിപത്യം നിലനിര്‍ത്തികൊണ്ടുള്ള സാമൂഹ്യസുസ്ഥിരത ലക്ഷ്യം വെച്ച സദാചാരസംഹിതകളും മതത്തിന്റെ ഭാഗമായി. ദൈവഭീതിയിലും മരണാനന്തരജീവിതത്തെയും ആസ്പദമാക്കിയ ഒരു മൂല്യബോധവും അത് സമൂഹത്തില്‍ വളര്‍ത്തി.

ശാസ്ത്രത്തിന്റെ ജ്ഞാന വിനിമയരീതിയില്‍ നിന്ന് തികച്ചും വ്യത്യസ്തമാണ് മതത്തിന്റെ രീതി. മാത്രമല്ല അവ വിരുദ്ധമാണെന്നും പറയാം. വസ്തുതാപരമായ വിവരങ്ങളെയും അന്വേഷണത്തെയും കാള്‍ വ്യക്തികളുടെ വികാരങ്ങളെയും ഉള്‍വിളികളെയുമാണ് മതം തെളിവിനായി ആശ്രയിക്കുന്നത്. ചോദ്യം ചെയ്യപ്പെടാതെ പ്രാമാണികഗ്രന്ഥങ്ങളെയും പണ്ഡിതരെയും കേള്‍ക്കുക , അനുസരിക്കുക എന്നതാണ് മതങ്ങള്‍ കല്പിക്കുന്ന രീതി. പഴയകാല അറിവ് കൂടുതല്‍ ആധികാരികവും കലര്‍പ്പില്ലാത്തതുമായി അവര്‍ കരുതുന്നു.തങ്ങളുടെ ദര്‍ശനം ദൈവദത്തമാണെന്നും അതിനാല്‍ മാറ്റത്തിന് വിധേയമല്ലയെന്നും വിശ്വസിക്കുന്നു.

വസ്തുനിഷ്ഠമല്ലാത്ത കാര്യങ്ങളിലാണ് മതദര്‍ശനത്തിന്റെ അടിത്തറയെങ്കിലും  വസ്തുനിഷ്ഠ യാഥാര്‍ത്ഥ്യങ്ങളിലും, പക്ഷേ അതിടപെടുന്നുണ്ട്. ശാസ്ത്രീയമായി അന്വേഷണം നടത്താവുന്ന, വിവരങ്ങള്‍ ലഭ്യമായ വിഷയങ്ങളിലും അത് അഭിപ്രായം പറയുന്നു. ശാസ്ത്രത്തിന്റെ രീതിയോ ശാസ്ത്രവിജ്ഞാനമോ ഉപയോഗപ്പെടുത്തി മതസങ്കല്പങ്ങളെയും വിശ്വാസപ്രമാണങ്ങളെയും നവീകരിക്കാന്‍ തയ്യാറാകില്ല എങ്കിലും ആചാരാനുഷ്ഠാനങ്ങളില്‍ ശാസ്ത്രോല്‍പ്പന്നങ്ങളായ സാങ്കേതിക വിദ്യകള്‍ പ്രയോജനപ്പെടുത്തുന്നതില്‍ ഒരു പിശുക്കും കാണിക്കുന്നുമില്ല. അതാകട്ടെ മതത്തിനും ഒരു ശാസ്ത്രാഭിമുഖ്യം ഉണ്ടെന്ന തോന്നല്‍ സൃഷ്ടിക്കയും ചെയ്തു.മാത്രമല്ല മറ്റൊരു ജ്ഞാനമേഖലയായി കരുതുന്നതിനാല്‍ ശാസ്ത്രവിജ്ഞാനത്തിനോട് കുരിശുയുദ്ധം പ്രഖ്യാപിക്കാനോ അതിനെ ബ്ലോക്ക് ചെയ്യാനോ മതം ഇന്ന് തുനിയുന്നുമില്ല. ശാസ്ത്ര രംഗത്ത് പ്രവര്‍ത്തിക്കുന്നവരിലും സമാന മനോഭാവമുള്ളവരുണ്ട്. മതദര്‍ശനങ്ങളില്‍ വിശ്വസിക്കാതെ അതിന്റെ ആചാരാനുഷ്ഠാനങ്ങളില്‍ മാത്രം പങ്കാളിയായി മതത്തോട് സഹകരമണനോഭാവം സ്വീകരിക്കുന്നവരെ ശാസ്ത്രരംഗത്ത് ധാരാളമായി കാണാന്‍ കഴിയും. ഒരുപടികൂടി കടന്ന് ശാസ്ത്രത്തിന് എല്ലാ പ്രശ്നങ്ങളെയും അറിയാന്‍കഴിയില്ല എന്നും അതിനാല്‍ മതത്തിനും തത്വ വിചാരങ്ങള്‍‍ക്കും ആ രംഗങ്ങളില്‍ പ്രസക്തിയുണ്ടെന്നും നിലപാട് എടുക്കുന്നവരുമുണ്ട്.

സ്വന്തം നിലപാടുകളും സമീപനവും ഭാഗികമായി മറച്ചുവെച്ചുകൊണ്ടുള്ള ഈ സഹവര്‍ത്തിത്വവും പരസ്പര സഹകരണവും, ശാസ്ത്രജ്ഞാനവും സാങ്കേതികവിദ്യയും അനുദിനം പുരോഗമിക്കുമ്പോഴും ശാസ്ത്രബോധവും ശാസ്ത്രീയമനോഭാവവും ഇല്ലാത്ത ഒരു സമൂഹസൃഷ്ടിയിലേക്കാണ് നയിച്ചത്. വര്‍ഗീയത, ജാതീയത, സ്വത്വ രാഷ്ട്രീയം, കപടശാസ്ത്രങ്ങള്‍, ഉപഭോഗപരത ഇവക്കെല്ലാം വളക്കൂറുള്ളമണ്ണായി ആധുനികസമൂഹം നിലനില്ക്കുന്നത് ഈ ശാസ്ത്രബോധത്തിന്റെ അഭാവം കൊണ്ടു കൂടിയാണ്. അതിനാല്‍ ശാസ്ത്രത്തിന്റെ നേട്ടമായ സാങ്കേതികവിദ്യകള്‍ വ്യാപകമായി പ്രയോജനപ്പെടുത്തുമ്പോഴും അതിന്റെ സത്തയായ ശാസ്ത്രബോധത്തേക്കാള്‍ മതത്തിന്റെ സത്തയായ വിശ്വാസങ്ങളാണ് പൊതുസമൂഹത്തിന്റെ ജീവിതവിക്ഷണത്തില്‍ മുഖ്യമായും സ്വാധീനിക്കുന്നത്. ഇതില്‍ ഭരണകൂടങ്ങളും മാധ്യമങ്ങളും വലിയ പങ്ക് വഹിക്കുന്നുമുണ്ട്. ശാസ്ത്രബോധത്തെ നിരാകരിച്ച് ‍‍ ഭരണകൂടങ്ങളും മാധ്യമങ്ങളും മതവിശ്വാസങ്ങളെ ഊട്ടിയുറപ്പിക്കുന്നത് സ്നേഹം, കരുണ, ആദരവ്,വിനയം തുടങ്ങിയ മാനുഷികമൂല്യങ്ങള്‍ വളരാന്‍ മതബോധനം ആവശ്യമാണെന്ന ന്യായവാദത്തിലൂന്നിയാണ്. മതങ്ങള്‍ സമൂഹത്തില്‍ ഒരു മൂല്യബോധം ഉറപ്പിക്കുന്നുണ്ട് എന്നത് വസ്തുതയാണ്. എന്നാലതിന്റെ പ്രേരകശക്തിയും സ്ഥിരതയും സംശയാസ്പദമാണ്. മാനവികതയെയും മതമൂല്യങ്ങളെയും താരതമ്യം ചെയ്യുമ്പോള്‍ അത് വ്യക്തമാവും.

മാനവികത

മാനവികത എന്ന വാക്കിനര്‍ത്ഥം മനുഷ്യനായിരിക്കുക, മനുഷ്യത്വം എന്നെല്ലാമാണ്. എന്നാല്‍ പ്രയോഗത്തിലൂടെ അതിന്റെ വാക്യാര്‍ത്ഥതില്‍ നിന്ന് മാറി കൂടുതല്‍ വിപുലമായ ഒരാശയം ഈ വാക്കിലൂടെ ഉത്പാദിപ്പിക്കുന്നുണ്ട്. ഭൂമിയില്‍ മനുഷ്യരായി ജനിച്ചവരെയെല്ലാം തുല്യരായി കാണുന്ന, ജാതി, മതം, വര്‍ഗ്ഗം, ലിംഗം തുടങ്ങിയവയുടെ പേരില്‍ സാമൂഹ്യ വികാസത്തിനിടയില്‍ വന്നു ചേര്‍ന്ന ഭേദങ്ങളെ തിരസ്കരിക്കുന്ന , പിന്തള്ളപ്പെട്ടവരുടെയും പിന്തള്ളപ്പെടുന്നവരുടെയും പ്രശ്നങ്ങള്‍ അനുതാപത്തേടെ സമീപിക്കാന്‍ കഴിയുന്ന ഒരു മനോഭാവമാണിത്. എന്നാല്‍ ഈ പിന്തള്ളലും മുന്നോട്ട് വരലുമെല്ലം സാമൂഹ്യ ബന്ധങ്ങളെയും അതിജീവനത്തായി ആശ്രയിക്കുന്ന പ്രകൃതിയുമായും ബന്ധപ്പെട്ടാണിരിക്കുന്നത്. അതിനാല്‍ സ്വാഭാവികമായും വ്യക്തിയും സമൂഹവും തമ്മിലുള്ള ബന്ധവും മനുഷ്യനും പ്രകൃതിയും തമ്മിലുള്ള പാരസ്പര്യവും മനസ്സിലാക്കല്‍ കൂടി മാനവികതയുടെ ഭാഗമാണ്.

മാനവികതയുടെ മറുപുറമാണ് ആത്മീയതയും സ്വത്വബോധവും. വ്യക്തിയെ ശരീരവും ആത്മാവുമായി വേര്‍തിരിച്ചാണ് മതം കാണുന്നത്. ശരീരം ഭൗതിക പ്രപഞ്ചത്തിന്റെ ഭാഗമാണ്. ആത്മാവാകട്ടെ ഭൗതികേതര പ്രപഞ്ച സത്തയോട് ബന്ധപ്പെട്ടതും. വ്യക്തിയുടെ ആത്മാവും ഭൗതികേതര സത്തയും തമ്മിലുള്ള ബന്ധമാണ് ആത്മീയത. മനുഷ്യനെ ദൈവം സൃഷ്ടിച്ചതാണെന്നും അതിനാല്‍ നമ്മുടെ പ്രവൃത്തികളും ചിന്തയുമെല്ലാം ദൈവത്തോടുള്ള കടപ്പാടിലും ആദരവിലും അധിഷ്ഠിതമായിരിക്കണമെന്നാണ് ഒട്ടു മിക്ക മതങ്ങളും ഉദ്ഘോഷിക്കുന്നത്. പ്രകൃതിയെതന്നെ മനുഷ്യനുവേണ്ടി നിര്‍മ്മിച്ചത് എന്നാണ് അതില്‍ ചിലര്‍ സങ്കല്പിക്കുന്നത്. സമൂഹം എന്ന ആശയമോ സാമൂഹ്യ പ്രതിഭാസങ്ങളോ അവയുടെ ചിന്താമണ്ഡലത്തില്‍ വരുന്നില്ല താനും. ജനനത്തിനു മുമ്പും മരണത്തിനുപിമ്പുമുള്ള കാര്യങ്ങളെ സങ്കല്പിച്ച് അതില്‍ ഊന്നല്‍ നല്കാനാണ് ആത്മീയത പൊതുവില്‍ പ്രേരിപ്പിക്കുന്നത്.എല്ലാ മനുഷ്യരിലും കുറച്ചു കൂടി വിശാലമായി പറഞ്ഞാല്‍ എല്ലാ ജീവജാലങ്ങളിലും പൊതുവായുള്ളത് ഭൗതികേതരമായ ആത്മാവ് ആണെന്നും അത് പ്രപഞ്ച(ഭൗതികേതര) ശക്തിയായ ദൈവത്തിന്റെ അംശമാണെന്നും അതിനാല്‍ ഓരോമനുഷ്യനും ആത്യന്തികമായി അതിനോട് താദാത്മ്യം പ്രാപിക്കാനും അതിനായുള്ള പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതമാകാനുമാണ് ആവശ്യപ്പെടുന്നത്. പ്രകൃതിയിലെയും സമൂഹത്തിലെയും പ്രശ്നങ്ങളെ നിസ്സാരവല്കരിക്കാനും സമരസപ്പെടാനും അത് പ്രേരിപ്പിക്കുന്നു എന്ന് മാത്രമല്ല, വ്യക്തിപരമായി മാത്രമുള്ള ആചാരക്രിയകളിലൂടെ അവയെ അതിജീവിക്കാനും അവഗണിക്കാനും കഴിയുമെന്ന് വിശ്വസിപ്പിക്കുന്നു. ദൈവവും വ്യക്തിയും തമ്മിലുള്ള ബന്ധവും വ്യക്തിയെ ദൈവവുമായി എങ്ങിനെ കൂടുതല്‍ അടുപ്പിക്കാം എന്നതുമാണ് ആത്മീയതയുടെ അന്വേഷണ വിഷയങ്ങള്‍. മനുഷ്യസ്നേഹത്തെയും സഹജീവിപരിഗണനയെയും അതിന്റെ ഭാഗമായി മതങ്ങള്‍ കാണുന്നുണ്ട്.. ആ വിധത്തില്‍ മാനവികമായ ചില മൂല്യങ്ങള്‍ ആത്മീയതയില്‍ നിന്നു വന്നു ചേരാവുന്നതാണ് . പക്ഷേ മിക്ക മതങ്ങളും  അത് പരലോകത്ത് ലഭിക്കുന്ന പ്രതിഫലേച്ഛയില്‍ ഊന്നിയാണ് പഠിപ്പിക്കുന്നത്. ദൈവികമായ ആവശ്യത്തിന് വെറുപ്പും വിനാശവും ആവശ്യമെങ്കില്‍ സ്വീകരിക്കുന്നത് തെറ്റായി കാണുന്നുമില്ല.

സമൂഹത്തിലെ വിവിധ ജനവിഭാഗങ്ങള്‍  സ്വന്തം തനിമയെ കുറിച്ചു് വെച്ചു പുലര്‍ത്തുന്ന ധാരണയാണ് സ്വത്വം. ഭാഷ, ജാതി, മതം, ദേശം എന്നിങ്ങനെ ഒരാള്‍ ഏതിന്റെ ഭാഗമാണെന്ന്  കരുതുന്നുവോ, അതിന്റ അടിസ്ഥാനത്തില്‍ ആണയാള്‍ സാമൂഹ്യമായ ഇടപെടല്‍ നടത്തേണ്ടതെന്ന ചിന്താഗതിയെയാണ് സ്വത്വവാദം എന്ന് പറയുന്നത്. പ്രശ്നങ്ങളെ വസ്തു നിഷ്ടമായി പരിശോധിച്ച് നിലപാടുകള്‍ എടുക്കുന്നതിന് പകരം ആത്മനിഷ്ഠമായി വസ്തുതകളെ കാണാനും തെരെഞ്ഞെടുക്കാനും മുന്‍വിധിയുടെ അടിസ്ഥാനത്തില്‍ പ്രശ്നങ്ങളെ സമീപിക്കാനുമാണത് പ്രേരിപ്പിക്കുന്നത്.ചിലരോട് വൈകാരികമായി അടുക്കാനും മറ്റുള്ളവരില്‍ അപരത്വം ആരോപിക്കാനും സ്വാഭാവികമായും ഇത് ഇടയാക്കുന്നു. എന്നാല്‍ വിശ്വാസത്തിന്റെ പ്രശ്നമായി മാത്രം സ്വത്വബോധത്തെ സമീപിക്കുന്നതും യാഥാര്‍ത്ഥ്യത്തിലൂന്നിയാവില്ല. ഭാഷ, ജാതി, മതം, ദേശം, ലിംഗം തുടങ്ങിയവയെ മുന്‍നിര്‍ത്തി അടിച്ചമര്‍ത്തലിനു വിധേയമാകുന്നവര്‍ അതേ തലത്തില്‍ നിന്നുകൊണ്ടുള്ള പ്രതിരോധങ്ങള്‍‍ ഉയര്‍ത്താന്‍ നിര്‍ബന്ധിതമായേക്കാം. എന്നാല്‍ ഒരു വ്യക്തിയുടെ സാമൂഹ്യ സമീപനം അടിസ്ഥാനമാക്കേണ്ടത് സ്വത്വബോധത്തെയാണ് എന്നത്  മാനവികതക്കെതിരായ അപകടകരമായ പ്രവണതയാണ്..


ശാസ്ത്രബോധം, മാനവികത ,വിശ്വാസം ലേഖനത്തിന്റെ മൂന്നാംഭാഗം സാമാന്യബോധം ശാസ്ത്രബോധമാകണം ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.

ശാസ്ത്രവും മാനവിക വിഷയങ്ങളും

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post ദാലംബേർ-ഗണിതശാസ്ത്രത്തിലെ അതികായൻ
Next post ഇതാ സയന്‍സിലെ 10 തെറ്റായ കണ്ടെത്തലുകള്‍
Close