ധൂമകേതുക്കളുടെ ഘടന
ധൂമകേതുക്കളുടെ ചിത്രങ്ങളിലെല്ലാം തന്നെ അതിന് ഒരു തലയും നീണ്ടവാലും ഉണ്ട്. വാല്‍നക്ഷത്രം എന്ന പേരിനു കാരണവും ഈ ആകൃതി തന്നെ. സൂര്യനോട് താരതമ്യേന അടുത്തുവരുമ്പോള്‍ മാത്രമാണ് ധൂമകേതുക്കള്‍ക്ക് ഈ രൂപം കിട്ടുന്നത്. സൂര്യനില്‍ നിന്ന് അകലെയായിരിക്കുമ്പോള്‍ ശക്തിയേറിയ ടെലിസ്‌കോപ്പുകളില്‍ ഒരു ചെറിയ അടയാളമായാണ് ഇതുകാണുക. അപ്പോള്‍ വലിയ തലയും വാലും ഒന്നും ഇല്ലാത്ത ഒരു കാമ്പ് (ന്യൂക്ലിയസ്) മാത്രമാണ് അതിനുണ്ടാകുക. കൃത്യമായ ഗോളാകൃതിയൊന്നും അതിനുണ്ടാകില്ല. ഉരുളക്കിഴങ്ങിന്റെ ആകൃതിയെന്നൊക്കെ പറയാം. കാമ്പിന്റെ വലിപ്പം സാധാരണയായി ഏതാനും കിലോമീറ്റര്‍ വരെയാകാം. ഇതുവരെ കണ്ടിട്ടുള്ളതില്‍ ഏറ്റവും വലിപ്പമുള്ള ന്യൂക്ലിയസ് കൈറോണ്‍ (Chiron) എന്ന ധൂമകേതുവിന്റേതാണ്. അതിന് 200-300 കിലോമീറ്റര്‍ വലിപ്പമുണ്ട്. കണ്ടെത്തിയ കാലത്ത് ഒരു ക്ഷുദ്രഗ്രഹം (Asteroid) ആണെന്ന് തെറ്റിദ്ധരിച്ചിരുന്നു. ഹാലിയുടെ ധൂമകേതുവിന്റെ ന്യൂക്ലിയസ്സിന്റെ നീളം 15 കിലോമീറ്ററും വീതി 8 കിലോമീറ്ററും ആയിരുന്നു. അതിനേക്കാള്‍ ചെറുതാണ് ഐസോണ്‍ കോമറ്റിന്റേത്. ഇതില്‍ ഐസുരൂപത്തിലുള്ള ജലം, കാര്‍ബണ്‍ ഡയോക്‌സൈഡ് തുടങ്ങിയ വസ്തുക്കളാണുണ്ടാവുക. ധൂമകേതു സൂര്യനില്‍ നിന്ന് അകലെയായിരിക്കുമ്പോള്‍ താപനില പൂജ്യം സെല്‍ഷ്യസിനേക്കാളും വളരെ താഴെയായിരിക്കുമെന്നതിനാല്‍ കാമ്പിലെ വിവിധ രാസസംയുക്തങ്ങള്‍ ഐസ് രൂപത്തിലായിരിക്കുമെന്നു കരുതാം. വാല്‍ നക്ഷത്രങ്ങളുടെ ന്യൂക്ലിയസ്സിന്റെ അന്തര്‍ഭാഗത്ത് എന്തൊക്കെ ഉണ്ടാകാം എന്നതു സംബന്ധിച്ച് നമുക്ക് കൃത്യമായ വിവരങ്ങള്‍ ഇനിയും ലഭ്യമായിട്ടില്ല. നാസയുടെ ഡീപ് ഇംപാക്ട് (Deep Impact) എന്ന പ്രോജക്ടിന്റെ ഭാഗമായി ഒരു ബഹിരാകാശപേടകത്തില്‍ നിന്ന് ടെമ്പല്‍ 1 (Comet Tempel 1) എന്ന ധൂമകേതുവിലേക്ക് ഒരു മിസൈല്‍ അയച്ച് സ്‌ഫോടനം ഉണ്ടാക്കി നിരീക്ഷണം നടത്തിയെങ്കിലും ധൂമകേതുവിന്റെ ന്യൂക്ലിയസ്സിന്റെ അന്തര്‍ഭാഗത്തെ സംബന്ധിച്ച് വേണ്ടത്ര വിവരങ്ങള്‍ ലഭിച്ചില്ല. 2005 ജൂലൈയിലായിരുന്നു ഈ പരീക്ഷണം നടത്തിയത്.
കോമ
ഒരു ധൂമകേതു സൂര്യനടുത്തേക്കു വരുമ്പോള്‍ അതിലെ ഖരവസ്തുക്കള്‍ ബാഷ്പീകരിച്ചുണ്ടാകുന്ന തലയാണ് കോമ (coma) എന്നറിയപ്പെടുന്നത്. ഇതിന് ഒരു ദശലക്ഷം കിലോമീറ്റര്‍ വരെ വ്യാസമുണ്ടാകാം. പക്ഷേ, അതിന്റെ സാന്ദ്രത വളരെ കുറവായിരിക്കും. സാധാരണ പരീക്ഷണശാലകളില്‍ ഉണ്ടാക്കാവുന്ന ശൂന്യതയേക്കാള്‍ ശൂന്യമായിരിക്കും വാല്‍നക്ഷത്രത്തിന്റെ കോമ. ന്യൂക്ലിയസ്സില്‍ നിന്നു പുറത്തുവരുന്ന വാതകങ്ങളെ പിടിച്ചുനിര്‍ത്താന്‍ വേണ്ട ഗുരുത്വാകര്‍ഷണമൊന്നും ധൂമകേതുവിനുണ്ടാകില്ല. ഭൂമിയുടെ അന്തരീക്ഷത്തിലുള്ള ഗുരുത്വാകര്‍ഷണത്തിന്റെ പതിനായിരത്തിലൊന്നില്‍ കുറവായിരിക്കും ഒരു സാധാരണ ധൂമകേതു അതിന്റെ അന്തരീക്ഷത്തില്‍ ചെലുത്തുന്ന ബലം. അതിനാല്‍ത്തന്നെ കോമയിലെ വാതകങ്ങള്‍ എന്നന്നേക്കുമായി നഷ്ടപ്പെട്ടുകൊണ്ടിരിക്കും. അതോടൊപ്പം തന്നെ ബാഷ്പീകരണം സംഭവിച്ചുകൊണ്ടുമിരിക്കും. സൂര്യന്റെ സമീപം എത്തുമ്പോഴൊക്കെ ഇതുസംഭവിക്കും. സൂര്യനില്‍ നിന്ന് അകലുന്നതോടെ കോമയും ഇല്ലാതാകും. ഹാലിയുടെ ധൂമകേതുവിനെ ഉദാഹരണമായി എടുത്താല്‍ ഓരോ 75-76 കൊല്ലത്തിനിടയ്ക്ക് സൂര്യനോടടുത്തു വരുമ്പോഴും അതിലെ കുറച്ചുദ്രവ്യം ബാഷ്പമാകുകയും നഷ്ടപ്പെടുകയും ചെയ്യും. അതിനാല്‍ത്തന്നെ കുറേയേറെ തവണ ഭ്രമണം ചെയ്തുകഴിയുമ്പോഴേക്കും ഏതു കോമറ്റിന്റെയും കഥ കഴിയും.
വാല്‍നക്ഷത്രത്തിന്റെ വാല്‍
വാല്‍നക്ഷത്രത്തെ വാല്‍നക്ഷത്രമാക്കുന്നത് അതിന്റെ വാലാണ്. കോമ (തല)യെപ്പോലെ തന്നെ വാലും പ്രത്യക്ഷമാകുന്നത് ധുമകേതു സൂര്യന് അടുത്തെത്തുമ്പോള്‍ മാത്രമാണ്. പലര്‍ക്കും തെറ്റിദ്ധാരണയുള്ള ഒരുകാര്യം എപ്പോഴും തലയ്ക്കു പിന്നാലെയാകും വാല്‍ സഞ്ചരിക്കുക എന്നതാണ്. എന്നാല്‍ സത്യത്തില്‍ വാല്‍ എപ്പോഴും സൂര്യന്റെ എതിര്‍ദിശയിലായിരിക്കും. അതിനാല്‍ ഒരു ധൂമകേതു സൂര്യനോടടുത്തുകൊണ്ടിരിക്കുമ്പോ
സാധാരണഗതിയില്‍ ധൂമകേതുക്കള്‍ക്ക് രണ്ട് വാല്‍ ഉണ്ടാകും. ഒന്ന് മഞ്ഞയോ വെള്ളയോ നിറത്തില്‍ കാണുന്ന വാല്‍. ഇത് ധൂമകേതുവില്‍ നിന്ന് ഉയരുന്ന പൊടി ഉണ്ടാക്കുന്നതാണ്. മറ്റൊന്ന് നീലനിറത്തില്‍ കാണുന്ന പ്ലാസ്മാവാല്‍ ആണ്. ധൂമകേതുവിന്റെ കേന്ദ്രത്തില്‍ നിന്ന് പുറത്തുവരുന്ന വാതകങ്ങള്‍ സൂര്യപ്രകാശത്തിലെ അള്‍ട്രാവയലറ്റ് തരംഗങ്ങളാല്‍ അയണീകരിക്കപ്പെടുന്നതു വഴിയുണ്ടാകുന്ന പ്ലാസ്മ അടങ്ങിയതാണ് ഈ വാല്‍. അയണീകരിക്കപ്പെട്ട കാര്‍ബണ്‍ മോണോക്‌സൈഡ് പുറത്തുവിടുന്ന നീല പ്രകാശമാണ് പ്ലാസ്മാവാലിന് നീലനിറം നല്‍കുന്നത്. ഇതിനുവേണ്ട ഊര്‍ജം അയോണുകള്‍ക്കു ലഭിക്കുന്നത് സൂര്യപ്രകാശത്തില്‍ നിന്നാണ്. ധൂമകേതുവിന്റെ ധൂളീവാലില്‍ ഉള്ളത് പ്രധാനമായും സിലിക്കേറ്റ് (സാധാരണ മണലിലെ രാസപദാര്‍ഥം) ആണ്. ഇതില്‍ തട്ടിത്തെറിച്ചുവരുന്ന സൂര്യപ്രകാശമാണ് വാലിന് മഞ്ഞ-വെള്ളനിറം നല്‍കുന്നത്. ധൂമകേതുക്കള്‍ നക്ഷത്രങ്ങളെപ്പോലെ ഊര്‍ജോല്‍പാദനം നടത്തുന്നില്ല. സൂര്യപ്രകാശത്തെ പ്രകീര്‍ണനം ചെയ്യുകയോ ആഗിരണം ചെയ്ത ശേഷം ഉത്സര്‍ജിക്കുകയോ ആണ് ചെയ്യുന്നത്.
അപൂര്‍വമായി ചില ധൂമകേതുക്കള്‍ക്ക് സൂര്യന്റെ നേരെ നീളുന്ന ചെറിയ വാല്‍ കാണപ്പെടാറുണ്ട്. സാധാരണ വാലിന്റെ എതിര്‍ദിശയിലായതിനാല്‍ ഇതിനെ ആന്റിടെയില്‍ (anti-tail) എന്നും വിളിക്കാറുണ്ട്. വാല്‍നക്ഷത്രത്തിന്റെ സഞ്ചാരപഥത്തിന്റെ തലത്തെ ഭൂമി മുറിച്ചുകടക്കുന്ന ഏതാനും ദിവസങ്ങളില്‍ മാത്രം കാണപ്പെടുന്ന ഒന്നാണിത്. വാല്‍നക്ഷത്രം സൂര്യനില്‍ നിന്ന് അകന്നുപോകുന്ന സമയത്ത് ഭൂമിയില്‍ നിന്ന് നോക്കുമ്പോള്‍ വാല്‍നക്ഷത്രത്തിന്റെ വാലിന്റെ കുറച്ചുഭാഗങ്ങള്‍ സൂര്യന് അഭിമുഖമായും വലിയഭാഗവും സൂര്യന് എതിരെയായും കാണുന്ന സന്ദര്‍ഭത്തിലാണ് ഈ അപൂര്‍വദൃശ്യം കാണുക.
വാല്‍നക്ഷത്രം സൂര്യനെ ചുറ്റിസഞ്ചരിക്കുമ്പോള്‍ ഇതിന്റെ വാല്‍ ഒരു രേഖയിലാകണമെന്നില്ല. കാരണം വാല്‍നക്ഷത്രത്തിന്റെ കാമ്പും വാലിലെ കണങ്ങളും തമ്മിലുള്ള ഗുരുത്വബലം നിസ്സാരമായതിനാല്‍ കാമ്പും വാലിലെ ഓരോ കണങ്ങളും സ്വതന്ത്രമായി സ്വന്തം ഭ്രമണപഥത്തിലൂടെ സൂര്യനെ ചുറ്റുകയാണ് ചെയ്യുന്നത്. സൂര്യനില്‍ നിന്നുള്ള ദൂരം കൂടുന്നതനുസരിച്ച് വേഗത കുറയുമെന്നതിനാല്‍ തലയും വാലുമെല്ലാം ഒരേ വേഗതയിലല്ല സൂര്യനെ ചുറ്റുക. തല കൂടിയ വേഗതയിലും വാലിന്റെ ഭാഗങ്ങള്‍ കുറഞ്ഞ വേഗതയിലും സൂര്യനെ ചുറ്റുന്നതിനാല്‍ വാല്‍ വളഞ്ഞതായി കാണപ്പെടാറുണ്ട്.
വാല്‍നക്ഷത്രത്തിന്റെ രസതന്ത്രം
രാസചേരുവ വച്ചുനോക്കുകയാണെങ്കില്‍ ഓരോ വാല്‍നക്ഷത്രവും വ്യത്യസ്തമാണ്. ഐസ് രൂപത്തിലുള്ള ജലം വാല്‍നക്ഷത്രത്തിന്റെ കാമ്പിന്റെ (Nucleus) ഒരു പ്രധാനഭാഗമാണ്. ഇതു കൂടാതെ ഐസ് രൂപത്തില്‍ കാര്‍ബണ്‍ ഡയോക്‌സൈഡ്, മെഥനോള്‍, ഹൈഡ്രജന്‍ സയനൈഡ്, അമോണിയ, ഫോര്‍മാല്‍ഡിഹൈഡ് (മെഥനോള്‍), അസെറ്റിലിന്‍, ഈഥേന്‍, മീഥേന്‍, കാര്‍ബണ്‍ മോണോക്‌സൈഡ് എന്നീ വസ്തുക്കളുമൊക്കെ അതിലുണ്ടാകാം. വാല്‍നക്ഷത്രം സൂര്യനില്‍നിന്ന് വളരെ അകലെയായിരിക്കുമ്പോള്‍ ഇവ ഖരരൂപത്തിലായിരിക്കും. സൂര്യനടുത്തെത്തുമ്പോള്‍ ഈ വസ്തുക്കള്‍ ബാഷ്പീകരിച്ചാണ് അതിന് വലിയതലയും (Coma) വാലുമൊക്കെ ഉണ്ടാകുന്നത്.
ഹാലിയുടെ ധൂമകേതു 1986ല്‍ എത്തിയപ്പോള്‍ അതിന്റെ രാസചേരുവയെ സംബന്ധിച്ച് വിലപ്പെട്ട വിവരങ്ങള്‍ ലഭിച്ചിരുന്നു. അതിന്റെ കേന്ദ്രത്തില്‍ നിന്ന് വരുന്ന ബാഷ്പത്തിന്റെ 80% ജലമായിരുന്നു. രണ്ടാംസ്ഥാനം കാര്‍ബണ്‍ മോണോക്‌സൈഡിനായിരുന്നു. ഇത് ഏതാണ്ട് 10% ആയിരുന്നു. ഇത് ഒരുപക്ഷേ കാര്‍ബണ്‍ ഡയോക്‌സൈഡോ (CO2) ഫോര്‍മാല്‍ഡിഹൈഡോ (HCHO) വിഘടിച്ച് ഉണ്ടാകുന്നതാകാം. അതുകഴിഞ്ഞാല്‍ അടുത്തസ്ഥാനം കാര്‍ബണ്‍ ഡയോക്‌സൈഡിനാണ് (4%). ഒരു ശതമാനത്തില്‍ താഴെ അളവില്‍ മീഥേയ്‌നും (CH4) അമോണിയയും (NH3) ഉണ്ടായിരുന്നു. ഇതുകൂടാതെ ചെറിയ അളവില്‍ കാര്‍ബണ്‍ ഡൈസള്‍ഫൈഡും (CS2) വിവിധ അപൂരിത ഹൈഡ്രോകാര്‍ബണുകളും അമിനോ സംയുക്തങ്ങളും ഉണ്ടായിരുന്നു.
ഹാലിയുടെ ധൂമകേതുവില്‍ നിന്നുവന്ന പൊടി പ്രധാനമായും സിലിക്കേറ്റുകളായിരുന്നു. പൊടിയില്‍ 20-30 ശതമാനം കാര്‍ബണ്‍ ആയിരുന്നു. ഇതാകണം ഹാലിയുടെ ധൂമകേതുവിന്റെ കാമ്പിന് കറുത്ത നിറം നല്‍കിയിരുന്നത്. ഇവയെക്കൂടാതെ വിവിധയിനം ഓര്‍ഗാനിക് സംയുക്തങ്ങളും ധൂമകേതുക്കളില്‍ കണ്ടെത്തിയിട്ടുണ്ട്. ഭൂമിയില്‍ ജീവന്റെ ഉദ്ഭവത്തിനു തുടക്കം കുറിച്ച പല രാസവസ്തുക്കളും വാല്‍ നക്ഷത്രങ്ങള്‍ വഴി എത്തിയതാകാം. ജീവന്‍ തന്നെ ഇങ്ങനെ എത്തിയതാണെന്ന് വിശ്വസിക്കുന്ന ശാസ്ത്രജ്ഞരുമുണ്ട്.
വാല്‍നക്ഷത്രങ്ങളെ കണ്ടെത്തുന്ന രീതി
പത്തൊമ്പതാം നൂറ്റാണ്ടില്‍ ഫോട്ടോഗ്രഫി കണ്ടുപിടിക്കുന്നതുവരെ ആകാശത്ത് നഗ്നനേത്രങ്ങള്‍ കൊണ്ടോ ടെലിസ്‌കോപ്പുകള്‍ കൊണ്ടോ നിരീക്ഷിച്ച് ധൂമകേതുക്കളെ കണ്ടെത്തുന്ന രീതിയിലാണ് നിലവിലിരുന്നത്. ധൂമകേതു സൂര്യനില്‍ നിന്ന് വളരെ അകലെയായിരിക്കുമ്പോള്‍ അതിനെ കണ്ടെത്തുക ഏതാണ്ടസാധ്യം തന്നെയാണ്. അവ സൂര്യനോടടുത്തുവരുമ്പോള്‍ രണ്ടുകാര്യങ്ങള്‍ സംഭവിക്കും. ഒന്നാമതായി, അതിലെ വിവിധതരം ഐസ് ബാഷ്പീകരിച്ച് അതിന് വലിപ്പംവയ്ക്കും, നീണ്ട ഒരു വാലും പ്രത്യക്ഷപ്പെടും. സൂര്യനില്‍ നിന്ന് അകലെയാകുമ്പോള്‍ ധൂമകേതുവിന് ഏതാനും കിലോമീറ്റര്‍ വലിപ്പമേ കാണൂ. അതായത്, നമ്മുടെ നാട്ടിലെ ഒരു കുന്നിന്റെ വലിപ്പം. എന്നാല്‍ സൂര്യനോടടുത്തെത്തുമ്പോള്‍ അതു പുറത്തുവിടുന്ന വാതകങ്ങളും നീണ്ടവാലും എല്ലാം ചേര്‍ന്ന് അതിന്റെ നീളം ദശലക്ഷക്കണക്കിന് കിലോമീറ്റര്‍ വരും. രണ്ടാമതായി, സൂര്യന്റെ അടുത്തെത്തുമ്പോള്‍ സൂര്യന്‍ ധൂമകേതുവിനെ പ്രകാശമാനമാക്കും. ഈ രണ്ടുകാരണങ്ങളാല്‍ സൂര്യനടുത്തെത്തുമ്പോഴാണ് ധൂമകേതു ദൃശ്യമാകുന്നത്. അതേസമയം തന്നെ സൂര്യന് വളരെ അടുത്തെത്തുമ്പോള്‍ സൂര്യന്റെ പ്രഭ കാരണം ധൂമകേതുവിനെ കാണുക ബുദ്ധിമുട്ടാകുകയും ചെയ്യും. അത്തരം സന്ദര്‍ഭങ്ങളില്‍ ഒന്നുകില്‍ സൂര്യോദയത്തിനു തൊട്ടുമുമ്പ്, അല്ലെങ്കില്‍ സൂര്യാസ്തമയം കഴിഞ്ഞ ഉടനെയാണ് ധൂമകേതുക്കള്‍ വ്യക്തമായി കാണാന്‍ കഴിയുക. ധൂമകേതുക്കളെ നിരീക്ഷിക്കുക വഴി ഏറെ പ്രസിദ്ധനായ ആളാണ് 18-ാം നൂറ്റാണ്ടില്‍ ഫ്രാന്‍സില്‍ ജീവിച്ചിരുന്ന ചാള്‍സ് മെസ്സിയര്‍(Charles Messier). 21 ധൂമകേതുവിനെയാണ് ഇയാള്‍ കണ്ടെത്തിയത്. കുറച്ചുകാലം നിരീക്ഷണം നടത്തിയ മെസ്സിയര്‍ ഒരുകാര്യം മനസ്സിലാക്കി. ഒറ്റനോട്ടത്തില്‍ ധൂമകേതുവെന്ന് സംശയിക്കാവുന്ന ചെറുമേഘരൂപത്തിലുള്ള ധാരാളം വസ്തുക്കള്‍ ആകാശത്തുണ്ട്. ഇവയെയെല്ലാം പൊതുവേ നെബുല എന്നുവിളിക്കുന്നു. മെസ്സിയര്‍ ഇവയിലെ നൂറിലധികം എണ്ണത്തിനെ തിട്ടപ്പെടുത്തി ഒരു കാറ്റലോഗ് ഉണ്ടാക്കി. ഇതാണ് മെസ്സിയന്‍ കാറ്റലോഗ് എന്നറിയപ്പെടുന്നത്. ഉദാഹരണത്തില്‍ ഇന്നു നമ്മള്‍ ആന്‍ഡ്രോമിഡ ഗാലക്‌സി എന്നു വിളിക്കുന്ന വസ്തു ആ കാറ്റലോഗിലെ 31-ാം നമ്പറുകാരനായതിനാല്‍ എം31 എന്നറിയപ്പെടുന്നു. കുറേദിവസം തുടര്‍നിരീക്ഷണം നടത്തിയാല്‍ മെസ്സിയര്‍ വസ്തുക്കള്‍ അവിടെത്തന്നെ ഉണ്ടാകും (മറ്റു നക്ഷത്രങ്ങളെ അപേക്ഷിച്ച്). അതേസമയം ധൂമകേതുക്കള്‍ സ്ഥാനം മാറിക്കൊണ്ടിരിക്കും. ധൂമകേതുക്കളെ തിരിച്ചറിയുന്നത് ഈ പ്രത്യേകതകൊണ്ടാണ്.
ധൂമകേതുക്കളിലെ വലിയൊരു ഭാഗത്തെയും കണ്ടെത്തിയിട്ടുള്ളത് പ്രൊഫഷണല്‍ ജ്യോതിശ്ശാസ്ത്രജ്ഞരല്ല. മറിച്ച്, ഒരു കൗതുകത്തിനായി വാനനിരീക്ഷണം ഹോബിയാക്കിയവരാണ്. ഇവരില്‍ കുട്ടികളും മുതിര്‍ന്നവരുമുണ്ട്. സ്ത്രീകളും പുരുഷന്മാരുമുണ്ട്. ഉദാഹരണമായി കരോളിന്‍ ഷൂമാക്കറുടെ കാര്യമെടുക്കാം. ലോകത്തില്‍ ഏറ്റവും കൂടുതല്‍ വാല്‍നക്ഷത്രങ്ങളെ കണ്ടെത്തിയിട്ടുള്ള ഈ അമേരിക്കക്കാരി കോളേജില്‍ പഠിപ്പിച്ചത് ഇംഗ്ലീഷ് സാഹിത്യവും, ചരിത്രവുമൊക്കെയാണ്. പിന്നീട് വിവാഹത്തിനുശേഷം ഭര്‍ത്താവിന്റെ കൂടെ ഒരു വാനനിരീക്ഷകയായി. 1929ല്‍ ജനിച്ച ഇവര്‍ ഇതിനകം 32 വാല്‍നക്ഷത്രങ്ങളെയും 800ലധികം ഛിന്നഗ്രഹങ്ങളെയും (Asteroids) കണ്ടെത്തിയിട്ടുണ്ട്.
ഇത് ഒരു ലോകറിക്കാര്‍ഡാണ്. ഇവരെ ഏറ്റവും പ്രശസ്തയാക്കിയത് 1993ല്‍ ഭര്‍ത്താവിനും സുഹൃത്ത് ലെവിക്കുമൊപ്പം വ്യാഴത്തിനെ ചുറ്റുന്ന ഒരു വാല്‍നക്ഷത്രത്തെ കണ്ടെത്തിയ സംഭവമാണ്. 1994 ല്‍ ഈ വാല്‍നക്ഷത്രം വ്യാഴത്തിനു വളരെ സമീപമെത്തുകയും അതിന്റെ ഗുരുത്വാകര്‍ഷണബലത്താല്‍ പൊട്ടിത്തകര്‍ന്ന് പല കഷണങ്ങളാവുകയും ഈ കഷണങ്ങള്‍ 1994 ജൂലൈ 16നും 22നും ഇടയില്‍ വ്യാഴത്തില്‍ പതിക്കുകയും ചെയ്തു.
സ്വന്തമായി ടെലിസ്‌കോപ്പ് ഇല്ലാത്തവര്‍ക്കും വാല്‍നക്ഷത്രങ്ങളെ കണ്ടെത്താന്‍ വഴിയുണ്ട്. വിവിധ രാജ്യങ്ങളിലെ ടെലിസ്‌കോപ്പുകള്‍ വഴി എടുക്കുന്ന ആകാശചിത്രങ്ങളെല്ലാം തന്നെ ഇന്ന് ഇന്റര്‍നെറ്റ് വഴി ലഭ്യമാണ്. അത്തരത്തില്‍ പഠനം നടത്തിയ പ്രഫുല്‍ ശര്‍മ്മ എന്ന പ്ലസ്ടു വിദ്യാര്‍ഥി സോഹോ 2333 (SOHO-2333) എന്നറിയപ്പെടുന്ന വാല്‍നക്ഷത്രത്തെ 2012ല്‍ കണ്ടെത്തി. ഇന്ത്യയുടെ തലസ്ഥാനമായ ദില്ലിയില്‍ വിദ്യാര്‍ഥിയായ പ്രഫുല്‍ യൂറോപ്യന്‍ സ്‌പേസ് ഏജന്‍സിയുടെ ബഹിരാകാശ നിരീക്ഷണോപകരണമായ സോഹോ (Solar and Heliospheric Observatory) എടുത്ത ചിത്രങ്ങള്‍ ഉപയോഗിച്ചു നടത്തിയ പഠനത്തിലൂടെയാണ് ഈ കണ്ടുപിടിത്തത്തില്‍ എത്തിച്ചേര്‍ന്നത്. ദല്‍ഹി ആസ്ഥാനമായുള്ള സ്‌പേസ് (Science Popularisation Association of Communicators and Educators -SPACE) എന്ന സംഘടനയുമായി ചേര്‍ന്നുള്ള പ്രവര്‍ത്തനത്തിലൂടെയാണ് പ്രഫുല്‍ ഈ നേട്ടം കൈവരിച്ചത്.
ചരിത്രത്തിലെ ഏറ്റവും പ്രസിദ്ധനായ ധൂമകേതുവേട്ടക്കാരനായിരുന്നു ചാൾസ് മെസിയർ എന്ന ഫ്രഞ്ച് ജ്യോതിശാസ്ത്രജ്ഞൻ. 13 ധൂമകേതുക്കളെ അദ്ദേഹം സ്വന്തമായി കണ്ടെത്തിയിട്ടുണ്ട്. ഇതുകൂടാതെ അദ്ദേഹം നിരവധി ധൂമകേതുക്കളെ വിശദമായി നിരീക്ഷിച്ചിട്ടുമുണ്ട്. നിരീക്ഷണത്തിനിടയിൽ പലപ്പോഴും പല നക്ഷത്രക്കുലകളും (Star Clusters) നെബുലകളും (Nebulae) ധൂമകേതുക്കളെന്ന് ഒറ്റനോട്ടത്തിൽ തോന്നുമെന്നതിനാൽ അദ്ദേഹം അവയുടെ (103 എണ്ണത്തിന്റെ) ഒരു കാറ്റലോഗ് ഉണ്ടാക്കി. അത് മെസ്സിയർ കാറ്റലോഗ് എന്നപേരിൽ ഇപ്പോഴും പ്രസിദ്ധമാണ്. പിന്നീട് ഫോട്ടോഗ്രാഫിക് സാങ്കേതികവിദ്യ കണ്ടെത്തിയതോടെ ഇവയുടെ ചിത്രങ്ങൾ എടുക്കാൻ കഴിഞ്ഞു. കാറ്റലോഗിലെ 1-ാം നമ്പറുകാരി കാബ് നെബുല (M1 – Crab Nebula) എ.ഡി. 1054ൽ ദൃശ്യമായ ഒരു സൂപ്പർനോവയുടെ ബാക്കിയാണ്, 31-ാം നമ്പറുകാരി ആൻഡാമീഡ ഒരു ഗാലക്സിയാണ് (M31 – Andromeda Galaxy), 41-ാം നമ്പറുകാരി കാര്‍ത്തികകക്കൂട്ടമാണ് (M41 – Pleiades).
വാല്‍നക്ഷത്രങ്ങള്‍ക്കു പേരു നല്‍കുന്ന രീതി
വാല്‍നക്ഷത്രങ്ങളെ ആദ്യം കണ്ടെത്തുന്നവരുടെ പേര് അതിനു നല്‍കുന്ന രീതിയാണ് പൊതുവേ നിലനില്‍ക്കുന്നത്. ചില പ്രത്യേക സാഹചര്യങ്ങളില്‍ ഇതില്‍ നിന്ന് വ്യതിയാനവും വരുത്തിയിട്ടുണ്ട്. അടുത്തകാലത്തായി വാല്‍നക്ഷത്രവേട്ടയില്‍ കമ്പ്യൂട്ടര്‍ സങ്കേതങ്ങള്‍ക്ക് പ്രാധാന്യം ഏറിവരുന്നതിനാല്‍ പേരിടല്‍ രീതിയും മാറിവരികയാണ്.
വാല്‍നക്ഷത്രങ്ങളില്‍ ഏറ്റവും പ്രസിദ്ധമായത് ഹാലിയുടെ പേരില്‍ അറിയപ്പെടുന്നതാണ്. ഇതുകണ്ടെത്തിയത് ഹാലിയല്ല. എന്നാല്‍ ഇതിന്റെ ഭ്രമണപഥം വിശദമായി പഠിക്കുകയും ന്യൂട്ടന്റെ ചലനനിയമങ്ങളുടെ അടിസ്ഥാനത്തില്‍ അത് 1758ല്‍ തിരികെ എത്തുമെന്ന് പ്രവചിക്കുകയും വഴിയാണ് ഹാലി പ്രസിദ്ധനായതും ആ ധൂമകേതു ഹാലിയുടെ പേരില്‍ അറിയപ്പെട്ടതും.
ധൂമകേതുക്കളുടെ ജനന-മരണ രജിസ്റ്റര്‍ സൂക്ഷിക്കാനും പേരിടാനുമൊക്കെ ഔദ്യോഗികമായി അംഗീകാരമുള്ള സംഘമാണ് ഇന്റര്‍നാഷണല്‍ അസ്‌ട്രോണമിക്കല്‍ യൂണിയന്‍. അവര്‍ ധൂമകേതുക്കളുടെ കണക്കുപുസ്തകം ഏല്പിച്ചിരിക്കുന്നത് അമേരിക്കയിലെ ഹാര്‍വാര്‍ഡ് -സ്മിത്ത് സോണിയന്‍ സെന്റര്‍ ഫോര്‍ അസ്‌ട്രോഫിസിക്‌സിനെയാണ്. പുതിയ ധൂമകേതുക്കളെ കണ്ടെത്തുന്നവര്‍ അവരെ വിവരം അറിയിക്കണം. (നിങ്ങളുടെ സ്ഥലം, കണ്ടെത്തിയ സമയം, ആകാശത്തില്‍ ധൂമകേതുവിന്റെ സ്ഥാനം, പ്രകാശതീവ്രത, രൂപം, ചലനവേഗത ഇത്യാദികാര്യങ്ങള്‍ അവരെ ധരിപ്പിക്കണം. ടെലിഗ്രാം അയക്കുക എന്നതായിരുന്നു പഴയ രീതി. ഇപ്പോഴത് ഇലക്‌ട്രോണിക് മെയിലിനു വഴിമാറിയിട്ടുണ്ട്.)
ഇത്തരം അറിയിപ്പു നല്‍കുമ്പോള്‍ അഞ്ചില്‍ നാലു കേസുകളിലും നിരാശയുണ്ടാകാം. ഒരുപക്ഷേ നിങ്ങള്‍ കണ്ടെത്തിയെന്നു കരുതുന്നത് അറിയപ്പെടുന്ന ഒരു നെബുലയാകാം, ടെലിസ്‌കോപ്പിലെ ഏതെങ്കിലും പ്രശ്‌നം കൊണ്ടുണ്ടായ അടയാളമാകാം, അതിനേക്കാളുമൊക്കെ ഉപരിയായി അത് മറ്റുചിലര്‍ മുമ്പേതന്നെ കണ്ടെത്തുകയും റിപ്പോര്‍ട്ടുചെയ്തതുമാകാം. അതിനാല്‍ ധൂമകേതുവെന്നു തോന്നുന്ന ഒരു വസ്തു കണ്ടെത്തിയാല്‍ ആദ്യം ചെയ്യേണ്ടത് അത് ഒരു ധൂമകേതു തന്നെയോ എന്നു പരിശോധിക്കുകയാണ്. അതിന് സ്‌കൈമാപ്പുകളോ പഴയ ഫോട്ടോഗ്രാഫുകളോ ഉപയോഗിക്കാം. ലഭ്യമായ പല മാപ്പുകളിലും തെറ്റുകളുണ്ട്; ചിലതില്‍ ചില നെബുലകള്‍ വിട്ടുപോയിട്ടുണ്ടാകാം. കൂടുതല്‍ അഭികാമ്യമായിട്ടുള്ളത് ഫോട്ടോഗ്രാഫിക് അറ്റ്‌ലസുകളെ ആശ്രയിക്കുക എന്നതാണ്. അടുത്തതായി ചെയ്യാവുന്നത് അത് ചലിക്കുന്നുണ്ടോ എന്ന് പരിശോധിക്കലാണ്. ഏറെ നേരം നിരീക്ഷിച്ചിട്ടും ചലനമൊന്നും നിരീക്ഷിച്ചറിയാന്‍ കഴിയുന്നില്ലെങ്കില്‍ അത് മറ്റെന്തെങ്കിലും ആകാനാണ് സാധ്യത. അതു ചലിക്കുന്നുണ്ടെന്നും ധൂമകേതുതന്നെയെന്നും തോന്നിയാല്‍ അതിന്റെ സ്ഥാനം കഴിയുന്നത്ര കൃത്യമായി രേഖപ്പെടുത്തിവക്കുക. കോണളവുകളില്‍ ഒരു ആര്‍ക്മിനിട്ടിന്റെ കൃത്യത അഭികാമ്യമാണ്. ഒരു ഡിഗ്രിയുടെ അറുപതില്‍ ഒന്നാണ് ഒരു ആര്‍ക് മിനിട്ട്. നിരീക്ഷകന്റെ ടെലിസ്‌കോപ്പിനോട് ഘടിപ്പിക്കാവുന്ന ഒരു സി.സി.സി. ക്യാമറയുണ്ടെങ്കില്‍ അതുപയോഗിച്ച് ഫോട്ടോഗ്രാഫ് എടുത്തു പരിശോധിച്ചാല്‍ കോണളവുകള്‍ക്ക് ഒരു ഡിഗ്രിയുടെ 36000ല്‍ ഒരുഭാഗം വരെ കൃത്യതയുണ്ടാകും. ഇത്തരത്തില്‍ സ്ഥാനം നിര്‍ണയിക്കുന്നതിനോടൊപ്പം അതിന്റെ പ്രകാശതീവ്രത, കാഴ്ചയിലുള്ള രൂപം തുടങ്ങിയവയും രേഖപ്പെടുത്തിവയ്ക്കുക. അതിനുശേഷം ഈ കണ്ടുപിടിത്തത്തെ റിപ്പോര്‍ട്ടുചെയ്യുമ്പോള്‍ നിങ്ങളുടെ പേര്, മേല്‍വിലാസം, ടെലിഫോണ്‍ നമ്പര്‍, കണ്ടെത്തിയസ്ഥലം, സമയം, ഉപയോഗിച്ച ടെലിസ്‌കോപ്പ്, ഫോട്ടോയെടുത്ത രീതി ഇതെല്ലാം വ്യക്തമാക്കുക. ഈ വിവരങ്ങള്‍ അറിയിക്കേണ്ട വിലാസം.
Central Bureau of Astronomical Telegrams
Harward – Smithsonian Centre for Astrophysics
60 Garden Street
Cambridge, Massachusetts 02138
United States of America
പേരില്‍ ടെലിഗ്രാം എന്നൊക്കെയുണ്ടെങ്കിലും ആ പഴഞ്ചന്‍ ഏര്‍പ്പാട് ആരും ഉപയോഗിക്കാറില്ല. ഇപ്പോള്‍ നിലവിലുള്ള രീതി ഇലക്‌ട്രോണിക് മെയില്‍ (E-mail) അയക്കുക എന്നതാണ്. അതിനുള്ള മേല്‍വിലാസം ഇതാണ്. [email protected]
ധൂമകേതുക്കള്‍ക്ക് പേരിടാന്‍ ഔദ്യോഗികമായി അംഗീകാരമുള്ള സമിതിയാണ് ഇന്റര്‍ നാഷണല്‍ അസ്‌ട്രോണമിക്കല്‍ യൂണിയന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കമ്മിറ്റി ഓണ്‍ സ്‌മോള്‍ ബോഡീസ് നോമെന്‍ക്ലേച്ചര്‍ (Committee on Small Bodies Nomenclature, International Astronomical Union).
ധൂമകേതുക്കള്‍ക്ക് പേരു നല്‍കുന്നതു സംബന്ധിച്ച് അവരുടെ നയം ഇപ്രകാരമാണ്.
- സാധാരണഗതിയില്‍ ധൂമകേതുക്കളുടെ കണ്ടുപിടിത്തം ഔദ്യോഗികമായി അനൗണ്‍സുചെയ്യുന്ന സമയത്ത് ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അവയ്ക്ക് പേരു നല്‍കുന്നത്.
- ധൂമകേതുവിനെ കണ്ടെത്തുന്ന ആളുടെ പേര് അതിനുനല്‍കുക എന്ന രീതിയാണ് ഉപയോഗിക്കുന്നത്. ഒന്നിലധികം പേര്‍ ഏതാണ്ടൊരേസമയത്ത് ഇതിനെ കണ്ടെത്തുകയാണെങ്കില്‍ രണ്ടോമൂന്നോ പേരുകള്‍ നല്‍കും. ഉദാഹരണം: കോമെറ്റ് ഷൂമാക്കര്‍-ലെവി, ഹെയ്ല്‍-ബോപ്പ്.
- ചിലപ്പോള്‍ നല്ല തിളക്കമുള്ള ഒരു ധൂമകേതു പെട്ടെന്ന് ഒരു ദിവസം ധാരാളം പേര്‍ക്ക് കാണാവുന്ന രീതിയില്‍ ദൃശ്യമായെന്നുവരാം. അങ്ങനെയെങ്കില്‍ വ്യക്തികളുടെ പേരു നല്‍കുക അപ്രായോഗികമാണ്. അത്തരം സന്ദര്‍ഭങ്ങളില്‍ പൊതുവായ ഒരു പേരുനല്‍കും. ഉദാഹരണം: ഗ്രേറ്റ് ജനുവരി കോമെറ്റ്, എക്ലിപ്‌സ് കോമെറ്റ്.
- അടുത്തകാലത്തായി നിരവധി ഒബ്‌സര്‍വേറ്ററികളും വ്യക്തികളും അടങ്ങുന്ന ടീമുകള്‍ ധൂമകേതുക്കളെ കണ്ടെത്താറുണ്ട്. അങ്ങനെയെങ്കില്‍ ടീമുകളുടെ പേരാണ് നല്‍കുക. ഉദാഹരണം ഐസോണ്‍ (ISON -International Scientific Optical Network), SOHO (Solar and Heliospheric Observatory).
- ഇന്റര്‍നെറ്റിലൂടെയോ മറ്റോ പൊതുജനങ്ങള്‍ക്കായി പ്രസിദ്ധപ്പെടുത്തിയിട്ടുള്ള ചിത്രങ്ങളില്‍ നിന്നോ ഡേറ്റയില്‍ നിന്നോ ധൂമകേതുക്കളെ കണ്ടെത്തുകയാണെങ്കില്‍ അതുകണ്ടെത്തുന്ന ആളുടെ പേര് ധൂമകേതുവിനു നല്‍കുകയില്ല. അതേസമയം ഒരു ടീംമെമ്പര്‍ എന്ന അംഗീകാരം ലഭിക്കും.
ഉദാഹരണം: സോഹോ(SOHO) എടുക്കുന്ന ചിത്രങ്ങള്‍ പൊതുജനങ്ങള്‍ക്കു ലഭ്യമാണ്. അത് ഉപയോഗിച്ച് നിരവധിപേര്‍ (പ്രഫുല്‍ ശര്‍മ എന്ന ഇന്ത്യന്‍ വിദ്യാര്‍ഥി ഇവരില്‍ ഒരാള്‍) ധൂമകേതുക്കളെ കണ്ടെത്തിയിട്ടുണ്ട്.
ഈ പേരുകള്‍ക്കു പുറമേ ധൂമകേതുക്കള്‍ക്ക് വ്യക്തമായ ഒരു ഔദ്യോഗികപേര് (Designation) നല്‍കാറുണ്ട്. ജ്യോതിശ്ശാസ്ത്രജ്ഞര്‍ ഇതാണ് സാധാരണ ഉപയോഗിക്കുക. കോമെറ്റിന്റെ ഇനം, കണ്ടെത്തിയ വര്‍ഷം, മാസാര്‍ധം ഇതൊക്കെ ഇത് സൂചിപ്പിക്കും.
ആവര്‍ത്തിച്ചു വരുന്നവയ്ക്ക് ‘P’ (Periodic) എന്ന ഇംഗ്ലീഷ് അക്ഷരം നല്‍കും. ആദ്യമായി വരുന്നവയ്ക്ക് ‘C’ (Comet), നഷ്ടപ്പെട്ടുപോകുന്നവയോ സൂര്യനിലോ ഗ്രഹങ്ങളിലോ ഇടിച്ചുതകരുന്നവയോ ആണെങ്കില്‍ ‘ ‘D’ (Dead), ഭ്രമണപഥത്തെപ്പറ്റി കൃത്യമായ വിവരം ലഭ്യമല്ലാത്തവയ്ക്ക് ‘X’, ധൂമകേതുവെന്ന് ആദ്യം ധരിക്കുകയും പിന്നീട് ചെറുഉപഗ്രഹമാണെന്നു കണ്ടെത്തുകയും ചെയ്യുന്നവയ്ക്ക് ‘A’ എന്നതാണ് രീതി. അതിനുശേഷം അതുകണ്ടെത്തിയ വര്‍ഷം കൊടുക്കുന്നു. പിന്നീട് ആ വര്‍ഷത്തെ ഓരോ മാസത്തേയും രണ്ടാക്കിയിട്ട് അ, ആ, A, B, C, …………. Y (I വിട്ടുകളഞ്ഞിരിക്കുന്നു.) എന്നീ അക്ഷരങ്ങള്‍ കൊടുക്കുന്നു. ഉദാഹരണം: B എന്നാല്‍ ജനുവരിയിലെ രണ്ടാംപകുതി. ഇ ഫെബ്രുവരിയിലെ ആദ്യപകുതി. ഇനി ഈ കാലയളവില്‍ ഒന്നിലധികം ധൂമകേതുവിനെ കണ്ടെത്തിയാല്‍ 1,2,3 എന്ന അക്കങ്ങളും കൊടുക്കുന്നു. അതായത് ഐസോണ്‍ കോമെറ്റിന്റെ ഔദ്യോഗിക നാമമായ C/2012 S1 സൂചിപ്പിക്കുന്നത് ഇതാണ്. സി എന്നത് ആവര്‍ത്തിച്ചുവരാത്ത ഒരു ധൂമകേതുവിനെ സൂചിപ്പിക്കുന്നു. അത് ആവര്‍ത്തിച്ചുവരാത്ത ഒരു കോമെറ്റ് ആണ്. 2012 സെപ്തംബര്‍ രണ്ടാം പകുതിയില്‍ കണ്ടെത്തിയ ആദ്യത്തെ ധൂമകേതുവാണിത്.
ഇതിനൊക്കെ പുറമേ, ആവര്‍ത്തിച്ചുവരുന്ന ധൂമകേതുക്കളുടെ കാര്യത്തില്‍ ഒരു ക്രമനമ്പര്‍ കൊടുക്കുന്ന രീതിയുമുണ്ട്. ഇതില്‍ ഒന്നാംനമ്പര്‍ ഹാലിയുടെ ധൂമകേതു തന്നെ. (1P/Halley) രണ്ടാമത്തേത് എന്‍ഖെ (2P/Encke)..
സോഹോ (SOHO – The Solar and Heliospheric Observatory)
സൂര്യനെക്കുറിച്ചു പഠിക്കാന്‍ അമേരിക്കയിലെ നാസയും യൂറോപ്യന്‍ സ്‌പേസ് ഏജന്‍സിയും ചേര്‍ന്ന് ബഹിരാകാശത്ത് സ്ഥാപിച്ച നിരീക്ഷണകേന്ദ്രമാണ് സോഹോ. 1995 ഡിസംബറില്‍ വിക്ഷേപിക്കപ്പെട്ട സോഹോ നിലയം രണ്ടുവര്‍ഷമേ പ്രവര്‍ത്തനക്ഷമമായി നിലനില്‍ക്കുകയുള്ളൂവെന്നാണ് പ്രതീക്ഷിച്ചിരുന്നതെങ്കിലും അത് ഇപ്പോഴും (2013) നല്ല രീതിയില്‍ പ്രവര്‍ത്തിച്ചുകൊണ്ട് വിലപ്പെട്ട വിവരങ്ങള്‍ തന്നുകൊണ്ടിരിക്കുന്നു.
സൂര്യനിലെ ഊര്‍ജ ഉത്പാദനം, അതിന്റെ വിതരണം, സൗരകളങ്കങ്ങള്‍ (Sun spots), സൗരവാതം (Solar wind) എന്നിവയെക്കുറിച്ചെല്ലാം സോഹോ 24 മണിക്കൂറും വിവരങ്ങള്‍ തന്നുകൊണ്ടിരിക്കുന്നു. ഇതിനേക്കാള്‍ രസകരമായ കാര്യം, ഇതുവഴി ഇതിനകം 2500ലധികം ധൂമകേതുക്കളെ കണ്ടെത്തിക്കഴിഞ്ഞുവെന്നതാണ്. സാധാരണ ടെലിസ്‌കോപ്പുകള്‍ക്കു കാണാനാവാത്ത വിധത്തില്‍ സൂര്യനടുത്തുകൂടെ സഞ്ചരിക്കുന്ന ധൂമകേതുക്കളെയാണ് ഇതിന്റെ സഹായത്തോടെ കണ്ടെത്തിയത്. മറ്റൊരു നിരീക്ഷണ പദ്ധതിക്കും ഇത്രയധികം ധൂമകേതുക്കളെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.
ഇതില്‍ വളരെ രസകരമായ ഒരു വസ്തുത, ഈ കോമെറ്റുകളെ കണ്ടുപിടിച്ചവരില്‍ മിക്കവാറും പേര്‍ പ്രൊഫഷണല്‍ ശാസ്ത്രജ്ഞരല്ല, മറിച്ച് വിദ്യാര്‍ഥികളും ശാസ്ത്രതത്പരരായ സാധാരാണക്കാരുമാണെന്നതാണ്. ഇതില്‍ ഇന്ത്യക്കാരും പെടും. ലോകത്തില്‍ ആര്‍ക്കുവേണമെങ്കിലും സോഹോയെടുത്ത ചിത്രങ്ങളും ഡേറ്റയും വച്ച് ധൂമകേതുക്കള്‍ക്കുവേണ്ടി അന്വേഷണം നടത്താം. ഇന്റര്‍നെറ്റ് സൗകര്യമുള്ളവര്‍ക്കെല്ലാം ഇതിനുവേണ്ട വിവരങ്ങളും ഡേറ്റയും സൗജന്യമായി ലഭിക്കും.
ന്യു ഹൊറൈസൊണ്‍സ്
പ്ലൂട്ടോയെയും മറ്റു കൂയ്പ്പര്‍ വലയവസ്തുക്കളെയും കുറിച്ചു പഠിക്കാനായി നാസ വിക്ഷേപിച്ചിട്ടുള്ള ബഹിരാകാശ പേടകമാണ് ന്യൂ ഹൊറൈസൊണ്‍സ്. പുതിയ ചക്രവാളങ്ങള്‍ എന്നര്‍ഥമുള്ള പേരോടുകൂടിയ ഈ പേടകം 2006 ജനുവരി 19ന് വിക്ഷേപിക്കപ്പെട്ടു. അത് 2015 ജൂലൈ 14ന് പ്ലൂട്ടോയുടെ അടുത്തെത്തുമെന്നു കരുതുന്നു. 2006 ല്‍ ഇതു വിക്ഷേപിക്കപ്പെടുന്ന സമയത്ത് പ്ലൂട്ടോ സൗരയൂഥത്തിലെ ഒമ്പതാമത്തെ ഗ്രഹമെന്ന സ്ഥാനത്തായിരുന്നു. പിന്നീട് ഇന്റര്‍നാഷണല്‍ അസ്‌ട്രോണമിക്കല്‍ യൂണിയന്‍ പ്ലൂട്ടോയെ കുള്ളന്‍ ഗ്രഹമാക്കി (Dwarf Planet) തരംതാഴ്ത്തി. ഇത് നാസയിലെ ന്യൂ ഹൊറൈസൊണ്‍സ് ടീമിനു തീരെ പിടിച്ചിട്ടില്ല. എന്നാല്‍ ഈ യാത്ര തുടരുന്നതിനിടയില്‍ തന്നെ പ്ലൂട്ടോയ്ക്ക് പുതുതായി രണ്ടു ഉപഗ്രഹങ്ങളെ കണ്ടെത്തിയിട്ടുണ്ട്. ഇതോടെ പ്ലൂട്ടോയുടെ അറിയപ്പെടുന്ന ഉപഗ്രഹങ്ങളുടെ എണ്ണം അഞ്ചായി.
2015 ജൂലൈയില്‍ പ്ലൂട്ടോയില്‍ നിന്ന് ഏകദേശം 10,000 കിലോമീറ്റര്‍ മാത്രം അകലെക്കൂടെ കടന്നുപോകുമെന്നു കരുതുന്ന ന്യൂ ഹൊറൈസൊണ്‍സ് അതിനുശേഷവും മറ്റു കൂയ്പ്പര്‍ വലയവസ്തുക്കളെ പഠന വിധേയമാക്കും. ഇതിന്റെ വഴിയില്‍ പഠന വിധേയമാക്കാന്‍ പറ്റുന്ന വസ്തുക്കളേതൊക്കെയെന്നും ഇതുവരേക്കും തീര്‍ച്ചപ്പെടുത്തിയിട്ടില്ല.
ഈ ബഹിരാകാശപേടകത്തില്‍ ടെലിസ്‌കോപ്പ്, സ്‌പെക്‌ട്രോമീറ്റര്‍ തുടങ്ങി വിവിധതരം ഉപകരണങ്ങളുണ്ട്. ഇതില്‍ എടുത്തുപറയേണ്ട ഒന്ന് കൊളറാഡോ സര്‍വകലാശാലയിലെ വിദ്യാര്‍ഥികള്‍ നിര്‍മിച്ച വെനീഷ്യ ബര്‍ണി സ്റ്റുഡന്റ് ഡസ്റ്റ് കൗണ്ടര്‍ (Venetia Burney Student Dust Counter) ആണ്. കൂയ്പ്പര്‍ ബെല്‍റ്റില്‍ പൊടിരൂപത്തില്‍ പദാര്‍ഥങ്ങള്‍ ഉണ്ടെങ്കില്‍ അതുകണ്ടെത്താന്‍ ഇതു സഹായിക്കും. പണ്ട് 1930ല്‍ പ്ലൂട്ടോയെ കണ്ടെത്തിയപ്പോള്‍ അതിന് പ്ലൂട്ടോ എന്ന പേര് നിര്‍ദേശിച്ച വെനീഷ്യ ബര്‍ണി എന്ന 11കാരി പെണ്‍കുട്ടിയുടെ ഓര്‍മയ്ക്ക് ഈ ഉപകരണത്തിന് ആ പേരു നല്‍കിയിരിക്കുന്നു.
കൂയ്പ്പര്‍ വലയത്തെക്കുറിച്ച് ന്യൂ ഹൊറൈസൊണ്‍സ് നമുക്ക് വിലപ്പെട്ട വിവരങ്ങള്‍ നല്‍കുമെന്നു കരുതുന്നു. കൂയ്പ്പര്‍ വലയത്തിന്റെ ഭാഗമായ പ്ലൂട്ടോ അതിന്റെ ഉപഗ്രഹങ്ങളായ ചാരോണ്‍, നിക്‌സ്, ഹൈഡ്ര, കെര്‍ബെറോസ്, സ്റ്റൈക്‌സ് ( (Charon, Nix, Hydra, Kerberos, Styx)) എന്നിവയെക്കുറിച്ചും ഇതു പഠിക്കും.
അനുബന്ധലേഖനങ്ങള്‍