ഡീപ് ഇംപാക്ട്

മേരിക്കയുടെ ബഹിരാകാശ പേടകമായ ഡീപ് ഇംപാക്ട് ഒരു മിസ്സൈലിനെ തൊടുത്ത് വിട്ട് ടെമ്പല്‍ 1 എന്ന ധൂമകേതുവുമായി കൂട്ടി ഇടിച്ച് ഒരു വലിയ സംഭവമായിരുന്നു. ഏറെ തയ്യാറെടുപ്പുകളോടെ കോമറ്റുകളുടെ ന്യൂക്ലിയസിനെ കുറിച്ചുപഠിക്കാന്‍ – ഡീപ് ഇംപാക്ട് നടത്തിയ ഒരു മിഷനായിരുന്നു അത്. 370 കിലോഗ്രാം ഭാരമുള്ള ഒരു വസ്തു  മണിക്കൂറിൽ 37000 കിലോമീറ്റര്‍ വേഗതയില്‍ വാൽനക്ഷത്രത്തിന്റെ ന്യൂക്ലിയസില്‍ ഇടിച്ചു തകരുകയായിരുന്നു. അപ്പോള്‍ ഉണ്ടാകുന്ന വാതകപടലങ്ങളും ഗർത്തവും നിരീക്ഷിക്കാൻ ഡീപ് ഇംപാക്ട് പേടകത്തിൽ സംവിധാനങ്ങൾ സജ്ജമായിരുന്നു.

ഇതുകൂടാതെ. ഇത് കൂടാതെ  ഭൂമിയിലെമ്പാടും, ഒപ്പം ബഹിരാകാശത്തും വിവിധതരം ടെലസ്കോപ്പുകളും അങ്ങോട്ട്  തിരിച്ചുവച്ചിരുന്നു. കോമറ്റ് ടെമ്പലിന്റെ ന്യൂക്ലിയസ് സുഷിരങ്ങൾ നിറഞ്ഞതാണെന്ന് (porous) ഈ കൂട്ടിയിടി വഴി കാണ്ടെത്താൻ കഴിഞ്ഞു. അപ്രതീക്ഷിതമായി കണ്ടെത്തിയ മറ്റൊരു കാര്യം, ധൂമകേതുവിന്റെ ന്യൂക്ലിയസ്സിൽ പ്രതീക്ഷിച്ചതിനേക്കാൾ കൂടുതൽ പൊടിയും കുറച്ചു ഐസും ആണ് ഉള്ളതെന്നതാണ്. സ്ഫോടനത്തെത്തുടർന്ന് 5 ദശലക്ഷം കിലോഗ്രാം ജലവും  10-25 ദശലക്ഷം കിലോഗ്രാം പൊടിയും പുറത്തുവന്നുവെന്നാണ് കണക്കാക്കിയിരിക്കുന്നത്. നമുക്കു മനസ്സിലാക്കാൻ കഴിഞ്ഞ മറ്റൊരു കാര്യം, ന്യൂക്ലിയസ്സിൽ കളിമണ്ണ്, കാർബണേറ്റുകൾ, സോഡിയം, ക്രിസ്റ്റല്‍ രൂപത്തിലുള്ള സിലിക്കേറ്റുകൾ തുടങ്ങിയവ ഉണ്ടെന്നുള്ളതാണ്. കളിമണ്ണും കാർബണേറ്റുകളും ഉണ്ടാകണമെങ്കിൽ സാധാരണഗതിയിൽ ദ്രാവകരുപത്തിലുള്ള ജലം ഉണ്ടാകണം. സോഡിയമാണെങ്കിൽ ബഹിരാകാശത്ത് വളരെ ചെറിയ അളവിൽ മാത്രം കാണപ്പെടുന്ന മൂലകമാണ്. ധൂമകേതുവിന്റെ ന്യൂക്ലിയസ്സ് കട്ടിപദാർഥം കൊണ്ട് ഉണ്ടാക്കിയില്ല. മറിച്ച് അതിന്റെ 75 ശതമാനവുംപൊള്ളയായാണ് എന്നതായിരുന്ന മറ്റൊരു കണ്ടെത്തല്‍. ധൂമകേതുവിന്റെ ന്യൂക്ലിയസിലുള്ള ദ്രവ്യത്തെ മണൽത്തരികളേക്കാള്‍ ടാല്‍ക്കംപൗഡറിനോട് താരതമ്യം ചെയ്യുന്നതായിരിക്കും കൂടുതൽ ശരിയെന്ന് ശാസ്ത്രജ്ഞര്‍ക്ക് ബോധ്യമായിട്ടുണ്ട്.

ഡീപ് ഇംപാക്ട് തൊടുത്തുവിട്ട മിസൈല്‍ ഇടിച്ച് ടെമ്പല്‍ 1 ധൂമകേതുവില്‍ ഉണ്ടായ ഗര്‍ത്തം

ഇടിയുടെ ആഘാതത്തിൽ ഉണ്ടായ ഗർത്തം അപ്പോൾ ദൃശ്യമായില്ലെങ്കിലും പിന്നീട് സ്റ്റാർഡസ്റ്റ് (Star Dust) എന്ന ബഹിരാകാശപേടകം ഉപയോഗിച്ച് വ്യക്തമായി നിരീക്ഷിക്കാനും ചിത്രം എടുക്കാനും കഴിഞ്ഞു. 150 മീറ്റർ വ്യാസമുള്ള ഒരു ഗർത്തവും അതിന്റെ നടുവിലായി ഒരു കൂനയുമാണ് കണ്ടെത്തിയത്.

ഹാർട്ട്ലി 2 (103P/Hartley) എന്ന ധൂമകേതുവി November 4, 2010

ടെമ്പൽ 1-നെക്കുറിച്ചുള്ള പഠനത്തിനു ശേഷം കുറച്ചുകാലത്തിനുശേഷം – 2010 നവംബറിൽ ഡീപ് ഇംപാക്ട് ഹാർട്ട്ലി 2 (103P/Hartley) എന്ന ധൂമകേതുവിന് അടുത്തെത്തി അതിന്റെ വ്യക്തമായ ചിത്രമെടുത്തു. ധൂമകേതുവിന്റെ ന്യൂക്ലിയസ്സിൽ നിന്ന് ജറ്റിന്റെ രൂപത്തിൽ പ്രവഹിക്കുന്ന വാതകങ്ങളെ ഇതിൽ കാണാം. 2012 ഫെബ്രുവരി-ഏപിൽ കാലഘട്ടത്തിൽ ഗറാഡ് ധൂമകേതുവിനെയും ഇതു നിരീക്ഷിച്ചു. ഒടുവിൽ 2013 ഫെബ്രുവരിയിൽ കോമെറ്റ് ഐസാണിന്റെ — ചിത്രമെടുക്കാനും ഡീപ് ഇംപാക്ട്ടിന് കഴിഞ്ഞു. 2013 ആഗസ്റ്റ് രണ്ടാം ആഴ്ചയിൽ ഈ പേടകവുമായുള്ള വിവരവിനിമയം തകരാറിലായതോടെ ഏറെ ഫലവത്തായ ഒരു ദൗത്യത്തിന്റെ അന്ത്യമായി,

Leave a Reply