സ്റ്റാര്‍ഡസ്റ്റ് മിഷൻ

രു ധൂമകേതുവിന്റെ ദ്രവ്യം പിടിച്ചെടുത്ത് ഭൂമിയിലെത്തിക്കാൻ ഉദ്ദേശിച്ച് 1999ൽ അമേരിക്കയിലെ നാസ വിക്ഷേപിച്ച ബഹിരാകാശ പേടകമാണ് സ്റ്റാർഡസ്റ്റ്. 2004 ജനുവരി 2ന് വൈൽഡ് ധൂമകേതു (Comet Wild 2) വിനടുത്തെത്തിയ സ്റ്റാർഡ് (star dust) അതിൽ നിന്ന് പുറത്തുവന്ന പൊടിരൂപത്തിലുള്ള ദ്രവ്യത്തെ പിടിച്ചെടുക്കുകയും 2006 ജനുവരിയിൽ ആ ദ്രവ്യമടങ്ങിയ പേടകഭാഗത്തെ ഭൂമിയിലിറക്കുകയും ചെയ്തു. പിന്നീട് നെക്സ്റ്റ് (NEXT – New Exploration of Tempel 1) എന്ന് പുനർനാമകരണം ചെയ്യപ്പെട്ട ഈ മിഷൻ കോമെറ്റ് ടെമ്പലിന് അടുത്തെത്തുകയും ചെയ്തു.  കോമെറ്റ് വൈൽഡിൽ നിന്ന് ദ്രവ്യം പിടിച്ചെടുക്കാൻ ഇതിൽ ഉപയോഗിച്ചത് ഏറോജെൽ എന്ന സവിശേഷമായ വസ്തുവാണ്. സാധാരണ ജലത്തിന്റെ 500ൽ ഒരുഭാഗം മാത്രം സാന്ദ്രതയുള്ള ഈ വസ്തുവിൽ പതിക്കുന്ന തരികൾ ഇതിൽ പറ്റിപ്പിടിച്ചിരിക്കും. ഇങ്ങനെ ലഭിച്ച പദാർഥം പരിശോധിച്ചപ്പോൾ മനസ്സിലായത് സൗരയൂഥത്തിന്റെ ആരംഭകാലത്ത് ഇവിടെ നിലനിന്നിരുന്ന ദ്രവ്യമാണ് അതെന്നാണ്. ഉൽക്കാശിലകളിൽ സാധാരണയായി കാണപ്പെടുന്ന കാത്സ്യം അലൂമിനിയം മൂലകങ്ങളടങ്ങിയ ധാതുക്കൾ ഇതിലുണ്ട്. ഒരുകാലത്ത് സൂര്യനോടടുത്ത്, ഉയർന്ന ചൂടിൽ രൂപപ്പെട്ട ഈ വസ്തുക്കൾ പിന്നീട് സൂര്യനിൽ നിന്ന് വളരെ അകലെ ധൂമകേതുക്കളിലെ ഐസുനിറഞ്ഞ ന്യൂക്ലിയസ്സിന്റെ ഭാഗമായതാകണം എന്നു കരുതപ്പെടുന്നു.

 

Leave a Reply