സയന്‍സ് ദശകം കേള്‍ക്കാം

അന്ധവിശ്വാസങ്ങളുടെയും ജാതി-മതാന്ധതയുടെയും ഇരുട്ടില്‍ തപ്പിത്തടഞ്ഞിരുന്ന കേരളസമൂഹത്തിലേക്ക് ശാസ്ത്രത്തിന്റെ സൂര്യവെളിച്ചം പ്രസരിപ്പിച്ച് സഹോദരന്‍ അയ്യപ്പന്റെ ‘സയന്‍സ് ദശകം’ ഉദിച്ചുയര്‍ന്നിട്ട് ഒരു നൂറ്റാണ്ട് കഴിഞ്ഞു. സയന്‍സ് ദശകം കേള്‍ക്കാം

വിഖ്യാത പ്രാര്‍ഥനാഗീതമായ ‘ദൈവദശകം’ ശ്രീനാരായണഗുരു രചിച്ചതിനു പിന്നാലെയാണ് നേര്‍ശിഷ്യനായ സഹോദരന്‍ അയ്യപ്പന്‍ ‘സയന്‍സ് ദശകം’ എഴുതിയത്. 1916 ലാണ് ഇത്  പുസ്തകരൂപത്തില്‍ പ്രസിദ്ധീകരിക്കുന്നത്. ‘ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന്’ എന്ന ഗുരുവിന്റെ ഉപദേശത്തെ ‘ജാതി വേണ്ട,  മതം വേണ്ട, ദൈവം വേണ്ട മനുഷ്യന്’ എന്നു തിരുത്തിയ സഹോദരന്‍ അയ്യപ്പന്‍ സയന്‍സ് ദശകത്തിലും ഇതേ വഴി സ്വീകരിച്ചു. ഗുരുവിന്റെ ദൈവ സങ്കല്‍പ്പത്തില്‍നിന്ന് മാറി നിന്നു കൊണ്ട് ശാസ്ത്രത്തിനാണ് സഹോദരന്‍ പ്രണാമം അര്‍പ്പിച്ചത്.

“കോടി സൂര്യനുദിച്ചാലു-
മൊഴിയാത്തൊരു കൂരിരുള്‍
തുരന്നു സത്യം കാണിക്കും
സയന്‍സിന്നു തൊഴുന്നു ഞാന്‍

എന്ന് ആരംഭിക്കുന്ന സയന്‍സ് ദശകത്തില്‍  പുരോഹിതരെ ഇരുട്ടുകൊണ്ട് കച്ചവടം നടത്തുന്നവരായി ചിത്രീകരിക്കുന്നു. ആത്മാവും ദൈവവും കൊണ്ട് ജാലവിദ്യക്കളി നടത്തുന്ന അവര്‍  മനുഷ്യമനസിനെ ഗ്രന്ഥങ്ങള്‍ക്കും പൂര്‍വികര്‍ക്കും അടിമകളാക്കുന്നു. അടിമത്തം തകര്‍ക്കാന്‍ ശാസ്ത്രത്തിനേ കഴിയൂ. എത്രയറിഞ്ഞാലും അറിവ് പിന്നെയും ശേഷിക്കും. അറിവ് അനന്തമായതുകൊണ്ട് ശാസ്ത്രം എന്നും അന്വേഷണത്തിന് പ്രേരിപ്പിക്കുന്നു. ലോകം ദീപ്തമാക്കുന്നത് ശാസ്ത്രമാണ്. മനുഷ്യന് അഭിവൃദ്ധി നല്‍കുന്നതും ശാസ്ത്രമാണ്. ആ ശാസ്ത്രത്തിനെ തൊഴുതു കൊണ്ടാണ് സഹോദരന്‍ സയന്‍സ് ദശകം അവസാനിപ്പിക്കുന്നത്. ശിഷ്യന്റെ കൃതിയുടെ പ്രാധാന്യം തിരിച്ചറിഞ്ഞ ശ്രീനാരായണഗുരു ദൈവദശകം വായിച്ചതിനു ശേഷം അയ്യപ്പന്റെ സയന്‍സ് ദശകവും വായിക്കണമെന്ന് അരുളിച്ചെയ്തു. നവോത്ഥാന മൂല്യങ്ങള്‍ക്കൊപ്പം കേരളീയരില്‍ ശാസ്ത്രാഭിമുഖ്യം വളര്‍ത്താനും സയന്‍സ് ദശകം നിര്‍ണായക പങ്കുവഹിച്ചു.

വരികള്‍


കോടിസൂര്യനുദിച്ചാലു-
മൊഴിയാത്തോരു കൂരിരുള്‍
തുരന്നു സത്യം കാണിന്നും
സയന്‍സിന്നു തൊഴുന്നു ഞാന്‍.

വെളിച്ചം,മിന്നല്‍,ചൂടൊ,ച്ച-
യിവക്കുള്ളില്‍ മറഞ്ഞീടും
അത്ഭുതങ്ങള്‍ വെളിക്കാക്കും
സയന്‍സിന്നു തൊഴുന്നു ഞാന്‍.

ഇരുട്ടുകൊണ്ടു കച്ചോടം
നടത്തുന്ന പുരോഹിതന്‍
കെടുത്തീട്ടും കെടാതാളും
സയന്‍സിന്നു തൊഴുന്നു ഞാന്‍.

കീഴടക്കി പ്രകൃതിയെ
മനുഷ്യന്നുപകര്‍ത്രിയായ്‌
കൊടുപ്പാന്‍ വൈഭവം പോന്ന
സയന്‍സിന്നു തൊഴുന്നു ഞാന്‍.

കൃഷി,കൈത്തൊഴില്‍,കച്ചോട,
രാജ്യഭാരമതാദിയെ
പിഴക്കാതെ നയിക്കുന്ന
സയന്‍സിന്നു തൊഴുന്നു ഞാന്‍.

ബുക്കുകള്‍ക്കും പൂര്‍വികര്‍ക്കും
മര്‍ത്ത്യരെദ്ദാസരാക്കീടും
സമ്പ്രദായം തകര്‍ക്കുന്ന
സയന്‍സിന്നു തൊഴുന്നു ഞാന്‍.

അപൗരുഷേയവാദത്താല്‍
അജ്ഞവഞ്ചന ചെയ്‌തീടും
മതങ്ങളെത്തുരത്തുന്ന
സയന്‍സിന്നു തൊഴുന്നു ഞാന്‍.

സ്വബുദ്ധിവൈഭവത്തെത്താന്‍
ഉണര്‍ത്തി നരജാതിയെ
സ്വാതന്ത്രേ്യാല്‍കൃ്‌ടരാക്കുന്ന
സയന്‍സിന്നു തൊഴുന്നു ഞാന്‍.

എത്രയെന്നറിഞ്ഞാലു-
മനന്തമറിവാകയാല്‍
എന്നുമാരായുവാന്‍ ചോല്ലും
സയന്‍സിന്നു തൊഴുന്നു ഞാന്‍.

സയന്‍സാല്‍ ദീപ്‌തമീലോകം
സയന്‍സാലഭിവൃദ്ധികള്‍
സയന്‍സന്യേ തമസ്സെല്ലാം
സയന്‍സിന്നു തൊഴുന്നു ഞാന്‍.

(സഹോദരന്റെ പദ്യകൃതികള്‍ )

Leave a Reply