കെ.ആര്‍.രാമനാഥനും അന്തരീക്ഷശാസ്ത്രവും

[author title=”ഡോ. ബി. ഇക്ബാൽ” image=”https://luca.co.in/wp-content/uploads/2014/09/ekbal_b-e1521039251428.jpg”]ആസൂത്രണ ബോര്‍ഡ് അംഗം , എഴുത്തുകാരന്‍[/author]

ശാസ്ത്രമേഖലകളിൽ മികച്ച സംഭാവനകൾ നൽകിയ അതിപ്രഗത്ഭനായ നിരവധി കേരളീയ ശാസ്ത്രജ്ഞരുണ്ട്. പക്ഷെ ഇവരിൽ പലരും മലയാളികൾക്കിടയിൽ വേണ്ടത്ര അറിയപ്പെടുന്നില്ല. കേരളീയരായ ശാസ്ത്രപ്രതിഭകള പരിചയപ്പെടുത്തുന്ന ലേഖനപരമ്പര..

കെ.ആര്‍.രാമനാഥന്‍ | കടപ്പാട് : Raman’s IISc Colleagues, RRI

അന്തരീക്ഷവിജ്ഞാനം പിച്ചവെച്ചു തുടങ്ങിയ കാലത്തു തന്നെ തന്റെതായ സംഭാവനകൾ നൽകി ലോകശ്രദ്ധ പിടിച്ചു പറ്റിയ ഒരു മലയാളി ശാസ്ത്രജ്ഞനാണ് പ്രൊഫ. കെ.ആർ. രാമനാഥൻ എന്ന കൽപ്പാത്തി രാമകൃഷ്ണ രാമനാഥൻ

[dropcap]ഡോ.[/dropcap] ജി.എന്‍. രാമചന്ദ്രന്‍, ആര്‍.എസ്. കൃഷ്ണന്‍ എന്നിവരെപ്പോലെ നോബല്‍ ജേതാവായ സി.വി. രാമനോടൊപ്പം ഗവേഷണ പ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ട്, സാര്‍വദേശീയ പ്രശസ്തി കൈവരിച്ച കേരളീയ ശാസ്ത്രജ്ഞരിലൊരാളായിരുന്നു പ്രൊഫ. കെ.ആര്‍. രാമനാഥന്‍. ബഹിരാകാശ ഗവേഷണത്തിലും ഭൗതിക ശാസ്ത്രത്തിലും മൗലിക സംഭാവന നല്‍കിയ പ്രൊഫ. രാമനാഥനും മലയാളികള്‍ മറന്നുപോയ ശാസ്ത്രകാരന്മാരുടെ കൂട്ടത്തില്‍പെടുന്നു. തുമ്പയിലെ ബഹിരാകാശ ഗവേഷണ കേന്ദ്രം സ്ഥാപിച്ചതില്‍ പ്രൊഫ.രാമനാഥനും തന്റേതായ പങ്കു വഹിച്ചിരുന്നു.

പ്രൊഫ. രാമനാഥന്‍ 1893-ല്‍ പാലക്കാട്ടുള്ള കല്പാത്തി ഗ്രാമത്തിലാണ് ജനിച്ചത്. പ്രസിദ്ധ സംസ്‌കൃത പണ്ഡിതനായിരുന്ന കെ.പി. രാമകൃഷ്ണശാസ്ത്രികളായിരുന്നു പിതാവ്. പാലക്കാട് വിക്ടോറിയ കോളേജിലായിരുന്നു പ്രാഥമിക കോളേജ് വിദ്യാഭ്യാസം. തുടര്‍ന്ന് അദ്ദേഹം മദ്രാസ് പ്രസിഡന്‍സി കോളേജില്‍ നിന്നും ഫിസിക്‌സില്‍ ബി.എസ്.സി. ഓണേഴ്‌സ് ബിരുദം നേടി. 1914 മുതല്‍ ഏഴു വര്‍ഷത്തോളം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ ഡമോണ്‍സ്‌ട്രേറ്ററായും തുടര്‍ന്ന് മൂന്ന് വര്‍ഷം ഇപ്പോള്‍ കേരള സര്‍വകലാശാലയുടെ കീഴിലുള്ള ഒബ്‌സര്‍വേറ്ററിയില്‍ (നക്ഷത്ര ബംഗ്ലാവ്) ഡയറക്ടറായും സേവനം അനുഷ്ഠിച്ചു.

1921 മുതല്‍ ഒരുവര്‍ഷക്കാലം കല്‍ക്കത്തയിലെ ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് കള്‍ട്ടിവേഷന്‍ ഓഫ് സയന്‍സ് എന്ന സ്ഥാപനത്തില്‍ സി.വി. രാമനോടൊപ്പം നടത്തിയ ഗവേഷണങ്ങളാണ് പ്രൊഫ. രാമനാഥന്റെ ഗവേഷണ പാടവത്തെ ത്വരിതപ്പെടുത്തിയത്. സി.വി. രാമന്റെ ശിക്ഷണത്തില്‍ രാമനാഥന്‍ ലൈറ്റ് സ്‌കാറ്ററിങ്ങിനെക്കുറിച്ചുള്ള പഠനങ്ങളാരംഭിച്ചു. ഒരു വര്‍ഷത്തിനകം തന്നെ തീസിസ് സമര്‍പ്പിക്കുവാനും മദ്രാസ് സര്‍വകലാശാലയില്‍ നിന്നുള്ള ആദ്യത്തെ ഡി.എസ്.സി. ബിരുദം സമ്പാദിക്കുവാനും അദ്ദേഹത്തിനു കഴിഞ്ഞു.

1940 ല്‍ IISc ബാംഗ്ലൂരില്‍ നിന്നും എടുത്ത ഫോട്ടോ. വലത്തുനിന്നും മൂന്നാമത് കെ.ആര്‍ രാമനാഥൻ, ഇടത്തുനിന്നും മൂന്നാമത് സി.വിരാമന്‍ | ഫോട്ടോ കടപ്പാട്: രാമനാഥന്‍ എണ്‍പത് സ്മരണിക

1922-ല്‍ പ്രൊഫ. രാമനാഥന്‍ റംഗൂണ്‍ സര്‍വകലാശാലയില്‍ അദ്ധ്യാപകനായി ജോലിയില്‍ പ്രവേശിച്ചു. ഇടക്കിടെ അദ്ദേഹം കല്‍ക്കത്തയില്‍ വന്ന് സി.വി. രാമനുമായി ഗവേഷണ വിഷയങ്ങളില്‍ ആശയ വിനിമയം നടത്തിയിരുന്നു. കപ്പലില്‍ കല്‍ക്കത്തയിലേക്ക് വരുമ്പോള്‍ ബംഗാള്‍ ഉള്‍ക്കടലിലെ വെള്ളത്തിന്റെ നിറത്തെപ്പറ്റിയുള്ള ശാസ്ത്ര തത്വങ്ങളിലേക്ക് അദ്ദേഹത്തിന്റെ ചിന്ത വ്യാപരിച്ചിരുന്നു. കപ്പല്‍ യാത്രയില്‍ നിന്നുള്ള നിരീക്ഷണങ്ങളെ തുടര്‍ന്നു നടത്തിയ പഠനങ്ങളാണ് ജലം മൂലം പ്രകാശത്തിന്റെ മോളിക്യുലാര്‍ ഡിഫ്രാക്ഷന്‍ സംഭവിക്കുന്നതു സംബന്ധിച്ച സിദ്ധാന്തങ്ങള്‍ ആവിഷ്‌കരിക്കാന്‍ അദ്ദേഹത്തെ സഹായിച്ചത്. [box type=”info” align=”” class=”” width=””]പ്രകാശത്തിന്റെ പ്രകീര്‍ണതയെക്കുറിച്ച് രാമനാഥന്‍ നടത്തിയ പഠനങ്ങളാണ് സി.വി. രാമന് പ്രസിദ്ധമായ ‘രാമന്‍ ഇഫക്റ്റ്’ കണ്ടുപിടിക്കാന്‍ പ്രചോദനമായതെന്നു കരുതപ്പെടുന്നുണ്ട്.നോബല്‍ സമ്മാനം സ്വീകരിച്ചുകൊണ്ട് 1939-ല്‍ സി.വി. രാമന്‍ നടത്തിയ പ്രഭാഷണത്തില്‍ ഇക്കാര്യം സൂചിപ്പിച്ചിരുന്നു.[/box]1926 മുതല്‍ അദ്ദേഹം ഇന്ത്യാ ഗവണ്‍മെന്റിന്റെ മീറ്റിയോറോളജി വകുപ്പില്‍ ചേരുകയും ബോംബെ, കൊടൈക്കനാല്‍ തുടങ്ങിയ സ്ഥലങ്ങളിലെ ഒബ്‌സര്‍വേറ്ററികളില്‍ ഡയറക്ടറായി സേവനം അനുഷ്ഠിക്കുകയും ചെയ്തു. സ്വാഭാവികമായും അദ്ദേഹത്തിന് ഭൗതിക ശാസ്ത്രത്തിലുള്ള തന്റെ ഗവേഷണങ്ങള്‍ പഴയതുപോലെ തുടരാനുള്ള സാഹചര്യം ലഭിച്ചില്ല. എന്നാല്‍, മീറ്റിയോറോളജിയില്‍ നിരവധി പഠനങ്ങള്‍ ഇക്കാലത്തദ്ദേഹം നടത്തി. അറ്റ്‌മോസ്‌ഫെറിക്ക് ഫിസിക്‌സ്, ജിയോഫിസിക്‌സ്, ടെറസ്ട്രിയല്‍ മാഗ്‌നെറ്റിസം, സോളാര്‍ ടെറസ്ട്രിയല്‍ ബന്ധങ്ങള്‍ തുടങ്ങിയ മേഖലകളില്‍ അദ്ദേഹം നിരവധി സംഭാവനകള്‍ നല്‍കി.

പ്രൊഫ. രാമനാഥന്റെ മറ്റൊരു ഗവേഷണ വിഷയം ഉപരി അന്തരീക്ഷത്തെ സംബന്ധിച്ചിട്ടുള്ളവയായിരുന്നു. ആഗ്രയിലും പൂനയിലുമുള്ള വാന നിരീക്ഷണ ശാലകളില്‍ ജോലി നോക്കുന്ന സമയത്താണ് അദ്ദേഹം ഈ വിഷയത്തില്‍ തത്പരനായത്. അന്തരീക്ഷത്തില്‍ 35 കിലോമീറ്റര്‍ ഉയരത്തിലുള്ള താപനില, ഈര്‍പ്പം എന്നിവയെപ്പറ്റി അദ്ദേഹം പഠനം നടത്തി. ഇന്ത്യയുടെ ഉപരി അന്തരീക്ഷത്തെപ്പറ്റി അദ്ദേഹം വിശദമായ പരീക്ഷണങ്ങളിലൂടെ ഒട്ടനവധി ശ്രദ്ധേയങ്ങളായ നിഗമനങ്ങളിലെത്തിച്ചേര്‍ന്നു. അക്കാലത്ത്, നല്ല ചൂടുള്ള ഭൂമദ്ധ്യരേഖാ പ്രദേശത്തിനു മുകളിലാണ് അന്തരീക്ഷത്തിലെ നല്ല തണുപ്പുള്ള വായു ഉള്ളതെന്ന നിഗമനത്തില്‍ അദ്ദേഹം എത്തിചേര്‍ന്നു. ഉപരി അന്തരീക്ഷത്തെപ്പറ്റി വേണ്ടത്ര അറിവില്ലാതിരുന്ന കാലത്താണ് അദ്ദേഹം ഇത്തരം കണ്ടെത്തലുകള്‍ നടത്തിയത്. ഉപരിതലത്തിലെ കാറ്റിന്റെ ഗതിവിഗതികളെപ്പറ്റി രാമനാഥന്‍ തയ്യാറാക്കിയ ചാര്‍ട്ടുകള്‍ കാലാവസ്ഥാ പ്രവചനത്തിന് സഹായകരമായി തീര്‍ന്നു.

1948-ല്‍ ഇന്ത്യന്‍ മീറ്റിയോറോളജിക്കല്‍ സര്‍വ്വീസില്‍ നിന്നും റിട്ടയര്‍ ചെയ്ത രാമനാഥന്‍ ഡോ. വിക്രം സാരാഭായിയുടെ നിര്‍ബന്ധത്തിനു വഴങ്ങി അഹമ്മദാബാദിലെ ഫിസിക്കല്‍ റിസര്‍ച്ച് ലാബറട്ടറിയുടെ ഡയറക്ടറായി ചുമതലയേറ്റു. ശാസ്ത്ര ഗവേഷണത്തിന്റെയും വിജ്ഞാനത്തിന്റെയും ഉന്നത കേന്ദ്രമായി പ്രസ്തുത സ്ഥാപനം വളര്‍ന്നത് രാമനാഥന്റെ ശ്രമഫലമായിരുന്നു. ഇക്കാലത്താണ് രാമനാഥന്‍ ഭൗതിക ശാസ്ത്രത്തിലുള്ള തന്റെ പഠനങ്ങള്‍ പുനരാരംഭിച്ചത്. അതോടൊപ്പം ഉപരി വായുമണ്ഡലത്തെ സംബന്ധിച്ച ഗവേഷണം തുടരുകയും ചെയ്തു. അന്തരീക്ഷ ഓസോണിനെക്കുറിച്ചദ്ദേഹം നടത്തിയ പഠനങ്ങളെ തുടര്‍ന്നാണ് ഡോബ്‌സണ്‍ ഓസോണ്‍ സ്‌പെക്‌ട്രോഗ്രാഫ് അഹമ്മദാബാദില്‍ സ്ഥാപിച്ചത്.

ഡോബ്‌സണ്‍ ഓസോണ്‍ സ്‌പെക്‌ട്രോഗ്രാഫ് – അന്തരീക്ഷ ഓസോണ്‍ അളക്കുന്നതിനുള്ള ഉപകരണം | കടപ്പാട് : വിക്കിമീഡിയ കോമണ്‍സ്

വലിയൊരു ശിഷ്യസമ്പത്തിന്റെ ഉടമയായ രാമനാഥന്‍ മുന്നൂറിലേറെ ഗവേഷണ പ്രബന്ധങ്ങള്‍ വിശ്രുത ശാസ്ത്ര ജേര്‍ണലുകളിലായി പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇന്റര്‍നാഷണല്‍ അസോസിയേഷന്‍ ഓഫ് മീറ്റിയോറോളജിയുടെ പ്രസിഡന്റ്, അന്താരാഷ്ട്ര ഓസോണ്‍ കമ്മീഷന്റെ ചെയര്‍മാന്‍, ഭൂഗണിതത്തിന്റെയും, ഭൂഭൗതികത്തിന്റെയും അന്താരാഷ്ട്ര യൂണിയന്റെ ചെയര്‍മാന്‍ തുടങ്ങിയ പദവികള്‍ അദ്ദേഹം വഹിച്ചിട്ടുണ്ട്. 1956-ല്‍ അദ്ദേഹത്തിന് ഐക്യരാഷ്ട്ര സംഘടനയുടെ അന്തരീക്ഷ പഠനത്തിനുള്ള വിദഗ്ധ മെഡല്‍ ലഭിക്കുകയുണ്ടായി. 1965-ല്‍ പത്മഭൂഷണ്‍ ബഹുമതി നല്‍കി രാജ്യം അദ്ദേഹത്തെ ആദരിച്ചു. ‘രാമനാഥന്‍ എണ്‍പത്’ എന്ന പേരില്‍ അദ്ദേഹത്തിന്റെ സംഭാവനകളിലേക്കും ജീവിതത്തിലേക്കും വെളിച്ചം വീശുന്ന ഒരു ഗ്രന്ഥം അഹമ്മദാബാദിലെ ഫിസിക്കല്‍ റിസര്‍ച്ച് ലാബറട്ടറിയുടെ ആഭിമുഖ്യത്തില്‍ അദ്ദേഹത്തിന് ജന്മദിനാശംസകള്‍ നേര്‍ന്നുകൊണ്ട് പ്രസിദ്ധീകരിച്ചിട്ടുണ്ട്.

പ്രൊഫ. രാമനാഥന്റെ എണ്‍പതാം പിറന്നാള്‍ ദിനമായ 1973 ഫെബ്രുവരി 13ന് ജന്മനാടായ കല്പാത്തിയിലെ എല്ലാ വിഭാഗം ജനങ്ങളും ഒത്തു ചേര്‍ന്ന് വമ്പിച്ച സ്വീകരണം നല്‍കി അദ്ദേഹത്തെ ബഹുമാനിച്ചു. 1984 ഡിസംബര്‍ 31 ന് അന്തരിച്ചു.


കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പ്രസിദ്ധീകരിച്ച ഡോ.ബി.ഇക്ബാൽ എഴുതിയ കേരളീയ ശാസ്ത്രപ്രതിഭകൾ എന്ന പുസ്തകത്തില്‍ നിന്നും.

അധികവായനയ്ക്ക്

  1. കെ.ആര്‍.രാമനാഥന്റെ തെരഞ്ഞെടുത്ത പ്രബന്ധങ്ങള്‍ 2 വോള്യം – ഇന്ത്യൻ അക്കാദമി ഓഫ് സയന്‍സ് പ്രസിദ്ധീകരിച്ചത്- Archive.in
  2. Publications of KR Ramanathan

 

 

Leave a Reply