Read Time:29 Minute

പോയവർഷത്തെ ശാസ്ത്ര നേട്ടങ്ങൾ

ശാസ്ത്രരംഗത്ത് മികച്ച നേട്ടങ്ങളുടെ വർഷമായിരുന്നു 2022. പ്രപഞ്ച രഹസ്യങ്ങളിലേക്ക് കൺതുറന്ന ജെയിംസ് വെബ് ബഹിരാകാശ ദൂരദർശിനിയും ശുദ്ധമായ ഊർജവിപ്ലവത്തിലേക്ക് നയിക്കാവുന്ന ന്യൂക്ലിയാർഫ്യൂഷൻ പരീക്ഷണങ്ങളും മരണത്തെ വരെ നീട്ടിവെക്കാൻ സാധിച്ചേക്കാവുന്ന ആരോഗ്യശാസ്ത്ര ഗവേഷണങ്ങളും ജനിതക സാങ്കേതിക വിദ്യയും ലോകത്തെ മാറ്റിമറിക്കാനുള്ള കരുത്തുമായി ആർടിഫിഷ്യൽ ഇന്റലിജൻസും തുടങ്ങി ഒട്ടേറെയുണ്ട് കഴിഞ്ഞ വർഷത്തെ ശാസ്ത്ര നീക്കിയിരിപ്പുകൾ. ഇവയിൽ പ്രധാനപ്പെട്ട ചിലതു മാത്രമാണ് നമ്മളിന്ന് അവലോകനം ചെയ്യുന്നത്.

1. ജെയിംസ് വെബ്ബ് – പ്രപഞ്ച രഹസ്യങ്ങളിലേക്ക് തുറന്ന കണ്ണ്

കഴിഞ്ഞ വർഷത്തിന്റെ അവസാന നാളുകളിൽ – അതായത് 2021 ഡിസംബർ.25 ന് -വിക്ഷേപിക്കപ്പെട്ട നാസയുടെ ജെയിംസ് വെബ്ബ് ബഹിരാകാശ ദൂരദർശിനി (JWST) 2022 ജനുവരിയിൽ ഭൂമിയിൽ നിന്ന് പതിനഞ്ച് ലക്ഷം കിലോ മീറ്റർ അകലെയുള്ള ലെഗ്രാൻഷ് 2 പോയിന്റിലെത്തി. 2022 ജൂലൈ മാസത്തിൽ അതിന്റെ ആദ്യ ചിത്രങ്ങൾ പുറത്തു വിട്ടപ്പോൾ പ്രപഞ്ചത്തിന്റെ അഭൂതപൂർവമായ, വിശദമായ കാഴ്ചയാണ് ലഭിച്ചത്. 2500 പ്രകാശ വർഷങ്ങൾക്കകലെ മരിച്ചുകൊണ്ടിരിക്കുന്ന ദക്ഷിണ വലയ നെബുലയിലെ വാതക മേഘങ്ങളുടെയും 8500 പ്രകാശ വർഷങ്ങൾക്കകലെയുള്ള കരീന നെബുലയുടെ ചിത്രവും 290 ദശലക്ഷം പ്രകാശ വർഷം അകലെ “സ്റ്റെഫാൻ ക്വിൻറ്റെറ്റ്” എന്ന നക്ഷത്ര രൂപീകരണ വേദിയും നെപ്റ്റ്യൂണിന്റെ വളയങ്ങളുടെ ശ്രദ്ധേയമായ ചിത്രവും ഇതിൽ ഉൾപ്പെടുന്നു. ഈ ദൂരദർശിനി ഏറ്റവും പഴയ ഗാലക്സികൾ മുതൽ വിദൂര ഗ്രഹങ്ങളുടെ അന്തരീക്ഷം വരെ മുമ്പത്തെ ദൂരദർശിനികളെക്കാൾ വ്യക്തമായി പര്യവേക്ഷണം ചെയ്തു കൊണ്ടിരിക്കുന്നു. പ്രപഞ്ച രൂപീകരണത്തെക്കുറിച്ച് പുതിയ അറിവുകൾ ഇനിയും വരാനിരിക്കുന്നേയുള്ളൂ. (https://webb.nasa.gov)

നാള്‍വഴികള്‍

ജെയിംസ് വെബ്ബ് ബഹിരാകാശ ടെലസ്കോപ്പ്

2. DART ദൗത്യം – ഭൂമിയിലേക്ക് വരുന്ന ഉൽക്കകളെ വഴിമാറ്റാം.

ഉൽക്കകളോ ഭീമാകാരൻമാരായ വാൽനക്ഷത്രങ്ങളോ ഭൂമിയിൽ വന്നിടിക്കുന്ന തരം ചലച്ചിത്രങ്ങളൊക്കെ കാണാറില്ലേ. അതിന് സാധ്യതകൾ വളരെ കുറവാണെങ്കിലും, ഇത്തരം അപകടങ്ങൾ മുൻകൂട്ടിക്കാണാനും അതൊഴിവാക്കാനും നമുക്ക് സാധിക്കുമെന്ന ശുഭാപ്തി വിശ്വാസമാണ് 2022 വർഷം നൽകുന്നത്. നാസ നടത്തിയ ഡബിൾ ആസ്റ്ററോയ്ഡ് റീഡയറക്ഷൻ ടെസ്റ്റ് (DART) ദൗത്യം വിജയകരമായി. 2022 സെപ്തംബറിൽ 500 കിലോ ഗ്രാം ഭാരമുള്ള DART ബഹിരാകാശ പേടകം മണിക്കൂറിൽ 14,000 മൈൽ വേഗതയിൽ 160 മീറ്റർ വ്യാസമുള്ള ഡിമോർഫോസ് എന്ന ഛിന്നഗ്രഹത്തിൽ പതിച്ചുകൊണ്ട് അതിന്റെ പാതയിൽ മാറ്റം വരുത്താൻ കഴിയുമെന്ന് തെളിയിച്ചു.

DART ദൗത്യം

ഛിന്നഗ്രഹത്തെ വഴിതിരിച്ചു വിട്ടതെങ്ങനെ ?

3. ചൊവ്വാ ദൌത്യം പുരോഗമിക്കുന്നു.

രണ്ടുവർഷത്തോളമായി ചൊവ്വയിൽ പര്യവേഷണം നടത്തിക്കൊണ്ടിരിക്കുന്ന നാസയുടെ പെർസിവെറൻസ് 2022 വർഷം ജെസീറോ ഗർത്തത്തിലെ പാറകളിൽ നിന്നും കുറേ സാമ്പിളുകൾ ശേഖരിച്ചു. ഈ സാമ്പിളുകൾ വിശദ പരിശോധനക്കായി ഭൂമിയിൽ എത്തിക്കുന്നതിനുള്ള പദ്ധതിയും തയ്യാറായി വരുന്നുണ്ട്.

ചൊവ്വാ ദൗത്യം

2022 ലെ ചൊവ്വാവിശേഷങ്ങൾ

4. മരിച്ചാലും ചാവാത്ത കോശങ്ങളിലേക്ക്

സാധാരണയായി ഹൃദയ മിടിപ്പും ശ്വാസകോശ സങ്കോച വികാസവും നിലച്ചു കഴിഞ്ഞ് കോശങ്ങളിലേക്ക് രക്തവും ഓക്സിജനും എത്താതാകുമ്പോൾ കോശങ്ങൾ നശിച്ചു പോകുമല്ലോ. മരണം സ്ഥിരീകരിച്ചു കഴിഞ്ഞും മണിക്കൂറുകളോളം അവയവങ്ങൾ കേടുകൂടാതെ നിർത്താനുള്ള ഒരു സാങ്കേതിക വിദ്യ ശാസ്ത്രജ്ഞർ കണ്ടു പിടിച്ചു. ചത്തു പോയ ഒരു പന്നിയുടെ മസ്തിഷ്കം, ഹൃദയം, കരൾ, വൃക്കകൾ എന്നിവയുൾപ്പെടെ ഒന്നിലധികം അവയവങ്ങൾ മണിക്കൂറുകളോളം കേടുവരാതെ സംരക്ഷിച്ചു നിർത്തുന്നതിന് യേൽ യൂനിവേഴ്സിറ്റിയിലെ ശാസ്ത്രജ്ഞർക്ക് സാധിച്ചു. ന്യൂറോ സയന്റിസ്റ്റ് നെനാദ് സെസ്റ്റാനും സംഘവും വികസിപ്പിച്ചെടുത്ത OrganEx എന്ന ലായനി ചത്ത പന്നിയുടെ ശരീരത്തിൽ കടത്തി വിട്ടപ്പോൾ പന്നിയുടെ അവയവങ്ങളിൽ പുനരുജ്ജീവനത്തിന്റെ ലക്ഷണങ്ങൾ കണ്ടതായി റിപ്പോർട്ട് ചെയ്തിരിക്കുന്നു. മനുഷ്യർ മരിച്ച ഉടനെത്തന്നെ അവയവങ്ങൾ മാറ്റിയാൽ മാത്രമേ ആവശ്യക്കാരിൽ അവയവ മാറ്റ ശസ്ത്രക്രിയകൾ നടത്താൻ ഇന്ന് സാധിക്കുന്നുള്ളൂ. ആയിരക്കണക്കിന് അവയവങ്ങളാണ് ഉടനടി മാറ്റിവെക്കാൻ സാധിക്കാത്തതിനാൽ വർഷം തോറും ഉപേക്ഷിക്കപ്പെടുന്നത്. പുതിയ കണ്ടുപിടുത്തത്തിന്റെ സഹായത്തോടെ കൂടുതൽ കാലം അവയങ്ങൾ സൂക്ഷിക്കാനും ആവശ്യക്കാർക്ക് കൈമാറാനും സാധിക്കുമെന്നാണ് പ്രത്യാശിക്കുന്നത്. അതുപോലെ, കഠിനമായ ഹൃദയാഘാതത്തിന് ശേഷം ഹൃദയത്തിനും ഗുരുതരമായ സ്ട്രോക്കിന് ശേഷം തലച്ചോറിലെ കോശങ്ങൾക്കും ഗുരുതരമായ കേടുപാടുകൾ സംഭവിക്കുന്നത് തടയാനും ഈ സാങ്കേതികവിദ്യ ഉപയോഗിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

5. ഡെനിസോവൻ പല്ല്

നമ്മൾ, ആധുനിക മനുഷ്യർ ഹോമോസാപ്പിയനാണ് എങ്കിലും നിയാണ്ടർത്തലുകളുടെയും ഡെനിസോവന്റെയും ജനിതക സാന്നിധ്യം നമ്മളിലുണ്ടെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ടല്ലോ. നിയാണ്ടർതാൾ അവശിഷ്ടങ്ങൾ നിരവധി സ്ഥലങ്ങളിൽ നിന്നും ലഭിച്ചിട്ടുണ്ടെങ്കിലും ഡെനിസോവൻ ഫോസിലുകൾ വളരെക്കുറച്ചു മാത്രമേ നമുക്കു കിട്ടിയിട്ടുള്ളൂ. സൈബീരിയയിലും ടിബറ്റിലും ഉള്ള രണ്ട് സൈറ്റുകളിൽ നിന്നുള്ളവയായിരുന്നു അത്. എന്നാൽ 2022 മെയ് മാസത്തിൽ, മറ്റ് ഡെനിസോവൻ കണ്ടെത്തലുകളിൽ നിന്ന് ആയിരക്കണക്കിന് മൈലുകൾ അകലെയുള്ള ലാവോസിലെ ഒരു ഗുഹയിൽ നിന്ന് ഡെനിസോവൻ പല്ല് കണ്ടെത്തിയതായി ശാസ്ത്രജ്ഞർ പ്രഖ്യാപിച്ചു. നിയാണ്ടർത്തലുകളുടെയും ഡെനിസോവന്റെയും ജനിതക ഘടനകൾ തെളിയിച്ച സ്വാന്റേ പാബോയ്ക്കാണ് ഈ വർഷത്തെ ശരീരശാസ്ത്ര നോബൽ ലഭിച്ചത് എന്നതും ശ്രദ്ധേയമായി.

മനുഷ്യ പരിണാമം

മനുഷ്യപരിണാമം സംബന്ധിച്ച പുതിയ പഠനങ്ങൾ

6. ദിനോസറുകളുടെ പൂർവികർ

നാഷണൽ ജിയോഗ്രാഫിക് സൊസൈറ്റിയുടെ ധനസഹായത്തോടെ ഒരു ഗവേഷണ സംഘം ആഫ്രിക്കയിൽ നിന്നും ഏറ്റവും പഴക്കമുള്ള ദിനോസർ ഫോസിൽ കണ്ടെത്തി. Mbiresaurus raathi എന്നറിയപ്പെടുന്ന ഈ പുരാതന ജീവി, ഏകദേശം 230 ദശലക്ഷം വർഷങ്ങൾക്ക് മുമ്പ് ജീവിച്ചിരുന്നതാണ്. പിന്നീടുണ്ടായ ഭീമാകാര ഡിനോസറുകളുടെ മുൻഗാമിയാണ് ഈ ഉരഗങ്ങളെന്ന് ശാസ്ത്രജ്ഞർ കരുതുന്നു.

7. ജീവന്റെ അടിസ്ഥാന ശിലകളെക്കുറിച്ച് കൂടുതലറിവ്

ആർടിഫിഷ്യൽ ഇന്റലിജൻസ് പ്രോഗ്രാമുകൾ കഥയും കവിതയുമൊക്കെ എഴുതുന്ന കാലമാണിത്. എന്നാൽ ശരീരത്തിന്റെ അടിസ്ഥാന ഘടകമായ പ്രോട്ടീനുകളുടെ രൂപീകരണം സംബന്ധിച്ച ഏറ്റവും പ്രധാനപ്പെട്ട കണ്ടെത്തലുകളാണ് നടന്നു വരുന്നത്. ഗൂഗിളിന്റെ ഡീപ്മൈന്റും ഫേസ്ബുക്കിന്റെ മാതൃ കമ്പനിയായ മെറ്റയും ആർടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ച് നടത്തിയ ഗവേഷണത്തിലൂടെ പ്രോട്ടീൻ ഘടനകളുടെ ഡാറ്റാബേസുകൾ കഴിഞ്ഞ വർഷങ്ങളിൽ പുറത്തിറക്കിയിരുന്നു. എന്നാൽ ഈ വർഷം സസ്യങ്ങൾ, മൃഗങ്ങൾ, ഫംഗസ്, ബാക്ടീരിയകൾ എന്നിവയുൾപ്പെടെ ഒരു ദശലക്ഷം വ്യത്യസ്ത ഇനങ്ങളിൽ കാണപ്പെടുന്ന ഏകദേശം 220 ദശലക്ഷം പ്രോട്ടീനുകളുടെ ഘടന ഡീപ്മൈൻഡ് പ്രവചിച്ചു. 1950 കളിൽ എക്സ്റേ ക്രിസ്റ്റലോഗ്രാഫി പ്രോട്ടീൻ പഠനത്തിൽ ഉണ്ടാക്കിയ കുതിച്ചു ചാട്ടത്തിനു ശേഷം ഇത്രയേറെ മാറ്റങ്ങൾ വരുന്നത് ഇതാദ്യമായാണ് എന്നു പറയാം. കോശ പ്രവർത്തനങ്ങൾ കൃത്യമായി മനസ്സിലാക്കാനും രോഗ നിർണ്ണയത്തിനും പുതിയ മരുന്നുകളുടെ വികസനത്തിനും ഇത് ഏറേ സഹായകരമാകും എന്നാണ് പ്രതീക്ഷ.

8. ശുദ്ധമായ ഊർജ വിപ്ലവത്തിലേക്ക് ?

അണു വിഭജനത്തിലൂടെയാണല്ലോ നിലവിൽ ആണവനിലയങ്ങളിൽ ഊർജോൽപ്പാദനം നടക്കുന്നത്. ഇതിന്റെ ഭാഗമായി ഉണ്ടാകുന്ന റേഡിയേഷൻ വലിയ ഭീഷണിയാണ്. റേഡിയോ ആക്ടീവ് മാലിന്യങ്ങൾ സൃഷ്ടിക്കപ്പെടാത്ത ക്ലീൻ എനർജി അടുത്തു തന്നെ സാധ്യമാകുമെന്നാണ് കാലിഫോർണിയയിലെ ലോറൻസ് ലിവർമോർ നാഷണൽ ലബോറട്ടറിയിലെ ശാസ്ത്രജ്ഞർ ഈ ഡിസംബറിൽ പ്രഖ്യാപിച്ചത്. സൂര്യന്റെയും നക്ഷത്രങ്ങളുടെയും ഊർജത്തിനടിസ്ഥാനമായ അണുസംയോജനം എന്ന പ്രക്രിയയാണിത്. രണ്ട് അണുകേന്ദ്രങ്ങൾ കൂടിച്ചേർന്ന് ഒരു ഭാരമേറിയ ന്യൂക്ലിയസ് രൂപപ്പെടുന്നതാണ് ന്യൂക്ലിയർ ഫ്യൂഷൻ. ഇത് സംഭവിക്കുമ്പോൾ, പുതുതായി രൂപം കൊള്ളുന്ന ന്യൂക്ലിയസിന്റെ പിണ്ഡം സംയോജിക്കപ്പെടുന്ന അണുകേന്ദ്രങ്ങളുടെ ആകെത്തുകയേക്കാൾ കുറവായിരിക്കും. ഐൻസ്റ്റീന്റെ E = mc2 എന്ന സൂത്രവാക്യം അനുസരിച്ച് ശേഷിക്കുന്ന പിണ്ഡം വലിയ ഊർജ്ജമായി പരിവർത്തനം ചെയ്യപ്പെടുന്നു. നിലവിൽ ഫ്യൂഷൻ ആരംഭിക്കാൻ കുറേ ഊർജം ഉപയോഗിക്കേണ്ടിവരുന്നുണ്ട്. ഇപ്പോഴത്തെ പരീക്ഷണത്തിൽ, പ്രവർത്തനം ആരംഭിക്കാൻ ഉപയോഗിച്ചതിനേക്കാൾ കൂടുതൽ ഊർജ്ജം സൃഷ്ടിക്കപ്പെട്ടതായി LLNL അറിയിച്ചു. വ്യാവസായികമായി ഊർജോൽപ്പാദനത്തിന് ഇപ്പോൾ സാധിക്കുകയില്ലെങ്കിലും ഭാവിയെ മാറ്റിത്തീർക്കാവുന്ന ഒരു കണ്ടുപിടുത്തമാണിതെന്ന് തീർച്ചയാണ്.

ഫ്യൂഷൻ ഊർജ്ജം

ഭാവിയുടെ ഊർജ്ജം

9. യൂനിവേഴ്സൽ ഫ്ലൂ വാക്സിൻ

2023 ൽ മറ്റൊരു COVID-19 കുതിച്ചുചാട്ടത്തിന് സാധ്യതയുണ്ടെന്നും അത് നേരിടാൻ തയ്യാറെടുക്കണമെന്നും യുഎസ് പൊതുജനാരോഗ്യ ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. 2022-23 ഫ്ലൂ സീസൺ ഒരു ദശാബ്ദത്തിനിടയിലെ ഏറ്റവും മോശമായ അവസ്ഥയിലേക്ക് മാറുമെന്നും സെന്റർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ മുന്നറിയിപ്പ് നൽകുന്നു. യുഎസിൽ ഇതിനകം 4,500 ഫ്ലൂ മരണങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്. ഇൻഫ്ലുവൻസ വൈറസുകൾ നിരന്തരം മാറിക്കൊണ്ടിരിക്കുന്നതിനാൽ ഇൻഫ്ലുവൻസയ്‌ക്കെതിരായ പോരാട്ടം എല്ലാ വർഷവും പുതിയ വെല്ലുവിളിയാണ്. അവയ്ക്കെതിരെ ഇന്നുള്ള വാക്സിനുകൾ ചില വർഷങ്ങളിൽ ഫലപ്രദമാകാറുണ്ടെങ്കിലും ചിലപ്പോൾ ഫലപ്രദമല്ല. ഇപ്പോൾ പെൻസിൽവാനിയ സർവകലാശാലയിലെ സ്കോട്ട് ഹെൻസ്ലിയും സഹപ്രവർത്തകരും mRNA തന്മാത്രകളെ അടിസ്ഥാനമാക്കി ഒരു ഫ്ലൂ വാക്സിൻ സൃഷ്ടിച്ചു . എലികളിൽ നടത്തിയ പരിശോധനയിൽ വാക്സിൻ അറിയപ്പെടുന്ന 20 ഇൻഫ്ലുവൻസ എ, ബി എന്നിവയ്‌ക്കെതിരെ ആന്റിബോഡി പ്രതികരണങ്ങൾ സൃഷ്ടിച്ചു. ഫലപ്രാപ്തി നാല് മാസം വരെ നീണ്ടുനിൽക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്. ഇതോടെ സാർവത്രിക വാക്സിൻ മനുഷ്യരിലും പ്രവർത്തിക്കുമെന്ന പ്രതീക്ഷയ്ക്ക് ആക്കം കൂടിയിട്ടുണ്ട്.

10. മലമ്പനിക്കെതിരെ mRNA വാക്സിൻ

90-ലധികം രാജ്യങ്ങളിൽ കാണപ്പെടുന്ന മലേറിയ, പ്രതിവർഷം 6 ലക്ഷത്തിലധികം ആളുകളെ കൊല്ലുന്നു. മലേറിയക്കെതിരെ ഫലപ്രദമായ വാക്സിനുകൾ വികസിപ്പിക്കാൻ ശ്രമങ്ങൾ ഉണ്ടായിട്ടുണ്ട്. 2022-ൽ, COVID-19 നെതിരെ mRNA വാക്സിനുകൾ സൃഷ്ടിക്കാൻ ഉപയോഗിക്കുന്ന സാങ്കേതികവിദ്യ പ്രയോഗിച്ച് ജോർജ്ജ് വാഷിംഗ്ടൺ യൂണിവേഴ്സിറ്റിയുടെ നേതൃത്വത്തിലുള്ള ഒരു ഗവേഷക സംഘം മലേറിയ അണുബാധയും സംക്രമണവും കുറയ്ക്കുന്നതിന് ഫലപ്രദമായ രണ്ട് mRNA വാക്സിൻ വികസിപ്പിച്ചെടുത്തതായി 2022 ഡിസംബറിൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ പറയുന്നു.

11. അക്ഷരങ്ങൾ കൊണ്ട് ചിത്രരചന

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കലാ ലോകത്തെയും മാറ്റാൻ തുടങ്ങിയിരിക്കുന്നു. പുതിയ ടെക്‌സ്‌റ്റ്-ടു-ഇമേജ് ജനറേറ്ററുകൾ കലാകാരന്മാർ മുതൽ നഗര ആസൂത്രകർക്കും ശസ്ത്രക്രിയാ വിദഗ്ധർക്കും വരെ സഹായമാകുന്നുണ്ട്. 2022 ജൂലൈയിൽ ഓപ്പൺ AI പുറത്തിറക്കിയ DALL-E 2 വിന് നൽകുന്ന ടെക്‌സ്‌റ്റ് പ്രോംപ്റ്റുകളെ ചിത്രങ്ങളാക്കി മാറ്റുന്നതിന് സാധിക്കുന്നുണ്ട്. സ്വാഭാവിക ഭാഷാ വിവർത്തനത്തിന് ശേഷം AI രംഗത്തെ ഏറ്റവും ആവേശകരമായ പുതിയ സാങ്കേതികവിദ്യയാണിത്.

12. അണ്ഡവും ബീജവുമില്ലാതെ ഭ്രൂണമുണ്ടാക്കാൻ

ബീജമോ അണ്ഡമോ ഇല്ലാതെ കൃത്രിമ ഭ്രൂണമുണ്ടാക്കാനും അത് പരീക്ഷണശാലയിൽ വളർത്തിയെടുക്കാനും സാധിച്ചിരിക്കുന്നു. ഇസ്രായേലിലെ വെയ്‌സ്‌മാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിലെ ഗവേഷകർ ഒരു ബയോ റിയാക്ടറിനുള്ളിൽ ചുണ്ടെലിയുടെ സ്റ്റെം സെല്ലുകൾ കൊണ്ട് ഭ്രൂണങ്ങൾ സൃഷ്ടിച്ചു. ഭ്രൂണങ്ങൾ സാധാരണഗതിയിൽ വികസിക്കുകയും അവയവങ്ങൾ വളരുകയും ചെയ്തു. ഗർഭപാത്രത്തിന് പുറത്ത് ഭ്രൂണങ്ങൾ പൂർണ്ണമായി വളർത്താൻ ശാസ്ത്രജ്ഞർക്ക് സാധിച്ചത് ഇതാദ്യമാണ്. സ്റ്റെം സെല്ലുകൾ എങ്ങനെ വിവിധ അവയവങ്ങൾ ഉണ്ടാക്കുന്നു, മ്യൂട്ടേഷനുകൾ എങ്ങനെ രോഗങ്ങൾക്ക് കാരണമാകുന്നു എന്നതിനെക്കുറിച്ചുള്ള പഠനത്തിൽ ഈ പരീക്ഷണം ഒരു കുതിച്ചുചാട്ടം തന്നെയാണ്.

വിശദമായി വായിക്കാം

ഗർഭാശയത്തിന് വെളിയിൽ വളരുന്ന നിർമ്മിതഭ്രൂണങ്ങൾ

13. വേഗതയേറിയ കമ്പ്യൂട്ടർ

ഏറ്റവും വേഗതയേറിയ സൂപ്പർ കമ്പ്യൂട്ടർ ഉണ്ടായതും ഈ വർഷത്തെ നേട്ടമാണ്. ഫ്രോണ്ടിയർ എന്ന് പേരിട്ടിരിക്കുന്ന ഒരു സൂപ്പർ കംപ്യൂട്ടർ സെക്കൻഡിൽ 1.1 ക്വിന്റില്യൺ പ്രവർത്തനങ്ങൾ നടത്തി. സെക്കൻഡിൽ 1018 ഓപ്പറേഷനുകളെങ്കിലും ചെയ്യാൻ കഴിയുന്ന ഒരു കമ്പ്യൂട്ടർ. കാലാവസ്ഥാ ശാസ്ത്രം മുതൽ ആരോഗ്യം, കണികാ ഭൗതികശാസ്ത്രം വരെയുള്ള എല്ലാ കാര്യങ്ങളിലും എക്സാസ്‌കെയിൽ കമ്പ്യൂട്ടിംഗ് വഴിത്തിരിവുണ്ടാക്കുമെന്ന് പ്രതീക്ഷിക്കുന്നു.

14. മനുഷ്യരിലേക്ക് പറിച്ചു നട്ട പന്നി ഹൃദയം

ഹൃദ്രോഗമുള്ള 57 വയസ്സുള്ള ഒരാൾക്ക് ജനിതകമാറ്റം വരുത്തിയ പന്നിയുടെ ഹൃദയം വിജയകരമായി മാറ്റിവയ്ക്കുന്നതിനും 2022 സാക്ഷിയായി. ട്രാൻസ്പ്ലാൻറ് ചെയ്ത പന്നിയുടെ ഹൃദയം അയാളിൽ ആഴ്ചകളോളം നന്നായി പ്രവർത്തിക്കുകയും ചെയ്തു. ഇത് സെനോജെനിക് ട്രാൻസ്പ്ലാൻറുകളുടെ – ഒരു ജീവിയിലെ അവയവം മറ്രൊരു ജീവിയിലേക്ക് മാറ്റി വെക്കൽ – ഭാവിയെക്കുറിച്ച് വലിയ പ്രതീക്ഷയാണ് നൽകുന്നത്.

വിശദമായി വായിക്കാം

പന്നിയിൽ നിന്ന് മനുഷ്യനിലേക്ക് അവയവമാറ്റം

15. DNA സീക്വൻസിങ്ങിന് റെക്കോർഡ് വേഗം

ഏറ്റവും വേഗതയേറിയ ഡിഎൻഎ സീക്വൻസിങ് ടെക്നിക്കിനുള്ള ഗിന്നസ് റെക്കോർഡ് നേടി സ്റ്റാൻഫോർഡ് ശാസ്ത്രജ്ഞർ. പുതിയ അൾട്രാ-റാപ്പിഡ് ജീനോം സീക്വൻസിംഗ് രീതിയിലൂടെ ശരാശരി എട്ട് മണിക്കൂറിനുള്ളിൽ അപൂർവ ജനിതക രോഗങ്ങൾ കണ്ടുപിടിക്കാൻ സാധിക്കുന്നുണ്ട്. ഒരു രോഗിയുടെ ജീനോം കണ്ടുപിടിക്കാൻ 5 മണിക്കൂറും 2 മിനിറ്റും മാത്രമേ എടുത്തുള്ളൂ. ഇതിന് അതിവേഗ ഡിഎൻഎ സീക്വൻസിംഗ് ടെക്നിക്കിനുള്ള ആദ്യത്തെ ഗിന്നസ് വേൾഡ് റെക്കോർഡ് ലഭിക്കുകയും ചെയ്തു.

16. ചന്ദ്രനിൽ നിന്നുള്ള മണ്ണിൽ സസ്യവളർച്ച

ചന്ദ്രനിൽ നിന്ന് കൊണ്ടുവന്ന മണ്ണിൽ സസ്യങ്ങൾ വിജയകരമായി വളർത്തി ഫ്ലോറിഡ സർവകലാശാലയിലെ ശാസ്ത്രജ്ഞർ. ചന്ദ്രനിലേക്കുള്ള അപ്പോളോ 11, 12, 17 ദൗത്യങ്ങളിൽ നിന്ന് ശേഖരിച്ചതിൽ നിന്നും 12 ഗ്രാം മണ്ണിലാണ് ചില സസ്യങ്ങൾ വളർത്തിയെടുത്തത്. ചന്ദ്രന്റെ മണ്ണിന്റെ രാസഘടനയെയും ഭൌതിക ഘടനയെയും നേരിടാൻ സസ്യങ്ങൾക്ക് സാധിക്കുന്നുണ്ടെന്നതിന്റെ തെളിവുകളാണ് ഈ സസ്യങ്ങളുടെ ജീൻ എക്സ്പ്രഷൻ പാറ്റേണുകൾ വിശകലനം ചെയ്തപ്പോൾ സ്ഥിരീകരിക്കപ്പെട്ടത്.

വിശദമായി വായിക്കാം

ചന്ദ്രന്റെ മണ്ണിൽ ചെടി വളരുമ്പോൾ

17. ഏറ്റവും വലിയ ബാക്ടീരിയ

ഏറ്റവും വലിയ ഏകകോശ ബാക്ടീരിയയെ കണ്ടെത്തിയതും ഈ വർഷത്തെ പ്രധാന ശാസ്ത്ര വാർത്തയായിരുന്നു. നഗ്നനേത്രങ്ങൾ കൊണ്ട് കാണാവുന്ന തിയോമാർഗരിറ്റ മാഗ്നിഫിക്ക (Thiomargarita namibiensis) എന്ന ബാക്ടീരിയക്ക് ഒരു സെന്റീമീറ്റർ നീളമുണ്ട്. കരീബിയൻ ലെസ്സർ ആന്റിലീസിലെ കണ്ടൽക്കാടുകളിൽ വസിക്കുന്ന ടി.മാഗ്നിഫിക്ക മറ്റ് വലിയ ബാക്ടീരിയകളേക്കാൾ 50 മടങ്ങ് വലുതും സാധാരണ ബാക്ടീരിയകളേക്കാൾ 5,000 മടങ്ങ് വലുതുമാണ്. എന്തുകൊണ്ടാണ് ഈ ഇനം ഇത്രയും ഭീമാകാരമായി പരിണമിച്ചത് എന്നത് അജ്ഞാതമാണ്.

18. ഏറ്റവും അടുത്തുള്ള തമോദ്വാരം

ഗയ ബഹിരാകാശ പേടകം പുറത്തുവിട്ട ഡാറ്റയിലൂടെ, ജ്യോതിശാസ്ത്രജ്ഞർ ഭൂമിയിൽ നിന്ന് 1,560 പ്രകാശവർഷം അകലെയുള്ള ഒരു തമോദ്വാരം കണ്ടെത്തി. ഗയ BH1 എന്ന് വിളിക്കപ്പെടുന്ന ഇത്, മുമ്പ് അറിയപ്പെട്ടിരുന്ന ഏറ്റവും അടുത്തുള്ള തമോഗർത്തത്തേക്കാൾ പകുതി ദൂരത്താണ്. ഏകദേശം 100 ദശലക്ഷം തമോഗർത്തങ്ങൾ ക്ഷീരപഥത്തിൽ ഉണ്ടെന്ന് പ്രവചിക്കപ്പെടുന്നു. മിക്കതും അദൃശ്യമായതിനാൽ, അവ കണ്ടെത്താൻ പ്രയാസമാണ്. എന്നാൽ ഒരു ബില്യൺ നക്ഷത്രങ്ങളെ കൃത്യമായി മാപ്പ് ചെയ്യുന്ന ഗിയ, ഏതാനും വർഷങ്ങൾക്കുള്ളിൽ അതിന്റെ അടുത്ത ബാച്ച് ഡാറ്റ പുറത്തുവിടുമ്പോൾ, കൂടുതൽ അടുത്ത തമോഗർത്തങ്ങൾ പ്രത്യക്ഷപ്പെടാം.

19. പുതിയ കണങ്ങളുടെ കണ്ടെത്തൽ

ലാർജ് ഹാഡ്രോൺ കൊളൈഡർ വീണ്ടും പ്രവർത്തനക്ഷമമായി. അറ്റകുറ്റപ്പണികൾക്കും നവീകരണങ്ങൾക്കുമായി മൂന്ന് വർഷത്തെ ഇടവേളയ്ക്ക് ശേഷം, ലോകത്തിലെ ഏറ്റവും വലിയ കണികാ ആക്സിലറേറ്ററായ ലാർജ് ഹാഡ്രോൺ കൊളൈഡർ (LHC) ഈ വർഷം ഏപ്രിലിൽ വീണ്ടും പ്രവർത്തനമാരംഭിച്ചു. ഈ വർഷം ജൂലൈയിൽ, CERN (യൂറോപ്യൻ ഓർഗനൈസേഷൻ ഫോർ ന്യൂക്ലിയർ റിസർച്ച്) മൂന്ന് പുതിയ എക്സോട്ടിക് കണികകൾ- ഒരു പുതിയ പെന്റക്വാർക്കും ഒരു ജോഡി പുതിയ ടെട്രാക്വാർക്കുകളും- കണികാ ത്വരണം ഉപയോഗിച്ച് കണ്ടെത്തിയതായി പ്രഖ്യാപിച്ചു.

ആശങ്കകൾ, മുന്നറിയിപ്പുകൾ

എന്നാൽ, നല്ലതു മാത്രമല്ല വരാനിരിക്കുന്നത് എന്ന മുന്നറിയിപ്പും ശാസ്ത്രം നൽകുന്നുണ്ട്. കാലാവസ്ഥാ വ്യതിയാനം മൂലം വരാനിരിക്കുന്ന അപകടങ്ങളെക്കുറിച്ച് പതിറ്റാണ്ടുകളായി ശാസ്ത്രം മുന്നറിയിപ്പ് നൽകിവരുന്നുണ്ട്. എന്നാൽ കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചുള്ള യുഎൻ ഇന്റർഗവൺമെന്റൽ പാനൽ (ഐപിസിസി) പുറത്തിറക്കിയ പുതിയ റിപ്പോർട്ട് അനുസരിച്ച്, 2100-ഓടെ, ഭൂമിയിലെ മനുഷ്യരിൽ മുക്കാൽ ഭാഗവും കടുത്ത ചൂട് മൂലമുള്ള സമ്മർദ്ദം അനുഭവിക്കുമെന്ന് മുന്നറിയിപ്പ് നൽകുന്നു. വായു മലിനീകരണം മൂലമുള്ള ശ്വാസകോശ രോഗങ്ങൾ കൂടുമെന്നും കൊതുകുകളും ചെള്ളുകളും പോലുള്ള രക്തം കുടിക്കുന്ന പ്രാണികളിൽ നിന്ന് കൂടുതൽ പകർച്ച വ്യാധികൾ ഉണ്ടാകുമെന്നും പ്രവചിക്കപ്പെടുന്നു. ഹരിതഗൃഹ വാതകങ്ങളുടെ ഉത്സർജനം കുറയ്ക്കേണ്ടതിന്റെ ആവശ്യകതയും ആഗോളതാപനവുമായി പൊരുത്തപ്പെടേണ്ടതിന്റെ പ്രാധാന്യവും റിപ്പോർട്ടിൽ ഊന്നിപ്പറയുന്നു.
എവറസ്റ്റ് കൊടുമുടിയുടെ ഉയരങ്ങളിലും സമുദ്രത്തിന്റെ ആഴമേറിയ ഗർത്തങ്ങളിലും പ്ലാസ്റ്റിക് ശകലങ്ങൾ കണ്ടെത്തിയത് പുതിയ വാർത്തയല്ലല്ലോ. എന്നാൽ ദാനം ചെയ്യുന്നതിനായി ശേഖരിക്കപ്പെട്ട മനുഷ്യ രക്തത്തിലും അമ്മമാരുടെ മുലപ്പാലിലും മൈക്രോ പ്ലാസ്റ്റിക്കുകൾ എത്തിയതായി ഗവേഷകർ കണ്ടെത്തിയിരിക്കുന്നു. ഈ സൂക്ഷ്മ പ്ലാസ്റ്റിക് ഘടകങ്ങൾ നമ്മുടെ ആരോഗ്യത്തെ എങ്ങനെ ദോഷകരമായി ബാധിക്കുമെന്ന് ഇപ്പോൾ വ്യക്തമായിട്ടില്ല. ഇക്കാര്യത്തിൽ കൂടുതൽ പഠനങ്ങൾ നടക്കേണ്ടതുണ്ട്. എങ്കിലും പ്ലാസ്റ്റിക് മലിനീകരണത്തിന്റെ രൂക്ഷത ബോധ്യപ്പെടുത്തുന്ന ഒന്നാണീ കണ്ടെത്തലുകൾ.


ശാസത്രരംഗത്തെ നൊബേൽ പുരസ്കാരം 2022

ഈ വർഷത്തെ ശാസ്ത്ര നൊബേൽ പുരസ്കാരം – ലൂക്ക പ്രസിദ്ധീകരിച്ച പ്രത്യേക ലേഖനങ്ങൾ

Happy
Happy
60 %
Sad
Sad
0 %
Excited
Excited
27 %
Sleepy
Sleepy
7 %
Angry
Angry
7 %
Surprise
Surprise
0 %

Leave a Reply

Previous post എത്രവരെ എണ്ണാനറിയാം?
Next post ചെറുതല്ല ചെറുധാന്യങ്ങൾ – 2023 – ചെറുധാന്യങ്ങളുടെ അന്താരാഷ്ട്ര വർഷം
Close