പന്നിയിൽ നിന്ന് മനുഷ്യനിലേക്ക് അവയവമാറ്റം സാധ്യമാണോ?

ഡോ. അരുൺ കെ ശ്രീധർ

 

പ്രമേഹം, രക്താതിമർദ്ദം തുടങ്ങിയ ജീവിതശൈലി രോഗങ്ങൾ മൂലം ലോകമെമ്പാടും അവയവം പ്രവർത്തനരഹിതമാകുന്ന സംഭവങ്ങൾ വർദ്ധിച്ചിട്ടുണ്ട്. അവയവങ്ങളുടെ പരാജയം രോഗാവസ്ഥ, മരണനിരക്ക് കൂടുക, മോശം ജീവിത നിലവാരം എന്നിവയിലേക്ക് കാര്യങ്ങളെ നയിക്കുന്നു. ഒരു നിശ്ചിത കാലയളവിനുള്ളിൽ അവയവം മാറ്റിവയ്ക്കൽ നടത്തുന്നതിലൂടെ, നിരവധി മനുഷ്യ ജീവൻ രക്ഷിക്കാൻ കഴിയും. കേന്ദ്ര ഇന്റലിജന്സ് ഏജന്സിയുടെ കണക്കുപ്രകാരം ആയിരങ്ങളിൽ ഏഴുപേര് ഇന്ത്യയിൽ മരിക്കുകയും, മൃതദേഹങ്ങൾ ദാനം ചെയ്യാതെ സംസ്കരിക്കുകയും ചെയ്യുന്നു. അവയവം മാറ്റിവയ്ക്കൽ മാത്രമാണ് അവയവം പ്രവർത്തനരഹിതമാകുന്നതിനുള്ള ഏക ചികിത്സ.

കടപ്പാട്: fineartamerica.com/Gwen Shockey

വിവിധ തരത്തിലുള്ള അവയവമാറ്റങ്ങൾ

മൂന്ന് തരം ട്രാൻസ്പ്ലാന്റുകൾ  ഉണ്ട്. അവ താഴെ പറയുന്നവയാണ്

  1. ഓട്ടോഗ്രാഫ്റ്റ്(Autograft): ശരീരത്തിന്റെ ഒരു ഭാഗം ഒരേ ശരീരത്തിന്റെ മറ്റൊരു ഭാഗത്തേക്ക് മാറ്റുമ്പോൾ അതിനെ ഓട്ടോഗ്രാഫ്റ്റ് ട്രാൻസ്പ്ലാന്റ് എന്ന് വിളിക്കുന്നു
  2. അലോഗ്രാഫ്റ്റ്(Allograft): ജനിതകപരമായി സമാനമല്ലാത്ത ഒരേ ജീവ ജാതിയിലെ രണ്ട് അംഗങ്ങൾ തമ്മിൽ  അവയവം കൈമാറ്റം ചെയ്യുന്നതിനെ അലോഗ്രാഫ്റ്റ് ട്രാൻസ്പ്ലാന്റ് എന്ന് വിളിക്കുന്നു. മനുഷ്യരിൽ നടത്തപ്പെടുന്ന അവയവ കൈമാറ്റങ്ങൾ കൂടുതലും അലോഗ്രാഫ്റ്റുകളാണ്.
  3. സെനോഗ്രാഫ്റ്റ്(Xenograft): ഒരു സ്പീഷീസിൽ നിന്ന് മറ്റൊരു സ്പീഷീസിലേക്കു അവയവങ്ങൾ കൈമാറ്റം ചെയ്യുന്നതിനെ സെനോഗ്രാഫ്റ്റ് ട്രാൻസ്പ്ലാന്റ് എന്ന് വിളിക്കുന്നു.

വിവിധ പരിശോധനകൾ

അവയവമാറ്റ ശസ്ത്രക്രിയയുടെ സ്വീകർത്താവ് എന്ന് ഒരു വ്യക്തിയെ തിരിച്ചറിയുമ്പോൾ, അയാൾ വ്യത്യസ്ത മെഡിക്കൽ പരിശോധനകൾക്ക് വിധേയനാകേണ്ടതുണ്ട്. ശ്വാസകോശ സമ്മർദ്ദം അളക്കൽ, പൂർണ്ണ രക്ത കൗണ്ട് (complete blood count) , രക്തത്തിലെ പഞ്ചസാര, ഇസിജി, 2ഡി-എക്കോ, എച്ച്ഐവി ടെസ്റ്റ്, രക്ത സമ്മർദ്ദം, അസ്ഥി സാന്ദ്രത പരിശോധന (bone density test), അലർജിക് ടെസ്റ്റുകൾ, നെഞ്ച് എക്സ് റേ (chest X-ray), ഇഎൻടി ടെസ്റ്റുകൾ, കണ്ണുമായി ബന്ധപ്പെട്ട ടെസ്റ്റുകൾ, സൈക്യാട്രിക് ടെസ്റ്റുകൾ, ശ്വസന പരിശോധനകൾ തുടങ്ങിയവ ഈ ടെസ്റ്റുകളിൽ ഉൾപ്പെടുന്നു. ഹൃദയം മാറ്റിവയ്ക്കുന്നതിന് മുമ്പ് ഹൃദയത്തിന്റെ പ്രവർത്തനം വിലയിരുത്തുന്നതിനുള്ള ബിഎൻപി (Brain natriuretic peptide) ടെസ്റ്റിന്റെ നിലയും പ്രധാനമാണ്. രക്തഗ്രൂപ്പ്, tissue type, അവയവ വലുപ്പം, സ്വീകർത്താവും ദാതാവും തമ്മിലുള്ള അകലം, ദാതാവിന്റെയും സ്വീകർത്താവിന്റെയും പ്രായം, രോഗിയുടെ രോഗത്തിന്റെ തീവ്രത എന്നിവയാണ് അവയവ പൊരുത്തപ്പെടുത്തലിന് പരിഗണിക്കുന്ന ഘടകങ്ങൾ.

പന്നിയിൽ  നിന്നുള്ള അവയവമാറ്റം

അവയവ മാറ്റത്തിനു വേണ്ടുന്ന അവയവങ്ങളുടെ ക്ഷാമം വളരെ ഗുരുതരമാണ്. അമേരിക്കയിൽ മാത്രം അവയവ   മാറ്റത്തിനു വേണ്ടി കാത്തു നിൽക്കുന്ന ആളുകളുടെ എണ്ണം ഒരു ലക്ഷത്തിനു മുകളിലാണ്. ഇതിൽ തന്നെ ഓരോ ദിവസവും 17 പേർ വീതം കാത്തിരിപ്പിനിടയിൽ മരിച്ചുപോകുന്നു. ഒരു ജീവ ജാതിയിൽ നിന്ന് മറ്റൊരു ജീവ ജാതിയിലേക്ക് അവയവം മാറ്റി വെയ്ക്കുന്ന പ്രക്രിയയെ  Xenotransplantation എന്ന് വിളിക്കുന്നു. അവയവങ്ങളുടെ പരിധിയില്ലാത്ത വിതരണം വാഗ്ദാനം നൽകുന്ന xenotransplantation, ദശകങ്ങളായി പരാജയപ്പെടുകയാണ് ചെയ്യുന്നത്. എന്നാൽ കഴിഞ്ഞ ആറ് മാസമായി പുറത്തുവരുന്ന പഠനങ്ങളുടെ ഫലങ്ങൾ തെളിയിക്കുന്നത് ട്രാൻസജിനിക് പന്നിയിൽ (transgenic pigs) നിന്ന് മനുഷ്യരിലേക്ക് അവയവമാറ്റം സാധ്യമാണെന്നാണ് (ഒരു ജീവജാതിയുടെ ജനിതകഘടനയിലേക്ക് മറ്റൊരു ജീവ ജാതിയുടെ DNA കൃത്രിമമായി ക്രമമായി കടത്തി വിടുന്നതിനെയാണ് transgenic എന്ന പദം കൊണ്ട് അർത്ഥമാക്കുന്നത്)

വിജയകരമായ പരീക്ഷണങ്ങൾ

2021 സെപ്റ്റംബർ 25 നും നവംബർ 22- നും  NYU Langone’s Transplant Institute, അടുത്തകാലത്ത് ഒരു രോഗിയിലേക്കു പന്നിയുടെ കിഡ്നി മാറ്റി വയ്ക്കുക ഉണ്ടായി. കുറച്ചുകാലത്തേക്ക് ആണെങ്കിൽ പോലും അദ്ദേഹത്തിൽ കിഡ്നി വിജയകരമായി പ്രവർത്തിക്കുകയുണ്ടായി. 2022 ജനുവരി 7ന് മേരിലാൻഡ് യൂണിവേഴ്സിറ്റിയുടെ മെഡിക്കൽ സെൻററിൽ ഒരു രോഗിയിലേക്ക് പന്നിയുടെ ഹൃദയം മാറ്റിവയ്ക്കുക ഉണ്ടായി. ഹൃദയം അദ്ദേഹത്തിൽ രണ്ടുമാസം വിജയകരമായി പ്രവർത്തിച്ചു. അതിനുശേഷം അദ്ദേഹം മരണപ്പെട്ടു. പരീക്ഷണങ്ങളെല്ലാം തന്നെ അടയാളപ്പെടുത്തുന്നത് Xenotransplantation മേഖലയിലെ ചരിത്ര മുഹൂർത്തത്തെയാണ്.

മാറ്റിവയ്ക്കപ്പെട്ട അവയവത്തെ ശരീരത്തിൽ നിന്ന് നിരസിക്കാൻ കാരണമാകുന്ന മൂന്ന് സെറ്റ് പന്നി ജീനുകളെയും, encoding enzyme- കളേയും ഗവേഷകർ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവയെ ഇല്ലാതാക്കുന്നത് വഴി അവയവത്തെ  ശരീരം നിരസിക്കുന്നത് തടയാൻ സാധിക്കുന്നതാണ്. ട്രാൻസജിനിക് പന്നികൾ ഏകദേശം 10 സെറ്റ് മനുഷ്യജീനുകൾ പ്രകടിപ്പിക്കുന്നു, അതു  വഴി നീണ്ട കാലയളവിൽ അവയവത്തെ ശരീരം നിരസിക്കുന്നതു തടയുന്നതിനും, അവയവത്തിൻറെ പ്രവർത്തനം സുഗമമായി നടക്കുന്നതിനും സഹായിക്കുന്നു. കൂടാതെ അവയവം സ്വീകരിക്കുന്ന വ്യക്തിയിൽ ഉടലെടുക്കുന്ന പ്രതിരോധത്തെ കുറയ്ക്കുന്നതിന് സഹായിക്കുന്ന മരുന്നുകളുടെ കാര്യത്തിലും വലിയ മുന്നേറ്റങ്ങൾ ശാസ്ത്രലോകം ഉണ്ടാക്കിയിട്ടുണ്ട്.

പ്രധാന സുരക്ഷാ ഭീഷണി

ന്നികളുടെ ഉള്ളിൽ കാണുന്ന റെട്രോ വൈറസുകളാണ് (Porcine  Endogenous Retro virus) xenotransplantation  സമയത്തുണ്ടാകുന്ന പ്രധാന സുരക്ഷാഭീഷണി (DNA-ക്ക് പകരം RNA പ്രധാന ജനിതക ഘടകം ആയുള്ള വൈറസുകളാണ് റെട്രോ വൈറസുകൾ). PERV എന്നറിയപ്പെടുന്ന ഈ റെട്രോ വൈറസുകൾ അവയവം സ്വീകരിക്കുന്ന വ്യക്തികളിലെ കലകളിലേക്കു പ്രവേശിക്കുക വഴി, കലകൾ ഒന്നുകിൽ അപകടകാരികളായി മാറുകയോ, അല്ലെങ്കിൽ ശരീരത്തിന്റെ പ്രതിരോധശേഷി തകരാറിലാക്കുകയോ ചെയ്യുന്നു. എന്നാൽ Xenotransplantation-നു അനുയോജ്യമായ PERV ഇല്ലാത്ത പന്നികളെ സൃഷ്ടിക്കാൻ അടുത്തകാലത്ത് ഗവേഷകർക്ക് കഴിഞ്ഞിട്ടുണ്ട്.

അവയവം മാറ്റിവെയ്ക്കൽ എന്ന പുണ്യം

ന്യൂയോർക്ക് സിറ്റിയിലെ എൻ.വൈ.യു ലാങ്കോൺ ഹെൽത്തിലെ ശസ്ത്രക്രിയാ സംഘം ഒരു പന്നിയുടെ കിഡ്‌നി മനുഷ്യനിലേക്ക് ആദ്യമായി ഘടിപ്പിക്കുന്നു. കടപ്പാട്: sciencenews.org

അവയവം മാറ്റിവയ്ക്കൽ രോഗികൾക്ക് പ്രധാനപ്പെട്ടതും സുരക്ഷിതവുമായ അവസാന ലൈൻ തെറാപ്പിയാണ്. ഇത് ആയിരക്കണക്കിന് ആളുകൾക്ക് പുതിയ പ്രതീക്ഷയും ജീവിതവും നൽകുന്നു.  നിലവിൽ ഇന്ത്യയിലെ 120 ട്രാൻസ്പ്ലാന്റ് സെന്ററുകളിൽ പ്രതിവർഷം ഏകദേശം 3,500 മുതൽ 4,000 വരെ വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയകൾ നടക്കുന്നുണ്ട്.  ട്രാൻസ്പ്ലാന്റ് ചെയ്ത രോഗി എത്ര വർഷം അതിജീവിക്കുമെന്ന് പ്രവചിക്കാൻ കഴിയില്ല, പക്ഷേ അവയവം മാറ്റിവയ്ക്കൽ രോഗികളിൽ, അവരുടെ മരണത്തെ മാറ്റിവയ്ക്കുന്ന, രോഗ ലക്ഷണങ്ങൾ ഒഴിവാക്കുന്ന,  വിജയകരവും അത്ഭുതകരവുമായ വൈദ്യചികിത്സയാണെന്നു തെളിയിച്ചിട്ടുണ്ട് .

Xenotransplantation മേഖലയിലുണ്ടായ വിജയകരമായ പരീക്ഷണങ്ങൾ അവയവദാനത്തിന് വേണ്ട അവയവങ്ങളുടെ ക്ഷാമത്തെ പരിഹരിക്കും എന്ന് പ്രത്യാശിക്കാം.


References

1, Pig to human transplants take a leap toward reality. (2022) Editorial, Nature Medicine, V28, pp 423

2, Deshmukh C D and Baheti A M. (2020) Need, process and importance of organ transplantation. Asian Journal of Pharmacy and Pharmacology, 6(2), 126-131


മറ്റു ലേഖനങ്ങൾ

 


Leave a Reply