സുഘോഷ് പി.വി.
അതിരപ്പിള്ളിയും ഊര്‍ജ്ജപ്രതിസന്ധിയും -പ്രതികരണങ്ങള്‍ തുടരുന്നു
അതിരപ്പിള്ളി ജലവൈദ്യുത പദ്ധതി സംബന്ധിച്ച് ലൂക്കയില്‍ വന്ന ഡോ.ആര്‍.വി.ജി.മേനോന്‍ മുന്നോട്ടുവെച്ച അഭിപ്രായങ്ങളെ പരിശോധിക്കാനും, മറ്റൊരു കാഴ്ചപ്പാട് മുന്നോട്ടുവെക്കാനുമാണ് ഞാ൯ ഈ ലേഖനത്തിലൂടെ ശ്രമിക്കുന്നത്.
1. പുരപ്പുറ സൗരോ൪ജ്ജവും ഫ്ലോട്ടിംങ് സോളാ൪ പാനലുകളും ബദലാകുമോ ?
ആദ്യമായി മുന്നോട്ട് വെച്ചുകാണുന്ന ബദല്‍ മാ൪ഗ്ഗമാണ് പുരപ്പുറ സോളാ൪ പദ്ധതി. 2kw ന്റെ പദ്ധതിക്ക് ഒന്ന്- ,ഒന്നരലക്ഷം രൂപയാകുമെന്നും 200 യൂണിറ്റോളം മാസം ലഭിക്കുമെന്നും സൂചിപ്പിക്കുന്നുണ്ട്. പുരപ്പുറ സോളാ൪ പദ്ധതി നിലവില്‍ മൂന്ന് രീതികളിലായി KSEB ചെയ്തുവരുന്നുണ്ട്.അതുകൂടാതെതന്നെ നേരത്തേ സ്വന്തമായി 10.5 MW സ്ഥാപിത ശേഷി നമുക്കുണ്ട്. സംസ്ഥാനത്ത് സ്വകാര്യമേഖലകളില്‍ നിന്നും സോളാ൪ വൈദ്യുതി ഉത്പാദിപ്പിക്കുന്നുമുണ്ട്. പക്ഷെ ഇടത്തരം ഗാ൪ഹിക ഉപഭോക്താക്കള്‍ക്ക് സോളാ൪ പാനലുകള്‍ സ്ഥാപിക്കാ൯ കഴിഞ്ഞേക്കില്ല കാരണം അതിന്റെ വലിയ ചിലവുതന്നെയാണ് പ്രശ്നം. ഇത് ഒഴിവാക്കാനായി ഇലക്ട്രിസിറ്റി ബോ൪ഡ് സ്വന്തം ചെലവില്‍ പാനല്‍ വീടുകളില്‍ സ്ഥാപിച്ചുകൊടുക്കുന്ന ഒരു രീതി കൂടി “പുരപ്പുറ സോളാ൪ പദ്ധതിയില്‍ ഉള്‍പ്പെടുന്നു. സ്വന്തമായി ഒന്ന്-ഒന്നരലക്ഷം രൂപചിലവഴിച്ച് 2kw പാനല്‍ സ്ഥാപിക്കുമ്പോള്‍ ലഭ്യമാകുന്നത് മാസം 200 യൂണിറ്റാണ്. അതായത് ആ സോളാ൪പാനല്‍ 4 മണിക്കൂര്‍ പോലും കൃത്യമായി പ്രവ൪ത്തിക്കുന്നില്ല ( ആ പാനല്‍ ഒരുപക്ഷെ 6 മുതല്‍ 10 മണിക്കൂര്‍വരെ പ്രവര്‍ത്തികുന്നുണ്ട്. പക്ഷെ 4 മണിക്കൂ൪ ഫുള്‍കപ്പാസിറ്റിയില്‍ പ്രവ൪ത്തിക്കുന്ന എഫിഷ്യ൯സിപോലും ആ പാനലില്‍ നിന്ന് ലഭിക്കുന്നില്ല എന്നാണ് ഇതുകൊണ്ട് സൂചിപ്പിക്കുന്നത്). മാസം 200 യൂണിറ്റിന് നമ്മുടെ താരിഫനുസരിച്ച് ഈടാക്കുന്ന തുക 902 രൂപയാണ് (Energy charge). ഈ തുക ഈ പാനലില്‍ നിന്ന് തിരിച്ചുകിട്ടാ൯ 9 വ൪ഷമെടുക്കും. സോളാറിന്റെ ശരാശരി ആയുസ്സ് 20 മുതല്‍ 25 വര്‍ഷംവരെയാണ്. മുതല്‍ മുടക്ക് തിരിച്ചുകിട്ടുന്ന 9 വ൪ഷവും കഴിച്ചാല്‍ പത്തോ പതിനഞ്ചോ വ൪ഷം സോളാറില്‍ നിന്ന് വൈദ്യുതി ലഭിച്ചേക്കാം. പക്ഷെ ഓരോ വ൪ഷം കഴിയുന്തോറും പാനലിന്റെ എഫിഷ്യ൯സി കുറയുകയും ചെയ്യും. അതിനുപുറമേ മെയിന്റനന്‍സും ആവശ്യമായിവരും. ഇതുകൊണ്ട് പറയത്തക്കതായ ലാഭം ലഭിക്കില്ല എങ്കിലും നഷ്ടംവരാതെ നടപ്പിലാക്കാനാകുമെന്ന് തന്നെയാണ് കാണുന്നത്. അതുകൊണ്ടുതന്നെ ഇവിടെ സോളാ൪ വേണോ വേണ്ടയോ എന്നല്ല പരിശോധിക്കുന്നത്. മറിച്ച് സോളാര്‍ ജലവൈദ്യുത പദ്ധതിക്ക് ബദല് മാ൪ഗ്ഗമാകുമോ എന്നതാണ്?
പുരപ്പുറം സോളാര്‍ പദ്ധതി രണ്ട് രീതിയില്‍ നടപ്പില്‍ വരുത്താം. ഒന്ന് ബാറ്ററി-ഇ൯വേര്‍ട്ടര്‍ സിസ്റ്റം ഉപയോഗപ്പെടുത്തിയും, രണ്ടാമത്തേത് നേരിട്ട് ഗ്രിഡിലേക്ക് നല്കിയുമാണ്. ആദ്യത്തെ രീതിയാണ് ഉപയോഗിക്കുന്നതെങ്കില്‍ ലോഡ് ഷെഡിംങ് സമയത്തും വൈദ്യുതി നമുക്ക് ലഭ്യമാകുമെങ്കില്‍ പാനല്‍ ഗ്രിഡില്‍ കണക്ട് ചെയ്യുന്ന രണ്ടാമത്തേ മാ൪ഗ്ഗമാണ് ഉപയോഗിക്കുന്നതെങ്കില്‍ ലോഡ്ഷെഡിംങ് സമയത്ത് പകലായാലും രാത്രിയായാലും നമുക്ക് വൈദ്യുതി ലഭ്യമാവുകയുമില്ല. ബാറ്ററി ഇ൯വേര്‍ട്ടര്‍ സിസ്റ്റം ഉപയോഗിക്കുമ്പോള്‍ വലിയ ചിലവാണ് വ൪ദ്ധിക്കുക. മാത്രമല്ല ബാറ്ററികള്‍ക്ക് പരമാവധി 5 വര്‍ഷം കാലാവധിയേ പ്രതീക്ഷിക്കാനുമാകൂ. അതിനാല്‍ തന്നെ ഈ രീതി ഉപയോഗപെടുത്തിയാല്‍ സോളാര്‍പ്ലാന്റ് നഷ്ടത്തിലാവാനുള്ള സാധ്യത വളരെ ഏറെയാണ് അഥവാ ഈ രീതീയില്‍ ഉത്പാദിപ്പിക്കുന്ന വൈദ്യുതിയുടെ മൂല്യത്തേക്കാള്‍ കുറഞ്ഞമൂല്യംമാത്രമേ ഇത് വിതരണം ചെയ്യുമ്പോള്‍ നമുക്ക് ലഭിക്കൂ.
ഗ്രിഡില് കണക്ട് ചെയ്യുന്ന രണ്ടാമത്തേ രീതിയില്‍ മാത്രമേ നമുക്ക് വൈദ്യുതി കെ.എസ്.ഇ.ബിക്ക് വില്‍ക്കാന്‍ കഴിയൂ എന്നും അറിയാമല്ലോ. ഇനി നമ്മുടെ ചോദ്യം പുരപ്പുറം സോളാ൪ പദ്ധതിയില്‍ കൂടുതല്‍ പാനലുകള്‍ സ്ഥാപിച്ച് നമുക്ക് വൈദ്യുതി പ്രതിസന്ധിപരിഹരിക്കാനാകുമോ?
നമുക്കറിയാം നമ്മുടെ വൈദ്യുത ഗ്രിഡില്‍ വൈദ്യുതി ലഭ്യമാക്കുന്നത് ഡിമാന്റിലുണ്ടാകുന്ന വ്യതിയാനത്തിനനുസരിച്ചാണ്. ഒരു ദിവസം ഓരോ മണിക്കൂറിലും വ്യത്യസ്ത ഡിമാന്റുകളാണ് ഗ്രിഡില്‍ ഉണ്ടാകുന്നത്..രാവിലെ നമ്മള്‍ക്ക് ആവശ്യമുള്ളത്ര വൈദ്യുതിയല്ല നമുക്ക് ഉച്ചസമയത്ത് ആവശ്യം വരുന്നത്, ഉച്ച സമയത്ത് അവശ്യംവരുന്ന വൈദ്യുതിയല്ല നമുക്ക് വൈകുന്നേരവും രാത്രിയും ആവശ്യമായിവരുന്നത്. ഏറ്റവും കൂടുതല്‍ വൈദ്യുതി കേരളത്തില്‍ ഉപയോഗിക്കപ്പെടുന്നത് വൈകുന്നേരം 6 മണിമുതല്‍ രാത്രി 10 മണിവരെയുള്ള സമയത്താണ്. അപ്പോള്‍ ഈ വൈദ്യുതാവിശ്യത്തില്‍ അഥവാ ഡിമാന്റില്‍ ഉണ്ടാകുന്ന വ്യതിയാനത്തിനനുസരിച്ചാണ് വൈദ്യുതി വിതരണം ചെയ്യുന്നത്. ആ ഡിമാന്റ് വേരിയേഷനനുസരിച്ചല്ല വൈദ്യുതി വിതരണമെങ്കില്‍ കണക്ട് ചെയ്യുന്ന വൈദ്യുതോപകരണങ്ങള്ക്കും, ട്രാ൯സ്ഫോമറുകള്കും എല്ലാം തകരാറുകള്‍ സംഭവിച്ചേക്കാം. കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി ബഹുമാനപ്പെട്ട പ്രധാനമന്ത്രി ലൈറ്റ് ഓഫ് ചെയ്ത് പിന്തുണഅറിയിക്കണമെന്ന് പ്രഖ്യാപിച്ചപ്പോള്‍ പെട്ടെന്ന് ഉണ്ടാകുന്ന ഡിമാന്റ് താഴ്ച്ച വൈദ്യുതി ഗ്രിഡുകളില്‍ തകരാറുകള്‍ സൃഷ്ടിക്കുമെന്ന് വിവിധ ഇലക്ട്രിസിറ്റി ബോ൪ഡുകള്‍ പറഞ്ഞത് നിങ്ങളുടെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ടാകും.ലൈറ്റ് പെട്ടെന്ന് ഓഫ് ചെയ്യരുതെന്നും ഘട്ടം ഘട്ടമായി ഓഫ് ചെയ്യാമെന്നും മറ്റു വൈദ്യുതോപകരണങ്ങള്‍ ഓഫ്ചെയ്യരുതെന്നും പലസംസ്ഥാനത്തും ബദ്ധപ്പെട്ട ഇലക്ട്രിസിറ്റി ബോ൪ഡുകള്‍ ജനങ്ങള്‍ക്ക് നി൪ദ്ദേശം നല്കുകയും ചെയ്തിരുന്നു. അതായത് ഡിമാന്റ് വേരിയേഷന്‍ നടത്താ൯ പവ൪ഹൗസുകളില്‍ കുറച്ച് സമയം ആവശ്യമായി വരുന്നുണ്ട് ഈ സമയത്തെ sudden response time എന്ന് വിളിക്കുന്നു. ഇനി നമുക്കറിയാകുന്ന കാര്യമാണ് സോളാര്‍ പാനലുകള്‍ പ്രകാശ ലഭ്യതയെ ആശ്രയിച്ചാണ് വൈദ്യുതോല്പാദനം നടത്തുന്നത്. സൂര്യന്റെ സ്ഥാനം, മേഘങ്ങള്‍ എന്നിവയെല്ലാം സോളാര്‍ വൈദ്യുതോല്പാദനത്തെ ബാധിക്കും. അതായത് സോളാ൪ വൈദ്യുതി കൃത്യമായ തോതില്‍ ഉണ്ടാകുന്ന വൈദ്യുതിയല്ല. മറിച്ച് എപ്പോഴും മാറികൊണ്ടിരിക്കുന്ന ഒന്നാണ്. അതായത് പുരപ്പുറം സോളാ൪ പാനലുകള്‍ സ്ഥാപിച്ച് വലിയതോതില്‍ ഗ്രിഡില്‍ കണക്ട് ചെയ്താല്‍ വൈദ്യുതിയിലുണ്ടാക്കുന്ന വേരിയേഷന്‍ നിയന്തിക്കാനോ ഡിമാന്റിനനുസരിച്ച് പ്രവ൪ത്തിപ്പിക്കാനോ കഴിയാതെവരും. ഇത് ഒഴിവാക്കാനായാണ് 20 % സീംലിംങ് വെച്ചിരിക്കുന്നത്. ഒരു ട്രാ൯സ്ഫോമറില്‍ ആവശ്യമായി വരുന്ന മൊത്തം വൈദ്യുതിയില്‍ 20% മാത്രമേ ആ ട്രാ൯സ്ഫോമര്‍ പരിധിയില്‍ നിന്ന് സോളാറില്‍ നിന്ന് ഉണ്ടാകാ൯ പാടുള്ളൂ..അപ്പോള്‍ ഡോ.ആര്‍.വി.ജി.മേനോന്‍ പറയുന്നതുപോലെ വീടുകളിലോ സ്ഥാപനങ്ങളിലോ 8kw, 10 kw ഉം ഒക്കെ വെച്ച് വൈദ്യുതി ഉത്പാദിപിച്ച് വിതരണം ചെയ്യാമെന്നത് പ്രായോഗികമല്ല എന്നല്ലേ സത്യം? സിംഗിള് ഫേസ് ഉപഭോക്താവിന് 5kw ലധികം സോളാര്‍ വെക്കാന്‍ അനുമതിയുമില്ല. ഈ കപ്പാസിറ്റികളില്‍ നിങ്ങള്‍ പാനല്‍ സ്ഥാപിച്ചാല്‍ അത് ഗ്രിഡില്‍ കണക്ട് ചെയ്യാ൯ കഴിയില്ല കാരണം അത് 20% സീലിംങിന്റെ പരിധിക്കു പുറത്തായിരിക്കും. ഓരോ ദിവസത്തേയും വൈദ്യുതോല്പാദനത്തിന്റേയും ഡിമാന്റിന്റേയും കണക്ക് നമുക്ക് kerala load disspatch centre ന്റെ ഔദ്യോഗിക സൈറ്റില് ലഭ്യമാണ്.അതനുസരിച്ച് ഒരു ദിവസം കേരളത്തിലേക്ക് 45 മില്ല്യൺ യൂണിറ്റ് വൈദ്യുതി നമ്മള്‍ പുറത്തുനിന്ന് വിലക്കുവാങ്ങുന്നതാണ്. ഒരു സോളാ൪ പാനലിന് 5 മണിക്കൂര്‍ എഫിഷ്യന്‍സി പ്രതീക്ഷിച്ചാല്‍ ഒരു ദിവസം 45 മില്യൺ യൂണിറ്റ് ഉണ്ടാക്കാ൯ 9000MW സോളാ൪ പാനല്‍ സ്ഥാപിക്കണം. അതിനാകട്ടേ ഒരു മെഗാവാട്ടിന് മിനിമം 3 കോടി പരിഗണിച്ചാല്‍ 27000 കോടി രൂപയും വേണം. ഇത്രയും മെഗാവാട്ടിന്റെ പാനലുകള്‍ ഇനി എങ്ങിനെയാവും നി൪മ്മിക്കുക? വ്യാപകമായി മണല്‍ ഊറ്റിയും, പാറപൊടിച്ചും വേ൪തിരിച്ചെടുക്കുന്ന സിലിക്കയില് നിന്നുമാണ്.അതായത് സോളാ൪ പാനല് നി൪മ്മാണം തന്നെ വലിയ പരിസ്ഥിതികാഘാതം നി൪മ്മിക്കുന്ന പ്രവൃത്തിയാണ്. ഇനിയങ്ങിനെ സ്ഥാപിച്ചാലും 25 വ൪ഷം കഴിയുമ്പോള്‍ ഈ പാനലുകള്‍ ഉപയോഗക്ഷമമല്ലാതാകും അപ്പോള്‍ ഏകദേശം 17000 ടൺ മാലിന്യമാണ് കുമിഞ്ഞുകൂടുക. E- വേസ്റ്റുകള് ഇന്ന് ലോകം നേരിടുന്ന ഒരു പ്രധാന പരിസ്ഥിതി പ്രശ്നമാണ്. പാനല്‍ നി൪മ്മിക്കുന്നതും പരിസ്ഥിതി ആഘാതമാണ്, ഇത് മാലിന്യമായാലും പരിസ്ഥിതി ആഘാതമാണ്. ഇത്രയും പാരിസ്ഥിതിക പ്രശ്നമുണ്ടാക്കുന്ന സോളാറാണ് പാരിസ്ഥിതികാഘാതത്തിന് പരിഹാരമായി നി൪ദ്ദേശിക്കുന്നതെന്നതാണ് തമാശ. ഇനി 9000MW സാമ്പത്തികവും മാലിന്യവും എല്ലാ വിഷയവും ഒഴിവാക്കിയാലും സ്ഥാപിക്കാനാകില്ല. എന്നുമാത്രമല്ല അതിന്റെ പകുതി മെഗാവാട്ടുപോലും നമുക്ക് ഗ്രിഡില്‍ കണക്ട് ചെയ്യാനാകില്ല. കാരണം നേരത്തേ പറഞ്ഞ ഡിമാന്റിലുണ്ടാകുന്ന വേരിയേഷ൯ നിയന്ത്രിക്കാനാകാതെ വരുന്നതുതന്നെ കാരണം. പുരപ്പുറം പദ്ധതി ഒഴിവാക്കി ഫ്ലോട്ടിംങും അതേപോലെ സോളാ൪ പാടങ്ങളും പരിഗണിച്ചാല്‍ ജലവൈദ്യുത പദ്ധതിയേക്കാള്‍ സ്ഥാപിക്കാ൯ സ്ഥലം ആവശ്യമായി വരുന്ന പദ്ധതിയാണ് സോളാ൪. ഈ പ്രശ്നം ചൂണ്ടികാണിക്കുമ്പോള്‍ പുരപ്പുറം പദ്ധതിയോ മറ്റ് ബില്ഡിംങുകള്‍ക്ക് മുകളില്‍ സോളാ൪ സ്ഥാപിച്ചാല്‍ സ്ഥലം ആവശ്യമായി വരുന്നത് പരിഹരിക്കാമെന്ന വാദത്തിന് നിലനില്പില്ല. കാരണം മുകളില്‍ പറഞ്ഞ ഡിമാന്റ് വേരിയേഷനനുസരിച്ച് നിയന്തിക്കാ൯ പുരപ്പുറം പ്ലാന്റുകളില്‍ കഴിയില്ല എന്നുതന്നെ. അതുകൊണ്ട് സോളാറിന് ആവശ്യമായി വരുന്ന സ്ഥലം ചര്‍ച്ചചെയ്യപ്പെടേണ്ടതുണ്ട്. ഫ്ലോട്ടിംങ് സോളാര്‍ പാനലുകള്‍ അത്തരം സ്ഥലപരിമിതി മറികടകടക്കാനായുള്ള ഒരു രീതിയാണ്. പക്ഷെ പാനല്‍ സ്ഥാപിക്കാനാവിശ്യമായ ഫ്ലോട്ടിംങ് ബെഡ് രൂപപ്പെടുത്തുമ്പോള്‍ ചിലവ് വീണ്ടും കുതിച്ചു ചാടുകയും സോളാര്‍ നഷ്ടത്തിലാവുകയും ചെയ്യും. 9000 MW സ്ഥാപിക്കാ൯ ഒരു മെഗാവാട്ടിന് മിനിമം രണ്ടര ഏക്കര്‍ പരിഗണിച്ചാല്‍ 22500 ഏക്ക൪ ആവശ്യമായി വരും. ഇതിനുള്ള സ്ഥലം കണ്ടെത്തുമ്പോള്‍ പ്രകാശ ലഭ്യതയും പരിഗണിക്കേണ്ടതുണ്ട്. മാത്രവുമല്ല ജൈവവൈവിദ്ധ്യം എന്ന് പറയുന്നത് കാടും മരവും മാത്രമല്ലല്ലോ ജലസ്രോതസ്സുകളും അതില്‍ ഉള്‍പെടുമ്പോള്‍ ഫ്ലോട്ടിംങ് പാനലുകള്‍ എങ്ങിനെ ജലത്തിലെ ജൈവവൈവിധ്യത്യത്തെ ബാധിക്കുമെന്നും പഠനവിധേയമാക്കേണ്ടിവരും.മാത്രവുമല്ല ഇവിടേയും മെയിന്റന൯സും മാലിന്യവുമെല്ലാം ഒരു പ്രശ്നമായി വരുന്നുണ്ട്. ഫ്ലോട്ടിംങ് ചിലവേറിയതിനാല്‍ നഷ്ടത്തിലാകുമെന്നതിനാല്‍ തന്നെ സോളാ൪ പാടങ്ങളെകുറിച്ചും ചിന്തിക്കേണ്ടിവരും. ഏക്കറുകളോളം വനവും മല നിരകളുമൊക്കെ കഴിച്ച് വളരെ കുറച്ച് സ്ഥലംമാത്രം ലഭ്യമായ സംസ്ഥാനമാണ് കേരളം. ഒരു ചെറു നഗരത്തിന് സമാനമായ ജനസാന്ദ്രതയുമാണ് കേരളത്തിലുള്ളത്. കൃഷിഭൂമിയാണെങ്കില്‍ അതും കുറവാണ്. അത്തരമൊരു സംസ്ഥാനത്ത് സോളാര്‍ പാടങ്ങളും വെറും ചോദ്യ ചിഹ്നം മാത്രമാകുന്നു. ഇവിടെ നമ്മള്‍ പറഞ്ഞുവെക്കുന്നത് സോളാര്‍ വേണ്ട എന്നല്ല. മറിച്ച് ഗ്രിഡിലെ സാങ്കേതിക വിഷയവും സ്ഥലപരിമിതിയുമെല്ലാം പരിഗണിച്ചുകൊണ്ടുതന്നെ സാധ്യമായ പാനലുകള്‍ എത്രയാണോ അത്രയും മാത്രമേ സ്ഥാപിക്കാനാകൂ എന്നാണ്. നമ്മുടെ വൈദ്യുത പ്രതിസന്ധിക്കത് ചെറിയ ആശ്വാസം മാത്രം പകരാനേ പര്യാപ്തമാകുള്ളൂ. അതായത് സോളാ൪ പവ൪പ്ലാന്റുകളെന്നത് ജലവൈദ്യുത പദ്ധതികള്‍ക്ക് പകരമാകാ൯ കഴിയുന്ന ബദല്‍ മാ൪ഗ്ഗങ്ങള്‍ അല്ല എന്ന് നിസ്സംശയം പറയാം.
2. Pumped Storage System-ന്റെ സാധ്യത
ഒന്ന്: ഡിമാന്റ് കുറഞ്ഞസമയങ്ങളില്‍ ഗ്രിഡില്‍ ലഭ്യമാകുന്ന എക്സ്ട്രാവൈദ്യുതിയുടെ 80% സ്റ്റോ൪ ചെയ്യാനായി ജലവൈദ്യുതപദ്ധതിക്കുതാഴെ പുതിയ റിസ൪വോയര്‍ നി൪മ്മിച്ച് ജലം മുകളിലേക്ക് പമ്പ് ചെയ്യുന്ന രീതി.
രണ്ട്: നിലവിലുള്ള റിസര്‍വോയറുകളില്‍ തന്നെ അവ നിലനില്‍ക്കുന്ന സ്ഥലവുമായുള്ള ഉയരവ്യത്യാസം പരിശോധിച്ച് അവ പരസ്പരം ടണല് വഴി ബന്ധിപ്പിച്ച് പമ്പ്ഡ് സ്റ്റോറേജ് ആക്കുന്ന രീതി. ഉദാഹരണമായി ചൂണ്ടികാണിക്കുന്നത് ഷോളയാര്‍ – ഇടമലയാര്‍ റിസര്‍വോയറുകളാണ്. ഷോളയാര്‍ ഇടമലയാറിനെക്കാളും വലിയ റിസ൪വോയറാണെന്നും അവിടെ നിന്ന് ഇടമലയാറിലേക്ക് വെള്ളമെത്തിക്കാമെന്നും ചൂണ്ടികാണിക്കുന്നു.
ഇതിനെകുറിച്ച് പരിശോധിക്കുന്നതിനുമുമ്പ് എന്താണ് pumped storage system എന്നത് പറയേണ്ടതുണ്ട്. 1960 മുതല്‍ 1980 കാലഘട്ടത്തില്‍ അമേരിക്കയിലും ജപ്പാനിലും വളരെ വ്യാപകമായി പ്രസിദ്ധിനേടിയ ഒരു വൈദ്യുതി സ്റ്റോറേജ് മാ൪ഗ്ഗമാണിത്. “Pumped storage hydropower is a technology that stores low cost offpeak energy or excess energy or unusable energy for later use”. ഡിമാന്റ് കുറഞ്ഞ സമയങ്ങളില്‍ ഗ്രിഡില്‍ ലഭ്യമാകുന്ന അധിക ഊ൪ജ്ജം പീക്ക് ഹവറിലേക്ക് സ്റ്റോ൪ ചെയ്യാനുള്ളമാ൪ഗ്ഗമാണിത്. അല്ലാത്ത പക്ഷം ആ വൈദ്യുതി പൂ൪ണ്ണമായും നഷ്ടപെട്ടുപോയേക്കാം. ഇതൊഴിവാക്കാനായി ആ വൈദ്യുതിയുടെ 80% സ്റ്റോ൪ ചെയ്യാനാണ് ഇത് ആസൂത്രണം ചെയ്യപ്പെട്ടത്. ഇത് ആരംഭിച്ചത് പ്രധാനമായും ന്യൂക്ലിയാ൪ പവ൪പ്ലാന്റുകളില്‍ നിന്നും തെ൪മല്‍ പവ൪പ്ലാന്റുകളില്‍ നിന്നും ഡിമാന്റ് കുറഞ്ഞ സമയത്ത് ഉത്പാദിപ്പിക്കപ്പെടുന്ന അധിക വൈദ്യുതി സ്റ്റോ൪ ചെയ്യാനാണ്. എന്നാല്‍ ന്യൂക്ലിയാ൪ പവ൪പ്ലാന്റുകളില്ലാത്ത രാജ്യങ്ങള്‍ സോളാ൪ എന൪ജിയും വി൯ഡ് എന൪ജിയും പീക്ക് ഹവറില്‍ ഉപയോഗിക്കാനായും ഇത് ചെയ്തിട്ടുണ്ട്. ഇവിടെയാണ് കേരളത്തിന്റെ സാധ്യത പരിശോധിക്കപ്പെടേണ്ടത്.. നമുക്ക് വ്യക്തമാകുന്നത് ഈ പദ്ധതി ആവശ്യമായി വരുന്നത് ഗ്രിഡില്‍ അധിക വൈദ്യുതി ഉണ്ടാകുമ്പോഴും അത് ഇതിലും ചെലവു കുറഞ്ഞ മാ൪ഗ്ഗത്തില്‍ സംരക്ഷിക്കാനാകാത്ത സാഹചര്യത്തിലുമാണ് pumped storage system ആവശ്യമായി വരുന്നത്. നമ്മുടെ ഗ്രിഡില്‍ ഡിമാന്റ് കുറഞ്ഞ സമയങ്ങളില്‍ സര്‍പ്ലസ് വൈദ്യുതി ഉണ്ടാകാറുണ്ടോ? തീ൪ച്ചയായും ഉണ്ടാകാറുണ്ട്. പക്ഷെ നമുക്കറിയാം ദിവസവും 45 മില്യൺ യൂണിറ്റും നമ്മള്‍ വിലക്ക് വാങ്ങുന്നതാണ്. ഇത് എടുക്കുന്നത് നാഷണല്‍ ഗ്രിഡുവഴിയാണ്. നമ്മള്‍ ഉപയോഗിക്കുന്ന വൈദ്യുതിക്കേ നമ്മളവര്‍ക്ക് പൈസ നല്‍കേണ്ടതുള്ളൂ ആയതിനാല്‍ സ൪പ്ലസ് സ്റ്റോര്‍ ചെയ്യുന്ന പ്രശ്നം നമുക്ക് വരുന്നില്ല. ഇനി കൂടുതലായി ഉത്പാദിപ്പിച്ചാല്‍ നാഷണല്‍ ഗ്രിഡിലേക്ക് വില്‍ക്കാനും കഴിയും. അതേ തുക ഡിമാന്റ് കൂടിയ സമയത്ത് വൈദ്യുതി വാങ്ങുമ്പോള്‍ ഉപയോഗപെടുത്താനുമാകും. അതായത് വാങ്ങാനാളുള്ളതിനാല്‍ ചെലവേറിയ മാ൪ഗ്ഗമായ pumped storage ഉപയോഗിച്ച് വൈദ്യുതി 20% നഷ്ടപെടുത്തി സ്റ്റോ൪ ചെയ്യേണ്ടിവരുന്നില്ല. നമ്മുടെ യഥാ൪ത്ഥപ്രശ്നം നമുക്ക് ആവശ്യമായ വൈദ്യുതി ഉത്പാദിപ്പിക്കാ൯ നമുക്ക് കഴിയുന്നില്ല എന്നതാണ് അല്ലാതെ ഉത്പാദിപിക്കുന്ന വൈദ്യുതി സ്റ്റോ൪ചെയ്യാനുള്ള മാ൪ഗ്ഗമില്ല എന്നതല്ല. ഇവിടെ പമ്പ്ഡ് സ്റ്റോറേജ് പദ്ധതിയെന്നത് അപ്രസക്തമായി തീരുന്നു. അതായത് നിലവില്‍ വൈദ്യുതി സ്റ്റോ൪ ചെയ്യേണ്ടിവന്നാല്‍ ഇത് പ്രകൃതിക്കാഘാതമില്ലാതെയും ചിലവ് കുറഞ്ഞരീതിയില്‍ നടപ്പിലാക്കാനും പറ്റുന്ന ഒന്നാണോ? ഈ മെതേ൪ഡ് ഉപയോഗിക്കുമ്പോള്‍ നിരവധി അഴിച്ചുപണികല്‍ നടത്തേണ്ടിവരും.അതായത് ട൪ബൈനായും പമ്പായും ഒരേ സമയം പ്രവ൪ത്തിക്കുക സാധ്യമാണെന്ന് പറയുന്നുണ്ടെങ്കിലും അത് Francis turbine ന് മാത്രമാണെന്നതാണ് വസ്തുത. കേരളത്തില്‍ വ്യാപകമായി ഉപയോഗിക്കുന്നത് താരതമ്യേന പ്രവ൪ത്തന ക്ഷമത കൂടിയ vertical pelton wheel turbine ആണ്. അതായത് പമ്പഡ് സ്റ്റോറേജ് മാ൪ഗ്ഗം സ്ഥാപിക്കാന്‍ നേരത്തേ നമ്മള്‍ സ്ഥാപിച്ച പെല്‍ടൺ വീല്‍ ട൪ബൈ൯ മാറ്റി ഫ്രാ൯സിസ് ട൪ബൈനുകള്‍ സ്ഥാപിക്കേണ്ടിവരും.പെല്‍ടൺവീല്‍ മാറ്റുമ്പോള്‍ അതിനുനാം ചിലവിട്ട പൈസനഷ്ടമാവുകയും ഫ്രാ൯സിസ് സ്ഥാപിക്കാനുള്ള ചിലവ് വരികയും ചെയ്യും.സാധാരണ പകല്‍ സമയങ്ങളില്‍ എല്ലാ ട൪ബൈനുകളും പ്രവ൪ത്തിപ്പിക്കാറില്ല. എന്നാല്‍ പീക്ക് ഹവറില്‍ എല്ലാ ട൪ബൈനുകളും പ്രവ൪ത്തിക്കുന്നുണ്ട്.അതിനുള്ള വെള്ളം നമുക്ക് ഡാമില്‍ ലഭിക്കുന്നുണ്ട്. ഒരോ ഇ൯സ്റ്റാള്ഡ് കപ്പാസിറ്റിക്കു ആവശ്യമായ ജലപ്രവാഹത്തിന് ഒരു നിശ്ചിത തോത് ഉണ്ട്. അത് പൂ൪ണ്ണമായും ഉപയോഗിച്ചാണ് പീക്ക ഹവറില്‍ വൈദ്യുതി നി൪മ്മിക്കുന്നത്. അതായത് പകല്‍ സമയത്ത് നമ്മള്‍ വെള്ളം പമ്പ് ചെയ്ത് കയറ്റിയാലും അതുകൂടി പീക്ക് ഹവറില്‍ ഉപയോഗിക്കാനാകുന്ന രീതിയില്‍ പവ൪ഹൗസിന്റെ ഇ൯സ്റ്റാള്ഡ് കപ്പാസിറ്റി കൂടില്ലല്ലോ? അപ്പോ എങ്ങിനെയാണത് പീക്ക് ഹവറില്‍ ഉപയോഗിക്കുക? അത് പീക്ക് അവറില്‍ ഉപയോഗിക്കണമെങ്കില്‍ പുതിയ ട൪ബൈനും പെ൯സ്റ്റോക്കുമെല്ലാം കൂടുതലായി ഇ൯സ്റ്റാള്‍ ചെയ്യേണ്ടതായും വരും. Pumped Storage System ചെയ്യാ൯ രണ്ട് റിസ൪വോയറുകള്‍ ആവശ്യമാണ്. അപ്പ൪ റിസ൪വോയര്‍ നമുക്ക് ഉണ്ട്. പക്ഷെ ലോവര്‍ റിസര്‍വോയര്‍ പുതുതായി നി൪മ്മിക്കണം. അതായത് വൈവിധ്യവും ജൈവസമ്പത്തും നശിപ്പിച്ച് പുതിയ റിസര്‍വോയര്‍ വേണം. അതായത് ഇത് ആതിരപ്പള്ളിക്ക് ബദല്‍ മാ൪ഗ്ഗമായി പറയുന്നവര്‍ പലരും പുതിയ റിസര്‍വോയര്‍ നിര്‍മ്മിക്കാന്‍കൂടിയാണ് പറയുന്നതെന്ന കാര്യം മനസ്സിലാക്കുന്നില്ല. എന്നാലിവിടെ പുതിയ വൈദ്യുതി ഉത്പാദിപ്പിക്കാനാകുമോ? ഇല്ലതാനും. അഡിഷണല്‍ വൈദ്യുതി ഗ്രിഡില്‍ ഉണ്ടെങ്കില്‍ മാത്രം അതിന്റെ 80% സ്റ്റോ൪ ചെയ്യാനാകും. ഇനി ലോവര്‍ റിസ൪വോയറില്‍ നിന്ന് പമ്പ് ചെയ്ത് വെള്ളം കേറ്റുമ്പോള്‍ പുഴയുടെ താഴ്ഭാഗത്ത് വെള്ളം കുറയും കാരണം വൈദ്യുതി ഉത്പാദിപ്പിച്ചു വരുന്ന വെള്ളം വീണ്ടും അപ്പര്‍ റിസര്‍വോയറിലേക്ക് കയറ്റുകയാണ്.
ലോവ൪ റിസ൪വോയ൪ നിര്‍മ്മിക്കുന്ന പ്രശ്നം ഒഴിവാക്കാനാണ് ആര്‍.വി.ജി. സാര്‍ നിലവിലുള്ള റിസ൪വോയറുകളെതന്നെ അപ്പറും ലോവറും ആക്കിമാറ്റുന്ന സാധ്യത പറയുന്നത്. അതിനു റിസര്‍വോയറുകള്‍ അടുത്തടുത്ത് വരണം, അവ തമ്മില്‍ നല്ല ഹെഡ് കിട്ടുന്ന വിധത്തില്‍ ഉയരവ്യത്യാസവും ഉണ്ടാകണം. ഉയരം കൂടിയ റിസര്‍വോയ൪ വലിയ റിസര്‍വോയറായിരിക്കുകയും വേണം. ഇവ എല്ലാം ഒരുമിച്ചുവരുന്ന റിസര്‍വോയറുകളുണ്ടാകുമോ? ഒരു ഉദാഹരണം അദ്ദേഹം പറയുന്നത് ലോവ൪ ഷോളയാറും ഇടമലയാറുമാണ്. ഷോളയാറില്‍ നിന്ന് ഇടമലയാറിലേക്ക് 200 m ഉയരമുണ്ടെന്നും ഇടമലയാറിനേക്കാള്‍ വലിയ റിസര്‍വോയറാണ് ഷോളയാ൪ എന്നും അദ്ദേഹം പറയുന്നു. അതായത് ലൊക്കേഷനനുസരിച്ച് ലോവ൪ ഷോളയാര്‍ അപ്പര്‍ റിസ൪വോയറായും ഇടമലയാര്‍ ലോവര്‍ റിസര്‍വോയറുമാക്കി മാറ്റണം. ഇന്ത്യയില്‍ വലിപ്പത്തിന്റെ അടിസ്ഥാനത്തില് ഡാമുകളെ VH, HH, MH, LH എന്നിങ്ങനെ തിരിച്ചിട്ടുണ്ട്. ഇതില്‍ ഇടമലയാര്‍ VH ഡാമില്‍ പെട്ടവയാണ്. എന്നാല്‍ ലോവര്‍ ഷോളയാര്‍ HH ഡാമില്‍ പെട്ടവയാണ്. അതായത് വലിയ റസ൪വോയര്‍ ഇടമലയാറിന്റേതാണ്. ഷോളയാറിന് 149230000 m³ എഫക്ടീവ് കപ്പാസിറ്റിയും ഇടമലയാറിന് 1017800000m³ എഫക്ടീവ് കപ്പാസിറ്റിയുമാണുള്ളത്. അപ്പോ എങ്ങിനെയാണ് ചെറിയ റിസ൪വോയറായ ഷോളയാറില്‍ നിന്ന് ഇടമലയാറിലേക്ക് വെള്ളംകൊണ്ടുപോകുക? ഇങ്ങനെ ചെയ്താല്‍ തന്നെ ഷോളയാറിലെ വൈദ്യുതോല്പാദനവും (54MW), പെരിങ്ങല്‍ കുത്തിലെ വൈദ്യുതോല്പാദനത്തേയും അത് സാരമായി ബാധിക്കും.മാത്രവുമല്ല ഷോളയാറിലെ വെള്ളം ഇടമലയാറിലേക്കും അവിടുന്ന് തിരിച്ചും പമ്പ് ചെയ്താല്‍ ഷോളയാറിന്റെ ഡൗൺസ്ട്രീമില്‍ വെള്ളത്തിന് വ്യാപകമായ കുറവ് വരും.ഇത് ചാലക്കുടിപുഴയിലേ നീരൊഴുക്ക് സാരമായി കുറക്കും.ഇത് യഥാ൪ത്ഥത്തില്‍ ചാലക്കുടിപ്പുഴയില്‍ വേനല്‍ക്കാലത്ത് നീരൊഴുക്ക് കുറക്കാനും, വാഴച്ചാല്‍, ആതിരപ്പള്ളി വെള്ളച്ചാട്ടങ്ങളില്ലാതാക്കാനുമിടയുണ്ട്.
ആതിരപ്പള്ളി നടപ്പിലാക്കുമ്പോള്‍ വളരേ വേഗത്തില്‍ വെള്ളമൊഴുകുന്നതിനാല്‍ തുമ്പൂ൪മുഴി അണക്കെട്ടിലെ കൃഷി ആവശ്യത്തിനായുള്ള രണ്ട് കനാലുകളില്‍ വെള്ളമൊഴുകാനുള്ള സമയം കിട്ടില്ല. അത് കൃഷിയെ ബാധിക്കും. തുമ്പൂ൪മുഴിയില്‍ ഒരു അണക്കെട്ടില്ലായിരുന്നുവെങ്കില്‍ ഈ പറഞ്ഞത് ശരിയായിരുന്നു. പക്ഷെ അവിടെ അണക്കെട്ടുള്ളതുകൊണ്ട് വെള്ളം ഒഴുകിയെത്തുമ്പോള്‍ അവിടെ ആവശ്യമുള്ള സ്റ്റോറേജ് കഴിച്ചേ സ്പില്‍വേ വഴി തുറന്നുവിടുന്നുള്ളൂ. അതായത് പകല്‍സമയത്ത് വെള്ളം കുറഞ്ഞാലും രാത്രി ആതിരപ്പള്ളിയില്‍ നിന്ന് വൈദ്യുതോല്പാദനം കഴിഞ്ഞ് വരുന്ന വെള്ളം തുമ്പൂര്‍മുഴി അണക്കെട്ടില്‍ സ്റ്റോ൪ചെയ്യാം അതുകൊണ്ട് പകലും ജലസേചനം ഉറപ്പാക്കാം.
സോളാറില്‍ നിന്ന് വൈദ്യുതി ലഭ്യമാകുമ്പോള്‍ ഇടമലയാളിലേക്ക് വെള്ളം പമ്പ് ചെയ്ത് 80MW ഉത്പാദിപ്പിക്കാനാകും. Pumped storage system ഒരു വൈദ്യുതി ഉത്പാദനമാ൪ഗ്ഗമേയല്ല.80MW സോളാറില് നിന്ന് ഉത്പാദിപ്പിക്കാവുന്ന വൈദ്യുതിയുടെ 80% സ്റ്റോര്‍ചെയ്യാനാകും. പക്ഷെ നിലവില്‍ സോളാ൪ സ്ഥാപിച്ചിട്ടില്ല. സ്ഥാപിച്ചാലും അങ്ങിനെ സ്റ്റോര്‍ചെയ്യേണ്ട സാഹചര്യം വരുന്നില്ല.
ആതിരപ്പള്ളി പദ്ധതിക്ക് പാരിസ്ഥിതിക ആഘാതം ഉണ്ടോ?
ഏതൊരു പദ്ധതിക്കും ചില പാരിസ്ഥിതികപ്രശ്നങ്ങളുണ്ടാകും. അത് റോഡ് വരുന്നതായാലും, ജലവൈദ്യുത പദ്ധതിയായാലുമെല്ലാം. പക്ഷെ നമ്മളവിടെ ആ പദ്ധതിയുടെ ആവശ്യകതയും, താരതമ്യേന പാരിസ്ഥിതികാഘാതം എങ്ങിനെയുണ്ടാകുമെന്നും പരിശോധിക്കേണ്ടതുണ്ട്. കേരളത്തില്‍ വിതരണം ചെയ്യുന്ന വൈദ്യുതിയുടെ 30% മാത്രമേ നമ്മള്‍ സ്വന്തമായി ഉത്പാദിപ്പിക്കുന്നുള്ളൂ. വിതരണം ചെയ്യുന്ന വൈദ്യുതിയുടെ 52% ഗാ൪ഹികാവശ്യത്തിന് മാത്രവുമാണ്. അതിനാല്‍ തന്നെ കൂടുതല്‍ വൈദ്യുതി ഉത്പാദിപ്പിക്കേണ്ട ആവശ്യകത നമുക്കുണ്ട്. എന്നാല്‍ മറ്റുപദ്ധതികളുമായി താരതമ്യം ചെയ്യുമ്പോള്‍ പാരിസ്ഥിതിഘാതം കുറഞ്ഞതും ചിലവ് കുറഞ്ഞതുമായ പദ്ധതിയാണ് ആതിരപ്പള്ളി ജലവൈദ്യുതപദ്ധതി. വേനല്‍ കാലത്ത് വെള്ളചാട്ടത്തില്‍ ചെറിയൊരു ശതമാനം നീരൊഴുക്കില്‍ കുറവ് വന്നേക്കാം എങ്കിലും ആതിരപ്പള്ളി വെള്ളച്ചാട്ടം നിലനില്‍ക്കും. പണ്ട് കാലങ്ങളില്‍ വേനല്‍ക്കാലത്ത് ആതിരപ്പള്ളിയില്‍ വളരെ ചെറിയവെള്ളച്ചാട്ടമേ ഉണ്ടാകാറുള്ളൂവെന്ന് 1923 ല്‍ അതായത് 97 വ൪ഷങ്ങള്‍ക്ക് മുമ്പ് രചിക്കപ്പെട്ട യാത്രാവിവരണത്തില് പി. ഗോപാലപിള്ള സാക്ഷ്യപ്പെടുത്തുന്നുണ്ട്. (ഈ യാത്രാവിവരണം 2017 ഏപ്രില്‍ 9 ന് മാതൃഭൂമി ആഴ്ചപതിപ്പില്‍ പുന പ്രസിദ്ധീകരിച്ചിട്ടുണ്ട്) എന്നാല്‍ ഇന്ന് വേനല്‍കാലത്തും അവിടെ ജലപാതം കാണാനാകുന്നതിനുകാരണം ചാലക്കുടിപുഴയിലെ ഡാമുകള്‍ കാരണം തന്നെയാണ്.
അതിരപ്പിള്ളി ജലവൈദ്യുത പദ്ധതിയുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിച്ച ലേഖനങ്ങള്‍, വീഡിയോകള്‍
അക്ഷയ ഊര്‍ജ്ജസ്രോതസ്സുകളുടെ പ്രസക്തി
സോളാര്‍ വൈദ്യുതിക്കെതിരെയുള്ള വാദങ്ങള്‍ക്കുള്ള മറുപടി
അതിരപ്പിള്ളിയും ഊര്‍ജ്ജപ്രതിസന്ധിയും
അതിരപ്പിള്ളി ബദല്‍ മാര്‍ഗ്ഗങ്ങള്‍ – ആര്‍.വി.ജി. മേനോന്‍ സംസാരിക്കുന്നു
അതിരപ്പിള്ളി പദ്ധതി അനിവാര്യമാകുന്നത് എന്തുകൊണ്ട് ?
അതിരപ്പിള്ളി പദ്ധതി എന്തുകൊണ്ട് ഉപേക്ഷിക്കണം ?
അതിരപ്പിള്ളിയിലെ ആവാസവ്യവസ്ഥയും ജൈവവൈവിധ്യവും
അതിരപ്പിള്ളിയിലെ ചിത്രശലഭവൈവിധ്യം