Read Time:14 Minute

ഡോ.ആര്‍.വി.ജി.മേനോന്‍

നാം ഈ വര്‍ഷത്തേക്കോ അടുത്ത അഞ്ചു വര്‍ഷത്തേക്കോ അല്ല, ഭാവിയിലേക്കാണ് ഉറ്റു നോക്കേണ്ടത്. കേരളത്തിന് ഒരു അക്ഷയ (sustainable ) ഊർജ്ജ വ്യവസ്ഥ വേണം എന്ന് കണക്കാക്കിയാണ് നാം ആസൂത്രണം ചെയ്യേണ്ടത്. സുഘോഷ് പി.വി.യുടെ കുറിപ്പിനോട് ഡോ.ആര്‍.വി.ജി. മേനോന്‍ പ്രതികരിക്കുന്നു.

പ്രതികരണങ്ങൾ സന്തോഷം പകരുന്നു.

അക്ഷയ ഊർജ സ്രോതസ്സുകളുടെ പ്രസക്തി

Pumped സ്റ്റോറേജ് സാധാരണയായി താപനിലയങ്ങളുടെ ഡിമാൻഡ് വ്യത്യാസം പരിഹരിക്കാനാണ് ഉപയോഗിക്കാറുള്ളത് എന്നതു  ശരിയാണ്. സൗരോർജ നിലയങ്ങളുമായി ബന്ധപ്പെടുത്തി ഇവിടെയാണ് ആദ്യമായി ഉന്നയിച്ചത്. അതിന്റെ ലാഭവും നഷ്ടവും തീർച്ചയായും സൗരോർജ വൈദ്യുതിയുടെ ഉത്പാദനകച്ചെലവും അതിനു പകരമുള്ള താപ / ആണവ വൈദ്യുതിയുടെ ഉത്പാദനച്ചെലവും ആയി അബന്ധപെട്ടാണ് ഇരിക്കുക. ബദൽ ഊർജ സ്രോതസ്സുകളുടെ എല്ലാം ചെലവും വര്‍ഷം തോറും കൂടിവരുകയാണ് എന്നതും സൗരോർജ വൈദ്യുതിയുടെ ചെലവ് കുറഞ്ഞു വരികയാണ് എന്നതും  നമുക്കറിയാമല്ലോ. കേരളത്തിലെ വൈദ്യുതി ആവശ്യത്തിന്റെ മൂന്നിൽ രണ്ട് ഭാഗവും നാം പുറത്തു നിന്ന് വാങ്ങുകയാണ്. ഇപ്പോൾ  ഇത് സൗകര്യമായി നടക്കുന്നത് അഖിലേന്ത്യ അടിസ്ഥാനത്തിൽ വൈദ്യുതിയിൽ ഒരു buyer’s market നിലനിൽക്കുന്നതുകൊണ്ടാണ്. താരതമ്യേന കുറഞ്ഞ വിലയ്ക്ക്  വൈദ്യുതി എത്ര വേണമെങ്കിലും വാങ്ങാൻ കിട്ടുന്നുണ്ട്. ഇത് എക്കാലവും ഇങ്ങനെ തന്നെ തുടരും എന്ന് കരുതുന്നതു ശരിയാണോ? കൽക്കരി കത്തിക്കുന്ന താപനിലയങ്ങളുടെ കാര്യത്ത്തിൽ ആഗോള തലത്തിൽ ശക്തമായ എതിർപ്പ് ഉയർന്നു വരുകയാണ്. എണ്ണ  / ഗ്യാസ് വില ഭാവിയിൽ ക്രമരഹിതമായി ഉയരുകയും ചെയ്യും. ഈ സാഹചര്യത്തിലാണ് അക്ഷയ ഊർജ സ്രോതസ്സുകളുടെ പ്രസക്തി.

കേരളത്തിലെ സൗരോർജ ലഭ്യതയെപ്പറ്റി കൃത്യമായ പഠനങ്ങൾ കുറവാണ്. പൂനാ ആസ്ഥാനമായ WISE നടത്തിയ പഠനം അനുസരിച്ച് അത് 20000 മെഗാവാട്ടിൽ കവിയും. MNRE യുടെ ഔദ്യോഗിക പഠനം അനുസരിച്ചു തിരുവനന്തപുരത്തു പതിക്കുന്ന സൗരോർജത്തിന്റെ  അളവ് താരതമ്യേന  മഴയും മേഘങ്ങളും കുറവുള്ള നാഗപ്പൂരിൽ പതിക്കുന്നതിനു സമമാണ്. ചേന്ദമംഗലം പഞ്ചായത്തിൽ CDIT മുംബൈ IIT യുമായി സഹകരിച്ചു നടത്തിയ പഠനത്തിൽ കണ്ടത് അവിടെ നിലവിലുള്ള ടെറസ് വീടുകളുടെ പുരപ്പുറത്തു നിന്ന് 10 MW വൈദ്യുതി  ഉത്പാദിപ്പിക്കാം എന്നാണു. ഇത് ശരിക്കു ഓരോ വീട്ടിലെയും സ്ഥിതി അളന്നു കിട്ടിയ ഫലമാണ്. ശരിയായിരിക്കണം. ഇതിനു പുറമെയാണ് തുറസ്സായ ജലാശയങ്ങളിൽ ഒഴുകുന്ന ചങ്ങാടങ്ങളിൽ സ്ഥാപിക്കാവുന്ന സൗര ഫലകങ്ങളിൽ നിന്ന് കിട്ടാവുന്ന വൈദ്യുതി. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ചെയ്തത് പോലെ മറ്റു സാധ്യതകളും ഉണ്ടാവാം. അതായത് ആവശ്യത്തിനുണ്ട് എന്നർത്ഥം.

സുഘോഷ് ചൂണ്ടിക്കാണിച്ചതു പോലെ സൗരോർജം എപ്പോഴും കിട്ടുന്നില്ല എന്നതും നമുക്ക് 24 മണിക്കൂറും (വൈകുന്നേരം  കൂടുതലും) വേണമെന്നതും  വളരെ ശരിയാണ്. അതുകൊണ്ടു സൗരോർജവും കാറ്റാടിയും ആശ്രയിച്ചുള്ള അക്ഷയ ഊർജ വ്യവസ്ഥയിൽ തീർച്ചയായും  ഊർജ ശേഖരണം കൂടിയേ തീരൂ. (അതില്ലാതെ സൗരോർജവും കാറ്റാടി മില്ലുകളും മാത്രം കൊണ്ട് അക്ഷയ ഊർജ വ്യവസ്ഥ ഉണ്ടാക്കാമെന്ന് ആരും കരുതണ്ട.) ബാറ്ററി ഇപ്പോൾ ചെലവേറിയതാണ്. പാരിസ്ഥിതികമായും മെച്ചമല്ല. വൈദ്യുതി ഉപയോഗിച്ചു ഹൈഡ്രജൻ ഉത്പാദിപ്പിക്കുന്ന സാങ്കേതികവിദ്യ ഭാവിയിൽ ലാഭകരം ആയേക്കാം. ഇപ്പോഴല്ല. ഇപ്പോഴത്തെ സാഹചര്യത്തിൽ കേരളത്തിൽ pumped storage ആണ് അനുയോജ്യം. 2018 ഫെബ്രുവരി 8,9 തീയതികളിൽ നമ്മുടെ Energy Management Centre സംഘടിപ്പിച്ച അഖിലേന്ത്യാ സെമിനാറിൽ KSEB യിലെ  ഒരു ഉയർന്ന എൻജിനീയർ അവതരിപ്പിച്ച പ്രബന്ധം അനുസരിച്ചു്  Pumped Storage നു കേരളത്തിലെ നിലവിലുള്ള ജലാശയങ്ങളിലെ വെള്ളം ഉപയോഗിച്ച് ഉത്പാദിപ്പിക്കാവുന്ന വൈദ്യുതി 5075 MW ആണ്. ഇതിൽ ഞാൻ സൂചിപ്പിച്ച പൊരിങ്ങൽകുത്ത് – ഇടമലയാർ പദ്ധതിയും (350 MW) ഷോളയാർ – ഇടമലയാർ പദ്ധതിയും (900 MW) ഉൾപ്പെടുന്നു. അതിരപ്പിള്ളിയുടെ സാഹചര്യത്തിൽ സവിശേഷ താത്പര്യം ഉള്ളതുകൊണ്ടാണ് ഞാൻ ഇവ രണ്ടും എടുത്തു പരാമർശിച്ചത്. അവയുടെ പ്രഥമിക പഠനം ബോർഡ് നിർവഹിച്ചിട്ടുണ്ട് എന്നാണു എന്റെ അറിവ്.


ഒന്നാമത്, പംപ്ഡ് സ്റ്റോറേജ് പുതിയ ഊർജം ഉണ്ടാക്കുന്നില്ല, ഉള്ളത് ശേഖരിക്കുകയേ ചെയ്യുന്നുള്ളു എന്നത് ശരിയാണ്: അത്  ഞാൻ എന്റെ അവതരണത്തിൽ തന്നെ വ്യക്തമാക്കിയിരുന്നു.

രണ്ടാമത്, KSEB ഇപ്പോൾ ട്രാൻഫോമർ  ശേഷിയുടെ 20 % മാത്രമേ ഗ്രിഡിലേക്കു എടുക്കാൻ അനുവദിക്കുന്നു എന്നുള്ളത് മാറും എന്ന എന്റെ പ്രസ്താവനയാണ്. ഈ 20% എന്നത് ശാസ്ത്രീയമോ ഇലക്ട്രിസിറ്റി ആക്ട് അനുസരിച്ചുള്ളതോ അല്ല, അത് ഒരു മുൻവിധിയോടെ അടിസ്ഥാനത്തിലാണ്. വലിയ തോതിൽ സൗരോർജ വൈദ്യുതിയെ മാത്രം ആശ്രയിക്കുന്ന ഒരു സംവിധാനത്തിൽ സൗരോർജത്തിൽ ഉണ്ടാവുന്ന മാറ്റങ്ങൾ ഗ്രിഡിൽ പ്രശ്നങ്ങൾ സൃഷ്ടിക്കും എന്നതു  ശരിയാണ്. (ഇപ്പോഴൊന്നും ആ നില വന്നിട്ടില്ലല്ലോ!) അപ്പോൾ ഒന്നുകിൽ ആ പ്രശ്നം സാങ്കേതികമായി പരിഹരിക്കപ്പെടണം, അല്ലെങ്കിൽ അടിസ്ഥാനമായി സ്ഥിത ഊർജ സ്രോതസ്സുകൾ കൂടി കരുതണം. പംപ്ഡ് സ്റ്റോറേജ് ഒരു സ്ഥിത സ്രോതസ്സാണ്. എപ്പോൾ വേണമെങ്കിലും അതിൽ നിന്ന് വൈദ്യുതി ലഭ്യമാക്കാം. മൊത്തം ഊർജ്ജശേഷിയുടെ എത്ര ശതമാനം പംപ്ഡ് സ്റ്റോറേജ് ആകണം എന്നത് സാങ്കേതികമായി കണക്കാക്കണം.

മൂന്നാമത്, സൗരോർജ പാനലിന്റെ ഊർജ്ജ ബാലൻസ് ആണ് പ്രശ്നം. ഇത് ശാസ്ത്രീയമായി കണക്കാക്കാം: പക്ഷെ പബ്ലിഷ് ചെയ്ത പല പഠനങ്ങളും വന്നിട്ടുള്ളതു പഴയ കണക്കുകളുടെ അടിസ്ഥാനത്തിലാണ്. സാങ്കേതികമായും സാമ്പത്തികമായും വലിയ മാറ്റങ്ങൾ വന്നിട്ടുണ്ട്. സോളാർ സെല്ലിന്റെ വില കഴിഞ്ഞ പത്തു വർഷങ്ങൾക്കിടയിൽ നാടകീയമായി കുറഞ്ഞിട്ടുണ്ട്. (ഇതിനെ ലഘൂകരിക്കാൻ ശ്രമിക്കുന്നത് എന്തിനാണ്?) 1975ൽ ഞാൻ സൗരോർജത്തെപ്പറ്റി പഠിക്കാൻ തുടങ്ങുമ്പോൾ സോളാർ സെല്ലിന്റെ വില വാട്ടിന് 20 ഡോളർ ആയിരുന്നു. 1990ൽ ഞാൻ അനെർട്ടിൽ പണിയെടുക്കുമ്പോൾ അത് വാട്ടിനു അഞ്ചു ഡോളർ ആയി കുറഞ്ഞിരുന്നു. ഇത് ക്രമേണ കുറഞ്ഞു വാട്ടിന് ഒരു ഡോളർ ആകുമ്പോൾ അത് താപനിലയവുമായി മത്സരിക്കും എന്നായിരുന്നു പ്രതീക്ഷ. അടുത്ത കാലത്തായി നാടകീയമായ മാറ്റങ്ങൾ ആ വിലയിൽ വന്നു. ഇപ്പോൾ ടാറ്റാ സോളാറിന്റെ പരസ്യം വാട്ടിന്  28 രൂപ എന്നാണ്  !  ആഗോളതലത്തിൽ സൗരോർജ പവർ പ്ലാന്റുകളിൽ വന്നു കൊണ്ടിരിക്കുന്ന നാടകീയമായ വളർച്ച ഇതിന്റെ കൺമുന്നിൽ കാണുന്ന തെളിവല്ലേ?

സോളാർ പാനൽ ഉണ്ടാക്കാൻ വേണ്ടി വരുന്ന ഊർജവും (വൈദ്യുതി) അതു ജീവിത കാലത്തു നൽകുന്ന വെദ്യുതിയും തമ്മിലുള്ള അനുപാതമാണ് മറ്റൊരു ചോദ്യം. ഇതിലും പഴയ പഠനങ്ങൾ ഉണ്ട്. (ഇവയിൽ പലതും ആണവോർജം ഇല്ലാതെ രക്ഷയില്ല എന്ന് സ്ഥാപിക്കുന്നവയും ആണ്!). ഇപ്പോൾ നമുക്ക് ലളിതമായ ഒരു കണക്കു കൂട്ടൽ നടത്താം. മേൽ പറഞ്ഞ ടാറ്റാ സോളാറിന്റെ വില (വാട്ടിന് 28 രൂപ) എടുക്കൂ.  എത്രമാത്രം ആയിരിക്കും അതിൽ അടങ്ങിയിട്ടുള്ള ഊർജ്ജത്തിന്റെ (വൈദ്യുതിയുടെ) വില? ഒരു മട്ടക്കണക്കിനു 20 രൂപ എന്ന് വയ്ക്കൂ. ഇപ്പോഴത്തെ വിലയ്ക്ക് ഇത് 5 യൂണിറ്റ്  വൈദ്യുതിയുടെ വില ആണെന്ന് കൂട്ടിക്കോളൂ. അതായത് ഒരു വാട്ട് ശേഷിയുള്ള സൗരോർജ സെൽ ഉണ്ടാക്കാൻ 5 യൂണിറ്റ് വൈദ്യുതി വേണം. (ഇത് കൃത്യമല്ല, പക്ഷെ ഒരു ഊഹക്കണക്കിനു ഇങ്ങനെ എടുക്കാം.) ഈ സെൽ ഉപയോഗിച്ച് പാനൽ ഉണ്ടാക്കിയാൽ അത് ജീവിതകാലത്ത്  എത്ര യൂണിറ്റ് വൈദ്യുതി തരും? തിരുവനന്തപുരത്തു പോലും ഒരു കിലോവാട്ടിന്റെ പാനൽ പ്രതിമാസം 100 – 150 യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കുന്നുണ്ട്. അതായത്  പ്രതിവർഷം 1200 – 1800 യൂണിറ്റ്.  ശരാശരി 1500  എന്ന് വയ്ക്കൂ. അതായത്  ഒരു വാട്ടിൽ നിന്ന്  ഒന്നര യൂണിറ്റ്. നിർമാണ വൈദ്യുതി മുതലാക്കാൻ മൂന്നോ നാലോ വര്‍ഷം. അത് കഴിഞ്ഞാൽ ഊർജ ലാഭം. സൗരോർജ പാനലുകളുടെ ആയുസ്സ്, അതായത് ആദ്യം ഉള്ള ഉത്പാദനത്തിന്റെ  80% വരെ കിട്ടാൻ 20 വര്‍ഷം ആണ് അനുഭവം.

പുതിയ സാങ്കേതിക വിദ്യകൾ വികസിക്കുന്തോറും ഇത് മെച്ചപ്പെടും.

നമുക്ക് പകൽ സമയത്ത്  സൗരോർജ വൈദ്യുതി  ആവശ്യത്തിലധികം ഉണ്ടാവില്ല എന്ന് പറയുന്നത് ശരിയാണോ?

കുറച്ചു നാൾ മുൻപ് കായംകുളത്തെ NTPC കായംകുളം കായലിലെ ചങ്ങാടങ്ങൾ ഉപയോഗിച്ച് 400 MW സൗരോർജ വൈദ്യുതി ഉത്പാദിപ്പിച്ചു കൊടുക്കാമെന്നു പറഞ്ഞു എന്നും  അപ്പോൾ KSEB അത് വേണ്ട എന്ന് അറിയിച്ചു എന്നും പത്രവാർത്ത ഉണ്ടായിരുന്നു. ശരിയാണോ എന്നറിയില്ല. ശരിയാകാം. എന്തെന്നാൽ KSEB യ്ക്ക് പകൽ സമയത്തു വൈദ്യുതി ക്ഷാമം ഇല്ല. ഇപ്പോൾ തന്നെ അവർ ആവശ്യത്തിലധികം വൈദ്യുതി വാങ്ങാനായി കരാർ ഉണ്ടാക്കിയിട്ടും ഉണ്ട്. (ഈ സമയത്തു നാം ഊർജ സംരക്ഷണത്തെപ്പറ്റി ഇത്രയധികം ശ്രമിക്കണോ  എന്നും അവർ അന്വേഷിച്ചിരുന്നുവത്രെ!) ഏതായാലും NTPC യെപ്പോലെ പുതിയ സംരംഭകർ മുന്നോട്ടു വരികയും പുരപ്പുറ സൗരോർജ സാധ്യത പച്ച പിടിക്കുകയും ചെയ്‌താൽ KSEB യ്ക്ക് പ്രശ്നമാകും എന്നുറപ്പ്‌. ഒരു വീട്ടിൽ നിന്ന് 5  KW ൽ  കുറവു മാത്രമേ ട്രാൻസ്ഫോമറിലേക്കു കൊടുക്കാവൂ എന്നൊക്കെ പറയുന്നത് താത്കാലികമായ നിബന്ധനകളാണ്. അതൊക്കെ മറികടക്കാവുന്നതേയുള്ളു. ട്രാൻഫോമാറിന്റെ ശേഷിയുടെ 20 % എന്ന് പറയുന്നതും ശാസ്ത്രീയമല്ല. ഇതൊക്ക മാറും.

നാം ഈ വര്‍ഷത്തേക്കോ അടുത്ത അഞ്ചു വര്‍ഷത്തേക്കോ അല്ല, ഭാവിയിലേക്കാണ് ഉറ്റു നോക്കേണ്ടത്. കേരളത്തിന് ഒരു അക്ഷയ (sustainable ) ഊർജ വ്യവസ്ഥ വേണം എന്ന് കണക്കാക്കിയാണ് നാം ആസൂത്രണം ചെയ്യേണ്ടത്.


അതിരപ്പിള്ളി ജലവൈദ്യുത പദ്ധതിയുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിച്ച ലേഖനങ്ങള്‍, വീഡിയോകള്‍

സോളാര്‍ ജലവൈദ്യുത പദ്ധതിക്ക് ബദല്‍ മാ൪ഗ്ഗമാകുമോ ?

സോളാര്‍ വൈദ്യുതിക്കെതിരെയുള്ള വാദങ്ങള്‍ക്കുള്ള മറുപടി

അതിരപ്പിള്ളിയും ഊര്‍ജ്ജപ്രതിസന്ധിയും

 

അതിരപ്പിള്ളി ബദല്‍ മാര്‍ഗ്ഗങ്ങള്‍ – ആര്‍.വി.ജി. മേനോന്‍ സംസാരിക്കുന്നു

അതിരപ്പിള്ളി പദ്ധതി അനിവാര്യമാകുന്നത് എന്തുകൊണ്ട് ?

അതിരപ്പിള്ളി പദ്ധതി എന്തുകൊണ്ട് ഉപേക്ഷിക്കണം ?

അതിരപ്പിള്ളിയിലെ ആവാസവ്യവസ്ഥയും ജൈവവൈവിധ്യവും

അതിരപ്പിള്ളിക്ക് ബദലുണ്ട്

അതിരപ്പിള്ളിയിലെ ചിത്രശലഭവൈവിധ്യം

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post സോളാര്‍ ജലവൈദ്യുത പദ്ധതിക്ക് ബദല്‍ മാ൪ഗ്ഗമാകുമോ ?
Next post ഇന്ത്യന്‍ നിര്‍മ്മിത വാക്സിന്‍ ആശങ്കകളും പ്രതീക്ഷകളും
Close