Read Time:25 Minute


ഡോ.ഗോപകുമാർ ചോലയിൽ

 

ആഗോളതാപനത്തിന്റെയും കാലാവസ്ഥാ വ്യതിയാനത്തിന്റെയും പശ്ചാത്തലത്തിൽ ജലാശയങ്ങൾ വറ്റി വരളുന്ന പ്രവണത വർധിച്ചു വരികയാണ്. ഭാവിയിൽ ഏതു ഭൂഖണ്ഡത്തിലും സംഭവിക്കാവുന്നതിന്റെ നേർചിത്രമാണ് ഇന്ന് നാം കാസ്പിയൻ തടാകത്തിൽ ദർശിക്കുന്നത്. 

ജലദൗർലഭ്യം സൃഷ്ടിക്കാവുന്ന വിപത്തുകൾ എടുത്തു പറയേണ്ടതില്ല. ദക്ഷിണാഫ്രിക്കയിലെ കേപ് ടൗണിൽ  വെള്ളത്തിന് നിയന്ത്രമേർപ്പെടുത്തിയതും ജനങ്ങൾ പൈപ്പിൻ ചുവട്ടിൽ ക്യൂ നിൽക്കുന്നതും നാം കണ്ടു. ജല അടിയന്തിരാവസ്ഥ  ഏർപ്പെടുത്തുന്നതിലേക്ക് കാര്യങ്ങൾ നീങ്ങി.  ജലധാരാളിത്തം ശീലിച്ച ജനങ്ങൾക്ക് വെള്ളത്തിന് റേഷൻ ഏർപ്പെടുത്തിയതോടെ തിരിച്ചറിവിന്റെ ഒരു പുതിയ ലോകം വെളിപ്പെട്ടു. ഒരു തുള്ളിവെള്ളത്തിന്റെ വില എന്താണെന്ന് ചുരുങ്ങിയ പക്ഷം അവരെങ്കിലും മനസ്സിലാക്കിയിട്ടുണ്ടാവണം. Day Zero യിലേക്ക് ജനങ്ങൾ തയ്യാറാകാൻ ഭരണകൂടം നിർദേശവും നൽകി…ഈ കാഴ്ചകളും വാർത്തകളും നമ്മുടെ കണ്ണ് തുറപ്പിച്ചില്ലെങ്കിൽ ഒന്നും പറയാനില്ല. ഇന്ത്യയിലെ ബംഗളുരു ഉൾപ്പെടെയുള്ള മഹാനഗരങ്ങളിലും അത്തരം സാഹചര്യങ്ങൾ നാളെ വന്നെത്താം. ഉൾനാടൻ ജലാശയങ്ങൾ ധാരാളമുള്ള സംസ്ഥാനത്ത് അടിക്കടി അനുഭവപ്പെടുന്ന  മഴക്കുറവും, വർധിച്ച തോതിലുള്ള താപനവും നമ്മുടെ കാലാവസ്ഥയിൽ സ്ഥായിയായ മാറ്റങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്. വേനൽ കടുത്താൽ സംസ്ഥാനത്തിന്റെ പലയിടങ്ങളിലും അനുഭവപ്പെടുന്ന കുടിവെള്ള ക്ഷാമം ദശകങ്ങളായി നാം അനുഭവിക്കുന്നുണ്ട്. നമ്മുടെ ഉൾനാടൻ ജലാശയങ്ങൾ മിക്കവയും വേനലിൽ മെലിഞ്ഞ് ശോഷിക്കുന്ന കാഴ്ചയും പതിവാണല്ലോ. സംസ്ഥാനത്തെ ഏറ്റവും വലിയ ശുദ്ധജല തടാകമായ ശാസ്താംകോട്ട തടാകവും ഇപ്പോൾതന്നെ പലവിധ ഭീഷണികൾ നേരിടുന്നു. കാലാവസ്ഥാ വ്യതിയാന-ആഗോള താപന പശ്ചാത്തലത്തിൽ ലോകത്തിലെ ഏറ്റവും വലിയ തടാകമായ കാസ്പിയൻ തടാകത്തിന് സംഭവിച്ചുകൊണ്ടിരിക്കുന്ന  ശോഷണം  പരിശോധിക്കുകയാണ് ലേഖനത്തിൽ.  ഒപ്പം കേരളത്തിലെ സാഹചര്യങ്ങളിൽ, ആഗോള താപന പശ്ചാത്തലത്തിൽ സംഭവിക്കാവുന്ന പ്രശ്നങ്ങളും ചൂണ്ടിക്കാട്ടുന്നു.

ലോകത്തിലെ ഏറ്റവും വലിയ തടാകമായ കാസ്പിയൻ തടാകം ശോഷണം അഭിമുഖീകരിച്ചുകൊണ്ടിരുക്കുകയാണ്. കാലാവസ്ഥാവ്യതിയാനം മൂലം സൃഷ്ടിക്കപ്പെടാനിടയുള്ള വൻ ജലപ്രതിസന്ധിയിലേക്കാണിത് നയിക്കുക.  കാസ്പിയൻ കടലിലെ ജലനിരപ്പ് താഴുന്നതിനോടനുബന്ധമായി ഉൾനാടൻ തടാകങ്ങൾ വറ്റി വരളുന്ന അവസ്ഥയുണ്ടാവുകയും തന്മൂലം ഏറ്റവും ചുരുങ്ങിയത് അഞ്ച് ഏഷ്യൻ രാഷ്ട്രങ്ങളിലെങ്കിലും ജലദൗർലഭ്യം നേരിടേണ്ടി വരികയും ചെയ്യാനിടയുണ്ട്.

പുതിയ പഠനങ്ങൾ പ്രകാരം, കാസ്പിയൻ കടലിലെ ജലനിരപ്പ് പ്രതിവർഷം ഏതാനും സെന്റിമീറ്ററുകളോളം താഴ്ന്നുകൊണ്ടിരിക്കയാണ്. താപനം കൂടുന്ന അവസ്ഥയിൽ ജലനിരപ്പ് കുറയുന്നതിന്റെ വേഗതയും തോതും കൂടുവാനാണ് സാധ്യത.  ഈ നൂറ്റാണ്ടിന്റെ ഉത്തരാർദ്ധത്തിൽ, ഏതാനും സെന്റിമീറ്ററുകൾ എന്ന നില വിട്ട് ഇപ്പോഴുള്ളതിനേക്കാൾ ഒൻപത് മീറ്ററോളം ജലനിരപ്പ് താഴ്‌ന്നേക്കാം.  ഇത് ഒരുപക്ഷെ, ഏകദേശം 18 മീറ്ററോളം താഴാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. കാലാവസ്ഥാവ്യതിയാന കാലഘട്ടത്തിൽ ഹിമസാമ്രാജ്യങ്ങൾ ഉരുകി സമുദ്രജലനിരപ്പ് ഉയർന്ന്  തീരദേശങ്ങളെയും ദ്വീപുകളെയും നാമാവശേഷമാക്കുന്ന പ്രക്രിയ ഒരു വശത്ത്  നടക്കുമ്പോഴാണ് തികച്ചും വിരുദ്ധ പ്രകൃതമുള്ള – അതായത് ജലാശയങ്ങളിലെ  ജലനിരപ്പ് താഴ്ന്ന് ക്രമേണ വറ്റി വരളുന്ന പ്രക്രിയ മറു വശത്ത് നടക്കുന്നത്.  വേനൽക്കാലത്ത് വ്യാപക ബാഷ്പീകരണം മൂലം വൻ തോതിൽ  ജലനഷ്ടം ഉണ്ടാകുന്നു.  എന്നാൽ, ഈ ജലനഷ്ടം പരിഹരിക്കുവാൻ ആവശ്യമായ തോതിലുള്ള മഴയോ ഹിമരൂപീകരണമോ   ലഭിക്കുന്നതുമില്ല.  ഇക്കാരണം മൂലം 3,71,000 ചതുരശ്ര കിലോമീറ്റർ  വിസ്തൃതി വരുന്ന കാസ്പിയൻ തടാകവിസ്തൃതി അതിദ്രുതം കുറയാനിടവന്നിരിക്കുന്നു (Communications  Earth and Environment 1, Article number: 69 (2020)). അസർബൈജാൻ, റഷ്യ, ഇറാൻ, തുർക്ക്മെനിസ്ഥാൻ, കസാഖിസ്ഥാൻ തുടങ്ങി കാസ്പിയൻ തടാകത്തിന്റെ അതിരുകളായി നിലകൊള്ളുന്ന രാജ്യങ്ങളിലെ ഭൂപ്രദേശങ്ങൾ തൽഫലമായി തടാകത്തിലെ താഴ്ന്നുകൊണ്ടിരിക്കുന്ന ജലനിരപ്പിനെ അപേക്ഷിച്ച് വളരെ ഉയർന്ന മേഖലകളായി മാറുന്ന സ്ഥിതി സംജാതമായിരിക്കുന്നു.  തടാകത്തിലെ ജലനിരപ്പ് താഴുന്നതോടൊപ്പം ഈ ഭൂവിഭാഗങ്ങളിലെ അനുബന്ധ ഭൂഗര്‍ഭ ജലനിരപ്പും താഴാനിടയാവുകയും ഇത് തൽപ്രദേശങ്ങളിൽ കടുത്ത ജലദൗർലഭ്യം സൃഷ്ടിക്കുകയും ചെയ്യുന്നു.  കാസ്പിയൻ തടാകത്തിൽ സംഭവിക്കുന്നത് ഒറ്റപ്പെട്ട സംഗതിയല്ല.  ഇതര ഭൂഖണ്ഡങ്ങളിലെ പൂർണ്ണമായും കരപ്രദേശങ്ങളാൽ ചുറ്റപ്പെട്ട ഏതൊരു ജലാശയത്തിനും സംഭവിക്കാവുന്നതാണ് ഇക്കാര്യം.  അത്തരം പ്രദേശങ്ങളിൽ ആഗോള താപനം സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് ഗൗരവപൂർണമായ പഠനങ്ങൾ നടത്തേണ്ടത് ആവശ്യമാണ്.  എന്നാൽ, കാസ്പിയൻ തടാകത്തിലേതുപോലുള്ള ജലനഷ്ടവും ജലാശയ ശോഷണവും ആദ്യത്തേതല്ല. ലവണാംശമുള്ള ജലമാണെങ്കിൽ പോലും, വ്യവസായം, കൃഷി, ജനആവാസ കേന്ദ്രങ്ങൾ എന്നിവ ഏറ്റവും അധികം ആശ്രയിക്കുന്ന ലോകത്തെ ഏറ്റവും വലിയ ആവൃത (land locked) ജലാശയമാണ് കാസ്പിയൻ തടാകം.

‘കാസ്പിയൻ സീൽ കടപ്പാട് : വിക്കിമീഡിയ കോമൺസ്

വംശനാശം അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്ന ‘കാസ്പിയൻ സീൽ’ അടക്കമുള്ള വളരെ വിപുലമായ ജന്തു ഇനങ്ങളുടെ ആവാസസ്ഥാനം കൂടിയാണ് കാസ്പിയൻ തടാകം.  ശൈത്യകാലത്ത്  രൂപം കൊള്ളുന്ന ഹിമപാളികളെയാണ് ഈ വിഭാഗം ജീവികൾ തങ്ങളുടെ കുഞ്ഞുങ്ങളെ പോറ്റിവളർത്തുവാൻ ആശ്രയിക്കുന്നത്. തടാകത്തിലെ ആഴംകുറഞ്ഞ ഇടങ്ങളിൽ ദേശാടന പക്ഷികൾക്കുള്ള ആഹാരം ലഭ്യമാണ്. മാത്രമല്ല, കടൽക്കൂരിയെന്ന, വംശനാശത്തിനടിപ്പെട്ടുകൊണ്ടിരിക്കുന്ന മത്സ്യഇനങ്ങൾ ഉൾപ്പെടെ ധാരാളം മൽസ്യങ്ങൾ മുട്ടയിട്ട് വംശവർധന നടത്തുന്ന ഇടങ്ങൾ കൂടിയാണ് ആഴം കുറഞ്ഞ തടാക മേഖലകൾ. കാസ്പിയൻ തടാകത്തിന്റെ പ്രധാന ജലസ്രോതസ്സ് വോൾഗ നദിയാണ്.  തടാകത്തിന് യാതൊരു വിധത്തിലുള്ള സമുദ്രബന്ധവും ഇല്ല.  തന്മൂലം, ജല സമ്പത്ത് ബാഷ്പീകരണം, മഴ, പുഴയിൽ നിന്നൊഴുകിയെത്തുന്ന ജലത്തിന്റെ തോത് എന്നിവയെ ആശ്രയിച്ച്  നിലകൊള്ളുന്നു.  താപനകാലഘട്ടത്തിൽ ബാഷ്പീകരണത്തോത്  കൂടിക്കൊണ്ടിരിക്കുകയാണ്. മഴയുടെ ലഭ്യതയിലാകട്ടെ കുറഞ്ഞുവരികയാണ്. നിലവിലെ താപന  സാഹചര്യങ്ങളിൽ, ജലലഭ്യത നന്നേ കുറഞ്ഞ, പ്രകൃത്യാ തന്നെ വരണ്ട അർദ്ധ-നിരാർദ്ര (semi-arid) പ്രദേശങ്ങളാകട്ടെ, കൂടുതൽ നിരാർദ്ര സ്വഭാവം കൈവരിക്കുന്നു.

കാസ്പിയൻ സമുദ്രനിരപ്പിൽ ഉണ്ടാകാനിടയുള്ള താഴ്ച ചുരുങ്ങിയത് 9 മീറ്ററും കൂടുതൽ താപനാധിക്യമുള്ള സാഹചര്യങ്ങളിൽ 18  മീറ്റർ വരെയും  ആണ്  പ്രവചിക്കപ്പെടുന്നത്.  അത്തരമൊരു സാഹചര്യത്തിൽ കാസ്പിയൻ കടലിന്റെ ഉപരിതലവിസ്തൃതി മൂന്നിലൊന്ന് കണ്ട് ചുരുങ്ങാനിടയുണ്ട്. ചിത്രം കടപ്പാട് : Susan Wilson, Communications Earth & Environment

എന്നാൽ, ഇത്തരം അവസ്ഥാവിശേഷങ്ങൾ കാസ്പിയൻ തടാകത്തെ അതിജീവിച്ച് കഴിയുന്ന ജന്തുവിഭാഗങ്ങളുടെ  മാത്രം വെല്ലുവിളികൾ അല്ല. മറിച്ച്, ഏഷ്യ, ആഫ്രിക്ക, വടക്കേ അമേരിക്ക എന്നിവിടങ്ങളിലെ തടാകങ്ങളെ ആശ്രയിച്ച് കഴിയുന്ന മനുഷ്യനടക്കമുള്ള ലക്ഷോപലക്ഷം ജീവികളുടെ കൂടി പ്രശ്നമാണ്. മഞ്ഞുരുകി സമുദ്രനിരപ്പ് ഉയരുമ്പോൾ എപ്രകാരമാണോ വലിയൊരു വിഭാഗം പ്രശ്നബാധിതരാവുന്നത്, അപ്രകാരം തന്നെയുള്ള മാനം കൈവരിക്കുകയാണ് ജലനഷ്ടം വഴി തടാകങ്ങൾ ശോഷണം അഭിമുഖീകരിക്കുമ്പോഴും.  സമുദ്രനിരപ്പ് ഉയരുന്ന അവസ്ഥയെയാണ് തീരദേശ രാഷ്ട്രങ്ങൾ ഭയക്കുന്നത്. എന്നാൽ, കാസ്പിയൻ കടലിനെ സംബന്ധിച്ചിടത്തോളം ഇതിന് തികച്ചും വിരുദ്ധ സ്വഭാവമുള്ള ഒരു പ്രശ്നത്തെയാണ് ഈ തടാകത്തെ ഉപജീവിച്ച് അധിവസിക്കുന്ന ജനവിഭാഗങ്ങൾ നേരിടേണ്ടി വരുന്നത്; അതായത്, തടാകത്തിലെ ജലനിരപ്പിൽ വൻതോതിലുണ്ടാകുന്ന കുറവ്. ഭൂവിഭാഗങ്ങളാൽ ചുറ്റപ്പെട്ട് കിടക്കുന്ന ലവണത്വമേറിയ ഒരു തടാകമാണ് യഥാർഥത്തിൽ കാസ്പിയൻ കടൽ. വിസ്തൃതിയിൽ ലോകത്തിലെ ഏറ്റവും വലിപ്പമേറിയ ഈ തടാകം ഓരോ വർഷവും ക്ഷയിച്ചു കൊണ്ടിരിക്കുകയാണ്.  1990കൾ മുതൽ ഓരോ വർഷവും ജലനിരപ്പ് ഏതാനും സെന്റിമീറ്റർ വച്ച് താഴ്ന്നു കൊണ്ടിരിക്കുന്നു.  വരുന്ന ദശകങ്ങളിൽ ജലനിരപ്പ് താഴുന്നതിന്റെ വേഗത വർധിക്കുവാനാണ് സാധ്യത എന്നും  വിലയിരുത്തപ്പെടുന്നു.

ഉത്തര സമുദ്രത്തിലെ (North Sea) ജലനിരപ്പിൽ ഉണ്ടാകാനിടയുള്ള രണ്ടോ മൂന്നോ മീറ്റർ താഴ്ചപോലും റോട്ടർഡാം, ഹംബർഗ്, ലണ്ടൻ എന്നീ  തുറമുഖങ്ങളിലേക്കുള്ള പ്രവേശനം  വൈഷമ്യത്തിലാക്കാൻ ഇടയുണ്ട്.  മൽസ്യബന്ധന ബോട്ടുകൾ മാത്രമല്ല, വലിയ ജലയാനങ്ങൾ വരെ ഒരു പോലെ ഈ പ്രതിസന്ധി അഭിമുഖീകരിക്കേണ്ടി വരും.  എന്നാൽ, കാസ്പിയൻ സമുദ്രനിരപ്പിൽ ഉണ്ടാകാനിടയുള്ള താഴ്ച ചുരുങ്ങിയത് 9 മീറ്ററും കൂടുതൽ താപനാധിക്യമുള്ള സാഹചര്യങ്ങളിൽ 18  മീറ്റർ വരെയും ആണ്  പ്രവചിക്കപ്പെടുന്നത്.  അത്തരമൊരു സാഹചര്യത്തിൽ കാസ്പിയൻ കടലിന്റെ ഉപരിതലവിസ്തൃതി മൂന്നിലൊന്ന് കണ്ട് ചുരുങ്ങാനിടയുണ്ട്. ആവാസവ്യൂഹശോഷണം, കാസ്പിയൻ സമുദ്രമേഖലയിൽ മാത്രം കാണപ്പെടുന്ന ജീവിവർഗ്ഗങ്ങളുടെ നിലനിൽപ് എന്നീ പ്രശ്നങ്ങളോടൊപ്പം കാസ്പിയൻ സമുദ്രജലനിരപ്പിന്റെ ശോഷണത്തിന് ഒരു രാഷ്ട്രീയമാനം കൂടി ഇപ്പോൾ കൈവരിക്കുന്നു. അതായത്, തടാകത്തിലെ ജലശേഖരത്തിന്റെ ഉപഭോക്താക്കളായ അസർബൈജാൻ, റഷ്യ, ഇറാൻ, തുർക്മെനിസ്ഥാൻ, കസാഖിസ്ഥാൻ എന്നീ രാഷ്ട്രങ്ങൾ തമ്മിൽ ജല ഉപഭോഗം, മൽസ്യ ബന്ധനാവകാശം എന്നിവ സംബന്ധിച്ച് പുതിയ ഉടമ്പടികൾ ഉണ്ടാക്കേണ്ടി വരും.  ഐക്യരാഷ്ട്ര സംഘടനയുടെ പരിസ്ഥിതി  വിഭാഗത്തിന്റെ (UNEP) നിയന്ത്രണത്തിലുള്ള ഒരു അന്താരാഷ്ട്ര വിദഗ്ധ സമിതി വഴി ഇക്കാര്യം പഠിക്കുകയും പ്രശ്നങ്ങൾക്ക് ഒരു സമവായം ഉണ്ടാക്കുകയും ചെയ്യണമെന്ന് ശാസ്ത്രലോകം നിർദ്ദേശിക്കുന്നു.

കാലാവസ്ഥാവ്യതിയാനത്തിന്റെ പരിണതഫലമെന്നോണം ഉൾനാടൻ തടാകങ്ങൾ, ഇതര ജലാശയങ്ങൾ എന്നിവയിലെ ജലനിരപ്പ് ഗണ്യമായി താഴ്ന്നുകൊണ്ടിരിക്കുകയാണ്. ഇത് മൂലം ജനജീവിതം, ജൈവവൈവിധ്യം, രാജ്യാന്തര നയസ്ഥിരത എന്നീ ഘടകങ്ങൾക്ക് നേരിടേണ്ടിവരാവുന്ന പ്രതിസന്ധികൾ കണക്കിലെടുത്ത് ജനങ്ങളിൽ ബോധവൽക്കരണം സൃഷ്ട്ടിക്കുവാനുള്ള നടപടിക്രമങ്ങൾ അടിയന്തിരമായി സ്വീകരിക്കേണ്ടതുണ്ട്.

ഇന്റർ ഗവണ്മെന്റൽ പാനൽ ഓൺ ക്ലൈമറ്റ് ചേഞ്ച് (IPCC) യുടെ വിവരങ്ങൾ അടിസ്ഥാനമാക്കി താപനം മൂലം കടൽനിരപ്പ് ഉയരുന്ന അവസ്ഥയോട് താദാത്മ്യം പ്രാപിക്കുവാൻ ധാരാളം രാഷ്ട്രങ്ങൾ മുൻകൈയെടുത്ത് വരുന്നു. എന്നാൽ, ഇതിന് വിപരീതമായി, താപനം മൂലം ജലാശയങ്ങൾ,തടാകങ്ങൾ എന്നിവയിലെ ജലനിരപ്പ് താഴുമ്പോഴുണ്ടാകാവുന്ന പ്രത്യാഘാതങ്ങൾക്ക് വളരെ കുറഞ്ഞ ശ്രദ്ധയും പ്രതികരണങ്ങളും മാത്രമേ ലഭിക്കുന്നുള്ളൂ.
അന്തരീക്ഷതാപം ഏറുന്നതുമൂലം കരയിലും ജലാശയങ്ങളിലും ബാഷ്പീകരണ നിരക്കിൽ ക്രമാതീതമായ വർദ്ധനവ് ഉണ്ടായിട്ടുണ്ട്. ഈ പ്രക്രിയ മൂലം തടാകങ്ങളുടെ ജലനിരപ്പ് താഴുന്നതിനും അവയുടെ വിസ്തീർണ്ണത്തിൽ കുറവ് വരുന്നതിനും  ഇടയായിട്ടുണ്ട്. കൂടാതെ, മഴയിലുണ്ടാവുന്ന ഗണ്യമായ കുറവ് ഈ അവസ്ഥക്ക് തീക്ഷണതയേറ്റുന്നു. പരിപൂർണ്ണമായും കരയാൽ ചുറ്റപ്പെട്ട തടാകങ്ങളാണ് കാലാവസ്ഥാവ്യതിയാനം മൂലം ഇത്തരത്തിലുള്ള മാറ്റങ്ങൾക്ക് കൂടുതലായും വിധേയമാകുന്നത്. മഴലഭ്യത, തടാകത്തിലേക്ക് ഒഴുകിയെത്തുന്ന ജലത്തോത്, ബാഷ്പീകരണം എന്നിവ തമ്മിലുള്ള സന്തുലനമാണ് ഇത്തരം തടാകങ്ങളിലെ ജലനിരപ്പ് നിശ്ചയിക്കുന്നത്. ജലാശയങ്ങളെ അപേക്ഷിച്ച്, കരപ്രദേശങ്ങളിൽ കാലാവസ്ഥാ പ്രകൃതങ്ങൾക്കനുസൃതമായി ജലലഭ്യത കുറയുമ്പോൾ അത്  “ശുദ്ധജല  ദൗർലഭ്യം” എന്ന സുപ്രധാന പ്രശ്നമായാണ് അവതരിപ്പിക്കപ്പെടുന്നത്. എന്നാൽ, തടാകങ്ങൾ പോലുള്ള ആവൃത ജലാശയങ്ങൾ ശോഷിക്കപ്പെടുമ്പോൾ അത് ലക്ഷോപലക്ഷം ജനങ്ങളുടെ ഉപജീവനത്തെ തന്നെ വഴിമുട്ടിക്കുന്ന തരത്തിലുള്ള ദൂരവ്യാപക ഫലങ്ങൾ സൃഷ്ടിക്കുന്ന ഒന്നാകുന്നു. ഇതിന്റെ പ്രത്യക്ഷ ഉദാഹരണമാണ് ഇപ്പോൾ കാസ്പിയൻ തടാകത്തിൽ സംഭവിച്ചുകൊണ്ടിരിക്കുന്നത്.

 ഉൾനാടൻ തടാകങ്ങളിലെയും ജലാശയങ്ങളിലെയും ജലനിരപ്പ് താഴുന്ന പ്രക്രിയ ആഗോളതലതത്തിൽ കാസ്പിയൻ തടാകമടക്കം വിവിധ ജലാശയങ്ങളിൽ നടന്നുകൊണ്ടിരിക്കുകയാണ്.  കടപ്പാട് : Google Earth, Landsat/Copernicus

എന്നാൽ, പരിസ്ഥിതി സംരക്ഷണത്തിന് പ്രാധാന്യം നൽകുന്ന അന്താരാഷ്ട്ര ഗവേഷണ സമിതികൾ പോലും ഉൾനാടൻ തടാകങ്ങളിലെയും ജലാശയങ്ങളിലെയും ജലനിരപ്പ് താഴ്ന്ന വിഷയത്തിൽ വേണ്ടത്ര ശ്രദ്ധ നൽകിയിട്ടില്ല.  തടാകങ്ങളുടെ ജലനിരപ്പിൽ  ഉണ്ടാകുന്ന ശോഷണം സൃഷ്ടിക്കുന്ന പാരിസ്ഥിതിക സാമ്പത്തിക-രാഷ്ട്രീയ പ്രത്യാഘാതങ്ങൾക്ക് വ്യാപക സ്വഭാവമാണുള്ളത്‌. വോൾഗാ  നദീമുഖം, റംസാർ തണ്ണീർത്തടങ്ങൾ തുടങ്ങി കാസ്പിയൻ തടാക മേഖലയിൽ നിലവിൽ സംരക്ഷിത വിഭാഗത്തിൽപ്പെടുത്തിയിട്ടുള്ള മേഖലകൾ കാലക്രമേണ തിരിച്ചറിയാനാവാത്ത വിധം മാറിപ്പോയേക്കാം. ഈ മേഖലകളിൽ നിക്ഷേപിക്കപ്പെടുന്ന മാലിന്യങ്ങൾ, പോഷക വസ്തുക്കൾ എന്നിവയുടെ ആധിക്യം തടാകത്തിന്റെ അടിത്തട്ടിന്റെ  സ്വാഭാവിക പ്രകൃതം ഇല്ലാതാക്കും. ചൂടേറുന്ന അവസ്ഥയിൽ പോഷക സാന്നിധ്യം മൂലം തടാകമേഖലയിൽ ഉണ്ടാകുന്ന ഉയർന്ന ഉത്പാദനതോത് ജലത്തിലെ ഓക്സിജൻ ലഭ്യതയിൽ ഗണ്യമായ കുറവ് സൃഷ്ടിക്കും. ഒരു ആവാസ വ്യവസ്ഥയെയും അതിജീവിക്കാനനുവദിക്കാത്ത നിർജീവ മേഖലകളുടെ വ്യാപക രൂപീകരണം തടാകത്തിലെ ആഴം കുറഞ്ഞ ഇടങ്ങളിലെയും, ആഴം കൂടിയ ഇടങ്ങളിലെയും അതിപ്രധാന ജൈവവൈവിധ്യമേഖലകളെ പ്രതികൂലമായി ബാധിക്കാം. കാസ്പിയൻ തടാകമേഖലയിലെ ജലശോഷണം പരമാവധി കുറച്ച് കൊണ്ട് വരുവാനുള്ള പരിശ്രമങ്ങൾ വഴി മേഖലയിലെ ആവാസവ്യവസ്ഥകളും തനത് കാസ്പിയൻ ജൈവസമ്പന്നതയും തിരിച്ചുകൊണ്ടു വരാനാവുമെന്ന് പ്രതീക്ഷിക്കാം.

ആവൃത ജലാശയങ്ങൾ (Landlocked water bodies) ആയ തടാകങ്ങളുടെ ജലനിരപ്പിൽ ഭാവിയിലെ കാലാവസ്ഥാ പ്രേരിതസാഹചര്യങ്ങൾ വരുത്താനിടയുള്ള വ്യതിയാനങ്ങളെക്കുറിച്ച് ആഗോളതലത്തിൽ തന്നെ ഒരു ബോധവൽക്കരണ പ്രചാരണത്തിന് തുടക്കം കുറിക്കേണ്ടതുണ്ട്.  IPCC (ഇന്റർ ഗവൺമെന്റൽ പാനൽ ഓൺ ക്ലൈമറ്റ് ചേഞ്ച്) റിപ്പോർട്ടുകൾ, ജൈവവൈവിധ്യം, ആവാസവ്യൂഹങ്ങൾ എന്നിവ സംബന്ധിച്ച നിരീക്ഷണപഠനങ്ങൾ തുടങ്ങിയവ തയ്യാറാക്കുമ്പോൾ ഇക്കാര്യത്തിന് ചെറുതല്ലാത്ത പരിഗണന നൽകേണ്ടതുണ്ട്.  തടാകങ്ങളുടെ ജലനിരപ്പിൽ ലോകമാകമാനം അനുഭവപ്പെട്ടുകൊണ്ടിരിക്കുന്ന ശോഷണത്തെ അടിസ്ഥാനമാക്കി അത് മൂലമുണ്ടായേക്കാവുന്ന ദുര്ഘടങ്ങൾ, ബാധിത മേഖലകൾ എന്നിവ വിലയിരുത്തുവാൻ കൂട്ടായ ശാസ്ത്ര പദ്ധതികൾ ആസൂത്രണം ചെയ്യേണ്ടതുമുണ്ട്. ഇക്കാര്യത്തിൽ  അനുകൂലനതന്ത്രങ്ങൾ, ലഘൂകരണമാർഗ്ഗങ്ങൾ എന്നിവ വികസിപ്പിക്കുവാനും ഏകോപിപ്പിക്കുവാനും വേണ്ടി സുസജ്ജമായ ഒരു ആഗോള കാര്യനിർവ്വാഹക സംഘം രൂപീകരിക്കേണ്ടത് അത്യാവശ്യമാണ്. ഐക്യരാഷ്ട്ര സംഘടനയുടെ പരിസ്ഥിതി വിഭാഗത്തിൻ കീഴിൽ വർത്തിക്കുന്ന WASP (World Adaptation Science Programme) തുടങ്ങിയ പദ്ധതികളുടെ സഹായവും ഈ  കാര്യനിർവഹണ സംഘത്തിന് പ്രാപ്യമായിരിക്കണം.

ശാസ്താംംകോട്ട ശുദ്ധജലതടാകം കടപ്പാട് : വിക്കിമീഡിയ കോമൺസ്

ആഗോള താപന  സാഹചര്യങ്ങളിൽ അതികഠിനമായ ജലശോഷണത്തെ  നേരിട്ടുകൊണ്ടിരിക്കുന്ന കാസ്പിയൻ തടാകം കേരളത്തിലോ ഇന്ത്യയിലോ അല്ല. കേരളീയരെ സംബന്ധിച്ചിടത്തോളം ഏഷ്യൻ ഭൂഖണ്ഡത്തിലെ അതിവിദൂര പ്രദേശങ്ങളിലെങ്ങോ സ്ഥിതിചെയ്യുന്ന ഈ തടാകത്തിലെ ജലശോഷണം ഒരു പക്ഷെ കേരളീയരുടെ ഒരു പ്രശ്നമേ അല്ലായിരിക്കാം.  എന്നാൽ, നിരവധി ഉൾനാടൻ തടാകങ്ങളും ജലാശയങ്ങളുമുള്ള കേരളം ഇതേ പ്രശ്നം തന്നെ ഭാവിയിൽ അഭിമുഖീകരിക്കേണ്ടി വന്നാൽ അതിൽ അത്ഭുതമില്ല.  കാലാവസ്ഥാവ്യതിയാനത്തിന്റെ  മുഖമുദ്രകളായ തപാധിക്യം, മഴക്കുറവ്, ബാഷ്പീകരണ തോതിലുള്ള വർദ്ധനവ് എന്നീ ഘടകങ്ങൾ കേരളത്തിലെ ജലാശയങ്ങളുടെ കാര്യത്തിലും നിർണ്ണായകമാകാം.  മഴ തെല്ലൊന്ന് മാറി നിന്നാൽ വറ്റിവരണ്ട്‍ മണൽപരപ്പ് മാത്രമാവുന്ന കേരളത്തിലെ വലിയ നദികളിലൊന്നായ ഭാരതപ്പുഴ തന്നെ പ്രത്യക്ഷ ഉദാഹരണം.  കരയാൽ ചുറ്റപ്പെട്ട തടാകങ്ങളുടെ ജലപോഷണം നിർവഹിക്കുന്നത് മഴക്ക് പുറമെ അവയിലേക്കെത്തിച്ചേരുന്ന നദികളാണ്.  എന്നാൽ, മഴ വേണ്ടത്ര ലഭിക്കാത്ത സാഹചര്യങ്ങളിൽ സ്വാഭാവികമായും നദികൾ വറ്റി വരണ്ട്  ഇത്തരം തടാകങ്ങളിൽ ജലം എത്തിച്ചേരാനാവാത്ത അവസ്ഥ വരുന്നു.  ഉൾനാടൻ ജലാശയങ്ങളെ ആശ്രയിച്ച്  കാർഷിക-കാർഷികേതര ഉപജീവനമാർഗ്ഗങ്ങൾ  നിർവഹിക്കുന്ന വലിയൊരു വിഭാഗം ജനങ്ങൾ കേരളത്തിലുണ്ട്.  ലോകത്തിലെ ഏറ്റവും വലിയ തടാകമായ കാസ്പിയൻ തടാകത്തിന് ഇപ്പോൾ സംഭവിച്ചുകൊണ്ടിരിക്കുന്ന ദുർഗതി കേരളത്തിലെ, ഭാരതത്തിലെ, ലോകത്തിലെ ഏതൊരു തടാകത്തിലും സംഭവിക്കാവുന്നതേയുള്ളു. അണക്കെട്ടുകളിൽ സംഭരിച്ച് സൂക്ഷിക്കപ്പെട്ടിട്ടുള്ള ജലം, വൈദ്യുതി ആവശ്യങ്ങൾക്ക് മാത്രമല്ല ഉപയോഗിക്കപ്പെടുന്നത്. ലക്ഷോപലക്ഷം ജനങ്ങൾക്ക് ആവശ്യഘട്ടങ്ങളിൽ കുടിവെള്ളം ലഭ്യമാക്കുന്നതും അണക്കെട്ടുകളിലെ സംഭരിത ജലത്തിൽ നിന്നാണ്. നദികൾ വറ്റിവരളുകയും തടാകങ്ങൾക്ക് ജലപരിപോഷണം ലഭിക്കാതിരിക്കുകയും ചെയ്യുന്ന അവസ്ഥയിൽ സ്വാഭാവികമായും അണക്കെട്ടുകളും ജലദാരിദ്ര്യം  നേരിടേണ്ടി വരുന്നു. ഇക്കാര്യങ്ങൾ മുൻകൂട്ടിക്കണ്ട് വേണം ആഗോളതാപനം ലോകത്തെവിടെയോ സൃഷ്ട്ടിക്കുന്ന പ്രശ്നങ്ങളെ നോക്കി കാണേണ്ടത്. അതുകൊണ്ട് നമ്മൾ ഓരോരുത്തരും താപനം ലഘൂകരിക്കുന്നതിൽ ശാസ്ത്രലോകം നൽകുന്ന മുന്നറിയിപ്പുകളുടെയും നിർദ്ദേശങ്ങളുടെയും വക്താക്കളും പ്രയോക്താക്കളും ആകുക എന്നതാണ് നമുക്ക് ചെയ്യാനാവുന്ന ഏറ്റവും ലളിതമായ പോം വഴി.


ലേഖകൻ കേരള കാർഷിക സർവകലാശാല, കാലാവസ്ഥ വ്യതിയാന-പരിസ്ഥിതി ശാസ്ത്ര കോളേജിലെ സയറിഫിക് ഓഫീസറും കാലാവസ്ഥ കോളമിസ്റ്റുമാണ് 

അധികവായനയ്ക്ക്

  1. https://doi.org/10.1038/s43247-020-00075-6

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
100 %

Leave a Reply

Previous post പൊതുമേഖലാ സ്ഥാപനങ്ങളെ കൂടി ഉള്‍പ്പെടുത്തി വാക്സിൻ ഉത്പാദനം വേഗത്തിലാക്കണം
Next post കോവിഡ് വാക്സിൻ ഉത്പാദനം : പന്ത് കേന്ദ്രസർക്കാരിന്റെ കോർട്ടിൽ
Close