ജൂൺ 29 ഇന്ത്യയിൽ സ്റ്റാറ്റിസ്റ്റിക്സ് ദിനമായി ആചരിക്കുന്ന ദിവസമാണ്. 1893ൽ കൽക്കത്തയിൽ ഈ ദിവസമാണ് പ്രശാന്ത് ചന്ദ്ര മഹാലനോബിസ് ജനിച്ചത്. ഇന്ത്യൻ ശാസ്ത്രത്തിന്റെ ചരിത്രത്തിൽ സി വി രാമൻ, സത്യേന്ദ്രനാഥ് ബോസ്, മേഘനാദ് സാഹ, ഹോമി ഭാഭ, വിക്രം സാരാഭായ് എന്നിവരെയൊക്കെ പോലെ എന്നും സ്മരിക്കപ്പെടേണ്ട പേരുതന്നെയാണ് മഹാലനോബിസിന്റേത്.
മഹാലനോബിസ് കൽകത്താ പ്രെസിഡെൻസി കോളേജിലാണ് ബിരുദപഠനം നടത്തിയത്. ഭൗതികം ആയിരുന്നു വിഷയം. അതിനുശേഷം ഇംഗ്ലണ്ടിൽ കേംബ്രിജ്ജ് യൂണിവേഴ്സിറ്റിയുടെ ‘ട്രൈപോസ്’ (ഹോണേഴ്സിനു തുല്യമായ പരീക്ഷ) പാസ്സായി. ഇംഗ്ലണ്ടിൽ ഉള്ള സമയം അദ്ദേഹം ശ്രീനിവാസ രാമാനുജനുമായി പരിചയപ്പെട്ടതും പ്രസിദ്ധമാണ്. ട്രൈപ്പോസ് കഴിഞ്ഞതോടുകൂടി അദ്ദേഹത്തിനു പ്രശസ്തമായ കാവൻഡിഷ് ലബോറട്ടറിയിൽ ഭൗതികപഠനത്തിന് ക്ഷണവും ലഭിച്ചു. 1915ഇൽ ആയിരുന്നു ഇത്.
ഇതിനിടയിൽ നാട്ടിൽ വന്നുപോകാൻ ഉദ്ദേശിച്ച അദ്ദേഹത്തിനു പക്ഷേ ഇംഗ്ലണ്ടിലേക്ക് ഉടനെ മടങ്ങാൻ കഴിഞ്ഞില്ല. ഒന്നാം ലോക മഹായുദ്ധം തീവ്രത ആർജ്ജിച്ചതും, സ്വന്തം കുടുംബത്തിലെ ചില കാര്യങ്ങളും മൂലം അദ്ദേഹം യാത്ര മാറ്റിവെക്കുകയാണുണ്ടായത്. അത് അദ്ദേഹം കാവൻഡിഷ് ലബോറട്ടറിയിൽ ഭൗതികത്തിൽ പി എച് ഡി ചെയ്യാനുള്ള തീരുമാനം തന്നെ ഉപേക്ഷിക്കുന്നതിൽ എത്തിച്ചു. പുതുതായി വികാസം പ്രാപിച്ചുവരുന്ന സ്റ്റാറ്റിസ്റ്റിക്സ് എന്ന ശാസ്ത്രശാഖയിൽ അദ്ദേഹത്തിനുണ്ടായ താല്പര്യം തന്നെ ആയിരുന്നു മുഖ്യം. അദ്ദേഹം ഫിസിക്സ് ഉപേക്ഷിച്ച് മുഴുവൻ സമയം സ്റ്റാറ്റിസ്റ്റിക്സ് പഠനത്തിനും ഗവേഷണത്തിനും മാറ്റിവെച്ചു.
കേംബ്രിജ്ജിൽ വെച്ചുതന്നെ അദ്ദേഹത്തിന്റെ താല്പര്യം സ്റ്റാറ്റിസ്റ്റിക്സിലേക്ക് തിരിഞ്ഞിരുന്നു. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യവർഷങ്ങളിൽ കേംബ്രിജിൽ തന്നെ പ്രൊഫസ്സറായ ഗാൽറ്റൺ, അന്നു വരെ ശൈശവദശയിലായിരുന്ന സ്റ്റാറ്റിസ്റ്റിക്സ് എന്ന ശാസ്ത്രശാഖയിൽ അദ്വിതീയമായ സംഭാവനകൾ ചെയ്തുതുടങ്ങിയിരുന്നു. ലോകത്തിലെ ആദ്യത്തെ സ്റ്റാറ്റിസ്റ്റിക്സ് പ്രൊഫസ്സറായി കേംബ്രിജ്ജിൽ ഗാൽറ്റനെ നിയമിക്കുകയും ചെയ്തിരുന്നു. ഗാൽറ്റൺ ആണ് സാർവത്രികമായി ഉപയോഗിക്കപ്പെടുന്ന ‘റിഗ്രഷൻ’ എന്ന സങ്കേതത്തിന്റെ ഉപജ്ഞാതാവ്. അദ്ദേഹം സ്ഥാപിച്ച ‘ബയോമെറ്റ്രിക്കാ’ എന്ന ശാസ്ത്രജേർണൽ ഇന്നും സ്റ്റാറ്റിസ്റ്റിക്സിൽ ലോകത്തെ ഒന്നാം നംബർ ജേർണലുകളിൽ ഒന്നായി കണക്കാക്കപ്പെടുന്നു.
ഇന്ത്യയിലേക്ക് മടങ്ങുന്നതിനുമുൻപ് ആകസ്മികമായി ബയോമെട്രിക്കയുടെ ലക്കങ്ങൾ കേംബ്രിഡ്ജ് ലൈബ്രറിയിൽ കണ്ടെത്തിയ മഹാലനോബിസ്, അതിൽ അത്യാകൃഷ്ടനായി, കിട്ടാവുന്ന എല്ലാ ലക്കങ്ങളും സ്വയം വാങ്ങി വായിച്ചു. ഇന്ത്യയിൽ നിന്ന് ഇംഗ്ലണ്ടിലേക്ക് തിരിച്ചുപോക്കില്ല എന്നുറപ്പിച്ച അദ്ദേഹത്തിന് പ്രെസിഡൻസി കോളെജിൽ അദ്ധ്യാപകനായി ജോലി ലഭിച്ചു. ഫിസിക്സ് ഡിപാർട്ട്മെന്റിൽ ആയിരുന്നെങ്കിലും, ‘ബേക്കർ ലബോറട്ടറി’ എന്ന അദ്ദേഹത്തിന്റെ പരീക്ഷണശാലയിൽ അദ്ദേഹവും സമാന മനസ്കരായ ചിലരും ചേർന്ന് ഇന്ത്യയിൽ സ്റ്റാറ്റിസ്റ്റിക്സിന് അടിത്തറ പാകുകയായിരുന്നു. അവർ ചേർന്ന് ആ വർഷങ്ങളിൽ പല സുപ്രധാന ഗവേഷണപ്രബന്ധങ്ങളും പ്രധാനപ്പെട്ട ശാസ്ത്രജേർണ്ണലുകളിൽ പ്രസിദ്ധീകരിച്ചു. അതുകൂടാതെ അന്ന് ഇന്ത്യയിൽ പ്രധാനമായിരുന്ന പല സാമൂഹ്യപ്രശ്നങ്ങളെയും സ്റ്റാറ്റിസ്റ്റിക്സിന്റെ ലെൻസിൽ കൂടി പരിശോധിക്കാനും തുടങ്ങി. ബംഗാൾ നവോത്ഥാനത്തിന്റെ സന്തതിയായിരുന്ന മഹാലനോബിസിന് ശാസ്ത്രത്തിന്റെ മാനവികമാനത്തെക്കുറിച്ച് ആരും പറഞ്ഞുകൊടുക്കേണ്ടിയിരുന്നില്ല. ലോകമാനവികതയുടെ ഏകസ്വഭാവത്തിൽ വിശ്വസിക്കാനുള്ള കരുത്ത് എനിക്ക് ഗുരുദേവന്റെ (ടാഗോർ) ചിന്തകളിൽനിന്നാണ് ലഭിച്ചത് എന്നാണ് മഹാലനോബിസ് ഇതിനെക്കുറിച്ച് പറഞ്ഞത്. ഈ രീതിയിൽ ബംഗാൾ ക്ഷാമവും, ഒഡിസ്സയിലെ മഹാനദിയിലെ ആണ്ടോടാണ്ട് ദുരിതം വിതക്കുന്ന വെള്ളപ്പൊക്കം പ്രവചിക്കാനുള്ള സങ്കേതവും, കാർഷിക ഉത്പന്നങ്ങളുടെ ഉത്പാദനത്തിന്റെ വ്യതിയാനങ്ങളും എല്ലാം അദ്ദേഹത്തിന്റെ പഠനങ്ങൾക്കു വിഷയമായി.
ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ ഇൻസ്റ്റിറ്റ്യൂട്ട്
1931ഇൽ അദ്ദേഹം ചില സഹപ്രവർത്തകരോടൊത്ത് ‘ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ ഇൻസ്റ്റിറ്റ്യൂട്ട്’ സ്ഥാപിച്ചു. തുടക്കത്തിൽ അതൊരു ചാരിറ്റബിൾ സൊസൈറ്റി എന്ന രീതിയിലാണ് രജിസ്റ്റർ ചെയ്തത്. ക്രമേണ വലുതായി സ്വാതന്ത്ര്യലബ്ധിയോടുകൂടി സ്വതന്ത്ര സ്ഥാപനമായി വികസിച്ചു. ജവാഹർലാൽ നെഹ്രു ഐ എസ് ഐ സന്ദർശിച്ചതോടുകൂടി അതിനെ ‘ദേശീയപ്രാധാന്യമുള്ള സ്ഥാപനം’ എന്ന പദവി നൽകി സർക്കാരിന്റെ നേരിട്ടുള്ള നിയന്ത്രണത്തിൽ കൊണ്ടുവരികയും ചെയ്തു.
മഹാലനോബിസിന്റെ സംഭാവനകളെ പല തട്ടുകളിലായി നമുക്ക് അവലോകനം ചെയ്യാം. അവയിലേതെങ്കിലും ഒന്ന് മാത്രമാണെങ്കിൽ കൂടി ആധുനിക ഭാരതത്തിന്റെ ശില്പികളിൽ ഒരാളായി അംഗീകരിക്കപ്പെടാൻ അദ്ദേഹത്തിന് അർഹതയുണ്ട്. അദ്ദേഹം ഏറ്റവും അറിയപ്പെടുന്നത് ഒരു പക്ഷേ ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിന്റെ സ്ഥാപകൻ എന്ന നിലക്കായിരിക്കും. ഇന്ത്യയിൽ സ്റ്റാറ്റിസ്റ്റിക്സ് പഠനത്തിനും ഗവേഷണത്തിനും ആയി സമർപ്പിക്കപ്പെട്ടിരിക്കുന്ന മഹാസ്ഥാപനം. നമ്മുടെ നാട്ടിലും മറ്റനേകം രാജ്യങ്ങളിൽ നിന്നുമുള്ള വിദ്യാർത്ഥികൾക്കും യുവ ഗവേഷകർക്കും പരിശീലനം നൽകിയിട്ടുള്ള ഒരു യൂണിവേഴ്സിറ്റി. ലോകത്തിലെ ഏതു രാജ്യത്തുള്ള സ്റ്റാറ്റിസ്റ്റിക്സ് പരിശിലനത്തിനോടും കിട പിടിക്കാവുന്ന രീതിയിലുള്ള പഠനരീതികൾ വികസിപ്പിച്ചെടുത്തിട്ടുള്ള കേന്ദ്രം. ഐ എസ് ഐ ആധുനിക ടെക്നോളജിയിൽ ലോകത്തിൽ ഏതു യൂണിവേഴ്സിറ്റിക്കും പുറകിൽ ആവരുതെന്ന് മഹാലനോബിസിനു നിർബന്ധമുണ്ടായിരുന്നു. അതുകൊണ്ടുതന്നെ കമ്പ്യൂട്ടറിന്റെയും മറ്റും ഉപയോഗം ആദ്യമായി ഇന്ത്യയിൽ പരീക്ഷിച്ച സ്ഥാപനങ്ങളിൽ ഒന്നാണ് ഐ എസ് ഐ. ഇന്ത്യ സ്റ്റാറ്റിസ്റ്റിക്സ് എന്ന ശാസ്ത്രശാഖയിൽ മുൻനിരയിൽ എത്താനുള്ള ഒരു പ്രധാനകാരണം ഐ എസ് ഐ തന്നെയാണ്.
ഇന്ത്യയുടെ വികസനത്തിനും പ്ലാനിംഗിനും മഹാലനോബിസിന്റെ സംഭാവനകൾ ഇതിനുപുറമെയാണ്. കൃഷിയെ സംബന്ധിച്ച പഠനങ്ങളിൽ ക്രോപ്പ് സർവേകളുടെ പ്രാധാന്യം അദ്ദേഹം നേരത്തെ മനസ്സിലാക്കി. ലോകപ്രശസ്ത സ്റ്റാറ്റിസ്റ്റിഷ്യനും, ഇംഗ്ലണ്ടിലെ റൊതാംടൺ കൃഷിപരീക്ഷണകേന്ദ്രത്തിലെ ശാസ്ത്രജ്ഞനും ആയിരുന്ന റൊണാൽഡ് ഫിഷറുമായി അദ്ദേഹത്തിനുണ്ടായിരുന്ന ചങ്ങാത്തം, ഫിഷറുടെ പല രീതികളും ഇന്ത്യൻ കൃഷിയിടങ്ങളിലും പരീക്ഷിക്കാൻ അദ്ദേഹത്തിനു പ്രേരണയായി. ബംഗാൾ ക്ഷാമകാലത്ത് ഭക്ഷ്യവസ്തുക്കളുടെ ലഭ്യതയിൽ വരുന്ന ഏറ്റക്കുറച്ചിലുകളെയും അവയുടെ കാരണങ്ങളെയും അദ്ദേഹം പഠനവിധേയമാക്കി; ക്ഷാമത്തിന്റെ രൂക്ഷത കുറക്കാൻ ഈ പഠനങ്ങൾ പലതും സഹായകമായി. ഒഡിസ്സയിലെ മഹാനദിയിൽ വർഷം തോറും ഉണ്ടാകുന്ന വെള്ളപ്പൊക്കം പ്രവചിക്കുന്നതിന് അദ്ദേഹം ഒരു മോഡൽ ഉണ്ടാക്കി. ‘ടൈം സിരീസ് മോഡലിങ്ങ്’ എന്ന് ഇന്ന് വിളിക്കുന്ന സങ്കേതത്തിന്റെ ആദ്യരൂപമായിരുന്നു അത്. അതുപോലെ ഇന്ന് ‘ഓപ്പറേഷൻസ് റിസർച്ച്’ എന്നു വിളിക്കപ്പെടുന്ന ശാഖയിലും ആദ്യപഠനങ്ങളിൽ ചിലത് അദ്ദേഹത്തിന്റേതായിരുന്നു. ഒരു തീരുമാനം എടുക്കാൻ സഹായിക്കുന്ന രീതിയിൽ ഡാറ്റയെ ഉപയോഗിക്കുക എന്നതാണ് ഇതുകൊണ്ടുദ്ദേശിക്കുന്നത്. യുദ്ധം മുതൽ ദൈനം ദിന ജീവിതത്തിൽ വരെ പ്രയോജനപ്പെടാവുന്ന സങ്കേതങ്ങളാണ് ഓപ്പറേഷൻസ് റിസർച്ചിൽ ഉപയോഗിക്കുന്നത്. വ്യാവസായിക ഉത്പന്നങ്ങളുടെ ഗുണനിലവാരം തീരുമാനിക്കുവാൻ സാമ്പിളുകൾ ഉപയോഗിക്കുന്ന രീതി- സ്റ്റാറ്റിസ്റ്റിക്കൽ ക്വാളിറ്റി കണ്ട്രോൾ- എന്ന ശാഖയിലും മഹാലനോബിസിന്റെ സംഭാവനകൾ പ്രസിദ്ധമാണ്.
1956ഇൽ ആണ് ജവാഹർലാൽ നെഹ്രു രണ്ടാം പഞ്ചവൽസരപദ്ധതിക്ക് പൂർണ്ണരൂപം കൊടുക്കുന്നത്. മഹാലനോബിസ് പ്ലാൻ എന്നു വിളിക്കപ്പെടുന്ന ഈ പദ്ധതി വ്യാവസായികലോകത്ത് ഇന്ത്യയുടെ സ്ഥാനം ഉറപ്പിക്കാനുള്ള അടിത്തറപാകാനുദ്ദേശിച്ച് ഉള്ളതായിരുന്നു. വ്യാവസായിക ഉത്പന്നങ്ങളെ ‘കൺസ്യൂമർ ഉത്പന്നങ്ങൾ- ഉപഭോഗത്തിനുള്ള ഉത്പന്നങ്ങൾ- എന്നും, ‘മൂലധന’ ഉത്പന്നങ്ങൾ എന്നും രണ്ടായി തരം തിരിച്ചുകൊണ്ടുള്ള മഹാലനോബിസിന്റെ ആദ്യമോഡലും, പിന്നീട് നാലായി വികസിപ്പിച്ച മോഡലും അദ്ദേഹം ഉപയോഗിച്ചു. വ്യാവസായിക വളർച്ചയിൽ സ്റ്റീലിനുള്ള പങ്ക് മുൻകൂട്ടി കണ്ടുകൊണ്ട് സ്റ്റീൽ ഉത്പാദനം വർദ്ധിപ്പിക്കേണ്ടതിന്റെ ആവശ്യകത അദ്ദേഹം ഊന്നിപ്പറഞ്ഞു. രണ്ടാം പഞ്ചവത്സരപദ്ധതി കരുപ്പിടിപ്പിക്കുന്നതിൽ മഹാലനോബിസിനോടൊത്ത് പ്രവർത്തിച്ചവരിൽ പ്രമുഖൻ മലയാളിയായ ഡോ. കെ എൻ രാജ് ആണെന്നതും എടുത്തുപറയേണ്ടതാണ്. പ്ലാനിംഗിനെക്കുറിച്ചുള്ള മഹാലനോബിസിന്റെ കാഴ്ചപ്പാട് ‘പ്ലാൻ ഫോർ ഡാറ്റ, ഡാറ്റ ഫൊർ പ്ലാൻ ‘ എന്നു ചുരുക്കി പ്പറയാം. അതായത് എന്തു സ്ഥിതിവിവരക്കണക്കാണ് ശേഖരിക്കേണ്ടതെന്ന് നമുക്ക് ഒരു പ്ലാൻ വേണം, അനാവശ്യമായ ഡാറ്റ ശേഖരണം ഒഴിവാക്കണം, ഡാറ്റ ഉപയോഗിച്ചുവേണം ഭാവിക്കുവേണ്ടി പ്ലാൻ ചെയ്യാൻ എന്നർത്ഥം. തികച്ചും ആധുനികമായ ഒരു കാഴ്ചപ്പാടാണ് ഇത്.
‘പ്ലാൻ ഫോർ ഡാറ്റ, ഡാറ്റ ഫോർ പ്ലാൻ’ എന്ന മുദ്രാവാക്യം സഫലീകരിക്കുന്നതിനുവേണ്ടി അദ്ദേഹം വിഭാവനം ചെയ്തതാണ് ‘നാഷനൽ സാമ്പിൾ സർവേ’. രാജ്യമെമ്പാടും മേഖലകളായി തിരിച്ചു കുടുംബങ്ങളെ സാമ്പിൾ ചെയ്ത് സാമൂഹ്യ- സാമ്പത്തിക സ്ഥിതിവിവരക്കണക്കുകൾ കൃത്യമായ ഇടവേളകളിൽ ശേഖരിക്കുന്ന രീതിയാണ് ഇത്. ആദ്യത്തെ റൗണ്ട് 1951ഇൽ ആയിരുന്നു. ഇതുവരെയായി 75ഓളം റൗണ്ടുകളിലായി നാഷണൽ സാമ്പിൾ സർവേ ഇന്ത്യയുടെ സാമൂഹ്യ-സാമ്പത്തികസ്ഥിതിയെക്കുറിച്ച് സമഗ്രമായ ഒരു ചിത്രം നമുക്കു നൽകുന്നു. കുടുംബങ്ങളും സംസ്ഥാനങ്ങളും തമ്മിലുള്ള സാമ്പത്തിക അസമത്വം, ഭൗതിക സാഹചര്യങ്ങൾ, ജീവിതച്ചെലവ് എന്നിങ്ങനെ ജീവിതത്തിനെ ബാധിക്കുന്ന സമസ്തമേഖലകളെയും സ്പർശിക്കുന്ന ഒരു സർവേ ആണ് ഇത്. മഹാലനോബിസ് ഇത് ഏർപ്പെടുത്താൻ തീരുമാനിക്കുമ്പോൾ ലോകത്ത് തന്നെ ഇതുപോലെയുള്ള സർവേകൾ കുറവായിരുന്നു. മാത്രമല്ല സാമ്പിൾ സർവേകളെക്കുറിച്ച് പുച്ഛവും ഭരണാധികാരികൾക്ക് ഉണ്ടായിരുന്നു. എല്ലാവരിൽ നിന്നും എല്ലാവിവരവും ശേഖരിക്കുക- കമ്പ്ലീറ്റ് എന്യൂമറെഷൻ- എന്ന രീതിയാണ് മെച്ചം എന്നാണ് അവർ കരുതിയത്. എന്നാൽ ഇത് അപ്രായോഗികവും, പലപ്പോഴും വിശ്വാസ്യതയില്ലാത്തതും, ചെലവുകൂടിയതും ആണെന്ന് മഹാലനോബിസ് സ്ഥാപിച്ചു. ഇന്ത്യയുടെ എൻ എസ്സ് എസ്സ് ഓ ഇന്ന് ലോകത്തിലെ പല രാജ്യങ്ങൾക്കും മാതൃകയായിട്ടുണ്ട്. തുടക്കത്തിൽ ഐ എസ് ഐയുടെ നേതൃത്വത്തിൽ നടത്തിവന്നിരുന്ന ദേശീയ സാമ്പിൾ സർവ്വെ, ഇന്ന് ഒരു സ്വതന്ത്ര സ്ഥാപനത്തിനുകീഴിൽ- ദേശീയ സാമ്പിൾ സർവേ ഓഫീസ് അഥവാ എൻ എസ്സ് എസ്സ് ഓ– പ്രവർത്തിക്കുന്നു. എൻ എസ്സ് എസ്സ് ഓയുടെ ആസ്ഥാനത്തിന് ‘മഹാലനോബിസ് ഭവൻ’ എന്നാണു പേരു കൊടുത്തിരിക്കുന്നത്.
മഹാലനോബിസ് ദൂരം
പ്രായോഗികമായ പ്രവർത്തനങ്ങൾ പലതും നടത്തിയിരുന്നെങ്കിലും സൈദ്ധാന്തികമായും ഉയർന്ന സംഭാവനകൾ മഹാലനോബിസിന്റേതായി ഉണ്ട്. അതിലേറ്റവും പ്രധാനം ‘മഹാലനോബിസ് ദൂരം’ (മഹാലനോബിസ് ഡിസ്റ്റൻസ്) എന്നറിയപ്പെടുന്ന ആശയമാണ്. ഒരു വലിയ കൂട്ടത്തിനെ- ആളുകൾ അല്ലെങ്കിൽ ഉത്പന്നങ്ങൾ അങ്ങിനെ എന്തുതന്നെ ആയിക്കൊള്ളട്ടെ- രണ്ടോ മൂന്നോ ഗ്രൂപ്പുകളായി എങ്ങിനെ തിരിക്കാം എന്നുള്ളത് സ്റ്റാറ്റിസ്റ്റിക്സിൽ ഏറ്റവും അധികം നേരിടുന്ന ചോദ്യങ്ങളിൽ ഒന്നാണ്. ആധുനിക സങ്കേതത്തിൽ ‘വർഗ്ഗീകരണ പ്രശ്നം’ – ക്ലാസിഫിക്കേഷൻ പ്രോബ്ലെം’ എന്നു പറയാം. അവയിലോരോന്നിലും പല പല മാനങ്ങളിലുമുള്ള അളവുകൾ നമുക്ക് ലഭ്യമായേക്കാം. ഉദാഹരണത്തിന് ഒരു കൂട്ടം ആളുകളെ എടുക്കാം. നമുക്ക് അവരുടെ തൂക്കം, പൊക്കം, ലിംഗം, വിദ്യാഭ്യാസയോഗ്യത, വരുമാനം, രാഷ്ട്രീയ അഭിപ്രായങ്ങൾ ഇങ്ങിനെ പലതും അളക്കാൻ പറ്റും. ഈ അളവുകളുടെ അടിസ്ഥനത്തിൽ അവരെ ഗ്രൂപ്പുകളായി തിരിക്കണമെങ്കിൽ, അവർ തമ്മിലുള്ള ‘ദൂരം’ നമുക്ക് അളക്കാൻ കഴിയണം. നമുക്ക് ലഭ്യമായ എല്ലാ മാനങ്ങളിലുമുള്ള അളവുകൾ ഉപയോഗിച്ചുകൊണ്ട് ഒരൊറ്റ അളവിലേക്ക് അവയെ കൊണ്ടുവരുന്ന ഒരു സങ്കേതമാണ് മഹാലനോബിസ് വികസിപ്പിച്ചെടുത്തത്. ഇതിന് സാങ്കേതികമായി ‘ഡി സ്ക്വയർ’ അഥവാ മഹാലനോബിസ് ഡിസ്റ്റൻസ് എന്നു പറയും. ഈ ദൂരം ഏറ്റവും കുറവുള്ളവരെ ഒരു ഗ്രൂപ്പിൽ ഉൾപ്പെടുത്താം. വളരെ ചുരുക്കിപ്പറഞ്ഞാൽ ഇതാണ് അതിന്റെ തത്വം. ഈ സങ്കേതത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ ലേഖനം പ്രസിദ്ധീകരിക്കാൻ ‘ബയോമെട്രിക്ക ‘ വിസമ്മതിച്ചു. ഗാൽറ്റന്റെ ചില ആശയങ്ങളുമായി പൊരുത്തപ്പെട്ടുപോകാത്തതായിരുന്നു കാരണം. അതുകൊണ്ട് മഹാലനോബിസ് ഏഷ്യയിൽ നിന്ന് പ്രസിദ്ധീകരിക്കുന്ന മറ്റൊരു ജേർണലിലാണ് ഈ ലേഖനം പ്രസിദ്ധീകരിച്ചത്. പിന്നീറ്റ് 1948ൽ കേംബ്രിജ്ജ് യൂണിവേഴ്സിറ്റിയുടെ ഒരു പഠനത്തിൽ, ആഫ്രിക്കയിൽ നിന്ന് കുഴിച്ചെടുത്ത ചില അസ്ഥികൂടങ്ങളെ എങ്ങിനെ തരം തിരിക്കാം എന്നത് തർക്ക വിഷയമായി. വിദഗ്ദ്ധന്മാരുടെ തീരുമാനം അനുസരിച്ച് മഹാലനോബിസ് ഡിസ്റ്റൻസ് കണക്കാക്കാൻ അറിയുന്ന ഒരാളെ ഇംഗ്ലണ്ടിൽ അയക്കണം എന്ന് അഭ്യർത്ഥിക്കുകയും, മഹാലനോബിസിന്റെ ശിഷ്യനും പിന്നീട് ലോക സ്റ്റാറ്റിസ്റ്റിക്സ് രംഗത്ത് മറ്റൊരു അതികായനുമായിത്തീർന്ന രാധാകൃഷ്ണറാവുവിനെ (സി ആർ റാവു) ഇംഗ്ലണ്ടിലേക്ക് അയക്കുകയും അദ്ദേഹം അവിടെ രണ്ടുവർഷത്തോളം താമസിച്ച് ഈ തരം തിരിവ് നടത്തുകയും ചെയ്തു. തന്റെ പ്രബന്ധം പ്രസിദ്ധീകരിക്കാതിരുന്ന കേംബ്രിജ്ജിനോട് മഹാലനോബിസിന്റെ മധുരപ്രതികാരമായിരുന്നു അത്. അദ്ദേഹത്തിന്റെ മറ്റെല്ലാ സംഭാവനകളെയും മാറ്റിവെച്ചാലും ശരി, ‘മഹാലനോബിസ് ദൂരം’ എന്ന ഈ ഒരൊറ്റ സങ്കേതം മതി ആധുനിക ശാസ്ത്രലോകത്തിൽ അദ്ദേഹത്തിന്റെ സ്ഥാനം ഉറപ്പിക്കാൻ. സാമൂഹ്യശാസ്ത്രം, രാഷ്ട്രീയ അഭിപ്രായ സർവേകൾ, മാർക്കറ്റിങ്ങ്, ജനറ്റിക്സ്, എന്നിങ്ങനെ സകല രംഗങ്ങളിലും ഏറ്റവും അധികം പൊന്തിവരുന്ന ഒരു വെല്ലുവിളിയാണ് എങ്ങിനെ തരം തിരിക്കാം എന്നത്. ഇന്നത്തെ കാലത്ത് മഷീൻ ലേണിംഗിലും ക്ലാസിഫിക്കേഷൻ പ്രോബ്ലെം പ്രധാന മേഖലയാണ്. ഇതിനെല്ലം തുടക്കം കുറിച്ച ചിന്തയാണ് മഹാലനോബിസിന്റെത്.