Read Time:14 Minute

ആഗോളതാപനം ഒരു വസ്തുതയാണെന്നും മനുഷ്യന്റെ പ്രവർത്തനങ്ങളുടെ ഫലമായി പുറത്തുവിടുന്ന കാർബൺ ഡൈ ഓക്‌സൈഡാണ് ഇതിനു കാരണമെന്നും ഏവരും അംഗീകരിച്ച സാഹചര്യത്തിലാണ് പാരീസ് ഉച്ചകോടി നടക്കുന്നത്. കാർബൺ ഡൈ ഓക്‌സൈഡ് ഉത്സർജനം ഇന്നത്തെ നിലയിൽ തുടർ ന്നാൽ താപനില 3 – 60c വരെ വർധിക്കാമെന്നും ഇത് ലോകജനസംഖ്യയുടെ നല്ലൊരു ഭാഗത്തിന് അപകടം വരുത്തിവയ്ക്കുമെന്നും പൊതുവെ അംഗീകരിക്കപ്പെട്ടിരുന്നു. ഈ അവസ്ഥക്ക് ഒരു ശാശ്വതപരിഹാരം ലോകരാഷ്ട്രങ്ങൾ എല്ലാം പങ്കെടു ക്കുന്ന ഉച്ചകോടിയിൽനിന്ന് ഉരുത്തിരിഞ്ഞുവരുമെന്ന് എല്ലാവരും ആഗ്രഹിച്ചു. 195 രാജ്യങ്ങളുടെ പങ്കാളിത്തമാണുണ്ടായത്. രാഷ്ട്രത്തലവന്മാർ പങ്കെടുത്തു. ഔദ്യോഗികപ്രതിനിധികൾക്കു പുറമെ പരിസ്ഥിതി സംഘടനകളുടെ പ്രതിനിധികളും പങ്കെടുത്തിരുന്നു. കാലാവസ്ഥ സംബന്ധിച്ച് എല്ലാ രാജ്യങ്ങളെയും നിർബന്ധി തമാക്കുന്ന ഒരു സാർവദേശീയ കരാർ ഉണ്ടാകണമെന്നാണ് എല്ലാവരും ആഗ്രഹിച്ചത്. ആഗോളതാപനില വർധനവ് വ്യാവസായിക വിപ്ലവകാലത്തേതിൽനിന്നും 20c-ൽകൂടുതൽ ആകാതെ വരത്തക്കവിധം ഹരിതഗൃഹവാതക ഉത്സർജനം പരിമിതപ്പെടുത്തുക എന്നതായിരുന്നു ലക്ഷ്യമിട്ടത്. ചർച്ചകൾ ഡിസംബർ 12 വരെ നീണ്ടു. ഒടുവിൽ ആഗോളതാപനില വ്യാവസായികകാലഘട്ടത്തേതിനേക്കാൾ 1.50c-ൽ കൂടാതിരിക്കാവുന്ന രീതിയിൽ ഹരിതഗൃഹവാതക ഉത്സർജനം പരിമിതപ്പെടുത്തണമെന്ന് തീരുമാനിച്ചു. യാതൊരു കാരണവശാലും താപനിലയിലെ വർധന 20c-ൽ കൂടാതിരിക്കാൻവേണ്ട നടപടികൾ വേണമെന്നും തീരുമാനിച്ചു. എല്ലാവർക്കും സന്തോഷം. രക്ഷപ്പെട്ടു എന്ന ആശ്വാസം. അമേരിക്കൻ പ്രസിഡണ്ട് കൂടി കരാറിൽ ഒപ്പിട്ടതോടെ പ്രതീക്ഷകൾ വർധിച്ചു. ഈ ലക്ഷ്യം സാധിതമാകുന്നതിനുവേണ്ടി ഓരോ രാജ്യവും സ്വമനസ്സാലെ ചെയ്യാനുദ്ദേശിക്കുന്ന കാര്യങ്ങൾ – ദേശീയമായി തീരുമാനിച്ച ഉദ്ദേശിതസംഭാവന (INDC, Intented Nationally Determined Contribution) സമർപ്പിച്ചു. 180 രാജ്യങ്ങൾ തങ്ങൾ സ്വമനസ്സാലെ ചെയ്യാനുദ്ദേശിക്കുന്നവ ഇത്തരത്തിൽ പാരീസിൽ സമർപ്പിച്ചു. ബാക്കിയുള്ള രാജ്യങ്ങൾക്ക് ഇതിന് 2020 വരെ സമയമുണ്ട്. 2020-ൽ ഇവയെല്ലാം പരിശോധിച്ച് പാരീസ് കരാറനുസരിച്ചുള്ള കാര്യങ്ങൾ പ്രാവർത്തികമാകാൻ തുടങ്ങും. ആഗോളതാപനവും കാലാവസ്ഥാമാറ്റവും ഉറപ്പായ സാഹചര്യത്തിൽ അതിന്റെ ദോഷഫലങ്ങൾ അനുഭവിക്കാനിടയുള്ള വികസ്വര/അവികസിത രാജ്യങ്ങളുടെ കാര്യം പ്രത്യേകം പരിഗണിക്കപ്പെട്ടു. കാലാവസ്ഥാമാറ്റത്തിന്റെ അപകടങ്ങൾ കുറവുചെയ്യുന്നതിനും അതിനോടു പൊരുത്തപ്പെടുന്നതിനും ഈ രാജ്യങ്ങൾക്ക് ധനസഹായവും സാങ്കേതിക സഹായവുമാവശ്യമുണ്ട്. അതിനായി 2020 മുതൽ പ്രതിവർഷം 100 ശതകോടി ഡോളർ സമാഹരിക്കാനും തീരുമാനിച്ചിട്ടുണ്ട്. വികസ്വരരാജ്യങ്ങൾ അവരുടെ കാർബൺ ഉത്സർജനം കുറയ്ക്കുന്നതിനു പകരമായുള്ള നഷ്ടപരിഹാരവും ഇതിൽ ഉൾപ്പെടുന്നു. എല്ലാ രാജ്യങ്ങളും യോജിച്ചു നടത്തേണ്ട ഈ സമാഹരണത്തിന് വികസിതരാജ്യങ്ങൾ നേതൃത്വം നൽകണമെന്നും തീരുമാനിച്ചിട്ടുണ്ട്. വനനശീകരണം അവസാനിപ്പിച്ചും വനവൽക്കരണം വർധിപ്പിച്ചും കാർബൺ ഉത്സർജനവും കാർബൺ അവശോഷണവും തമ്മിൽ ഒരു സന്തുലനം സാധ്യമാക്കണമെന്നും കരാർ ലക്ഷ്യമിടുന്നു.

പാരീസ് കരാർ പരിഹാരമോ?

ഏറെ പ്രതീക്ഷയോടെയാണ് ലോകം പാരീസ് കരാറിനെ സ്വീകരിച്ചത്. അമേരിക്കയടക്കമുള്ള ലോകരാജ്യങ്ങളെല്ലാം കരാറിന്റെ ഭാഗമായത് പ്രതീക്ഷ വർധിക്കാനിടയാക്കി. എന്നാൽ പുതിയ അമേരിക്കൻ പ്രസിഡണ്ട് കരാറിൽനിന്നു പിന്മാറുന്നതായി പ്രഖ്യാപിച്ചിരിക്കുന്നു. ഭരണകക്ഷിയായ റിപ്പബ്ലിക്കൻ പാർട്ടി കാലാവസ്ഥാപരിഹാര നടപടികൾ കൈക്കെള്ളാനും തയ്യാറാകുന്നില്ല. ഇത് പാരീസ് കരാറിന്റെ ഫലപ്രാപ്തിയെക്കുറിച്ച് ആശങ്കകളുണ്ടാക്കുന്നുണ്ട്. കരാർ പ്രാബല്യത്തിലാകുന്ന 2020-ൽ മാത്രമേ ഏതെല്ലാം രാജ്യങ്ങൾ എത്രത്തോളം ഈ ആഗോളപ്രതിസന്ധി പരിഹരിക്കാൻ തയ്യാറാകുമെന്നു കാണാൻ കഴിയൂ.
UNFCCC യുടെ പ്രഖ്യാപിതനയത്തിൽതന്നെ വെള്ളംചേർത്ത് ക്യോട്ടോ പെരുമാറ്റച്ചട്ടത്തിൽനിന്ന് പിറകോട്ടുപോകുന്ന ഒന്നാണ് പാരീസ് ഉടമ്പടി എന്ന ശക്തമായ വിമർശനം ഉയർന്നുവരുന്നുണ്ട്. കാർബൺ ഉത്സർജനം ഇന്നത്തെ നിലയിൽ എത്തിക്കുന്നതിനു കാരണക്കാരായ വികസിതരാജ്യങ്ങളെ അവരുടെ ”ചരിത്രപരമായ ഉത്തരവാദിത്ത”ത്തിൽനിന്ന് ഒഴിവാക്കുകയാണ് പാരീസ്‌കരാർ. പഴയകാര്യങ്ങളൊക്കെ അവിടെ നിൽക്കട്ടെ, ഇന്നത്തെ അവസ്ഥ പരിഗണിച്ചാൽ മതി എന്ന വികസിതരാജ്യതാൽപര്യം അംഗീകരിക്കപ്പെട്ടിരിക്കുന്നു. ചൈനയും ഇന്ത്യയുമടക്കമുള്ള വികസ്വരരാജ്യങ്ങളും അമേരിക്കയടക്കമുള്ള വികസിതരാജ്യങ്ങളോടൊപ്പം തന്നെ കാർബൺ ഉത്സർജനത്തിന് കാരണക്കാരാണെന്ന രീതിയിലാണ് കാര്യങ്ങൾ ഇന്നെത്തിനിൽക്കുന്നത്. ക്യോട്ടോ പെരുമാറ്റച്ചട്ടത്തിൽ വികസിതരാജ്യങ്ങളുടെ ഉത്തരവാദിത്തം വ്യക്തമാക്കുകയും നിയമപരമായി ബാധ്യസ്ഥമാക്കുന്ന തരത്തിൽ ഉൽസർജനപരിധികൾ നിർണയിക്കുകയും ചെയ്തിരുന്നു. പൊതുവായതും എന്നാൽ വ്യതിരിക്തവുമായ ഉത്തരവാദിത്തം (common but differentiated responsibility) പാരീസ് കരാറിലും ആവർത്തിക്കുന്നുണ്ട്. എന്നാൽ വികസ്വരരാജ്യങ്ങളിൽ മുൻനിരയിലുള്ളവയെ വികസിതരാജ്യങ്ങൾക്കൊപ്പം കണക്കാക്കുന്ന അവസ്ഥയാണുള്ളത്. പ്രതിശീർഷ കാർബൺ ഉത്സർജനമല്ല രാജ്യത്തിന്റെ മൊത്തം കാർബൺ ഉത്സർജനമാണ് കണക്കിലെടുക്കുന്നത്.


രാജ്യങ്ങൾ സ്വയമേവ നടപ്പാക്കാൻ തീരുമാനിച്ചിട്ടുള്ള നടപടികളടങ്ങിയ ദേശീയ ഉദ്ദേശ്യങ്ങൾ (INDC) 2020-ൽ മാത്രമേ പരിശോധിക്കപ്പെടുകയുള്ളൂ. അവയിൽ സ്വയം സമ്മതിച്ചിട്ടുള്ള പ്രതിബദ്ധത നിശ്ചിതകാലപരിധിയിൽ (അഞ്ചുവർഷം) പരിശോധിക്കാനാണ് തീരുമാനം. വിവിധ രാജ്യങ്ങളുടെ പ്രതിബദ്ധതകൾ പൂർണമായും നടപ്പിലാക്കിയാൽതന്നെ ആഗോളതാപനിലാവർധന 20c-ൽ താഴെ (1.50c ചിത്രത്തിൽ വരുന്നതേയില്ല) നിർത്താൻ പര്യാപ്തമാകുന്നില്ല എന്നാണ് കണക്കാക്കപ്പെട്ടിട്ടുള്ളത്. പൂർണമായും പരിപാലിക്കപ്പെട്ടാൽതന്നെ 2100 ആകുമ്പോഴേക്ക് താപനിലയിലെ വർധനവ് 2.70c ക്കും 3.70c ക്കും ഇടയിലായിരിക്കുമെന്ന് കണക്കാക്കപ്പെടുന്നു. 1.50c താപനിലവർധനക്ക് സംഗതമായ കാർബൺ ബഡ്ജറ്റ് 2020 ആകുമ്പോഴേക്ക് എത്തുമെന്നാണ് ഇന്നത്തെ ഉത്സർജനനിരക്ക് സൂചിപ്പിക്കുന്നത്. താപനിലവർധന 1.50c നുതാഴെ (2100-ൽ) നിർത്തണമെങ്കിൽ ഇന്നറിയപ്പെട്ടിട്ടുള്ള ഫോസിൽ ഇന്ധനങ്ങളുടെ 80 ശതമാനവും കുഴിച്ചെടുക്കാതിരിക്കുകയും കൂടുതൽ പര്യവേഷണങ്ങൾ നടത്താതിരിക്കുകയും വേണമെന്നാണ് ചിലരുടെ അഭിപ്രായം. രാജ്യങ്ങളുടെ സ്വയംനിശ്ചിത കാർബൺ ഉത്സർജനപരിധികൾ പരിഷ്‌കരിക്കപ്പെടുമോ എന്നത് ഗൗരവമായ ഒരു വിഷയമാണ്.

വികസ്വരരാജ്യങ്ങൾക്ക് ലഭ്യമാകുന്ന സാങ്കേതികവും സാമ്പത്തികവുമായ സഹായത്തിന്റെ കാര്യത്തിലും ഒരു പിന്നോട്ടുപോക്കാണ് കാണുന്നത്. വികസിതരാജ്യങ്ങളുടെ നേതൃത്വത്തിൽ 100 ശതകോടി ഡോളർ സമാഹരിക്കുമെന്നാണ് കരാർ പറയുന്നത്. ക്യോട്ടോ പെരുമാറ്റച്ചട്ടത്തിന്റെ തുടർച്ചയായ കോൺഫറൻസുകൾ 100 ശതകോടി ഡോളറിന്റെ ധനസഹായം നൽകണമെന്ന് പറഞ്ഞിരുന്നു. വികസിതരാജ്യങ്ങൾ കുറ്റവിമുക്തരാക്കപ്പെട്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. വികസ്വരരാജ്യങ്ങൾ 2020 ആകുമ്പോഴേക്ക് ഉത്സർജനം കുറയ്ക്കുന്നതിനുമാത്രം 670 ശതകോടി ഡോളറെങ്കിലും ചെലവഴിക്കേണ്ടിവരും. കാലാവസ്ഥാവ്യതിയാനം ബാധിക്കുന്നവർക്ക് പൊരുത്തപ്പെടലുകൾക്കു വേണ്ടിവരുന്ന അടിയന്തിരചെലവ് 150 ശതകോടി ഡോളറിനു മുകളിലാകുമെന്നാണ് മതിപ്പ്. ഇതിന്റെ സ്ഥാനത്താണ് 100 ശതകോടി ഡോളർ ”സമാഹരിക്കു”മെന്ന തീരുമാനം.
വികസിതരാജ്യങ്ങളിൽനിന്ന് പ്രവാസികൾ സ്വന്തം നാട്ടിലേക്കയക്കുന്ന പണവും ഈ വകുപ്പിൽ പെടുത്താൻ ചിലർക്ക് ആലോചനയുണ്ടത്രെ.

സർക്കാരുകൾ പ്രതിവർഷം 5300 ശതകോടി ഡോളറാണ് ഫോസിൽ ഇന്ധനങ്ങൾക്ക് സബ്‌സിഡിയായി നൽകുന്നത്. സമ്പന്നരാജ്യങ്ങൾ ബാങ്കുകളെ രക്ഷിക്കാനും ടാങ്കുകളുണ്ടാക്കാനും ചെലവഴിക്കുന്ന പണം കാലാവസ്ഥാപുനഃസ്ഥാപനത്തിനും ശുദ്ധഊർജത്തിനും ഉപയോഗിച്ചാൽ എത്ര നന്നായിരുന്നു. എന്നാൽ നഷ്ടപരിഹാരത്തിനുള്ള ബാധ്യതയിൽനിന്ന് സമ്പന്നരാജ്യങ്ങൾ രക്ഷപ്പെടുകയായിരുന്നു. അതിനവർ എല്ലാ വിധ മാർഗങ്ങളും ഉപയോഗിച്ചു. ഇതിനു നേതൃത്വം നൽകിയ അമേരിക്കയാകട്ടെ ഇപ്പോൾ കരാറിൽനിന്ന് പിൻവാങ്ങുകയും ചെയ്യുന്നു.

വനനശീകരണം അവസാനിപ്പിച്ചും വർധിച്ചതോതിൽ വനവൽക്കരണം നടത്തിയും കാർബൺ പിടിച്ചെടുക്കാനുള്ള സാഹചര്യം വർധിപ്പിക്കുകയാണ് നിർദേശിക്കപ്പെട്ടിട്ടുള്ള മറ്റൊരു പരിഹാരം. ഇത് ആവശ്യമാണ്. പക്ഷേ പ്രശ്‌നപരിഹാരത്തിന് ഇത് മതിയാകില്ല എന്നതാണ് വസ്തുത. വിവിധ രാജ്യങ്ങൾ സ്വയം തീരുമാനിച്ച (INDC) ഉത്സർജനക്കുറവുകൾക്കുശേഷവും താപനില വർധനവ് 20c നുതാഴെ നിർത്തണമെങ്കിൽ 12 ജിഗാ ടൺ (giga ton) കാർബൺ ഡൈ ഓക്‌സൈഡ് സമാന ഉത്സർജനംകൂടി തടയേണ്ടതുണ്ട്. ഇത് വർധിച്ച വനവൽക്കരണം വഴി സാധ്യമാകുമോ എന്നതാണ് പരിശോധിക്കേണ്ടത്. ആഫ്രിക്ക, ഏഷ്യ, ലാറ്റിൻ അമേരിക്ക തുടങ്ങിയ പ്രദേശങ്ങളിൽ വേണം വനനശീകരണം തടയലും വനവൽക്കരണവും നടപ്പാക്കാൻ. അവിടങ്ങളിൽ നടപ്പിലാക്കുന്ന വികസനപ്രവർത്തനങ്ങളും കൃഷി, ഭവനനിർമാണം തുടങ്ങിയ ഉപജീവനപ്രശ്‌നങ്ങളുമാണ് വനനശീകരണത്തിനിടയാക്കുന്നത്. ഇത്തരം പ്രശ്‌നങ്ങൾ അധികവനവൽക്കരണത്തെയും പ്രതികൂലമായി ബാധിക്കുന്നു. സാമ്പത്തികവും ഭൂവിനിയോഗസംബന്ധിയുമായ ഘടകങ്ങൾമൂലം അധികവനവൽക്കരണംകൊണ്ട് മൂന്നു ജിഗാ ടൺ കാർബൺ ഡൈ ഓക്‌സൈഡു മാത്രമേ നീക്കപ്പെടാൻ സാധ്യതയുള്ളു എന്നാണ് കണക്കാക്കപ്പെടുന്നത്. ദരിദ്രരാജ്യങ്ങൾക്ക് അധികബാധ്യത ഏൽപിക്കുന്ന ഇത്തരം നടപടികൊണ്ട് താപനില വർധന ആഗ്രഹിച്ച അളവിൽ താഴ്ത്താൻ കഴിയില്ലെന്നുവരുന്നു. വികസിത/സമ്പന്ന രാജ്യങ്ങൾ ചരിത്രപരമായ തങ്ങളുടെ ഉത്തരവാദിത്തം പരിഗണിച്ച് തങ്ങളുടെ ഉപഭോഗശൈലി വ്യത്യാസപ്പെടുത്തി ഫോസിൽ ഇന്ധനങ്ങളുടെ ഉപയോഗം പരമാവധി കുറയ്ക്കുക എന്നതാണ് പരിഹാരം. അതിന് അവർ തയ്യാറല്ല. അവർ അവലംബിച്ചുവരുന്ന മുതലാളിത്ത വികസനപാതയാണ് പ്രതി എന്നറിഞ്ഞിട്ടും മാറാൻ അവർ തയ്യാറാകുന്നില്ല. പ്രതിസന്ധി നീട്ടിക്കൊണ്ടുപോകാൻ മാത്രമുതകുന്ന പരിഹാരനിർദേശങ്ങളേ ഉണ്ടാകുന്നുള്ളു. ഇക്കാരണങ്ങളാൽ ഒരു മുതലാളിത്ത പ്രതിസന്ധി എക്കാലത്തേക്കും നീട്ടിക്കൊണ്ടുപോകാനുള്ള മുതലാളിത്ത കരാറാണ് പാരീസ് ഉടമ്പടിയെന്ന വിമർശനവും ഉയർ ന്നുവന്നിട്ടുണ്ട്.


മറ്റു ലേഖനങ്ങൾ

ആഗോളതാപനവും കാലാവസ്ഥാമാറ്റവും

എന്താണ് ഹരിതഗൃഹപ്രഭാവം?

കാലാവസ്ഥാചർച്ചകളും ഉടമ്പടികളും

എന്താണ് പാരിസ്ഥിതിക പാദമുദ്ര ?

കാലാവസ്ഥാമാറ്റവും പാരീസ് കരാറും

ആഗോളതാപനവും കാലാവസ്ഥാമാറ്റവും, നമുക്കെന്ത് ചെയ്യാം

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post എന്താണ് പാരിസ്ഥിതിക പാദമുദ്ര ?
Next post അടിസ്ഥാന സാക്ഷരതയും സംഖ്യാബോധവും
Close